ADVERTISEMENT

‘പൽ പൽ ദിൽ കെ പാസ് തും രഹ്തീ ഹോ’....‘കല്യാൺജി ആനന്ദ്ജി’ എന്ന പേരു കേൾക്കുമ്പോൾ ഓരോ സംഗീതപ്രേമിയുടെയും മനസ്സിലുദിക്കുന്ന ഗാനം.  ഹൃദയത്തോടുചേർന്നു നിൽക്കുന്ന രണ്ടുപേരുകൾ. 

സംഗീതലോകത്തേക്ക് കല്യാൺജിയും ആനന്ദ്ജിയും കടന്നുവന്നിട്ട് 60 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1958ൽ ശങ്കർ ജയ്കിഷനും നൗഷാദും എസ്.ഡി. ബർമനും അടക്കമുള്ള കരുത്തർ തലയുയർത്തി നിന്നിരുന്ന ബോളിവുഡിലേക്കാണ് കല്യാൺജിയും സഹോദരൻ ആനന്ദ്ജിയും കയറിവന്നത്.

‘മേരാ ജീവൻ കോറാ കാഗസ്...’,‘പാന് ബനാറസ് വാലാ..’, ‘യേ മേരാ ദിൽ പ്യാര് കാ ദീവാനാ..’, ‘മേരേ അംഗനേ മേം തുമാരാ ക്യാ കാമ് ഹേ..’ തുടങ്ങി തൊട്ടതെല്ലാം സൂപ്പർഹിറ്റുകൾ. 2003ൽ ആരാധകരെ കണ്ണീരിലാഴ്ത്തി കല്യാൺജി ഓർമയായി. സംഗീത സപര്യയുമായി ആനന്ദ്ജി യാത്ര തുടരുകയാണ്.

കോഴിക്കോട്ടെ സംഗീത കലാകാരൻ‍മാരുടെ സംഘടനയായ മ്യൂസിക് ആർട്ടിസ്റ്റ് അസോസിയേഷന്റെ (മാ) ‘കല്യാൺജി ആനന്ദ്ജി മെഗാഷോ’യിൽ പങ്കെടുക്കാനാണ് കഴിഞ്ഞദിവസം മകൻ ധിരൻഷാ ആനന്ദിനൊപ്പം ആനന്ദ്ജി എത്തിയത്. കേരളത്തിൽ ആദ്യമായി പങ്കെടുക്കുന്ന സംഗീതപരിപാടിയാണ് ഇത്. പിന്നിട്ട 61 സംഗീത വർഷങ്ങളെക്കുറിച്ച് ആനന്ദ്ജി ‘മനോരമ’യോടു മനസ്സ് തുറക്കുന്നു:

പാട്ടുവഴിയിലെ തുടക്കം?

ഗുജറാത്തിലെ കച്ചിൽനിന്നു മുംബൈയിലെത്തി വ്യാപാരം തുടങ്ങിയയാളാണ് ഞങ്ങളുടെ അച്ഛൻ. ചേട്ടൻ കല്യാൺജി സംഗീതത്തിൽ ഏറെ തൽപരനായിരുന്നു. ക്ലാവിയോലിൻ എന്ന സംഗീതോപകരണം വാങ്ങിത്തരണമെന്ന ആവശ്യവുമായി ചേട്ടൻ അച്ഛന്റെയടുത്തെത്തി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്ന കാലമാണെന്നോർക്കണം. അന്ന് 3500 രൂപയാണ് ഉപകരണത്തിന്റെ വില.

anandji22

‘ഞാനൊരു കട തുടങ്ങുമ്പോൾ പണം നിക്ഷേപിച്ചാലേ ലാഭമുണ്ടാക്കാൻ പറ്റൂ. ഇതു നിന്റെ പുതിയ ബിസിനസായി പരിഗണിച്ച് പണം നിക്ഷേപിക്കാം. നഷ്ടക്കച്ചവടമാണെങ്കിൽ വേറെ ബിസിനസ് നോക്കണം’ എന്നായിരുന്നു അച്ഛന്റെ മറുപടി. 

പാമ്പുകളുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ‘നാഗീൻ’ എന്ന സിനിമയിൽ ഓരോ രംഗത്തും പാമ്പുകൾ വരുമ്പോഴുള്ള മൂളക്ക ശബ്ദവും (നാഗീൻ ബീൻ) പാട്ടുകൾക്കിടയിലെ ശബ്ദവും ഈ ഉപകരണം ഉപയോഗിച്ചാണ് സൃഷ്ടിച്ചത്.

ഹേമന്ദ്കുമാറായിരുന്നു ആ സിനിമയുടെ സംഗീത സംവിധായകൻ. അക്കാലത്ത് നാഗീൻ ബീൻ കേൾക്കാൻവേണ്ടി മാത്രം ആളുകൾ തീയറ്ററുകളിൽ  ഇടിച്ചുകയറി. അങ്ങനെ കല്യാൺജി എന്ന പേര് ഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.

കൂട്ടുകെട്ടിന്റെ പിറവി?

നടനാവാൻ കൊതിച്ച് ക്ലാസ് കട്ടുചെയ്ത് സിനിമാ സ്റ്റുഡിയോകളിലും ഷൂട്ടിങ് ലോക്കേഷനുകളിലും അലഞ്ഞു നടന്നയാളാണ് ഞാൻ.

ആറടി പൊക്കക്കാരാണ് സിനിമയിലെ താരങ്ങൾ. വെറും അഞ്ചടി നാലിഞ്ചു പൊക്കക്കാരനായ എനിക്ക് വേഷം കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ സഹോദരനോടു ചോദിച്ചു. ‘ചേട്ടന് ആറടി പൊക്കമുണ്ടല്ലോ, അഭിനയിക്കാൻ ശ്രമിച്ചൂടേ?’. പക്ഷേ, അദ്ദേഹത്തിനു തീരെ താൽപര്യമില്ലായിരുന്നു. ‘സംഗീതമാണെന്റെ വഴി, നീയും എന്റെകൂടെ കൂടണം’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെയാണ് കല്യാൺജി–ആനന്ദ്ജി എന്ന കൂട്ടുകെട്ടിൽ അനേകം പാട്ടുകൾ പിറവിയെടുത്തത്.

ശങ്കർ–ജയ്കിഷൻ, മദൻ മോഹൻ, എസ്.ഡി. ബർമൻ തുടങ്ങിയ മഹാരഥൻമാർ തിളങ്ങിനിൽക്കുന്ന കാലത്താണ് ഞങ്ങളും സംഗീത സംവിധായകരായി വരുന്നത്. സംഗീതം ഞങ്ങൾക്കു ഹരമായിരുന്നു, വിനോദമായിരുന്നു.

എന്തെങ്കിലും ആയിത്തീരണമെന്ന ലക്ഷ്യത്തോടെയല്ല വന്നത്. ഇഷ്ടപ്പെട്ട രീതിയിൽ സംഗീതം ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് പരാജയപ്പെടുമെന്ന പേടിയില്ലാതെ ഗാനങ്ങളൊരുക്കാൻ പറ്റി.

കല്യാൺജിയുടെ അഭാവം?

മരിക്കുന്നതിന് ഏതാനും വർഷംമുൻപ് ഒരുദിവസം കല്യാൺജി എന്നെ വിളിച്ച് മുന്നിലിരുത്തി. 50 വർഷമായി സംഗീത സംവിധാനം ചെയ്യുകയാണ്. ഇതുവരെ ചെയ്ത സംഗീതത്തിൽ തൃപ്തനാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇനി സംഗീത സംവിധാനത്തിൽ തുടരേണ്ടതില്ല, പുതിയ തലമുറയെ പാട്ടുപഠിപ്പിക്കാം എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. 2003ൽ അദ്ദേഹം ഓർമയായി.

സാങ്കേതിക വിദ്യയിൽ മാറ്റം?

ആദ്യകാലത്ത് ഒപ്റ്റിക്കലായാണ് പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നത്. ഉച്ഛസ്ഥായിയിലുള്ള ശബ്ദവും മന്ത്രസ്ഥായിയിലുള്ള ശബ്ദവും ഗ്രാമഫോണിലോ റെക്കോർഡ് പ്ലെയറിലോ കേൾക്കുമ്പോൾ അവ്യക്തമായിപ്പോവും.

അതുകൊണ്ട് പാട്ടുകൾക്കു മധ്യസ്ഥായിയിൽ ഈണമിടാനാണ് അക്കാലത്ത് ശ്രമിച്ചിരുന്നത്. സാങ്കേതികവിദ്യ മാറിയപ്പോൾ ഈ ബുദ്ധിമുട്ടു മാറി. ഇന്നു റെക്കോർഡ് ചെയ്യപ്പെടുന്ന ഏതുതരം ശബ്ദവും അതേ ഗുണനിലവാരത്തോടെ കേൾവിക്കാരന് ആസ്വദിക്കാം. പക്ഷേ എല്ലാക്കാലത്തും മധ്യസ്ഥായിയിലുള്ള പാട്ടുകളാണ് ആസ്വാദകർക്ക് ഇഷ്ടമാവുകയെന്ന് തോന്നിയിട്ടുണ്ട്.

ഇന്നു റെക്കോർഡിങ്ങിന്റെ രീതി മാറി. ഗായകൻ പാടുന്നത് ഗായിക കേൾക്കുന്നില്ല. രണ്ടുപേരും രണ്ടു സ്ഥലങ്ങളിലിരുന്നു പാടി അയച്ചുകൊടുക്കുന്നത് ഒരുമിപ്പിച്ചു ചേർത്താണ് പാട്ടുണ്ടാവുന്നത്. പിന്നണി കലാകാരൻമാർ ഓരോ വാദ്യോപകരണവും പല സമയത്ത് വായിച്ചു റെക്കോർഡ് ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ഇന്നു സംഗീതത്തിനു പൂർണത നഷ്ടമായെന്നു തോന്നിയിട്ടുണ്ട്.

മെലഡിയാണ് ഹൃദയത്തിൽ ശാന്തി നൽകുക. എന്നാൽ ഇപ്പോൾ ഒരു ഭജനയ്ക്കു സംഗീതം ഒരുക്കുമ്പോൾപോലും അതിനിടയ്ക്ക് ‘ഡും ഡും ഡും’ എന്നു ബീറ്റുകൾ ഉൾപ്പെടുത്തും. 

പാവം റഫിസാഹിബ്

എളിമയും ആത്മാർഥതയും ഒരുമിച്ച കലാകാരനാണ് റഫി. ഓരോ പാട്ടിന്റെയും ഓരോ വരിയും ഓരോ അക്ഷരവും എങ്ങനെ പാടണം, ഉയർത്തിപ്പാടണോ, എത്രപ്രാവശ്യം ഉയർച്ചതാഴ്ചകൾ വേണം തുടങ്ങിയവ കൃത്യമായി കടലാസിൽ റഫി സാഹിബ് എഴുതിയെടുത്തിരുന്നു.

ഇതുനോക്കി പലതവണ ആവർത്തിച്ചു പാടിപ്പാടി ഭാവം കൃത്യമാക്കും. സിനിമയിൽ ഗാനം വരുന്നത് വിഷാദരംഗത്തിലാണോ പ്രണയരംഗത്തിലാണോ, ആ സമയത്ത് നായകന്റെ മനസ്സിലെ ഭാവമെന്താണ് തുടങ്ങിയവ അറിഞ്ഞശേഷം പാടുന്നതാണ് അദ്ദേഹത്തിന്റെ രീതി. 

അക്കാലത്ത് സാങ്കേതികവിദ്യ വളർന്നിട്ടില്ല. പാട്ട് റെക്കോർഡ് ചെയ്തു തുടങ്ങിയാൽ ഒറ്റയടിക്ക് അവസാനംവരെ റെക്കോർഡ് ചെയ്തു തീർക്കണം. ഏതെങ്കിലും കലാകാരൻ തെറ്റുവരുത്തിയാൽ വീണ്ടും ആദ്യംമുതൽ റെക്കോർഡ് ചെയ്യേണ്ട സ്ഥിതി ആയിരുന്നു. ഒരു പാട്ട് ഗംഭീരമാക്കാൻ എത്രതവണ പാടാനും റഫി തയാറായിരുന്നു.

റഫി മാത്രമല്ല, മുകേഷും ലതാജിയും ആശാ ഭോസ്‌ലേയുമടക്കമുള്ള ഓരോ ഗായകർക്കും ഓരോ പ്രത്യേകതകളുണ്ട്. എല്ലാവരും ഞങ്ങൾക്കു പ്രിയങ്കരരാണ്.

ചൂടനാണോ കിഷോർദാ?

കിഷോർകുമാർ പെട്ടെന്നു ദേഷ്യംവരുന്ന സ്വഭാവക്കാരനാണെന്ന് പലരും  പറയാറുണ്ട്. പ്രതിഫലം ചോദിച്ചുവാങ്ങുന്നതിൽ കണിശക്കാരനാണെന്നും കുറ്റപ്പെടുത്താറുണ്ട്. പക്ഷേ, അദ്ദേഹം നിഷ്കളങ്കനായിരുന്നു.

ആദ്യകാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കളായ ബംഗാളി നിർമാതാക്കൾ തങ്ങളുടെ സിനിമകളിൽ പാടിക്കാൻ കിഷോറിനെ വിളിച്ചുകൊണ്ടു പോയിരുന്നു. രാവും പകലും നിർത്തി പാടിച്ചശേഷം വെറുംകൈയോടെ പറഞ്ഞുവിടുന്നതു പതിവായിരുന്നു. ബന്ധുവായതിനാൽ പ്രതിഫലത്തിനു പകരം ഒരു പെട്ടി മധുരപലഹാരം കൊടുത്തുവിട്ടവർ വരെയുണ്ട്. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായപ്പോൾ അദ്ദേഹം ഇത്തരം അനുഭവങ്ങളിൽനിന്നു പാഠം പഠിക്കുകയായിരുന്നു. പാടിയാൽ അതിനു പ്രതിഫലം കൊടുത്തേതീരു.

മറ്റൊരിക്കൽ അദ്ദേഹം സാമ്പത്തികമായി പ്രശ്നത്തിലായിരുന്ന സമയത്ത് ഞങ്ങളുടെ സംഗീതട്രൂപ്പിൽ പാടാൻ വരുന്നോ എന്നു ചോദിച്ചു. അക്കാലത്ത് സംഗീത പരിപാടികളിൽ ഗായകൻ ഒരു ഹാർമോണിയം മീട്ടി പാടുന്നതായിരുന്നു രീതി.

‘ഹാർമോണിയം മീട്ടാനൊന്നും പറ്റില്ല, എനിക്കു സ്വതന്ത്രമായി പാടണം,  ചിലപ്പോൾ ഡാൻസ് ചെയ്യാൻ തോന്നിയാൽ അതിനുള്ള സ്വാതന്ത്ര്യവും വേണം’ എന്നാണ് അദ്ദേഹം ആദ്യംവച്ച നിർദേശം. രാജ്യത്ത് ലൈവ് മ്യൂസിക് ഷോകൾക്ക് തുടക്കമിട്ടത് കല്യാൺജി വിർജി ആൻഡ് പാർട്ടിയാണ്. കിഷോറിന്റെ വരവോടെ ഗാനമേളകളുടെ രീതി മാറി. അദ്ദേഹം ആടിപ്പാടി ജനങ്ങളെ കയ്യിലെടുത്തു.

മരിക്കുന്നതിനു രണ്ടോ മൂന്നോ മാസങ്ങൾക്കു മുൻപ് ഗാനമേളകളിൽ അദ്ദേഹം ‘സിന്ദഗീ കാ സഫർ മേം’ എന്ന പാട്ടിലെ ‘വോ ഫിർ നഹീ ആത്തേ...വോ ഫിർ നഹീ ആത്തേ...’ എന്ന വരികൾ ആവർത്തിച്ചു പാടാറുണ്ടായിരുന്നു. തന്റെ മരണം അദ്ദേഹം മുൻകൂട്ടി കണ്ടതാണോ എന്നു പിൽക്കാലത്ത് ഞങ്ങൾ‍ സംശയിച്ചുപോയി.

നായകൻ ഗായകനാവുമ്പോൾ

‘മേരേ അംഗനേ മേം തുമാരാ ക്യാ കാം ഹേ...’ എന്ന പാട്ടു പാടിയത് അമിതാഭ് ബച്ചനാണ്. അദ്ദേഹം സൂപ്പർതാരമായി ഉയർന്നുവരുന്ന കാലഘട്ടം. തന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് ആ പാട്ടു നന്നാക്കാൻവേണ്ടി ആഴ്ചകൾ പരിശ്രമിച്ചിട്ടുണ്ട്.

പിന്നീടാണ് പല നായകൻമാരും തങ്ങളുടെ സിനിമയിൽ ഒരു പാട്ടെങ്കിലും പാടുന്ന ട്രെൻഡ് തുടങ്ങിയത്. നടൻ പാടുന്നതിലുള്ള കൗതുകം, സിനിമയിലെ രംഗം ആവശ്യപ്പെടുന്ന ഭാവം എന്നതൊക്കെ പരിഗണിച്ചാണ് നടനെയോ നടിയെയോ പാടാൻ ക്ഷണിക്കുന്നത്.

യേശുദാസ്, ഞങ്ങളുടെ ദുഃഖം

മുംബൈയിൽ യേശുദാസിന്റെ എല്ലാ സംഗീത പരിപാടികളും കേൾക്കാറുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം മനോഹരമാണ്. ഓരോ പാട്ടിനും അദ്ദേഹത്തിന്റെ ആത്മസമർപ്പണം കണ്ട് അമ്പരന്നിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തെക്കൊണ്ട് ഒരു പാട്ടു പാടിക്കാൻ കഴിഞ്ഞില്ലെന്ന ദുഃഖം ബാക്കിനിൽക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com