sections
MORE

യേശുചരിതം: സ്നേഹമായി കഥകളി

kottakkal-sashidharan
കോട്ടയ്ക്കൽ ശശിധരൻ ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ
SHARE

ബൈബിളിലെ യേശുവിന്റെ ജനനം മുതൽ മരണം വരെയുള്ള ഭാഗങ്ങൾ കഥകളിരൂപത്തിൽ വേദികളിൽ അവതരിപ്പിച്ച് കോട്ടയ്ക്കൽ ശശിധരൻ....

‘ ഭൂജാതം ദൈവപുത്രം മേരീ മാതരി ദിവ്യഗർഭ ജനനം...’

ലൊസാഞ്ചലസിലെ യൂണിവേഴ്സിറ്റിയിൽ നിറഞ്ഞ വേദിയിൽ ‘സ്നേഹം’ എന്ന യേശുചരിതം ആടി അരങ്ങിൽ നിന്നിറങ്ങുമ്പോൾ കോട്ടയ്ക്കൽ ശശിധരൻ നടന്നുകയറിയത് ചരിത്രത്തിലേക്ക്.

ഒരു ബൈബിൾ കഥയുടെ കഥകളിരൂപം 1500 വേദികളിലെത്തിച്ച കലാകാരൻ എന്ന ബഹുമതി സ്വന്തമാക്കിയാണ് അദ്ദേഹം അന്ന് അരങ്ങു വിട്ടത്. ‘സ്നേഹം’ കൺനിറയെ കണ്ടു വിസ്മയിച്ചത് മലയാളം കേട്ടിട്ടു പോലുമില്ലാത്ത ഒന്നരലക്ഷത്തിലേറെ കാണികൾ.

kottakkal-sashidharan-kristucharitham
‘സ്നേഹം’ കഥകളിയിൽ കോട്ടയ്ക്കൽ ശശിധരൻ ക്രിസ്തുചരിതത്തിലെ വിവിധ രംഗങ്ങൾ അവതരിപ്പിച്ചപ്പോൾ.

മലപ്പുറം ജില്ലയിലെ പന്തല്ലൂരിൽനിന്ന് ഒൻപതാം വയസ്സിൽ കോട്ടയ്ക്കൽ പിഎസ്‍വി നാട്യസംഘത്തിൽ കഥകളി പഠിക്കാനെത്തിയ കുട്ടിയാണ് പിന്നീട് കോട്ടയ്ക്കൽ ശശിധരൻ ആയത്. കഥകളിയും നൃത്തവുമായി ലോകം മുഴുവൻ സഞ്ചരിച്ചു. വിവിധ വിദേശ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രഫസർ ആയി.

ലൊസാഞ്ചലസ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസർ ആയിക്കഴിയുമ്പോൾ അവിടെ താമസിച്ചിരുന്ന പുതുപ്പള്ളി സ്വദേശി മാത്യുവിന്റെ കുടുംബവുമായുള്ള ആത്മബന്ധമാണ് ക്രിസ്തുചരിതം കഥകളിരൂപത്തിലാക്കുകയെന്ന ചിന്തയ്ക്കു കാരണമായത്.

വിദേശികൾക്കു സുപരിചിതമായ ബൈബിൾക്കഥയെ കേരളത്തിന്റെ തനതുകലയായ കഥകളിരൂപത്തിൽ അവതരിപ്പിക്കുന്നതു കൂടുതൽ ജനകീയമാക്കും എന്ന ചിന്തയാണ് ഈ നീക്കത്തിനു വഴിവച്ചത്.

ഗുജറാത്തിൽ മൃണാളിനി സാരാഭായിയുടെ ‘ദർപ്പണ’ എന്ന സ്ഥാപനത്തിൽ കലാകാരനായി പ്രവർത്തിച്ച കാലത്ത് ഒരു മലയാളി വൈദികൻ സമ്മാനിച്ച ബൈബിൾ, യാത്രകളിൽ ഒപ്പം കരുതിയിരുന്നു.

ക്രിസ്തുചരിതം കഥകളി രൂപത്തിലാക്കുകയെന്ന ചിന്ത ഉറച്ചതോടെ ഒഴിവു സമയങ്ങളിൽ സ്വയം ബൈബിൾ പഠനം ആരംഭിച്ചു. യേശുകഥയുടെ കുറിപ്പുകൾ തയാറാക്കി. യേശുവിന്റെ ജനനം മുതൽ മരണം വരെയുള്ള ഭാഗം 40 മിനിറ്റ് ദൈർഘ്യമുള്ള ആട്ടക്കഥയാക്കി.

kottakkal-kadhakali

കാണികൾക്ക് കാര്യങ്ങൾ വ്യക്തമാകുന്നതിന് ബൈബിൾ വാക്യങ്ങളും കമന്ററികളും ഉൾക്കൊള്ളിച്ചു. സീനുകളുടെ വിവരണങ്ങൾ ഇംഗ്ലിഷിലും കഥകളി ശ്ലോകങ്ങൾ സംസ്കൃതത്തിലും മലയാളത്തിലും തയാറാക്കി.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ‘സ്നേഹം’ ആദ്യമായി അരങ്ങിലെത്തി. ഏകാംഗ നാടകം പോലെ മറിയമായും ക്രിസ്തുവായും സാത്താനായും മഗ്ദലനയായും യൂദാസായും കോട്ടയ്ക്കൽ ശശിധരന്റെ പകർന്നാട്ടം. 

കഥകളിയും നൃത്തവും സമന്വയിപ്പിച്ച് തങ്ങൾക്ക് അറിയുന്ന കഥയെ വേദിയിൽ അവതരിപ്പിച്ചപ്പോൾ വിദേശികൾ മാത്രമുള്ള സദസ്സ് എഴുന്നേറ്റു നിന്ന് കയ്യടിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

വേദിയിലെ പകർന്നാട്ടം

ഒരു കഥാപാത്രത്തിൽ നിന്നു മറ്റൊന്നിലേക്കു ഞൊടിയിടയിലുള്ള മാറ്റമാണ് വിദേശികളെ എപ്പോഴും അമ്പരപ്പിച്ചതെന്ന് ശശിധരൻ പറയുന്നു.

കന്യകാമറിയത്തിന്റെ മുന്നിൽ ദൈവദൂതൻ മംഗളവാർത്തയുമായി എത്തുന്നതും പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെ ജനനവും പൂജരാജാക്കന്മാരുടെ ആഗമനവും മരുഭൂമിയിലെ സാത്താന്റെ പരീക്ഷണവും ധൂർത്തപുത്രന്റെ ഉപമയും മഗ്ദലന മറിയത്തിന്റെ പശ്ചാത്താപവും എല്ലാം ഞൊടിയിടയിൽ ഒറ്റയ്ക്ക് ഭാവതീവ്രതയോടെ ശശിധരൻ അരങ്ങിലെത്തിക്കുന്നു.

ഗദ്സമേനിലെ ചോര വിയർത്തുള്ള യേശുവിന്റെ പ്രാർഥനയും യൂദാസിന്റെ ഒറ്റു ചുംബനവും കുരിശുമരണവും വികാരതീവ്രതയോടെ രംഗത്തെത്തുന്നു. മുക്കാൽ മണിക്കൂറിനുള്ളിൽ ഷോ അവസാനിക്കുന്നതിനാൽ കാണികൾക്ക് മുഷിച്ചിൽ ഉണ്ടാകുകയുമില്ല.

ദാരിദ്ര്യം നൽകിയ അനുഗ്രഹം

പന്തല്ലൂരിലെ പേരുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും ശശിധരന്റെ സ്കൂൾപഠന കാലമായപ്പോഴേക്കും സാമ്പത്തിക സ്ഥിതി മോശമായി. ആദ്യകാല വിദ്യാഭ്യാസം പന്തല്ലൂർ സ്കൂളിൽ നടത്തി. വീണ്ടും പഠിക്കണമെങ്കിൽ മഞ്ചേരിയിൽ പോകണം. സ്കൂളിൽ ഒന്നര രൂപ ഫീസ് നൽകണം.

അന്ന് അതു കൊടുക്കാൻ ഇല്ലാതെ വന്നതോടെയാണ് പഠനത്തിനും താമസത്തിനും ഭക്ഷണത്തിനുമെല്ലാം സൗകര്യം ലഭിക്കുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തുന്നത്. ഒൻപതാം വയസ്സിൽ കഥകളി പഠനം തുടങ്ങിയ ശശിധരന് കോട്ടയ്ക്കൽ കൃഷ്ണൻകുട്ടിനായരും കോട്ടയ്ക്കൽ ഗോപിനായരും ഗുരുക്കന്മാരായി. 19–ാം വയസ്സിൽ മൃണാളിനി സാരാഭായിയുടെ ഗുജറാത്തിലെ ‘ദർപ്പണ’യിൽ ചേർന്നു.

അവിടെ ഭരതനാട്യവും കുച്ചിപ്പുഡിയും പഠിച്ചു. ലോകം മുഴുവൻ നൃത്തപരിപാടികളും കഥകളിയുമായി സഞ്ചരിച്ചു. വിദേശങ്ങളിലെ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രഫസറായി. നാട്ടിൽ വരുന്നതു പോലും അപൂർവമായി.

kadhakali-performance

‘ദാരിദ്ര്യം നൽകിയ അനുഗ്രഹമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ. അന്ന് സ്കൂൾ ഫീസ് കൊടുക്കാനുള്ള ഒന്നര രൂപ ഉണ്ടായിരുന്നെങ്കിൽ കഥകളി പഠനത്തെക്കുറിച്ച് ചിന്തിക്കുക പോലും ഇല്ലായിരുന്നു.

മഞ്ചേരിയിൽ പഠിച്ച് ഒരു സ്കൂൾ അധ്യാപകനോ സർക്കാർ ഗുമസ്തനോ ആയി ജീവിതം ഒതുങ്ങിയേനെ. പക്ഷേ ഇന്ന് അംഗീകാരങ്ങളുടെയും പ്രശസ്തിയുടെയും നടുവിൽ നിൽക്കുമ്പോഴാണ് ആ ദാരിദ്ര്യം ഒരു അനുഗ്രഹമായിരുന്നു എന്ന് മനസ്സിലാകുന്നത്...’ ശശിധരൻ പറയുന്നു.

ഭരതവാക്യം

ഭരതം എന്നാണ് ശശിധരന്റെ പെർഫോമൻസിന് പൊതുവായി നൽകിയിട്ടുള്ള പേര്. ക്രിസ്തുഗാഥ അവതരിപ്പിക്കുമ്പോഴും എല്ലാ മതങ്ങളെയും സഹോദരതുല്യം ഉൾക്കൊള്ളാനുള്ള ഭാരതത്തിന്റെ ഏകതാമനോഭാവത്തെ പരിചയപ്പെടുത്തിയാണ് അവസാനിപ്പിക്കുന്നതെന്നും ശശിധരൻ പറഞ്ഞു.

കൃഷ്ണകഥയും ഇതേ രൂപത്തിൽ മുക്കാൽ മണിക്കൂർ കഥകളി രൂപത്തിൽ തനിച്ച് അവതരിപ്പിക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA