ADVERTISEMENT

വാതിൽ തുറന്നുനോക്കുമ്പോൾ വീട്ടുപടിക്കൽ, കണ്ണടവച്ച ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. തോളിലൊരു സഞ്ചിയും കൈയിൽ സ്മാർട്ട് ഫോണും.

‘‘കുഞ്ഞിമാമയല്ലേ’’...?

‘‘അതെ... നീയേതാ കൊച്ചേ...?’’

കുഞ്ഞിമാമയുടെ ചോദ്യത്തിനും ശബ്ദത്തിനും ഒരു ഗാംഭീര്യമുള്ളതായി തോന്നി. അതുവേണം. ഗൗരവപ്പെട്ട കാര്യമാണ് തനിക്കു ചോദിച്ചറിയേണ്ടത് എന്ന ഭാവം ചെറുപ്പക്കാരന്റെ മുഖത്തുണ്ട്.

‘‘ഞാൻ ഒരു കാര്യം അന്വേഷിക്കാൻ വന്നതാ.. ഒരു കഥ കേൾക്കാൻ...’’

‘‘എന്നാ കഥയാ...? എനിക്കൊന്നും മനസ്സിലാകുന്നില്ല്യ കേട്ടോ...’’

കാരണവർക്കു സംഗതിയുടെ കിടപ്പുവശം കൃത്യമായും അറിയിക്കുകയെന്ന മട്ടി‍ൽ ചെറുപ്പക്കാരൻ തുടർന്നു:

‘‘ഒരു എഴുത്തിനു വേണ്ടിയാ.. മാമയുടെ സഹായം വേണം. ഒരു സംഗതി ചോദിച്ചറിയാനാ...’’

‘‘പത്രക്കാരനാണോ...? എന്നതാ പേര്...?’’

‘‘ആദം...’’

‘‘എന്നാ സംഗതിയാ ഞാൻ പറയേണ്ടത്...?’’

കുഞ്ഞിമാമ ഉമ്മറത്തെ കസേരയിൽ ചാഞ്ഞിരുന്നു. മുഖത്തെ താടിരോമങ്ങൾ നന്നേ നരച്ചിരിക്കുന്നു. കണ്ണുകൾ കുഴിഞ്ഞിരിക്കുന്നത്, ഓർമകളുടെ ആഴം ഉള്ളിലുണ്ടെന്നു പറയുന്നതുപോലെ.

ആദം എന്തെങ്കിലും പറയുംമുൻപേ കുഞ്ഞിമാമ തുടർന്നു.

‘‘നീ മുറ്റത്തു നിൽക്കാതെ ഇങ്ങോട്ട് കയറിവാ.. ദാ ഇവിടെയിരിക്ക്...’’

ആദം കോലായിൽ ഇരുന്നു. ഇതിനിടയിൽ ഒരാൾരൂപം വാതിൽക്കൽ തലയെത്തിച്ച് നോക്കി ഉള്ളിലേക്കു വലിഞ്ഞു.. മാമയുടെ ഭാര്യ.

ആദം ആഗമനോദ്ദേശ്യം വെളിപ്പെടുത്തുകയായി.

‘‘ഇവിടെ എസ്റ്റേറ്റിലെ മുൻപേയുള്ള പണിക്കാരായിരുന്നല്ലോ നിങ്ങൾ. അവിടെ ചുറ്റിപ്പറ്റി നടന്ന ചിലതൊക്കെ കേൾക്കാനിടയായി. അതിനെക്കുറിച്ചു കൂടുതൽ അറിയാനാ വന്നത്. ആ സ്ഥലംകണ്ട് ചില ഫോട്ടോയെടുത്തു തിരിച്ചു പോകണം. അത്രേയുള്ളൂ.’’

മാമയുടെ കണ്ണുകൾ തെളിഞ്ഞു.

‘‘എന്റെ ആയ കാലത്ത് ഇരുപതു വർഷം ഞാനവിടെ പണിയെടുത്തതാ. എത്രയേക്കർ സ്ഥലമാണെന്നറിയാവോ. ആയിരത്തഞ്ഞൂറിലേറെ വരും. അതിന്റെ എല്ലാ മുക്കുമൂലകളിലും എനിക്കു കണ്ണെത്താൻ കഴിഞ്ഞിട്ടില്ല. ഉള്ളിലൊരു ക്വാറിയുണ്ട്. അതിന്റെ പരിസരത്തൊരു ചായക്കടയും. ആ ഭാഗത്തായിരുന്നു എനിക്കു പണി. ഒത്തിരി റബറുള്ളതല്ലേ. അങ്ങനെയങ്ങനെ കൊല്ലങ്ങൾ പോയി. ഇതിലിപ്പം കൊച്ചു പറഞ്ഞ കഥ എന്നാത്തിനെക്കുറിച്ചാ...?’’

‘‘കുട്ടിക്കുന്നിന്റെ കഥ’’ ആദം പറഞ്ഞു.

കുഞ്ഞിമാമ ഒരൽപം ഞെട്ടലോടെ ഒന്നു നിവർന്നു. ചുണ്ടുകൾ ചെറുതായി വിറച്ചു.

‘‘വിക്ടർ ഗോൺസാലസ്.’’

കൂടരഞ്ഞി പ്രീമിയർ ലീഗിന്റെ പ്രഥമ റൗണ്ട് നടക്കുകയാണ്. യുവതലമുറയുടെ ലഹരിഭ്രാന്ത് മാറ്റിയെടുക്കാൻ അവരിൽ കളിയുടെ സുഖം കുത്തിവച്ച പരിപാടി. സംഗതിയങ്ങു ഹിറ്റായി. നാട്ടുകാർക്കെല്ലാം പുതിയ ആശയത്തോടു വല്ലാത്ത മതിപ്പ്. അങ്ങനെ, സ്കൂളടച്ച വെക്കേഷനിടവേളയിൽ കാര്യപരിപാടികൾ തുടങ്ങി. ആദ്യമൽസരം കരീബിയൻസ് കർണാടകയും ബറ്റാലിയൻസ് എഫ്സിയും. ആസിഫും നജിയും ജംഷീറുമടക്കം നാട്ടുകാരുടെ കണ്ണിലുണ്ണികളായ പ്രാദേശിക ഫുട്ബോൾ റൊണോൾഡോകൾ മൈതാനം കയ്യടക്കുന്നനേരം. ആസിഫടിച്ച പന്ത് വര കടന്നതു റഫറി കാണാതെപോയി. ഗോൾ നൽകണമെന്ന് അപ്പീലുമായി ബറ്റാലിയൻസ് റഫറിയുടെ പിറകിൽ നടന്നു. കളിയുടെ ഗതി നിലച്ചു. ആകെ ബഹളമയം. ഗ്യാലറികളിലെ നാട്ടുകാർ വിവിധ മുറവിളികളുമായ് ഓരോ ടീമുകൾക്കൊപ്പം ചേർന്നു. പെട്ടെന്ന് ഒരു കുപ്പിയുടയുന്ന ശബ്ദം.

കളിക്കാർ ക്ഷീണമകറ്റാൻ കരുതിവച്ച സോഡാക്കുപ്പിയെടുത്ത് അടിഭാഗമുടച്ച് നടന്നുവരുന്ന വറീത് മാപ്ല, കഞ്ചാവു വറീത്, കള്ള വറീത്.

‘‘താനെന്നാ കോപ്പിലെ പണിയാ കാണിക്കണത്. തന്റെ കണ്ണെന്താ പണയത്തിലാണോ. നെഗളത്തരം കാണിക്കാനാണേൽ വറീത് പണിതരും.’’ അയാൾ റഫറിക്കു നേരേ ചീറി.

അല്ലെങ്കിലും വറീതിനു മുറുമുറുപ്പുണ്ടാകും. ടീം സപ്പോർട്ടേഴ്സിന്റെ ഫോട്ടോയെല്ലാം വച്ചു വമ്പനൊരു ഫ്ലക്സ് കയറ്റിയപ്പോ വറീതിന്റെ ഫോട്ടോ മാത്രം പരിഗണിച്ചില്ല. നാട്ടുകാരനായിരുന്നിട്ടും തനിക്കു യാതൊരു വിലയുമില്ലെന്നു പറയാതെ പറഞ്ഞതിന്റെ ചൊരുക്ക് അയാളിൽ ആവോളമുണ്ട്.

‘‘അവൻ കഞ്ചാവാ. കള്ളനാ. അവനെയൊന്നും കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല്യ.’’ വറീത് കേൾക്കാതെ കാരണവൻമാർ അടക്കം പറയും.

വറീതിന്റെ അപ്പനപ്പാപ്പൻമാർ എസ്റ്റേറ്റിലെ പണിക്കാരായിരുന്നു. പിന്നെ ഒറ്റയടിക്ക് ഒരു സുപ്രഭാതത്തി‍ൽ വറീതിന്റപ്പനെ കാണാതായി. അന്ന് അയാൾ കല്യാണമൊന്നും കഴിച്ചിരുന്നില്ല. വറീതിന്റപ്പനായില്ല. ആന്റപ്പൻ മാത്രം. സ്നേഹമുള്ളവർ അയാളെ അന്തോണിയെന്നും വിളിച്ചു. നാളേറെ കഴിയുംമുൻപ് അന്തോണി പ്രത്യക്ഷപ്പെട്ടു.

കുബേരൻ. കയ്യിൽ കാശും അതിനൊത്ത പത്രാസും.

മറിയയെ കെട്ടി എസ്റ്റേറ്റിലെ ബംഗ്ലാവിനോളം പോന്ന വീടുവച്ച് പൊറുതി തുടങ്ങി.

പെട്ടെന്നുയർന്ന അന്തോണിയുടെ പണച്ചാക്ക്, കട്ടു കിട്ടിയതാണെന്ന് നാട്ടുകൂട്ടം വിധിയിട്ടു. അതു നേരിട്ടു പറയാനോ സൂചിപ്പിക്കാനോ ആർക്കും ധൈര്യം വന്നില്ല. എന്തെങ്കിലും പറഞ്ഞാൽ അന്തോണി ശുണ്ഠിയെടുക്കുമെന്ന് എല്ലാവർക്കുമറിയാം.

ആ ആന്റപ്പന്റെ മകനാണ് ഇന്നിവിടെ തണ്ടുകാണിച്ച വറീത്. വറീത് ആന്റണി എന്നൊക്കെ സുന്ദരമായി പേരുള്ളവൻ. പെ‌ണ്ണുകെട്ടാതെ, കാരാക്കൂസുകളിച്ച്, കാശിന്റെ ദമ്മടിച്ച് കഞ്ചാവു വറീതായി, കള്ള വറീതായി.

‘‘വറീതല്ല കെട്ടോ കട്ടത്, അവന്റെ അപ്പനാ.’’

‘‘അന്തോണിച്ചനോ...?’’

‘‘അതെ.’’

‘‘എന്നാ കട്ടെന്നാ.. എവിടുന്നു കട്ടെന്നാ..?’’

‘‘അതറിയാമ്മേല.. കുട്ടിക്കുന്ന് കട്ടതവനല്ലേ...’’

കെ.പി.എൽ ഗ്യാലറിയിലിരുന്നു ആദം കുട്ടിക്കുന്നിനെക്കുറിച്ച് ആദ്യമായി കേട്ടു.

കള്ളൻ ആന്റപ്പൻ കുട്ടിക്കുന്ന് കട്ടു.

മമ്മണ്ണന്റെ ചായമക്കാനിയിൽ അന്നു ഭീതി കലർന്ന ഒരു വാർത്തയെത്തി. കടവു കടന്ന് കവളോറയ്ക്കു പോയ കാസീമാവു എന്തോ കണ്ടു പേടിച്ചത്രേ.

‘‘ആ വഴിക്കു പോയിട്ട് എന്നാ കണ്ടെന്നാ...?’’ കൂട്ടത്തിലെല്ലാവരുടെയും ആശങ്ക ഒരുവൻ ചോദിച്ചു.

കാസീമാവു ഇടയ്ക്കിടെ വിറയ്ക്കുന്നു. നല്ല പനിയുണ്ട്. വീട്ടിൽ കുളിരു കൊള്ളാതെ പുതച്ചു കിടക്കാൻ മനസ്സു വന്നില്ല. കണ്ടതത്രയും ആരോടെങ്കിലും പറയാതെ അയാൾക്കുറങ്ങാനായില്ല.

അയാൾ പറഞ്ഞു തുടങ്ങി: ‘‘നേരം ഇച്ചിരി ഇരുട്ടിയപ്പഴാ ഞാനാ വഴിക്കിറങ്ങിയത്. കയ്യിലാണേ വെട്ടവുമില്ല. നമ്മടെ നാടല്ലേ.. എന്നാ പേടിക്കാനാ എന്നുവച്ച് ഞാനങ്ങു നടന്നു. കപ്രക്കാടൻമാരുടെ വീടിന്റെ നേർഭാഗത്ത് പുഴ തിരിയുന്നിടത്ത് ആരോ വെള്ളത്തിൽ പിടയുന്നപോലെ ഒരൊച്ച. വെളിച്ചമില്ലാതെ വന്നതുകൊണ്ട് എന്താന്നു മനസ്സിലായില്ല. എന്നതായാലും നോക്കിയേക്കാമെന്നു വച്ചു ഞാനിറങ്ങി. പെട്ടെന്നൊലർച്ച. ഒരു പെങ്കൊച്ചിന്റെ ഒച്ച പോലെ തോന്നിയെനിക്ക്. പിന്നെ വെള്ളത്തിനനക്കമില്ലാതായി. ഞാൻ തിരിച്ചു റോഡിലേക്കു കയറിവരുമ്പം കുട്ടിക്കുന്നീന്ന് ഒരു മങ്ങിയ വെട്ടം. നിഴലുപോലെ എന്തോ ഒന്ന് എന്റെ മുന്നിലൂടെ കുന്നിലേക്കു പാഞ്ഞുകയറി. പിന്നെയെനിക്ക് നിൽപുറച്ചില്ല. മരണപ്പാച്ചിലു പാഞ്ഞാ ഞാനിവിടെ വന്നത്. അവിടെന്തോ കുഴപ്പമുണ്ട്, നേരംകെട്ടനേരത്തൊന്നും ആ വഴി പോയേക്കല്ലേ.’’

കാസീമാവുവിന്റെ വാക്കുകൾ എല്ലാവരിലും ഭയം പടർത്തി. കടവു പാലം കടന്ന് പോകാൻ പലർക്കും കാലുവിറച്ചു.

മമ്മണ്ണന്റെ കടയിൽ പിറ്റേന്നു മുതൽ ചായയ്ക്കു കൂട്ട് കുട്ടിക്കുന്നിലെ പേടിപ്രതിഭാസമായി. കുട്ടിക്കുന്നിൽ പ്രേതബാധയാണെന്നും, അല്ല കാസീമാവൂന് തോന്നിയതാണെന്നും അഭിപ്രായങ്ങൾ വന്നു. എന്നിരുന്നാലും സന്ധ്യയ്ക്കുശേഷം ആ വഴി പോകാൻ എല്ലാവരും മടിച്ചു; പേടിച്ചു.

അള്ളിയിലും പാടിയിലും കവളോറയിലും മോഷണങ്ങളുടെ പരമ്പര രാത്രികളുണ്ടായി. കുഞ്ഞപ്പൂവിന്റെ മകളുടെ കല്യാണക്കുറിപ്പണം, മേരിക്കുട്ടി ടീച്ചറുടെ അയൽക്കൂട്ടഫണ്ട്, കൊക്കേട്ടന്റെ പഴയ തോക്ക് എന്നിങ്ങനെ അനേകം തൊണ്ടിമുതലുകളെക്കുറിച്ച് യാതൊരു വിവരവുമില്ലാതെയായി. പൊലീസിൽ പരാതിപ്പെട്ടു. പരിശോധനയ്ക്കെത്തിയ ഏമാൻമാരും കുട്ടിക്കുന്നിലെ കഥ കേട്ടു തട്ടിയെടുത്തു.

നാടിനു കുട്ടിക്കുന്നിന്റെ ശാപമാണെന്നും ഇനിയും അനിഷ്ടങ്ങൾ സംഭവിക്കുമെന്നും ചങ്ങനാശേരിക്കാരൻ കണിയാർ പ്രശ്നം വച്ചു. കൂട്ടത്തിലൊന്നുകൂടി ചേർത്തു. അപഹരിച്ചു മതിക്കുന്നൊരവതാരം പ്രത്യക്ഷമായിരിക്കുന്നു.

വിറകിനു പോയ പെണ്ണുങ്ങളാണ് ആദ്യമാ കാഴ്ച കണ്ടത്. ആന്തങ്കല്ലിനരികിൽ തല മൊട്ടയടിച്ച് മീശ പിരിച്ച ഒരാൾ. കള്ളൻ രാജഗോപാലൻ.

ടിപ്പോയിയിൽ ചായയും പലഹാരവും നിരന്നു. എല്ലാം എടുത്തു കഴിക്കൂ എന്നു കുഞ്ഞിമാമ പറഞ്ഞെങ്കിലും ആദം കഥ കേൾക്കാനായ് കാതുകൾ കൂർപ്പിച്ചുവച്ചു.

മാമ പറഞ്ഞുതുടങ്ങി: ‘‘നിങ്ങൾ ചോദിച്ച കാര്യങ്ങൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്. ഒരുപക്ഷേ, ഇന്നത്തെ കുട്ടികൾക്കൊന്നും ഇതിനെക്കുറിച്ച് യാതൊരറിവും കാണത്തില്ല. കെട്ടുകഥയായി തോന്നും.’

‘‘ആദ്യമായ് കേട്ടപ്പോൾ എനിക്കും അദ്ഭുതമായിരുന്നു. അത്രയും മുൻപേ ഈ നാടുമായ് ഒരു ബ്രിട്ടിഷ് ബന്ധം. വർഷങ്ങൾ പഴക്കമുള്ള ഒരു ബംഗ്ലാവ്. എല്ലാം ഒരർഥത്തി‍ൽ കൗതുകം തന്നെയല്ലേ.’’ ആദം കൂട്ടിച്ചേർത്തു.

വിക്ടർ ഗോൺസാലസ് നായാട്ടു പ്രിയനായിരുന്നു. ആ ഏക്കറുകണക്കിനു ഭൂമിയിലൂടെയെല്ലാം അയാൾ തോക്കുമായ് മദിച്ചു നടക്കും. നാൽപതു വയസ്സുവരെ ഒറ്റത്തടിയായ് ജീവിച്ചു. പിന്നെയാണു കല്യാണമൊക്കെയായത്.

എമിലി. വിക്ടറിനെക്കാൾ പതിനഞ്ചു വയസ്സു കുറവായിരുന്നവൾക്ക്. അവരുടെ വിവാഹം എവിടെ നടന്നെന്നു നിശ്ചയമില്ല. വിക്ടർ ഒരു യാത്ര പോയി തിരികെ വന്നപ്പോൾ എമിലിയും കൂടെയുണ്ട്. കല്യാണം നടന്നവകയിൽ എസ്റേറ്റ് തൊഴിലാളികൾക്കെല്ലാം അന്നു ഗംഭീര വിരുന്നൊരുക്കി. സായ്പാണേലും വിക്ടറിനു മലയാളം സംസാരിക്കാനറിയാമായിരുന്നു. എമിലി എല്ലാവരോടും ചിരിക്കുകമാത്രം ചെയ്യും. അവൾ പറയുന്നതൊന്നും വിക്ടറിനല്ലാതെ ആർക്കും മനസ്സിലായില്ല.

വിരുന്നിൽ സായ്പ് വേട്ടയാടിപ്പിടിച്ച കാട്ടാടും മ്ലാവും ഉണ്ടായിരുന്നു. വിക്ടറിന്റെ ഏറ്റവും അടുത്ത കാര്യക്കാരനായിരുന്നു വടമാവേൽ ആന്റപ്പൻ. വറീതിന്റെ അപ്പൻ. ആന്റപ്പന് അന്നു പാടിയിൽ ചില തലതെറിച്ച ഏർപ്പാടുകളുണ്ടായിരുന്നു. ചീട്ടുകളി, വാറ്റ്, പിന്നെ കഞ്ചാവ് കൃഷിയും. പക്ഷേ, വിക്ടർ ഇതൊന്നും വിലക്കിയില്ല. വെടിയിറച്ചി പാകപ്പെടുത്തി പൊരിച്ചും വേവിച്ചും സായിപ്പിനു രുചിയോടെ നിരത്താൻ അന്തോണി മിടുക്കനായിരുന്നു. അതുതന്നെ കാര്യം.

നാലു വർഷങ്ങൾക്കു ശേഷമാണ് എമിലി ഗർഭിണിയായത്. പെൺകുഞ്ഞ്.

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com