ADVERTISEMENT

അറിവിന്റെ പീഠം എത്താൻ കുറുക്കുവഴികളില്ലെന്നും അതിന് അവനവൻ തന്നെ കഠിനമായ വഴികളിലൂടെ നടക്കേണ്ടതുണ്ടെന്നും ഓർമിപ്പിക്കുന്നു, കുടജാദ്രി യാത്ര...

ഇത് അറിവിന്റെ തമ്പുരാൻ തപമിരുന്ന പീഠം. അക്ഷര പുണ്യത്തിന്റെ അവസാന വാക്ക്. ദ്വൈതഭാവങ്ങളേതുമില്ലാതെ പ്രപഞ്ചസാരങ്ങളും തേടി ശങ്കരാചാര്യർ നടന്നെത്തിയത് ഈ തപസ്ഥലിയിൽ. ജ്ഞാനത്തിന്റെ പൂർണദീപം ആചാര്യർ തെളിച്ചത് ഈ കൽവിളക്കിൽ.

സർവജ്ഞാനവും സ്വായത്തമാക്കിയ ഈ പീഠത്തിനു താഴെയേ ഉള്ളൂ, ഭൂമിയിലെ ചരങ്ങളെല്ലാം. ഇതിനു മുകളിൽ ദൈവതം മാത്രം. അതു മനുഷ്യ ജന്മത്തിന് എത്തിപ്പെടാനാവാത്ത ബ്രഹ്മം. പരം.

കുടജാദ്രി. ഇത് കുടജാദ്രി മുകളിലെ സർവജ്ഞപീഠം.

കുടജം എന്നാൽ കുടകപ്പാല എന്നർഥം. കുടകപ്പാല ഒരു ഔഷധ സസ്യമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏഴായിരം അടി ഉയരത്തിൽ കുടകപ്പാലകൾ പൂത്തുലഞ്ഞാടുന്ന വനവിശുദ്ധിയിൽ കുടജാദ്രി ജ്ഞാനത്തിന്റെ ശിലാസാക്ഷ്യമായി തലയുയർത്തി നിൽക്കുന്നു. മേഘങ്ങൾ ഇവിടെ കാൽക്കീഴിലാണ്. സദാ മൂടിവരുന്ന നനുത്ത മഞ്ഞിൽ ഇടയ്ക്കിടെ പെയ്യുന്ന നൂൽമഴ ആത്മബോധത്തിന്റെ സൂചിക്കുത്ത് നൽകി ചാറി മറയുന്നു. ഇടതടവില്ലാതെ ചൂളംകുത്തുന്നു, തപോഭൂമിയിലെ ശീതക്കാറ്റ്. കോടി പുണ്യവുമായി ഒഴുകിവരുന്ന നീർച്ചാലുകൾ ഔഷധ സസ്യങ്ങളെ തഴുകി അരികിലെത്തുമ്പോൾ ഔഷധക്കൂട്ടുകളാകുന്നു.

സൗപർണികയിൽ മുങ്ങി മൂകാംബികയെ തൊഴുതു കഴിഞ്ഞാൽ കുടജാദ്രി യാത്ര ബാക്കിയാകുന്നു. പണ്ടു കാൽനടയാത്ര മാത്രമായിരുന്നു മാർഗം. ഇന്നു ജീപ്പുകളുണ്ട്. എട്ടു പേരടങ്ങുന്ന ഒരു ജീപ്പിന് ആളൊന്നിനു 375 രൂപ വാടക. സ്വന്തമായി എടുത്താൽ 2800 രൂപ. മൂകാംബികയിൽ നിന്നു രണ്ടു മണിക്കൂർ വരും ജീപ്പ് യാത്ര.മൺപാതയിലൂടെയുള്ള വനയാത്ര മൂലസ്ഥാനത്തുള്ള ദേവീക്ഷേത്രം എത്തുമ്പോൾ അവസാനിക്കുന്നു.

ഇവിടെ നിന്നാണ് സർവജ്ഞപീഠത്തിലേക്കുള്ള പദയാത്ര ആരംഭിക്കുന്നത്. ഇതു രണ്ടു രീതിയിൽ ആകാം. ഒന്നുകിൽ ജീപ്പ് ഡ്രൈവർ അനുവദിച്ചുതരുന്ന ഒന്നര മണിക്കൂർ സമയത്തിനകം ഓടിപ്പോയി സർവജ്ഞപീഠം കണ്ടു വിശ്രമമില്ലാതെ തിരിച്ചുപോകാം. അല്ലെങ്കിൽ മൂലസ്ഥാനത്തുള്ള കർണാടക സർക്കാരിന്റെ ഗെസ്റ്റ് ഹൗസിലോ ക്ഷേത്ര പൂജാരികൾ പാരമ്പര്യമായി നടത്തുന്ന വീടുകളിലോ തങ്ങി പിറ്റേന്നു സമയമെടുത്ത് എല്ലാം കണ്ട് മലയിറങ്ങാം. നല്ല തീരുമാനം രണ്ടാമത്തേത്.

സൂര്യോദയ കാഴ്ചയിൽ നിന്നാണ് പുതിയ ദിവസം തുടങ്ങുന്നത്. കുടജാദ്രിയിലെ സൂര്യോദയം വാക്കുകൾക്കപ്പുറം. കയ്യെത്തും ദൂരത്തു ദേവിയുടെ കുങ്കുമപ്പൊട്ടു പോലെ ഉയർന്നുവരുന്ന പ്രഭാതസൂര്യൻ. മലമടക്കുകളിലെ മൂടൽമഞ്ഞിനെ പതിയെ വകഞ്ഞുമാറ്റുന്ന കനകപ്രഭ. പുലർകാല കാഴ്ചകൾ ആവോളം കണ്ട് സർവജ്ഞപീഠത്തിലേക്കുള്ള പദയാത്ര തുടരാം. സന്യാസപാതയിൽ ഒരു മണിക്കൂറോളം നീളുന്ന തീർഥയാത്ര. ജ്ഞാനത്തിന്റെ പീഠം എന്തെന്നറിയാൻ കഠിനമായ യാത്ര വേണ്ടിവരുമെന്ന് ഈ നടത്തം നമ്മെ ഓർമിപ്പിക്കുന്നു.

യാത്രാമധ്യേ നടപ്പാതയുടെ വലതുവശത്തു താഴോട്ടിറങ്ങിയാൽ ഗണപതി ഗുഹ. ഇവിടെ നിന്നു ചിത്രമൂലയിലേക്കു ഗുഹാമാർഗം പോകാമത്രെ. തിരിച്ചുകയറ്റം വീണ്ടും പാട്. ക്ഷീണിച്ചുള്ള ഓരോ നിൽപിലും ഔഷധക്കൂട്ട് നിറഞ്ഞ കാറ്റായി വന്ന് പ്രകൃതി ഊർജം തരുന്നു. ഇതു കുടജാദ്രിയുടെ മാത്രം പ്രത്യേകത.

കഠിനമായ കയറ്റങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. അറിവിന്റെ പീഠം എത്താൻ കുറുക്കുവഴികൾ ഇല്ലെന്നും അതിന് അവനവൻ തന്നെ കഠിനമായ വഴികളിലൂടെ നടക്കേണ്ടതുണ്ടെന്നും ഈ യാത്ര നമ്മളെ പഠിപ്പിക്കുന്നു. പതുപതുത്ത ജീവിത സുഖങ്ങളിൽനിന്നു മാറി വനപാതയിലെ കൽച്ചീളുകൾ നിറഞ്ഞ വെട്ടുവഴിയിലൂടെ കിതപ്പോടെ കയറുമ്പോൾ ഓരോരുത്തരും ഒരു തുള്ളി വെള്ളത്തിന്റെ വില എന്തെന്ന് അറിയുന്നു.

വിയർക്കുന്ന ശരീരവും വരണ്ട തൊണ്ടയുമായി പിന്തിരിഞ്ഞു പോലും പോകാനാവാതെ നിസ്സഹായതയിൽ നിന്നു കിതയ്ക്കുമ്പോൾ, ഞാൻ എന്ന ഭാവം എല്ലാം കൈവിട്ടുപോകുമ്പോൾ, ചവിട്ടിക്കയറാനായി മലമടക്കുകൾ തലകുനിച്ചു തരുന്നു. സഞ്ജീവനിയുടെ സുഗന്ധമുള്ള കാറ്റ് തഴുകി, തലോടി പുതിയ ആയുസ്സ് തരുന്നു. അറിഞ്ഞതിനും അപ്പുറമാണ് ആയിത്തീരേണ്ടത് എന്ന ഓർമപ്പെടുത്തൽ ഈ വന്യതയിലെ ഓരോ കയറ്റവും നമ്മെ പഠിപ്പിക്കുന്നു. അഹംബോധം തീരെ ഇല്ലാതായിപ്പോകുന്ന യാത്രയിൽ ജ്ഞാനത്തിന്റെ അകംപുറം നിറഞ്ഞ പാഠപുസ്തകം നമുക്കു മുന്നിൽ തുറക്കപ്പെടുന്നു.

ഓരോ കയറ്റത്തിനും അപ്പുറമുള്ള നിരന്ന പ്രദേശത്തെ ഓരോ നിൽപും പ്രക‍ൃതിയോടു ചേർന്നാണ്. കാറ്റിന്റെ തലോടലിൽ നിമിഷനേരം കൊണ്ടു കയറിവന്ന ദൈന്യതയെല്ലാം ഇല്ലാതാകും. മലമടക്കുകളിലെ അക്ഷരപുണ്യം തേടിയുള്ള പാതയിൽ ഇതിനപ്പുറം കയറ്റങ്ങളില്ല. കൽപടവുകളേ ഉള്ളൂ. അറിവുതേടിയുള്ള എല്ലാ അന്വേഷണങ്ങളും വന്നു നിൽക്കുന്നതു കുടജാദ്രിയിലെ ഈ കരിങ്കൽ പീഠത്തിൽ. കാലം ഏൽപിച്ചുപോയ അവശേഷിപ്പുകളിൽ ശങ്കരപീഠം ജ്ഞാനത്തിന്റെ സ്മാരകശിൽപമായി നിലകൊള്ളുന്നു. ആകാശത്തിന്റെ തൊട്ടുതാഴെയുള്ള നിശ്ശബ്ദതയിൽ മഞ്ഞ് അരിച്ചിറങ്ങുന്ന കുടജാദ്രിയിലെ നിറവിശുദ്ധിയിൽ പവിത്രമായ ശങ്കരപീഠത്തിന്റെ കൽപടിയിൽ ഒരുനേരം മിഴിപൂട്ടി ഇരിക്കുമ്പോൾ പൂർണമായ ജ്ഞാനത്തിലാണ് ശാന്തിയുടെ പ്രണവാക്ഷരം തുടങ്ങുന്നത് എന്ന തിരിച്ചറിവ് നമുക്കുണ്ടാകുന്നു.ആചാര്യപാദങ്ങളെ വന്ദിച്ച് മഞ്ഞിറങ്ങി തുടങ്ങിയ മലയിറങ്ങുമ്പോൾ സർവജ്ഞപീഠം തേടിയുള്ള യാത്ര പൂർണമാകുന്നു.

kudajadri
കുടജാദ്രിയിലെ സർവജ്ഞപീഠം

കൽപടവുകൾ പിന്നിട്ടു സർവജ്ഞപീഠം ഇറങ്ങുമ്പോൾ പിന്തിരിഞ്ഞു നോക്കരുത്. അതാണു നിയമം. പക്ഷേ, മനസ്സ് പിന്നിലേക്ക് എത്തി നോക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് വഴിയും വെളിച്ചവും ഒരുതരത്തിലുള്ള യാത്രാസൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്തു കാലടിയിൽ ജനിച്ചുവളർന്ന ഒരു ബ്രാഹ്മണ ബാലൻ എങ്ങനെ ഈ വന്യതയുടെ കൊടുംതണുപ്പിൽ വന്നു തപസ്സിരുന്നു? എങ്ങനെ ജീവിച്ചു? ഒരുകൂട്ടം ആളുകൾ ചേർന്നാൽ മാത്രം ചെയ്തെടുക്കാവുന്ന ഈ കല്ലമ്പലം കൊത്തുവേലകളോടെ എങ്ങനെ പണിതീർത്തു?

എട്ടാം വയസ്സിൽ നാലു വേദങ്ങളും ഹൃദിസ്ഥമാക്കിയ, പന്ത്രണ്ടാം വയസ്സിൽ ഭഗവത്ഗീതയ്ക്കു ഭാഷ്യം ചമച്ച, മുപ്പത്തിരണ്ടു വയസ്സിനു മുമ്പു തന്നെ മുന്നൂറോളം സംസ്കൃത കൃതികൾ രചിച്ചു കാലത്തിനു വേണ്ടി കരുതിവച്ച, കാലത്തിനു മുമ്പേ നടന്ന ആദിഗുരു ശങ്കരാചാര്യർക്ക് എല്ലാം ചെയ്യാൻ അറിയാമായിരുന്നിരിക്കണം. അല്ലെങ്കിലും ആചാര്യർക്ക് അറിയാത്തതായി ഒന്നുമില്ലല്ലോ...

 കുടജാദ്രി: പ്രത്യേകതകൾ

ദേവീപ്രീതിക്കായി ആദിശങ്കരൻ തപസ്സു ചെയ്തത് കുടജാദ്രിയുടെ ഉത്തുംഗത്തിലെ സർവജ്ഞ പീഠമെന്ന കൽമണ്ഡപത്തിലാണ്. ശങ്കര പീഠത്തിൽ നിന്നു പടിഞ്ഞാറോട്ടു നോക്കിയാൽ താഴ്‍വാരത്ത് കൊല്ലൂർ ക്ഷേത്രം കാണാം. ശാന്ത സ്വരൂപിണിയായ ഉമാദേവി, രൗദ്രഭാവത്തിലുള്ള ദേവി, കാലഭൈരവൻ എന്നിവരുടെ ക്ഷേത്രങ്ങളും കുടജാദ്രിയിലുണ്ട്. ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വേണം മലകയറാൻ.

കുടജാദ്രിയിൽ എത്തിയാൽ സർവജ്ഞപീഠത്തിലേക്ക് 2 വഴികളുണ്ട്. ഇടതു വശത്തേതു താരതമ്യേന ദൂരവും കയറ്റവും കുറഞ്ഞ വഴിയാണ്. ഇതു വഴി കയറി മടക്കയാത്ര ഗണപതി ഗുഹയിൽ നിന്ന് അഗസ്ത്യകൂടം വഴിയാക്കുന്നതാണ് സൗകര്യം. അഗസ്ത്യ തീർഥത്തിൽ സ്‌നാനവും ഇവിടെ പ്രധാനമാണ്.

സർവജ്ഞ പീഠത്തിനു പടിഞ്ഞാറ് മല കുത്തനെ ഇറങ്ങി അരക്കിലോമീറ്റർ പിന്നിട്ടാൽ ഒട്ടേറെ മഹർഷികൾ തപസു ചെയ്ത ചിത്രമൂല ഗുഹയിലെത്താം. അൽപം സാഹസികമാണ് ഇവിടേക്കുള്ള യാത്ര.

യാത്ര ഇങ്ങനെ:

കൊല്ലൂരിൽനിന്നു കുടജാദ്രിയിലേക്കു 38 കിലോമീറ്റർ ദൂരമുണ്ട്. ഇരു ദിശയിലുമായി 3 മണിക്കൂർ യാത്ര. കുടജാദ്രി കയറിയിറങ്ങുന്നതു കൂടിയാകുമ്പോൾ ഏകദേശം 5 മണിക്കൂർ സമയം വേണ്ടിവരും. രാവിലെ 6 മുതൽ വൈകിട്ട് 3 വരെ കൊല്ലൂരിൽ നിന്നു ജീപ്പുണ്ട്. 6 മണിവരെയാണ് മടക്കയാത്ര. അതു കഴിഞ്ഞാൽ കുടജാദ്രി ക്ഷേത്ര പരിസരത്തു തങ്ങേണ്ടി വരും.

കൊല്ലൂരിൽ നിന്നു ശിവമൊഗ്ഗ റൂട്ടിൽ ബസിൽ കരക്കട്ടെയിലോ  ഗുരുട്ടെയിലോ എത്തി കാൽനടയായും കുടജാദ്രിയിലെത്താം. ശിവമൊഗ്ഗ, സാഗര, ബെംഗളൂരു ബസുകൾ ഈ റൂട്ടിലൂടെ പോകുന്നവയാണ്.

ബസിൽ നിട്ടൂരിൽ എത്തി 15 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ചും കുടജാദ്രിയിൽ എത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com