ADVERTISEMENT

‌യാത്രക്കാർക്കായി എതിർവശത്ത് ഒരുക്കിയിട്ടുള്ള കുഷനിട്ട കസേരകളിലൊന്നിൽ വയോധികയായ ഒരു സ്ത്രീ ആരെയോ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാടു നേരമായിരിക്കുന്നു.

ആരെയും കാണാത്തതിനാലാവണം ഇടയ്ക്കിടെ അവർ ചുറ്റും പരതുന്നു. പരിഭ്രമത്തോടെ എമിഗ്രേഷൻ കൗണ്ടറിന്റെ ഗേറ്റിലേക്കും ക്യുവിലേക്കും ഏന്തിവലിഞ്ഞുനോക്കുന്നു. ഒടുവിൽ... വരും, വരാതിരിക്കില്ല എന്ന ആശ്വാസത്തോടെ വീണ്ടും ആ കസേരയിലേക്കു ചാരിയിരിക്കുന്നു.

ഈ തണുത്ത വെളുപ്പാൻകാലത്ത് അവർ വിയർക്കുന്നതും ഇടയിൽ കൈയിലിരുന്ന തൂവാലയെടുത്തു മുഖം തുടയ്ക്കുന്നതും എമിഗ്രേഷൻ ഓഫിസർ അരുൺ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൂന്നു മണിക്കൂറിലേറെയായി അരുൺ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.

ആ കാത്തിരിപ്പിൽ പതിവില്ലാത്ത ഒരു അസ്വസ്ഥത അരുണിന്റെയുള്ളിൽ വളരാൻ തുടങ്ങിയിരുന്നു. അൽപം കഴിഞ്ഞപ്പോൾ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റ് ക്യാബിനു പുറത്തേക്കുവന്നു.

എമിഗ്രേഷൻ കൗണ്ടറുകളിലെ ക്യുവിൽ നിൽക്കുന്ന യാത്രക്കാരെ ഓരോരുത്തരെയും അയാൾ നോക്കി. ആരിലും ഒരു തരത്തിലുമുള്ള ഭാവവ്യത്യാസവും ദൃശ്യമല്ല. ആ വൃദ്ധയെ ആരും ക്യുവിൽ നിന്ന് ഒന്നു തിരിഞ്ഞുനോക്കുന്നതു പോലുമില്ല.

അയാൾ സാവധാനം ചുറ്റും കണ്ണോടിച്ച് ആ സ്ത്രീയുടെ സമീപമെത്തി. അവർ അതൊന്നും ഗൗനിക്കാതെ അകലേക്കു കണ്ണും നട്ട് അപ്പോഴും ആരെയോ തിരയുകയായിരുന്നു.

അയാൾ മുരടനക്കി, ശബ്ദിക്കാൻ ശ്രമിച്ചു!

അമ്മ... ഏതു ഫ്ലൈറ്റിൽ പോകാനാണ് കാത്തിരിക്കുന്നത്?

അവർ ശബ്ദം കേട്ടയുടൻ തിരിഞ്ഞുനോക്കി. അപരിചിതന്റെ ചോദ്യത്തിനു താനെന്തിനു മറുപടി പറയണം എന്നതിനാലാവണം അതേ വേഗത്തിൽ മുഖം തിരിച്ച് അവർ വീണ്ടും ഇരിപ്പായി.

അരുണിന് ആകെ സങ്കോചമായി. എന്നാൽ അയാൾ വിടാൻ ഭാവമില്ലായിരുന്നു.

അമ്മ മണിക്കൂറുകൾ ആയല്ലോ ഇവിടെ ഇരിക്കുന്നു. എന്തു സഹായമാണ് വേണ്ടത്? ഞാൻ എമിഗ്രേഷൻ ഓഫിസറാണ്.

എമിഗ്രേഷൻ ഓഫിസർ എന്നു കേട്ടതിനാലാവണം അവർ തല തിരിച്ചു. വിഷമത്തോടെ ഒന്നു ചിരിക്കാൻ ശ്രമിച്ചു. വീണ്ടും കൈയിലിരുന്ന തൂവാലയെടുത്തു മുഖത്തുനിന്നു വിയർപ്പുകണങ്ങൾ തുടയ്ക്കാൻ തുടങ്ങി.

എന്താ ഒന്നും മിണ്ടാത്തത്? എവിടേക്കു പോകണം. അരുണിന്റെ ശബ്ദത്തിൽ അധികാരത്തിന്റെ സ്വാധീനം കൂടിവന്നു.

ഇത്തവണ അവർ ഒന്നു പരുങ്ങി. അൽപം ദൈന്യതയോടെയെങ്കിലും മുഖം അരുണിന്റെ നേർക്ക് തിരിച്ചു.

പറയൂ... ഞങ്ങൾ എന്തെങ്കിലും സഹായിക്കണോ?

അത്... അവർ എന്തോ പറയാൻ തുടങ്ങുന്നു. പക്ഷേ അക്ഷരങ്ങൾ ഒന്നും തൊണ്ടയിൽ നിന്നു പുറത്തേക്കു വന്നില്ല. ശബ്ദം തടയപ്പെടുന്നതായി തോന്നി. അരുൺ കുറെക്കൂടി ക്ഷമ കാണിച്ചു. അവർ സാവധാനം സംസാരിക്കട്ടെ എന്നയാൾ കരുതി.

കുറച്ചു നിമിഷങ്ങൾ കടന്നുപോയി. അയാൾ വിവരങ്ങൾ എല്ലാമറിയാതെ അവിടെനിന്നു പോകില്ല എന്ന് അവർക്ക് മനസ്സിലായി. അധികാരിയായതുകൊണ്ട് മറുപടി നിർബന്ധമാണെന്നവർ ഊഹിച്ചെടുത്തു.

ഞാൻ... മകനെ കാത്തിരിക്കുകയാണ്...

അവർ എമിഗ്രേഷൻ കൗണ്ടറിലേക്കു കൈ ചൂണ്ടി.

അരുൺ അവർ കൈ ചൂണ്ടിയ ഭാഗത്തേക്കു നോക്കി. സാമാന്യം നീണ്ട ക്യു ഉണ്ട്. അതിൽ ഇവരുടെ മകനെ എങ്ങനെ കണ്ടുപിടിക്കും.

ശരി... അതിൽ ആരാണ് അമ്മയുടെ മകൻ...?

അവൻ അവിടേക്കാണ് പോയത്. ഇപ്പോൾത്തന്നെ തിരിച്ചുവരാമെന്നും പറഞ്ഞു. അവൻ മാത്രമല്ല, ഒപ്പം അവന്റെ ഭാര്യ നാൻസിയും പിന്നെ ഡാനിഷും ഏഞ്ചൽ മോളുമുണ്ട്.

ഓഹോ... ഇത്ര നേരമായിട്ടും അവർ മടങ്ങി വന്നില്ലേ?

ഇല്ല.

എത്ര നേരമായിക്കാണും അവർ പോയിട്ട്?

കൃത്യമായി ഓർക്കുന്നില്ല. എങ്കിലും മൂന്നാലു മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ട്.

ങും... അയാൾ ഒന്ന് അമർത്തി മൂളി. അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു. 

അയാൾ കൈകൊട്ടി ആ കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ത്രീയെ വിളിച്ചു.

രജനി, ഓഫിസിൽ നിന്നു മാത്യുവിനെയും കൂട്ടി വരൂ...

നിമിഷങ്ങൾക്കകം രജനിയും മാത്യുവും അരുണിന്റെ മുന്നിലെത്തി.

മാത്യു... ഈ അമ്മച്ചിയുടെ മകനും കുടുംബവും എമിഗ്രേഷൻ വഴി പോയിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

അയാൾ തലയാട്ടി.

അരുൺ ആ അമ്മയെ നോക്കി, പാവം! നടക്കാൻ പാടില്ലാത്തതെന്തോ നടന്നു എന്ന് മനസ്സ് പറയുന്നതായി അയാൾക്കു തോന്നി.

അമ്മച്ചീ... മകന്റെ പേരെന്താണ്?

ആൻഡ്രൂസ്...

അവർ എങ്ങോട്ടാണ് പോകുന്നത്?

അമേരിക്കയിലേക്ക്... അവിടെ അലാസ്കയിൽ ബിസിനസ് ആണ് അവന്. നാൻസി എൻജിനീയർ ആണ്.

ങും... മാത്യു ഒരു മിനിറ്റിങ്ങു വന്നേ...

അരുൺ മാത്യുവിനെ മാറ്റി നിർത്തി ചെവിയിൽ എന്തോ പറഞ്ഞു. ഉടൻ തന്നെ മാത്യു ഓഫിസ് മുറിയിലേക്കു പാഞ്ഞുപോയി.

രജനി ഡ്യൂട്ടി പൊലീസിനെ വിവരമറിയിക്കണം. അവരോട് അടിയന്തരമായി ഇത്രടം വരാൻ പറയൂ...

രജനിയും അതേ വേഗത്തിൽ നടന്നകന്നു.

ഒന്നും മനസ്സിലാകാതെ ആ വൃദ്ധ കണ്ണടച്ചില്ലുകൾക്കിടയിലൂടെ അപ്പോഴും മകനെ തിരഞ്ഞുകൊണ്ടിരുന്നു.

അമ്മച്ചീ... എവിടെനിന്നാണ് വരുന്നത്...

തൊടുപുഴ.

ങ്ഹാ... ഞാനും അതിനടുത്തു തന്നെയുള്ള ആളാണ്. 

അതെയോ...

അവിടെ ആരൊക്കെയുണ്ട്.

ഇപ്പോൾ ആരുമില്ല. ബംഗ്ലാവും തോട്ടവുമെല്ലാം വിറ്റിട്ടാണ് അമേരിക്കയിലേക്കു പോകുന്നത്.

അപ്പോൾ ആൻഡ്രൂസ് അല്ലാതെ വേറെ മക്കൾ ആരുമില്ലേ?

ഉണ്ട്... ഒരു മകൾ കൂടിയുണ്ടെനിക്ക്, മരിയ! അവളും അമേരിക്കയിൽ തന്നെയാണ്. എന്നെ കൊണ്ടുപോകാൻ അവളും കെട്ടിയോനും കൂടി അലാസ്ക എയർപോർട്ടിൽ കാത്തുനിൽക്കും.

അമ്മച്ചീടെ ഭർത്താവില്ലേ...?

ഇല്ല. പന്ത്രണ്ടു വർഷം മുൻപ് കർത്താവു സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി! മോൻ കേട്ടുകാണും. എല്ലാരും കേട്ടിട്ടുള്ള ആളാണ് പ്ലാന്റർ മാമച്ചൻ. മാമച്ചായൻ പോയശേഷം ഞാൻ ഒറ്റയ്ക്കായിരുന്നു. എനിക്കും മടുത്തു. ഇനിയുള്ള കാലം മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ കൂടാമെന്ന് കരുതി. അവരും നിർബന്ധിച്ചു. അങ്ങനെയാണ് ഇവിടെയുള്ളതെല്ലാം വിൽക്കാനും പോകാനും തീരുമാനിച്ചത്...

അതു നന്നായി! അമ്മച്ചിക്ക് സന്തോഷമായി അല്ലേ?

അതേന്നും പറയാം അല്ലെന്നും പറയാം. മാമച്ചായനു പരിഭവമുണ്ടാകും. സാരമില്ല. അതു ഞാൻ അവിടെ ചെല്ലുമ്പോൾ തീർത്തോളാം. എന്നാലും എല്ലാരോടും യാത്ര പറഞ്ഞ് ഇങ്ങോട്ടു പോരുമ്പോൾ ഒരു വിഷമം, ഒരു മനഃപ്രയാസമുണ്ടായി...

അതെന്തിനാ...

ജനിച്ച നാടും വീടും വീട്ടുകാരും ജോലിക്കാരും എല്ലാം നഷ്ടമായില്ലേ? ഇനിയൊരു മടങ്ങിവരവ് ഉണ്ടാവണമെന്നില്ല. അതൊക്കെ ഓർത്തപ്പോൾ സങ്കടമായി.

അമ്മച്ചിയുടെ കൺകോണുകളിൽ ഈർപ്പം പൊടിയുന്നു. ഒരു നെടുവീർപ്പ് ഊർന്നു വീണു.

മാത്യു കുറച്ചു പേപ്പറുകളുമായി തിരിച്ചെത്തി.

സർ... ന്യൂയോർക്ക് ഫ്ലൈറ്റ് 5.30ന് പുറപ്പെട്ടു.

അരുൺ വാച്ചു നോക്കി. ഇപ്പോൾ ഏഴുമണി ആയിരിക്കുന്നു. അപ്പോൾ അവർ ഒന്നര മണിക്കൂർ മുൻപേ പുറപ്പെട്ടിരിക്കുന്നു.

പാസഞ്ചർ ലിസ്റ്റ് ഇതാണ് സർ. ഇതിൽ അമ്മച്ചി പറയുന്നവർ ഇതാണ്... A 31 ആൻഡ്രൂസ് മാമച്ചൻ, A 32 നാൻസി ആൻഡ്രൂസ്, A 33 ഡാനിഷ് ആൻഡ്രൂസ്, A 34 ഏഞ്ചൽ ആൻഡ്രൂസ്...

ഓ മൈ ഗോഡ്...

അരുണിന്റെ മുഖത്തെ ചിരി മാഞ്ഞു. മാത്യു ആകട്ടെ അമ്മച്ചിയെയും അരുണിനെയും മാറിമാറി നോക്കുന്നു.

സർ... മാത്യു ചുണ്ടുകൾ അരുണിന്റെ ചെവിയോടടുപ്പിച്ചു മന്ത്രിച്ചു.

അമ്മച്ചിയെ പറ്റിച്ചിരിക്കുകയാണ്. അവർ കടന്നുകളഞ്ഞു...

അരുൺ അമ്മച്ചിയെ നോക്കി, പാവം... ഒന്നുമറിയാതെ ഇപ്പോഴും മകൻ വരുന്നതും കാത്തിരിക്കുകയാണ്.

അമ്മച്ചിയുടെ ടിക്കറ്റ് കയ്യിലുണ്ടോ?

ഉണ്ട്... ഇതാ...

അവർ കൈയിലിരുന്ന പാസ്പോർട്ടും ഒരു വെളുത്ത കവറും അരുണിന്റെ കൈയിൽ കൊടുത്തു. അയാൾ ആദ്യം പാസ്പോർട്ട് എടുത്തുനോക്കി.

ഏലിയാമ്മ മാമച്ചൻ...

വയസ്സ് 76...

ആൻഡ്രൂസ് വില്ല, തൊടുപുഴ.

പാസ്പോർട്ട് മടക്കി, കൈയിലിരുന്ന കവർ തുറന്നു നോക്കി. എയർപോർട്ട് എൻട്രി ടിക്കറ്റ് ആണ്. അകത്തുകയറാനുള്ള ഇരുന്നൂറു രൂപയുടെ പാസ്.

അമ്മച്ചീ... ഇതാണോ ടിക്കറ്റ്.

അതെ മോനെ... ബാക്കിയെല്ലാ പേപ്പറും ആൻഡ്രൂവിന്റെ കൈയിലുണ്ട്.

അരുൺ വീണ്ടും നിശ്ചലനായി നിന്നു. അമ്മച്ചി അതിക്രൂരമായി പറ്റിക്കപ്പെട്ടു എന്നു പറയാൻ അയാൾക്ക് മനസ്സുവന്നില്ല. നിമിഷങ്ങൾക്കകം എയർപോർട്ട് ഡ്യൂട്ടി പൊലീസ് ഓഫിസറുമായി രജനി അവിടെയെത്തി. കൂടെ വേറെയും ചില പൊലീസുകാർ ഉണ്ടായിരുന്നു.

അമ്മച്ചി ആദ്യമൊന്നു ഭയന്നു.

എല്ലാവരും എന്തിനാണ് എന്റെ അടുത്തേക്കു വരുന്നത്?

അവർ നിസ്സഹായതയോടെ ചുറ്റും നിന്നവരെ നോക്കി. അരുൺ പൊലീസ് ഉദ്യോഗസ്ഥരോടു കാര്യങ്ങൾ വിശദീകരിച്ചു. പാസ്പോർട്ടും കവറും അവർക്കു കൈമാറി.

മാത്യു... ഈ ഫ്ലൈറ്റിന് എവിടെയെങ്കിലും സ്റ്റോപ്പുണ്ടോ?

ഇല്ല സർ... ഇത് നേരിട്ടുള്ള വിമാനമാണ്.

ഓഹ്... അപ്പോൾ നാമിനി എന്തുചെയ്യും?

എല്ലാവരും പരസ്പരം നോക്കി.

അരുൺ എല്ലാവരെയും കുറച്ചകലേക്കു മാറിനിൽക്കാൻ ആംഗ്യം കാണിച്ചു. അയാൾ അമ്മച്ചിയുടെ അടുത്തെത്തി.

അമ്മച്ചീ... ഇവിടെയിരിക്കൂ... രജനീ... അമ്മച്ചിക്കൊരു നല്ല ചായ വാങ്ങിക്കൊടുക്കൂ.

രജനി ചായ വാങ്ങാൻ നീങ്ങി. മറ്റുള്ളവർ അടുത്തുമാറി ആലോചന തുടങ്ങി...

മണിക്കൂറുകളായി കാത്തിരുന്ന് ക്ഷീണിതയായ, അതിലേറെ മാനസിക പ്രശ്നത്താൽ ഉലയുകയും ചെയ്ത അമ്മച്ചിക്ക് രജനി വാങ്ങിക്കൊടുത്ത ചായ കുടിച്ചപ്പോൾ ഇതുവരെ അനുഭവിക്കാത്ത രുചി തോന്നി.

അത് അവർ ആർത്തിയോടെ കുടിച്ചിറക്കി.

കൂടിയാലോചനകൾക്കുശേഷം അരുൺ മറ്റുള്ളവരോടൊപ്പം അമ്മച്ചിയുടെ സമീപമെത്തി.

അമ്മച്ചീ... ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം.

അവരാകട്ടെ, ഒന്നും പറയാതെ അയാളെ കൗതുകപൂർവം നോക്കി.

അമ്മച്ചി പൊലീസിനൊപ്പം നാട്ടിലേക്കു പോകണം.

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെ അവർ പകച്ചുനോക്കി.

എന്തിന്?

അത്... അമ്മച്ചി വീട്ടിലേക്കു പൊയ്ക്കോളൂ. പോകുന്ന വഴി ഇവർ കാര്യങ്ങൾ പറയും.

എന്തു കാര്യങ്ങൾ! ഞാനെന്തിന് ഇനിയങ്ങോട്ടേക്കു പോകണം? അതു പറ്റില്ല! അവിടെയുള്ളതെല്ലാം വിറ്റ് ആ പണം മുഴുവൻ രണ്ടുമാസം മുൻപേ ആൻഡ്രൂസ് അമേരിക്കയിലേക്ക് അയച്ചല്ലോ?

അരുൺ വീണ്ടും ധർമസങ്കടത്തിലായി.

എങ്കിൽ ബന്ധുക്കളില്ലേ? അവരുടെ ആരുടെയെങ്കിലും വീട്ടിലേക്കു പോകാമല്ലോ?

അങ്ങനെയധികം ബന്ധുക്കളൊന്നുമില്ല...അതൊക്കെയെന്തിനാണ്? ആൻഡ്രൂസ് ഇപ്പോ വരില്ലേ?

അരുണിന്റെ ക്ഷമ നശിച്ചു, കാര്യം തുറന്നുപറയാം എന്നയാൾ ഉറച്ചു.

അമ്മച്ചി വിഷമിക്കണ്ട... ആൻഡ്രൂസും കുടുംബവും അമേരിക്കയിലേക്ക് പോയിക്കഴിഞ്ഞു.

ങ്ഹേ... അവർ ഒന്നു ഞെട്ടി. മുഖമാകെ കറുത്തിരുണ്ടു.

അപ്പോൾ... അവർ എന്നെ കൊണ്ടുപോകാൻ മറന്നോ?

ചിലപ്പോൾ മറന്നതാകാം. തൽക്കാലം അമ്മച്ചി ഇവരോടൊപ്പം നാട്ടിലേക്കു മടങ്ങണം. അല്ലെങ്കിൽ ഞങ്ങൾക്ക് അമ്മച്ചിയെ അടുത്തുള്ള അഗതിമന്ദിരത്തിലേക്ക് അയയ്ക്കേണ്ടിവരും.

ആ സ്ത്രീയുടെ കണ്ണിൽനിന്നും കണ്ണുനീർ പുഴപോലെ കുതിച്ചൊഴുകി... ചുണ്ടുകൾ വിറച്ചു... ഒന്ന് എഴുന്നേറ്റു നിൽക്കാനാവാതെ അവർ തളർന്നിരുന്നു.

പൊലീസുകാർ ഇരുകൈകളിലും പിടിച്ചു സാവധാനം എഴുന്നേൽപ്പിച്ചു. പുറത്തേക്കു നടത്തി.

അവർ ഗദ്ഗദത്തോടെ വേച്ചുവേച്ചു പുറത്തേക്കു നടക്കുമ്പോൾ അരുണിന്റെ ഹൃദയം വല്ലാതെ നൊമ്പരപ്പെട്ടു.

ഒരമ്മയ്ക്കും ഈ ഗതി വരരുതേ എന്നയാൾ ഒരായിരം വട്ടം മനസ്സിൽ ഉരുവിട്ടു...

തിരിഞ്ഞുനിന്ന് മാത്യുവിനെ വിളിച്ചു.

മാത്യു... എമിഗ്രേഷന്റെ മെസേജ് ഉടൻതന്നെ ന്യൂയോർക്ക് എയർപോർട്ടിലേക്ക് അയയ്ക്കുക.

സർ, ഉടൻ ചെയ്യാം...

അവരെ നാലുപേരെയും എമിഗ്രേഷൻ ക്ലിയറൻസ് നൽകാതെ മടക്കി അയയ്ക്കാൻ വേണ്ട നിർദേശങ്ങൾ അതിലുണ്ടാവണം.

കൊടുക്കാം സർ...

അവരെ ഇവിടെ വരുത്തണം. അവർക്കുള്ള ശിക്ഷ ആ പാവം അമ്മച്ചി തന്നെ തീരുമാനിക്കട്ടെ!

അരുൺ ചുറ്റുപാടും നോക്കി. അകലെ ആകാശം നിറയെ കാർമേഘക്കൂട്ടങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. ആർത്തലച്ചു പെയ്താലും ഒരു തുള്ളിപോലും താഴെ വീഴില്ലല്ലോ ഈ മരുഭൂമിയിൽ.

കണ്ണുകളെ മടക്കി വിളിച്ചയാൾ തന്റെ മുറിയിലേക്കു നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com