ADVERTISEMENT

വയനാട്ടിലെ മാനന്തവാടിയിൽനിന്ന് കുട്ട എന്ന കന്നഡഗ്രാമം കടന്ന് നാഗർഹോളെ ദേശീയോദ്യാനം വഴിയാണു ഹാസ്സനിൽ ചെല്ലേണ്ടത്. 

ഏതാണ്ട് 35 കിലോമീറ്റർ ദൂരം ഒരു ദേശീയോദ്യാനത്തിന്റെ കോർ ഏരിയയിലൂടെ വണ്ടിയോടിക്കാം എന്നത് ചില്ലറക്കാര്യമല്ല. വന്യമൃഗങ്ങളുടെ വിളയാട്ടമാണവിടെ. കടുവയെ വരെ പലപ്പോഴായി കാണാമത്രേ. കടുവയെ കാണാനൊത്തില്ലെങ്കിലും നിരാശപ്പെടേണ്ട. കടുവയെ കൊന്ന കുമാരൻ സ്ഥാപിച്ച രാജവംശത്തിന്റെ ക്ഷേത്രങ്ങൾ കാണാനാണല്ലോ ഈ യാത്ര.

ഹൊയ്സാല!

കൊടുംകാടിനുള്ളിൽ ഗുരുകുലരീതിയിലായിരുന്നു അന്നത്തെ പഠനം. ഒരിക്കൽ ഗുരുവിനെ കടുവ ആക്രമിച്ചു. ശിഷ്യർ ചിതറിയോടി. ഒരു കുട്ടി മാത്രം അവിടെനിന്നു. ഗുരു പറഞ്ഞു ഹൊയ്സാല. .. ഹൊയ് സാല.

കുമാരാ, കടുവയെ കൊല്ലൂ

കുട്ടി കടുവയെ കുത്തിമലർത്തി. കടുവയെ കൊന്നു ഗുരുവിനെ രക്ഷിച്ച ആ കുട്ടിയുടേതാണ് ഹൊയ്സാല രാജവംശം. ഹൊയ് എന്നു പറഞ്ഞാൽ അടിക്കുക, കൊല്ലുക എന്നൊക്കെയാണത്രേ കന്നഡഭാഷയിൽ അർഥം.

പതിനാലാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന രാജവംശമാണു ഹൊയ്സാല. ഇവർ കർണാടകയിലാകെ 92 ക്ഷേത്രങ്ങൾ പണികഴിപ്പിച്ചിരുന്നു. ഇപ്പോൾ നിലനിൽക്കുന്നതു മൂന്നെണ്ണം. അതിൽ ശ്രദ്ധേയമായത് ബേലൂരിലെയും ഹാലെബിഡുവിലെയും രണ്ടെണ്ണം.

hal
ഹാലേബിഡു ക്ഷേത്രം

ഒരു കൽത്താമര

എത്ര ദീർഘയാത്ര കഴിഞ്ഞെത്തുന്നവരെയും ഉൻമേഷഭരിതരാക്കുന്ന ഒരു നിർമിതി ഇതാ മുന്നിൽ. ചെന്നകേശവക്ഷേത്രം. സുന്ദരനായ കേശവൻ എന്നാണ് പേരിനർഥം. യഥാർഥ സൗന്ദര്യം ക്ഷേത്രത്തിനാണ്. ഉളിത്തുമ്പിനിടം കിട്ടുന്നിടത്തെല്ലാം ശിൽപികൾ മായികലോകം കൊത്തിവച്ചിട്ടുണ്ട്.

ഗർഭഗൃഹം, നവരംഗമണ്ഡപം ക്ഷേത്ര ഭിത്തികൾ ഇങ്ങനെ മൂന്നു പ്രധാന ഇതളുകളുണ്ട് ഈ കൽത്താമരയ്ക്ക്. മേൽക്കൂര താങ്ങുംരീതിയിൽ ക്രമീകരിച്ച 39 സാലഭഞ്ജികമാരുടെ അതിസുന്ദരശിൽപങ്ങളാണ് ചുമരുകളുടെ ആകർഷണം.  . 

ശ്രീകോവിലിനു മുന്നിൽ

പുറംചുമർ കണ്ടശേഷം ഉളളിലേക്കു നടക്കാം. ശ്രീകോവിലിനു മുന്നിലെ തൂണിൽ രാജപത്നി ശന്തളാദേവിയുടെയും എതിർവശത്ത് കയ്യിൽ തത്തയുമായി നിൽക്കുന്ന മയൂരനർത്തകിയുടെയും രൂപമുണ്ട്.

സുമധുരഭാഷിണിയാണ് നർത്തകി. മയിലിന്റെ ശരീരവും തത്തയുടെ ശാരീരവും ഒത്തുചേർന്നവളായിരിക്കണം എന്നു സാരം. മച്ചിലേക്കു നോക്കിയാൽ ഭുവനേശ്വരിയെ കാണാം. അതൊരു സുന്ദരിയല്ല, വൃത്താകാരത്തിലുള്ള മേൽക്കൂരയുടെ നടുഭാഗമാണ്. ത്രിമൂർത്തികളെയാണത്രേ ഭുവനേശ്വരി പ്രതിനിധീകരിക്കുന്നത്.

പലയിടത്തും ശിൽപങ്ങളുടെ നിൽപ് പ്രതീകാത്മകമായിട്ടാണ്. ക്ഷേത്രാന്തർഭാഗത്തേക്കു കയറുന്നിടത്ത് വേർപിരിഞ്ഞുനിൽക്കുന്ന രതിയെയും മൻമഥനെയും കാണാം. എല്ലാവികാരങ്ങളെയും പുറത്തുവയ്ക്കൂ എന്നാണത്രേ അതിനർഥം.

ലോകത്തിന്റെ ആമാടപ്പെട്ടി

വലുതും ചെറുതുമായ ആയിരത്തിലധികം സ്ത്രീരൂപങ്ങൾ വ്യത്യസ്തമായ ആഭരണങ്ങൾ ധരിച്ച് ഈ ചുമരുകളെ അലങ്കരിക്കുന്നു. അലങ്കാരങ്ങളെല്ലാം കണ്ട് അമ്പരന്ന് മുൻപൊരു വിദേശി ക്ഷേത്രത്തിനു നൽകിയ വിശേഷണമാണ് ലോകത്തിന്റെ ആഭരണങ്ങളെല്ലാം സൂക്ഷിച്ചുവച്ച ആമാടപ്പെട്ടി എന്നത്.

നക്ഷത്രാകൃതിയിൽ കോണുകളുള്ള അടിത്തറ ഹൊയ്സാല നിർമിതിയുടെ പ്രതീകമാണ്. ഈ ക്ഷേത്രസമുച്ചയത്തിന്റെ കഥ ഒരിക്കലും പറഞ്ഞാൽ തീരുകയില്ല, കണ്ടാൽ മതിയാവുകയുമില്ല. തീർച്ചയായും പോകേണ്ട തെന്നിന്ത്യൻ സ്മാരകങ്ങളിലൊന്നാണ് ചെന്നകേശവക്ഷേത്രം. ക്ഷേത്രത്തിനടുത്ത് സർക്കാരിന്റെ അതിഥിമന്ദിരമുണ്ട്– ഹോട്ടൽ മയൂര. 

പല മൃഗങ്ങളുടെ അവയവങ്ങൾ ഒത്തുചേർന്ന സാങ്കൽപികമൃഗങ്ങളെ കാണാം പലയിടത്തും. രാജ്യചിഹ്നമായ കടുവയോടേറ്റു മുട്ടുന്ന ബാലന്റെ രൂപവുമുണ്ട്. 640 ആനരൂപങ്ങളെ ആരോ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്.

velur1

ഇതെല്ലാം കണ്ടു തിരിച്ചു മുൻവശത്തേക്കു വരുമ്പോൾ കൊത്തുപണികളൊന്നുമില്ലാത്ത മറ്റൊരു നിർമിതി നമ്മെ അമ്പരപ്പിക്കാനായി നിൽപ്പുണ്ട്. ഒരു കരിങ്കൽത്തൂൺ. ഒറ്റക്കല്ലിൽ കൊത്തിയത്. അതിന്റെ ഒരു ഭാഗം തറയിൽ മുട്ടിയിട്ടില്ല. ഒരു തൂവാല ആ വിടവിലൂടെ വലിച്ചെടുക്കാം. അടിത്തറമുട്ടാതിരുന്നിട്ടും വിസ്മയിപ്പിച്ചു തലയുയർത്തി നിൽക്കുകയാണ് ആ തൂൺ.

ഹാലെബിഡുവിലേക്ക്

രണ്ടാമത്തെ ക്ഷേത്രസമുച്ചയത്തിലേക്ക് ബേലൂരിൽനിന്നു 15 കിലോമീറ്റർ ദൂരമുണ്ട്. ഹാലേബിഡു എന്നാൽ പഴയ തലസ്ഥാനം എന്നാണ് അർഥം. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വലുപ്പത്തിൽ ഇന്ത്യയിലെ ആറാമത്തെ നന്ദിപ്രതിമ, ശന്തളേശ്വര-ഹൊയ്സാലേശ്വര ക്ഷേത്രങ്ങൾ, ക്ഷേത്രഅടിത്തറയിൽ 1248 ആനകൾ, സിംഹങ്ങൾ തുടങ്ങിയ മറ്റു ജീവജാലങ്ങൾ, ചുമരുകളിൽ കൊത്തവയ്ക്കപ്പെട്ട ഐതിഹ്യകഥകൾ ഇങ്ങനെ കാഴ്ചകൾ ഒട്ടേറെയുണ്ട് ഹാലെബിഡുവിലും. ശിൽപങ്ങൾ കണ്ടു മനം നിറച്ചും ശിൽപികളുടെ കരവിരുതോർത്ത് അതിശയിച്ചും മാത്രമേ ഒരു സഞ്ചാരിക്ക് ഈ ക്ഷേത്രകവാടത്തിനു പുറത്തിറങ്ങാൻ പറ്റൂ.

താമസം ബേലൂരിലെ ഹോട്ടൽ മയൂര- 081772 22209

ശ്രദ്ധിക്കേണ്ടത്

നാഗർഹോളെ വനത്തിലൂടെ ബൈക്ക് കടത്തിവിടില്ല. കാട്ടിൽ നിശബ്ദത പാലിക്കണം. ഒരു കാരണവശാലും വാഹനം നിർത്തുകയോ കാട്ടിൽ ഇറങ്ങുകയോ ചെയ്യരുത്. കാട്ടാനകൾ ആക്രമണസ്വഭാവമുള്ളവയാണ്.

ബേലൂരിൽ ഗൈഡിന്റെ സഹായം തേടണം. ഓരോ ശിൽപങ്ങൾക്കും കഥകളുണ്ട്.  

വഴി: 

എറണാകുളം-തൃശ്ശൂർ- മാനന്തവാടി-കുട്ട-നാഗർഹോളെ- ഹാസ്സൻ-ബേലൂർ: 505 കിലോമീറ്റർ.

യാത്രാപദ്ധതി

ചുരുങ്ങിയത് മൂന്നുദിവസം വേണം ഈ യാത്രയ്ക്ക്. കാറിനാണു പോകുന്നതെങ്കിൽ നാഗർഹോളെയിലൂടെയുള്ള വഴിയാണു നല്ലത്. തിരിച്ചുള്ള രാത്രിയാത്ര തിത്തുമത്തി വനത്തിലൂടെയാണ്. ആ റോഡിൽ രാത്രിയാത്രാ നിരോധനമില്ല.

എറണാകുളത്തുനിന്ന് അതിരാവിലെ പുറപ്പെട്ടാൽ മാനന്തവാടിയിൽ ഉച്ചയോടെ എത്താം. അന്ന് തോൽപ്പെട്ടി റോഡിലൂടെയൊരു സഫാരി നടത്തി മാനന്തവാടിയിൽ താമസിക്കാം. രാവിലെ നാഗർഹോളെ കാട്ടിലൂടെ യാത്ര ചെയ്ത് ഹാസ്സനിലെത്താം. ഒരു പകൽകൊണ്ട് രണ്ടു ക്ഷേത്രങ്ങളും കണ്ട് ഹോട്ടൽ മയൂരയിൽ രാത്രിയുറങ്ങാം. രാവിലെ തിരികെ നാട്ടിലേക്ക്.

ട്രെയിനിനാണു യാത്രയെങ്കിൽ മംഗലാപുരത്തേക്കു ടിക്കറ്റെടുക്കാം. ശേഷം ധർമസ്ഥല വഴി ബേലൂരിലേക്കു ബസ് പിടിക്കാം. അല്ലെങ്കിൽ ഹാസ്സൻ ജംക്‌ഷനിലേക്കുള്ള ട്രെയിൻ പിടിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com