ADVERTISEMENT

ജൂൺ 24, 1999. രാവിലെ 7.13: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്താളിൽ ഈ നിമിഷത്തിനു ബോംബിന്റെ പ്രകമ്പനമാണ്! ചരിത്രത്തിലാദ്യമായി ലേസർ നിയന്ത്രിത ബോംബ് സേന ഉപയോഗിച്ച നിമിഷം. കാർഗിൽ യുദ്ധത്തിൽ തന്ത്രപ്രധാനമായ ടൈഗർ ഹിൽസ് കയ്യടക്കിയ പാക്ക് സേനയ്ക്കു മേൽ തീതുപ്പിയ ആ 500 കിലോ ബോംബ് യുദ്ധവിമാനത്തിൽനിന്നു വർഷിച്ചത് ഒരു മലയാളിയാണ്; സേനയുടെ പടിഞ്ഞാറൻ കമാൻഡിന്റെ അമരത്തുനിന്ന് വ്യാഴാഴ്ച പടിയിറങ്ങിയ കണ്ണൂർ കാടാച്ചിറ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ. 38 വർഷത്തെ തിളക്കമാർന്ന ഒൗദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചിട്ടും മനസ്സിന്റെ കോക്പിറ്റിൽ അദ്ദേഹം കെടാതെ സൂക്ഷിച്ചിട്ടുണ്ട്; കാർഗിലിലെ തീപാറും സ്മരണ! 

കാർഗിൽ യുദ്ധവേളയിൽ ഇന്ത്യൻ വിമാനങ്ങൾ അതിർത്തിയിലെ നിയന്ത്രണ രേഖ ഒരു തവണ പോലും കടന്നില്ലെന്നാണു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്; അതിനൊരു തിരുത്ത് ചേർത്ത് നമ്പ്യാർ തുറന്നുപറയുന്നു: അന്ന് നമ്മൾ നിയന്ത്രണ രേഖ കടന്നു പാക്ക് അധീന കശ്മീരിൽ കയറി; ഒന്നല്ല, പലവട്ടം! 20 വർഷം മുൻപ് പാക്ക് സേനയ്ക്കു മേൽ നാശം വിതച്ചു കാർഗിലിൽ വ്യോമസേന നടത്തിയ ‘ഒാപ്പറേഷൻ സഫേദ് സാഗറി’ന്റെ മുന്നണിപ്പോരാളിയായ നമ്പ്യാർ, ജീവിതത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന നിമിഷങ്ങൾക്കു പിന്നിലെ അണിയറക്കഥകൾ പങ്കുവയ്ക്കുന്നു. 

raghunath-nambiar
എയർ മാർഷൽ (റിട്ട.) രഘുനാഥ് നമ്പ്യാർ

ഞെട്ടിച്ചു പാക്കിസ്ഥാൻ

1999 മേയിൽ ആരംഭിച്ച കാർഗിൽ പോരാട്ടത്തിൽ കരസേനയ്ക്കു കൂട്ടായി വ്യോമസേനയുടെ ആകാശദൗത്യം ആരംഭിക്കുന്നത് മേയ് 26ന് ആണ്. തൊട്ടടുത്ത 2 ദിവസങ്ങളിൽ  2 മിഗ് യുദ്ധവിമാനങ്ങളും ഒരു ഹെലിക്കോപ്റ്ററും പാക്ക് സേന വെടിവച്ചിട്ടു. ആറു സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറിയ പാക്ക് പട്ടാളം മലമുകളിൽ നിന്ന് ഇന്ത്യൻ വിമാനങ്ങളെ ലക്ഷ്യമിടുകയായിരുന്നു. തോളിൽ വച്ചു തൊടുക്കുന്ന സ്റ്റിങ്ങർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു അവരുടെ ആക്രമണം. 

സ്റ്റിങ്ങറുകളെ കടത്തിവെട്ടാൻ കരുത്തുള്ള ‘മിറാഷ് 2000’ യുദ്ധവിമാനങ്ങൾ പോരിനിറക്കാൻ പിന്നാലെ സേന തീരുമാനിച്ചു. മിറാഷുകളുടെ ഗ്വാളിയർ (മധ്യപ്രദേശ്) താവളത്തിൽ വിങ് കമാൻഡറായിരുന്നു ഞാൻ. എങ്കിലും ഒരു പ്രശ്നം തലപൊക്കി – ആകാശത്തു നിന്ന് കരയിലേക്കു തൊടുക്കാൻ കഴിയുന്ന ബോംബുകൾ ഘടിപ്പിക്കാനുള്ള സംവിധാനം മിറാഷിലില്ല! 

യുഎസ് പോയാൽ ഇസ്രയേൽ വരും!

ആകാശത്തെ ലക്ഷ്യങ്ങളെ (ശത്രുവിന്റെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ) നേരിടാൻ സജ്ജമായ മിറാഷുകളായിരുന്നു ഇന്ത്യയുടേത്. കരയിലെ ലക്ഷ്യത്തിലേക്കു ബോംബിനെ നയിക്കുന്ന പേവ്‌ വേ ലേസർ സംവിധാനം യുഎസിൽ നിന്ന് 1997ൽ ഇന്ത്യ വാങ്ങിയിരുന്നു. എന്നാൽ, 1998ൽ പൊഖ്‌റാൻ ആണവപരീക്ഷണത്തിനു പിന്നാലെ ഇന്ത്യയ്ക്കു മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തി; അതുണ്ടാക്കിയ അനിശ്ചിതാവസ്ഥയിൽ സേന നിൽക്കുമ്പോഴാണു യുദ്ധം ആരംഭിക്കുന്നത്. 

വൈകുന്തോറും കാർഗിലിൽ പാക്ക് സേന പിടിമുറുക്കുന്നുവെന്നു തിരിച്ചറിഞ്ഞ സേന ഏതുവിധേനയും മിറാഷിൽ ലേസർ നിയന്ത്രിത ബോംബ് സജ്ജമാക്കാൻ തീരുമാനിച്ചു. ലേസർ സാങ്കേതികവിദ്യയിൽ മികവു തെളിയിച്ചിട്ടുള്ള ഇസ്രയേലിനെ ഇന്ത്യ ബന്ധപ്പെട്ടു. പിന്നാലെ, ഇസ്രയേലിൽ നിന്നുള്ള പ്രതിരോധ എൻജിനീയർമാർ ഗ്വാളിയറിൽ പറന്നിറങ്ങി. പിന്നീട് കണ്ടതു സേനയുടെ ഒത്തൊരുമയുടെ വിജയം. ഊണും ഉറക്കവുമില്ലാതെ സേനാംഗങ്ങൾ ഒത്തുപിടിച്ചു. മുന്നിലുള്ള തടസ്സങ്ങളെ ഇന്ത്യൻ, ഇസ്രയേൽ എൻജിനീയർമാർ പ്രായോഗിക ബുദ്ധി കൊണ്ട് നേരിട്ടപ്പോൾ, ഫ്രഞ്ച് നിർമിത മിറാഷ് വിമാനത്തിൽ ഇസ്രയേലിന്റെ സാങ്കേതിക വിദ്യയുപയോഗിച്ച് യുഎസിന്റെ ലേസർ ഘടിപ്പിച്ച ഇന്ത്യൻ ബോംബ് സജ്ജമാക്കി; 12 ദിവസം കൊണ്ട്! 

ലക്ഷ്യം ടൈഗർ ഹിൽസ്

‘ചരിത്രത്തിലാദ്യമായി ലേസർ നിയന്ത്രിത ബോംബ് ഘടിപ്പിച്ച ഇന്ത്യൻ യുദ്ധവിമാനത്തിൽ ഒരുവട്ടം മാത്രം പരിശീലനം നടത്തിയശേഷം ഞങ്ങൾ ദൗത്യത്തിനു കച്ചമുറുക്കി. യുദ്ധമാണ്, പരിശീലിക്കാൻ സമയമില്ല എന്ന സന്ദേശം ഉന്നത സേനാ നേതൃത്വത്തിൽനിന്നു ലഭിച്ചു. കശ്മീരിലെ ദേശീയപാത (എൻഎച്ച് 1) ആക്രമിക്കാനാവും വിധം ടൈഗർ ഹിൽസിലെ നിർണായക സ്ഥാനത്തു നിലയുറപ്പിച്ചിരുന്ന പാക്ക് സേനാംഗങ്ങളെ എന്തു വിലകൊടുത്തും തുരത്തുക എന്നതായിരുന്നു ഞങ്ങൾക്കു മുന്നിലുള്ള ദൗത്യം. 

Tiger-hill-in-Kargil
കാർഗിൽ യുദ്ധകാലത്ത് പാക്കിസ്ഥാൻ പട്ടാളം കയ്യേറിയ ടൈഗർ ഹിൽസ്.

ശത്രുസേനയുടെ നീക്കങ്ങൾ നിയന്ത്രിക്കുന്ന മുന്ദോ ദാലോ എന്ന പാക്ക് സേനാ ക്യാംപ് ജൂൺ 16നു ഞങ്ങൾ തകർത്തു. ലേസർ ബോംബുകൾ ഉപയോഗിക്കാതെ, സാധാരണ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആ ദൗത്യം. മുന്ദോ ദാലോ ചാമ്പലാക്കിയതോടെ, ടൈഗർ ഹിൽസ് എന്ന വലിയ ലക്ഷ്യത്തിലേക്കു ഞങ്ങൾ നീങ്ങി. 

ജൂൺ 23ന് ഉച്ചയ്ക്കു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.വൈ. ടിപ്നിസ് ആദംപുർ (പഞ്ചാബ്) താവളത്തിലെത്തി. വൈകിട്ട് യോഗം ചേർന്ന ഞങ്ങൾ ടൈഗർ ഹിൽസ് ദൗത്യത്തിനുള്ള അന്തിമ തയാറെടുപ്പുകൾ നടത്തി. മിറാഷ് പറപ്പിക്കുന്നതിൽ ഏറ്റവുമധികം പരിചയസമ്പത്തുള്ള എന്നെ ദൗത്യത്തിന്റെ നേതൃത്വം ഏൽപിച്ചു’. 

ചാമ്പലാക്കാൻ പറന്നുയർന്ന്

ജൂൺ 24, രാവിലെ 6.30: ആദംപുർ താവളത്തിൽ നിന്ന് 3 മിറാഷ് വിമാനങ്ങൾ പറന്നുയർന്നു. ആദ്യ വിമാനത്തിന്റെ കോക്പിറ്റിലെ മുൻ സീറ്റിൽ ഞാനിരുന്നു; പിൻസീറ്റിൽ സഹപൈലറ്റായി സ്ക്വാഡ്രൺ ലീഡർ മനീഷ് യാദവ്. ഞങ്ങൾക്കു പിന്തുണ നൽകി 2 മിറാഷുകൾ പിന്നിൽ. ചരിത്ര ദൗത്യത്തിൽ പങ്കാളിയാവാൻ മിറാഷുകളിലൊന്നിലെ സഹ പൈലറ്റായി സേനാ മേധാവി ടിപ്നിസ് ഇരുന്നു. മിസൈലുകൾ വഹിച്ച് അംബാല(ഹരിയാന)യിൽ നിന്നു പറന്നുയർന്ന 2 മിറാഷുകൾ കൂടി പാതിവഴിയിൽ ഞങ്ങൾക്കൊപ്പം ചേർന്നു.

600 കിലോമീറ്ററായിരുന്നു ആദംപുരിൽ നിന്നു ടൈഗർ ഹിൽസിലേക്കുള്ള ദൂരം. പാക്ക് റഡാറുകളുടെ കണ്ണുവെട്ടിച്ച് അതിർത്തിയോടു ചേർന്നുള്ള മലനിരകളുടെ മറവിൽ 5 യുദ്ധവിമാനങ്ങൾ പറന്നു; ഞങ്ങളുടെ നീക്കം ശത്രുസേന അറിയാതിരിക്കാൻ വിമാനങ്ങൾ തമ്മിലുള്ള ആശയവിനിമയം പൂർണമായി ഒഴിവാക്കി. മുന്നിലുള്ള ഏതു തടസ്സവും തകർക്കുക എന്ന പരസ്പരധാരണയിൽ ഞങ്ങൾ നിശബ്ദമായി കുതിച്ചു.

അതിർത്തി മേഖലകളിൽ പറക്കുന്നതിനു യാത്രാ വിമാനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നതിനാൽ, വിശാലമായ ആകാശം ഞങ്ങൾക്കു മുന്നിൽ നിവർന്നു കിടന്നു.  

മണിക്കൂറിൽ 1000 കിലോമീറ്റർ വേഗമാർജിച്ച മിറാഷുകൾ 30,000 അടിയിലേക്കു കുതിച്ചുകയറി. 7.10നു ഞങ്ങൾ ടൈഗർ ഹിൽസിനു സമീപമെത്തി. 16,000 അടി ഉയരത്തിലുള്ള മലമുകളിൽ പാക്ക് സേന സ്ഥാപിച്ച 9 ടെന്റുകൾ കോക്പിറ്റിലെ സ്ക്രീനിൽ ഞാൻ കണ്ടു. മഞ്ഞു മൂടിയ മലയിൽ  ശ്രദ്ധയിൽപ്പെടാതിരിക്കാൻ വെള്ള നിറത്തിലായിരുന്നു ടെന്റുകൾ. 

ത്രസിപ്പിച്ച് 30 സെക്കൻഡ്

ഞങ്ങളുടെ വരവ് മനസ്സിലാക്കിയ പാക്ക് സേനാംഗങ്ങൾ സ്റ്റിങ്ങർ മിസൈലുകൾ തൊടുത്തു. പക്ഷേ, അവയുടെ ദൂരപരിധിക്കും മുകളിലായിരുന്നു ഞങ്ങൾ. ജീവിതത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന 30 സെക്കൻഡുകളായിരുന്നു പിന്നീട്. 20 കിലോമീറ്റർ അകലത്തിൽ ഞാൻ ലക്ഷ്യസ്ഥാനം ഉറപ്പിച്ചു. തൊട്ടടുത്ത നിമിഷം കണ്ണഞ്ചും വേഗത്തിൽ ലക്ഷ്യത്തിലേക്കു കുതിച്ചിറങ്ങി. 15 കിലോമീറ്റർ അകലെയെത്തിയപ്പോൾ ലക്ഷ്യസ്ഥാനത്തിന്റെ വിശദാംശങ്ങൾ ലേസർ നിയന്ത്രിത ബോംബിലേക്കു കൈമാറി. അകലം 8 കിലോമീറ്ററാകുമ്പോൾ ബോംബ് തൊടുക്കാനായിരുന്നു തീരുമാനം. പക്ഷേ, അവിടെ വീശിയടിച്ച കാറ്റ് പ്രശ്നമായി. 

ലക്ഷ്യത്തിനു കൂടുതൽ അടുത്തേക്കു നീങ്ങാൻ ഞങ്ങൾ നിർബന്ധിതരായി. പാക്കിസ്ഥാന്റെ സ്റ്റിങ്ങർ മിസൈലുകളുടെ ആക്രമണപരിധിയിലേക്കു രണ്ടും കൽപിച്ചു ഞങ്ങൾ പറന്നിറങ്ങി. 5 കിലോമീറ്റർ അകലത്തിൽ ഞാൻ ബോംബാക്രമണത്തിനുള്ള ട്രിഗർ വലിച്ചു. ബോംബ് തൊടുത്ത അതേ നിമിഷത്തിൽ ഞങ്ങൾ വെട്ടിത്തിരിഞ്ഞു. ഇടത്തേക്കു കുത്തനെ തിരിച്ച വിമാനത്തെ ഞാൻ പരമാവധി ഉയരത്തിലേക്കു വിട്ടു. ബോംബ് പതിക്കുംവരെ സഹപൈലറ്റ് മനീഷ് ലക്ഷ്യസ്ഥാനത്തേക്ക് ലേസർ തെളിച്ചു കൊണ്ടിരുന്നു (ടോർച്ച് കൊണ്ടു വഴിതെളിക്കും പോലെ).

തൊട്ടടുത്ത നിമിഷം പാക്ക് താവളം തരിപ്പണമാക്കി 500 കിലോ ബോംബ് പൊട്ടിച്ചിതറി. സ്ഫോടനമുണ്ടാക്കിയ തീഗോളത്തിനു മുകളിലൂടെ മിറാഷ് പറന്നു. ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ലേസർ ബോംബാക്രമണത്തിനു സാക്ഷിയായി സേനാ മേധാവിയടക്കം ആകാശത്ത് അണിനിരന്നു.

ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വിമാനത്തിലിരുന്നു ഞാൻ പകർത്തി. ശത്രുസേനയിലെ 37 പേർ അവിടെ മരിച്ചുവീണു. പാക്ക് പട്ടാളത്തിന്റെ ആശയവിനിമയ സംവിധാനം ചോർത്തിയ ഇന്ത്യൻ കരസേനയാണു മരണസംഖ്യ സ്ഥിരീകരിച്ചത്’. നമ്പ്യാർ പകർത്തിയ ബോംബാക്രമണ ദൃശ്യങ്ങൾ സേന പിന്നീട് പരസ്യമാക്കി. 

അതിർത്തി വിട്ട്

‘ടൈഗർ ഹിൽസിൽ ബോംബിട്ട ശേഷം മലമുകളിൽ പോയിന്റ് 4388 എന്ന സ്ഥാനം ലക്ഷ്യമാക്കി ഞങ്ങൾ വടക്കോട്ടു പറന്നു. പോകുന്ന വഴിയിലുടനീളം താഴെയുള്ള ദൃശ്യങ്ങൾ പകർത്തി. ഒരു കാരണവശാലും നിയന്ത്രണ രേഖ കടക്കരുതെന്നു കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, 4388ലേക്കെത്താൻ നിയന്ത്രണ രേഖ കടന്ന് ഞങ്ങൾ കുതിച്ചു. 

കാർഗിൽ യുദ്ധവേളയിൽ ഇന്ത്യൻ വിമാനങ്ങൾ നിയന്ത്രണ രേഖ കടന്നില്ലെന്നാണു  പറയുന്നതെങ്കിലും, അതിർത്തിയോടു ചേർന്നുള്ള മേഖലകളിൽ ശത്രുസേനയുടെ സാന്നിധ്യം കണ്ടെത്താൻ പലകുറി ഞങ്ങൾക്ക് അതു കടക്കേണ്ടി വന്നു. വ്യോമാതിർത്തി കടന്നിട്ടും ആകാശത്ത് വച്ചു ഞങ്ങളെ നേരിടാൻ പാക്കിസ്ഥാൻ ഒരുമ്പെട്ടില്ല. മിറാഷിനോട് ഏറ്റുമുട്ടാൻ കരുത്തുള്ള യുദ്ധവിമാനം അവരുടെ പക്കലുണ്ടായിരുന്നില്ല’. 

മെഡൽ തിളക്കമുള്ള ധീരത

പോയിന്റ് 4388നു മുകളിൽ വട്ടമിട്ടു കറങ്ങിയ ശേഷം ആദംപുർ താവളത്തിൽ പറന്നിറങ്ങിയ ഞങ്ങൾ വിമാനത്തിൽ ശേഖരിച്ച വിഡിയോ ദൃശ്യങ്ങളെടുത്തു. വലിയ സ്ക്രീനിലേക്ക് അവ പകർത്തി. ബോംബ് വീഴുന്നതിനു തൊട്ടുമുൻ‌പ് ടൈഗർ ഹിൽസിൽ നിന്നു 3 പാക്ക് സേനാംഗങ്ങൾ ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതു സ്ക്രീനിൽ ഞങ്ങൾ കണ്ടു. ഗുരുതരമായി പരുക്കേറ്റ ഒരാൾ നിരങ്ങി നീങ്ങുന്നതും ദൃശ്യങ്ങളിൽ തെളിഞ്ഞു. പോയിന്റ് 4388ൽ നിന്നുള്ള ദൃശ്യങ്ങൾ പക്ഷേ, ഞങ്ങളെ ഞെട്ടിച്ചു. അവിടെ പാക്ക് സേനാംഗങ്ങൾ പതിയിരിക്കുന്നു! പിറ്റേന്ന് 4388 ലക്ഷ്യമിട്ട് മിറാഷ് വീണ്ടും കുതിച്ചു. ശത്രുതാവളത്തിലേക്ക് വീണ്ടും ബോംബുകൾ വർഷിച്ചു. 

ജൂലൈ 12നു വ്യോമസേനയുടെ ആകാശദൗത്യം വിജയകരമായി സമാപിച്ചു. കാർഗിൽ യുദ്ധത്തിൽ സേന ഉപയോഗിച്ച 9 ലേസർ ബോംബുകളിൽ അഞ്ചെണ്ണം തൊടുത്ത നമ്പ്യാരെ ധീരതയ്ക്കുള്ള വായുസേനാ മെഡൽ നൽകി രാജ്യം ആദരിച്ചു. 

Raghunadth-with-Family
മകൻ അശ്വിൻ, ഭാര്യ ലക്ഷ്മി എന്നിവർക്കൊപ്പം രഘുനാഥ് നമ്പ്യാർ.

പാക്ക് അതിർത്തിയിൽ ആകാശക്കോട്ടയൊരുക്കുന്ന പടിഞ്ഞാറൻ വ്യോമ കമാൻഡ‍ിനു പുറമെ ചൈന അതിർത്തിയുടെ സുരക്ഷ വഹിക്കുന്ന കിഴക്കൻ കമാൻഡിന്റെയും മേധാവിയായി സേവനമനുഷ്ഠിച്ച നമ്പ്യാർ സേനയുടെ ഉപമേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പരമോന്നത സൈനിക ബഹുമതിയായ പരമവിശിഷ്ട സേവാ മെഡൽ നൽകി രാജ്യം ആദരിച്ചു. 

ടൈഗർ ഹിൽസ് ഇന്ത്യയ്ക്കായി തിരിച്ചുപിടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നമ്പ്യാർക്കു ടൈഗർ എന്ന പേരുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. ഗ്വാളിയറിൽ സേനയുടെ ഒന്നാം നമ്പർ യുദ്ധവിമാന താവളത്തിന്റെ (ടൈഗർ സ്ക്വാഡ്രൺ) മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. ഈ ധീരപോരാളിക്കു സേനയിലെ സഹപ്രവർത്തകർക്കിടയിലൊരു വിളിപ്പേരുണ്ട് – നമ്പി ടൈഗർ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com