ADVERTISEMENT

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ അവസാന സമ്മേളനം

ഭരണഘടന നിർമാണസഭയുടെ (കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ലി) അവസാന സമ്മേളനം 1950 ജനുവരി 24നായിരുന്നു. 1949 നവംബർ 26നു പാസാക്കിയ ഭരണഘടനയിൽ 13 മലയാളികൾ ഉൾപ്പെടെ 284 അംഗങ്ങൾ ഒപ്പുവച്ചു. ഡോ രാജേന്ദ്രപ്രസാദിനെ ഇന്ത്യയുടെ ഇടക്കാല രാഷ്‌ട്രപതി (Provisional President) ആയി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.

Constitution-Preamble
ഭരണ ഘടയുടെ ആമുഖം

ഭരണഘടന പ്രാബല്യത്തിൽ

1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ത്യ റിപ്പബ്ലിക് ആയി. ഗവർണർ ജനറലിനു പകരം പ്രസിഡന്റ് (രാഷ്ട്രപതി) രാഷ്ട്രത്തലവനായി. ആദ്യ റിപ്പബ്ലിക് ദിനാഘോഷ പരേഡ്. ഇന്തൊനീഷ്യ പ്രസിഡന്റ് ഡോ.സുകർണോ മുഖ്യാതിഥി

sukumar-sen
സുകുമാർ സെൻ (പ്രഥമചീഫ് ഇലക്ഷൻ കമ്മീഷണർ)

1000 വർഷം നിലനിൽക്കും

ഭരണഘടനയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും മറ്റും ഒപ്പുവച്ച ശേഷമാണ് ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദ് ഒപ്പുവച്ചത്. ആദ്യ ഒപ്പുകാരനാകേണ്ടതുകൊണ്ട് സ്ഥലപരിമിതിയുണ്ടായിട്ടും അദ്ദേഹം എല്ലാവർക്കും മുകളിൽ തന്നെ ഒപ്പുവച്ചു. 1000 വർഷം കേടുവരാതെയിരിക്കുന്ന കടലാസിലാണ് ഭരണഘടന എഴുതിയുണ്ടാക്കിയിരിക്കുന്നത്.

Dr-Rajendra-Prasad
1) 1949 നവംബർ 26ന് ഭരണഘടനാ നിർമാണസഭ അംഗീകരിച്ച ഭരണഘടനയിൽ, 1950 ജനുവരി 24ന് സഭാധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ് ഒപ്പു വയ്ക്കുന്നു.

ഇവിടെ ശിലാസ്ഥാപനം‌

ഡൽഹിയിൽ രാജ്യം റിപ്പബ്ലിക്ക് ആകുന്ന ആഘോഷം നടക്കുമ്പോൾ, ഇങ്ങ് തെക്ക് തിരുവതാംകൂറിൽ ആദ്യ മെഡിക്കൽ കോളജിന് ശില വീണു. തിരു–കൊച്ചി രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന് ശിലാസ്ഥാപനം നടത്തിയത്.

john-mathai
കേന്ദ്രമന്ത്രിമാരായ സർദാർ വല്ലഭായി പട്ടേൽ, ഡോ. ജോൺ മത്തായി, രാജ്കുമാരി അമ‍ൃത് കൗർ എന്നിവർഒപ്പു വയ്ക്കുന്നു.

പ്രധാനമന്ത്രി മുഖ്യമന്ത്രി..!

‘പ്രധാനമന്ത്രി’മാരാൽ സമ്പന്നമായിരുന്നു സ്വതന്ത്ര ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിലെയും നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ പ്രധാനമന്ത്രിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിൽ പട്ടം താണുപിള്ള, പറവൂർ ടി.കെ. നാരായണ പിള്ള, കൊച്ചിയിൽ പനമ്പിള്ളി ഗോവിന്ദ േമനോൻ, ടി.കെ. നായർ, ഇ. ഇക്കണ്ട വാര്യർ, തിരു–കൊച്ചിയിൽ വീണ്ടും പറവൂർ ടി.കെ. നാരായണ പിള്ള എന്നിവരൊക്കെ ‘പ്രധാനമന്ത്രി’മാരായിരുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ ഇവരെല്ലാം ‘മുഖ്യമന്ത്രി’മാരായി.

MPs-from-Travancore-Cochin-1950
തിരു–കൊച്ചി അംഗങ്ങൾ... ഇടക്കാല പാർലമെന്റിലെ തിരു–കൊച്ചി അംഗങ്ങൾ (ഇടത്തു നിന്ന്) ഇരിക്കുന്നവർ : പി.കെ.ലക്ഷ്മണൻ, കെ.എ.ദാമോദരമേനോൻ, സി.ആർ. ഇയ്യുണ്ണി, നിൽക്കുന്നവർ : വി.സി.അഹമ്മദുണ്ണി, എൻ.അലക്സാണ്ടർ, ആർ.വേലായുധൻ, എസ്.ശിവൻ പിള്ള. മലബാർ പ്രദേശം ഉൾപ്പെട്ട പഴയ മദ്രാസ് സംസ്ഥാനത്തുനിന്ന് അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, പി.കുഞ്ഞിരാമൻ, എ. കരുണാകര മേനോൻ, ഇ.മൊയ്തു മൗലവി, ഉത്തർപ്രദേശിന്റെ പ്രതിനിധിയായി ഡോ. ജോൺ മത്തായി എന്നീ മലയാളികളും ഇടക്കാല പാർലമെന്റിൽ ഉണ്ടായിരുന്നു.

സത്യപ്രതിജ്ഞകളുടെ ദിനം

സത്യപ്രതിജ്ഞകളുടെ ദിനമായിരുന്നു 1950 ജനുവരി 26 വ്യാഴാഴ്ച.രാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ചീഫ് ജസ്റ്റിസും സ്പീക്കറും ഒരേ ദിവസം സത്യപ്രതി‍‍‍ജ്ഞ ചെയ്ത് ചുമതലയേൽക്കുക എന്ന അപൂർവതയ്ക്ക് അന്ന് ദർബാർ ഹാൾ സാക്ഷ്യം വഹിച്ചു. ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനമായതിനാലാണ് അന്ന് പ്രത്യേകം സത്യപ്രതിജ്ഞകൾ നടന്നത്. ഇതിന് പുറമേ, രാജ്യമെങ്ങും എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അന്നു സത്യപ്രതിജ്ഞചെയ്തു. 

തിരു–കൊച്ചിയിൽ മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിളളയും മന്ത്രിമാരും ചീഫ് ജസ്റ്റീസ് സി. കുഞ്ഞുരാമനും രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ മുൻപാകെ സത്യപ്രതിജ്ഞചെയ്തു. 

G-V-Mavlankar
കേന്ദ്രനിയമസഭയുടെ പ്രസിഡന്റ്, കോൺസിറ്റ്യൂവന്റ് അസംബ്ലി, ഇടക്കാല പാർലമെന്റ്, ഒന്നാം ലോക്സഭ എന്നിവയുടെ സ്പീക്കർ ഗണേശ് വാസുദേവ് മവ‌്‌ലങ്കർ

10.18 എന്ന സമയം

നിമിഷങ്ങളുടെ ഇടവേളയിൽ, പരസ്പരം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത സംഭവവും അരങ്ങേറി. ആദ്യം പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് ചീഫ് ജസ്റ്റിസ് ഹരിലാൽ ജെ കാനിയായുടെ മുമ്പാകെ സ്ഥാനമേറ്റു. പിന്നാലെ പ്രധാനമന്ത്രിക്കും കാബിനറ്റ് മന്ത്രിമാർക്കും  തന്നെ സത്യപ്രതിജ്ഞ ചെയ്യിച്ച ചീഫ് ജസ്റ്റിസിനും പാർലമെന്റ് സ്പീക്കർക്കും പ്രസിഡന്റ് സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ 8 മണിക്ക് സൈനിക പ്രകടനത്തോടുകൂടിയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഗവർണർ ജനറൽ സി രാജഗോപാലാചാരി ഇന്ത്യയെ റിപ്പബ്ലിക്ക് രാഷ്ട്രമായി പ്രഖ്യാപനം ചെയ്തു. അപ്പോൾ സമയം രാവിലെ 10.18. പിന്നാലെ സത്യപ്രതിജ്ഞകളുടെ പരമ്പര.

തിരഞ്ഞെടുപ്പു കമ്മിഷൻ

1950 ജനുവരി 25ന് ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഔപചാരികമായി രൂപവൽക്കരിക്കപ്പെട്ടു. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയായിരുന്ന സുകുമാർ സെന്നിനെ ആദ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി 1950 മാർച്ച് 21നു നിയമിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, നിയമസഭ, നിയമസമിതി തിരഞ്ഞെടുപ്പുകളുടെ ചുമതല വഹിക്കുന്നു. ജനുവരി 25 ദേശീയ സമ്മതിദായക ദിനം (National Voters' Day) ആയി ആചരിക്കുന്നു.

supreme-court
1950 ജനുവരി 28... പാർലമെന്റ് മന്ദിരത്തിൽ സുപ്രീം കോടതിയുടെ ഉദ്ഘാടനം

പാർലമെന്റ് രൂപീകരണം

1950 ജനുവരി 26ന് ഇടക്കാല പാർലമെന്റ് (Provisional Parliament) നിലവിൽ വന്നു. ജനുവരി 28നു പ്രഥമ സമ്മേളനം. തുടക്കത്തിൽ 296 അംഗങ്ങൾ; പിന്നീട് 313 പേരായി. 1952 ഏപ്രിൽ 17 വരെ നിലനിന്നു. ഇന്ത്യയുടെ നിയമനിർമ്മാണ സഭകളുടെ ചരിത്രത്തിൽ ‘‘പാർലമെന്റ്’’ (Parliament of India) എന്ന് ഔദ്യോഗികമായി അറിയപ്പെട്ടആദ്യ സ്ഥാപനം. ഗണേശ് വാസുദേവ് മവ്‌ലങ്കർ സ്പീക്കർ.

സുപ്രീംകോടതി നിലവിൽ വന്നത്...

ഇന്ത്യയിലെങ്ങും പരമാധികാരമുള്ള സുപ്രീം കോടതി 1950 ജനുവരി 26നു നിലവിൽ വന്നു. ഉദ്ഘാടനം 28നു നടന്നു. 1937ൽ സ്ഥാപിതമായ ഫെഡറൽ കോടതിക്കു  പരിമിതമായ അധികാരം മാത്രമാണുണ്ടായിരുന്നത്. 

English Summary: Constitution of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com