sections
MORE

65 ഗ്രനേഡ് ചീളുകൾ ശരീരത്തിൽ ഇപ്പോഴും; ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ പോരാട്ടം

varun-ship
ക്യാപ്റ്റൻ വരുൺ സിങ് ഇന്ത്യൻ നാവികസേനയുടെ പരിശീലനക്കപ്പലായ ഐഎൻഎസ് തീറിൽ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ
SHARE

2018 ഫെബ്രുവരിയിൽ, ആശുപത്രിക്കിടക്കയിലിരുന്ന് ക്യാപ്റ്റൻ വരുൺ സിങ് ഡയറിയിൽ കുറിച്ചു: ‘‌ദിവസം ഒരാളുടെയെങ്കിലും പുഞ്ചിരിക്കു കാരണക്കാരനാവും’. ആ ഡയറിക്കുറിപ്പിനു പിന്നിലൊരു കഥയുണ്ട്. ധീരനായ ഒരു സൈനികന്റെ, ഹൃദയത്തെ തൊടുന്ന ഒരു മനുഷ്യന്റെ കഥ. 

ക്യാപ്റ്റൻ വരുൺ സിങ്. മധ്യപ്രദേശ് സത്‌നാം സ്വദേശി. വയസ്സ് 48. കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത്, പരിശീലനക്കപ്പലായ ‘ഐഎൻഎസ് തീറി’ന്റെ കമാൻഡിങ് ഓഫിസർ. കശ്മീരിൽ 2000 മേയിൽ ഭീകരർക്കെതിരെ ജീവൻ പണയം വച്ചു നടത്തിയ പോരാട്ടത്തിന് അക്കൊല്ലം ശൗര്യചക്ര നേടി. 

കശ്മീരിൽ

മറീൻ കമാൻഡോ സംഘാംഗമായി 1999 ഡിസംബറിലാണു വരുൺ സിങ് കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വുളർ തടാകത്തിനു സമീപം നിയോഗിക്കപ്പെട്ടത്. പാക്കിസ്ഥാനിൽ നിന്നു ഭീകര‍ർ നുഴഞ്ഞു കയറാൻ ഉപയോഗിക്കുന്ന പാത കരസേനയുടെ മേൽനോട്ടത്തിൽ പ്രതിരോധിക്കുകയായിരുന്നു ചുമതല.  

അന്നു കണ്ട സ്വപ്നം

2000 ഏപ്രിലിന്റെ അവസാന ദിവസങ്ങളിൽ പുലർച്ചെ വല്ലാത്തൊരു സ്വപ്നം തുടർച്ചയായി കണ്ടിരുന്നുവെന്നു വരുൺ. ‘ഭീകരനെ വെടിവച്ചിടുന്നു. അയാളുടെ ജീവനു പകരം നീയെന്തു നൽകുമെന്നു ദൈവം ചോദിക്കുന്നു. തർക്കിച്ചു തർക്കിച്ച്, കൈകൾ എടുത്തോളൂ എന്ന് ഒടുവിൽ ഞാൻ മറുപടി നൽകി. സ്വപ്നം അതോടെ തീർന്നു.’

ദിവസങ്ങൾക്കകം നടന്നത്  

varun

2000 മേയ് 3. വൈകിട്ട് 3. തടാകത്തിനു സമീപത്തുള്ള വീട്ടിൽ തമ്പടിച്ച ഭീകരർക്കെതിരായ സൈനിക നടപടി തുടങ്ങി. 2 ഭീകരരെ വരുൺ വെടിവച്ചു കൊന്നു. മൂന്നാമത്തെ ഭീകരൻ ഉതിർത്ത വെടിയുണ്ട, വരുണിന്റെ കുപ്പായത്തിലുണ്ടായിരുന്ന ഗ്രനേഡിലാണു കൊണ്ടത്. ഭാഗ്യത്തിന് അതു പൊട്ടിയില്ല. പക്ഷേ, ഗ്രനേഡിന്റെ ചീളുകൾ നെഞ്ചിന്റെ വലതുഭാഗത്തു തറഞ്ഞു കയറി. ആകെ മുറിഞ്ഞു.

വലതുകൈയ്ക്കും സാരമായി പരുക്കേറ്റു. നിലത്തു വീണ വരുണിനു ബോധം വന്നും പോയുമിരുന്നു. ഒപ്പമുണ്ടായിരുന്ന കമാൻഡോയുടെ ധൈര്യം വരുണിനെ രക്ഷിച്ചു. അപ്പോഴേക്കും വെളിച്ചം മങ്ങിയിരുന്നു. എൻഡിഎയിലെ സഹപാഠികളായിരുന്ന രണ്ടു കരസേനാ പൈലറ്റുമാർ പറത്തിയ ഹെലികോപ്റ്ററിൽ വരുണിനെ ശ്രീനഗർ ബേസ് ക്യാംപിലേക്കു മാറ്റി.  ശ്രീനഗറിലെത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു. ചീളുകൾ തറച്ച്, തലങ്ങും വിലങ്ങും മുറിവേറ്റ്, തുറന്നു വച്ചതു പോലുള്ള നെഞ്ചിന്റെ വലതു ഭാഗം. വരുണിനെ കണ്ടപാടേ ഡോക്ടർ പറഞ്ഞു: ‘എന്തു ചെയ്തിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല.’ പക്ഷേ, സ്വന്തം ചുമതലയിൽ നിന്നു ഡോക്ടർ പിന്മാറിയില്ല. 

ശസ്ത്രക്രിയ 7 മണിക്കൂർ നീണ്ടു. വലതു ശ്വാസകോശത്തിന്റെ പകുതി മുറിച്ചു മാറ്റി. ഹൃദയത്തിൽ തറച്ച ഗ്രനേഡ് ചീൾ എടുത്തു കളഞ്ഞു. വരുൺ ജീവിതത്തിലേക്കു തിരിച്ചുവന്നു. 10 ദിവസം ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ. 

ഡൽഹി ആർആർ ആശുപത്രിയിലും മുംബൈയിൽ നാവികസേനയുടെ അശ്വിനി ആശുപത്രിയിലും തുടർ ശസ്ത്രക്രിയകൾ.  ബോൺ ഗ്രാഫ്റ്റിങ് നടത്തിയതിനെ തുടർന്ന്, 2000 ഡിസംബറിൽ വലതു കൈയുടെ ശേഷി നഷ്ടപ്പെട്ടു. വീണ്ടും അനക്കാൻ സാധിച്ചത് ഒരു വർഷത്തിനു ശേഷം. 

നെഞ്ചിന്റെ വലതു ഭാഗത്തും വലതു കൈയിലുമായി 65 ഗ്രനേഡ് ചീളുകൾ ഇപ്പോഴുമുണ്ട്. ഇവ നീക്കം ചെയ്യാൻ 65 ശസ്ത്രക്രിയകൾ വേണ്ടി വരുമെന്നതിനാൽ അതിനു മുതിർന്നില്ലെന്നു വരുൺ. ആർആർ ആശുപത്രിയിൽ കാണാനെത്തിയപ്പോൾ, മകൾ ശിവാനി പറഞ്ഞു ‘മൈ ഡാഡി ഈസ് സ്ട്രോങ്ങസ്റ്റ്’. 2001 ഡിസംബറിൽ, വരുൺ സൈനിക ജീവിതത്തിലേക്കു തിരിച്ചെത്തി. 

തിരിച്ചു വരവ്

ചികിത്സ തുടരുന്നതിനിടയിൽ തന്നെ വരുൺ മുംബൈയിൽ ഐടി കോഴ്സ് പാസായി. 2002ൽ, വിശാഖപട്ടണത്ത് മറീൻ കമാൻഡോ പരിശീലനത്തിനു സ്ഥിരം ബേസ് ഒരുക്കാനുള്ള ടീമിൽ അംഗമായി. തുടർന്ന്, ഐഎൻഎസ് മാൽപെ എന്ന കപ്പലിന്റെ കമാൻഡിങ് ഓഫിസറായി. 2011ൽ ഐഎൻഎസ് കൃഷ്ണ എന്ന കപ്പലിന്റെ കമാൻഡിങ് ഓഫിസർ എന്ന നിലയിൽ, രാഷ്ട്രപതിയുടെ ഫ്ലീറ്റ് റിവ്യുവിൽ പങ്കെടുത്തു. തുടർന്ന് ഐഎൻഎസ് ശാരദ എന്ന കപ്പലിന്റെ നായകൻ. 2016 മാർച്ചിൽ വിശാഖപട്ടണത്തെ മറീൻ കമാൻഡോ പരിശീലന കേന്ദ്രമായ ഐഎൻഎസ് കർണയുടെ കമാൻ‍ഡിങ് ഓഫിസറായി. 

6 പരിശീലനക്കപ്പലുകളുടെ നായകസ്ഥാനത്തുള്ള ഐഎൻഎസ് തീറിനെ നയിക്കാനുള്ള നിയോഗം. ഒപ്പം വിധി മറ്റു ചിലതു കൂടി വരുണിനു കാത്തുവച്ചിരുന്നു. 

അസ്തമിക്കാത്ത പകൽ

2018 ഫെബ്രുവരി 8. വിവാഹ വാർഷിക ദിനം. അന്നു രാവിലെ, ഡോക്ടർമാർ വരുണിനോട് ഒരു കാര്യം പറഞ്ഞു:‘വൃക്കയിൽ കാൻസറാണ്. പ്രാരംഭഘട്ടം.’ 

വിവാഹ വാർഷികവും ഐഎൻഎസ് തീറിന്റെ കമാൻഡിങ് ഓഫിസർ പദവിയിലേക്കുള്ള നിയോഗവും ആഘോഷിക്കാൻ കാത്തിരിക്കുന്ന കുടുംബവും സുഹൃത്തുക്കളും ഒരുവശത്ത്. 

മറുവശത്ത് കാൻസർ. ആദ്യമായി വരുണിന്റെ മനസ്സുലഞ്ഞു. പകലിനു നീളം കൂടി. പക്ഷേ, സൈനികന്റെ ധൈര്യം ചോർന്നില്ല. ആഘോഷങ്ങൾ മുടക്കിയില്ല. പിന്നീടു വീട്ടുകാരോടു വിവരം പറഞ്ഞു. അക്കൊല്ലം മാർച്ചിൽ ആദ്യ ശസ്ത്രക്രിയ.

6 മാസത്തെ വിശ്രമം വേണമെന്നാണു ഡോക്ടർമാർ നിർദേശിച്ചത്. പക്ഷേ, വരുൺ നൽകിയ മറുപടി ഇതായിരുന്നു: ‘കടലാണെന്റെ ജീവിതം. സേനയാണെന്റെ ഊർജം’. 2 മാസം മാത്രം വിശ്രമിച്ച്, ‘തീറി’ന്റെ കമാൻഡിങ് ഓഫിസറായി 2018 ജൂൺ ഒന്നിന് അദ്ദേഹം ചുമതലയേറ്റു. സുജാത, മഗർ, ശാർദുൽ, സുദർശിനി, തരംഗിണി, തീരരക്ഷാ സേനയുടെ സാരഥി എന്നീ പരിശീലന കപ്പലുകൾ കൂടി ‘തീറി’ന്റെ കമാൻഡിങ് ഓഫിസറുടെ കീഴിലാണ്.  

രക്ഷകൻ 

2019 മാർച്ചിൽ മൊസാംബിക്കിൽ ചുഴലിക്കാറ്റടിച്ചു. കെഡറ്റുകൾക്കു കടലിലുള്ള പരിശീലനത്തിന്റെ ഭാഗമായി മൊറീഷ്യസിൽ നിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കുള്ള യാത്രയിലായിരുന്നു സുജാത, ശാർദുൽ, സാരഥി എന്നീ പരിശീലനക്കപ്പലുകൾ. സഹായാഭ്യർഥന ലഭിച്ചതോടെ, മൂന്നു കപ്പലുകളും മൊസാംബിക്കിലെ പോർട്ട് ബിയേറയിലേക്ക്. 

‘വളരെ മോശമായിരുന്നു ബിയേറയിലെ സ്ഥിതി. പ്രളയം ബാധിച്ച അതേ അവസ്ഥ. ശവശരീരങ്ങൾ, മലിനമായ ജലം, മരങ്ങൾ തലങ്ങും വിലങ്ങും വീണു കിടക്കുന്നു, തകർന്ന വീടുകൾ. ആർക്കും ഭക്ഷണമോ ശുദ്ധജലമോ ഇല്ല. മൂന്നു കപ്പലുകളിലായി ഞങ്ങൾ 800 പേരുണ്ടായിരുന്നു. അഞ്ചു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണു കപ്പലുകളിലുണ്ടായിരുന്നത്. ഞങ്ങളുടെ ഭക്ഷണം രണ്ടു നേരത്തേക്കു ചുരുക്കി. ശുദ്ധജലത്തിന്റെ ഉപയോഗവും കുറച്ചു. മിച്ചംപിടിച്ച ഭക്ഷണം 750 പേർക്കു നൽകി.  200 പേരെ രക്ഷിച്ചു സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. റോഡുകൾ നന്നാക്കി, വീടുകളും ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി. 3000 പേർക്കു ചികിത്സ നൽകി. 12 ദിവസത്തിനു ശേഷമാണു ബിയേറയിൽ നിന്നു മടങ്ങിയത്.’ വരുൺ പറഞ്ഞു. 

ഉറക്കം കളഞ്ഞ സ്വപ്നങ്ങൾ

12–ാം വയസ്സിൽ വരുൺ മൂന്നു കാര്യങ്ങൾ മനസ്സിൽ കുറിച്ചിട്ടു. കമാൻഡോ ആവുക. പച്ച കാമോഫ്ലാഷ് വേഷം (ശത്രുക്കൾ തിരിച്ചറിയാതിരിക്കാൻ പട്ടാളക്കാർ ധരിക്കുന്ന പ്രത്യേക വസ്ത്രം)  ധരിക്കുക. രാജ്യത്തെ ആക്രമിക്കാനെത്തുന്നവരെ കൊല്ലുക. ഇത് ഉറക്കത്തിൽ കണ്ട സ്വപ്നമല്ല. മനസ്സിൽ കുറിച്ചിട്ട, ഉറക്കം കളഞ്ഞു താലോലിച്ച സ്വപ്നങ്ങൾ. 

എൻഡിഎയിലേക്ക്

കൊച്ചി േനവൽബേസിലെ കേന്ദ്രീയ വിദ്യാലയത്തിൽ ഹയർ സെക്കൻഡറി രണ്ടാം വർഷം പഠിക്കുമ്പോഴാണു നാഷനൽ ഡിഫൻസ് അക്കാദമിയുടെ (എൻഡിഎ) പ്രവേശന പരീക്ഷ എഴുതിയത്. ഫലം വരുന്നതിനു മുൻപ് അച്ഛൻ സമയ്‌ലാൽ സിങ് നാവികസേനയിൽ നിന്നു വിരമിച്ചു.

കുടുംബം നാട്ടിലേക്കു മടങ്ങി. 1989 സെപ്റ്റംബറിൽ കരസേനാ സ്ട്രീമിൽ, എൻഡിഎയിൽ ചേർന്നു. പരിശീലനത്തിന്റെ അവസാന 6 മാസത്തിനിടെ വന്ന ഏക ഒഴിവിൽ, വരുൺ സിങ് നാവികസേനാ സ്ട്രീമിലേക്കു മാറി. കൊച്ചിയിൽ, ‘തീറി’ൽ പരിശീലനം. ഷിപ് ഡൈവിങ് കോഴ്സിലേക്കു പ്രവേശനം ലഭിച്ചതു മൂന്നാമത്തെ ശ്രമത്തിൽ. ഡീപർ ഡൈവിങ് കോഴ്സിനു ശേഷം 1998ൽ, മറീൻ കമാൻഡോ കോഴ്സ്, മുംബൈയിൽ. ആദ്യത്തെ സ്വപ്ന സാക്ഷാത്കാരം: പച്ച കാമോഫ്ലാഷ് വേഷം ധരിച്ചു. 

അച്ഛൻ

ജബൽപൂർ മിലിറ്ററി ആശുപത്രിയിൽ 1971 മാർച്ച് 24നായിരുന്നു വരുണിന്റെ ജനനം. ജലം കൊണ്ടു മകനു മരണം സംഭവിക്കാമെന്നായിരുന്നു ജാതകഫലം. പക്ഷേ, ജലത്തിന്റെ ദേവനായ വരുണനെ ഓർത്ത്, വരുൺ എന്നു തന്നെ സമയ്‌ലാൽ സിങ് മകനു പേരിട്ടു. എൻഡിഎയിൽ, നാവികസേനാ സ്ട്രീമിലേക്കു മാറാൻ നിർബന്ധം പിടിച്ചതും സമയ്‌ലാൽ തന്നെ.  ഒളിച്ചോട്ടമല്ല, നേരിടലാണു ജീവിതമെന്ന പിതൃപാഠം. ജാതകഫലം മാത്രമല്ല, ജീവിതം തന്നെ തിരുത്തിയെഴുതിയ തീരുമാനം. മകന്റെ യഥാർഥ ജാതകമെഴുതിയ സമയ്‌ലാൽ സിങ് 2013ൽ മരിച്ചു. 

ഭാര്യ, മകൾ

പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന, ഭാര്യ റീന സിങ്ങിനെപ്പറ്റി വരുൺ പറയുന്നത്: സ്ത്രീകൾ, പുരുഷന്മാരെക്കാൾ ധൈര്യശാലികളാണ്. 

ഇംഗ്ലിഷ് ലിറ്ററേച്ചർ എംഎ ബിരുദധാരിയായ മകൾ ശിവാനിക്ക് ഇന്നും ഹീറോ വരുൺ തന്നെ. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിയാണു മകൻ സാർഥക്. നാവികസേനയിൽ ചേരാൻ താൽപര്യമുണ്ട്. എൻഡിഎ പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. 

ഇലക്ട്രിക്കൽ എൻജിനീയറായ മൂത്ത സഹോദരൻ അരുൺ സിങ്, വരുണിനെക്കാൾ 6 വർഷം മുൻപു തന്നെ നാവികസേനയിൽ ചേർന്നിരുന്നു. അരുൺ ഇപ്പോൾ പ്രതിരോധ ഗവേഷണ സ്ഥാപനത്തിൽ (ഡിആർഡിഒ) ശാസ്ത്രജ്ഞനാണ്.   

കർഷക കുടുംബം

കർഷക കുടുംബമായിരുന്നു, വരുൺ സിങ്ങിന്റെ പിതാവ് സമയ്‌ലാൽ സിങ്ങിന്റേത്. വരൾച്ച കാരണം കൃഷി നടത്താൻ പറ്റാത്ത സ്ഥിതി. സമയ്‌ലാൽ സിങ് നാടുവിട്ട്, നാവികസേനയിൽ ചേർന്നു. നാവികസേനയുടെ വോളിബോൾ ടീം അംഗവും പരിശീലകനുമായി. പിന്നീട്, ഇന്ത്യൻ വോളിബോൾ ടീമിന്റെ പരിശീലകനായി. 

മലയാളം, മലയാളി, കൊച്ചി

‘ഏറെ നല്ല മലയാളി സുഹൃത്തുക്കളുണ്ട്. പല മലയാളം വാക്കുകളും അറിയാം. സ്കൂളിൽ മലയാളികളും ഉത്തരേന്ത്യക്കാരുമായ സഹപാഠികൾക്കിടയിലെ ദൂതനായിരുന്നു ഞാൻ.   

1978ൽ ആണ് ആദ്യമായി കൊച്ചിയിലെത്തുന്നത്. കേന്ദ്രീയവിദ്യാലയത്തിൽ, രണ്ടാം ക്ലാസിൽ ചേരാൻ. നാലു വർഷത്തിനു ശേഷം അച്ഛനു സ്ഥലം മാറ്റം. തിരിച്ചെത്തിയത്, 1986ൽ. നാവികസേനയിൽ ചേർന്ന ശേഷം പരിശീലനത്തിനായി വീണ്ടുമെത്തിയതു കൊച്ചിയിൽ. ഒടുവിൽ, തീറിന്റെ കമാൻഡറായി വീണ്ടും. പലതവണകളായി 14 വർഷത്തോളം കൊച്ചിക്കൊപ്പമുണ്ട് ഞാൻ.

പരിശീലനത്തിന്റെ ഭാഗമായി താണ്ടിയ, കൊച്ചിയിലെ ‌റോഡുകളും ഇടവഴികളും ചതുപ്പുകളും കടൽത്തീരവുമൊക്കെ എങ്ങനെ മറക്കും? ഇടയ്ക്ക്, സമയം കിട്ടിയാൽ കാറെടുത്ത് പഴയ വഴികളിലൂടെ കറങ്ങാറുണ്ട്.’ 

ഇഷ്ടപ്പെട്ട മലയാളം വാക്ക്: കല്യാണം.

10 ‍ഡയറിക്കുറിപ്പുകൾ

കാൻസർ ബാധിച്ച ശേഷം, വരുൺ ഡയറിയിൽ 10 കാര്യങ്ങൾ കുറിച്ചു. മകളുടെ വിവാഹമടക്കം 10 ലക്ഷ്യങ്ങളായിരുന്നു അതിൽ. അന്യന്റെ മുഖത്തെ പുഞ്ചിരിയാണ് ആദ്യത്തേത്. ദക്ഷിണ നാവിക കമാൻഡിനകത്തും പുറത്തുമുള്ള സൈനികർക്കും പരിശീലനത്തിനെത്തിയ കെഡറ്റുകൾക്കും വരുണിന്റെ സ്നേഹവാൽസല്യങ്ങളറിയാം. അവർക്കൊക്കെ വരുണിനെ ജീവനാണ്.  

‘എടുത്ത ജീവനുകൾക്കു പകരമാവട്ടെ, അനുഭവിക്കുന്ന വേദനയെന്ന്’ വരുൺ. മൊസാംബിക്കിലെ രക്ഷാപ്രവർത്തനവും ദൈവം തനിക്കായി കരുതിവച്ചതാകാം. മനുഷ്യസ്നേഹത്തിനു വേണ്ടിയുള്ളതാണു തുടർജീവിതമെന്നും ഈ സൈനികൻ പറയുന്നു. 

ഈ ജീവിതം വായിച്ചു തീരുമ്പോൾ, നിങ്ങളുടെ മുഖത്തു വിരിയുന്ന പുഞ്ചിരിയില്ലേ? അതാണു വരുൺ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA