sections
MORE

വൈകിയ വിമാനം കൊണ്ടുവന്ന ആ ഭാഗ്യം; പ്രിയ ദാസേട്ടാ പാടൂ വീണ്ടും...

sujatha
യേശുദാസ്, യേശുദാസും ബേബി സുജാതയും (ഫയൽ ചിത്രം)
SHARE

ദാസേട്ടന്റെ പാട്ട് ആദ്യമായി കേട്ടത് എന്നായിരിക്കും? പാട്ടു കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനോഹരമായ ആ ശബ്ദ ഗാംഭീര്യം എന്റെ കാതുകളിലുണ്ടെന്നാണ് ഉത്തരം. ഭൂരിഭാഗം മലയാളികളെയും പോലെ, ദാസേട്ടന്റെ രൂപം കണ്ണിൽ പതിയുന്നതിനു മുൻപേ ആ ഗന്ധർവ നാദമാണ് എന്റെ കാതിനെ തൊട്ടത്.നിത്യഹരിതമായ ആ ശബ്ദത്തിന്റെ ഉടമയ്ക്ക് 80 വയസ്സ് പൂർത്തിയാകുമ്പോൾ അദ്ദേഹത്തിനൊപ്പം എണ്ണമറ്റ വേദികളിൽ പാടിയത്, ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാകാൻ കഴിഞ്ഞത് എല്ലാം പുണ്യം, സുകൃതം. 

 രംഗം1, എറണാകുളം ബിടിഎച്ച്

ദാസേട്ടനെ ആദ്യമായി കണ്ടതിന്റെ ഓർമകൾ നീളുന്നതു കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിലേക്കാണ്. അന്നെനിക്ക് ആറോ ഏഴോ വയസ്സുണ്ടാകും. കലാഭവനിലെ കുട്ടികളുടെ ചെറുട്രൂപ്പിൽ പാടുന്നുണ്ട്. കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോൾ അവിടെ ദാസേട്ടനുമുണ്ടായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ ഞാൻ പിന്നാലെ ഓടിച്ചെന്ന് അടുത്തു നിന്നു. വാൽസല്യത്തോടെ എന്നെ തലോടി അദ്ദേഹം പോയി. മനസ്സിലെ അവ്യക്തമായ അടരുകൾക്കൊപ്പം അമ്മയും ബന്ധുക്കളും പറഞ്ഞുള്ളതാണ് ഈ ഓർമ. 

മഴവിൽക്കൊടി കാവടി...

ഗുരുവായൂരില ആ കല്യാണവേദി ജീവിതത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണ്. അച്ഛന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലെ കല്യാണത്തിനു ദാസേട്ടന്റെ ഗാനമേളയുണ്ടായിരുന്നു. ഞാൻ കല്യാണത്തിൽ പങ്കെടുക്കാനെത്തിയതാണ്. ഗാനമേള നടക്കുന്നതിനിടെ ബന്ധു എന്നെ ദാസേട്ടനു പരിചയപ്പെടുത്തി- കുട്ടി നന്നായി പാടും. ദാസേട്ടൻ രണ്ടു കയ്യിലും പിടിച്ച് എന്നെ വേദിയിലേക്കു കയറ്റി. ആ വേദിയിലേക്കു മാത്രമായിരുന്നില്ല, സംഗീത ലോകത്തേക്കു കൂടിയായിരുന്നു ആ കയറ്റമെന്ന് ഇന്നു തിരിച്ചറിയുന്നു. ‘മഴവിൽക്കൊടി കാവടി അഴകു വിടർത്തിയ’ എന്ന പാട്ടാണ് അന്നു പാടിയത്. 

വൈകിയ വിമാനം കൊണ്ടുവന്ന ഭാഗ്യം

ദാസേട്ടനൊപ്പം ഗാനമേള വേദിയിൽ പാടുന്ന ബേബി സുജാതയെന്നതാണു മലയാളി സംഗീത പ്രേമികൾക്കിടയിലെ എന്റെ ആദ്യത്തെ മേൽവിലാസം. രണ്ടായിരത്തിലേറെ വേദികളിൽ അദ്ദേഹത്തിനൊപ്പം പാടി. അതിലേക്കു വഴിതുറന്നതിനെ കുറിച്ചു പറയുമ്പോൾ ചെറിയൊരു കണ്ണീർ കഥ കൂടി പറയണം. കലാഭവനിൽ കുട്ടികൾക്കായി നടത്തിയ ഗാനമൽസരത്തിനു ദാസേട്ടനെത്തി. അദ്ദേഹത്തിനു മുന്നിൽ പാടുന്നതിന്റെ സന്തോഷത്തള്ളിച്ചയോടെ ഞാൻ വേദിയിൽ കയറി.

എന്നാൽ, അന്നു കലാഭവനിലെ കുട്ടികളുടെ ട്രൂപ്പിലെ അംഗമായതിനാൽ നിയമപ്രകാരം എനിക്കു പങ്കെടുക്കാനാകില്ലായിരുന്നു. പൊട്ടിക്കരഞ്ഞാണ് ആ സങ്കടം തീർത്തത്. ദാസേട്ടന്റെ ഗാനമേള വേദിയിലേക്കു ക്ഷണം കിട്ടിയതിനെക്കുറിച്ചു പറയുമ്പോൾ കലാഭവനിൽ എന്റെ ഗുരുവായിരുന്ന പ്രശസ്ത ഗിറ്റാറിസ്റ്റ് എമിൽ ഐസക്കിനെക്കൂടി ഓർക്കണം. ദാസേട്ടന്റെ ഗാനമേളകളിൽ അദ്ദേഹം ഗിറ്റാര്‍ വായിക്കാറുണ്ടായിരുന്നു.

ഒരു ദിവസം ദാസേട്ടനു കൊച്ചിയിൽ നിന്നുള്ള വിമാനം മണിക്കൂറുകളോളം വൈകി. കൂടെ എമിൽ ഐസക്കുമുണ്ടായിരുന്നു. ഞങ്ങളുടെ വീട് വിമാനത്താവളത്തിലേക്കു പോകുന്ന വഴിയിലാണ്. ഹോട്ടലിലേക്കു തിരിച്ചുവരുന്ന സമയത്ത് എന്റെ പാട്ടിനെക്കുറിച്ച് എമിൽ ഐസക് പറഞ്ഞാണു ദാസേട്ടൻ വീട്ടിൽ കയറിയത്. അദ്ദേഹത്തിനു മുന്നിൽ ഞാൻ കുറച്ചു പാട്ടുകൾ പാടി. അധികം വൈകാതെ ആ വിളിയെത്തി. 

1973 ഡിസംബർ, ഫോർട്ട്കൊച്ചി 

നാലര പതിറ്റാണ്ടു മുൻപുള്ള ആ ഡിസംബറിനെ കുറിച്ചോർക്കുമ്പോൾ ഇന്നും മനസ്സിൽ സന്തോഷത്തിന്റെ കുളിരു കോരും. അന്നാണ് ദാസേട്ടനൊപ്പം ആദ്യമായി ഗാനമേളയിൽ പാടുന്നത്. ഫോർട്ട്കൊച്ചിയാണു വേദി. ദാസേട്ടൻ തന്നെ സംഗീത സംവിധാനം ചെയ്ത ‘അഴകുള്ള സെലീനയിലെ’ പുഷ്പ ഗന്ധീ, സ്വപ്ന ഗന്ധീ എന്നു തുടങ്ങുന്ന ഗാനം. പ്രിയ കാമുകനോടൊത്തു താമസിക്കാൻ എന്തു സുഖം എന്നു തുടങ്ങുന്ന വരികൾ പാടി ഞാൻ ആ സംഗീതയാത്ര തുടങ്ങി.

ഗാനമേള കഴിഞ്ഞപ്പോൾ ദാസേട്ടൻ ഓട്ടോഗ്രഫിൽ എഴുതിത്തന്നു- അമ്പലം ചെറുതായാലും പ്രതിഷ്ഠ വലുതാകും. സംഗീതത്തെ ഇഷ്ടപ്പെടുന്നവരെല്ലാം മനസ്സിൽ പ്രതിഷ്ഠിച്ച മഹാഗായകനിൽ നിന്നു ലഭിച്ച ആദ്യത്തെ അഭിനന്ദനം അദ്ദേഹത്തിന്റെ സുന്ദരഗാനങ്ങൾ പോലെ ഇന്നും സൂക്ഷിക്കുന്നു. 

ജെമിനി സ്റ്റുഡിയോയിലെ കസേര...

ദാസേട്ടനൊപ്പം സിനിമയിൽ ആദ്യമായി പാടിയതിനെക്കുറിച്ചോർക്കുമ്പോൾ ജെമിനി സ്റ്റുഡിയോയിലെ കസേരയും മനസ്സിലെത്തും. 1975-ൽ ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിനു വേണ്ടി ശ്യാം സർ സംഗീത സംവിധാനം നിർവഹിച്ച ‘സ്വപ്നം കാണും പെണ്ണേ...’ എന്ന ഗാനം. അന്ന് ആറാം ക്ലാസിൽ പഠിക്കുന്ന എന്റെ രണ്ടാമത്തെ സിനിമയായിരുന്നു അത്. റിക്കോർഡിങ് നടന്ന ജെമിനി സ്റ്റുഡിയോയിലെ കസേരയിൽ കയറി നിന്നാണ് മൈക്കിലേക്കുള്ള ഉയരമൊപ്പിച്ചത്. 

അരണ ഏൻ വന്തത്...

രണ്ടായിരത്തിലേറെ വേദികളിൽ ദാസേട്ടനോടൊപ്പം പാടി. ഓരോ വേദിയും മനസ്സിൽ തങ്ങിനിൽക്കുന്ന അപൂർവ നിമിഷങ്ങൾ. അച്ചടക്കത്തിന്റെ കാർക്കശ്യം വിട്ടു ചിരിവിടർന്ന എത്ര വേദികൾ. കേരളത്തിലെ ഒരു ഗാനമേള വേദിയിൽ നിശീഥിനീ എന്ന പാട്ടു പാടുകയാണ്. യക്ഷി പാട്ടായതിനാൽ സൗണ്ട് നല്ല എക്കോയാണ്. അതിനിടയിലാണ് വേദിയുടെ മുന്നിലൂടെ നടന്നു വന്നയാൾ എന്തിലോ തടഞ്ഞു വീണത്. അടക്കി നിർത്താൻ ശ്രമിച്ചിട്ടും എന്റെ ചിരി പുറത്തുചാടി. എക്കോയിൽ ചിരിയും പ്രതിധ്വനിച്ചു. അന്നു ദാസേട്ടന്റെ സ്നേഹപൂർവമായ ശകാരം കിട്ടി. 

ചെന്നൈയിലുമുണ്ടൊരു ചിരിയോർമ. വേദിയിൽ ഞാനും ദാസേട്ടനും. ‘നീല നയനങ്ങളിൽ ഒരു നീണ്ട കനവു വന്നത്’ എന്ന വരികൾ  അവസാനിക്കുമ്പോഴാണ് ഒരു അരണ വേദിയിൽ എന്റെ തൊട്ടടുത്തേക്കു വരുന്നതു കണ്ടത്. പെട്ടെന്നു വെപ്രാളയത്തിൽ ഞാൻ ഒച്ചവച്ചു. ‘കനവ് ഏൻ വന്തത്’ എന്ന അടുത്ത വരി പാടാനിരുന്ന ദാസേട്ടൻ എന്റെ വെപ്രാളവും ഒച്ചയിടലും കേട്ടു വരിയൊന്നു മാറ്റിപ്പാടി. ‘അരണ ഏൻ വന്തത്’. സദസ്സ് മനസ്സറിഞ്ഞ് ചിരിച്ചു. 

ചേർത്തു നിർത്തുന്ന വാൽസല്യം

മനസ്സു നിറഞ്ഞ് ആരാധിക്കുന്ന ഗായകനൊപ്പം പിതൃതുല്യനായ സ്നേഹനിധി കൂടിയാണ് എനിക്കു ദാസേട്ടൻ. അദ്ദേഹത്തിന്റെ ഭാര്യ പ്രഭച്ചേച്ചി അളവില്ലാത്ത സ്നേഹം തന്ന മൂത്ത സഹോദരിയും അമ്മയുമൊക്കെയാണ്. എത്ര ഗാനമേള വേദികളിലേക്കു കാറിനു പിന്നിൽ അവരുടെ മടിയിൽ തലവച്ചുറങ്ങി യാത്ര ചെയ്തിരിക്കുന്നു. ‍ഞങ്ങളുടെ മകളാണെന്നു ചേർത്തുനിർത്തി പറയുമ്പോൾ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ എനിക്കു വാക്കുകളില്ല. 

ദാസേട്ടന്റെ കരുതലും സ്നേഹവും പിതൃതുല്യമായ വാൽസല്യത്തോടെ എന്നെ പൊതിഞ്ഞ എത്രയെത്ര അവസരങ്ങൾ. മകൾ ശ്വേതയെ ഗർഭം ധരിക്കുന്നതിനു മുൻപ് ഒരു തവണ എനിക്കു ഗർഭം അലസിയതാണ്. ബിഹാറിൽ ഒരു ഗാനമേളയ്ക്കായി പോയ സമയത്താണു ഛർദിയും ക്ഷീണവും തുടങ്ങിയത്. പരിശോധിച്ചപ്പോൾ ഗർഭം സ്ഥിരീകരിച്ചു.

പിറ്റേ ദിവസം ബംഗാളിലെ സിലിഗുഡിയിലാണു ഗാനമേള. സമയം വൈകിയതിനാൽ വിമാനം നഷ്ടപ്പെട്ടു. എല്ലാവരും ചേർന്ന് ഒരു ബസെടുത്താണു സിലിഗുഡിയിലേക്കു പുറപ്പെട്ടത്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് താണ്ടി മണിക്കൂറുകൾ യാത്ര ചെയ്യണം. അക്കാലത്തു സംഗീത ഉപകരണങ്ങൾ ചെറിയ തലയണ പോലുള്ള കവർ ഉപയോഗിച്ചാണു മൂടുന്നത്.

അതെല്ലാം ചേർത്ത് എനിക്കു കിടക്കാനായി ബസിൽ ചെറിയൊരു മെത്ത തന്നെയൊരുക്കിയാണ് ദാസേട്ടൻ സിലിഗുഡിയിലെത്തിച്ചത്. തിരിച്ചു നാട്ടിലെത്തിയപ്പോൾ മാസങ്ങളോളം ചെന്നൈയിൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു. ദാസേട്ടന്റെയും പ്രഭച്ചേച്ചിയുടെയും പൂർണ പരിചരണം. ശ്വേതയിൽ (ശ്വേത മോഹൻ) സംഗീതമുണ്ടെന്നും അവളെ ആ വഴിയിൽ പിടിക്കണമെന്നും ചെറുപ്പത്തിൽ തന്നെ ദാസേട്ടൻ പറയുമായിരുന്നു. എന്നാൽ, അവൾ അന്നു പാട്ടിൽ അത്ര താൽപര്യമെടുത്തില്ല. പിന്നീട് അവൾ പാടിത്തുടങ്ങിയപ്പോൾ ഏറ്റവും സന്തോഷിച്ചവരിലൊരാൾ അദ്ദേഹമാണ്. ഇപ്പോൾ അവൾ ദാസേട്ടനൊപ്പം പാടുന്നു.

ഞാൻ വിജ‌യ്ക്കൊപ്പം (യേശുദാസിന്റെ മകൻ വിജയ് യേശുദാസ്) പാടി. വിജയും ശ്വേതയും ഒരുമിച്ച് എത്രയോ ഗാനങ്ങൾ പാടി. സംഗീതത്തിന്റെ ആ ഇഴയടുപ്പം സമ്മാനിച്ചതിനു ദൈവത്തിനു നന്ദി.

ദാസേട്ടനെന്ന സമർപ്പണം 

സമർപ്പണം എന്ന വാക്കിന്റെ പര്യായമാണ് എനിക്കു ദാസേട്ടൻ. സംഗീതത്തോടുള്ള പൂർണ സമർപ്പണം. പതിറ്റാണ്ടുകൾക്കു മുൻപു കണ്ട അതേ കണിശതയോടെയും സമർപ്പണത്തോടെയും എൺപതാം വയസ്സിലെത്തിയിട്ടും അദ്ദേഹം സംഗീതത്തെ ഉപാസിക്കുന്നു. ഞാൻ ഇത്രകാലം സംഗീത രംഗത്തു നിലനിന്നത്, തേടിവന്ന നേട്ടങ്ങൾ എന്നിവയ്ക്കെല്ലാം പിന്നിൽ ദാസേട്ടനിൽ നിന്നു പഠിച്ച കർശനമായ ചിട്ടയും അച്ചടക്കവുമുണ്ട്.

പൊടിയടിക്കുന്നത്, മഞ്ഞു കൊള്ളുന്നത്, പുളിപ്പും എരിവും കഴിക്കുന്നത്, തൈരും ഐസ്ക്രീമും രുചിക്കുന്നത് എല്ലാം ശബ്ദത്തെ ബാധിക്കുമെന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചു. അതു പാലിക്കുന്നുവെന്നുറപ്പാക്കി. ഭക്ഷണം നമ്മുടെ തൊണ്ടയുടെ ഇന്ധനമാണെന്നും അതു ശരിയായിരിക്കണമെന്നും എപ്പോഴും പറയും. 

‘മോളേ, പാട്ട് എങ്ങനെ പോകുന്നു’ എന്നാണ് ഫോൺ വിളിച്ചാൽ ആദ്യ ചോദ്യം. ദാസേട്ടന് അന്നും ഇന്നും സംഗീതത്തിനാണു പ്രഥമ പരിഗണന. വീട്ടിൽ ചെന്നാൽ സംഗീതത്തെക്കുറിച്ചുള്ള പുസ്തകക്കൂമ്പാരത്തിനു മുന്നിൽ ഇരിക്കുന്നതു കാണാം. പുതിയ അന്വേഷണങ്ങൾ, പരീക്ഷണങ്ങൾ. എനിക്ക് ഇതുവരെ ഇത്രയല്ലേ പറ്റിയുള്ളൂ, ഇനിയും എത്ര പഠിക്കാനിരിക്കുന്നുവെന്നു കഴിഞ്ഞ ദിവസം കണ്ടപ്പോഴും പറഞ്ഞു. അദ്ദേഹം ശ്വസിക്കുന്നതു പോലും സംഗീതമാണെന്നു തോന്നും. 

ദാസേട്ടൻ ജീവിച്ചിരുന്ന കാലത്തു ജീവിക്കാനായത്, അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത്, മഹാഭാഗ്യമായി കരുതുന്ന കോടിക്കണക്കിന് ആരാധകരിൽ ഒരാളാണു ഞാനും. അദ്ദേഹത്തിനൊപ്പം വേദിയിലും സിനിമയിലും പാടിയതും ആ കുടുംബത്തിന്റെ സ്നേഹവാൽസ്യങ്ങൾ അനുഭവിക്കാനായതും ജന്മപുണ്യം. 

പ്രിയപ്പെട്ട ദാസേട്ടാ, ഓരോ ദിവസവും ചെറുപ്പമാകുന്ന ആ സ്വരം കൊണ്ടു ഇനിയും ഒട്ടേറെ പാട്ടുകൾ പാടി ഞങ്ങളെ ആനന്ദിപ്പിക്കുക.

English Summary: Gana Gandharvan KJ Yesudas @ 80

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA