ADVERTISEMENT

വിൻസന്റ് ആരാകുമായിരുന്നു? ഒരുപക്ഷേ, കൂലിപ്പണിക്കാരൻ. കിട്ടുന്ന പൈസയ്ക്കത്രയും കള്ളുകുടിക്കുന്ന ഒരു തികഞ്ഞ മദ്യപൻ. എന്നാൽ, വിൻസന്റ് ഇതൊന്നുമായില്ല. ജീവിതം ഈ മലയാളിയെ കൊണ്ടെത്തിച്ചത്, ലോകത്തിനു മുന്നിൽ ഇന്ത്യ തലയുയർത്തി നിൽക്കുന്ന അഭിമാന വേദിയിലാണ്; റിപ്പബ്ലിക്ദിന പരേഡിൽ നാവികസേനയുടെ 80 അംഗ ബാൻഡ് സംഘത്തെ നയിക്കുന്നതു വിൻസന്റാണ്. സ്കൂളിൽ പഠിക്കുമ്പോഴേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട, 75 പൈസ കൂലിക്കു ചെങ്കൽച്ചൂളയിൽ പണിയെടുത്തു നടന്ന, പത്താം ക്ലാസിൽ തോറ്റ അതേ വിൻസന്റ് ജോൺസൺ.

തോറ്റു തുടങ്ങിയ വിൻസന്റിന്റെ ജീവിതത്തിലേക്കു വിജയം വന്നെത്താൻ കനൽദൂരമേറെയായിരുന്നു. ആ വഴി തുടങ്ങുന്നതു തിരുവനന്തപുരം വെള്ളായണിക്കടുത്തെ കല്ലിയൂർ എന്ന ചെറുഗ്രാമത്തിലാണ്. അവിടെ ജോൺസണും സരസമ്മയ്ക്കും ജനിച്ച ആറു മക്കളിൽ നാലാമനാണു വിൻസന്റ്.

കാൻസറെടുത്ത തണൽ

അന്നു വിൻസന്റിന് എട്ടു വയസ്സാണ്. കല്ലിയൂരിലെ ചെറുവീട്ടിൽ അമ്മയടക്കം ഏഴുപേരുടെ നിലവിളി കേട്ടാണ് അച്ഛൻ പോയത് വിൻസന്റ് അറിയുന്നത്. മേസ്തിരിപ്പണിക്കു പോയി കിട്ടിയിരുന്ന കാശു കൊണ്ട് അച്ഛൻ വാങ്ങിനൽകിയിരുന്ന മിഠായിയുടെ രുചി മാഞ്ഞു... വിശപ്പു കൊണ്ടു വയറു കത്തിത്തുടങ്ങിയ നാളുകൾ.. അങ്ങനെയങ്ങനെ ഇനിയൊരിക്കലും അച്ഛൻ വരില്ലെന്നു തിരിച്ചറിഞ്ഞു. കാൻസർ അച്ഛന്റെ ജീവനെടുത്തുവെന്നറിഞ്ഞു. അപ്പോഴും കാൻസർ എന്താണെന്നു മനസ്സിലായില്ല. അതിനു പിന്നെയും ഏഴു വർഷം കഴിയേണ്ടി വന്നു. അതേ കാൻസർ അമ്മയെ കൂട്ടിപ്പോകുംവരെ ! ഇല്ലായ്മകൾ ഉണ്ടായിരുന്നെങ്കിലും അമ്മ ഉണ്ടെന്നതായിരുന്നു അതുവരെ ആശ്വാസം. ജീവിതം വഴുതിപ്പോയെന്നുറപ്പിച്ച ദിവസങ്ങൾ. മൂത്ത രണ്ടു ജ്യേഷ്ഠന്മാരും ഇളയ രണ്ടു സഹോദരിമാരും ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടങ്ങൾക്കിടയിൽപ്പെട്ടപ്പോൾ കൂട്ടായി നിന്നതു മൂത്ത സഹോദരൻ ജ്ഞാനദാസ്. ചൂളയിൽ കല്ലുചുമന്നും തെങ്ങിനു തടം കോരിയും രണ്ടുപേരും വയറുനിറയ്ക്കാൻ പെടാപ്പാടുപെട്ടു. കൂലിപ്പണിക്കു ശേഷം വിയർത്തൊലിച്ചുള്ള സ്കൂൾ ഓട്ടങ്ങൾക്കിടയിൽ പത്താം ക്ലാസ് തോറ്റു.

ദൈവത്തിന്റെ ബാൻഡ്

കല്ലിയൂർ സിഎസ്ഐ ഇടവകയിൽ അന്നു ബാൻഡ് സംഘമില്ല. അതിലല്ല, തൊട്ടടുത്തെ പെരിങ്ങമല, കാക്കമൂല ഇടവകകളിൽ ബാൻഡ് സംഘങ്ങൾ ഉണ്ടെന്നതിലാണു വിൻസന്റിനും കൂട്ടുകാർക്കും വിഷമം ! അതു മാറിക്കിട്ടിയതു കല്ലിയൂരിലും ബാൻഡ്‌ സംഘം തുടങ്ങുന്നുവെന്നു വികാരിയച്ചൻ ഞായറാഴ്ച പ്രസംഗത്തിൽ പറഞ്ഞപ്പോഴാണ്. പത്തിൽ തോറ്റെങ്കിലെന്താ, വീട്ടിൽ ദാരിദ്ര്യമാണെങ്കിലെന്താ വിൻസന്റ് സഹോദരനോടു കാര്യം അവതരിപ്പിച്ചു. അതൊന്നും നമുക്കു പറ്റിയതല്ലെന്നായിരുന്നു പട്ടിണിയുടെ സ്വരമുള്ള ആദ്യത്തെ മറുപടി. എന്നിട്ടും വിൻസന്റിന്റെ ഇഷ്ടം മനസ്സിലാക്കിയ സഹോദരൻ ഒടുവിൽ സമ്മതിച്ചു.

അമ്മയുടെ നിക്ഷേപം

രാജ്യത്തിനു തന്നെ കീർത്തി നൽകുന്ന ഏറ്റവും വലിയ വേദിയിൽ ഈ മകൻ നടക്കുമെന്ന് ആ അമ്മ എപ്പോഴെങ്കിലും കരുതിയിരിക്കുമോ ? അറിയില്ല, എങ്കിലും ഈ മകൻ ജീവിതത്തിൽ ആദ്യമായി വാങ്ങിയ ബാൻഡ് ഉപകരണമായ കോർനറ്റ്, അമ്മ മകനു കരുതിവച്ച 525 രൂപ കൊണ്ടായിരുന്നു. കൂലിപ്പണി ചെയ്ത് വിൻസന്റും സഹോദരനും കൂടി ഏൽപ്പിച്ച നാണയത്തുട്ടുകൾ സ്വരുക്കൂട്ടി അമ്മ കല്ലിയൂർ സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നു ! ആ തുക കൊണ്ട് കോർനെറ്റുമായി വിൻസന്റ് ബാൻഡ് മേള സംഘത്തിൽ ചേരുമ്പോൾ പ്രായം 17. ഒപ്പം 15 പേർ. അയൽ ഇടവകകളിലെ സംഘത്തെ പഠിപ്പിച്ചിരുന്ന കരിപ്രക്കോണത്തെ സ്റ്റീഫൻ മാസ്റ്റർ തന്നെ വിൻസെന്റിനും സംഘത്തിനും ക്ലാസെടുത്തു. വിൻസന്റ് കോർനെറ്റ് വായിക്കുമ്പോൾ അമ്മ ആകാശ നക്ഷത്രങ്ങൾക്കിടയിലിരുന്നു പ്രാർഥിച്ചിരിക്കാം; മാസ്റ്റർക്കു പ്രിയപ്പെട്ടവനായി വിൻസെന്റ്.

പാസിങ് ഔട്ട്

'നാവികസേനയിലെ ബാൻഡിലേക്ക് ആളെയെടുക്കുന്നുണ്ട്, നീയൊരു കൈ നോക്കണം.' - സ്റ്റീഫൻ മാസ്റ്ററുടെ ഉപദേശത്തിനുള്ള വിൻസന്റിന്റെ മറുപടി നിസ്സാരമായിരുന്നു: ഞാനോ, ഞാനൊന്നിനുമില്ല. നീ പോയി ഈ പാട്ടൊന്നു വായിച്ചു കൊടുത്തിങ്ങു പോരെ.. വിടാതെ പിടിച്ച സ്റ്റീഫൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് പാങ്ങോട് പട്ടാള ക്യാംപിൽ നടന്ന പരീക്ഷയിൽ പങ്കെടുത്തത്. അതു പാസ്സായപ്പോൾ രണ്ടാംഘട്ടത്തിനു ബോംബെയ്ക്കു ചെല്ലണമെന്ന അറിയിപ്പു കിട്ടി. 280 രൂപയുമായി ജയന്തി ജനത എക്സ്പ്രസിൽ കയറി. പരിശോധനയ്ക്കിടെ, ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളുടെ ചോദ്യം: പട്ടാളത്തിൽ ചേരാൻ ശരിക്കും താൽപര്യം ഉണ്ടോ? ഉണ്ടു സർ. വീട്ടിലാരൊക്കെയാണ്?– ചോദ്യം തുടർന്നു. അച്ഛനും അമ്മയുമില്ല സർ. അവർ മരിച്ചു. ശരി, പൊയ്ക്കൊള്ളുവെന്ന മറുപടി വൈകാതെ പട്ടാളത്തിലേക്കുള്ള വിളിയായി മാറി. അങ്ങനെ, 1989 ഏപ്രിലിൽ വിൻസന്റ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.

ജയിച്ചു തുടങ്ങുന്നു

ഐഎൻഎസ് ട്രാറ്റയിൽ 825 രൂപ ശമ്പളത്തിൽ ജോലിക്കു ചേർന്നു. നാട്ടിലെ ബാൻഡ് മേളത്തിലേതു പോലെയല്ല അവിടെ കാര്യങ്ങൾ. ‌വെസ്റ്റേൺ നോട്സാണ് അടിസ്ഥാനം. അതു കൂട്ടിവായിക്കാൻ പോലും അറിയില്ല. പഠിച്ചെടുക്കുകയേ നിവൃത്തിയുള്ളു. ആർമിയിൽ നിന്നു വിരമിച്ച ഒരു ഓഫിസറെ പോയിക്കണ്ടു. ഭക്ഷണം കഴിക്കാൻ പുറത്തേക്കു പോകാൻ നിന്ന അദ്ദേഹത്തിനായി വടപാവ് വാങ്ങിവന്നാണ് ശിഷ്യപ്പെട്ടത്. പിന്നീട് എല്ലാ ആഴ്ച അവസാനങ്ങളിലും വിൻസന്റ് ഭക്ഷണപ്പൊതിയുമായി ചെന്നു പഠിച്ചെടുത്തതാണ് പല വിദ്യകളും. എന്നിട്ടും ചില വാദ്യോപകരണങ്ങൾ വിൻസന്റിനു വഴങ്ങുന്നില്ല. അന്നു നേവി ബാൻഡിലെ സൂപ്പർ താരമാണ് നിർമൽ സിങ്. അദ്ദേഹത്തെ പോയിക്കണ്ടു: ഞാൻ നോക്കിയിട്ട് ഇതൊന്നും ശരിയായി വരാത്തത് എന്താണ് ? വിൻസന്റിന്റെ കയ്യിലിരുന്ന ഉപകരണം നിർമൽ സിങ് വാങ്ങിവച്ചു. എന്നിട്ടു തിരിച്ചൊരു ചോദ്യം: നീ പത്താംക്ലാസ് പാസായിട്ടുണ്ടോ? ഇല്ലെന്ന ഭാവത്തിൽ തലതാഴ്ത്തി നിന്ന വിൻസന്റിനോടു നീ പോയി പത്താംക്ലാസ് പഠിച്ചുവാ....എല്ലാം ശരിയാവും. നേവിയിൽ സ്ഥാനക്കയറ്റം കിട്ടണമെങ്കിൽ പത്താംക്ലാസ് ജയിച്ചിരിക്കണം. സൂപ്പർ താരമായെങ്കിലും അതില്ലാത്തതിന്റെ കുറവ് ഏറ്റവും അനുഭവിച്ചയാളായിരുന്നു നിർമൽ. ആ ഗതി വിൻസന്റിന് ഉണ്ടാകരുതെന്നു മാത്രമാണ് നിർമൽ അന്നു പറഞ്ഞതിന്റെ അർഥമെന്നു മനസ്സിലാകാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു.

വർഗീസ് മാഷ്

നേവൽ ബാൻഡിൽ അന്നു വിൻസന്റിനൊപ്പം ഒരു കോട്ടയംകാരനുണ്ടായിരുന്നു. ടി. വർഗീസ്. ബിഎ വരെ പഠിപ്പുള്ള വർഗീസ് വിൻസന്റിനോടു പറഞ്ഞു. നിനക്കു പഠിക്കണമെങ്കിൽ ഞാൻ സഹായിക്കാം. പത്താംക്ലാസ് തുല്യതയ്ക്കുള്ള പരീക്ഷയ്ക്കു വിൻസന്റ് തയാറെടുപ്പു തുടങ്ങി. പക്ഷേ, ഒരു പ്രശ്നം. രാത്രി പത്തായാൽ പിന്നെ ബാരക്കിൽ ലൈറ്റ് ഓഫ് ചെയ്തിരിക്കണം, പട്ടാളച്ചിട്ടയാണ്. അതിനും വഴി കണ്ടെത്തി. ബാരക്കിനു മുന്നിലെ തെരുവുവിളക്കിന്റെ വെളിച്ചത്തിലേക്കു വർഗീസും വിൻസന്റും ക്ലാസ്മുറി മാറ്റി. എഴുതിയും വായിച്ചും പഠിച്ചിട്ടും 3 പ്രാവശ്യം പരീക്ഷ എഴുതിയിട്ടും വിൻസന്റ് തോറ്റു. എന്നിട്ടും ശ്രമം തുടർന്ന വിൻസന്റ് നാലാം ശ്രമത്തിൽ വിജയിച്ചു. അമ്മയുടെ ആഗ്രഹമായിരുന്നു മക്കളെല്ലാം പത്താംക്ലാസ് ജയിക്കണമെന്ന്. ആ സന്തോഷം കാണാൻ അമ്മയില്ലാതെ പോയി.

ആ പഠിപ്പിന്റെ ബലത്തിലാണ് വിൻ‍സന്റ് നാവികസേനയിലെ പല കോഴ്സുകളും പഠിച്ചെടുത്തത്. മ്യൂസിക് ഫസ്റ്റ് ക്ലാസ് ടെസ്റ്റ്, ബോർഡ് ടെസ്റ്റ്, ലീഡർഷിപ് കോഴ്സ്, മാനേജ്മെന്റ് കോഴ്സ്, ഒടുവിൽ നേവൽ ഇൻസിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ ട്രെയിനിങ് ടെക്നോളജി കോഴ്സ് അങ്ങനെ അങ്ങനെ...

പക്ഷേ, നല്ല ജോലിയുണ്ടായിട്ടും സേനയിൽ സന്തോഷങ്ങളേറെയുണ്ടായിട്ടും ചെറുപ്രായത്തിൽ പിടികൂടിയ നിരാശയിൽ നിന്നു പുറത്തുകടക്കാൻ വിൻസന്റിനു കഴിഞ്ഞില്ല. കൂട്ടായി മദ്യപാനവും. വല്ലപ്പോഴും നാട്ടിലേക്കു പോകും. ഏറ്റവും വേണ്ടപ്പെട്ടവർ എന്നു കരുതിയവരിൽനിന്നു പോലും കുത്തുവാക്കുകൾ കേട്ടപ്പോൾ ആത്മഹത്യ ചെയ്യാൻ തുണ്ടുകയറുമായി മുറിക്കുള്ളിൽ പലതവണ വിൻസന്റ് ഇരുന്നു. എന്നും ഒപ്പമുള്ള സഹോദരൻ ജ്ഞാനദാസ്  ജീവിതത്തിലേക്കു തിരികെ വലിച്ചിട്ടതു കൊണ്ടുമാത്രം പിന്നെയും വിൻസന്റ് ജീവിച്ചിരുന്നു.

പുതിയ കുടുംബത്തിൽ

പല വിവാഹാലോചനകൾ വന്നെങ്കിലും ഒഴിഞ്ഞ മദ്യക്കുപ്പികളല്ലാതെ സമ്പാദ്യങ്ങളൊന്നുമില്ലാത്ത വിൻസന്റിനെ മനസ്സിലാക്കിയവർ പലരും മടങ്ങിപ്പോയി. എന്നിട്ടും ദൈവനിശ്ചയം പോലെ ഒരു വിവാഹം ഒത്തുവന്നു. 2002–ൽ റെജി സ്മിത വിൻസന്റിന്റെ ജീവിതസഖിയായി. അവർക്കു രണ്ടുമക്കൾ. അതുലും അതുല്യയും. അപ്പോഴും മദ്യപാനം കൂടെത്തന്നെയുണ്ടായിരുന്നു. ഒടുവിൽ ഭാര്യയും മക്കളും തനിക്കു നഷ്ടമാകുമെന്നു തോന്നിയപ്പോൾ, ദൈവവും വിശ്വാസവും തിരികെ വിളിച്ചപ്പോൾ എന്നന്നേക്കുമായി വിൻസന്റ് മദ്യപാനം അവസാനിപ്പിച്ചു. ഏറെ പാടുപെട്ട് പുകവലി ശീലവും പൂർണമായും നിർത്തി.

ഗോൾഡ് മെഡൽ

കുടുംബത്തിലും സ്വന്തം അക്കൗണ്ടിലും നീക്കിയിരിപ്പു വട്ടപ്പൂജ്യമായിരുന്നു. അപ്പോഴും ജോലിക്കു കഠിനമായി അധ്വാനിച്ചിരുന്ന വിൻസന്റിന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ അവസരം ലഭിക്കുന്നത് 2007ലാണ്. ഓൾ ഇന്ത്യ പൊലീസ് ബാൻഡ് കോംപറ്റീഷന് ആന്ധ്രാപ്രദേശ് പൊലീസിനെ പരിശീലിപ്പിക്കാൻ ഒരാളെ നൽകണമെന്നായിരുന്നു നാവികസേനയ്ക്കു ലഭിച്ച കത്ത്. നേവി ഓർക്കസ്ട്രയുടെ ഡയറക്ടറായ കമാൻഡർ വി.സി. ഡിക്രൂസ് ഇതിനായി തിരഞ്ഞെടുത്തതു വിൻസന്റിനെയായിരുന്നു. കഠിനമായ പരിശീലനം. പൊലീസുകാർ പലപ്പോഴും അസ്വസ്ഥരായി. മൂന്നു വട്ടം പരിശീലകനെ മടക്കാൻ തുനിഞ്ഞു. ഒടുവിൽ മൽസരഫലം വരുമ്പോൾ വിൻസന്റ് പരിശീലിപ്പിച്ച ആന്ധ്രാ സംഘം ദേശീയതലത്തിൽ ഒന്നാമതെത്തി. പൊലീസ് മൽസരത്തിലും വിൻസന്റ് ജീവിതത്തിലും ആദ്യമായി ജയിച്ച നിമിഷം. അന്ന് ആന്ധ്രാ ഡിജിപി സ്വർണമെഡൽ നൽകി ആദരമറിയിച്ചു. അതിൽപിന്നെ സേനയിലും അവസരങ്ങൾ വിൻസന്റിനെ തേടിയെത്തിത്തുടങ്ങി. 2013നു സിഡ്നിയിലെ ഫ്ലീറ്റ് റിവ്യുവിൽ 21 അംഗ ഇന്ത്യൻ സംഘത്തെ നയിച്ചു. പിന്നീട് മൗറീഷ്യസിൽ, റഷ്യയിൽ... തുടങ്ങി 28 രാജ്യങ്ങളിൽ ഇതേവരെ നാവികസേനയുടെ ബാൻഡ് സംഘത്തിനൊപ്പമെത്തി. ചീഫ് നേവൽ സ്റ്റാഫിന്റെ അംഗീകാരം അടക്കം 4 തവണ സേനയിൽ ആദരിക്കപ്പെട്ടു.

റിപ്പബ്ലിക് ദിനം

സ്കോട്‌‍ലൻഡിലെ എഡിൻബറ റോയൽ മിലിട്ടറി ടാറ്റുവിൽ നാവികസേനയുടെ ബാൻഡ് സംഘത്തെ നയിച്ചതു ജീവിതത്തിൽ വഴിത്തിരിവായെന്നു വിൻസന്റ്. സേനയിലും അല്ലാതെയുമായി ഒരുപാടുപേരുടെ സ്നേഹവാക്കുകൾ‌ ലഭിച്ചു. 16 വർഷം വിൻസെന്റ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു. 30 വർഷം തുടർച്ചയായി പരേഡിൽ പങ്കെടുത്ത സബ് ലഫ്റ്റനന്റ് രമേഷ് ചന്ദ് കടോച് ആണ് 2018 വരെ സംഘത്തെ നയിച്ചത്. അപ്പോഴെല്ലാം അസിസ്റ്റന്റ് ഡ്രമ്മറായി വിൻസന്റ് കൂടെ തന്നെ നിന്നു.

രമേഷ് ചന്ദിനു ശേഷം, പരേഡിൽ ആരു സംഘത്തെ നയിക്കുമെന്ന ചോദ്യത്തിനു കമാൻഡർ വി.സി. ഡിക്രൂസിനു മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണു വിൻസന്റ് ഡ്രം മേജറാകുന്നത്. 80 അംഗ സംഘത്തെയാണു വിൻസെന്റ് നയിക്കുക. 1990ലാണ് ആദ്യമായി പരേഡിൽ പങ്കെടുക്കുന്നത്. അന്ന് 16. 5 കിലോമീറ്റർ നടക്കണമായിരുന്നു. ഇപ്പോഴത് 12 കി.മീയായി ചുരുക്കി. 2005ൽ യുപിഎ സർക്കാർ റിപ്പബ്ലിക് പരേഡിന്റെ സമയം 45 മിനിറ്റ് കുറച്ച് 115 മിനിറ്റായിരുന്നു. 2016ൽ ബിജെപി സർക്കാർ ഇതു വീണ്ടും കുറച്ചു. ഇപ്പോൾ 90 മിനിറ്റാണ് പരേഡ്. നേരിട്ടു കാഴ്ചക്കാരായി ഒന്നരലക്ഷത്തോളം പേരും.

ഒരുക്കത്തിനായി പുലർച്ചെ എഴുന്നേറ്റ് ദീർഘദൂരം നടന്നും വ്യായാമം ചെയ്തും വിൻസന്റും സംഘവും തയാറെടുപ്പു തുടരുകയാണ്. റിപ്പബ്ലിക് ദിനാചരണ പരിപാടികൾക്കു സമാപനം കുറിച്ചു നടക്കുന്ന ബീറ്റിങ് റിട്രീറ്റിൽ സേന പുതുതായി ഒരുക്കിയ പാട്ടുമുണ്ടാവും. മലയാളി കൂടിയായ ജി. രഞ്ജിത്താണു സേനാവിന്യാസം അടക്കം നിർവഹിച്ചിരിക്കുന്നത്.

സങ്കടം, ആശ്വാസം

2007ൽ പുതിയ നേവൽ ബാൻഡിലേക്കു പുതിയ റിക്രൂട്മെന്റ് നടക്കുന്ന സമയം. അന്നു ജോലി ലഭിച്ച മലയാളി പയ്യന്മാരിലൊരാൾ, സേനയിലെടുക്കുന്ന സമയത്തു വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചിരുന്നു. ഇതു പുറത്തറിയുമെന്ന ഘട്ടത്തിൽ സഹായത്തിനായി സമീപിച്ചു. അടുപ്പമുണ്ടായിരുന്ന ഒരാളെ ഇതിൽ പരിഹാരത്തിനു സാധ്യതയുണ്ടോയെന്ന കാര്യം പരിശോധിക്കാൻ പറഞ്ഞേൽപ്പിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയി. അയാൾക്കു ജോലി തന്നെ നഷ്ടമായി. മനപ്പൂർവമല്ലെങ്കിലും ഒരാൾക്കു ജോലി നഷ്ടമാകുമ്പോൾ നിശ്ശബ്ദനാകേണ്ടി വന്നതിന്റെ കുറ്റബോധമുണ്ട് വിൻസന്റിനിപ്പോഴും. അതിൽപിന്നെ, പലതരം മടുപ്പുകൾ കൊണ്ടു ജോലി ഉപേക്ഷിക്കുമെന്നു കരുതിയ പലരെയും ജോലിയിൽ പിടിച്ചുനിർത്താനായെന്ന ആശ്വാസവും. പ്രമുഖ സംഗീതജ്ഞൻ സുമേഷ് ആനന്ദിനെ അടക്കം.

നഷ്ടങ്ങളുടെ ഭൂതകാലത്തെ മറന്ന്, ഉയർന്ന ശിരസ്സും നിവർന്ന നട്ടെല്ലുമായി വിൻസന്റ്് ഇക്കുറിയും റിപ്പബ്ലിക് ദിന പരേഡിൽ നാവിക സേനയുടെ ബാൻഡിനെ നയിക്കും. നേരിട്ടും ടിവിയിലുമായി അതു കാണുന്നവർ അദ്ദേഹത്തിനു കയ്യടിക്കും. ആ അഭിമാന മുഹൂർത്തത്തെക്കുറിച്ചു ചോദിച്ചപ്പോൾ വിൻസന്റ്് വിനയത്തോടെ പറഞ്ഞു: ‘ഞാൻ എന്റെ ജോലി ചെയ്യുന്നു. ബാക്കി ദൈവം ചെയ്യുന്നു.’

English Summary: Vincent Johnson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com