ADVERTISEMENT

രണ്ടാമതോ മൂന്നാമതോപോലും ആരുമില്ലാത്ത വിധം 1965 മുതൽ മലയാള ചലച്ചിത്രഗാനരംഗത്ത് ഒന്നാം സ്ഥാനത്താണ് യേശുദാസ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം സംഗീതമുദ്ര ചാർത്തി. 

അന്യഭാഷാഗാനങ്ങളിലും ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ സംഗീതമെന്നല്ല, ലോകസംഗീതത്തിൽപോലും ഇത്ര ദീർഘനാളായി ഒന്നാം സ്ഥാനത്തു നിലനിൽക്കുന്ന മറ്റൊരു ഗായകനില്ല.

പാടിയ നാൽപതിനായിരത്തോളം ഗാനങ്ങളുടെ പെരുപ്പമോ നേടിയ അവാർഡുകളുടെ ശ്രേഷ്ഠതയോ അല്ല യേശുദാസിന്റെ അനന്യതയ്ക്കു കാരണം.

അതിലേറെ പാട്ടുകൾ പാടിയിട്ടുള്ളവർ ലോകഭാഷകളിൽ ഉണ്ടാവാം.  പക്ഷേ, ഇത്ര ദീർഘകാലം പ്രതിഭ നിലനിർത്തിയ മറ്റൊരാളെ കണ്ടെത്തുക പ്രയാസം. ഉന്നതമായ റേഞ്ചും ശബ്ദസൗന്ദര്യവും സമന്വയിക്കുന്ന ഒരു ഗായകനെ മലയാളം ആദ്യമായി കേൾക്കുകയായിരുന്നു.

ഏറ്റവും സീനിയറായ സംഗീതസംവിധായകൻ എം.കെ. അർജുനൻ പറയുന്നു. ‘എത്രമാത്രം മുകളിലേക്കും എത്രമാത്രം താഴേയ്ക്കും പാടാൻ കഴിയും എന്നതാണ് ഒരു പാട്ടുകാരന്റെ റേഞ്ച്.

അതിൽത്തന്നെ താഴേയ്ക്കും മുകളിലേക്കും പോകുമ്പോൾ ആലാപനത്തിന്റെ മാധുര്യത്തിനോ നിയമങ്ങൾക്കോ ഉച്ചാരണത്തിനോ പിഴവു വരുത്താത്തയാളാണ് ഉത്തമഗായകൻ.

അങ്ങനെയൊരു ഗായകന് അതിമനോഹരമായ ശബ്ദവുംകൂടി ഉണ്ടെങ്കിൽ യേശുദാസായി! യേശുദാസിനെപ്പോലെ റേഞ്ചുള്ള ചുരുക്കം പാട്ടുകാരുണ്ട്. പക്ഷേ, ആ ശബ്ദം അതു യേശുവിനു മാത്രമേയുള്ളൂ.’

തലമുതിർന്ന ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി പറയുന്നു. ‘എത്രനേരം വേണമെങ്കിലും കേട്ടിരിക്കാൻ തോന്നുന്ന ആ ശബ്ദമാണ് യേശുദാസിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ ശബ്ദം നിലനിർത്താനായി അദ്ദേഹം പാലിക്കുന്ന നിയന്ത്ര‌ണങ്ങൾ ശ്രദ്ധിക്കണം.

പലതരം ഭക്ഷണങ്ങൾ, സാഹചര്യങ്ങൾ തുടങ്ങിയവ അദ്ദേഹം ഒഴിവാക്കുന്നു. പ്രിയപ്പെട്ട ഒരുപാടു കാര്യങ്ങൾ ത്യജിച്ചാണ് അദ്ദേഹം തന്റെ ശബ്ദവും ആലാപനശേഷിയും നിലനിർത്തുന്നത്.

വേണ്ടപ്പെട്ട പലതും വേണ്ടെന്നുവച്ചാലേ നമുക്കു നേട്ടങ്ങളിൽ എത്താൻ കഴിയൂ എന്നതിന് ഉത്തമ ഉദാഹരണമാണ് യേശുദാസ്. ആരും പിന്തുണച്ചിട്ടല്ല അദ്ദേഹം ആ സ്ഥാനത്ത് എത്തിയത്. അദ്ദേഹത്തെ മലയാള സിനിമയ്ക്ക് അത്രമാത്രം ആവശ്യമായിരുന്നു, അതുകൊണ്ടാണ്.

‘യേശുദാസിന്റെ എത്ര പാട്ടുണ്ട്?’ എന്നാണ് ഒരു കാലത്ത് വിതരണക്കാർ ചോദിച്ചിരുന്നത്.  ഇത് ഒരു നിർമാതാവെന്ന നിലയിൽ എനിക്ക് അറിയാവുന്ന കാര്യമാണ്.

അതുപോലെ, ആരുടെ അവസരവും സ്ഥാനവും ദാസ് തട്ടിപ്പറിച്ചിട്ടില്ല. ആരെയും പാടിക്കരുതെന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുമായിരുന്നെങ്കിൽ എന്നോടാണ് അതു പറയേണ്ടിയിരുന്നത്. ഞങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്ന സമയത്താണ് ഞാൻ ജോളി ഏബ്രഹാമിനു ഹിറ്റുകൾ കൊടുത്തത്.

എന്നോട് ദാസ് ഒരു വാക്ക് അതെപ്പറ്റി പറഞ്ഞിട്ടില്ല. ദാസ് ഈ നിലയിൽ എത്തിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനംകൊണ്ടും പ്രതിഭകൊണ്ടും മാത്രമാണ്. അദ്ദേഹത്തെ എന്നും സിനിമയ്ക്ക് ആവശ്യമായിരുന്നു. ആ ഡിമാൻഡ് നിലനിർത്താൻ കഴിയുന്ന നിലവാരം ദാസ് കാത്തുസൂക്ഷിച്ചു.’ 

സ്വരമാധുര്യം മാനദണ്ഡമായി

യേശുദാസ് കടന്നുവന്നപ്പോൾ മലയാള ചലച്ചിത്രഗാനങ്ങളിൽ സംഭവിച്ച ഒരു പ്രധാനമാറ്റം ഇതായിരുന്നു: മാധുര്യമില്ലാത്ത, മിനുസമില്ലാത്ത ശബ്ദങ്ങൾക്കു നിലനിൽപില്ലാതായി.

അതിനു മുൻപുള്ള കമുകറ പുരുഷോത്തമൻ, മെഹബൂബ്, കെ.പി. ഉദയഭാനു, എ.എം. രാജ, സി.ഒ. ആന്റോ, പി.ബി. ശ്രീനിവാസ് തുടങ്ങിയവരെ‌യൊക്കെ യേശുദാസ് തന്റെ മധുരശബ്ദംകൊണ്ടു മറികടന്നു.

പിന്നീടുള്ള ചലച്ചിത്രഗാന ചരിത്രം പരിശോധിച്ചാ‍ൽ മനസ്സിലാവും, മധുരശബ്ദമുള്ള പാട്ടുകാർക്കു മാത്രമേ പിന്നണി ഗായകരാകാൻ കഴിഞ്ഞുള്ളൂ. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, വേണുഗോപാൽ, വിജയ് യേശുദാസ് തുടങ്ങി പുതുതലമുറയിലെ ഹരിശങ്കർ വരെയുള്ളവർ യേശുദാസിന്റെ ശബ്ദമാധുര്യ സ്കൂളിൽ പെടുന്നവരാണ്.  

യേശുദാസ് നിറഞ്ഞുപാടിയിരുന്ന കാലത്ത് സദ്ഗുണസമ്പന്നരായിരുന്നു സിനിമയിലെ നായകർ. അക്കാലം മാറി.

ഇന്നു പരാജയപ്പെട്ടവരും വില്ലന്മാരും മനോദൗർബല്യമുള്ളവരുമൊക്കെ നമ്മുടെ നായകരാണ്. ആ നായകർക്ക് യേശുദാസിന്റേതുപോലൊരു മധുരവും പരിഷ്കൃതവും നാഗരികവുമായ ശബ്ദം ആവശ്യമില്ല.

ഇവർക്കാർക്കുംവേണ്ടി യേശുദാസ് പാടുന്നുമില്ല. എന്നിട്ടും മലയാളത്തിൽ ഇന്ന് ഒരു ‘ലീഡ് സിങ്ങർ’ ഇല്ല. ചെറുപ്പക്കാരിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നതും ഏറ്റവും വിപണിമൂല്യം ഉള്ളതും വിജയ് യേശുദാസിനാണ്.

സംഗീത സംവിധായകർ സ്വതന്ത്രരായി

യേശുദാസ് എന്ന ഏതു റേഞ്ചിലും ഒരേ മട്ടിൽ പാടാൻ കഴിയുന്ന അദ്ഭുതപ്രതിഭാസം എത്തിയതോടെ സംഗീതസംവിധായകർ സ്വതന്ത്രരായി. അവർക്ക് ഈണങ്ങളിൽ അന്നുവരെ ലഭിക്കാത്ത സ്വാതന്ത്ര്യം ലഭിച്ചു. എങ്ങനെ കംപോസ് ചെയ്താലും കുഴപ്പമില്ല, പാടാൻ യേശുദാസ് ഉണ്ടല്ലോ.

നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും..., അകലെ അകലെ നീലാകാശം..., സ്വർണച്ചാമരം.., ചക്രവർത്തിനീ..., കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നോ..., സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ...., ഇന്നലെ മയങ്ങുമ്പോൾ.... എന്നൊക്കെയുള്ള ‘കോംപോസിഷൻസ്’ ആലോചിക്കുന്നതിനു മുൻപ് ഇതാരുപാടും എന്നു വിഷമിക്കേണ്ടി വന്നില്ല.

സന്ധ്യമയങ്ങും നേരം...., നീല ജലാശയത്തിൽ..., എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ..., ഇലഞ്ഞിപ്പൂണമൊഴുകി വരുന്നു..., ഒന്നാം മാനം പൂമാനം... പതിനാലാം രാവുദിച്ചത്... എന്നിവ രൂപപ്പെടുത്തുന്നതിനൊപ്പം അതിനു യോജിച്ച സ്വരമാധുരിയെവിടെ എന്നു തലപുകയ്ക്കേണ്ടതില്ലായിരുന്നു.

ദക്ഷിണാമൂർത്തി, ദേവരാജൻ, കെ.രാഘവൻ, ബാബുരാജ്, എം.കെ. അർജുനൻ, എം.എസ്. വിശ്വനാഥൻ എന്നിവരുടെ കാലത്തിനു ശേഷം 1970കളുടെ അവസാനവും 80കളുടെ തുടക്കത്തിലും എ.ടി. ഉമ്മർ, കെ.ജെ. ജോയ്, ശ്യാം, ജെറി അമൽദേവ് തുടങ്ങിയവരിൽ എത്തുമ്പോൾ വളരെ സ്വാതന്ത്ര്യം എടുത്തു പാടുന്ന ദാസിനെയാണു കാണുന്നത്.

ദാസിന്റെ ആലാപനത്തിന്റെ അനായാസ കാലം എന്നു പറയാം. പോപ്പുലർ ഹിറ്റുകൾ തുടർച്ചയായി സൃഷ്ടിക്കപ്പെട്ട സമയം. വാകപ്പൂ മരം ചൂടും..., കസ്തൂരി മാൻമിഴി..., കണ്ണും കണ്ണും..., കാറ്റ് താരാട്ടും..., എൻ സ്വരം പൂവിടും..., ഒരു മധുരക്കിനാവിൻ..., വാചാലം... തുടങ്ങിയ പ്രസരിപ്പാർന്ന ഈണങ്ങളുടെ കാലം. 

പിന്നീട് രവീന്ദ്രൻ, ജോൺസൺ എന്നിവരിലേക്ക് എത്തുമ്പോൾ വീണ്ടും ആലാപനവെല്ലുവിളികളുടെ ഈണങ്ങളായി. എന്റെ മൺവീണയിൽ, താരകേ, തൂ മഞ്ഞിൻ, പവിഴം പോൽ, മേടമാസപ്പുലരി, പ്രമദവനം, ഹരിമുരളീരവം....

ഇക്കാലമത്രയും പിറന്നുവീണ അർധശാസ്ത്രീയ ഗാനങ്ങൾ, ശോകഗാനങ്ങൾ, തമാശപ്പാട്ടുകൾ, ശ്ലോകങ്ങൾ, സിനിമയിലെതന്നെ ഭക്തിഗാനങ്ങൾ... അങ്ങനെ എന്തിനും ഏതിനും പറ്റുന്ന ഒരാൾ! ചുരുങ്ങിയത് ഏഴു തരം ശബ്ദങ്ങളിൽ യേശുദാസ് പാടിയിട്ടുണ്ട് എന്നാണ് നിരീക്ഷണം.

ഒരു യേശുദാസിൽത്തന്നെ ഏഴു ശൈലിയിലുള്ള ഗായകൻ ഉണ്ടത്രേ. അതായത് പല ശ്രേണിയിൽപ്പെട്ട പാട്ടുകൾ പാടാൻ പല ഗായകരെ ആശ്രയിച്ചിരുന്ന സംഗീതസംവിധായകർക്ക് എല്ലാറ്റിനും ഒരാളെ മാത്രം ആശ്രയിച്ചാൽ മതിയെന്നായി. അങ്ങനെ സപ്തമുഖനായ യേശുദാസിനോടാണ് സമകാലികർ മത്സരിക്കേണ്ടി വന്നത്. 

കലാകാരനു വേണ്ട നിഷ്ഠ

ഒരു സംഗീതജ്‍ഞനു വേണ്ട അച്ചടക്കം പിതാവിൽ നിന്നാണ് ദാസ് ശീലിച്ചത്. കച്ചേരികൾക്കു വേണ്ടി കൃത്യമായി പരിശീലനം ചെയ്യുക, പുതിയ കീർത്തനങ്ങൾ പഠിച്ചു പാടുക, റിക്കോർഡിങ്ങിനും ചടങ്ങുകൾക്കും സമയ ക്ലിപ്തത പാലിക്കുക,  പ്രശസ്തിക്കൊപ്പം അടുത്തുകൂടുന്ന പ്രലോഭനങ്ങളായ വിരുന്ന്, മദ്യം, സ്ത്രീ എന്നിവയോട് അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ യേശുദാസ് പാലിച്ചു പോരുന്ന അച്ചടക്കം ചുരുക്കം ചിലരിൽ മാത്രം കാണുന്ന പ്രത്യേകതയാണ്. 

പെട്ടെന്നു പാട്ടു പഠിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. കൊച്ചിയിൽ ഒരിക്കൽ ഒരു മുൻനിര ഗായകൻ ഒരു സ്റ്റുഡിയോയിൽ ഉച്ചവരെ നോക്കിയിട്ടും ഒരു ഈണം വശമാക്കാൻ കഴിയുന്നില്ല. അപ്പോൾ മറ്റൊരു കാര്യത്തിന് യേശുദാസ് ആ സ്റ്റുഡിയോയിൽ എത്തി.

സംഗീത സംവിധായകൻ ദാസിനോട് ഒന്നു പാടാമോ എന്നു ചോദിച്ചു. ആദ്യത്തെ ഗായകൻ അതിനു സമ്മതവും മൂളി. തനിക്കിതു പഠിക്കാനാവില്ല എന്ന് അയാൾ ഏതാണ്ടു പരാജയം സമ്മതിച്ചു നിൽക്കുകയായിരുന്നു.

ദാസ് വെറും 15 മിനിറ്റു കൊണ്ട് ആ പാട്ട് പഠിച്ചു പാടി റിക്കോർഡ് ചെയ്തു. പെട്ടെന്നു പാട്ടു പഠിക്കാനുള്ള കഴിവുള്ളതു കൊണ്ടുതന്നെ സംഗീതസംവിധായകർക്കു ജോലി എളുപ്പം തീർക്കാൻ യേശുദാസ് ഉപകാരപ്പെട്ടു. കോൾ ഷീറ്റിലെ ലാഭം കൊണ്ട് നിർമാതാക്കൾക്കും അദ്ദേഹം പ്രിയപ്പെട്ടവനായി.

പിന്നണിയും കച്ചേരിയും

നടൻ മുരളി ഒരിക്കൽ പറഞ്ഞു. ‘ചെന്നൈയിൽ ഏറ്റവും കർക്കശമായി കർണാടക സംഗീതം ആസ്വദിക്കുന്നവരെയും നാട്ടിൻ പുറത്തെ സാധാരണക്കാരായ ആസ്വാദകരെയും ഒരുപോലെ സന്തോഷിപ്പിക്കുക ദുഷ്കരമാണ്. അവിടെ വിജയിക്കാൻ കഴിഞ്ഞു എന്നതാണ് യേശുദാസിന്റെ പ്രത്യേകത.’

യേശുദാസ് തന്റെ ഒൻപതാം വയസ്സുമുതൽ ഏതാണ്ട് ഏഴു പതിറ്റാണ്ടായി പ്രഫഷനൽ സംഗീതത്തിൽ സജീവമായി നിലനിൽക്കുകയാണ്.

ഇപ്പോഴും ലോകം നിറയെ കച്ചേരികളാണ് അദ്ദഹത്തിന്. രണ്ടും പൂർണതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന അദ്ഭുതമായാണ് ഇരുമേഖലയിലെയും ഗായകർ അദ്ദേഹത്തെ വീക്ഷിക്കുന്നത്. 

ഉച്ചാരണ ശുദ്ധി

എല്ലാ അക്ഷരവും തെളിഞ്ഞു കേൾക്കുന്ന ഉച്ചാരണമാണ് യേശുദാസിന്റേത്. യേശുദാസ് പാടുമ്പോൾ പദങ്ങൾ എങ്ങനെ മ്യൂസിക്കലാകുന്നു എന്നതിന് ഒരേയൊരു ഉദാഹരണം മാത്രം മതി. അഭയം (1970) എന്ന സിനിമയ്ക്കു വേണ്ടി ദക്ഷിണാമൂർത്തി ഈണം നൽകി യേശുദാസ് പാടിയ ജി. ശങ്കരക്കുറുപ്പിന്റെ കവിത:

ശ്രാന്തമംബരം - നിദാഘോഷ്മള 

സ്വപ്നാക്രാന്തം;

താന്തമാരബ്ധ ക്ലേശ രോമന്ഥം 

മമ സ്വാന്തം - ശ്രാന്തമംബരം

ദൃപ്തസാഗര! ഭവദ്രൂപദർശനാൽ അർദ്ധ-

സുപ്തമെന്നാത്മാവന്തർല്ലോചനം 

തുറക്കുന്നൂ

നീയപാരതയുടെ നീലഗംഭീരോദാര-

ച്ഛായാ; നിന്നാശ്ലേഷത്താൽ എന്മനം 

ജൃംഭിക്കുന്നൂ

ശ്രാന്തമംബരം

ക്ഷുദ്രമാമെൻ കർണ്ണത്താൽ 

കേൾക്കുവാനാകാത്തൊരു

ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ

ഉദ്രസം ഫണോല്ലോല 

കല്ലോലജാലം പൊക്കി

രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ 

വാനംതൻ വിശാലമാം 

ശ്യാമവക്ഷസ്സിൽക്കൊത്തേ-

റ്റാനന്ദ മൂർഛാധീനമങ്ങനെ 

നിലകൊൾവൂതത്തുകെൻ ആത്മാവിങ്കൽ

കൊത്തുകെൻ ഹൃദന്തത്തിൽ

ഉത്തുംഗഫണാഗ്രത്തിലെന്നെയും 

വഹിച്ചാലും. 

ഈ വരികൾ തേൻതുള്ളികളായി യേശുദാസ് പാടിവച്ചു എന്ന ഒറ്റ ഉദാഹരണം മാത്രം മതി ക്ലിഷ്ടപദങ്ങളെല്ലാം ആ ഗായകനു മുന്നിൽ നാദസുന്ദരികളായി മാറിയിരുന്നു എന്നതിനു തെളിവ്. 

(യേശുദാസിന്റെ സംഗീതജീവിതം അടിസ്ഥാനമാക്കി മനോരമ ബുക്സ്  പ്രസിദ്ധീകരിക്കുന്ന ‘ഇതിഹാസഗായകൻ’ എന്ന പുസ്തകത്തിൽ നിന്ന്). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com