sections
MORE

കേരളത്തിന്റെ വലിയ ‘റൈറ്റ്’ ഇ.കെ. നായനാർ; നിറമുള്ള ഓർമകളിൽ ശാരദ ടീച്ചർ

nayanar
ശാരദടീച്ചർ ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
SHARE

കൊച്ചിയിൽ ‘റൈറ്റ്’ എന്ന വീട്ടിലിരുന്ന് കേരളത്തിന്റെ വലിയ ‘റൈറ്റിനെ’ ഓർക്കുകയാണ് ശാരദ ടീച്ചർ. 

ഇളയ മകൻ വിനോദിന്റെ ഈ വീട്ടിൽ ടീച്ചർ, സഖാവിന്റെ നന്മനിറഞ്ഞ കൗതുകങ്ങൾ വിവരിക്കുമ്പോൾ, ഭിത്തിയിൽ പൂർണകായ ചിത്രത്തിലെ സഖാവ് ഇ.കെ.നായനാരുടെ പുഞ്ചിരിക്ക് ‘ഓള് പറഞ്ഞോട്ടെടോ’ എന്ന മട്ട്. ദീർഘനേരം സംസാരിക്കാൻ ചെല്ലുന്നവരെ ‘ഓകെ, റൈറ്റ്’ എന്നു പറഞ്ഞ് ഓടിച്ചുവിടുമായിരുന്നല്ലോ ആ തികഞ്ഞ ‘ലെഫ്റ്റ്’കാരൻ. 

അതു പത്രക്കാരോടെന്നല്ല, ബന്ധുക്കളോടും കൂട്ടുകാരോടുമൊക്കെ നായനാർക്കുള്ള സ്വാതന്ത്ര്യമായിരുന്നു. രാഷ്ട്രീയത്തിരക്കിനും യാത്രകൾക്കുമിടയിൽ വല്ലപ്പോഴും ഒന്നോ രണ്ടോ ദിവസത്തേക്ക് കണ്ണൂർ കല്യാശേരിയിലെ വീട്ടിലെത്തുമ്പോൾ കൃഷ്ണാ എന്നും കൃഷ്ണേട്ടാ എന്നും സഖാവേ എന്നും വിളിച്ചെത്തുന്നവരോടൊക്കെ, കുശലത്തിന് അദ്ദേഹം ഫുൾ സ്റ്റോപ്പിട്ടിരുന്നത് ‘റൈറ്റി’ലൂടെത്തന്നെ. അവർക്കറിയാം, സഖാവിനു വായിക്കണം, പഠിക്കണം, എഴുതണം, ജനക്കൂട്ടത്തിനടുത്തേക്കു പോകണം.

എത്ര പ്രസംഗിക്കാനും റെഡി. പ്രസംഗമെന്നത്, ‘ഞാൻ പറയുന്നതങ്ങു കേട്ടാൽ മതി’ എന്ന മട്ടിലുള്ള റേഡിയോ പ്രസംഗമല്ല. വേദിയിലുള്ളവരോടും സദസ്സിലെ ജനസഞ്ചയത്തോടും ചോദ്യങ്ങൾ ഉന്നയിച്ചും ഉത്തരം സ്വീകരിച്ചും ഉത്തരം മുട്ടിച്ചുമൊക്കെ ആസ്വദിച്ചാണു പോക്ക്.

അതിനുള്ള ഹോംവർക്ക് പത്രം വായനയിലൊതുങ്ങുന്നില്ല. പാർട്ടി പ്രസിദ്ധീകരണങ്ങളിലുമൊതുങ്ങുന്നില്ല. ‘ശാരദേ, വായനയിൽ ഞാനിപ്പോഴും വിദ്യാർഥിയാണ്.’ മഹാഭാരതം, രാമായണം, ബൈബിൾ, ഖുർആൻ പരിഭാഷ എന്നിങ്ങനെ അതിരില്ലാതെ നീളും പാരായണം. അതിൽനിന്നൊക്കെ ഉദ്ധരണികൾ പ്രസംഗത്തിൽ സമയോചിതം പ്രയോഗിക്കും. 

സമയ ക്ലിപ്തത സഖാവിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായിരുന്നു. രാവിലെ 5 മുതൽ 5.30 വരെ നടത്തം. പിന്നെ ചായയോടൊപ്പം പത്രവായന. വായന എന്നാൽ വെറും വായന അല്ല. വേണ്ടുന്നതൊക്കെ അപ്പപ്പോൾ ചെറുകത്തി കൊണ്ട് മുറിച്ചെടുത്തുകൊണ്ടാണു വായന പുരോഗമിക്കുക.

‘അച്ഛൻ വായിച്ചശേഷം നമ്മൾ പത്രം നോക്കാനെടുത്താൽ അതിൽ കുറെ ദ്വാരങ്ങളാണുണ്ടാവുക’ എന്നു വിനോദ്. പ്രഭാതഭക്ഷണത്തിനു മുൻപു വായിച്ചു തീരാത്തവ മേശയ്ക്കുള്ളിലേക്കു വയ്ക്കും. അതു മറ്റാരും തൊടരുത്.

മുറിച്ചെടുത്ത വാർത്തകളുമായാണ് പ്രസംഗത്തിനും നിയമസഭയിലേക്കുമൊക്കെ പോകുക. അതിൽ മറുപടി പറയേണ്ടതിനൊക്കെ പബ്ലിക് ആയിത്തന്നെ പ്രതികരിക്കണമല്ലോ.

സഖാവും സഖാവിന്റെ ഭാര്യയും

രാഷ്ട്രീയ പ്രവർത്തനത്തിനിടയിലെ ഹോം വർക്ക് കേന്ദ്രമായി വീട്ടുജീവിതം ചുരുങ്ങിപ്പോയോ എന്നൊന്നും ചിന്തിച്ചുകൂടാ. കല്യാണ സമയത്തുതന്നെ നയം പ്രഖ്യാപിച്ചിരുന്നു– ‘ശാരദേ, നീയൊരു സഖാവിന്റെ ഭാര്യയാണെന്നോർമ വേണം. ഒന്നിച്ചു യാത്ര, സിനിമ, കറക്കം ഇതൊന്നും പ്രതീക്ഷിക്കരുത്.’

ഒരു സമ്പൂർണ സഖാവിനെയാണു ജീവിത സഖാവാക്കുന്നതെന്ന് ടീച്ചർക്കു തികഞ്ഞ വ്യക്തത ഉണ്ടായിരുന്നു. ‘എനക്ക് കുടുംബം നോക്കാനൊന്നും നേരം കിട്ടില്ല. അതുകൊണ്ട് നീ പൊതുരംഗത്തേക്കു വരേണ്ട. വീടു നോക്കിനടത്തണം.’

ഈ മുൻകൂർ ജാമ്യവ്യവസ്ഥയ്ക്ക് ഇളവുണ്ടായില്ല. നായനാർ വീട്ടിലെത്തുന്നത് വല്ലപ്പോഴും ഒരു ദിവസത്തേക്ക്. മക്കളായതോടെ ടീച്ചർ ടീച്ചറുടെ വീട്ടിലായി താമസം. സഖാവ് വരുന്ന ദിവസം ഇളയ കുട്ടിയുമായി സഖാവിന്റെ വീട്ടിലേക്കു ചെല്ലും.കല്യാണം 1958ൽ നടന്നെങ്കിലും ദമ്പതികൾക്കൊരു വീടുണ്ടായത് ’75ൽ.

അതിന്റെ കാര്യങ്ങളൊക്കെ ടീച്ചറുടെ വീട്ടുകാർ നോക്കി. കല്യാശേരിയിലെ ‘ശാരദാസ്’ പാലുകാച്ചിയ കാലം സഖാവിന് ഗൃഹനാഥനായി നിന്ന് അതിഥികളെ സ്വാഗതം ചെയ്യാവുന്ന കാലമായിരുന്നില്ല. അടിയന്തരാവസ്ഥ. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽനിന്നു രാത്രി പുതിയ വീട്ടിലെത്തി മടങ്ങേണ്ടിവന്നു.പക്ഷേ, ശാരദയോടുള്ള സ്നേഹം പോലെ, അഥവാ അതിന്റെ ഭാഗമായിത്തന്നെ അദ്ദേഹം ശാരദാസിനെയും ഇഷ്ടപ്പെട്ടിരുന്നു.

മൂന്നു തവണ മുഖ്യമന്ത്രിയായിട്ടും തലസ്ഥാനത്തൊരു വീടില്ലാതിരിക്കുന്നത് പരാജയമല്ലേ എന്നു പിൽക്കാലത്തു പലരും ചോദിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞു: ‘എനക്കും ശാരദയ്ക്കും താമസിക്കാൻ കല്യാശേരിയിൽ നല്ലൊരു വീടുണ്ട്’.

എങ്കിൽ മക്കൾക്കു വേണ്ടി തിരുവനന്തപുരത്തൊരു വീടായിക്കൂടേ എന്നു തുടർചോദ്യം. ‘മക്കൾ സ്വന്തമായി അധ്വാനിച്ച് വീടുണ്ടാക്കട്ടെ. നമ്മൾ അവരെ അലസരാക്കരുത്’. കല്യാശേരിയിൽ നല്ലൊരു വീടുണ്ട് എന്നു കേൾക്കുമ്പോഴൊക്കെ ടീച്ചർ പതുക്കെ പറയും: നല്ല വീടെന്നു നമ്മളാണോ, മറ്റുള്ളവരല്ലേ പറയേണ്ടത് !

ശാരദാസ് നല്ല വീടാണെന്നു മാത്രമല്ല, ഇപ്പോൾ ഏതാണ്ടൊരു തീർഥാടന കേന്ദ്രവുമാണ്. നായനാർ സഖാവിന്റെ വീടു കാണാൻ, സഖാവിന്റെ ശാരദ ടീച്ചറെ കാണാൻ എത്രയെത്ര ആളുകളാണ് അവിടെ നിത്യവുമെത്തുന്നത്. ടീച്ചർക്ക് അതുകൊണ്ട് ഉച്ചയുറക്കം പോലും നടക്കില്ല.

സംസാരിക്കുകയും ഗ്രൂപ്പ് സെൽഫികൾക്കു നിന്നുകൊടുക്കുകയും വേണം. ‘സഖാവിനോടുള്ള സ്നേഹമാണല്ലോ അവരെ അവിടെയെത്തിക്കുന്നത്. ഈ ജനപിന്തുണയാണ് സഖാവ് എനിക്കു കൈമാറിയിട്ടുപോയ സമ്പാദ്യം.’

ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം താമസിക്കാൻ നായനാർക്കു സമയം കിട്ടിയത് 1980ൽ ആദ്യം മുഖ്യമന്ത്രിയായതോടെയാണ് ! തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ. അതിനുമുൻപ് ടീച്ചറെ ഒരിക്കൽ മാത്രം തിരുവനന്തപുരത്തു കൊണ്ടുപോയി; ഡോക്ടറെ കാണിക്കാൻ. അച്ഛന്റെ കൂടെ തലസ്ഥാനത്തു പോകാമെന്നോ എവിടെങ്കിലും കറങ്ങാമെന്നോ ഉള്ള ‘അതിമോഹം’ മക്കൾക്കുമില്ലായിരുന്നു. 

എംപിയായിരിക്കെ ഒരിക്കൽ ടീച്ചർക്ക് ഓഫർ കിട്ടി. ഈ വെക്കേഷനു നീയും കുട്ടികളും ഡൽഹിക്കു വാ. അന്നു മൂന്നു കുട്ടികളാണുള്ളത്. സുധി, ഉഷ, കൃഷ്ണകുമാർ. നാലാമത്തെയാൾ വിനോദ് വയറ്റിൽ. അങ്ങനെ ആ കുടുംബം താജ്മഹലൊക്കെ കണ്ടു. പിന്നെ ആ ഓഫർ വന്നത് രോഗം സഖാവിനെ കീഴടക്കി ഡൽഹിയിലെ ആശുപത്രിയിലാക്കിയപ്പോൾ മാത്രം. നിങ്ങൾക്കു താജ്മഹലൊക്കെ കാണേണ്ടേ?

ആദ്യ ഓഫറിൽ, രണ്ടാം വയസ്സിൽ താജ് കണ്ട കൃഷ്ണകുമാർ പറഞ്ഞു: ഞാൻ കണ്ടിട്ടുണ്ടച്ഛാ. 

‘അതു പണ്ടല്ലേ, ഇവിടുന്ന് സ്ഥിരം ബസുണ്ട്. കേരള ഹൗസില്‍നിന്നു പോകാം. നാളെ പോയി വാ...’ 

മക്കളെ എവിടെയും കൊണ്ടുപോയിട്ടില്ലെന്ന കുറ്റബോധമാകാം സഖാവിനെ അപ്പോഴതു പറയിച്ചതെന്ന് ടീച്ചർ. 

മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ലണ്ടനിൽ പോയപ്പോൾ ടീച്ചറെ ഒപ്പം കൂട്ടിയിരുന്നു. യാത്ര ചികിത്സയ്ക്കായിരുന്നു. എങ്കിലും അവിടത്തെ മലയാളികൾക്കൊപ്പം സ്ഥലങ്ങളൊക്കെ കാണാനും ടീച്ചർക്കായി. അതിനു മുൻപോ ശേഷമോ ആ ‘മുഖ്യമന്ത്രിയുടെ ഭാര്യ’ സ്വദേശത്തോ വിദേശത്തോ ടൂർ നടത്തിയില്ല.

ടീച്ചർ ആദ്യമായി ദുബായ് കണ്ടത് മക്കൾ കൊണ്ടുപോയപ്പോൾ, 2000ൽ. സഖാവ് പാർട്ടിക്കാര്യത്തിനും സർക്കാർ കാര്യത്തിനും പോയിവരുമ്പോൾ ആ കുടുംബം സമ്മാനങ്ങളും പ്രതീക്ഷിച്ചില്ല. കല്യാണം കഴിഞ്ഞ് ആദ്യകാലത്തൊക്കെ ആന്ധ്രയിലും മറ്റും സമ്മേളനത്തിനു പോയിവരുമ്പോൾ അവിടെയുണ്ടാക്കുന്ന പട്ടുസാരി കൊണ്ടുവന്നിരുന്നു.

പിന്നെ അതുമില്ലാതായി. സഖാവിന് ആരെങ്കിലും സമ്മാനം കൊടുക്കുന്നുണ്ടെങ്കിൽ അത് വാച്ചോ പേനയോ മാത്രം. മക്കളുടെ കയ്യിൽ നല്ല വാച്ച് കണ്ടാൽ,തന്റെ കയ്യിലുള്ള ഒരെണ്ണം കൊടുത്ത് അതു വാങ്ങും. ഈ എക്സ്ചേഞ്ച് ഓഫറില്ലാതെ മക്കൾക്കുപോലും വാച്ച് കൊടുക്കില്ല.

ഒരിക്കൽ, ഇ.പി.ജയരാജൻ വിദേശയാത്രയ്ക്കു മുൻപ് നായനാരെ കാണാനെത്തി. സഖാവിനു ഞാനെന്താ കൊണ്ടുവരേണ്ടത്?

‘പറ്റുമെങ്കിൽ, ഒരു പേന’.

നായനാർക്ക് ഇഷ്ടപ്പെട്ടൊരു തയ്യൽക്കാരൻ സഖാവുണ്ടായിരുന്നു ചെന്നൈയിൽ, മലയാളി. അദ്ദേഹമൊരിക്കൽ ടീച്ചറെ കണ്ടപ്പോൾ പറഞ്ഞു: നായനാർ സഖാവ് പെൺമക്കൾക്ക് ഉടുപ്പു തുന്നിക്കൊടുക്കണമെന്നു പറഞ്ഞുവരും. പക്ഷേ കുട്ട്യോളുടെ പ്രായം ചോദിച്ചാൽ അറിയില്ല. പിന്നെ, ഡയറി നോക്കീട്ടാണു പറയുക’.

ഇഎമ്മിനു കാറില്ലല്ലോ

അവസാനതവണ മുഖ്യമന്ത്രിയായിരിക്കെ, അതിനുശേഷം കണ്ണൂരിലാവും ജീവിതമെന്ന് തീരുമാനിച്ചിരുന്നു. ‘ഉച്ചവരെ ഞാൻ പാർട്ടി ഓഫിസിലായിരിക്കും. അവിടെനിന്നു കാർ വന്നോളും. ഉച്ചകഴിഞ്ഞ് ദേശാഭിമാനിയിൽ. അതിന് അവരുടെ കാർ വരും.’. ടീച്ചർ ചോദിച്ചു: അപ്പോൾ എനിക്കോ, എനിക്കെവിടെയും പോകേണ്ടേ....നമുക്കു സ്വന്തമായൊരു കാർ വേണ്ടേ...?

‘ശാരദേ, ഇഎമ്മിനു കാറില്ല; എനക്കും വേണ്ട.’

ഇഎം എന്നാൽ ഇഎംഎസ്. ഇഎംഎസ് ആയിരുന്നു നായനാർക്ക് ഇങ്ങനെ പലതിലും മാതൃക, ഗുരു. നായനാർ വിതുമ്പിയ അത്യപൂർവ സന്ദർഭങ്ങളിലൊന്നായിരുന്നു ഇഎംഎസിന്റെ വിയോഗം.

നടക്കാത്ത ശുപാർശകൾ

‘മുഖ്യമന്ത്രിയുടെ ഭാര്യ’ വഴി ശുപാർശ നടത്താൻ പലരും ശ്രമിച്ചിരുന്നു. പലതും തികച്ചും ജീവകാരുണ്യപരം. പക്ഷേ നായനാർ നിലപാടിൽ വെള്ളം ചേർത്തില്ല.

‘ശാരദേ, നീ (ഔദ്യോഗികവസതിയിലെ താമസം നിർത്തി) നാളെത്തന്നെ കണ്ണൂർക്കു മടങ്ങുന്നതാണു നല്ലത്’. അന്നൊക്കെ അതു വിഷമമുണ്ടാക്കിയെങ്കിലും ടീച്ചർക്കറിയാം നായനാരുടെ ശുഭ്രമായ രാഷ്ട്രീയ പ്രവർത്തനവും ജീവിതവുമാണ് തന്റെ വിലാസമെന്ന്.

വിശ്വാസം ഒാക്കെ; പണം തരില്ല

ഇഎംഎസിന്റെ ഭാര്യ ആര്യ അന്തർജനത്തിനെന്നപോലെ ശാരദ ടീച്ചർക്കും അമ്പലത്തിൽ പോകാൻ വിലക്കില്ലായിരുന്നു. ‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’; വ്യവസ്ഥ ബാധകം: ‘എന്നോടു പൈസ ചോദിക്കരുത്’. തിരുവനന്തപുരത്തു മുഖ്യമന്ത്രിയായി ജീവിതം തുടങ്ങിയപ്പോൾ ഒരു വ്യവസ്ഥ കൂടി വന്നു: ‘എന്റെ കാർ ഉപയോഗിക്കരുത്’.

പക്ഷേ അമ്പലത്തിൽ പോകാത്ത സഖാവ് ഒരിക്കൽ കുടുംബത്തെ ഞെട്ടിച്ചുകളഞ്ഞു. ഇളയ മകന്റെ കുഞ്ഞിനു പേരിടുന്ന ചടങ്ങിൽ. പാലക്കാട്ട് വിനോദിന്റെ ഭാര്യവീട്ടിലേക്കു ചടങ്ങിനു പോകുമ്പോഴും കുഞ്ഞിന്റെ അപ്പൂപ്പൻ പേരു വെളിപ്പെടുത്തിയില്ല.

കുഞ്ഞിനെ കയ്യിലെടുത്ത് നായനാർ സസ്പെൻസ് പൊട്ടിച്ചു: ഉണ്ണിക്ക‍ൃഷ്ണൻ. അക്കാലത്തെ ട്രെൻഡ് അനുസരിച്ച് ‘എ’ എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ തുടങ്ങുന്ന ഏതെങ്കിലും സ്റ്റൈലിഷ് പേരാഗ്രഹിച്ചുനിന്ന, കുഞ്ഞിന്റെ അച്ഛൻ വിനോദ് തലയിൽ കൈവച്ചു. പുറത്തിറങ്ങിയപ്പോൾ അവിടെ പത്രക്കാരും പാർട്ടിക്കാരും. ‘സഖാവേ, ഉണ്ണിക്കൃഷ്ണൻ ഒരു ദൈവത്തിന്റെ പേരല്ലേ ?’

മറുപടിയും ചോദ്യമായിരുന്നു: ‘നിങ്ങളിൽ ആരെങ്കിലും ജ്ഞാനപ്പാന വായിച്ചിട്ടുണ്ടോ?’. ഇല്ല.

‘ഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ വേണമോ മക്കളായി...’. 

ഉണ്ണിക്കൃഷ്ണന്‍ ഇപ്പോള്‍ ഉണ്ണി കെ.നായനാർ. ഇങ്ങനെ 8 പേരക്കുട്ടികളാണു നായനാർക്ക്.

ജനങ്ങളുടെ നായനാർ, നായനാരുടെ ജനം

കുടുംബമൊന്നുമല്ല ജനക്കൂട്ടമായിരുന്നു നായനാരുടെ ശക്തി. വലിയ നേതാവായശേഷവും നാട്ടിലെത്തിയാൽ സമീപത്തെ കടത്തിണ്ണയിൽ പോയി ബീഡിവലിയും ചർച്ചയും തന്നെ മുഖ്യം. എത്ര പദവി വന്നിട്ടും ധാർഷ്ട്യം തൊട്ടുതീണ്ടാത്തയാൾ എന്നു ശാരദ ടീച്ചർ പറയും.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ ആയിരിക്കുമ്പോൾ, വലിയ പദ്ധതികളെപ്പറ്റിയുള്ള ചർച്ചകളുടെ കാലത്ത് നായനാർ വീട്ടിലും ആത്മഗതം നടത്തും: ഇതുകൊണ്ട് പാവപ്പെട്ടവര്‍ക്ക് എന്തുകിട്ടും.

‘പണ്ടത്തെപ്പോലെ പാവപ്പെട്ടവരൊന്നും ഇപ്പോഴില്ല സഖാവേ’ എന്ന് ഒരിക്കൽ തമാശ പറഞ്ഞ ടീച്ചർക്കു കണക്കിനു കിട്ടി.

കണ്ണൂരിൽ മാധവന്‍ എന്നൊരു സഖാവുണ്ടായിരുന്നു. നായനാർ ആദ്യം ഹൃദ്രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുമ്പോൾ മാധവൻ കണ്ണൂരിൽനിന്നു ട്രെയിൻ കയറി: എനിക്കു നായനാരെ കാണണം. ടിക്കറ്റിനൊന്നും കാശില്ല. 

മാധവന്‍ കോട്ടയത്തെത്തി. ബസിലും ഓട്ടോറിക്ഷയിലും ഇതുതന്നെ പറഞ്ഞു. ആരും ഇറക്കിവിട്ടില്ല. 5 പൈസ ചെലവാക്കാതെ ആ സഖാവ് കണ്ണൂരിൽനിന്നു കോട്ടയത്തെത്തി സഖാവ് നായനാരെ കണ്ടു. നായനാരെ കേരളം അത്രമേൽ സ്നേഹിച്ചിരുന്നു. ആ പേര് ടിക്കറ്റുകൾക്കു മീതെയായിരുന്നു. 

ആദ്യത്തെ ഹാർട്ട്അറ്റാക്ക് കഴിഞ്ഞ് പാർട്ടി നായനാരുടെ യാത്രകൾക്കു കുറെ നിയന്ത്രണങ്ങൾ വച്ചിരുന്നു. കണ്ണൂരിൽ നിന്നൊക്കെ സഖാക്കൾ എകെജി സെന്ററിലെത്തും നായനാർ സഖാവിനെ ക്ഷണിക്കാൻ.

അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്ന് പിണറായി വിജയൻ അവരെ ബോധ്യപ്പെടുത്തും. അവർ നേരെ നായനാരുടെ അടുത്തെത്തും. ‘ഞാൻ വരാമെന്നു സമ്മതിച്ചെന്നു നിങ്ങള്‍ വിജയനോടു പറ’. അങ്ങനെ നിയന്ത്രണം മറികടന്ന് നായനാർ പോകും. 

വി.എസ്.അച്യുതാനന്ദനും നായനാരുടെ ആരോഗ്യത്തിൽ വലിയ ശ്രദ്ധ വച്ചിരുന്നു. അറ്റാക്ക് കഴിഞ്ഞു വിശ്രമിക്കുമ്പോൾ അദ്ദേഹം ഉപദേശിക്കുമായിരുന്നു: നായനാരേ, ഇനിയെങ്കിലും ആരോഗ്യം നോക്കണം. എന്നാലേ നായനാർക്കു ജനത്തെ കിട്ടൂ, ജനത്തിനു നായനാരെ കിട്ടൂ.

വിഎസും നായനാരും തമ്മിൽ വളരെ നല്ല ബന്ധമായിരുന്നെന്ന് ശാരദ ടീച്ചർ. വിരുദ്ധചേരി എന്നൊക്കെ പത്രങ്ങൾ പറഞ്ഞിരുന്നെങ്കിലും. നായനാരുടെ വിയോഗശേഷമാണ് കൊച്ചിയിൽ മകൻ ‘റൈറ്റ്’ എന്ന വീടു നിർമിച്ചത്. പാലുകാച്ചിന് അനുഗ്രഹവുമായി ആദ്യമെത്തിയത് വിഎസ്. 

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറമായിരുന്നു നായനാരുടെ സൗഹൃദങ്ങൾ. കൊണ്ടും കൊടുത്തും മുന്നേറിയവരാണ് നായനാരും കരുണാകരനും. പക്ഷേ, വ്യക്തികളെന്ന നിലയിൽ അവരുടെ അടുപ്പം എത്രയോ ഉയരെ നിന്നു. നായനാർക്ക് ആരോഗ്യം കുറഞ്ഞപ്പോൾ, അംബാസഡർ കാർ ഒഴിവാക്കി യാത്ര ബെൻസിലാക്കണം എന്നുപദേശിച്ചവരിൽ ആദ്യത്തെയാൾ കരുണാകരനാണ്.

പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവിന് ഉലുവ കഴുകി ഉണക്കിപ്പൊടിച്ച് കൊടുത്തയച്ചിട്ടുണ്ട് നായനാർ. പ്രമേഹം കുറയ്ക്കാൻ. പക്ഷേ ആശ്വാസം കിട്ടിയപ്പോൾ റാവു പറഞ്ഞു: ‘അമേരിക്കയിൽ നിന്നെത്തിച്ച പ്രത്യേക മരുന്ന് ഫലിച്ചു’. 

ഇതറിഞ്ഞ നായനാർ ടീച്ചറോടു പറഞ്ഞു: അയാൾക്ക് ഇനി കൊടുക്കേണ്ട.

‘സഖാവിന്റെ മധുരക്കൊതിയും പുകവലിയും സ്ട്രോങ്ങായി എതിർക്കേണ്ടതായിരുന്നു. അതു രണ്ടിനോടും ഞാൻ ‘റോങ്’ പറഞ്ഞെങ്കിൽ അദ്ദേഹം അത്ര നേരത്തേ പോകുമായിരുന്നില്ല.

അദ്ദേഹം ഒരു ബീഡി ചോദിച്ചപ്പോൾ ഞാൻ എതിർത്തത് ഡല്‍ഹിയിലെ ആശുപത്രിക്കിടക്കയിൽ അവസാന നാളുകളിലൊന്നിൽ മാത്രമാണ് – സഖാവ് റൈറ്റിന്റെ റൈറ്റ്‌ഹാൻഡ് വിതുമ്പി. 

ഇപ്പോഴുണ്ടായിരുന്നെങ്കിൽ...

‘റൈറ്റ്’ എന്നു പറഞ്ഞു ശീലിച്ച നായനാർ എത്രയോ പേരുടെ ചെയ്തികൾ കണ്ട് ‘റോങ്’ എന്നു പറഞ്ഞേനെ..!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA