ADVERTISEMENT

2019 അവസാനിക്കുന്നത് ലോകത്തിനു വീണ്ടും ആ സ്വപ്‌നം നൽകിക്കൊണ്ടാണ്. ചന്ദ്രനിലെ പരുക്കൻ പശ്ചാത്തലത്തിൽ വെന്നിക്കൊടിയുമായി നിൽക്കുന്ന മനുഷ്യൻ എന്ന സ്വപ്നം. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു മടങ്ങുകയാണ് മനുഷ്യൻ. പുത്തൻ തുരുത്തുകൾ തേടിയുള്ള ദൗത്യം...  ആർട്ടിമിസ്.

മാന്ത്രികതയുടെ വിരൽസ്പർശമേറ്റ കാലയളവാണ് അറുപതുകൾ. സിരകളിൽ തീപടർത്തിയ ബീറ്റിൽസിന്റെ സംഗീതം മുതൽ ഹിപ്പി സംസ്‌കാരം വരെ ലോകത്തെ സ്വാധീനിച്ച ഒട്ടേറെ സംഭവങ്ങളുടെ പടുത്തുയർത്തലുകളുടെ പെരുമയുണ്ട് ആ പതിറ്റാണ്ടിന്.

എന്നാൽ,  ഇതിനെല്ലാമപ്പുറം പ്രായോഗിക ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നിനും അറുപതുകൾ സാക്ഷ്യം വഹിച്ചു. ഗ്രീക്ക് ദേവനായ അപ്പോളോയുടെ നാമത്തിൽ മനുഷ്യൻ അന്തരീക്ഷം താണ്ടി നടത്തിയ സാഹസികത; ചന്ദ്രനിലേക്കുള്ള മഹായാത്ര.

1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലെ പ്രത്യേക പേടകത്തിലെത്തിയ നീൽ ആംസ്‌ട്രോങ് ചന്ദ്രന്റെ മധ്യമേഖലയിലെ കുന്നും കുഴിയും നിറഞ്ഞ ‘പ്രശാന്തിയുടെ കടൽ’ എന്ന പ്രദേശത്തു കാൽവച്ചപ്പോൾ ഭൂമിയിൽ ശാസ്ത്രം ഇലകൾ വിടർത്തി വൻമരമായി വളർന്നുയർന്നു.

കാലങ്ങൾ കടന്നു, ശീതയുദ്ധം കൂടുതൽ കൂടുതൽ തണുത്ത് ഒടുവിൽ അടങ്ങി. ഭീമാകാരമായ ബജറ്റുകളുടെ പരാധീനതയിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ, ചന്ദ്രനെ സൗകര്യപൂർവം മറന്നു. സോവിയറ്റ് യൂണിയനിൽനിന്നുള്ള സ്വയം പരിണാമത്തിൽ റഷ്യയും ചാന്ദ്രപദ്ധതികൾ ചുരുട്ടിക്കെട്ടി. ഒരിക്കൽ കീഴടക്കിയ ചന്ദ്രൻ വീണ്ടും മനുഷ്യരാശിക്ക് അപ്രാപ്യമായി ആകാശത്തു വെല്ലുവിളിച്ചു നിന്നു.

ഇതിനെല്ലാം അവസാനമിട്ട് ഭൂമിയുടെ സ്വന്തം ഉപഗ്രഹത്തിലേക്കു പാലം തുറക്കാനാണു നാസയുടെ ആർട്ടിമിസ് വരുന്നത്. ചന്ദ്രനിലേക്കു മാത്രമല്ല, സൗരയൂഥത്തിന്റെ വിവിധ മേഖലകളിലേക്കും.

ഇക്കൊല്ലം സാങ്കേതികമേഖലയിൽ നിന്നു വന്ന ഏറ്റവും വലിയ വാർത്തകളിലൊന്നാണ് ആർട്ടിമിസ് യാഥാർഥ്യമാകും എന്ന നാസയുടെ ഉറപ്പും അതിനായുള്ള വാഹനം മെഗാറോക്കറ്റ് എസ്എൽഎസിന്റെ അനാച്ഛാദനവും.

 അപ്പോളോയുടെ സഹോദരി

ഗ്രീക്ക് ഇതിഹാസത്തിൽ ചന്ദ്രന്റെ ദേവതയാണ് ആർട്ടിമിസ്, അപ്പോളോ ദേവന്റെ ഇരട്ടസഹോദരി. ഇതുകൊണ്ടു തന്നെയാണു ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് എന്ന് ഇക്കൊല്ലം മേയിൽ നാസ പേരിട്ടത്. നാസയെ ഇന്നത്തെ നാസയാക്കി വളർത്തിയ അപ്പോളോ ദൗത്യത്തിന്റെ പാരമ്പര്യം പേറുന്ന സഹോദരി.

 മൂന്നു ദൗത്യങ്ങളാണ് ആർട്ടിമിസ് പരമ്പരയിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 2024ൽ ഒരു പുരുഷനെയും ചന്ദ്രനിലെത്തുന്ന ആദ്യത്തെ സ്ത്രീയെയും വഹിക്കാൻ ആർട്ടിമിസിന്റെ മൂന്നാം ദൗത്യം പദ്ധതിയിടുന്നു. ആദ്യ രണ്ടു ദൗത്യങ്ങൾ ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള തയാറെടുപ്പാണ്.

sls-rocket

അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് ഇതിനപ്പുറം സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്.

ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്. 

ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകത്തിൽത്തന്നെ ഇതു വ്യക്തം...'വി ആർ ഗോയിങ് ടു ദ് മൂൺ, ടു ഗോ ടു മാർസ്', ഞങ്ങൾ ചന്ദ്രനിലേക്കു പോകുന്നു, ചൊവ്വയിലേക്കു പോകാൻ!

  സൗരയൂഥത്തിന്റെ കവാടം

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസ് മനുഷ്യനെ എത്തിക്കുക.

ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിൽ ഗേറ്റ്‌വേ എന്ന ഒരു ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

തുടർന്നുള്ള ദൗത്യങ്ങളിൽ റോക്കറ്റിനൊപ്പം വരുന്ന ഓറിയോൺ പേടകം (ദൗത്യത്തിൽ യാത്രികരെ വഹിക്കുന്ന ഭാഗം) വേർപെട്ട് ഗേറ്റ്‌വേയിൽ എത്തിച്ചേരും. തുടർന്ന് ഇവിടെനിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ ചന്ദ്രോപരിതലത്തിലേക്ക് യാത്രികർക്കു വേണ്ടപ്പോൾ ഇറങ്ങുകയും തിരിച്ചുകയറുകയും ചെയ്യാം.

ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ്‌വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലും ഇതിന്റെ സേവനം നിർണായകമാകും.

ആദ്യകാല അപ്പോളോ ദൗത്യങ്ങൾ ഭാഗ്യനിർഭാഗ്യങ്ങളെ ആശ്രയിച്ചിരുന്ന ട്രപ്പീസുകളികളായിരുന്നെങ്കിൽ ആർട്ടിമിസ് ദൗത്യങ്ങൾ കൂടുതൽ സുരക്ഷിതമായ, മികച്ച എൻജിനീയറിങ് നിലവാരം പുലർത്തുന്ന സംരംഭങ്ങളാണ്.

വരും കാലങ്ങളിൽ ലോക ബഹിരാകാശ ശക്തികളെ പങ്കെടുപ്പിച്ച് തങ്ങളുടെ ശ്രമം വിപുലപ്പെടുത്തുകയെന്ന ഉദ്ദേശ്യവും നാസയ്ക്കുണ്ട്. ഇതു കൊണ്ടുതന്നെയാണ് നാസയുടെ കാൽവയ്പ് എന്നതിനപ്പുറം മനുഷ്യരാശിയുടെ മഹത്തായ മുന്നേറ്റം എന്ന പരിവേഷം ഈ ദൗത്യത്തിനു വന്നു ചേർന്നത്.

  കരുത്തന്റെ ചുമലിൽ

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത് നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ അഞ്ച് ആണ്. 50 വർഷത്തോളം ഈ മേഖലയിൽ അനുഭവപ്പെട്ട മരവിപ്പ് സാറ്റേൺ അഞ്ചിന്റെ പ്രസക്തി ഇല്ലാതാക്കി.

തുടർന്ന് ആർട്ടിമിസ് ദൗത്യത്തിന്റെ ആശയം വന്നപ്പോൾ ബ്ലൂ ഒറിജിൻ, സ്‌പേസ് എക്‌സ് തുടങ്ങി പല മുൻനിര സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും നാസ പരിഗണിച്ചെങ്കിലും ഒടുവിൽ സാറ്റേൺ അഞ്ചിനൊരു പിൻഗാമിയെ സ്വയം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റ് പിറന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്.

ഇന്ത്യൻ റോക്കറ്റായ പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുള്ള എസ്എൽഎസിന് യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ കഴിയും.

അതീവശ്രദ്ധ കൊടുത്ത് നിർമിച്ചിരിക്കുന്ന ഈ വാഹനത്തിനു തകരാർ സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. ചന്ദ്രയാത്ര എന്ന ഭഗീരഥ പ്രയത്നത്തെ വലിയ രീതിയിൽ ലഘൂകരിക്കാൻ എസ്എൽഎസിനു കഴിയും

  വിഷമതകൾ താണ്ടിയ ദൗത്യം

2005ലാണ് ആർട്ടിമിസിന്റെ ആദിമരൂപങ്ങൾ വിവിധ പദ്ധതികളായി നാസ മുന്നോട്ടു വച്ചത്. കോൺസ്റ്റലേഷൻ പ്രോഗ്രാം എന്ന പേരിൽ അറിയപ്പെട്ട ഈ പദ്ധതികൾ ചന്ദ്രനും ചൊവ്വയും ലക്ഷ്യം വച്ചുള്ളതായിരുന്നു.

ഇതിന്റെ ഭാഗമായി ഏരീസ് എന്ന പ്രശസ്തമായ റോക്കറ്റ് ശ്രേണിക്കു തുടക്കം കുറിച്ചു. അപ്പോളോ ദൗത്യവും അതിന്റെ സാങ്കേതികസംവിധാനങ്ങളുമൊക്കെ മ്യൂസിയം വസ്തുക്കളായി മാറിയതിനാൽ പൂജ്യത്തി‍ൽനിന്നു തുടങ്ങുന്നതു പോലെയായിരുന്നു.

ഇതിനു വേണ്ടിവന്ന പ്രായോഗിക പ്രശ്‌നങ്ങളും ചെലവും കണക്കിലെടുത്ത് കോൺസ്റ്റലേഷൻ പദ്ധതികൾ നാസ പാതിവഴിക്ക് ഉപേക്ഷിച്ചു.

തുടർന്നു 2009ൽ യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ബറാക് ഒബാമ ബജറ്റിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു ചാന്ദ്രപദ്ധതിക്കു വീണ്ടും ഉണർവു നൽകി. 2020ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയായിരുന്നു ഒബാമയുടെ സ്വപ്നം.

ഇതിനു ശേഷം ട്രംപ് യുഗത്തിനു തുടക്കമായി. ഒബാമയുടെ പല പദ്ധതികൾക്കും തുരങ്കം വച്ച ഡോണൾഡ് ട്രംപ് പക്ഷേ ചാന്ദ്രപദ്ധതിയോട് അനുഭാവം പ്രകടിപ്പിച്ചു. 2017 ഡിസംബറിൽ അദ്ദേഹം ഒപ്പിട്ട സ്‌പേസ് പോളിസി ഡയറക്ടീവ് നിലവിൽ വന്നതോടെ ആർട്ടിമീസ് പദ്ധതിക്കു പ്രഥമപരിഗണന ലഭിച്ചു. വർധിത വീര്യത്തോടെ നാസയിലെ ഗവേഷകരും സാങ്കേതികവിദഗ്ധരും ഉണർന്നു പ്രവർത്തിച്ചു. 

എല്ലാ വലിയ സംരംഭങ്ങളെയും പോലെ ആർട്ടിമിസ് ഒരു മിത്തായി അവശേഷിക്കുകയായിരുന്നു ഇതുവരെ. ചന്ദ്രനിലേക്കു വീണ്ടും മനുഷ്യർ പോകുമെന്നു വിശ്വസിക്കാൻ അമേരിക്കക്കാർ പോലും തയാറായില്ല. ആർട്ടിമിസ് വെറും പബ്ലിസിറ്റിക്കു വേണ്ടിയുള്ള നാസയുടെ കാട്ടിക്കൂട്ടലാണെന്നു വിശേഷിപ്പിച്ചവർ പോലുമുണ്ട്.

ഒടുവിൽ കഴിഞ്ഞ സെപ്റ്റംബർ അവസാനം നാസ ഒരു പ്രദർശനം നടത്തി. എല്ലാ പൂർണതയോടും കൂടി എസ്എൽഎസ് മെഗാറോക്കറ്റ് വിക്ഷേപണത്തറയിൽ ഒരുങ്ങിനിൽക്കുന്നതിന്റെ പ്രദർശനമായിരുന്നു അത്.

കെട്ടുകഥകളുടെയും അവിശ്വാസത്തിന്റെയും മതിലുകൾ ഇടിഞ്ഞുവീണു. ലോകജനതയ്ക്ക് ഇനിയിപ്പോൾ ഇതു വിശ്വസിച്ചേ കഴിയൂ. സൗരയൂഥത്തിന്റെ ഓരോ സ്പന്ദനവും അളക്കുന്ന നാസ, മനുഷ്യനെ ചന്ദ്രനിലെത്തിച്ച നാസ ഇതാ സജ്ജമായിക്കഴിഞ്ഞു.

രാജാ ചാരി: ആർട്ടിമിസിലെ ഇന്ത്യൻ സ്പർശം

ആർട്ടിമിസ് ദൗത്യത്തിൽ ചന്ദ്രനിലേക്കു പോകുന്ന പുരുഷ യാത്രികൻ ഒരു ഇന്ത്യൻ വംശജനാകാനും സാധ്യതയുണ്ട്.യുഎസ് വ്യോമസേനാ കേണൽ രാജാചാരിയാണ് ഇത്. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്. 

ചാരിയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്. പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഏയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള രാജ യുഎസ് വ്യോമസേനയുടെ 461ാം സ്ക്വാഡ്രന്റെ കമാൻഡറായിരുന്നു. 

ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്മെന്റ് മെഡൽ തുടങ്ങി അമേരിക്കൻ പ്രതിരോധമേഖലയുടെ മുൻനിര അംഗീകാരങ്ങൾ ചാരിയെ തേടിയെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com