ADVERTISEMENT

ജന്മം ഏതെന്നു നിർണയിക്കാൻ നമുക്ക് അവകാശമില്ലാത്ത ലോകത്ത്, പരിഹാസശരങ്ങൾക്കും കുത്തുവാക്കുകൾക്കും ഇടയിൽനിന്ന് ഒളിച്ചോടിയൊരു മലയാളി. ഇപ്പോഴിതാ, ട്രാൻസ്ജെൻഡറുകൾക്കിടയിലെ 

പ്രബലവിഭാഗമായ സുജാനികളുടെ ‘നായിക് സർദാർ ' അഥവാ അവസാനവാക്കായിരിക്കുന്നു....

ഇതു നമ്മുടെ തൊട്ടടുത്തുള്ള ഒരാളെക്കുറിച്ചാണ്. പേരും ജീവിതവും അപ്രതീക്ഷിത ദൂരങ്ങളിലേക്കു വലിച്ചെറിയപ്പെട്ട സെലിനെക്കുറിച്ച്. നമ്മളടക്കം കുറ്റബോധത്താൽ തലതാഴ്ത്തിപ്പോകുന്ന അവരുടെ നൊമ്പരപ്പാടുകളുടെ അനുഭവകഥ. 

അതറിയും മുൻപ്, ഇന്നത്തെ സെലിനെ പരിചയപ്പെടുത്താം. ഇപ്പോൾ ലക്ഷ്മി സെലിനെന്നു പേര്. ഒരു പക്ഷേ, സാധാരണ ജീവിതം നയിക്കുന്ന നമ്മളിൽ പലർക്കും മനസ്സിലാക്കാൻ പ്രയാസമാവും.

ട്രാൻസ്ജെൻഡറായതിന്റെ പേരിൽ‌ എല്ലാവരിൽ നിന്നും വെറുപ്പേറ്റു ജനിച്ച നാടുവിട്ടു ഡൽഹിയിലേക്ക് ഓടിയെത്തിയവൾ.

ഇപ്പോൾ സെലിനെക്കുറിച്ചു പറയാൻ കാരണം, ഓടിയും കിതച്ചും ചെന്നെത്തിയ ദൂരങ്ങൾക്കൊടുവിൽ അവർ ഒരു വലിയ സമൂഹത്തിന്റെ അധിപതിയായിരിക്കുന്നു. ഇന്ത്യയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിലെ പ്രബലവിഭാഗമായ സുജാനികളുടെ നായിക്ക് സർദാർ.

അഥവാ ബാഷ. ലക്ഷത്തിലേറെ വരുന്ന സുജാനികളുടെ അവസാനവാക്കും ഗുരുവും. ആ ജീവിതകഥയറിയും മുൻപ് അവരുടെ ഡേരയിലേക്ക്, അതായത് ആശ്രമത്തിലേക്കു പോകണം. 

സൈക്കിൾ റിക്ഷകൾ തൊട്ടുതൊട്ടുമാത്രം നീങ്ങുന്ന ഇടുങ്ങിയ വഴിയിൽ ഇന്ത്യ ഒഴുകുന്നിടം, ഓൾഡ് ഡൽഹിയിലെ സദർ ബസാർ. വിലപേശി സാധനങ്ങൾ വാങ്ങാൻ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നു വന്നെത്തുന്നവരുടെ തിരക്കിനിടയിലൂടെ ചെന്നെത്തുന്നതു ധീരജ് പഹാഡിയിലെ ബഹുജിവാലി ഗലിയിലേക്ക്. അവിടെ മൂന്നാൾ പൊക്കമുള്ളൊരു മതിൽക്കെട്ട്. അതിനൊരു ഇടുങ്ങിയ ചെറുവാതിലും.

വാതിൽ തുറന്നുകിട്ടാൻ അകത്തു നിന്ന് അനുവാദം കിട്ടണം. മുകളിലേക്കു ചെറുപടികൾ. അവിടെയാണു സുജാനികളുടെ പ്രധാന ഡേര. ട്രാൻസ്ജെൻഡറുകൾ ഒന്നിച്ചു താമസിക്കുന്ന ആശ്രമം.

seln2
സെലിൻ

മുകളിലത്തെ നിലയിൽ വിശാലമായ നടുത്തളത്തിലേക്കു വാതിൽ തുറക്കുന്ന മുറികൾ. അതിലൊരു മുറിയിലാണു സെലിനിപ്പോൾ. ആ മുറിക്കുള്ളിൽ ഗദ്ദയുണ്ട്. അതായതു സിംഹാസനതുല്യമായ മെത്ത. അതിൽ സ്വർണാഭരണങ്ങളണിഞ്ഞ്, ഏതോ പഴയ തറവാട്ടമ്മയെപ്പോലെ സെലിൻ. 

അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള ഡേരയാണത്. മുഗൾ രാജവംശകാലത്തു ട്രാൻസ്ജെൻഡറുകൾക്കായി സജ്ജമാക്കിയ പ്രൗഢമായ കെട്ടിടം. ആ കാലത്തു കൊട്ടാരത്തിൽ വിശേഷാവസരങ്ങളിൽ ആട്ടവും പാട്ടുമായി പോയിരുന്നവരത്രേ സുജാനികൾ.

അവരുടെ സാന്നിധ്യവും സന്തോഷവും രാജാക്കന്മാർ അനുഗ്രഹമായി കരുതി. അതുകൊണ്ടു തന്നെ അവർക്കു സകലസൗകര്യവും രാജാക്കന്മാർ തലമുറകളായി നൽകിപ്പോന്നു. സുജാനികളുടെ നായിക്കിനുള്ളതാണ് ധീരജ് പഹാഡിയിലെ ഡേര. അതിന്റെ ഉള്ളറകളിൽ ഇപ്പോഴും നിഗൂഢതകളുടെ തുറക്കാമുറികളാണ്.

ഏറെക്കാലം നായിക്കായിരുന്ന അമ്മപന്നാഹാജിയുടെ ശിഷ്യയായതിൽ പിന്നെയാണ് ജഗാംഗിർപുരിയിൽ നിന്നു സെലിൻ ഇങ്ങോട്ടേക്കു മാറിയത്.

ഇപ്പോൾ നായിക്കിന്റെ മരണശേഷം ആ പദവിയിലേക്കും സെലിൻ തിരഞ്ഞെടുക്കപ്പെട്ടു. ഇനി ജീവിതാവസാനം വരെ ഇവിടെത്തന്നെ. മറ്റു സംസ്ഥാനങ്ങളിലെ ഡേരകളിൽ വല്ലപ്പോഴും പോകുന്നതൊഴിച്ചാൽ പിന്നെ അവർക്കു പോകാനുള്ളതു വല്ലപ്പോഴുമൊരിക്കൽ കേരളത്തിലാണ്.

∙ കേരളത്തിലേക്ക്

സെലിന്റെ പൂർവകാലം പന്തളത്തിനടുത്ത് ഒരു മാർത്തോമ്മാ കുടുംബത്തിൽ (അതു പ്രത്യേകമായി പറയാനുള്ള കാരണം വഴിയേ അറിയാം) തുടങ്ങുന്നു. അവിടെ തോമസിനും തങ്കമ്മയ്ക്കും അ‍ഞ്ചുമക്കൾ. അനിയൻ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്.

ചെറുപ്രായത്തിലേ അനിയനിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. പെൺകുട്ടികളെപ്പോലെ വസ്ത്രം ധരിക്കാനും കണ്ണെഴുതാനും മാലയും വളയുമൊക്കെ ഇട്ടുനോക്കാനും മോഹിച്ചായിരുന്നു നടപ്പ്. എട്ടു വയസ്സാകുമ്പോഴേക്കും അനിയൻ തന്നിലെ മാറ്റങ്ങൾ അറിഞ്ഞു തുടങ്ങി.

അവൻ അവളായി. ഇഷ്ടപ്പെട്ട പേര് അവൾ സ്വയം സ്വീകരിച്ചു. ആരു ചോദിച്ചാലും സെലിൻ തോമസ് എന്നു പറഞ്ഞു തുടങ്ങി. അന്നുവരെ നോക്കിച്ചിരിച്ചവരുടെ ചുണ്ടിൽ പുച്ഛം. സഹോദരന്മാരിലൊരാൾ ചെന്നൈയിലായിരുന്നു. ശപിക്കപ്പെട്ട ദിവസങ്ങളിൽ നിന്നുള്ള രക്ഷപ്പെടലായി അമ്മയ്ക്കും മറ്റു സഹോദരന്മാർക്കുമൊപ്പം സെലിൻ ചെന്നൈയിലേക്ക്. 

∙ മദ്രാസ് മെയിൽ

ജീവിതത്തിലെ വലിയ മാറ്റങ്ങൾ കാത്തിരിക്കുകയായിരുന്നു ചെന്നൈയിൽ. തന്നെപ്പോലെ പലരെയും സെലിൻ അവിടെ കണ്ടു. അവരുമായി സംസാരിക്കാനുളള ശ്രമിച്ചതിന്റെ പേരിൽ 11–ാം വയസ്സിൽ വീടുവിട്ടിറങ്ങി.

ഈ കാലത്താണ് അവർക്കൊരമ്മയെ ലഭിക്കുന്നത്. തന്റെ ജന്മം ഏതെന്നു മനസ്സിലാക്കാൻ കഴിഞ്ഞ മുത്തമ്മയെ. തിരുവട്ടിയൂരിലെ കാലടിപ്പേട്ട് എന്ന സ്ഥലത്തെ ട്രാൻസ്ജെൻഡറായിരുന്നു അവർ. നൊന്തു പ്രസവിക്കാതെ തന്നെ അർധനാരികൾക്കു മകൾ ജനിക്കും. പരസ്പരം സമ്മതമാണെങ്കിൽ ആർക്കും ആരെയും മകളാക്കാം.

പ്രതീകാത്മകമായി പാലു കുടിപ്പിക്കുന്ന ചടങ്ങോടെ തുടങ്ങും ആ ബന്ധം. അമ്മ-മകൾ ബന്ധമത്രേ ഇവർ‍ക്കിടയിലെ ഏറ്റവും വിലയേറിയത്. ആ സ്നേഹം അനുഭവിച്ചറിഞ്ഞു തുടങ്ങുമ്പോഴേക്കും ബന്ധുക്കളെത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. 

പിതാവ് മരിച്ചതിൽ പിന്നെ പലസ്ഥലങ്ങളിലേക്കുള്ള മാറ്റങ്ങൾക്കിടെ, മാർത്തോമ്മാ പള്ളിയിലേക്കുള്ള പോക്കും കുറഞ്ഞു. മറ്റു പല സഭകളിലുമായിരുന്നു അക്കാലത്തെ ജീവിതം. അതിലൊരു സഭയിൽ വൈദികനാകാമെന്നു കരുതി സെമിനാരിയിൽ ചേർന്നു. പക്ഷേ, സ്ത്രൈണത പ്രശ്നമായി. അധികൃതർ മടക്കി.

പിന്നീടു ബെംഗളൂരുവിലെ ഒരു വൈദികാശ്രമത്തിൽ ചേർന്നു. പ്രീഡിഗ്രിക്കു നല്ല മാർക്കിൽ വിജയിച്ച സെലിന് അവിടെ മെഡിസിൻ പഠനത്തിനു വഴിതെളിഞ്ഞു. കളിയാക്കലുകൾ പിന്തുടർന്നതോടെ അതും അവസാനിപ്പിച്ചു.  

∙ ‘ദൈവം’ പിഴയൊടുക്കുന്നു

മുംബൈ സ്വപ്നവുമായി ചെന്നൈയിലെ ബീച്ച് റോഡിൽ നിന്നു ലൈറ്റ് ഹൗസിനു സമീപത്തേക്കു ലക്ഷ്യമില്ലാതെ നടന്ന ഒരു സന്ധ്യാനേരം. അക്കാലത്ത് അനാശാസ്യപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്ന സ്ഥലമായിരുന്നു അത്. ഒരു പൊലീസ് ജീപ്പ് സെലിനു മുന്നിൽ നിന്നു. 

ട്രാൻസ്ജെൻഡറാണെന്നു പറഞ്ഞിട്ടും രക്ഷയില്ല. രാവിലെ കോടതിയിൽ ഹാജരാക്കി. കേസിന്റെ കാഠിന്യം കുറച്ചതു കൊണ്ടോ മറ്റോ 50 രൂപ പിഴയടച്ചു മടങ്ങാനായിരുന്നു കോടതിത്തീർപ്പ്.

എന്നാൽ, ഭക്ഷണത്തിനു പോലും വഴിയില്ലാതിരിക്കെ എങ്ങനെ പണമടയ്ക്കും. അതിനും ദൈവം വഴിയൊരുക്കി. മറ്റൊരു പ്രതിക്കൊപ്പം വന്ന സംഘം പിഴയടയ്ക്കാൻ  തയാറായതു കൊണ്ടു സെലിൻ പുറത്തിറങ്ങി.  അവർ സെലിനെ തങ്കച്ചി(പെങ്ങൾ) എന്നു വിളിച്ചു. മുംബൈയിൽ പോകാനും സഹായിച്ചു. 

∙ മുംബൈ എക്സ്പ്രസ്

ഒരു രാത്രി മുഴുവൻ നിലവിളിച്ചോടിയ ട്രെയിൻ.   മഹാനഗരത്തിന്റെ ആൾത്തിരക്കിലൂടെ എത്തിയത് കാമാത്തിപുരയിയിൽ. അവിടെ നാഗർകോവിലുകാരി മഞ്ജുവിനെ കണ്ടു.

അവരുടെ കൂടെ പെൺകുട്ടികളും ട്രാൻസ്ജെൻഡറുകളുമായ പത്തുമുപ്പതുപേരുണ്ട്. അവർക്കെല്ലാം മഞ്ജുവമ്മ. ശരീരം വിൽക്കുന്നവരാണ് അധികവും. മഞ്ജു പക്ഷേ, സെലിനെ അതിൽ നിന്നെല്ലാം സംരക്ഷിച്ചു. ലക്ഷ്മിയെന്നു പേരു ലഭിക്കുന്നത് അവിടെയായിരുന്നു.  

∙ നീങ്ക മലയാളിയാ ?

ഡിസംബറിലെ കൊടുംതണുപ്പിലേക്കാണു സെലിൻ ആദ്യമായി ഡൽഹിയിലെത്തുന്നത്. എൺപതുകളുടെ തുടക്കത്തിൽ. അന്നുമിന്നും ഷാലിമാർ ബാഗിലെ റെയിൽ ട്രാക്കുകൾക്കടുത്തു കൊച്ചു കുടിലുകൾ ക്യൂ നിൽക്കുന്നുണ്ട്. അതിലെവിടെയോ ആണ് അഭയം തേടിയത്.

തണുപ്പിനെ ഭേദിച്ചു ട്രെയിനുകൾ പാഞ്ഞോടുമ്പോൾ കുടിലുകൾക്കു കുളിരും. അതിനുള്ളിലെ അര ജീവിതങ്ങൾക്കു വിറയ്ക്കും. ഒന്നോ രണ്ടോ ദിവസം പിടിച്ചു നിന്നു. വല്ലനേരവും ഭക്ഷണം കിട്ടായാലായി. ജീവിച്ചിരുന്നിട്ടു കാര്യവുമില്ലെന്ന് ഉറപ്പിച്ച മൂന്നാംദിനം പുലർച്ചെ അവൾ ഡൽഹിയിലേക്കു വന്നിറങ്ങിയ അതേ ട്രെയിൻപാളത്തിനരികിലിരുന്നു. അടുത്ത ട്രെയിൻ വരുന്നതും കാത്ത്.

തണുത്തകാറ്റിനൊപ്പം ഒരു പിൻവിളി. നിങ്കെ മലയാളിയാ. ? നാഗർകോവിലുകാരി ശോഭ. സ്നേഹത്തോടെ വീട്ടിലേക്കു വിളിച്ചു. അവിടെ പുഷ്പയെന്ന സ്ത്രീയെ പരിചയപ്പെടുത്തി. പിന്നെ പലയിടങ്ങളിൽ. കുട്ടികൾ ജനിക്കുമ്പോഴും നവദമ്പതികൾക്ക് ആശംസ നേരാനുമെല്ലാം സെലിനും സംഘവും പോയിരുന്നു.

സെലിന്റെ വരവോടെ ഡൽഹിയിൽ സുജാനികളുടെ കൂട്ടായ്മ കൂടുതൽ ശക്തമായി. ട്രാൻസ്ജെൻഡറുകൾ ഭക്ത്യാദരവോടെ മാത്രം കാണുന്ന, അപ്പോഴത്തെ നായിക്കിനു സെലിൻ പ്രിയപ്പെട്ടവളായി. ആറു വർഷങ്ങൾക്കു ശേഷം നായിക്ക് മരിച്ചപ്പോൾ പുതിയ നായിക്കിനെ തിരഞ്ഞെടുക്കാൻ അതുകൊണ്ടു തന്നെ അവർക്ക് മറ്റു പേരുകൾ ആലോചിക്കേണ്ടി വന്നില്ല.

∙ ക്രിസ്മസ് വന്നു വിളിച്ചപ്പോൾ

‍മാർത്തോമ്മാ സഭയുടെ ഡൽഹി ഭദ്രാസനം ഒരുക്കുന്ന ഗ്ലോറിയ ക്രിസ്മസ് രാവ് പരിപാടിയിലേക്കു സെലിന് അപ്രതീക്ഷിത വിളിയെത്തുകയായിരുന്നു.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷത്തിനു വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന ഡോ. ഏബ്രഹാം മാർ പൗലോസിന്റെ നിർദേശമാണു സംഘാടകരെ സെലിനിലേക്ക് എത്തിച്ചത്. ഫാ. ജോൺ ജി. മാത്യു, സഭാ കൗൺസിൽ അംഗം എൻ. സണ്ണി, മാധ്യമപ്രവർത്തകൻ ജയൻ എന്നിവരായിരുന്നു‌ മുൻകയ്യെടുത്തത്.

ആൺകുട്ടികൾ പിറന്ന വിവരമറിഞ്ഞാൽ ഉത്തരേന്ത്യയിൽ ആദ്യമെത്തുന്നതു ട്രാൻസ്ജെൻഡറുകളുടെ സംഘമാണ്. പാട്ടും ആട്ടവുമായി അവർ പിറവി ആഘോഷമാക്കി അനുഗ്രഹം ചൊരിയും. ഉണ്ണിയേശുവിന്റെ തിരുജനന ദിവസത്തിലേക്കു ഈ രീതി പകർത്തുകയായിരുന്നു. അവഗണിക്കപ്പെട്ടവരെ ചേർത്തുനിർത്തിയുള്ള ആഘോഷം. 

∙ മാറ്റത്തിന്റെ മാലാഖ

സമൂഹം മാറ്റിനിർത്തുകയോ സ്വയം മാറിനടക്കുകയോ ചെയ്ത നൂറുകണക്കിനു ട്രാൻസ്ജെൻഡർമാരിൽ ഒരാളായിരുന്നു സെലിനും. കേരളത്തിൽ ആരും കാണാതെ ഒളിച്ചു വന്നു പോകേണ്ടി വന്നവൾ. അമ്മ മരിച്ചപ്പോൾ സംസ്കാര ചടങ്ങുകൾക്കു വന്നതു പോലും മകളായിട്ടായിരുന്നില്ല.

നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ താമസിച്ച്, ആൾക്കൂട്ടത്തിലെവിടെയോ നിന്ന് സാരിത്തലപ്പു കൊണ്ടു കണ്ണുതുടച്ച് പോകണമെന്നായിരുന്നു വിധി. അതിലൊന്നും ഇപ്പോൾ സങ്കടപ്പെടുന്നില്ല.

മാരാമൺ കൺവെൻഷനിൽ അടക്കം ക്ഷണിതാവായി പങ്കെടുത്തു, ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ജനിച്ച നാട്ടിൽ ഇപ്പോൾ ഒരു വീടുണ്ട്. അവിടെ താമസിക്കാനാവില്ല. കാരണം സുജാനി കുടുംബം ഇവിടെ കാത്തിരിക്കുന്നു. 

‘‘ജീവിതത്തിൽ എല്ലാമുണ്ടെന്നു പറയുമ്പോഴും സ്വന്തമായി ഒരു കുടുംബത്തിന്റെ തണൽ ആഗ്രഹിക്കാത്തവർ ആരുണ്ട്. അതു സംഭവിച്ചില്ല. അതുമാത്രമാണ് സങ്കടം. സാരമില്ല. ഞാനിവിടെ, ഇവർക്കായി ജീവിക്കും.

ഇവിടെ കിടന്നു തന്നെ മരിക്കും. ഇതു സത്യമുള്ള ഇടമാണ്’’– ഡേരയിലെ മണ്ണിൽ തൊട്ടു സെലിൻ പറഞ്ഞു. ആ നേരം വരെയും വാക്കുകളെ സന്തോഷം കൊണ്ടു പൊതിഞ്ഞു മാത്രം സംസാരിച്ച അവർ കരഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com