sections
MORE

ഇവർ ഈ വീടിനു കാവൽ

saji-and-family
സജിയും ഭാര്യ നിഷയും കുഞ്ഞിനൊപ്പം മാൻകുത്തിമേട്ടിലെ വീടിനു സമീപം ചിത്രം: റെജു അർനോൾഡ് ∙ മനോരമ
SHARE

സർക്കാരിന്റെ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമിച്ച വീട് പൊളിച്ചു നീക്കാൻ മറ്റൊരു സർക്കാർ വകുപ്പു തന്നെ രംഗത്തുവന്നാലോ? കോടതി വരെയെത്തിയ നിയമയുദ്ധം വിജയിച്ചെങ്കിലും സജിയും കുടുംബവും ഇപ്പോഴും വീട് ഒറ്റയ്ക്കാക്കി എവിടേക്കും പോകാറില്ല! 

‘ഇവിടം സ്വർഗമാണ്’ എന്ന് സിനിമയിൽ തന്റെ വീടും സ്ഥലവും തട്ടിയെടുക്കാൻ എത്തുന്ന വില്ലനെ നിയമത്തിന്റെ സാധ്യത ഉപയോഗിച്ച് പ്രതിരോധിക്കുന്ന നായകനാണ് മോഹൻലാൽ. യഥാർഥ ജീവിതത്തിൽ മോഹൻലാലിന്റെ ‘മാത്യൂസ്’ എന്ന കഥാപാത്രത്തിനൊരു അപരനെ തപ്പിയാൽ ഇടുക്കിയിൽ കണ്ടെത്താം. നെടുങ്കണ്ടം മാൻകുത്തിമേട് പൊട്ടംപ്ലാക്കൽ പി.ആർ. സജി, വയസ്സ് 48

സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിപ്രകാരം നിർമിച്ച വീടിനു റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. ഒരു ആയുഷ്കാലത്തിന്റെ സ്വപ്നമായ വീട് പൊളിച്ചുമാറ്റാൻ അധികൃതർ എത്തുന്ന ദിവസങ്ങളെണ്ണി ആ വീടിനു കാവൽ കിടക്കുകയാണ് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ഒരു കുടുംബം. പിന്നീട് മാസങ്ങൾ നീളുന്ന നിയമയുദ്ധം. ഒടുവിൽ ഹൈക്കോടതി വിധിച്ചു, വീട് പൊളിക്കേണ്ടതില്ല. 

മാൻകുത്തിമേട്ടിലെ സജിയുടെ വീട്ടിൽനിന്നു നോക്കിയാൽ മലയടിവാരത്തിൽ തമിഴ്നാട്ടിലെ തേവാരം ഗ്രാമം കാണാം. പക്ഷേ, സജിയുടെ ഈ വീട് നിർമിക്കാൻ അധികൃതർ സമ്മതിക്കില്ലായിരുന്നു. സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പണിതു പാതിയാക്കിയ ഈ വീടു പൊളിച്ചുകളയാൻ പറഞ്ഞതും അതേ സർക്കാരിലെ ഉദ്യോഗസ്ഥർ തന്നെ. കാരണം വീടു നിൽക്കുന്ന പതിനാറു സെന്റ് സ്ഥലം പാറ പുറംപോക്ക് ആണത്രേ.

സർക്കാർ മാനദണ്ഡപ്രകാരം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വീടിനു ഫണ്ട് നൽകുമ്പോഴൊന്നും ഇല്ലാത്ത നൂലാമാലകൾ ഇപ്പോൾ എവിടുന്നു വന്നെന്ന സജിയുടെ ചോദ്യത്തിനു പക്ഷേ, ആർക്കും ഉത്തരമില്ല. വരം നൽകിയവർ തന്നെ അതു തിരിച്ചെടുക്കാൻ ഒരുങ്ങിയപ്പോൾ ആറുമാസം പ്രായമുള്ള കൈക്കു‍ഞ്ഞുമായി സജിയും ഭാര്യയും മഴയത്തും വെയിലത്തും കാവൽ കിടന്നു തങ്ങളുടെ സ്വപ്നഭവനത്തിന്. വീടിനു ചുറ്റും വേലികെട്ടി അതിലൊരു കടലാസിൽ സജി എന്ന കൂലിപ്പണിക്കാരൻ ഇങ്ങനെ എഴുതിവച്ചു– അഴിമതിക്കാരായ അധികൃതർക്കു പ്രവേശനം ഇല്ല!!

ഒരു സ്വപ്നത്തിന്റെ തുടക്കം

2018 സെപ്റ്റംബറിലാണ് നെടുങ്കണ്ടം പഞ്ചായത്ത് എട്ടാം വാർഡിന്റെ ഗ്രാമസഭയിൽ പൊട്ടംപ്ലാക്കൽ പി.ആർ. സജിക്കു ലൈഫ് ഭവന പദ്ധതി പ്രകാരം വീട് അനുവദിക്കാമെന്നു നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ സമ്മതിച്ചത്. 2011ൽ 32,000 രൂപ നൽകി സജി വാങ്ങിയതാണ് മാൻകുത്തിമേട്ടിലെ 16 സെന്റ്. നെടുങ്കണ്ടം പ‍ഞ്ചായത്ത് സെക്രട്ടറി രേഖകൾ പരിശോധിച്ച ശേഷം നിർമാണത്തിന് എൻഒസി നൽകി. 17 വർഷമായി വാടകയ്ക്കു താമസിക്കുന്ന സജിക്കും കുടുംബത്തിനും കൂട്ടിവച്ച സ്വപ്നത്തിന്റെ ആദ്യപടിയായിരുന്നു അത്.  

നുള്ളിപ്പെറുക്കി കൊരുത്തെടുത്ത വീട്

പ്ലാൻ വരച്ചു, വാരം മാന്തി, തറകെട്ടി. അതിനിടയിൽ ആദ്യ ഗഡുവായ 40,000 രൂപ സജിയുടെ അക്കൗണ്ടിലെത്തി. പണിക്കാർക്കും പണിസാധനങ്ങൾക്കും വാടകയും മറ്റുമായി കൂട്ടിപ്പെറുക്കി വച്ചിരുന്ന സമ്പാദ്യം മുഴുവനും വീടിനായി സജി ചെലവിട്ടു. പിന്നെ ഭിത്തി കെട്ടിയപ്പോൾ ഒരുലക്ഷത്തി അറുപതിനായിരം രൂപ കിട്ടി.

മാൻകുത്തിമേട്ടിലെ മലകളുടെ മടിത്തട്ടിലെന്നപോലെയാണ് സജിയുടെ വീട്. ആ മടിത്തട്ടിൽ തലവച്ചു കിനാവ് കാണുന്നതിനൊപ്പം സജിയുടെ ജീവിതത്തിലേക്ക് ഒരു അതിഥി എത്തി. ദർമിക എന്ന മിടുക്കി. പണി തീർന്നുവരുന്ന പുത്തൻവീട് മോൾ വന്നതിന്റെ ഐശ്വര്യമാണെന്ന് എല്ലാവരും സജിയോടു പറഞ്ഞു. ഭാര്യ നിഷയ്ക്കും മകൾക്കുമൊപ്പം പുതിയ വീട്ടിൽ ജീവിക്കുന്നതിന്റെ സന്തോഷം നൽകിയ ആവേശത്തിൽ വീടിന്റെ പാതി വാർക്ക കഴിഞ്ഞു. അപ്പോഴേക്കും മേയ് മാസം ആയി.

രണ്ടാഴ്ച കഴിഞ്ഞാൽ പാലുകാച്ചൽ. പക്ഷേ.. 

രണ്ടാഴ്ചത്തെ പണി കൂടിയേ ബാക്കിയുള്ളൂ. പാലുകാച്ചലിനുള്ള ഒരുക്കങ്ങൾ സജി തുടങ്ങി. നാട്ടുകാരെ ക്ഷണിച്ചു. 3.60 ലക്ഷം രൂപ പഞ്ചായത്തിൽ നിന്നു കിട്ടിക്കഴിഞ്ഞു. വീടുപണി വേഗം മുന്നോട്ടു പോകുന്നതിനിടെ ഒരു ദിവസമാണ് ആ കടലാസ് എത്തിയത്. വീടിരിക്കുന്ന സ്ഥലം സർക്കാർ പാറ പുറമ്പോക്കാണെന്നും എത്രയും വേഗം കെട്ടിടം പൊളിച്ചുകളയണം എന്നുമാണ് കടലാസിൽ ഉണ്ടായിരുന്നത്. ഉടുമ്പൻചോല താലൂക്ക് ഓഫിസിലെ എൽഎ തഹസിൽദാറിന്റേതായിരുന്നു നോട്ടിസ്. 

അവിടെത്തുടങ്ങി പോരാട്ടം 

പാലുകാച്ചലിന്റെ തീയതി കുറിച്ച വീടിന്റെ തിണ്ണയിൽനിന്നു സർക്കാർ ഓഫിസുകളുടെ തിണ്ണയിലേക്കുള്ള സജിയുടെ നടത്തം അവിടെ ആരംഭിച്ചു. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടാണ് നിർമാണം തുടങ്ങിയതെന്ന് അറിയിച്ചിട്ടും റവന്യു ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. അപേക്ഷിച്ചും കാലുപിടിച്ചും സജി പലതവണ താലൂക്ക് ഓഫിസിലെത്തി.

‘എന്റെ ജീവനുണ്ടേൽ ആ കെട്ടിടം പൊളിച്ചിരിക്കും’ എന്നുവരെ ഉദ്യോഗസ്ഥർ തന്നോടു പറഞ്ഞിട്ടുണ്ടെന്നു സജി ഓർമിക്കുന്നു.  അധികൃതർ എപ്പോൾ വേണമെങ്കിലും വീട് ഏറ്റെടുക്കും, കൂടെ പണിസാധനങ്ങളും പോകുമെന്ന ഭയത്തിൽ കരാറുകാർ വീടിന്റെ പണി നിർത്തിവച്ചു. 

കൈക്കുഞ്ഞുമായി വീടിനു കാവൽ

ഏതു സമയത്തും റവന്യു അധികൃതർ തങ്ങളുടെ വീടു പൊളിക്കാൻ വരുമെന്നു പേടിച്ചു വീടിനുചുറ്റും വേലികെട്ടി സജിയും കുടുംബവും. രാത്രിയിൽ അധികൃതരെത്തി വീടു പൊളിക്കുമെന്നു കരുതി പാതി മാത്രം പൂർത്തിയായ വീട്ടിൽ ടാർപ്പായ ഷീറ്റ് വലിച്ചുകെട്ടി ആറുമാസം പ്രായമുള്ള കു‍ഞ്ഞുമായി കാവൽ കിടന്നു ഈ കുടുംബം. ഇതോടെ, പഞ്ചായത്ത് അധികൃതർ പിന്തുണയുമായെത്തി.  

കൂടെയുണ്ട്, ഒരു പഞ്ചായത്ത് മുഴുവൻ

ലൈഫ് മിഷൻ ഭവന പദ്ധതിയിലൂടെ നിർമിച്ച വീടിനു സ്‌റ്റോപ് മെമ്മോ നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉടുമ്പൻചോല തഹസിൽദാരെ ചേംബറിൽ ഉപരോധിച്ചു. പഞ്ചായത്ത് അംഗങ്ങളെയും സജിയുടെ കുടുംബത്തെയും അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  പരാതി ഇല്ലാത്ത സാഹചര്യത്തിൽ സ്റ്റോപ് മെമ്മോ പിൻവലിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം ആവശ്യപ്പെട്ടെങ്കിലും റവന്യു അധികൃതർ കൂട്ടാക്കിയില്ല.

വീടു  പൊളിക്കേണ്ടിവരുമെന്ന നിലപാടാണ് ജില്ലാ കലക്ടറും എടുത്തത്. അതോടെയാണ് നിയമയുദ്ധം സജി ആരംഭിച്ചത്. സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്ത സജിക്ക് ഒപ്പം നാട്ടുകാർ മുഴുവനും സഹായവുമായെത്തി. സജിയുടെ വീടിനു കാവലായി അവർ  തമ്പടിച്ചിട്ടുണ്ട് ചില ദിവസങ്ങളിൽ. ഒടുവിൽ 2 മാസം മുൻപ് ഹൈക്കോടതിയിൽനിന്ന് വീട് പൊളിക്കുന്നതിന് സ്റ്റേ ഉത്തരവ് ലഭിച്ചു. ഇപ്പോഴും സജിയുടെയും കുടുംബത്തിന്റെയും മുഖത്തുനിന്ന് ഭീതി ഒഴിയുന്നില്ല.

ഇന്നും രാത്രി ദൂരെ ഒരു വണ്ടിയുടെ ഇരമ്പൽ കേട്ടാൽ സജി ഞെട്ടി എഴുന്നേൽക്കും, വീടിന്റെ പുറത്തിറങ്ങി ചുറ്റും നടക്കും. ഒരു ജെസിബി കൈയ്ക്കും വിട്ടുകൊടുക്കാതെ ചുറ്റിപ്പിടിച്ചിരിക്കുകയാണ് ഈ കൂലിപ്പണിക്കാരൻ തന്റെ വീടിനെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA