sections
MORE

കാണാതെ പോകരുത്, സ്നേഹത്തിന്റെ ക്രിസ്മസ് സമ്മാനങ്ങൾ

sunday-christmas
വര: മുനാസ് സിദ്ദിഖ്
SHARE

കുട്ടിക്കാലത്തു ഞാനും സാന്തായുടെ സമ്മാനപ്പൊതിക്കായി കാത്തിരിക്കുമായിരുന്നു. ഇല്ല... അന്നൊരു സമ്മാനവും വന്നില്ല. പക്ഷേ, ഇന്നു ഞാൻ തിരിച്ചറിയുന്നു – സമ്മാനപ്പൊതികൾ എന്നെത്തേടി വന്നിരുന്നു; എനിക്കവയൊന്നും കാണാൻ കഴിഞ്ഞില്ല; സ്നേഹത്തിന്റെ, ശാന്തിയുടെ, ക്ഷമാശീലത്തിന്റെ സമ്മാനപ്പൊതികളായിരുന്നു അവ...! 

’’മധു, ഇന്നേതാണു ദിവസമെന്നറിയുമോ?’’ 

ഹിമാലയച്ചെരുവിൽ, ഋഷികേശിനടുത്ത് അരുന്ധതി ഗുഹയിൽ ആ വൈകുന്നേരം എന്റെ ഗുരു മഹേശ്വർനാഥ് ബാബാജി പൊടുന്നനെ അങ്ങനെ ചോദിച്ചപ്പോൾ ഞാനൊന്ന് അമ്പരന്നു. ഉപനിഷത്ത് പഠനത്തിലും ധ്യാനത്തിലുമായി മനസ്സ് മുഴുകിയിരുന്ന ഞാൻ ദിനക്കണക്കുകളൊക്കെ വിട്ടുപോയിരുന്നു. 

‘അറിയില്ല, എനിക്കോർക്കാൻ കഴിയുന്നില്ല’– ഞാൻ മറുപടി പറഞ്ഞു. 

‘‘ഇന്നു ഡിസംബർ 24 ആണ്. ക്രിസ്മസ് രാത്രി. ജോസഫിന്റെയും മേരിയുടെയും മകനായി യേശു എന്ന ക്രിസ്തു ആ പുൽത്തൊഴുത്തിൽ പിറന്ന ദിനം. ആ മഹായോഗിയുടെ ജനനവാർത്ത ഗണിച്ചറിഞ്ഞ് ഹിമാലയത്തിൽനിന്നു വിദ്വാന്മാരായ മൂന്നു യോഗീവര്യന്മാർ പോയ ദിനം. ആത്മീയതേജസ്സ് മനുഷ്യരൂപമെടുത്തെന്ന സത്യം ഉറപ്പിക്കാനായി പോയ ദിനം. 

‘‘ക്രിസ്മസ് മരമൊരുക്കി, വിളക്കുകളും മെഴുകുതിരികളും കൊളുത്തി ഈ ദിനം ആഘോഷമാക്കുന്നത് അതിനാണ്. നമുക്കും ഈ രാത്രി ഒരു ആഴി തീർത്ത്, വിളക്കു തെളിച്ച്, ഭൂമിയിലേക്കുള്ള ആ വരവ് ആഘോഷിക്കാം.’’

sri-m
ശ്രീ എം

അദ്ഭുതത്താൽ തിളങ്ങിയ എന്റെ കണ്ണുകൾക്കു മുന്നിലൂടെ ബാബാജിയുടെ കൈകൾ ആ ആഴിയിലേക്കു നീണ്ടു. അതിൽനിന്ന് ഏതാനും തിരികളെടുത്ത് നക്ഷത്രരൂപത്തിൽ ആഴിക്കുചുറ്റും പ്രകാശവലയം തീർത്തു. 

ആഴിയിലേക്കു ബാബാജി ഊതിക്കൊണ്ടേയിരുന്നു. നൃത്തഭംഗിയോടെ അഗ്നി പലവർണങ്ങളിൽ, പല രൂപങ്ങളിൽ ആളിയുയർന്നു. അന്നു പിറന്നുവീണ ആത്മീയതേജസ്സിന്റെ സ്മരണയുമായി രാത്രി പുലരുവോളം ഞങ്ങൾ ആ ആഴിക്കരികെ ഉണർവോടെയിരുന്നു. 

ബാബാജി തുടർന്നു: ‘‘താനും പിതാവായ ദൈവവും ഒന്നുതന്നെയാണെന്ന് ക്രിസ്തു പഠിപ്പിച്ചു. ആ വേദസാരാംശം അധികമാരും ഗ്രഹിച്ചില്ല. ആത്മീയസത്ത നഷ്ടമാക്കിയാൽ ഓരോ മനുഷ്യനും ദുരവസ്ഥയിലേക്കു പതിക്കുമെന്ന് ക്രിസ്തു ഓർമിപ്പിച്ചു. ‘നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. അതിന് ഉറകെട്ടു പോയാൽ എന്തൊന്നുകൊണ്ട് അതിനു രസം വരുത്താം’ എന്നു ക്രിസ്തു ചോദിച്ചതിന്റെ സത്ത അതായിരുന്നു.’’ 

ചിരിയോടെ ബാബാജി പറഞ്ഞു: ‘‘ക്രിസ്തുവും എന്നെപ്പോലെയായിരുന്നു– അദ്ദേഹത്തിനും സ്വന്തമായി ഒരു ഭവനമുണ്ടായിരുന്നില്ല; എല്ലാം ഉപേക്ഷിച്ച് ഒഴുകിനടന്നൊരാൾ...!’’

കർമലീത്താ കന്യാസ്ത്രീകൾ നയിക്കുന്ന തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലെ എന്റെ പ്രൈമറി സ്കൂൾ പഠനകാലം. ക്രിസ്മസ് എത്തി എന്ന് ഉദ്ഘോഷിച്ച് കന്യാമറിയത്തിന്റെ ഗ്രോട്ടോയും ക്രിസ്മസ് മരങ്ങളും വർണവിളക്കുകളാൽ പ്രകാശിതമാവും. 

സ്കൂളിന് അധികം അകലെയല്ല, സംഗീതാധ്യാപിക ഡെയ്സി ടീച്ചറിന്റെ വീട്. ക്രിസ്മസ് സന്ധ്യയിൽ സംഗീതസാന്ദ്രമായ ആ കൂട്ടായ്മയിലേക്ക് എനിക്കും പ്രവേശനമുണ്ടായിരുന്നു. കാരണം, എന്റെ സഹോദരി വയലിൻ പഠിച്ചത് അവിടെയാണ്. സ്നേഹവും പ്രത്യാശയും സംഗീതമായി പെയ്തിറങ്ങുന്ന തിരുപ്പിറവിയുടെ ആഘോഷമായിരുന്നു, അവിടെയന്ന്.

കഴിഞ്ഞ വർഷം, എന്റെ എഴുപതാം വയസ്സിൽ ഞാൻ ഫിൻലൻഡിൽ പോയപ്പോൾ പുതിയ സാന്താക്ലോസിനെ കണ്ടു; വനപ്രദേശത്ത് ഏകനായി അലയുന്ന കലമാനിനെയും. കുട്ടിക്കാലത്തു ഞാനും സാന്തായുടെ സമ്മാനപ്പൊതിക്കായി കാത്തിരിക്കുമായിരുന്നു. ഇല്ല... അന്നൊരു സമ്മാനവും വന്നില്ല. 

പക്ഷേ, ഇന്നു ഞാൻ തിരിച്ചറിയുന്നു – സമ്മാനപ്പൊതികൾ എന്നെത്തേടി വന്നിരുന്നു; എനിക്കവയൊന്നും കാണാൻ കഴിഞ്ഞില്ല; സ്നേഹത്തിന്റെ, ശാന്തിയുടെ, ക്ഷമാശീലത്തിന്റെ സമ്മാനപ്പൊതികളായിരുന്നു അവ...! 

ക്രിസ്മസ് എനിക്ക് ആഹ്ലാദത്തിന്റെ ആഘോഷമാണ്. വിപ്ലവകരമായ ചിന്തകളുടെ മനുഷ്യരൂപമായി മാറിയ ദൈവാത്മാവിന്റെ പിറവി. ദൈവത്വം മനുഷ്യനായി പിറന്ന യേശുവിന്റെ കാലിത്തൊഴുത്തിലെ ജനനംതന്നെ എത്ര വലിയ സന്ദേശമാണ്. അടിച്ചമർത്തപ്പെട്ടവർക്കുള്ള പ്രത്യാശയുടെ പ്രതീകമാണ് ആ പിറവിയുടെ വേദിപോലും; ആർക്കും കടന്നുചെല്ലാവുന്നൊരിടം. 

കാലാകാലങ്ങളായി പാലിക്കപ്പെട്ടിരുന്ന വേദശാസനകൾ തിരുത്തിയ വിപ്ലവകാരിയായിരുന്നു ക്രിസ്തു. ‘കണ്ണിനു കണ്ണും പല്ലിനു പല്ലും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു..നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർഥിപ്പിൻ, നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ, നിങ്ങളെ വെറുക്കുന്നവരോടു നന്മ ചെയ്യുവിൻ’. സ്നേഹത്തിന്റെയും ദീർഘക്ഷമയുടെയും പുതിയ നിയമമായിരുന്നു അത്. 

വേദപ്രമാണികളായ പരീശന്മാർ യേശുവിനെതിരെ പ്രതിഷേധവുമായെത്തിയത് വിശുദ്ധദിനമായ ശാബത്ത് ലംഘിക്കുന്നു എന്നതിന്റെ പേരിലാണ്. അതിന് യേശുവിന്റെ മറുപടി ‘മനുഷ്യൻ ശാബത്ത് നിമിത്തമല്ല, ശാബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്’ എന്നായിരുന്നു. 

‘പുഴുവരിക്കാതെയും തുരുമ്പെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്്ടിക്കാതെയുമിരിക്കുന്ന സ്വർഗത്തിൽ നിങ്ങളുടെ നിക്ഷേപം സ്വരൂപിച്ചുകൊള്ളുവിൻ’ എന്നും ‘സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും’ എന്നുമുള്ള ക്രിസ്തുവാക്യങ്ങളാണ് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത്. 

ദൈവതേജസ്സ് മനുഷ്യനായി ജനിച്ച ക്രിസ്മസ് ദിനം ലോകമെങ്ങും ആഘോഷിക്കുമ്പോൾ നമുക്കും മനസ്സിൽ ഉറപ്പിക്കാം: ‘പരസ്പരം സ്നേഹിക്കാം’

എല്ലാവർക്കും ആഹ്ലാദകരമായ ക്രിസ്മസ് ആശംസകൾ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA