sections
MORE

കുട്ടിക്കുന്ന്

kadha-sunday
SHARE

വിക്ടർ ഗോൺസാലസ് – എമിലി ദമ്പതികൾ കുഞ്ഞിനു മാർത്ത എന്നു പേരുവച്ചു. പ്രസവശേഷം എമിലി ഏറെനാൾ ക്ഷീണിതയായിരുന്നു.

ഒരു പുലരിയിൽ അന്തോണി പറഞ്ഞ് എല്ലാവരും ആ വാർത്തയറിഞ്ഞു. എമിലി വിടപറഞ്ഞിരിക്കുന്നു. കൈക്കുഞ്ഞ് അമ്മയുടെ മരണമറിഞ്ഞോ അറിയാതെയോ തൊട്ടിലിൽ കിടന്ന് കരച്ചിൽതന്നെ.

കുഞ്ഞിന്റെ പേരിന്റെ വിഷയത്തിൽ ചായക്കടയിൽ ഒരു തർക്കമുണ്ടായി. മാർത്തയെന്നും അല്ല മാർഗരറ്റ് ആണെന്നും രണ്ടു പക്ഷങ്ങൾ വാദിച്ചു. മധ്യസ്ഥം പറയാൻ അന്തോണി വന്നെങ്കിലും ആരും ഇരു ചെവിക്കു വകവച്ചില്ല. അയാൾ മുരണ്ടു.

‘‘പേരെന്തായാലും നിങ്ങൾക്കെന്താ ചേതം?’’ അന്തോണി ഒച്ചയിട്ടു.

അതിനു പകരം പറയാൻ ആരും നിന്നില്ല. ഇടഞ്ഞാൽ അന്തോണി രംഗമാകെ അലമ്പാക്കുമെന്ന് എല്ലാവർക്കുമറിയാം. കഞ്ഞിനെ കുറിച്ചാരും പിന്നെ ഒരക്ഷരം ഉരിയാടിയില്ല.

ഭാര്യയുടെ മരണത്തിൽ സായ്പ് വളരെ ദുഃഖിതനായിക്കണ്ടു. ദിവസങ്ങളോളം പുറത്തേക്കു കണ്ടതേയില്ല. ബംഗ്ലാവിൽ നിന്ന് ഇടയ്ക്കിടെ കുഞ്ഞിന്റെ കരച്ചിലൊച്ചകൾമാത്രം കേട്ടു.

ബംഗ്ലാവു പരിസരത്ത് ദിവസങ്ങളായി ഒരു കാട്ടുകോഴി ചുറ്റിനടക്കുന്നു. അത്ര വലിയ ഒരിനത്തെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് അന്തോണി സായ്പിനോടു പറഞ്ഞതുമുതൽ വിക്ടർ തോക്കെടുത്ത് പഴയ നായാട്ടു പ്രിയനായി.

എസ്റ്റേറ്റിൽ അന്നു മുതൽ സായ്പ് വെടിപ്പുക പരത്തി നടന്നു. കണ്ടവരോടു കുശലം പറഞ്ഞു. ഇടയ്ക്കിടെ മാർത്തയെ തോളിലിരുത്തി വെളിയിൽ ചുറ്റി നടന്നു. മാർത്തയ്ക്ക് ഒരു വയസ്സു തികഞ്ഞിരുന്നു.

അന്തോണി പറഞ്ഞതിന്റെ ഏഴാം പക്കം വിക്ടർ കാട്ടുകോഴിയെ നേരിൽ കണ്ടു. മുറ്റിനം. തലയെടുപ്പ്. കറുപ്പു നിറം.

തോക്കെടുത്ത് ഉന്നം പിടിച്ച് ഒറ്റ വെടി. കോഴി നിലംപൊത്തി. രക്തം ചീറ്റി. പിന്നെയൊരദ്ഭുതം. ഒരുയിർത്തെഴുന്നേൽപ്. വിക്ടർ ഒരുവേള സ്തബ്ധനായി. ഉമിനീരിറക്കാൻപോലും മറന്നു. എന്തെന്നാൽ കോഴി സംസാരിക്കുന്നു.

ബൈബിളിലെ സോളമൻ രാജാവിന്റെ കഥ സായ്പിന്റെ ഓർമകളിൽ തിളങ്ങി. ഭൂലോകത്ത ഏതു ജീവിയുടെ സംസാരം കേൾക്കാൻ, സംഭാഷണം നടത്താൻ പ്രാപ്തനായ അധികാരി. കർത്താവേ... ഇതെന്തൊരദ്ഭുതം.

കോഴി പറഞ്ഞത്: എന്നെ കൊല്ലരുതായിരുന്നു. ഞാനതിനു പകരമെടുക്കും. നിന്റെ ജീവനോളം വിലയുള്ളത്.

കോഴി വീണ്ടും നിലത്തുവീണു. വിക്ടർ കോഴിയെ എടുക്കാൻ ചെന്നപ്പോൾ ചുറ്റും പുകച്ചുരുൾ പടർന്നു. ഒന്നു കാണാൻ വയ്യ. കണ്ണിലിരുട്ട് കയറി. കണ്ണിനെരിച്ചിൽ സായ്പ് അവശനായി നിലത്തിരുന്നു ചുമച്ചു.

പിറ്റേന്നു നേരം വെളുത്തതുമുതൽ വിക്ടറിനെയോ മാർത്തയെയോ ആരും കണ്ടില്ല. ബംഗ്ലാവു പൂട്ടിക്കിടന്നു.

ബംഗ്ലാവിലേക്ക് ഓടിക്കിതച്ചാണു സായ്പ് എത്തിയത്. അന്നോളം അങ്ങനെയൊരു കാഴ്ച അയാൾ കണ്ടിരുന്നില്ല. തോക്കെവിടെയോ നഷ്ടമായിരുന്നു.

പുകമറ നീങ്ങിയപ്പോൾ കോഴി കിടന്നിടത്ത് ഒന്നും അവശേഷിച്ചിരുന്നില്ല. മണ്ണിൽ ചോരപോലും.

ദാഹിക്കുന്നു. വെള്ളമെടുക്കാൻ നീങ്ങിയ വിക്ടർ തൊട്ടിലിൽ ഉറങ്ങുന്ന മാർത്തയെ നോക്കി ഞെട്ടിത്തരിച്ചു. ബോധം നഷ്ടമായി തറയിൽ വീണു.

ചോരയിൽ കുളിച്ച് കുഞ്ഞു മാർത്ത മരിച്ചു കിടക്കുന്നു. കഴുത്തിൽ തിര തറച്ച പാട്. തൊട്ടിലിൽ നിന്നു തറയിലേക്കു രക്തം ഇറ്റിവീഴുന്നു.

അന്തോണിയാണു കുഴിയെടുത്തത്. അതും കോഴി കിടന്നിരുന്ന അതേ സ്ഥലത്ത് ആഴത്തിൽ. കുടിച്ചു ലക്കുകെട്ട്, അയാൾക്കരികിൽ വിക്ടർ നിൽക്കുന്നുണ്ടായിരുന്നു.

കുഞ്ഞിന്റെ ദേഹം അവിടെ അടക്കം ചെയ്യുകയാണ്. ദേഹം മുഴുവൻ സ്വർണമണിയിച്ച് വിക്ടർ മാർത്തയെ അണിയിച്ചൊരുക്കിയിരുന്നു. അയാൾക്കു കൈവശമുണ്ടായിരുന്ന പണവും ആഭരണവും മാർത്തയ്ക്കു കൂട്ടുവച്ച് തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനെ കുഴിയിലിറക്കി മൂടി. കോഴിയുടെ വാക്കുകൾ സായ്പിന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. പകരമെടുത്തിരിക്കുന്നു. സ്വത്തത്രയും, ജീവനെക്കാൾ വിലയുള്ളതും. കോഴി, കാലൻ കോഴി.

പൊന്നിന്റെ തിളക്കത്തോടെ മാർത്ത കുട്ടിക്കുന്നിന്റെ ആഴമുള്ള മണ്ണടയിൽ അന്ത്യനിദ്ര കൊണ്ടു. സാക്ഷിയായ് വിക്ടർ ഗോൺസാലസും അന്തോണിയും. അവർ മാത്രം. കറുത്തവാവ്. ചന്ദ്രൻ പോലും ആ കാഴ്ച കാണാൻ വന്നതേയില്ല.

പിന്നെ സായ്പിനെ ആരും കണ്ടില്ല. നാടുവിട്ടെന്നും കുഞ്ഞു മരിച്ചെന്നും അന്തോണി പറഞ്ഞാണ് നാട്ടുകാരറിഞ്ഞത്. ദുഃഖവാർത്തയിൽ അന്ന് എസ്റ്റേറ്റു മുഴുവൻ മൂകമായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് അന്തോണിയു ഊരുവിട്ടു. സായ്പിന്റെ കൂടപ്പിറപ്പു പോലെ നടന്ന ആന്റപ്പൻ സങ്കടം കൊണ്ടു നാടു കടന്നതെന്നാണ് എല്ലാവരും കരുതിയത്.

സത്യം പിന്നെയല്ലേ അറിഞ്ഞത്. ആന്റപ്പൻ കുട്ടിക്കുന്നു കട്ടെന്ന്. കുഴിമാടം മാന്തി പൊന്നു കവർന്നെന്ന്!

അന്തോണിച്ചാ.. നിങ്ങൾ ചില്ലറക്കാരനല്ലല്ലോ!!

ആദമിനോടൊപ്പം നടക്കാൻ ഞങ്ങൾക്കു ധൈര്യം തോന്നി. ഒറ്റയ്ക്ക് ആ കുന്നു കയറാൻ ഞങ്ങളാരും അന്നോളം ശ്രമിച്ചിരുന്നില്ല.

പാറയുടെ മറപറ്റി നടന്ന് ചൂരലില്ലിയിൽ പിടിച്ചുകയറി. മുകൾ കണ്ടം കടന്നപ്പോൾ അക്കു പറഞ്ഞു: ‘‘ദാ ഇവിടെയാണ്...’’

ആദം ചുറ്റുവട്ടവും നടന്നു പരിശോധിച്ചു. ക്യാമറയിൽ ഒരുപാടു ചിത്രങ്ങൾ പകർത്തി. കുന്നിനു മുകളിൽ കാറ്റിനു പതിവിൽ കൂടുതൽ കനമുള്ളതായി തോന്നി. പാറകൾക്കു പിറകിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ. ഉണ്ടായിരുന്നു.

ഞങ്ങൾ ആരും കണ്ടിട്ടില്ലാത്ത വിക്ടർ സായ്പും മാർത്തയും വടമാവേൽ അന്തോണിയും ഞങ്ങൾക്കിടയിൽ വന്നുനിൽക്കുന്നതായി തോന്നി. സായ്പിന്റെ കയ്യിൽ ഇപ്പോഴും ആ തോക്കുണ്ട്. അന്തോണിച്ചായന്റെ കൈയിൽ വെടിയേറ്റു ചത്ത കരിങ്കോഴിയും. മാർത്തയെവിടെ...? പുഴയുടെ ഓളത്തിൽ മുങ്ങിത്താഴുന്നതായി അന്നു കാസിമാവു പറഞ്ഞതു മാർത്തയായിരിക്കുമോ?...’

കാസീമാവുവിനെ തിരഞ്ഞുപിടിച്ച് കഥ കേൾക്കാൻ ഞങ്ങൾ കുന്നിറങ്ങി. തോളിലെ സഞ്ചിയിൽ നിന്ന് വലിയൊരു നോട്ടുബുക്കെടുത്ത് ആദം തലേക്കെട്ടെഴുതി: കുട്ടിക്കുന്ന്.

(അവസാനിച്ചു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA