sections
MORE

ക്രിക്കറ്റ് പിച്ച്

kadha
വര: മുനാസ്
SHARE

ചില ഗേറ്റുകൾ അവൾക്കു തുറക്കാനേ കഴിഞ്ഞില്ല.

ഗേറ്റു തുറന്നാൽതന്നെ കുരച്ചു പാഞ്ഞെത്തുന്ന പട്ടികളെ ഭയപ്പെട്ട് അകത്തു കയറാനും കഴിയുന്നില്ല.

കയറിയ ചില വീടുകളിലാകട്ടെ ആളുകളുമില്ല.

ആളുകളുള്ള വീട്ടിൽ തുറിച്ച കണ്ണുകളുമായി നിരീക്ഷിച്ചു നിന്നതല്ലാതെ എന്തെങ്കിലും തരാനും മടിച്ചു. മടങ്ങുമ്പോൾ സംശയം വേരോടിയ ചില വാക്കുകൾ കൂർത്ത കല്ലുകളായെറിഞ്ഞു.

വലിയ മതിലുകളും ഗേറ്റുകളും കണ്ട് അവൾ അലസമായി നടന്നു.

തോളിൽ തൂക്കിയ തുണിത്തൊട്ടിലിൽ തളർന്നുറങ്ങുകയായിരുന്ന കുട്ടി വിശപ്പു സഹിക്കാനാവാതെ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് വീണ്ടും ഉണർന്നു തുടങ്ങിയിട്ടുണ്ട്.

അപ്രതീക്ഷിതമായി ഹർത്താലായതാണ് വലിയ പ്രശ്നമായത്. എവിടെയോ വെട്ടിക്കൊല നടന്നിട്ടുണ്ടത്രെ...

ഒരു കടയും തുറന്നിട്ടില്ല. നിരത്ത് വിജനമാണ്. അപൂർവമായി ബൈക്ക് മാത്രം കടന്നുപോകുന്നു. അവൾ കൈയിലുള്ള ചില്ലറപ്പൈസകൾ വെറുതേ കുലുക്കിക്കൊണ്ട് നിരാശയോടെ ദീർഘനിശ്വാസമുതിർത്തു.

വയർ കത്തിക്കാളുന്നുണ്ട്. എങ്ങനെയെങ്കിലും ഭക്ഷണം കണ്ടെത്തണം. അല്ലെങ്കിൽ ഇവൻ കരഞ്ഞു സ്വൈരം തരില്ല. മാർഗങ്ങളൊന്നൊന്നായി അവളുടെ കണ്ണുകൾ പരതി. വീടുകളുടെ മുന്നിലൊന്നും ആരെയും കാണുന്നില്ല. അകത്തു ടെലിവിഷനിൽ നിന്നു മുഴങ്ങുന്ന ശബ്ദകോലാഹലം.

വെയിലിന്റെ തീക്ഷ്ണതയിൽ ഒരു ഐസ് കഷണം പോലെ ഇപ്പോൾ ഉരുകിത്തീരുമെന്നു തോന്നി. അത്രമേൽ ശരീരം വിയർത്തൊഴുകുന്നുണ്ട്. കുടിക്കാൻ അൽപം വെള്ളം കിട്ടുന്ന കാര്യവും എളുപ്പമല്ല.

അരികിലൂടെ പതുക്കെ പോയ ബൈക്കിന്റെ പിറകിലിരിക്കുന്നവൻ അവളുടെ പിൻഭാഗത്ത് തഴുകിത്തലോടി പിടിച്ചപോലെ തോന്നി. അവൾ സങ്കടവും കലിയും മൂത്ത് മൂന്നു തവണ വെറുപ്പോടെ തുപ്പി. പച്ചത്തെറി വിളിച്ചു.

അപ്പോൾ തുണിത്തൊട്ടിലിൽ നിന്നു കുട്ടി കരഞ്ഞുകൊണ്ടെഴുന്നേറ്റു. അവനെയെടുത്തു തോളിൽ കിടത്തി സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളോരോന്നും പരാജയപ്പെട്ടു.

അപ്പോഴാണ്, ഗേറ്റു തുറന്നു കിടക്കുന്ന ഒരു വീടിനു മുന്നിൽ വലിയ കോലാഹലം ശ്രദ്ധിച്ചത്. ധാരാളം പേർ ചേർന്നു വലിയ സ്ക്രീനിൽ ക്രിക്കറ്റ് കളി കണ്ടാസ്വദിക്കുകയാണ്. ഇടയ്ക്കിടെ സിക്സെന്നും ഫോറെന്നും പറഞ്ഞ് അവർ ആരവം മുഴക്കുകയാണ്...

അവിടേക്കു കയറിയതും ഒരാൾ വന്നു ചോദിച്ചു.

‘‘എന്താ, എന്താ വേണ്ടത്?’’

‘‘കഴിക്കാനെന്തെങ്കിലും... കുഞ്ഞിന്...’’

‘‘ഇന്ന് ഇവിടെ ഹർത്താലിന്റെ‌ ആഘോഷാ... പോരാത്തതിനു ക്രിക്കറ്റ് മാച്ച് നടക്കുന്നതു കണ്ടില്ലേ... മുതലാളി കോലിയുടെ ആളാ... സച്ചിന്റെ ഒരു റെക്കോഡ് കോലി ഇന്നു മറികടക്കാൻ‍ സാധ്യതയുണ്ട്. അങ്ങനെ വന്നാ ഇവിടെ വന്നോർക്കൊക്കെ വയറു നിറച്ചു ബിരിയാണിയാ... ഇന്ത്യ ജയിച്ചാലും ചെലവുണ്ട്. ഇനി വെറും ഇരുപത് ഓവറേ കളിള്ളൂ... വേണങ്കി ഇവടെയിരുന്നു കളി കണ്ടോ...

‘‘അതിന് എനിക്ക് ഈ കളിയൊന്നുമറിയില്ല.’’

‘‘നിന്റെ വീടെവിടെയാണ്...’’

‘‘അത്, പിന്നെ ്രപളയ സമയത്തെ ഉരുൾപൊട്ടലിൽ...

‘‘മതി... മതി, വരുന്നവരൊക്കെ ഇതാ പറയുന്നത്. ഒറ്റണ്ണത്തിനെ വിശ്വസിക്കാൻ പറ്റില്ല...’’

നൈരാശ്യത്തോടെ അവൾ മുഷിഞ്ഞ സാരിത്തലപ്പുകൊണ്ടു ദേഹത്തെ വിയർപ്പൊപ്പി. അയാളുടെ കണ്ണുകൾ അവളുടെ കറുത്ത ശരീരത്തിലൂടെ തിരക്കിപ്പാഞ്ഞു നടന്നു.

കുട്ടിയപ്പോൾ ശാഠ്യംപിടിച്ചു കരയാൻ തുടങ്ങി. കളി കാണാൻ എത്തിയവരെ അതു തീർത്തും അലോസരപ്പെടുത്തി. മുഖം ചുളിപ്പിച്ചുകൊണ്ട് എല്ലാവരും തലതിരിച്ചുനോക്കി. അതുകണ്ട് അവൾ കുട്ടിയുടെ വാ പൊത്തിപ്പിടിച്ച് പരിഭ്രമിച്ചുഴറി. അപ്പോൾ ഏവരെയും നിരാശപ്പെടുത്തിക്കൊണ്ട് കോലിയുടെ വിക്കറ്റു വീണു. തുടരെ മൂന്നു വിക്കറ്റുകൾ വീണ് കളി നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തി, കുറച്ചുനേരംകൊണ്ട്.

അവളാകട്ടെ മതിലിൽ ചാരിനിന്നു. നല്ല ഉശിരൻ ബിരിയാണിയുടെയും കോഴിയിറച്ചിയുടെയും ഗന്ധം. പാതി വിശപ്പു മാറിയതുപോലെ തോന്നി അവൾക്ക്. ഒക്കത്തെ കുട്ടി വീണ്ടും കരഞ്ഞു തുടങ്ങിയപ്പോൾ മുതലാളി ഈർഷ്യയോടെ എണീറ്റുവന്നു.

‘‘നിങ്ങളെന്തിനാ വന്നിരിക്കണത്?’’

അവൾ വല്ലാത്ത സങ്കോചത്തോടെ പറഞ്ഞൊപ്പിച്ചു.

‘‘കഴിക്കാനെന്തെങ്കിലും?...’’

അയാൾ പോക്കറ്റിൽ നിന്നു ചില്ലറത്തുട്ടുകൾ എടുത്ത് അവൾക്കു നൽകി.

‘‘ഈ കുട്ടിയുടെ കരച്ചിൽ കേട്ടതും, കണ്ടില്ലേ... മൂന്നു വിക്കറ്റാ പോയത്... ഇന്ത്യ ജയിക്കണം. അതിനാ കാത്തിരിക്കണത്... നിങ്ങള് വിട്ടോ... ഇനി ഇവിടെ നിന്ന്, കുട്ടി കരഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്, കൂട്ടിലൊരു പട്ടി കിടക്കുന്നുണ്ട്. പറഞ്ഞേക്കാം...’’

അപ്പോൾ മാത്രമാണ് സമീപത്തുള്ള കൂട്ടിലേക്ക് അവൾ നോക്കിയത്. വേവിച്ച ഇറച്ചി മറ്റൊന്നും ശ്രദ്ധിക്കാതെ തിന്നുകയാണാ ഭാഗ്യവാനായ ജന്തു!

അയാൾ അവളെ പുറത്താക്കി ഗേറ്റടച്ചു.

തളർന്നു തേങ്ങുന്ന കുഞ്ഞിനെ നോക്കി കണ്ണിൽ വെള്ളം നിറച്ച് അൽപനേരം ഗേറ്റിനു മുന്നിൽ നിന്നു. അവനെന്തെങ്കിലും സംഭവിക്കുമോയെന്ന് ഉള്ളോണ്ട് ഭയന്ന നേരം.

‘‘സിക്സ്...!’’

ഗേറ്റിനകത്ത് വൻ ആർപ്പുവിളി. ആഹ്ലാദാരവം.

അവൾ സാവകാശം റോഡരികിലൂടെ നടന്നു. സമീപത്തെ ബസ് സ്റ്റാൻഡിൽ തണലിൽ കയറി നിന്നു. യാചകരായ രണ്ടുമൂന്നു പേർ ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുന്നുണ്ടവിടെ. അവരുടെയും ശ്രദ്ധ ആ വീടിന്റെ ഭാഗത്തേക്കാണ്.

മരിച്ചവന്റെ ഫോട്ടോയും കൊടിയും പ്ലക്കാഡുകളും ഉയർത്തിപ്പിടിച്ച് അനേകം പേരുള്ള ഒരു മൗനജാഥ അകലെനിന്നു വരിവരിയായി നടന്നു വരുന്നുണ്ട്. അവർ സമീപത്തെത്തിയതും പൊടുന്നനെ കുട്ടി കരയാൻ തുടങ്ങി. ജാഥാംഗങ്ങൾ മുഴുവൻ തലചെരിച്ചു നോക്കി കടന്നു പോയതല്ലാതെ മൗനത്തെ ഭേദിക്കാൻ ആരും ഇഷ്ടപ്പെട്ടില്ല. അവൾ കുട്ടിയെ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൻ മയപ്പെട്ട് മയക്കത്തിലേക്കു നീങ്ങുമ്പോൾ

ഫോർ...!

അട്ടഹാസം... വിസിലടികൾ... നിർവൃതിയുടെ ഉച്ചത്തിലുള്ള ശബ്ദങ്ങൾ... ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന, നീണ്ടുനരച്ച താടിയും തലമുടിയുമുള്ള, ശരീരം മുഴുവൻ ചുളിവുകൾ വീണ വൃദ്ധൻ അപ്പോൾ പതിഞ്ഞ ശബ്ദത്തിൽ പ്രതീക്ഷ നിറഞ്ഞ മിഴികളോടെ പറഞ്ഞു.

‘‘ഇന്ത്യ ജയിക്കാൻ വേണ്ടി പ്രാർഥിച്ചോളൂ...’’

അവൾ കുഞ്ഞിനെ ചുമലിൽ കിടത്തി കുതിർന്ന മിഴികൾ അടച്ച് പ്രാർഥനയോടെ ഉരുവിട്ടു.

ഇന്ത്യ ജയിക്കണേ...

ഇന്ത്യ ജയിക്കണേ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA