ADVERTISEMENT

ലോകത്തെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിലുള്ള ഊട്ടി ഗുഡ്ഷെപ്പേഡ് സ്കൂളിന്റെ അമരക്കാരൻ ഡോ. പി.സി. തോമസിന്റെ ജീവിതം....

മുഴുവൻ ഉത്തരങ്ങളും തെറ്റിച്ച കുട്ടിയോടും മുഴുവൻ ശരിയാക്കിയ കുട്ടിയോടും ഡോ. പി.സി.തോമസ് ഒരേ കാര്യം തന്നെ പറയും: ‘ഇതൊന്നും ശരിയല്ല!’. തെറ്റിയ കുട്ടിയോട് കൂടുതൽ ശരി വാങ്ങണമെന്നാണു നിർദേശം. മുഴുവൻ ശരിയാക്കിയ കുട്ടിയോടു പറയുക, ജീവിതത്തിലും ഈ ശരി നട്ടുവളർത്തണം എന്നും. 

ഏറ്റുമാനൂരിലെ പ്രതാപമുള്ള പ്ലാന്റർമാരുടെ കുടുംബത്തിലാണു ജനിച്ചതെങ്കിലും അറിവും മികവും നട്ടുവളർത്താനായിരുന്നു തോമസിനു താൽപര്യം. സ്വന്തം ജീവിതം തന്നെ അതിനു വേണ്ട തണലും വെള്ളവുമാക്കി. ഈ മികവിനു നാടാകെ അറിയുന്ന ഉത്തരമുണ്ട്: ലോകത്തെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ആദ്യവരികളിൽ തന്നെ വരുന്ന ഊട്ടി ഗുഡ് ഷെപ്പേഡ് ഇന്റർനാഷനൽ സ്കൂൾ. 

ലോകത്താകമാനം അംഗീകരിക്കുന്ന മികവിന്റെ പാസ്പോർട്ട് ആണ് ഊട്ടി ഗുഡ്ഷെപ്പേഡ് ഇന്റർനാഷനൽ സ്കൂൾ. അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പൂർവ വിദ്യാർഥികളുടെ രാജ്യങ്ങൾ ചോദിച്ചാൽ ഗ്ലോബ് മുഴുവൻ തൊട്ടുകാണിക്കേണ്ടിവരും. ഗുരുകുല സമ്പ്രദായ രീതിയെയും ആഗോള വിദ്യാഭ്യാസ കാഴ്ചപ്പാടുകളെയും അടിസ്ഥാനമാക്കി ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ചാണ് അധ്യയനം. പാഠപുസ്തകത്തിലെ അറിവിനു പുറമേ വിദ്യാർഥിയുടെ കലാ, കായിക, സാംസ്കാരിക, ഭാഷാപരമായ കഴിവുകളും ഏറ്റവും മൂർച്ചയുള്ളതാക്കും.

എൽസമ്മ എന്ന മൂലധനം

‘നിങ്ങളുടെ ഒരൊറ്റ യെസ് ചരിത്രമാകും, വരാനിരിക്കുന്ന ഒരുപാടു പേർക്കു യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം’ – ‘ട്രാഫിക്’ എന്ന സിനിമയിൽ അനശ്വര നടൻ ജോസ് പ്രകാശ് ഇതു പറയുന്നതിനു മുൻപേ ജീവിതത്തിൽ മറ്റൊരാൾ പറഞ്ഞ ‘യെസ്’ ആണ് ഇത്തരമൊരു വിദ്യാലയത്തിനു തുടക്കമിട്ടത്. അതു മറ്റാരുമല്ല, ജോസ് പ്രകാശിന്റെ മകൾ എൽസമ്മ, പി.സി.തോമസിന്റെ ഭാര്യ. തോമസിന്റെ  വിജയത്തിനു പിന്നിലെ പ്രധാന ഊർജം.

ഒരു കുട്ടിയുടെ എല്ലാ കഴിവുകളെയും പരിപോഷിപ്പിക്കുന്ന വിദ്യാലയം തോമസിന്റെ സ്വപ്നമായിരുന്നു. തിരുവനന്തപുരം ലയോള സ്കൂൾ, ബിജാപ്പുർ സൈനിക് സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപക ജോലിയും അറവങ്കാട് കോർഡെറ്റ് ഫാക്ടറി സ്കൂളിലെയും ഊട്ടി ബ്രിക്സ് മെമ്മോറിയൽ സ്കൂളിലെയും പ്രധാനാധ്യാപക ജോലിയുമെല്ലാം ചെയ്യുമ്പോഴും ‘കുന്നിൻചെരിവിലെ പൂർണതയുള്ള സ്കൂൾ’ എന്ന സ്വപ്നമുണ്ടായിരുന്നു. സ്കൂൾ തുടങ്ങാനുള്ള ആദ്യ മൂലധനം,  ‘കൂടെയുണ്ടാകും’ എന്ന് എൽസമ്മ നൽകിയ ധൈര്യമായിരുന്നു.

എഴുതിയ ഭാഗ്യജാതകം

ജീവിതം മാറ്റിമറിച്ച സംഭവങ്ങളുണ്ടാകും പലർക്കും. പി.സി.തോമസിന് അതൊരു ജാതകമാണ്; പാലാ സെന്റ് തോമസ് കോളജിലെ പ്രഫ. കെ. രാമകൃഷ്ണ പിള്ള കുറിച്ച ഭാഗ്യജാതകം. ഡിഗ്രിക്കു പഠിക്കുമ്പോഴാണ് ഒരു ദിവസം തോമസിനോട് വീട്ടിലേക്കു വരാൻ പ്രഫസർ പറഞ്ഞത്. ജനനത്തീയതിയും സമയവും ചോദിച്ചറിഞ്ഞ അദ്ദേഹം തോമസിന്റെ ജാതകം നോക്കിപ്പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘തോമസ്, വിദ്യാഭ്യാസരംഗത്തു നീ വലിയൊരു പൈതൃകത്തിന് ഉടമയാകും. ഒരു ഹിൽ സ്റ്റേഷനിൽ വലിയൊരു സ്കൂൾ തുടങ്ങും. നൂറുകണക്കിനു കുടുംബങ്ങൾക്കു തൊഴിൽ നൽകാൻ കഴിയുന്ന വ്യവസായിയാകും. വലിയൊരു സേവനസംഘടനയുടെ ഭാഗമായി നിന്ന് ലോകമാകെ അറിയപ്പെടും’. 

good-shepperd
ഊട്ടി ഗുഡ്ഷെപ്പേഡ് ഇന്റർനാഷനൽ സ്കൂൾ.

ലക്ഷ്യത്തിൽനിന്ന് അണുവിട ചലിക്കാതെ മുന്നേറാൻ കാരണമായത് ഈ പ്രവചനമാണ്. ജീവിതത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന ഇരുപതുകാരനോടുള്ള ഈ വെളിപ്പെടുത്തൽ ഒരു വഴികാട്ടിയായി. പിന്നീട് പ്രഫ. രാമകൃഷ്ണപിള്ള അതിനോടൊരു കൂട്ടിച്ചേർക്കലും നടത്തി. രണ്ടു വ്യവസായ സ്ഥാപനങ്ങൾ തുടങ്ങും. അതിലൊന്നു പരാജയപ്പെടും. രണ്ടാമത്തേതു വിജയിക്കും. അതും സംഭവിച്ചു. വ്യവസായം തനിക്കു പറ്റിയതല്ലെന്നു തോമസ് തിരിച്ചറിഞ്ഞു. സാമൂഹിക സംഘടന എന്ന രീതിയിൽ റോട്ടറി ക്ലബ്ബിന്റെ ഭാഗമായി ലോകമാകെ സഞ്ചരിച്ചു സേവനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. റോട്ടറി ഗവർണറും ഇന്റർനാഷനൽ ഡയറക്ടർ ഓഫ് സോണും ആയി. ചെന്നൈയിൽ സൂനാമി ദുരിതാശ്വാസ മേഖലയിൽ ഉൾപ്പെടെ തോമസിന്റെ സേവനം രാജ്യാന്തര ശ്രദ്ധ നേടി. 

ഞാനാണെങ്കിൽ വെടിവച്ചു മരിക്കുമായിരുന്നു

‘ഞാനാണു നിങ്ങളുടെ സ്ഥാനത്തെങ്കിൽ വെടിവച്ചു മരിക്കുമായിരുന്നു, പക്ഷേ, നിങ്ങൾ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും’ – സ്കൂളിന്റെ പ്രതിസന്ധികാലത്ത് ഒരു സുഹൃത്ത് തോമസിനോടു പറ‍ഞ്ഞ വാക്കുകളാണിത്. കുടുംബ ഓഹരി വിറ്റും കടം വാങ്ങിയുമെല്ലാമായിരുന്നു ആദ്യഘട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്. ഓരോ മാസവും തോമസും എൽസമ്മയും ബാങ്കുകളിൽനിന്നു മാറിമാറി വ്യക്തിഗത വായ്പയെടുത്ത് ശമ്പളം കൊടുത്തു. പല ക്യാംപസുകളിൽ മാറിമാറിയാണ് ഇപ്പോൾ പാലടയിലും ഫേൺഹില്ലിലുമുള്ള സ്വന്തം ക്യാംപസുകളിൽ സ്ഥിരമായത്. സ്കൂളിനോടു ചേർന്നു തന്നെ തോമസും എൽസമ്മയും താമസിച്ചു. 

മികച്ച അധ്യാപികയായി മാറണമെന്നു മോഹിച്ച എൽസമ്മ കുട്ടികളുടെയാകെ അമ്മയായി. ഒന്നാം ക്ലാസ് മുതലായിരുന്നു പ്രവേശനം. പല രാജ്യങ്ങളിൽ നിന്നും പല സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കുട്ടികൾ പലപ്പോഴും രാത്രിയിൽ കരയാൻ തുടങ്ങും. എൽസമ്മയാകട്ടെ ഈ കുട്ടികളെയെടുത്ത് തങ്ങളുടെ മുറിയിലേക്കു കൊണ്ടുവന്നു കിടത്തിയുറക്കും. എൽസമ്മയ്ക്ക് ലോകത്തെ പല ഭാഷകളിലും താരാട്ടു പാടാനറിയാമെന്നു തോമസ് തമാശയായി ഇപ്പോഴും പറയും. മക്കളായ ജേക്കബ് തോമസിനെയും ജൂലിയെയും കുട്ടികൾക്കൊപ്പം ഡോർമിറ്ററിയിൽ താമസിപ്പിച്ചു. വിദ്യാഭ്യാസകാലം മുഴുവൻ ഇരുവരും അങ്ങനെയായിരുന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ പ്രധാന ചുമതലക്കാരിയായ ജൂലി ഇരുവരോടും പറയും  ‘ഞങ്ങളും ചെറുപ്പത്തിൽ നിങ്ങൾക്കു സ്റ്റുഡന്റ്സ് ആയിരുന്നു’. അപ്പോൾ തോമസ് അതു തിരുത്തും– ‘സ്റ്റുഡന്റ്സ് എല്ലാവരും ഞങ്ങൾക്കു മക്കൾ തന്നെ. പക്ഷേ, നിങ്ങൾ ഫുൾടൈം സ്റ്റുഡന്റ്സ് ആയിരുന്നെന്നു മാത്രം’.

പരിപൂർണതയ്ക്ക്

പരിപൂർണതയ്ക്ക് അന്ത്യമില്ല – തോമസ് എപ്പോഴും പറയുന്ന വാക്കുകളാണിത്. ലോകത്തെ മികച്ച മൂന്ന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷാസമ്പ്രദായങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ അപൂർവം വിദ്യാലയങ്ങളിലൊന്നാണു ഗുഡ്ഷെപ്പേഡ്. മികവ് മാനദണ്ഡമാക്കി അംഗീകാരം നൽകുന്ന രാജ്യാന്തര ഏജൻസികളുടെ അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും നേടി. വിദേശരാജ്യങ്ങളിലെ മികച്ച സർവകലാശാലകളും വിദ്യാലയങ്ങളും സന്ദർ‍ശിച്ചു മാതൃകകൾ പകർത്തി. 

സ്കൂൾ മറ്റൊരു ലോകമാണ്. നിലവിൽ മൂന്നാം ക്ലാസ് മുതൽ 12 ാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞുപോകുന്ന കുട്ടികൾക്കായി ഫിനിഷിങ് സ്കൂളുമുണ്ട്. എണ്ണൂറോളം കൂട്ടികൾക്കായി 50 കിടക്കകളുള്ള ആശുപത്രി. കുട്ടികൾക്കു വേണ്ട പച്ചക്കറിയും മത്സ്യവും മാംസവും പാലുമെല്ലാം ഉൽപാദിപ്പിക്കാൻ 40 ഏക്കറിൽ ഫാം എന്നിവയുണ്ട്. കുട്ടികൾക്കുള്ള ബ്രഡും ബിസ്കറ്റും പോലും ഇവിടെത്തന്നെ ഉണ്ടാക്കുന്നു. ഗുഡ് ഷെപ്പേഡ് സ്കൂളിനെ ‘ഗുഡ് ശാപ്പാട് സ്കൂൾ’ എന്നു വിളിക്കുന്നതും അതുകൊണ്ടു തന്നെ. 

പഠനം മാത്രമല്ല കലയും കായികവുമെല്ലാം നിർബന്ധമാണ്. ലോകത്തെ ഏതാണ്ടെല്ലാ കലാരൂപങ്ങളും സംഗീതോപകരണങ്ങളും പഠിക്കാനുള്ള സൗകര്യമുണ്ട്. 15 ബാഡ്മിന്റൻ കോർട്ട്, 12 ബാസ്കറ്റ് ബോൾ കോർട്ട്, രാജ്യാന്തര നിലവാരത്തിലുള്ള രണ്ടു വീതം ക്രിക്കറ്റ്, ഫുട്ബോൾ സ്റ്റേഡിയങ്ങൾ തുടങ്ങി നീന്തൽക്കുളവും ഗോൾഫ് കോഴ്സുമൊക്കെയുണ്ട്. കുതിരസവാരി പഠിക്കാനായി 30 ഉശിരൻ കുതിരകൾ. 

കൗൺസലിങ് വലിയ വിഭാഗം തന്നെയാണ്. വിദ്യാലയം നിൽക്കുന്ന മേഖലയെ ‘ജ്ഞാനഗ്രാമം’ എന്ന സങ്കൽപത്തിലാണു കൊണ്ടുപോകുന്നത്. സ്കൂൾ വന്നതോടെ ഊട്ടിയിലെ പാലട മേഖല ഏറെ മാറി.  പ്രദേശവാസികളായ ഏറെപ്പേർക്കു മികച്ച തൊഴിലും ജീവിതവും നൽകി. രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഒരുക്കുമ്പോഴും ഒട്ടേറെ കുട്ടികൾക്കു സൗജന്യവിദ്യാഭ്യാസവും നൽകുന്നു. കുട്ടികളുടെ നിർബന്ധിത സാമൂഹികസേവനത്തിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളുകളെയും ഗ്രാമങ്ങളെയും ദത്തെടുക്കുന്നു. ഡോ. പി.സി.തോമസ് ഫൗണ്ടേഷൻ വഴിയും സേവനപ്രവർത്തനങ്ങൾ നടത്തുന്നു.

ലോകത്ത് എവിടെപ്പോയാലും പ്രഫ. രാമകൃഷ്ണപിള്ള എഴുതിനൽകിയ ജാതകം തോമസ് കൂടെ കൊണ്ടുപോകും. ജാതകത്തിൽ വിശ്വാസമുണ്ടോ എന്നു ചോദിച്ചാൽ തോമസ് പറയും എന്റെ പ്രഫസറിൽ വിശ്വാസമുണ്ട് എന്ന്.  തോമസാകട്ടെ, ഒരുപാടു പേർക്കു തന്റെ ജീവിതം കൊണ്ടു ഭാഗ്യജാതകം നൽകുകയും ചെയ്യുന്നു.

(ഡോ. പി.സി. തോമസിന്റെ ആത്മകഥ ‘ജീവിതം എന്ന എളിയ സംരംഭം’ മനോരമ ബുക്സ് ഇന്നലെ പ്രസിദ്ധീകരിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com