ADVERTISEMENT

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ചന്ദ്രശേഖർ നൽകിയ ഹർജിയിലെ ആവശ്യമിതാണ്: അന്തസ്സായി മരിക്കാൻ അനുവദിക്കണം. മകന്റെ മരണത്തിലെ ദുരൂഹത തേടി ഒന്നരപ്പതിറ്റാണ്ട് അലഞ്ഞു തളർന്ന തനിക്ക് മരിക്കാനുള്ള അനുമതിയെങ്കിലും തരണമെന്ന് ഈ എൺപത്തിമൂന്നുകാരൻ ആവശ്യപ്പെടുന്നു.... 

2020 ജനുവരി 22. 15 വർഷം.ഏകമകന്റെ ദുരൂഹമരണത്തിൽ നീതി തേടി ചന്ദ്രശേഖറിന്റെ അലച്ചിലിന് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. യാചിച്ചു മടുത്ത് നീതിന്യായ വ്യവസ്ഥയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞ ഇദ്ദേഹത്തിന് ഇപ്പോൾ ഒരാവശ്യമേയുള്ളൂ; ദയാവധം അനുവദിക്കണം! 

83 വയസ്സായി കോഴിക്കോട് നെല്ലിക്കോട് സ്വദേശി പി.കെ.ചന്ദ്രശേഖറിന്. റെയിൽവേയിൽ സീനിയർ എൻജിനീയറായിരുന്നു. സന്തോഷവും സാമ്പത്തിക ഭദ്രതയുമുള്ള, തടസ്സങ്ങളില്ലാതൊഴുകിയ ജീവിതം കീഴ്മേൽ മറിഞ്ഞത് 2005 ജനുവരി 14നാണ്. അന്നാണ് ചന്ദ്രശേഖറിന്റെ മകൻ ജയചന്ദ്രനെ കിടപ്പുമുറിയിൽ അമിത അളവിൽ ഉറക്കഗുളിക ഉള്ളിൽചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ 22ന് മരിച്ചു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്, ഉത്തരവാദികളെ കണ്ടെത്തണം–  ഈ  ആവശ്യവുമായി അന്നു തുടങ്ങിയ അലച്ചിലാണു ചന്ദ്രശേഖർ. നൽകിയ അപേക്ഷകളും, അന്വേഷണം പ്രഖ്യാപിച്ചും നിഷേധിച്ചും പലപ്പോഴായി കിട്ടിയ എണ്ണമറ്റ റിപ്പോർട്ടുകളുമടങ്ങിയ ഒരു വലിയ കടലാസുകെട്ടു മാത്രമുണ്ട് ബാക്കി.

ഇൻഷുറൻസ് ഏജന്റിന്റെ സംശയം

ജയചന്ദ്രന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു ശേഷം ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ഏജന്റ് എഫ്ഐആർ കോപ്പി ആവശ്യപ്പെട്ടു. സ്റ്റേഷനിൽനിന്നു വാങ്ങി നൽകി. തൊട്ടടുത്ത ദിവസം അയാൾ വിളിച്ചു, ‘ഇതിൽ ചില കുഴപ്പങ്ങളുണ്ടല്ലോ..’

എഫ്ഐആർ കോപ്പിയുമായി ഇൻഷുറൻസ് ഏജന്റ് വീട്ടിലെത്തിപ്പോഴാണ് ചന്ദ്രശേഖർ ആദ്യമായി ആ റിപ്പോർട്ട് കാണുന്നത്. സംസാരിക്കുക പോയിട്ട് അതുവരെ കണ്ടിട്ടുപോലുമില്ലാത്ത പട്ടാമ്പി എഎസ്ഐ, ചന്ദ്രശേഖർ പറഞ്ഞതായി ചില പരാമർശങ്ങൾ അതിൽ എഴുതിച്ചേർത്തിരിക്കുന്നു. പാലക്കാട്ടുള്ള ബന്ധുവിന്റെ പരിചയത്തിലുള്ള എസ്പിയോടു വിവരം പറഞ്ഞു. രണ്ടാം നാൾ എഫ്ഐആർ എഴുതിയ എഎസ്ഐ വീട്ടിലെത്തി. ‘ഇതൊക്കെ സാധാരണ ചെയ്യാറുള്ളതാണ്’ എന്നായിരുന്നു വിശദീകരണം.

ഇൻക്വസ്റ്റ് നടത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്ന 4 പേരുടെ ഒപ്പ് വാങ്ങിയിരുന്നു. അവർ പറഞ്ഞതെന്ന പേരിൽ എഫ്ഐആറിൽ സ്റ്റേറ്റ്മെന്റുകളുമുണ്ട്. ഫൈനൽ റിപ്പോർട്ടിൽ എല്ലാം തിരുത്തിക്കോളാം എന്നുറപ്പു നൽകി എഎസ്ഐ മടങ്ങി.ഫൈനൽ റിപ്പോർട്ട് വന്നു. ഒരക്ഷരം പോലും മാറാതെ!

അലച്ചിലിന്റെ ആരംഭം

മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്, അന്വേഷിക്കണമെന്ന പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയാറായില്ല. ജയചന്ദ്രനെ മോശക്കാരനായി ചിത്രീകരിക്കുംവിധം അച്ഛനായ താൻ പറഞ്ഞതായുള്ള വ്യാജ പരാമർശങ്ങളടങ്ങിയ എഫ്ഐആർ റിപ്പോർട്ടിൽ എല്ലാമൊതുങ്ങി. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഉത്തരവായി. 

ഷൊർണൂർ ഡിവൈഎസ്പി അന്വേഷിച്ചു. ജയചന്ദ്രന്റെ ഭാര്യയെയോ മാതാപിതാക്കളായ തങ്ങളെയോ കാണാൻപോലും തയാറാകാതെ, ഒരു ദുരൂഹതയുമില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചുവെന്ന് ചന്ദ്രശേഖർ പറയുന്നു. എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്ന, ചന്ദ്രശേഖറിന്റെ പരാമർശങ്ങളായിരുന്നു തെളിവ്.

മനുഷ്യാവകാശ കമ്മിഷനിൽ

2005 ഏപ്രിലിൽ മനുഷ്യാവകാശ കമ്മിഷൻ തൃശൂരിൽ നടത്തിയ സിറ്റിങ്ങിൽ പരാതി നൽകി. രണ്ടു മാസത്തിനു ശേഷം എസ്പി വന്നു. മൊഴിയെടുത്തു മടങ്ങി. പിന്നെ വിവരമൊന്നുമില്ല. പല തവണ കത്തയച്ചിട്ടും പ്രതികരണമില്ല. ആ സമയത്താണു വിവരാവകാശ നിയമം പ്രാബല്യത്തിലായത്. ആർടിഐ പ്രകാരം അന്വേഷിച്ചു. മൊഴിയെടുക്കലിനു പിന്നാലെ ആ മാസം 30ന് എസ്പി വിരമിച്ചിരുന്നു; കേസ് ഫയലിന്മേൽ ഒരു നടപടിയുമെടുക്കാതെ.

തുടർന്നു മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനും ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർക്കും പ്രത്യേകം പരാതികൾ നൽകി. പുതിയ ആളെ അന്വേഷണത്തിനു നിയോഗിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ. അന്വേഷണം നടക്കുന്നുണ്ടെന്നു ചന്ദ്രശേഖർ അറിഞ്ഞിരുന്നു. 

റിപ്പോർട്ട് കമ്മിഷനിലെത്തിയിട്ടുണ്ടെന്നു വിവരം കിട്ടിയതോടെ വിവരാവകാശ നിയമപ്രകാരം അത് ആവശ്യപ്പെട്ടു. പ്രതീക്ഷയുടെ ആദ്യകിരണം അതിലുണ്ടായിരുന്നു. ജയചന്ദ്രന്റെ മരണത്തിൽ സംശയിക്കാവുന്ന സംഗതികളുണ്ടെന്നും ലോക്കൽ പൊലീസിനെ ഒഴിവാക്കി സിബിസിഐഡി അന്വേഷിക്കണമെന്നും അതിൽ പറഞ്ഞിരുന്നു.

ഹൈക്കോടതിയിലേക്ക്

എസ്പിയുടെ അന്വേഷണ റിപ്പോർട്ട് വച്ചു ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി മനുഷ്യാവകാശ കമ്മിഷനു നോട്ടിസ് അയച്ചു. തൊട്ടുപിന്നാലെ, സിബിസിഐഡി എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന്റെ ഉത്തരവെത്തി.

6 മാസം പിന്നിട്ടു. അന്വേഷണ പുരോഗതിയറിയാൻ സാധ്യമായ വാതിലുകളെല്ലാം മുട്ടിത്തളർന്നു ചന്ദ്രശേഖറും ഭാര്യയും വീട്ടിലിരിക്കുമ്പോൾ, ഒരു ദിവസം ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ നിന്നു കത്തുവന്നു. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ അന്വേഷണം സാധ്യമല്ല! 

മരണത്തിന് ഉത്തരവാദികളെന്നു ചന്ദ്രശേഖർ വിശ്വസിക്കുന്ന ദമ്പതികൾ അന്വേഷണ ഉത്തരവെത്തി തൊട്ടുപിന്നാലെ കോടതിയിൽനിന്നു സ്റ്റേ വാങ്ങിയിരുന്നു. 

സ്റ്റേ അനുവദിച്ച വിവരം സ്പീഡ്പോസ്റ്റിൽ ചന്ദ്രശേഖറിനെ അറിയിക്കണമെന്ന് സ്റ്റേ ഓർഡറിൽ പ്രത്യേകം പറഞ്ഞിരുന്നു. ആ സ്പീഡ് പോസ്റ്റ് കോടതി ജീവനക്കാരന്റെ കൈകളിലൊടുങ്ങിയെന്നു ചന്ദ്രശേഖരൻ പറയുന്നു.

എഎസ്ഐയുടെ റിപ്പോർട്ട് എസ്പിക്കും മേലെ?

ഇത്രയുമായതോടെ, വാങ്ങിയ പണമൊക്കെ മടക്കി നൽ‍കി ചന്ദ്രശേഖറിന്റെ വക്കീൽ കേസൊഴിഞ്ഞു. സ്റ്റേ ഒഴിവാക്കി കിട്ടാൻ വക്കീൽമാരെ തേടിയായിരുന്നു തുടർന്നുള്ള അലച്ചിൽ. ഒട്ടേറെപ്പേരെ കണ്ടു. ഒടുവിലൊരാൾ സഹായിക്കാമെന്നേറ്റു. ഇടയ്ക്ക് അന്വേഷിച്ചപ്പോൾ 85% പരിഹാരമായിട്ടുണ്ടെന്നും സമാധാനമായിരിക്കാനും ഉടൻ കോടതി ഉത്തരവ് കിട്ടുമെന്നും ഉറപ്പുനൽകി. ആ വാക്കിലർപ്പിച്ച പ്രതീക്ഷയുമായി ഏതാനും ദിവസംകൂടി കാത്തിരുന്നു. 

ഇടയ്ക്കൊരുദിവസം ഹൈക്കോടതി വെബ്സൈറ്റിൽ കേസിന്റെ പുരോഗതി പരിശോധിച്ചപ്പോൾ കണ്ടത്, സ്റ്റേ ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളിയതായാണ്. പരാതിയിൽ കഴമ്പില്ലെന്നും കേസിൽ അന്വേഷണം ആവശ്യമില്ലെന്നും മനുഷ്യാവകാശ കമ്മിഷനിലേക്കു കോടതി ഉത്തരവ് പോയിരുന്നു; വക്കീലിന്റെ ‘85%’ വാഗ്ദാനം ലഭിക്കുന്നതിനും ദിവസങ്ങൾക്കു മുൻപേ!

പട്ടാമ്പി എഎസ്ഐ തയാറാക്കിയ പ്രഥമ വിവര റിപ്പോർട്ട് പ്രകാരം പരാതിയിൽ കഴമ്പില്ല എന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷൻ ചന്ദ്രശേഖറിന്റെ കേസ് തള്ളി. 

അപ്പോൾ, ലോക്കൽ പൊലീസിനെ ഒഴിവാക്കണമെന്ന പ്രത്യേകം പരാമർശവുമായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട്? എസ്പിയുടെ റിപ്പോർട്ടിലും വലുതാണോ എഎസ്ഐയുടെ റിപ്പോർട്ട്?

വീണ്ടും ഹർജി, സ്റ്റേ

ഒന്നിൽനിന്നു തുടങ്ങേണ്ടിയിരുന്നു വീണ്ടും ചന്ദ്രേശഖറിന്. എഎസ്പിയുടെ അന്വേഷണം സത്യസന്ധമായിരുന്നില്ലെന്നു പരാമർശിക്കുന്ന മനുഷ്യാവകാശ കമ്മിഷൻ എസ്പിയുടെ റിപ്പോർട്ടുമായി വീണ്ടും ഹൈക്കോടതിയിലേക്ക്. പുതിയ ഹർജിയിൽ വിശദ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തുടർന്നു ഡിജിപിയുടെ നിർദേശപ്രകാരം പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു. പാലക്കാട്ടെത്തി ഒരുവട്ടം അദ്ദേഹത്തിനു മൊഴി നൽകുകയും ചെയ്തു ചന്ദ്രശേഖർ. പക്ഷേ, ഇതിനിടെ എതിർകക്ഷി ആ അന്വേഷണ ഉത്തരവിനും സ്റ്റേ വാങ്ങി. ‘സ്റ്റേ ഉള്ളതിനാൽ എതിർകക്ഷി മൊഴി നൽകാൻ തയാറായില്ല’ എന്ന റിപ്പോർട്ടിൽ ആ അന്വേഷണം അവസാനിച്ചു. 

ഒന്നര പതിറ്റാണ്ടിനു ശേഷം, ഇന്നും പട്ടാമ്പി എഎസ്ഐയുടെ റിപ്പോർട്ടിൽ കുരുങ്ങിക്കിടക്കുന്നു ചന്ദ്രശേഖറിനു കിട്ടേണ്ട നീതി. അന്വേഷണം നടന്നുകിട്ടുക എന്ന സാമാന്യനീതി.

പൊരുതിത്തളർന്ന്..

ഏകമകനെ ഇല്ലാതാക്കിക്കളഞ്ഞ അനീതി വെളിച്ചത്തുവരുമെന്ന പ്രതീക്ഷയി‍ൽ കാത്തുകാത്തിരുന്ന ഭാര്യ കഴിഞ്ഞ വർഷം മരിച്ചു. മകനു നീതി എന്ന ഒറ്റ ആവശ്യത്തിനുവേണ്ടി പൊരുതിപ്പൊരുതി തളർന്നു കഴിഞ്ഞു ചന്ദ്രശേഖറും. ഇതിനിടെ ജയചന്ദ്രന്റെ ഭാര്യയുടെ പുനർവിവാഹം നടത്തിക്കൊടുത്തു.

അക്കമിട്ടു നിരത്തിയ തെളിവുകളടങ്ങിയ തന്റെ പരാതിയിൽ കഴമ്പില്ലെന്ന് ഒരു തുറന്ന അന്വേഷണത്തിൽ കണ്ടെത്തുകയാണെങ്കിൽ അതുമതി ഈ അച്ഛന്. മകനോടു നീതി ചെയ്തതിന്റെ ആശ്വാസത്തോടെ മരിക്കാൻ അതു മതി. 

പക്ഷേ, അന്വേഷണം പോലും നടത്തില്ലെന്ന പിടിവാശി ആർക്കാണ്, എന്തിനാണ് എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. സത്യസന്ധമായ അന്വേഷണം എന്ന ഒറ്റ ആവശ്യവുമായി അലഞ്ഞ വഴികളെല്ലാം രേഖകളാക്കി സൂക്ഷിച്ചിട്ടുണ്ട് ചന്ദ്രശേഖർ. 

ജീവിതത്തിന്റെ മുക്കാൽപങ്കും സർക്കാർ സർവീസിൽ രാജ്യത്തെ സേവിച്ച ഒരു മുതിർന്ന പൗരന് അർഹിക്കുന്ന നീതി നൽകാൻ കഴിയില്ലെങ്കിൽ അന്തസ്സോടെ മരിക്കാനുള്ള അനുമതിയെങ്കിലും തരണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ച ദയാമരണ അനുമതി ഹർജിയുടെ പകർപ്പാണ് ആ വലിയ കടലാസുകെട്ടിന്റെ അവസാനത്തെ താൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com