sections
MORE

കുരുത്തോലക്കുരുവിയുടെ കൂട്

sunday-kadha
വര: രഖിൽ രാജ്
SHARE

ഞായറാഴ്ച അപരാഹ്നത്തിലാണ് കൂടുപണി ആരംഭിച്ചത്. ഇണകൾ ഒന്നായ് ഉത്സാഹിക്കുന്നുണ്ടായിരുന്നു. സിറ്റൗട്ടിൽ പടർന്നു കിടക്കുന്ന ബ്രൈഡലിന്റെ ഇലച്ചാർത്തുകൾക്കിടയിലെ നാലിതൾ പൂക്കൾക്കിടയിൽ ആദ്യത്തെ ഇഴ ചേർക്കുമ്പോൾ പക്ഷികൾ കൂടുപണി ആരംഭിക്കുകയാണെന്ന് മിലിക്കു മനസ്സിലായില്ല. പിന്നീട് വരാന്തയിലും പോർച്ചിലും ഉടക്കിക്കിടന്ന മാറാലകൾ കൊത്തിയെടുത്ത് ചപ്പുകളെ ബന്ധിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഇരുട്ടുവീണു. പക്ഷികൾ എവിടേക്കോ പറന്നു പോയെങ്കിലും ഇലകൾകൊണ്ടു തീർത്ത കവചം പൂങ്കുലകളെ വരിഞ്ഞു മുറുക്കി ഞാണു കിടന്നിരുന്നു. ടിവി കണ്ടുകൊണ്ടിരുന്ന അമ്മയോട് മിലി അതെക്കുറിച്ചു പറഞ്ഞില്ല.

വിക്സ് മണക്കുന്ന ഗൃഹാന്തരീക്ഷത്തിനു പുറത്തു കടക്കുമ്പോൾ സുഗന്ധവാഹിയായ നാലിതൾ കുഞ്ഞുപൂക്കൾ പൊഴിക്കുന്ന തേൻഗന്ധം അമ്മയ്ക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണ് മംഗലപ്പുഴ സെമിനാരിയിൽ അമ്മയെ കുമ്പസാരിപ്പിക്കാൻ കൊണ്ടുപോയപ്പോൾ ബ്രൈഡലിന്റെ വേരുപിടിച്ച ഒരു കമ്പ് ആരും കാണാതെ പറിച്ചെടുത്തത്. ചെറിയ കളവുകൾ കുമ്പസാരിക്കുമ്പോൾ തീരുമെന്നു പറഞ്ഞ് അമ്മ പുഞ്ചിരിച്ചു. കാറിന്റെ പിൻസീറ്റിൽ അമ്മയ്ക്കരുകിൽ കിടന്ന അതിൽ വിടരാത്ത പച്ച ഗോളങ്ങളും ഒരുകുല നാലിതൾ പൂക്കളും ഉണ്ടായിരുന്നു. പിൻസീറ്റിലെ ചില്ലു താഴ്ത്തി ഹായ് എന്താ മണം എന്ന് അമ്മ പറഞ്ഞത് മിലിയുടെ മനസ്സിൽ മിന്നിമറഞ്ഞു.

അമ്മയ്ക്ക് ഓട്സും പാലും ചേർത്ത കുറുക്ക് കോരിക്കൊടുക്കുമ്പോൾ പക്ഷികളെക്കുറിച്ചും കൂടിനെക്കുറിച്ചും മിലി മറന്നുപോയിരുന്നു. പ്രഭാതത്തിൽ ഗേറ്റിനരികെവച്ച പാലും പത്രവും എടുക്കാൻ ചെല്ലുമ്പോൾ കൂടുപണി ആരംഭിക്കുന്നതിന്റെ ലക്ഷണമായി ഇണകൾ മാറിമാറി പറന്നിരിക്കുന്നതു കണ്ടു. ബ്രൈഡലിന്റെ വിടരാത്ത മൊട്ടുകൾക്കിടയിൽ ഇരുന്ന ആൺകിളിയെ വെയിൽ തിളക്കമുള്ളതാക്കി. അതിന്റെ തലയിലെ നീല വർണകിരീടം തിളങ്ങിക്കൊണ്ടിരുന്നു. മുറിയിലിരുന്നാൽ ഇണകളുടെ ചേഷ്ടകൾ കാണാൻ പ്രയാസമായതുകൊണ്ട് ഒരു മഗ് നിറയെ കാപ്പിയുമായി വരാന്തയിലെത്തി. പുതിയ കാമുകീ കാമുകന്മാരാവാം ഈ പക്ഷികൾ. ഒരു വീടിന്റെ അനിവാര്യത ബോധ്യമായപ്പോൾ ഇണകൾ മത്സരബുദ്ധിയോടെ പണിയെടുക്കുന്നു. ഇടയ്ക്കിടെ അവ കൊക്കുരുമ്മി കിന്നാരം പറഞ്ഞുകൊണ്ടിരുന്നു. അതിനൊരു സംഗീതത്തിന്റെ ധ്വനിയുണ്ടെന്ന് മിലി തിരിച്ചറിഞ്ഞു.

ബാത്ത്റൂമിൽ നിന്നും വീൽചെയർ വരാന്തയിലെത്തിച്ച് ഒച്ചവയ്ക്കരുതെന്ന മുന്നറിയിപ്പോടെ അമ്മയെ ആ കാഴ്ച കാണിച്ചുകൊടുത്തു, മിലി. ‘‘കുരുത്തോലക്കുരുവികൾ കൂടുവച്ചാൽ ഐശ്വര്യം താനേ വരും...’’ 

അമ്മ പിന്നീടു പറയാൻ ബാക്കിവച്ചത് പുറത്തുവന്നില്ല. വീടിനു മുൻവശത്തെ വിജനമായ പറമ്പിൽ നിന്നു പുൽനാമ്പുകൾ കൊണ്ടുവന്ന് ഉൗടും പാവുമിട്ട് കൂടിന്റെ കവചം പൂർത്തിയാക്കുമ്പോൾ സന്ധ്യയായി. പെൺപക്ഷി കൊമ്പിലിരുന്ന് അവ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ആൺപക്ഷി കമ്പുകളുമായി വന്ന് ഇണയ്ക്കു കൈമാറി. അന്നും സന്ധ്യക്കു പക്ഷികൾ ഏതോ മരത്തിന്റെ ശിഖരത്തിലാണ് വിശ്രമിച്ചതെന്നു തോന്നി. ഇരുട്ടും മുമ്പേ പോയ പക്ഷികൾ തിരിച്ചു വന്നതിന്റെ ലക്ഷണമൊന്നും ദൃശ്യമായിരുന്നില്ല.

‘‘കണ്ടോടീ... അവറ്റകളുടെ സ്നേഹം... ’’ അമ്മയുടെ മുറിഞ്ഞുപോകുന്ന വാക്കുകൾ കേട്ട് മിലി അകത്തേക്കുപോയി.

അസ്തമയത്തിന്റെ വിളറിയ ഇരുട്ടിൽ വരാന്തയിൽത്തന്നെ വീൽചെയറിൽ ഇരുന്നു, അമ്മ. ഉരലിനും ആട്ടുകല്ലിനും മീതെ വെട്ടിയിട്ട ഗ്രാനൈറ്റ് ടീപ്പോയിയിൽ അന്നത്തെ പത്രം കിടന്നു. പക്ഷിക്കൂടിന്റെ പണി കണ്ട് വീൽചെയറിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു, അമ്മ. എന്താണ് അമ്മ ആലോചിക്കുന്നതെന്നു പിടികിട്ടിയില്ല, മിലിക്ക്.

‘‘ബ്രൈഡല് അവറ്റകള് കളയട്ടെ. എന്നാലും ഒരു കുടുംബം ഇവിടെ പാർക്കട്ടെ... അല്ലേ... അമ്മേ.’’

വലതുവശം തളർന്ന അമ്മയെ കൊതുകുകൾ പൊതിഞ്ഞു കടിക്കുന്നുണ്ടെങ്കിലും ഇടതുവശത്തെ കൊതുകുകളെ ബാറ്റ്കൊണ്ട് അടിച്ച് പടക്കം പൊട്ടിച്ചു രസിച്ച് അമ്മ പറഞ്ഞു. 

‘‘ചൈനക്കാർ ഇതു കണ്ടുപിടിച്ചതു നന്നായി...’’ 

കൊതുകുകൾ ചാവുന്ന ഒച്ച കേൾക്കുമ്പോൾ അമ്മയുടെ മുഖത്തു വിരിയുന്ന പുഞ്ചിരി കാണേണ്ടതുതന്നെ.

നാലാം ദിവസം പക്ഷികൾ മിനുക്കു പണിയിലേർപ്പെട്ടിരിക്കുമ്പോൾ അഴയിൽ തുണി വിരിക്കുവാൻ മുറ്റത്തെത്തി, മിലി. അഴയുടെ ചലനങ്ങൾ ക്രീപ്പേഴ്സിലേക്കു പടരുമ്പോൾ പക്ഷികൾ അപ്പുറത്തെ പുളിമരക്കൊമ്പിലേക്ക് സ്ഥാനം മാറി. സന്ധ്യയ്ക്ക് അവ തിരിച്ചുപോയില്ലെന്ന് വ്യക്തമായിരുന്നു. കുറെനേരം ക്രീപ്പേഴ്സിനു മുകളിൽ ചിലച്ചു പറന്ന് ആദ്യം പെൺപക്ഷിയും അവളുടെ വാലായ് ആൺപക്ഷിയും കൂട്ടിനകത്തു കടന്നു. പുതിയ വീട്ടിലെ ആദ്യരാത്രി.

രാത്രിയാണ് അമേരിക്കയിൽ നിന്ന് അഗത വിളിക്കാറ്. സ്ക്രീനിൽ അഗതയുടെയും രണ്ടു പെൺമക്കളുടെയും മുഖം തെളിഞ്ഞു. അമ്മയ്ക്കു ഫോൺ കൈമാറിയപ്പോൾ അഗതയോടു പറയുന്നത് മിലി ശ്രദ്ധിച്ചു.

‘‘എടിയേ... അവറ്റകളുടെ സ്നേഹം കാണണമെടീ... മനുഷ്യന്മാര് കണ്ടു പഠിക്കണം...’’

പുറത്തെ ലൈറ്റിട്ട് വരാന്തയിലെത്തിയപ്പോൾ മേനി തമ്മിലുരസി കൂട്ടിൽ ചലനങ്ങളുണ്ടാക്കി പക്ഷികൾ ചിലയ്ക്കുന്നത് കേട്ടുകൊണ്ട് മിലി ഗേറ്റ് പൂട്ടി.

ഇരുട്ടിൽ വീട് കൂർക്കംവലി ആരംഭിച്ചു. അമ്മ ഉറങ്ങിയിട്ടില്ലെന്നും ഇടതുകൈകൊണ്ട് കൊന്ത ഉരുട്ടുകയാണെന്നും അരണ്ട വെളിച്ചത്തിൽ മിലി കണ്ടു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ പക്ഷികളെക്കുറിച്ചോർത്ത് അവൾ മനസ്സിൽ ദുഃഖം നിറച്ചു. വെറുതെ ദുഃഖിക്കുന്ന ശീലം ഇൗയിടെ വിടാതെ പിന്തുടരുന്നുണ്ടെന്ന് അറിയാം, മിലിക്ക്.

‘‘മോളേ... നീ വിട്ടുവീഴ്ച ചെയ്യണം... അനുസരിച്ച് അവനെ സ്നേഹിക്കണം. അലക്സ് പാവമാടീ... നീ തൊട്ടും തലോടിയും അവന്റെ മണം പറ്റിയും... ഒന്നാകുകയെന്ന് തിരുസഭ പഠിപ്പിക്കുന്നത് അതൊക്കെയാടീ...’’

അമ്മയുടെ വാക്കുകൾ കരച്ചിലിലൊടുങ്ങി. ഉപദേശിക്കുമ്പോൾ അമ്മ ഹിസ്റ്ററി പ്രഫസറാകുന്നത് മിലിക്കറിയാം.

അലക്സിനെക്കുറിച്ച് ആർദ്രതയോടെ ഓർത്തു, മിലി. എന്തിനാണ് തങ്ങൾ പിരിഞ്ഞതെന്നും ഡിവോഴ്സിനു ശ്രമിക്കുന്നതെന്നും ചിന്തിച്ച് പെട്ടെന്നു മിലി അമ്മ പറയാൻ ആഞ്ഞതിനു തടയിട്ടു. പക്ഷികളുടെ ചിലയ്ക്കൽ കാതിൽ മർമരമായി. കൺപോളകളിൽ അവ ചാടിക്കളിക്കുന്നതായും കൊക്കുരുമ്മി മാറിൽ അരിച്ചു നടക്കുന്നതായും മിലിക്കു തോന്നി.

പ്രഭാതത്തിൽ അമ്മ വീൽചെയറിൽ കയറി അത് വരാന്തയിലേക്ക് ഓടിക്കാൻ വെമ്പൽകൊള്ളുകയാണ്. മിലി കൈത്താങ്ങായി. പക്ഷിക്കൂട് നോക്കിയിരുന്ന് അമ്മ ചിന്തിക്കുന്നത് തന്നെക്കുറിച്ചാവാമെന്ന് മിലിക്കു തോന്നി.

‘‘മോളേ, അഗതയും നീയും ഇരട്ടകളല്ലേ. അവൾക്കു രണ്ടു മക്കളായി. നിന്റെ ചെക്കന്റെ പൗരുഷത്തിൽ ഏതു പെണ്ണും വീഴുമല്ലോ. നീ ഡാഡിയെക്കുറിച്ച് ഓർത്തു നോക്കൂ. എന്നിട്ടും ഞങ്ങൾ പൊരുത്തപ്പെട്ടില്ലേ... നിന്റെ കെമിസ്ട്രി ഒക്കുന്നില്ല... അവൻ സ്നേഹമുള്ളോനാ... നീ ട്രൈ ചെയ്ത് നോക്ക്, അവനെ വെറുക്കാതെ.’’

അടുക്കളയിൽ പ്രാതൽ തയാറാക്കുന്ന തിരക്കിലായതുകൊണ്ട് അമ്മ പറഞ്ഞതിൽ പാതി മിലി കേട്ടതേയില്ല. അന്നു സന്ധ്യയ്ക്കാണ് അമ്മയെ ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. സ്ട്രോക്കിന്റെ രണ്ടാം വരവ് അമ്മയെ ബോധം കെടുത്തിക്കളഞ്ഞു. വീൽചെയർ ഉരുട്ടി അമ്മ വരാന്തയിലേക്ക് കടന്നതായിരുന്നു. പെട്ടെന്നു വലതുവശം വിറച്ച് മുഖം കുത്തി താഴേക്കു വീണു. മൂക്കിൽ നിന്ന് അരുവിയായി ചോര തറയിൽ ചാലിട്ടു. വീൽചെയർ നടവഴിയിൽ വിരിച്ച കട്ടയിലൂടെ ഉരുണ്ട് മതിലിൽചെന്ന് ഇടിച്ചു മറിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. ഐസിയുവിൽ തന്നെയാവുമെന്നും അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോ എന്നും ഡോക്ടർ‌ പറഞ്ഞു. മൂന്നാമത്തെ ദിവസം അഗതയുടെ കുടുംബം എത്തുംവരെ ഓക്സിജൻ മാസ്ക് മാറ്റുന്നില്ലെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

വീട് അനാഥമാകുന്നത് മിലി അറിഞ്ഞു. സന്ധ്യയ്ക്ക് അവൾ സ്കൂട്ടർ പായിച്ചു വീട്ടിലെത്തി ഗേറ്റ് തുറന്നു. പാൽക്കുപ്പിയെ പൊതിഞ്ഞ് ഉറുമ്പിൻ കൂട്ടങ്ങൾ മതിലിലൂടെ നിരയിട്ട് താഴേക്കിറങ്ങുന്നു. പത്രം എടുത്ത് മിലി പക്ഷിക്കൂടിന്റെ സ്ഥാനത്തേക്കു നോക്കി. ബ്രൈഡലിന്റെ വള്ളികൾ താഴേക്കു തൂങ്ങിക്കിടന്നിരുന്നു. ആകെ അലങ്കോലമായിരിക്കുന്നു. തലേന്നു കണ്ട കൂടിന് ആകൃതി നഷ്ടപ്പെട്ടതു നോക്കിനിന്നു, മിലി. നിലത്ത് ചപ്പും മാറാലയും കിടന്നിരുന്നു. കൂടിന്റെ ശേഷിക്കുന്ന ഭാഗം കാറ്റിലാടിക്കൊണ്ടിരുന്നു. പെൺപക്ഷി പുളിമരക്കൊമ്പിലിരുന്നു ചിലയ്ക്കുന്നുണ്ടായിരുന്നു. അതിന് ഒരു വിലാപത്തിന്റെ സംഗീതമുണ്ടെന്നു മിലിക്കു തോന്നി. പൂച്ചയ്ക്കു കയറാവുന്ന ഇടത്താണ് കൂടുവച്ചതെന്ന് പെൺപക്ഷി അറിഞ്ഞത് ഇണയെ പല്ലുകളിലുടക്കി ഓടിയകലുന്ന പൂച്ചയെ കണ്ടപ്പോഴാകാം.

ആശുപത്രിയിലേക്ക് പോകാൻ മിലി വാതിൽ തുറന്നു. ലൈറ്റ് തെളിച്ചിട്ട് അവൾ ഗേറ്റിനരികിൽ കിടന്നിരുന്ന വീൽചെയറിന്റെ ഭാഗത്തേക്കു കണ്ണോടിച്ചു. വാതിൽ പൂട്ടി നടക്കുമ്പോൾ വീൽചെയർ തള്ളി വരുന്ന ആളെ മിലി കണ്ടു.

അലക്സ് അവളുടെ മുടിയിഴകളിൽ ചുംബിച്ചു നിൽക്കുമ്പോൾ വിക്സിന്റെ ഗന്ധം ഒഴിഞ്ഞുപോയ വരാന്തയിൽ ബ്രൈഡലിന്റെ വെളുത്ത നാലിതൾ പൂക്കൾ വീണു കിടക്കുന്നത് തേങ്ങലോടെ നോക്കി നിന്നു. അലങ്കോലമായ കൂടിനു ചുറ്റും പെൺകിളി ആർത്തനാദം മുഴക്കി പറന്നു നടക്കുന്നുണ്ടായിരുന്നു. കരച്ചിലിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അലക്സ് മിലിയുടെ വായിൽ കൈപ്പടമമർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA