sections
MORE

ദുർവിധിയുടെ പന്താട്ടം

kobe-playing
കോബി ബ്രയന്റ്
SHARE

ബാസ്കറ്റ്ബോൾ കോർട്ടിലേക്ക് മരണമെത്തുന്നതു പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയായാണ്. കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ ബാസ്കറ്റ്ബോൾ  ഇതിഹാസം കോബി ബ്രയന്റിനു ജീവൻ നഷ്ടപ്പെട്ടത് അതിൽ ഒടുവിലത്തെ സംഭവം. ബാസ്കറ്റ്ബോളിനെ വേട്ടയാടിയ ദുർമരണങ്ങളുടെ 'പട്ടിക ചെറുതല്ല  

ദുരന്തങ്ങൾ വിട്ടുമാറുന്നില്ല. 130 വർഷത്തെ പാരമ്പര്യമുള്ള ബാസ്കറ്റ്ബോൾ എന്ന ആഗോള കായികവിനോദത്തിന് എന്നുമൊരു ശാപമാണ് ദുർമരണങ്ങൾ.  അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ബാസ്കറ്റ്ബോളാണ് പ്രചാരത്തിൽ ഇന്നും ഒന്നാമത്. ലോകത്ത് ഏറ്റവും കൂടുതൽ കാശുവാരിക്കൂട്ടുന്നതിൽ ബാസ്കറ്റ്ബോൾ താരങ്ങൾ ഏറെ മുന്നിലും.  ബാസ്കറ്റ്ബോൾ താരങ്ങൾക്കു പക്ഷേ കളിക്കളത്തിനുപുറത്ത് ഇനിയും ശാപമോക്ഷമില്ല.

drazen-petrovic
വെൻഡൽ ലാഡ്നർ, ബ്രിസ് ജോൺസ്, ഡ്രാസൻ പെട്രോവിച്ച്

കഴിഞ്ഞയാഴ്ച യുഎസിൽ ഹെലികോപ്റ്റർ  അപകടത്തിൽ കായികലോകത്തിനു നഷ്ടപ്പെട്ടതും ഒരു ഇതിഹാസത്തെയാണ്: കോബി ബ്രയന്റ്. ഒപ്പം ഭാവിയുടെ താരമാകാൻ സാധ്യതയുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകൾ ജിയാനയെയും വിധി കവർന്നെടുത്തു. 

ബാസ്കറ്റ്ബോളിലെപ്പോലെ ദുരന്തങ്ങൾ വേട്ടയാടിയ ഇത്രയധികം താരങ്ങൾ മറ്റൊരു കായികരംഗത്തുമുണ്ടാവില്ല. കായികലോകത്ത് അതിസമ്പന്നരായ പല  താരങ്ങൾക്കും കരിയർ അവസാനിപ്പിക്കുംമുൻപ് ഈ ദുർഗതി ഉണ്ടായെന്നതും യാദൃച്ഛികം. 

ആകാശത്തെ ദുരന്തങ്ങൾ

edie-griffin
ഹാൻ ഗ്യാതേഴ്സ്, മാർവിൻ സ്റ്റോൺ, എഡ്ഡി ഗ്രിഫിൻ

കോബിക്കു മുൻപേ ആകാശയാത്രയിൽ ജീവൻ നഷ്ടപ്പെട്ട ബാസ്കറ്റ്ബോൾ താരങ്ങൾ വേറെയുമുണ്ട്. 1977ൽ ഇന്ത്യാനയിലെ ഇവാൻസ്‍വിൽ സർവകലാശാലയുടെ പർപ്പിൾ ഏയ്സ് ടീമിലെ 14 കളിക്കാർ സഞ്ചരിച്ച വിമാനം പറന്നുയരുമ്പോഴുണ്ടായ അപകടമാണ് ബാസ്കറ്റ്ബോൾ ചരിത്രത്തിലെ കറുത്ത അധ്യായം. ഒരു മൽസരത്തിനായി പുറപ്പെട്ട ടീമിലെ എല്ലാ അംഗങ്ങളും അന്നു മരിച്ചു. അന്നു ടീമിനൊപ്പമില്ലാതിരുന്ന സഹതാരം ഡേവിഡ് ഫർ രണ്ടാഴ്ച കഴിഞ്ഞ് ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടത് മറ്റൊരു നോവുന്ന ഓർമയായി.

1975ൽ വെൻഡൽ ലാഡ്നർ (26) എന്ന പ്രഫഷനൽ താരം മരിച്ചത് ന്യൂയോർക്കിലെ ജമൈക്കയിലുണ്ടായ വിമാനാപകടത്തിലാണ്. ന്യൂയോർക്ക് നെറ്റ്സിന്റെ താരമായിരുന്നു ലാഡ്നർ അപ്പോൾ. ആകാശദുരന്തത്തിൽ മരിച്ച മറ്റൊരു കളിക്കാരനാണ് ഫീനിക്സ് സൺസിന്റെ നിക്ക് വാനോസ്. മരിക്കുമ്പോൾ പ്രായം 24. എൻബിഎ താരമായിരുന്ന അദ്ദേഹം സഞ്ചരിച്ച വിമാനം മിഷിഗനിൽ തകർന്നാണു മരിച്ചത് (1987). 

തോക്ക് വില്ലനാകുമ്പോൾ

തോക്കു വില്ലനായ കഥകൾക്കു ബാസ്കറ്റ്ബോൾ കോർട്ടിനുപുറത്തു പഞ്ഞമില്ല. എൻബിഎയിൽ സാക്രമെന്റോ കിങ്സിനെ പ്രതിനിധീകരിച്ച അമേരിക്കയുടെ റിക്കി ബെറി തന്റെ 25–ാം പിറന്നാളിന് ഏതാനും ദിവസംമുൻപാണു സ്വയം വെടിവച്ചു ജീവിതം അവസാനിപ്പിച്ചത് (1989). വിഷാദരോഗത്തിന്റെ ലക്ഷണങ്ങളൊന്നും കാട്ടാതിരുന്ന ബെറിയുടെ ആത്മഹത്യ ആരാധകരെ ഏറെ നിരാശരാക്കി. 

gilbert-bulawan
നിക്ക് വാനോസ്, ബോബി ഫിൽസ്, ഗിൽബർട്ട് ബുലാവൻ

തോക്കു ജീവനെടുത്ത മറ്റൊരാളാണ് ന്യൂ ഓർലിയൻസ് പെലിക്കൻസിന്റെ ബ്രിസ് ജോൺസ്. തന്റെ കാമുകിയുടെ അപ്പാർട്മെന്റാണെന്നു തെറ്റിദ്ധരിച്ച് മറ്റൊരാളുടെ വീട്ടിലേക്കു തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കുവേണ്ടി അയാൾ ജോൺസിനുനേരെ നിറയൊഴിക്കുകയായിരുന്നു. 2016ൽ 23–ാം വയസ്സിലാണ് എൻബിഎ താരമായ ജോൺസ് കൊല്ലപ്പെട്ടത്. 

യൂറോപ്യൻ ലീഗ് താരമായിരുന്ന ലാവൽ ഫെൽറ്റൻ (30) കാർ ഓടിച്ച് ഒരു പെട്രോൾ പമ്പിലെത്തിയപ്പോൾ വെടിയേറ്റു മരിക്കുകയായിരുന്നു. സഹതാരത്തിന്റെ വെടിയേറ്റു ജീവൻ നഷ്ടപ്പെട്ട കളിക്കാരനാണ് പാട്രിക്ക് ഡെൻഹി (21). 2003ലായിരുന്നു സംഭവം. കളിക്കൂട്ടുകാരൻ എന്തിനു വെടിവച്ചു എന്ന കാരണം ഇന്നും വ്യക്തമല്ല. 1999ൽ സ്വയം വെടിവച്ചു ജീവൻ നഷ്ടപ്പെടുത്തിയ അമേരിക്കൻ വനിതാതാരമാണ് കത്രിന പ്രൈസ് (23). 

റോഡപകടങ്ങൾ 

റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരുപിടി ബാസ്കറ്റ്ബോൾ താരങ്ങളും ചരിത്രത്തിലുണ്ട്. എൻബിഎ കളിക്കാരനായ ടെറി ഫർലോ (26) ലഹരിമരുന്നു കഴിച്ച് കാർ ഓടിച്ചുണ്ടാക്കിയ അപകടത്തിലാണ് മരിച്ചത്. മിനസോട്ട ടിമ്പർവൂൾഫ്സിന്റെ എഡ്ഡി ഗ്രിഫിൻ (25) മുന്നറിയിപ്പു വകവയ്ക്കാതെ റെയിൽവേ ട്രാക്കിലേക്കു കടക്കുമ്പോൾ ട്രെയിനിടിച്ച് മരിക്കുകയായിരുന്നു, 2007ൽ. മിനസോട്ടയുടെ മാലിക് സീലിനും കാറപകടത്തിലാണ് ജീവൻ നഷ്ടമായത്.  ന്യൂജഴ്സി നെറ്റ്സിന്റെ ഡ്രാസൻ പെട്രോവിച്ചിനും (28) ഷാലറ്റ് ഹോർനെറ്റ്സിന്റെ ബോബി ഫിൽസിനും (30) കാർ അപകടത്തിലാണ് ജീവൻ പൊലിഞ്ഞത്. ബോസ്റ്റൻ സെൽടിക്സിന്റെ ഫോർവേഡായി തിരഞ്ഞെടുത്ത് രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ദുരന്തം പിന്തുടർന്ന ഒരു താരമുണ്ട്: ലെൻ ബിയാസ്. മരുന്നടിയെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു 1986ൽ മരണം.

വൈദ്യുതാഘാതം

ബാസ്കറ്റ്ബോളിൽ വൈദ്യുതാഘാതം വില്ലനായെത്തിയത് അരനൂറ്റാണ്ടുമുൻപാണ്, 1965ൽ. അമേരിക്കയിലെ യൂട്ടാ സർവകലാശാലയുടെ 21കാരനായ ഫോർവേഡ് വെയ്ൻ ഇസ്റ്റിസ് റോഡ് മുറിച്ചുകടക്കുമ്പോൾ വൈദ്യുതക്കമ്പിയിൽ തട്ടിയാണു ഷോക്കേറ്റത്. എൻബിഎയിൽ പ്രവേശനം ലഭിക്കാനിരിക്കെയായിരുന്നു ദുരന്തം.   

basketball-died-players
പാട്രിക് ഡെൻഹി, വെയ്ൻ ഇസ്റ്റിസ്, റിക്കി ബെറി

കളിക്കളത്തിലെ ദുരന്തങ്ങൾ 

കളിക്കിടെയും പരിശീലനത്തിനിടെയും താരങ്ങളുടെ ജീവൻ വിധി കവർന്നെടുത്ത ചരിത്രവും ബാസ്കറ്റ്ബോളിലുണ്ട്. അമേരിക്കക്കാരനായ മാർവിൻ സ്റ്റോൺ (26) സൗദി അറേബ്യയിൽ നടന്ന മത്സരത്തിന്റെ ഇടവേളയിൽ വിശ്രമിക്കുമ്പോഴാണ് മരണം വിളിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. 2008 ഏപ്രിൽ ഒന്നിന് സൗദിയിൽവച്ചായിരുന്നു ദുരന്തം. കളിക്കളത്തിൽവച്ച് കുഴഞ്ഞുവീണു ജീവൻ പൊലിഞ്ഞവരാണ് ഗിൽബർട്ട് ബുലാവൻ (29) ഹാൻ ഗ്യാതേഴ്സ് (23), റെഗ് ലൂയിസ് (27), കോണാഡ് മക്റേ (29), സിക് അപ്ഷോ (26) തുടങ്ങിയവർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA