ADVERTISEMENT

ഒറ്റപ്പാലം നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ യു. അയ്യപ്പന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. അധികസമയം ജോലി ചെയ്യാൻ മാത്രമല്ല,  ഒറ്റപ്പാലത്തെ പാതയോരങ്ങളിൽ ഒന്നരപ്പതിറ്റാണ്ടിനുള്ളിൽ  2541 മരങ്ങൾ നട്ടുവളർത്താനുംഅയ്യപ്പൻ സമയം കണ്ടെത്തി. 

ഞായറാഴ്ചകളിലും ആ ഒരുമുറി മാത്രം അടയാതെ കിടക്കുന്നുണ്ടാകും, ഒറ്റപ്പാലം നഗരസഭാ ഓഫിസിൽ. പ്രവൃത്തിദിനങ്ങളിൽ രാത്രി എട്ടുമണി വരെയും ആ മുറിയിലെ വെളിച്ചം അണയാറില്ല. 

ഒറ്റയ്ക്കൊരാൾ അവിടെയിരുന്നു ജോലി ചെയ്യുകയാണ്. സന്ദർശകർ കയറിവരാത്ത സമയത്ത് പലപ്പോഴും, ഷർട്ട് ഊരിവച്ച് സ്വന്തംവീട്ടിലെന്ന പോലെ ബനിയൻ വേഷത്തിലായിരിക്കും ഇരിപ്പ്; ഇത് ഒറ്റപ്പാലം നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ യു. അയ്യപ്പൻ. 

ആരുടെയും നിർബന്ധമല്ല, ഉത്തരവാദിത്തത്തെക്കുറിച്ചുള്ള സ്വയം ബോധ്യമാണ് അയ്യപ്പനെ ഇങ്ങനെ പണിയെടുപ്പിക്കുന്നത്. സമരാഹ്വാനങ്ങൾക്കു വഴങ്ങാൻ നിർബന്ധിതനാകുന്ന പണിമുടക്കു ദിവസങ്ങളിൽ, വഴിയോരങ്ങളിൽ താൻ നട്ടുവളർത്തുന്ന തണൽമരങ്ങളുടെ പരിപാലനത്തിലായിരിക്കും പ്രകൃതിയോടും പ്രവൃത്തിയോടും അത്രമേൽ പ്രണയപ്പെട്ട അയ്യപ്പൻ. 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊന്നും മലയാളിയുടെ ആധിയല്ലാതിരുന്ന കാലത്തുതന്നെ അയ്യപ്പൻ പരിസ്ഥിതി പ്രവർത്തനം തുടങ്ങിയിരുന്നു. 

പയ്യന്നൂർ നഗരസഭയിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച1992ൽ തുടങ്ങി, പൊതുസ്ഥലങ്ങളിൽ മരം വളർത്തുന്ന ശീലം. അക്കാലത്ത് അവധിദിവസങ്ങളിൽ തൈകളും തൂമ്പയുമായി റോഡിലേക്കിറങ്ങുന്ന നഗരസഭാ ജീവനക്കാരന്റെ തലയ്ക്കു കുഴപ്പമാണെന്നു പലരും സംശയിച്ചു. 

പാലക്കാട് നഗരസഭയിൽ ജോലി ചെയ്ത 2000–2004 കാലയളവിൽ നഗരസഭാ ഓഫിസ് വളപ്പിലും കോട്ടമൈതാനത്തും വിക്ടോറിയ കോളജ് പരിസരത്തുമൊക്കെ അയ്യപ്പൻ നട്ടുപിടിപ്പിച്ച തൈകൾ തണൽമരങ്ങളായി. 2005ൽ യുഡി ക്ലാർക്കിലേക്കുള്ള സ്ഥാനക്കയറ്റത്തിനൊപ്പമായിരുന്നു സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റവും. ഒറ്റപ്പാലത്തെ പാതയോരങ്ങളിൽ ഒന്നരപ്പതിറ്റാണ്ടിനുള്ളിൽ, സ്വന്തം ചെലവിലും പൊതുജനങ്ങളുടെയും നഗരസഭയുടെയും പിന്തുണയോടെയും അയ്യപ്പൻ നട്ടുപിടിപ്പിച്ചത് 2541 മരങ്ങൾ.   

കഴിഞ്ഞ രണ്ടുവർഷവും കേരളത്തിലുണ്ടായ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ, വിദ്യാർഥികളിൽ പരിസ്ഥിതി ബോധമുണർത്താൻ ലക്ഷ്യമിട്ട് ‘ഹരിതം’ എന്ന പേരിൽ തയാറാകുന്ന ഹ്രസ്വചിത്രത്തിന്റെ അരങ്ങിലും അണിയറയിലും അയ്യപ്പനുണ്ട്.  

സെക്കൻഡ് ഗ്രേഡ് നഗരസഭയായ ഒറ്റപ്പാലത്തു രണ്ടു റവന്യു ഇൻസ്പെക്ടർമാർ വേണ്ടതാണ്. തസ്തിക അനുവദിക്കാത്തതു കൊണ്ടു രണ്ടുപേരുടെ ജോലി അയ്യപ്പൻ ഒറ്റയ്ക്കു ചെയ്യുന്നു. 

ഫീൽഡിലെ പരിശോധനയും ഓഫിസ് ജോലിയും ഒരാളിൽ കേന്ദ്രീകരിക്കുന്നതിന്റെ പേരിൽ ഫയലുകൾ കെട്ടിക്കിടക്കാതിരിക്കാനാണ് അവധിയും സമയപരിധിയും നോക്കാതെ അയ്യപ്പൻ കർമനിരതനാകുന്നത്.

രാവിലെ രണ്ടുമണിക്കൂർ നേരത്തേ ഓഫിസിലെത്തും. റവന്യു ഇൻസ്പെക്ടറുടെ മുറിയിലും പുറത്തെ വരാന്തയിലുമായി 68 അലങ്കാരസസ്യങ്ങൾ നനവുകാത്തു നിൽക്കുന്നുണ്ട്, സ്വന്തം ചെലവിൽ അയ്യപ്പൻ വാങ്ങിവച്ച ചെടികളാണത്. മുടങ്ങാതെ നനയ്ക്കും.  

അവധിദിവസങ്ങളിൽ ഉച്ചവരെയാണ് ഫയലുകൾ കെട്ടിക്കിടക്കാതിരിക്കാനുള്ള പണികൾ. സ്വന്തം ടൈംടേബിൾ പ്രകാരം, ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഓഫിസ് വൃത്തിയാക്കലാണ്. ഇതിനു നഗരസഭയിൽ ജീവനക്കാർ ഇല്ലാഞ്ഞിട്ടല്ല. വെള്ളക്കോളർ മുഷിയുന്നതാണ് അയ്യപ്പനു പ്രിയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com