ADVERTISEMENT

ജവാഹർലാൽ നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ

 100 വാല്യങ്ങളുടെ എഡിറ്റർ ചരിത്രകാരൻ പ്രഫ. മാധവൻ കെ. പാലാട്ട് സംസാരിക്കുന്നു; പുസ്തകപരമ്പരയിൽ തെളിയുന്ന  നെഹ്റുവിനെക്കുറിച്ച്...  

അപനിർമിതികളുടെ കാലത്ത് ജവാഹർലാൽ നെഹ്റുവിനെപ്പോലൊരാളെ കണ്ടെത്താൻ ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും എന്നു പറയാൻ ചങ്കൂറ്റം ചില്ലറ പോരാ. പക്ഷേ ചരിത്രകാരൻ പ്രഫ. മാധവൻ കെ. പാലാട്ട് അതു പറയും.

കാരണം നെഹ്റുവിനെക്കുറിച്ചും നെഹ്റുവിന്റേതായും ഇന്നോളം ലഭ്യമായ എല്ലാ രേഖകളും കണ്ടയാളാണ് പ്രഫ. പാലാട്ട്. നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങളുടെ രണ്ടാം പരമ്പരശേഖരത്തിന്റെ എഡിറ്റർ അദ്ദേഹമായിരുന്നു.

നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ 100 വാല്യങ്ങളും ജവാഹർലാൽ നെഹ്റു ഫണ്ട് പുറത്തിറക്കിയത് ഇക്കഴിഞ്ഞ 14നാണ്. ഒറ്റപ്പാലം സ്വദേശിയായ പ്രഫ. പാലാട്ട് ജെഎൻയുവിലെ ഡീനായിരുന്നു.

പിന്നീട് ജെഎൻഎഫിന്റെ ട്രസ്റ്റികളിലൊരാളായി. രാജ്യാന്തര സർവകലാശാലകളിലെ വിസിറ്റിങ് പ്രഫസറും ശ്രദ്ധേയമായ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവുമായ പ്രഫ. പാലാട്ട് അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനുമാണ്. വിവിധ ആനുകാലികങ്ങളിൽ എഴുതാറുണ്ട്. 

എന്തായിരുന്നു, ആരായിരുന്നു ജവാഹർലാൽ നെഹ്റു എന്നതിന്റെ നേർക്കാഴ്ചകളാണ് ഈ ഗ്രന്ഥങ്ങളിലുള്ളത്. എന്താണോ ചിന്തിച്ചത് അതെല്ലാം സംസാരത്തിലും പ്രസംഗത്തിലും എഴുത്തുകളിലും വ്യക്തമാക്കിയ രാഷ്ട്രതന്ത്രജ്ഞനായിരുന്നു നെഹ്റു.

അപാരമായ വായനയും അതിരുകളില്ലാത്ത ചിന്തകളും സ്വപ്നങ്ങളും അദ്ദേഹത്തിന്റെ രചനകളെയും പ്രസംഗങ്ങളെയും അമൂല്യമാക്കി. ആ അർപ്പണബോധത്തോടു 100 ശതമാനം നീതി പുലർത്തുന്നതാണ് 100 വാല്യങ്ങളുമെന്ന് പ്രഫ. മാധവൻ പാലാട്ട് ഉറപ്പു പറയുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ആണു വിതരണക്കാർ.

എന്തു കൊണ്ട് നെഹ്റു?

എന്തു കൊണ്ട് സർദാർ പട്ടേൽ അല്ല, എന്ന അർഥത്തിലാണ് പലരും അതു ചോദിക്കുന്നത്. നെഹ്റു തന്റെ സ്ഥാനം പിടിച്ചെടുത്തതല്ല.

പട്ടേൽ 1950ൽ മരിച്ചതു കൊണ്ടാണ് സ്വാതന്ത്ര്യാനന്തരം നെഹ്റുവിനു പ്രാമുഖ്യം കിട്ടിയത്. നെഹ്റു മധ്യ നിലപാടുകാരനായിരുന്നു. പട്ടേൽ വലതുപക്ഷക്കാരനും. നെഹ്റുവും പട്ടേലും ഒന്നിച്ചു നിന്നാണ് പ്രവർത്തിച്ചത്.

ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഭരണഘടനയുടെ 370–ാം വകുപ്പടക്കം പട്ടേലിന്റെ ആശയമായിരുന്നു. നെഹ്റു അതിനെ പൂർണമായും പിന്തുണച്ചു. പട്ടേൽ അതിനു വേണ്ടി നിൽക്കുന്നില്ലെങ്കിൽ താനും ഇല്ല എന്നായിരുന്നു ഇക്കാര്യത്തിൽ നെഹ്റുവിന്റെ നിലപാട്. എന്തിലും അന്തിമാഭിപ്രായം പറയാനുള്ള സ്ഥാനം പട്ടേലിനു നെഹ്റു നൽകിയിരുന്നു.

ഇരുവരും തമ്മിൽ യോജിപ്പുണ്ടായിരുന്നില്ല എന്നാണല്ലോ പ്രചാരണം?

എല്ലാം കഥകളാണ്. അവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. പക്ഷേ അവർ ശത്രുക്കളായിരുന്നില്ല. ഇടയിൽ വെറുപ്പിന്റെ കാറ്റുണ്ടായിരുന്നില്ല. ഇതെല്ലാം പട്ടേലിന്റെ തന്നെ കത്തുകളിൽ നിന്നു വ്യക്തമാണ്. രണ്ടാം പരമ്പരയുടെ ആദ്യ വാല്യങ്ങളിൽ ഇതെല്ലാമുണ്ട്. 

നെഹ്റുവായിരുന്നു ചരിത്രത്തിലെ വില്ലൻ എന്ന മട്ടിലാണ് പുതിയകാലത്തെ ചില പ്രതികരണങ്ങൾ..

നെഹ്റു ഇടതോ വലതോ ആയിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ജനപ്രിയതയ്ക്കു കാരണമായത്. ജനാധിപത്യത്തിൽ പക്ഷം പിടിക്കലല്ല, മധ്യമാർഗമാണ് വേണ്ടത് എന്നു നെഹ്റുവിന് അറിയാമായിരുന്നു.

എല്ലാവരെയും ഒരുമിപ്പിക്കുന്ന നീക്കമായിരുന്നു നെഹ്റുവിന്റേത്. 370–ാം വകുപ്പു സംബന്ധിച്ചു തീരുമാനമെടുത്ത ക്യാബിനറ്റിൽ ശ്യാമപ്രസാദ് മുഖർജിയുമുണ്ടായിരുന്നു. അതു സംബന്ധിച്ചു രേഖകളുണ്ട്. വിഭജിച്ചു ഭരിക്കലായിരുന്നില്ല നെഹ്റുവിന്റെ നയം.

പട്ടേലിനെയും ശ്യാമപ്രസാദിനെയും ടെക്നോക്രാറ്റായിരുന്ന മത്തായിയെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനായി എന്നതാണ് നെഹ്റുവിന്റെ മിടുക്ക്. കമ്യൂണിസ്റ്റ് നേതാവായിരുന്ന ഹിരൺ മുഖർജിക്കു പോലും നെഹ്റുവിനോട് ആരാധനയായിരുന്നു. 

നെഹ്റുവാണ് കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കാൻ വഴിയൊരുക്കിയത് എന്നും പറയുന്നുണ്ടല്ലോ

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ജനാധിപത്യപരമായി നേരിടുകയാണു വേണ്ടെതെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. അവിശ്വാസപ്രമേയത്തിലൂടയോ അസംബ്ലിയിലൂടെയോ ആണു സർക്കാരിനെ മാറ്റേണ്ടത് എന്ന് എല്ലാവരോടും നെഹ്റു പറഞ്ഞിരുന്നു.

പക്ഷേ കോൺഗ്രസിൽ മറിച്ചുള്ള അഭിപ്രായത്തിനായിരുന്നു ഭൂരിപക്ഷം. നെഹ്റുവിന് അതിനൊപ്പം നിൽക്കേണ്ടി വന്നു. ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നെഹ്റു അംഗീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം തന്നെ ജനാധിപത്യത്തിന്റെ വിശാല താൽപര്യം സംരക്ഷിക്കാൻ വിട്ടുവീഴ്ച ചെയ്യാമെന്നും നെഹ്റു കരുതിയിരുന്നു. പഞ്ചാബിൽ പി.എസ്. കൈറോൺ മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങായിരുന്നെങ്കിലും അകാലികളെ വിദഗ്ധമായി കൈകാര്യം ചെയ്തിരുന്നതു കൊണ്ട് കൈറോണിന്റെ പാളിച്ചകൾക്കു നേരെ നെഹ്റു കണ്ണടച്ചിരുന്നു.

ചരിത്രം ചികയുമ്പോൾ പല നേതാക്കളുടെയും വ്യത്യസ്ത മുഖങ്ങൾ വെളിപ്പെടുന്നതു പതിവാണ്. അങ്ങനെ ഒരനുഭവമുണ്ടായോ?

നെഹ്റു ഒരിക്കലും രഹസ്യങ്ങൾ സൂക്ഷിച്ചിരുന്നില്ല. എന്തിനെക്കുറിച്ചും അദ്ദേഹം തുറന്നു പറയുകയും എഴുതുകയും ചെയ്തിരുന്നു. പാർലമെന്റിലും അതെല്ലാം തുറന്നു പറയും. പൊതുപ്രസംഗങ്ങളിലും ഇന്റർവ്യൂകളിലും അതു പറയും. വായിച്ച ലേഖനങ്ങളെക്കുറിച്ച്, അവ പ്രാധാന്യമുള്ളതാണെങ്കിൽ നെഹ്റു അത് ക്യാബിനറ്റിൽ പറയുമായിരുന്നു.

സഹപ്രവർത്തകരോട് ഇതു വായിക്കണം എന്നാവശ്യപ്പെടും. അത്തരം ലേഖനങ്ങളും ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്. നെഹ്റു എപ്പോഴും പൊതുജനങ്ങൾക്കു സമീപിക്കാവുന്ന ആളായിരുന്നു. അവരോടു സംസാരിക്കാൻ അദ്ദേഹവും ഇഷ്ടപ്പെട്ടിരുന്നു. 

രാഷ്ട്രതന്ത്രജ്ഞനെന്ന നെഹ്റുവിനെ അടുത്തറിയാനായോ?

നയരൂപീകരണം മാത്രമല്ല. കല, സർഗാത്മകത, ശാസ്ത്രം, മതം എന്നിവയെയൊക്കെ ആഴത്തിലറിഞ്ഞ ഒരു മനസ്സാണ് വെളിപ്പെട്ടത്. മതനിരപേക്ഷത, ബഹുസ്വരത എന്നിവയുടെ വാക്യാർഥങ്ങൾക്കപ്പുറത്തേക്കാണ് നെഹ്റു നോക്കിയത്.

എങ്ങനെയാണ് ലോകം മതനിരപേക്ഷമായത്, അതിൽ ഇന്ത്യയുടെ പങ്ക്, തന്റെ പങ്ക്, എല്ലാം നെഹ്റു മനസ്സിലാക്കിയിരുന്നു. വിശാലമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. കലാകാരന്റെ സർഗാത്മകതയോടെ നെഹ്റു അതിനെല്ലാം തന്റേതായ ഭാഷ്യം ചമച്ചു. യഥാർഥ ശാസ്ത്രജ്ഞൻ ആത്മീയ തലത്തിലുള്ളയാൾ ആണെന്ന മട്ടിലുള്ള വൈരുധ്യ വാദങ്ങളും നെഹ്റുവിന്റേതായി കാണാം.

കലാകാരൻ തന്റെ മനസ്സിൽനിന്നു കാര്യങ്ങൾ സൃഷ്ടിക്കുന്നതു പോലെ നെഹ്റുവും സയൻസിനെക്കുറിച്ച് പലതും പറയുന്നുണ്ട്. അക്കാലത്തു തന്നെ 4 ഡിയെക്കുറിച്ച് പറയുന്നുണ്ട്. സയന്റിഫിക് ഫാന്റസി ലോകത്തു ജീവിക്കുന്നതു പോലെ.

നമ്മൾ കാണുന്നതിനും ചിന്തിക്കുന്നതിനുമപ്പുറത്തേക്ക് നെഹ്റു ചിന്തിച്ചു. എന്താണ് എന്നു കൃത്യമായി നിർവചിച്ചില്ലെങ്കിലും കണ്ടുപിടിത്തങ്ങൾക്കപ്പുറത്തേക്ക് കാണാനാണ് നെഹ്റു ശ്രമിച്ചത്. ഇന്ത്യപോലെ പിച്ചവച്ചു തുടങ്ങുന്ന ഒരു രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുമ്പോൾ തന്നെ ഇത്തരം വിഷയങ്ങളിലും നെഹ്റു ഊർജ്വസ്വലനായി വ്യാപരിച്ചിരുന്നു. 

രേഖകൾ ലഭിക്കാൻ പ്രയാസമുണ്ടായിരുന്നോ? എത്രകാലമെടുത്തു പൂർത്തീകരിക്കാൻ?

എഴുപതുകളിൽ സർവേപ്പള്ളി ഗോപാലാണ് ഇതിനു തുടക്കമിട്ടത്. അദ്ദേഹം കിട്ടാവുന്ന എല്ലാ രേഖകളും സമാഹരിച്ചിരുന്നു. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയവയിലെ രേഖകളെല്ലാം രഹസ്യമായതു കൊണ്ട് കിട്ടിയിട്ടില്ല. ഈ രേഖകളെല്ലാം പരസ്യമാക്കാൻ ആരു തീരുമാനിക്കുന്നു എന്നതിനനുസരിച്ചിരിക്കും അവയുടെ ലഭ്യത. ഏതെങ്കിലും സെക്രട്ടറിക്കായിരിക്കും ചുമതല.

എന്തെങ്കിലും വിവാദമായാൽ അയാളുടെ കരിയർ നാശമാകും. പലതും നേതാജി ഫയൽസ് പോലെയാണ്. എന്തൊക്കെയോ ഉണ്ടെന്നു പറഞ്ഞ് പുറത്തുവന്നപ്പോൾ ഒന്നുമുണ്ടായില്ല. കിട്ടിയ എല്ലാ രേഖകളും ഇതിൽ ചേർത്തിട്ടുണ്ട്. രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നുമില്ല.

അക്കാലത്തെ അതീവ രഹസ്യമെന്നു പറഞ്ഞവ അടക്കമുണ്ട്. രണ്ടാം സീരീസിന്റെ വാല്യം 44 മുതൽ എല്ലാം പൂർണമാണ്. ഞാൻ 8 വർഷമെടുത്തു. 2011 നവംബറിലാണു തുടങ്ങിയത്. 43 വാല്യങ്ങളാണു ഞാൻ ചെയ്തത്. ഒരു വർഷം 5–6 വാല്യങ്ങളിറക്കാനായി. ഇതുപോലൊന്നു തയാറാക്കാൻ ഇനിയും 200 വർഷമെടുക്കും.

എങ്ങനെയായിരുന്നു പ്രവർത്തനം?

നെഹ്റുവിന്റെ പല പ്രസംഗങ്ങളും ഹിന്ദുസ്ഥാനിയിലായിരുന്നു. ശുദ്ധ ഹിന്ദിയല്ല. അത് ആദ്യം ഹിന്ദുസ്ഥാനി അറിയാവുന്നയാളെക്കൊണ്ട് വായിപ്പിച്ച് പരിഭാഷപ്പെടുത്തിയെടുത്തു.

പല പ്രയോഗങ്ങളും അതിന്റെ ആത്മാവ് ഉൾക്കൊണ്ടായിരിക്കില്ല പരിഭാഷപ്പെടുത്തിയിട്ടുണ്ടാവുക. അതു പൂർണമാക്കുകയെന്നല്ലാതെ ഒന്നും എഡിറ്റു ചെയ്തില്ല. നെഹ്റു 3 പേരോടു ചർച്ച നടത്തുകയാണെങ്കിൽ ആ 3 പേരും പറഞ്ഞതും അതിലുണ്ടാകും. പക്ഷേ നെഹ്റുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 

ഓർമിക്കുന്ന അനുഭവങ്ങളെന്തെങ്കിലും?

സ്വഭാവത്തിൽ ക്ഷിപ്രകോപിയായിരുന്നു നെഹ്റു എങ്കിലും എഴുത്തിൽ അപാരമായ ക്ഷമയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പലരും അദ്ദേഹത്തോടു പറയുന്നത് ഒരേ കാര്യങ്ങളായിരിക്കും. പക്ഷേ നെഹ്റു എല്ലാറ്റിനും ക്ഷമയോടെ മറുപടി പറയുന്നുണ്ട്. ഇതു പുനർവായിക്കുമ്പോൾ ചരിത്രകാരനെന്ന നിലയിൽ എനിക്കു ക്ഷമ കെടും.

പക്ഷേ നെഹ്റുവിന് ഒരിക്കലും ക്ഷമ നശിച്ചിരുന്നില്ല. വിശ്വഭാരതി സർവകലാശാലയുടെ വൈസ് ചാൻസലർ എസ്. ആർ. ദാസ് എന്ന മുൻ ചീഫ് ജസ്റ്റിസ് ഒരിക്കൽ വിദ്യാർഥികൾ കന്റീൻ ഫീസ് കൊടുക്കുന്നില്ല എന്തു ചെയ്യണം എന്നു പറഞ്ഞ് പ്രധാനമന്ത്രിക്കു കത്തെഴുതി.

തലപുകയ്ക്കുന്ന പ്രശ്നങ്ങൾക്കിടയിലും അതിനും വിശദമായി നെഹ്റു മറുപടി എഴുതി. ബന്ധപ്പെട്ടവരെ വിളിച്ചു സംസാരിക്കുകയും പ്രശ്നമെന്ത് എന്നറിഞ്ഞു പരിഹരിക്കുകയും വേണമെന്നായിരുന്നു നിർദേശം. ഒരു ചുമതല നൽകാൻ ഒരാളെ തിരഞ്ഞെടുത്താൽ അയാൾ പ്രവർത്തിക്കുന്നു എന്നുറപ്പു വരുത്തേണ്ടത് തന്റെ ചുമതലയാണെന്ന് നെഹ്റു കരുതിയിരുന്നു. 

100 വാല്യങ്ങളിൽ നിന്നു തെളിയുന്ന നെഹ്റുവിനെക്കുറിച്ച്?

നെഹ്റു അവസരവാദിയായിരുന്നില്ല. പക്ഷേ രാജ്യത്തിന്റെ ഐക്യത്തിനും സ്ഥിരതയ്ക്കും വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയാറായിരുന്നു. ഗാന്ധിജിയെയും തന്നെക്കുറിച്ചും നെഹ്റു ഒരിടത്തു പറയുന്നുണ്ട്: ‘‘ഗാന്ധി ഒരു പ്രവാചകനാണ്. അദ്ദേഹത്തിന് അനന്തരഫലങ്ങൾ ചിന്തിക്കേണ്ട. എനിക്കതു ചെയ്യാനാവില്ല. ഞാനൊരു സ്റ്റേറ്റ്സ്മാനാണ്.

എനിക്കു വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും.’’അതാണ് ഇഎംഎസ് സർക്കാരിന്റെ കാര്യത്തിൽ സംഭവിച്ചത്. ഒരു സംവിധാനം നേരാംവണ്ണം നടന്നു പോകണമെങ്കിൽ അതൊന്ന് ഇളക്കിമറിക്കേണ്ടതുണ്ടെങ്കിൽ അതു ചെയ്യാം എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്.

എന്തു ചെയ്താലും അതു തത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അതുപോലൊരാളെ ഇന്ത്യ ഇനിയും കണ്ടെത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com