ഒ.വി. വിജയൻ ഓർമകളിൽ പുരസ്കാര സമർപ്പണം

award
ഒ.വി. വിജയൻ പ്രബന്ധമത്സരത്തിലെ ഒന്നാം സമ്മാനജേതാവ് അജീഷ് ജി. ദത്തൻ കവി. വി. മധുസൂദനൻ നായരിൽനിന്ന് അനുഗ്രഹം തേടുന്നു. പി.വി. രാധാകൃഷ്ണ പിള്ള, ഡോ. കെ.എസ്. രവികുമാർ എന്നിവർ സമീപം.
SHARE

‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജവും മലയാള മനോരമയും ചേർന്നു നടത്തിയ ഒ.വി. വിജയൻ പ്രബന്ധ മത്സരത്തിലെ വിജയികൾക്ക് ഒ.വി. വിജയന്റെ ഓർമകൾ നിറഞ്ഞ വേദിയിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

കോളജ് വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ ഒന്നാമതെത്തിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഗവേഷണ വിദ്യാർഥി അജീഷ് ജി. ദത്തൻ (ഒരു ലക്ഷം രൂപ), രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ ഡൽഹി ഹൻസ് രാജ് കോളജ് എംഎ വിദ്യാർഥി ഹരികൃഷ്ണൻ മേനോത്ത് (50,000 രൂപ), പെരിന്തൽമണ്ണ പൂക്കോയ തങ്ങൾ സ്മാരക കോളജ് ഗവേഷണ വിദ്യാർഥി കെ.എം. അലാവുദ്ദീൻ പുത്തനഴി (25,000 രൂപ) എന്നിവർ കവി വി.മധുസൂദനൻ നായരിൽനിന്ന് സമ്മാനങ്ങൾ സ്വീകരിച്ചു. മലയാള മനോരമ തിരുവനന്തപുരം ഓഫിസിലായിരുന്നു ചടങ്ങ്.

ഒ.വി വിജയന്റെ കൃതികൾ വായിക്കുകയെന്നതു ത്രികാലങ്ങൾ കടന്നുപോകുന്നതിനു സമമാണെന്നു വി.മധുസൂദനൻ നായർ പറഞ്ഞു. കേരളീയതയും ആത്മീയതയും ധൈഷണികതയും നിറഞ്ഞുനിൽക്കുന്ന ഇതിഹാസങ്ങളാണു വിജയൻ സൃഷ്ടിച്ചിരിക്കുന്നത്. തീർത്തും നവ്യമായ ആ ഭാഷ മലയാളത്തിനു സുകൃതമായി. തന്റെ ‘നാറാണത്തുഭ്രാന്തൻ ’ കവിത കേട്ടു വിജയൻ തനിക്കെഴുതിയ കത്തിനെക്കുറിച്ചും മധുസൂദനൻ നായർ പറഞ്ഞു.  വിദ്യാഭ്യാസത്തിൽ മാതൃഭാഷയ്ക്കു പ്രാധാന്യം നൽകണമെന്നും കേരളത്തിലെ സ്കൂളുകളിൽ മലയാളം പഠിപ്പിച്ച് ഉറപ്പിക്കാനുള്ള നീക്കങ്ങൾ‍ കൂടുതൽ ബലവത്താക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ ‘ഖസാക്ക്’ പോലെ വായനക്കാരുടെ ഇടയിലേക്കു കയറിച്ചെന്ന മറ്റൊരു നോവൽ ഇല്ലെന്നു വിധി നിർണയ സമിതി അധ്യക്ഷനും കാലടി സർവകലാശാല പ്രോ വൈസ് ചാൻസലറുമായ ഡോ. കെ.എസ്. രവികുമാർ പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജുമായ ജോസ് പനച്ചിപ്പുറം, കവി പ്രഭാവർമ, പ്രഫ. അലിയാർ, ജോൺ സാമുവൽ, ഡോ. പി.വി. ശിവൻ. ബി. മുരളി, ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, എസ്. മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ മധുസൂദനൻ നായരെ മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം പൊന്നാടയണിയിച്ച് ആദരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA