sections
MORE

വൻസ്രാവുകളോട് മിണ്ടി രണ്ടുപേർ

jipson-jitheesh
ജിപ്സൺ ജോൺ, പി.എം. ജിതീഷ് ചിത്രം: മനോരമ
SHARE

ഇതു ജിതീഷിന്റെയും ജിസ്പണിന്റെയും  കഥയാണ്.  അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ദൂരം നമുക്കത്ര അടുത്തല്ലെന്നു മാത്രം....

രണ്ടു കോളജ് പിള്ളേർ കാണുമ്പോഴൊക്കെയും തമ്മിൽ സംസാരിക്കുന്നത് എന്തിനെക്കുറിച്ചാവും? നാട്ടിൻപുറത്തു ജനിച്ച്, 2 വ്യത്യസ്ത കോളജുകളിൽ പഠിച്ചെത്തിയ അവർ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഭാവിയെക്കുറിച്ചു സംസാരിച്ചതു വായനയുടെ ലോകത്തു പുതുവഴി തീർക്കുന്നതിനെ കുറിച്ചാണ് ഈ കഥ. ഒരോ മേഖലയിലും ലോകം കേൾക്കാൻ കൊതിക്കുന്ന വിഖ്യാതരോടു സംസാരിക്കുക, അഭിമുഖങ്ങളായും അഭിമുഖ പരമ്പരകളായും ലോകോത്തര മാസികകളിൽ അതു പ്രസിദ്ധീകരിക്കുക. 

ഇടുക്കിയിലെ കർഷകരാണ് കൊടിയംകുന്നേലിലെ ജോൺ കുര്യനും മേരിയും. അവരുടെ ഇളയ മകൻ ജിപ്സൺ ജോൺ. എറണാകുളം തേവര കോളജിൽ പഠിക്കാൻ ചേർന്നതു ബിഎസ്‌സി കെമിസ്ട്രിയാണ്. പ്രസംഗവും ഡിബേറ്റും അതിലേറെ വായനയുമൊക്കെയായി ആഘോഷമാക്കിയ കോളജ് കാലം കഴിഞ്ഞുള്ള ഇടവേളയിൽ ജിപ്സൺ കാക്കനാട്ടെ പ്രസ് അക്കാദമിയിൽ ജേണലിസം കോഴ്സിനു ചേർന്നു. അതേസമയം തൃശൂർ കേരളവർമ കോളജിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലുമായി ഡിഗ്രിയും പിജിയും കഴിഞ്ഞ പി.എം. ജിതീഷ് എന്ന പട്ടാമ്പി ചാലിശേരിയിലെ മുരളീധരന്റെയും ജയലക്ഷ്മിയുടെയും മകനും കാക്കനാട്ടെ പ്രസ് അക്കാദമിയിലേക്കു വണ്ടികയറി.

കാര്യവട്ടത്തൊരു ഡിബേറ്റ് മൽസരം വന്നപ്പോൾ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇരുവരും ഒന്നിച്ചുപോയി. മൽസരത്തിൽ രണ്ടാം സ്ഥാനം വാങ്ങിയുള്ള മടങ്ങിവരവിലാണ് ഈ കഥ തുടങ്ങുന്നത്.  ആ യാത്ര തീരുമ്പോഴേക്കവർ ഒന്നിച്ചായി... പ്രസ് അക്കാദമിയിൽ ഒരു മീഡിയ ഫെസ്റ്റിന്റെ സംഘാടനത്തിൽ മുതൽ ചേർന്നിരുന്നുള്ള എഴുത്തിൽവരെ നല്ല കൂട്ടുകാർ.

അങ്ങനിരിക്കെ പത്രപ്രവർത്തകൻ പി. സായ്നാഥ് പ്രസ് അക്കാദമിയുടെ പരിപാടിക്കായി എത്തുന്നുവെന്ന വാർത്തയറിഞ്ഞു. കടക്കെണിയിൽ നിരാശരായ കർഷകരുടെ കൂട്ട ആത്മഹത്യകൾക്കു പിന്നിലെ കാരണങ്ങൾ തേടിയ സായ്നാഥ്. അക്കാദമിയിൽ നിന്ന് ഇടുക്കിയിലേക്കാണു പോകുന്നത് എന്നറിഞ്ഞപ്പോൾ ഒപ്പം പോകാൻ ഇരുവർക്കും ആഗ്രഹം. രണ്ടു ദിവസത്തെ യാത്ര ഒരു ബന്ധത്തിന്റെ തുടക്കമായി. സായ്നാഥിന്റെ ഗ്രാമീണ റിപ്പോർട്ടിങ്ങിന്റെ വിവരശേഖരണത്തിനായി കേരളത്തിലെമ്പാടും ഓടിയെത്തിയ നാളുകളായിരുന്നു പിന്നീട്. സായ്നാഥിന്റെ രണ്ടാംവരവിൽ അദ്ദേഹത്തെ നേരിൽക്കണ്ട് നടത്തിയ ദീർഘസംഭാഷണം പ്രസിദ്ധീകരിച്ചു വന്നതോടെ ആത്മവിശ്വാസമായി.

മോഹങ്ങൾ മനസ്സിലിട്ടു തന്നെയാണ് ജിപ്സണും ജിതീഷും ഡൽഹിയിലേക്കു വണ്ടികയറിയത്. ജിപ്സൺ ജാമിയ മില്ലിയയിൽ ബിരുദാനന്തര ബിരുദ പഠനത്തിനു ചേരാൻ ഒരുവർഷത്തോളം പിന്നെയും വേണ്ടിവന്നു. എന്നിട്ടും ഡൽഹിയിൽ നിന്നു മടങ്ങിയില്ല. അച്ഛൻ മരിച്ചതടക്കം വീട്ടിലെ ബുദ്ധിമുട്ടുകൾക്കിടെ ജിതീഷ് നാട്ടിലും ഡൽഹിയിലുമായി മാറിമാറി നിന്നു. കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡിക്കു ചേർന്നു. സംസ്ഥാന ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ പ്രഭാത് പട്നായിക്കിനെ തേടിപ്പിടിച്ചുനടത്തിയ അഭിമുഖം പ്രസിദ്ധ അമേരിക്കൻ മാസികയായ മന്ത്‌ലി റിവ്യൂവിൽ പ്രസിദ്ധീകരിച്ചു വന്ന വിവരം പ്രഭാത് പട്നായിക്ക് തന്നെയാണ് ഇരുവരെയും അറിയിച്ചത്, ഒപ്പം അഭിനന്ദനവും.

ജാമിയ മില്ലിയയിലെ മാത്യു ജോസഫ് മാഷ് ഒരിക്കൽ ജിപ്സണോടു ചോദിച്ചു: ഇങ്ങനെ പോരാ, കുറച്ചുകൂടി പ്ലാൻഡാവണം. എന്താണ് പരിപാടി? ആലോചിച്ചു നിൽക്കാതെ ജിപ്സൺ മറുപടി നൽകി: ഞങ്ങളൊരു വമ്പൻ പരിപാടിക്കു ശ്രമിക്കുകയാണ് സർ. ലോകത്തെ ഏറ്റവും വിഖ്യാതരായ സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളും കലാകാരന്മാരെയുമെല്ലാം ഒരു പൊതുവേദിയിൽ അവതരിപ്പിക്കുക, ലോകത്തെമ്പാടുമുള്ള വായനാ സമൂഹത്തിനു സമ്മാനിക്കാവുന്ന ഒരു അപൂർവ വിജ്ഞാന സംരംഭം! സമൂഹം പലതരം ആശയക്കുഴപ്പങ്ങളിൽപെട്ട കാലത്ത്, വ്യക്തതയോടെ സംസാരിക്കുന്നവരെ കേൾക്കാൻ ആളുണ്ടാവും. മാഷും ശരിവച്ചു. നാട്ടിലായിരുന്ന ജിതീഷിനെ വിളിച്ച് ആശയത്തിന് അന്തിമ രൂപം നൽകി, 3 വർഷം കൊണ്ട് 50 ലോകപ്രശസ്തരോടു സംസാരിക്കുന്നു.

ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന നോം ചോംസ്കി അടക്കം ഒട്ടേറെ പ്രമുഖർ ഇതിനകം ഇവരുടെ ചോദ്യങ്ങൾക്കു വിശദമായിത്തന്നെ മറുപടി നൽകിക്കഴിഞ്ഞു. വിയറ്റ്നാം ഉൾപ്പെടെ യുദ്ധമേഖലകളിലെ ക്രൂരതകളും സാമ്രാജ്യത്വ താൽപര്യങ്ങളും ലോകത്തോടു വിളിച്ചുപറഞ്ഞ പ്രശസ്ത മാധ്യമ പ്രവർത്തകനും ബാഫ്ത അവാർഡ് ജേതാവുമായ ജോൺ പിൽജർ, ഗ്രീസ് സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ കാലത്ത്  ധനമന്ത്രിയായിരുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ യാനിസ് വറോഫാക്കിസ്, പ്രമുഖ ചിന്തകൻ ഡേവിഡ് ഹാർവി, ഇന്ത്യൻ തത്വചിന്തകരിൽ പ്രമുഖനും അമേരിക്കയിലെ കൊളംബിയ സർവകലാശാലാ പ്രഫസറുമായ അകീൽ ബിൽഗ്രാമി, ഇന്ത്യൻ ചിന്തകരിൽ പ്രമുഖനും സാംസ്കാരിക വിമർശകനുമായ ഐജാസ് അഹമ്മദ്, ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥൻ, ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, ചരിത്രകാരൻ ഇർഫാൻ ഹബീബ്, വിവരാവകാശ നിയമത്തിന്റെ ചാലക ശക്തികളിൽ പ്രമുഖയും മാഗ്സസെ അവാർഡ് ജേതാവുമായ അരുണ റോയ്, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ഡയറക്ടർ വോൾഫ്ഗാങ് സ്ട്രീക്ക്, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനെഗലിലെ തേർഡ് വേൾഡ് ഫോറം ഡയറക്ടർ ആയിരുന്ന സമീർ ആമീൻ, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ ഡ്രീസ് തുടങ്ങി ഇവർ അഭിമുഖ സംഭാഷണം നടത്തിയവരുടെ പട്ടിക ആൾവലുപ്പം കൊണ്ടു വലുതാണ്.

6 രാജ്യങ്ങളിൽ നിന്നായി  21 പ്രമുഖർ ഇതിനോടകം ഇവരുടെ ചോദ്യങ്ങൾക്കു ദീർഘമായി മറുപടി നൽകിക്കഴിഞ്ഞു. വിവിധ പ്രസിദ്ധീകരണങ്ങളിൽ അവ അച്ചടിച്ചു വന്നു. പലതും മുഖലേഖനങ്ങളായി. ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, ടർക്കിഷ്, പോർച്ചുഗീസ്, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി തുടങ്ങി പത്തോളം ഭാഷകളിലേക്ക് അവ വിവർത്തനം ചെയ്യപ്പെട്ടു. 3000 വാക്കുകൾ മുതൽ 35000 വാക്കുകൾ ദൈർഘ്യമുള്ളതാണ് ഓരോന്നുമെന്നു പറയുമ്പോൾ ഊഹിക്കാമല്ലോ അതിനു പിന്നിലെ അധ്വാനം. 2016 തുടക്കത്തിൽ ചോംസ്കിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമം തുടങ്ങിയ ഇവർക്കു 2 വർഷത്തെ പരിശ്രമത്തിനൊടുവിൽ 2018ലാണ് അഭിമുഖം യാഥാർഥ്യമാക്കാനായത്.  ഐജാസ് അഹ്‌മദുമായുള്ള അഭിമുഖം 19 മാസം നീണ്ട ശ്രമഫലമാണ്. 

ഒരു മൂലധനവുമില്ലാതെ വലിയൊരു സ്വപ്നത്തിലേക്ക് ഇറങ്ങിത്തിരിച്ചവരാണ് ഇരുവരും.  ഉപേക്ഷിക്കേണ്ട അവസ്ഥ പോലും വന്നിട്ടും പ്രശസ്തരായ 50 പേരെന്ന ലക്ഷ്യത്തിലേക്ക് യാത്ര തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജനകീയ ധനസമാഹരണത്തിനുള്ള ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിനു ശ്രമിക്കുകയാണിപ്പോൾ. കനയ്യകുമാർ, ജിഗ്‌നേഷ് മേവാനി, ആരുഷി മാർലി തുടങ്ങിയ യുവ രാഷ്ട്രീയ പ്രവർത്തകർക്ക് ഉൾപ്പെടെ പ്രവർത്തനങ്ങൾക്കു ലോകം പണം നൽകിയ ourdemocracy.in എന്ന ക്രൗഡ് ഫണ്ടിങ് സൈറ്റാണ് ഇവരും പ്രയോജനപ്പെടുത്തുന്നത്.   നോം ചോംസ്കി അടക്കമുള്ളവർ പരസ്യപിന്തുണമായി ഒപ്പമുണ്ട്. 

ഓരോ മലയാളിയുടെയും പിന്തുണയും ഇവർക്കു വേണം. ജിപ്സണോട് സംസാരിക്കാൻ: 9540554368. 

എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കുന്ന ഇവരോട് ഒരുചോദ്യം: എന്തുകൊണ്ട് നിങ്ങൾ ?

വായനയിലും മറ്റും താൽപര്യം കുറഞ്ഞെന്നും എല്ലാവരും കരിയറിസ്റ്റുകളായെന്നുമെല്ലാം യുവാക്കളെ ആക്ഷേപിക്കുന്ന കാലത്താണ് ഇതു ചെയ്യുന്നത്. ആരോഗ്യകരമായ ജനാധിപത്യത്തിനും പൗരജീവിതത്തിന്റെ നിലനിൽപിനും വിമർശനാത്മക ശബ്ദങ്ങൾക്ക് ഇടമുണ്ടാകണം.

ഇതു മനസ്സിലാക്കി സാമൂഹിക ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നവരുടെ ശബ്ദം വീണ്ടുമുറക്കെ പരിചയപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA