sections
MORE

മലകയറിപ്പോകുന്ന ട്രെയിനിൽ; വെള്ളച്ചാട്ടങ്ങളുടെ നാട്ടിലേക്ക്

punaloor
കുറ്റാലം പേരരുവി
SHARE

മലകയറിപ്പോകുന്ന ട്രെയിനിൽ കയറി വെള്ളച്ചാട്ടങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ?

ഊട്ടിയിലേതിനു സമാനമായ ‘പൈതൃക റെയിൽവേ’ ഉണ്ടായിരുന്ന പുനലൂർ-ചെങ്കോട്ട പാതയിലൂടെ തമിഴ്നാട്ടിലെ കുറ്റാലത്തേക്ക്. 

മീറ്റർഗേജ് പാളത്തിന്റെ കൗതുകം ബ്രോഡ്ഗേജിനു വഴിമാറിയെങ്കിലും പ്രകൃതി സൗന്ദര്യത്തിനു വലിയ മാറ്റമില്ല. കാടുംമേടും കല്ലടയാറും കണ്ട്, തുരങ്കങ്ങളിലൂടെയും കണ്ണറപ്പാലങ്ങളുടെ മുകളിലൂടെയും ഒരു യാത്ര. മഞ്ഞും മഴയും മാറിവരുന്ന കാലാവസ്ഥയിൽ മേഘങ്ങൾക്കിടയിലൂടെയൊരു ട്രെയിൻ യാത്ര... 

കുറ്റാലത്തു കാത്തിരിക്കുന്നതാകട്ടെ ചെറുതും വലുതുമായ 9 വെള്ളച്ചാട്ടങ്ങൾ. തമിഴ്നാട്ടിലെ മഴക്കാലമായതിനാൽ വെള്ളച്ചാട്ടങ്ങൾ അവയുടെ പൂർണസൗന്ദര്യത്തിലാസ്വദിക്കാം. ശബരിമല തീർഥാടന കാലമായതിനാൽ കുറ്റാലം ശരിക്കും ഉണർന്ന സമയവുമാണ്. 

കേരളത്തിന്റെ ‘പൈതൃകപാത’യിലൂടെ

പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ കയറാം. മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചാണ് ട്രെയിൻ യാത്ര പുറപ്പെടുന്നത്. കല്ലടയാറിനു മുകളിലെ പാലത്തിലൂടെ പോകുമ്പോൾ പുനലൂർ തൂക്കുപാലം കാണാം. ചെങ്കോട്ടവരെ വേഗം കുറച്ചാണ് ട്രെയിനുകൾ പോകുന്നത്. അതിനാൽ കാഴ്ചകൾക്കു സ്ലോമോഷൻ ഇഫക്ട്! 

റബർത്തോട്ടങ്ങളിലൂടെ കാടിന്റെ ഭംഗിയിലേക്ക്. സമാന്തരമായി പോകുന്ന ദേശീയപാത പാളത്തിനു മുകൾഭാഗത്തായും താഴെക്കൂടിയും ഇടകലർന്നു വരുമ്പോൾ ഈ റെയിൽപാതയുടെ നിർമാണത്തെക്കുറിച്ച് അദ്ഭുതപ്പെടുമെന്നുറപ്പ്. 

ആദ്യ തുരങ്കത്തിലേക്കു കയറുമ്പോഴായിരിക്കും കംപാർട്മെന്റിൽ ലൈറ്റിട്ടില്ലല്ലോ എന്ന് ഓർക്കുക. ഈയിടെ കമ്മിഷൻ ചെയ്ത ഇടമൺ–കൊച്ചി പവർ ഹൈവേയുടെയും കൂടംകുളം ലൈനിന്റെയും ടവറുകളും കമ്പികളും കുന്നുകളുടെ പച്ച മേലാപ്പിനു മുകളിലൂടെ ദിശ കാണിച്ചുതരുന്നതും കാണാം.

punaloor tain
കഴുതുരുട്ടി പതിമൂന്ന് കണ്ണറപ്പാലത്തിലൂടെ കടന്നുപോകുന്ന ട്രെയിൻ. പിൻഭാഗത്ത് ഘടിപ്പിച്ച എൻജിനും കാണാം.

തെന്മല സ്റ്റേഷൻ കഴിഞ്ഞാൽ വനഭംഗിയുടെ കാഴ്ചപ്പൂരമാണ്. നോക്കെത്താ ദൂരത്തോളം മലനിരകൾ. കാലാവസ്ഥയും പെട്ടെന്നു മാറിയേക്കാം. 

ആകെ 5 തുരങ്കങ്ങളാണുള്ളത്. ഇരുന്നൂറിലേറെ പാലങ്ങൾ. കഴുതുരുട്ടിയിലെ പ്രശസ്തമായ പതിമൂന്ന് കണ്ണറപ്പാലത്തിനു മുകളിലൂടെയുള്ള യാത്ര അവിസ്മരണീയമാകും. 

ആര്യങ്കാവ് സ്റ്റേഷൻ കഴിഞ്ഞയുടൻ നീളമേറിയ തുരങ്കത്തിന്റെ ഇരുട്ട്. വെളിച്ചത്തിലേക്കു കടക്കുമ്പോൾ തമിഴ്നാട്ടിലെത്തും. പിന്നെ കണ്ണെത്താ ദൂരത്തോളം വയൽക്കാഴ്ച. കാറ്റാടി യന്ത്രങ്ങൾ സ്വാഗതം ചെയ്യും. മാങ്ങയും നെല്ലിക്കയുമൊക്കെ വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങളിലൂടെ യാത്ര. പശ്ചാത്തലത്തിൽ ശരിക്കും പടിഞ്ഞാറു ഭാഗത്തെത്തിയ പശ്ചിമഘട്ടം കാണാം. 

സ്ഥലനാമ ബോർഡിൽ മലയാളം തമിഴിനു വഴിമാറുന്ന സ്റ്റേഷൻ ഭഗവതിപുരം ആണ്. തമിഴ്ഗ്രാമീണ ഭംഗിയിൽ ലയിച്ചിരിക്കുന്നതിനിടെ ചെങ്കോട്ട സ്റ്റേഷനിലെത്തും. കുറ്റാലത്തേക്കു പോകാൻ ഇവിടെയോ അതും കഴിഞ്ഞ് തെങ്കാശിയിലോ ഇറങ്ങാം. 

കുറ്റാലത്തേക്ക്

ചെങ്കോട്ടയിൽ നിന്നിറങ്ങി ഓട്ടോയോ ടാക്സിയോ പിടിച്ചു കുറ്റാലത്തെത്താം. 9 കിലോമീറ്ററുണ്ട്. ചാർജ് പറഞ്ഞുറപ്പിച്ച ശേഷം പുറപ്പെടുന്നതാണ് സുരക്ഷിതം. ബസ് സ്റ്റാൻഡിലെത്തിയാൽ ബസും പിടിക്കാം. 

ഇടയ്ക്കു ബോർഡർ എന്നു വിളിക്കുന്ന ജംക്‌ഷനുണ്ട്. പ്രശസ്തമായ ബോർഡർ ചിക്കനും കൊച്ചുപൊറോട്ടയും ലഭിക്കുന്ന റഹ്മത്ത് പൊറോട്ട സ്റ്റാൾ ഇവിടെയാണ്. വാഴയിലയിലാണ് വിളമ്പുക. 

കുറ്റാലത്തെ പ്രധാന വെള്ളച്ചാട്ടങ്ങൾ പേരരുവി (മെയിൻ ഫോൾസ്), ഐന്തരുവി (ഫൈവ് ഫോൾസ്), പഴയരുവി (ഓൾഡ് ഫോൾസ്) എന്നിവയാണ്.

ഭംഗിയും വലുപ്പവും പേരരുവിക്കു തന്നെ. അഞ്ചു വെള്ളച്ചാട്ടങ്ങൾ ഒന്നുചേരുന്ന സൗന്ദര്യമാണ് ഐന്തരുവിയുടേത്. വലിയൊരു പാറയിടുക്കിലേക്കു ചാടിയെത്തുന്നതാണ് പഴയരുവി. മൂന്നിടങ്ങളിലും സ്ത്രീകൾക്കും പുരുഷൻമാർക്കും വെള്ളച്ചാട്ടത്തിൽ സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യമുണ്ട്. 

പുലിയരുവി, ചെമ്പകദേവിയരുവി, ചിത്തിര അരുവി, തേനരുവി, പുതു അരുവി, പഴത്തോട്ട അരുവി എന്നിവയാണ് മറ്റുള്ളവ. 

ഓരോ വെള്ളച്ചാട്ടത്തിലേക്കും പ്രത്യേകം പോകണം. ചിലയിടങ്ങളിൽ നിയന്ത്രണമുണ്ട്. താമസ സൗകര്യങ്ങളും ലഭ്യമാണ്. തെങ്കാശിയിലാണ് മെച്ചപ്പെട്ട സൗകര്യം. 

പുനലൂർ – ചെങ്കോട്ട ട്രെയിൻ സമയം

∙ കൊല്ലം – ചെങ്കോട്ട പാസഞ്ചർ (രാവിലെ 11.50, ഉച്ചയ്ക്കു ശേഷം 2.30)

∙ കൊല്ലം – ചെന്നൈ എഗ്മൂർ എക്സ്പ്രസ് (ഉച്ചയ്ക്കു ശേഷം 12.50, ഉച്ചയ്ക്കു ശേഷം 3.05)

∙ എറണാകുളം – വേളാങ്കണ്ണി സ്പെഷൽ (ശനി മാത്രം -വൈകിട്ട് 4.25, വൈകിട്ട് 6.35)

∙ പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് (പുലർച്ചെ 12.35, പുലർച്ചെ 3.27)

ചെങ്കോട്ട – പുനലൂർ ട്രെയിൻ സമയം 

∙ പാലരുവി എക്സ്പ്രസ് (പുലർച്ചെ 12.40, പുലർച്ചെ 3.13)

∙ എഗ്മൂർ – കൊല്ലം എക്സ്പ്രസ് (പുലർച്ചെ 5.00, രാവിലെ 7.10)

∙ വേളാങ്കണ്ണി എറണാകുളം സ്പെഷൽ (തിങ്കൾ മാത്രം. – പുലർച്ചെ 5.45, രാവിലെ 8.25)

∙ ചെങ്കോട്ട – കൊല്ലം പാസഞ്ചർ (രാവിലെ 11.40, ഉച്ചയ്ക്കു ശേഷം 2.08)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA