sections
MORE

മരുഭൂമിയിൽ ഒരു ഗ്രാമം

dubai-hatt
ഹത്തയിലെ തടാകം. കയാക്കിങ് സൗകര്യമുള്ളത് ഇവിടെയാണ്.
SHARE

ദുബായ് നഗരത്തില്‍നിന്നു രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരുന്ന ഒരു ഗ്രാമം– ഹത്ത. ഒമാന്‍ അതിര്‍ത്തിയോടു ചേര്‍ന്നു ദുബായ് പുനഃസൃഷ്ടിച്ച മലയോര ഗ്രാമം. കടുത്ത ചൂടില്‍നിന്നു ശമനം തേടി നഗരവാസികള്‍ എത്തിയിരുന്ന ഗ്രാമത്തെ ഒന്നാന്തരമൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചു ലോകത്തിനു ബദല്‍ വികസന മാതൃക സമ്മാനിക്കുകയാണ് ദുബായ്. ഡിസംബര്‍ അവസാനം തുടങ്ങി ഫെബ്രുവരി വരെ നീളുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ കാലത്തെ സഞ്ചാരികളെക്കൂടി മൂന്നില്‍ക്കണ്ട് അണിഞ്ഞൊരുങ്ങിയ ഹത്തയില്‍ ഓരോ ദിവസവുമെത്തുന്നത് ആയിരക്കണക്കിനു സഞ്ചാരികള്‍. യുഎഇയില്‍നിന്നുള്ളവര്‍ മുതല്‍ ഇന്ത്യയില്‍നിന്നും യൂറോപ്പില്‍നിന്നുമെത്തുന്നവര്‍ വരെ സാഹസികവും സൗമ്യവുമായ വിനോദങ്ങളിലേര്‍പ്പെട്ട് നിറഞ്ഞ മനസ്സുമായി ഹത്തയില്‍നിന്നു മടങ്ങുന്നു.  

ഒമാന്‍ അതിര്‍ത്തിയോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഹത്തയിലേക്കു ദുബായില്‍നിന്ന് റോഡ് മാര്‍ഗം 134 കിലോമീറ്ററാണു ദൂരം.  അംബരചുംബികളുടെ നഗരത്തില്‍നിന്നു തുടങ്ങുന്ന യാത്ര നീളുന്നതു മരുഭൂമിയുടെ വന്യതയിലേക്കും വിശാലതയിലേക്കും.

റോഡിന് ഇരുവശവും കാണുന്ന ആകാശം മുട്ടുന്ന എടുപ്പുകള്‍ പിന്നിലേക്കു മായുന്നതോടെ തിരക്ക് ഓര്‍മയാകുന്നു. ഇടയ്ക്കിടെ കറുത്ത പൊട്ടുകള്‍ പോലെ കൂടാരങ്ങള്‍. ടെന്റടിച്ചു നിര്‍മിക്കുന്ന ഈ താല്‍ക്കാലിക കൂടാരങ്ങളില്‍ രാപ്പാര്‍ക്കാന്‍ വരുന്നവരുണ്ട്. വിജനമെങ്കിലും മരുഭൂമിയുടെ പൊന്നാട പോലെ നീളുകയാണു യാത്ര. ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്ന ഒട്ടകങ്ങള്‍.  

ഗ്രാമത്തെ പാരമ്പര്യത്തനിമയില്‍ പുനഃസൃഷ്ടിച്ചതാണു ഹത്തയെ സവിശേഷമാക്കുന്നത്. അല്‍ ഹജര്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന രണ്ടു വാച്ച് ടവറുകളില്‍ എത്തിയാല്‍ ഇരുവശങ്ങളിലായി ദുബായിയും ഒമാനും കാണാം.  1880 കാലത്തെ വാച്ച് ടവറുകള്‍ രാജ്യസുരക്ഷയെക്കരുതി ഏറ്റവും ഉയരമുള്ള മലനിരകളില്‍ നിര്‍മിച്ചവയാണ്. പശയുള്ള മണ്ണില്‍ മെനഞ്ഞെടുത്ത വാസ്തുശില്‍പ സമുച്ചയങ്ങള്‍. പഴമയുടെ പ്രൗഢി ഇന്നും നിലനിര്‍ത്തിയിരിക്കുന്ന ടവറുകളിലേക്കു നടന്നുതന്നെ കറയണം.  

hatta-lodge
കളിമണ്ണും പനയോലയും തടിയുമുപയോഗിച്ചു നിർമിച്ച കോട്ടേജുകളിലൊന്ന്.

രാവിലെ ദുബായില്‍നിന്നു തിരിച്ചു ഹത്തയിലെത്തി രാത്രി വൈകി മടങ്ങിപ്പോകുന്നവരാണു സഞ്ചാരികളേറെയുമെങ്കിലും രാത്രി തങ്ങാന്‍ ഇടവുമുണ്ട്. കളിമണ്ണും പനയോലയും  തടിയുമുപയോഗിച്ചു നിര്‍മിച്ച മലമുകളിലെ കോട്ടേജുകള്‍. ഇവയ്ക്കൊപ്പം വൈദ്യുതി ആവശ്യത്തിനുവേണ്ടി നിര്‍മിച്ച തടാകത്തെ വലിയൊരു ജലാശയമാക്കി മാറ്റി കയാക്കിങ്ങിനു സൗകര്യമൊരുക്കുന്നു.

ഒറ്റയ്ക്കു തുഴഞ്ഞുപോകാവുന്ന ഫൈബര്‍ വള്ളങ്ങളും സ്പീഡ് ബോട്ടുകളും യന്ത്രസഹായത്താല്‍ കുതിച്ചുപായുന്ന ബോട്ടുകളുമുള്ള ജലാശയത്തില്‍ പകല്‍ എപ്പോഴും തിരക്കുതന്നെ. നാലുവശവും കാവല്‍നില്‍ക്കുന്ന മലനിരകളുടെ സംരക്ഷണയില്‍ വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഒാളപ്പരപ്പില്‍ എത്രവേണമെങ്കിലും ഒഴുകിനടക്കാം.  ജലാശയത്തിന്റെ ഒരു വശത്തു ട്രെയിന്‍ ബോഗികളുടെ രൂപത്തില്‍ നിര്‍മിച്ച അത്യാധുനിക സൗകര്യമുള്ള മുറികളുണ്ട്. അറബിക് തനിമയിലുള്ള ഭക്ഷണം പാകം ചെയ്യാന്‍ വിദഗ്ധരും സൗകര്യവുമുണ്ട്. 

സാഹസിക കായികവിനോദങ്ങളാണു ഹത്തയുടെ മറ്റൊരു പ്രത്യേകത. അമ്പും വില്ലും തന്നെ പ്രധാനം. പ്രത്യേക ദൂരത്തില്‍ നിന്നു മഴു എറിഞ്ഞു കൃത്യമായ ലക്ഷ്യത്തില്‍ കൊള്ളിക്കുന്ന സാഹസിക വിനോദവുമുണ്ട്. ചെറുപ്പക്കാര്‍ക്കു സൈക്ലിങ്. ബൈക്കുകളില്‍ ആവേശസവാരിയും ഈയിടെ ആരംഭിച്ചിട്ടുണ്ട്. മലയടിവാരത്തില്‍ മനോഹരമായ ഒരു ഹോട്ടലുമുണ്ട് 

12,000 വരുന്ന പ്രദേശവാസികള്‍ മാത്രം പാര്‍ക്കുന്ന ഈ ഗ്രാമത്തിനു തിലകക്കുറിയായി- ഹത്ത ഫോര്‍ട് ഹോട്ടല്‍. ഹോട്ടലിനോടു ചേര്‍ന്നു മനോഹരമായി ലാന്‍ഡ് സ്കേപ് ചെയ്ത പ്രകൃതിയില്‍ മാനുകളെയും മയിലുകളെയും മറ്റും വളര്‍ത്തുന്ന പാര്‍ക്കുകളുണ്ട്. നൂറുകണക്കിനു പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടവും. 

hatta-watch-tower
അൽ ഹജർ മലമുകളിലെ വാച്ച് ടവർ. ഇവിടെനിന്നു നോക്കിയാൽ ദുബായിയും ഒമാനും കാണാം.

ഹെറിറ്റേജ് വില്ലേജാണു ഹത്തയുടെ മറ്റൊരു പ്രത്യേകത. ഇന്നു കാണുന്ന ദുബായ് സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ് മരുഭൂമിയോടും വന്യതയോടും പടവെട്ടി ഒരു ജനത എങ്ങനെ ജീവിച്ചു എന്നതിന്റെ തെളിവുകള്‍. പുരാതന കാലത്തെ വീടുകളെ ആ കാലത്തോടു നീതി പുലര്‍ത്തിത്തന്നെ പുനഃസൃഷ്ടിച്ചിരിക്കുന്നു. ഈന്തപ്പനയോലയും തടിയും മറ്റുമാണ് നിര്‍മാണ വസ്തുക്കളില്‍ പ്രധാനം. ഹത്ത എന്ന് ഇന്നു വിളിക്കപ്പെടുന്ന ഗ്രാമം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈന്തപ്പനകള്‍ തിങ്ങിനിറഞ്ഞ പ്രദേശമായിരുന്നു.

ഇന്നു കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ മരുഭൂമിയില്‍ പഴയ കാലത്തെ ഓര്‍മിപ്പിക്കുന്ന കുടിലുകളും കൂടാരങ്ങളുമുണ്ട്. ടാറിടാതെയും കോണ്‍ക്രീറ്റ് ചെയ്യാതെയും നിര്‍മിച്ച റോഡുകളില്‍ സഞ്ചരിക്കാന്‍ പ്രത്യേക ജീപ്പുകളുമുണ്ട്. ഏതു കാലാവസ്ഥയിലും യാത്ര സാധ്യമെങ്കിലും ഡിസംബറില്‍ തുടങ്ങി മൂന്നു മാസത്തോളം നീളുന്ന തണുപ്പുകാലം തന്നെയാണ് ഹത്ത സന്ദര്‍ശിക്കാന്‍ യോജ്യം. തണുപ്പു കൂടിയാല്‍ പ്രത്യേക സ്ഥലങ്ങളില്‍ തീ കൂട്ടാനുള്ള സൗകര്യമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA