ADVERTISEMENT

ഇവൻ എഴുതില്ല എന്നു പറഞ്ഞു ചുറ്റുമുള്ളവർ ചക്രവ്യൂഹം സൃഷ്ടിച്ചപ്പോൾ, അതിൽനിന്നു പുറത്തുകടന്ന പതിനേഴുകാരൻ. 1957 മുതലുള്ള കേരളചരിത്രത്തിലെ എന്തും വേഗത്തിൽ പറഞ്ഞുതരുന്ന അഭിമന്യു എന്ന കരുനാഗപ്പള്ളിക്കാരന്റെ കഥയാണിത്. 

ചക്രവ്യൂഹത്തിൽ പ്രവേശിച്ചു പുറത്തുകടക്കാൻ കഴിയാതെ ജീവൻ വെടിയേണ്ടി വന്ന പുരാണത്തിലെ അഭിമന്യു! കുട്ടിക്കാലത്തു പലരും തനിക്കു മുൻപിൽ ഒരു വലിയ ചക്രവ്യൂഹം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നെല്ലാം പുറത്തു കടന്ന് ആരുടെയും ഏതു ചോദ്യത്തിനും മറുപടി നൽകുന്ന കരുനാഗപ്പള്ളിക്കാരനായ പതിനേഴുകാരനും പേര് അഭിമന്യു.

കറുപ്പു ഫ്രെയിമുള്ള കൊച്ചുകണ്ണടയിലൂടെ സൂക്ഷിച്ചു നോക്കിയാൽ കാണാം, ആ കുഞ്ഞിക്കണ്ണുകൾ അടിക്കടി ചിമ്മുന്നത്. അങ്ങനെ ചിമ്മി മാറുന്നതിനിടയിൽ കണ്ണുകളിലുണ്ടാകുന്ന പ്രകാശത്തിന് എന്തൊരു തെളിച്ചമാണ്! 1957 മുതലുള്ള കേരളചരിത്രം കണ്ണുകൾ ചിമ്മുന്ന വേഗത്തിൽ തന്നെ അഭിമന്യുവിന്റെ നാവിൽ നിന്നു കേൾക്കാം. അതിലേക്ക് അഭിമന്യു എത്തിയ കഥയറിയാം. 

abhimanyu-family
അച്ഛൻ അനിക്കും അമ്മ ലേഖയ്ക്കും സഹോദരൻ അഭിജിത്തിനുമൊപ്പം അഭിമന്യു.

‘എഴുതില്ലെന്നവർ പറഞ്ഞു’ 

കരുനാഗപ്പള്ളി ആരാമത്തിൽ അനിയുടെയും ഭാര്യ ലേഖയുടെയും രണ്ടാമത്തെ മകൻ. പുരാണങ്ങളോടുള്ള താൽപര്യമാകണം, അവരവന് അഭിമന്യു എന്ന പേരു നൽകാൻ കാരണം. മകന് ഏറ്റവും നല്ല വിദ്യാഭ്യാസം അഭിമന്യുവിന്റെ അച്ഛനും അമ്മയും ആഗ്രഹിച്ചു. അന്നവർ താമസിച്ചിരുന്നതു കൊല്ലം ജില്ലയിലെ തന്നെ പുത്തൂർ എന്ന സ്ഥലത്ത്. വീടിനടുത്തുള്ള ആശാൻ പള്ളിക്കൂടത്തിൽ അവർ മകനെ കൊണ്ടു ചെന്നാക്കി.

ആശാൻ എഴുതി കൊടുക്കുന്നതൊന്നും പകർത്തിയെഴുതാൻ അവൻ കൂട്ടാക്കിയില്ല, പകരം കുത്തിവരച്ചു കളിച്ചു. എഴുതേണ്ട കടലാസുകൾ വലിച്ചു കീറി പറത്തിവിട്ടു. ദിവസങ്ങൾക്കുള്ളിൽ ആശാൻ വീട്ടിൽ വിവരമറിയിച്ചു; ‘ഇവനെക്കൊണ്ട് ഈ പരിപാടി നടക്കില്ല. ഈ കുട്ടിക്ക് എഴുതാൻ കഴിയില്ല.’ അഭിമന്യു തിരികെ വീട്ടിലേക്ക്. അഞ്ചിലധികം ആശാൻ പള്ളിക്കൂടങ്ങളിൽ വീട്ടുകാർ അവനെ കൊണ്ടുപോയി ചേർത്തു. അവിടെയും ഇതേ സ്ഥിതി, ഒരു മാറ്റവുമില്ല. അവരെല്ലാം പറഞ്ഞു, ഇവന് എഴുതുക അൽപം പ്രയാസമാണ്. 

പല നഴ്സറി സ്കൂളുകളിൽ നിന്നും ആ അച്ഛനും അമ്മയും ഇറങ്ങി നടന്നപ്പോൾ മുകളിലുണ്ടായിരുന്നത്, അവരോളം തന്നെ സങ്കടം മൂടിക്കെട്ടിയ ആകാശം. ഒപ്പം, അവരുടെ കൈപിടിച്ചു നടക്കുന്ന മകനും. അവനെയും കൂട്ടി അനിയും ലേഖയും ആശുപത്രികൾ കയറി, പരിശോധനകളെല്ലാം നടത്തി. എന്നാൽ രോഗമൊന്നും കണ്ടെത്താൻ ഡോക്ടർമാർക്കു കഴിഞ്ഞില്ല. അഭിമന്യുവിന്റെ വലതു കണ്ണിനു കാഴ്ച കുറവാണെന്ന് അറിയുന്നത് ഇത്തരമൊരു ആശുപത്രിയാത്രയ്ക്കിടെയാണ്. കണ്ണിന്റെ ഞരമ്പിനു വളർച്ചയില്ലാത്തതാണു കാരണം. ജന്മനാ ഉള്ള വളർച്ച മാത്രമേ ഇന്നും അഭിമന്യുവിന്റെ വലതുകണ്ണിന്റെ ഞരമ്പുകൾക്കുള്ളൂ. 

‘ഞാനൊന്ന് എഴുതിക്കാണിക്കട്ടേ!’ 

ചേട്ടൻ അഭിജിത്തിനു ട്യൂഷനെടുക്കാൻ എത്തിയ സന്ധ്യ എന്ന ടീച്ചറിൽ നിന്നാണ് അഭിമന്യു അക്ഷരം പഠിച്ചു തുടങ്ങുന്നത്. ആദ്യമൊക്കെ പതിവുപോലെ കടലാസിൽ കുത്തിവരച്ച അഭിമന്യു പതിയെ അക്ഷരമെഴുതിത്തുടങ്ങി. ആഴ്ചകളോളം സമയമെടുത്ത് ഹരിശ്രീ കുറിച്ചു. അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വാക്കുകളാക്കി എഴുതാൻ പിന്നെയും സമയമേറെയെടുത്തു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ ആരംഭിച്ച ഡയറിയെഴുത്താണ് ഇന്ന് അഭിമന്യുവിന്റെ ഏറ്റവും വലിയ വിനോദം. വിനോദമല്ല, പഴയ ആ അഭിമന്യുവിൽ നിന്ന് ഇന്നത്തെ അഭിമന്യുവിലേക്ക് ഈ കൊച്ചുപയ്യനെ എത്തിച്ചത് അവന്റെ ഡയറികളാണ്. 

കുട്ടിക്കാലത്തു പത്രം വായിച്ചപ്പോൾ ആദ്യം അവന്റെ കണ്ണിൽപെട്ട പേരുകളിലൊന്ന് ഒഎൻവി കുറുപ്പിന്റേതായിരുന്നു. തന്റെ വീട്ടിലുണ്ടായിരുന്ന ഒരു ഡയറിയെടുത്ത് അതിലെ ആദ്യ പേജിനൊരു തലക്കെട്ട് നൽകി, ‘ഒഎൻവി കുറുപ്പ്’! അദ്ദേഹത്തെക്കുറിച്ചു പറ്റുന്നത്ര വിവരങ്ങൾ ശേഖരിച്ചു ഡയറിലെഴുതി. പിന്നീടിങ്ങോട്ട് ഒട്ടേറെ ഡയറികൾ. പുറത്തു പോകുന്ന അച്ഛനോടും അമ്മയോടും കളിപ്പാട്ടങ്ങൾക്കു പകരം പിഎസ്‍സി പുസ്തകങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി. അതിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഡയറിയിലേക്കു പകർത്തിയെഴുതി. അതു വീണ്ടും വീണ്ടും വായിച്ചു. അങ്ങനെയങ്ങനെ അവൻ 1957 മുതലുള്ള കേരള ചരിത്രം ഹൃദിസ്ഥമാക്കി. 

‘ചരിത്രം പറഞ്ഞു കേൾപ്പിച്ചാലോ’ 

ഈ കുട്ടിക്ക് ഒരു കാര്യത്തിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്നാണ് കുട്ടിക്കാലത്ത് അഭിമന്യുവിനെ കണ്ട ഡോക്ടർമാരിൽ ചിലരെങ്കിലും ആ അച്ഛനോടും അമ്മയോടും പറഞ്ഞത്. എന്നാൽ  ആ അഭിമന്യുവിന് ഇന്ന് 1957 മുതലുള്ള കേരളചരിത്രം മനഃപാഠമാണ്. ചരിത്രത്തിലാണു മുഴുവൻ ശ്രദ്ധയും. ‘അഭിമന്യുവിന് ഏറ്റവുമിഷ്ടമുള്ള രാഷ്ട്രീയ നേതാവ് ആരാണ്’ ഈ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം കിട്ടുമെന്നു പ്രതീക്ഷിക്കേണ്ട. അവൻ പറഞ്ഞു തുടങ്ങുന്നതിങ്ങനെ: 1948ൽ തൃശൂർ ജില്ലയിലെ മണലൂർ സ്ഥലത്താണു വി.എം.സുധീരൻ എന്ന ജനിച്ചത്.’

രാഷ്ട്രീയ– സാംസ്കാരിക നേതാക്കൾ, ചരിത്രകാരൻമാർ, സാഹിത്യകാരൻമാർ... ഇങ്ങനെ നീളുന്നു അഭിമന്യുവിനു പ്രിയപ്പെട്ടവരുടെ പട്ടിക. ഇഷ്ടനേതാവായ വി.എം.സുധീരനെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്നും അദ്ദേഹത്തോടു സംസാരിക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടിവന്. 

‘അൽപം പ്രസംഗവും ആകാം’ 

സ്കൂളിനോടു ചേർന്നു പുതുതായി പണികഴിപ്പിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനത്തിനു കരുനാഗപ്പള്ളി എംഎൽഎ ആർ.രാമചന്ദ്രൻ എത്തിയതാണ് അഭിമന്യുവിന്റെ ഈ കഴിവു പുറംലോകമറിയാൻ നിമിത്തമായത്. എംഎൽഎയെ വേദിയിലേക്കു സ്വാഗതം ചെയ്യുന്നതിന് അധ്യാപകർ ചുമതലപ്പെടുത്തിയത് മഠത്തിൽ ബിജെഎസ്എം എച്ച്എസ്എസിലെ അഭിമന്യുവിനെ. അവന്റെ പ്രസംഗം 5 മിനിറ്റിലേറെ നീണ്ടു. ആർ.രാമചന്ദ്രൻ എംഎ‍ൽഎ ജനിച്ചതു മുതൽ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതമത്രയും അഭിമന്യു പറഞ്ഞു. ഇതുകേട്ട എംഎൽഎ ഉൾപ്പെടെ അവിടെ കൂടിയവർക്കെല്ലാം ആശ്ചര്യം. ചിലരെങ്കിലും അവനെ അസൂയയോടെ നോക്കാൻ തുടങ്ങി. ചിലർക്കു മുൻപിൽ അവൻ ഹീറോയായി. 

ജനനത്തീയതി പറഞ്ഞാൽ അയാൾക്കിന്ന് എത്ര വയസ്സുണ്ടെന്നു പറയാനും അഭിമന്യുവിന് അവന്റെ കണ്ണു ചിമ്മുന്നത്ര സമയം മാത്രം മതി. ഇതിനും പുറമെ, തബലയും അവനു പ്രിയപ്പെട്ടതാണ്. 

വിശേഷങ്ങൾ പറഞ്ഞു തീർന്നതും അഭിമന്യു തന്റെ ഡയറിയെടുത്തു. കഴിഞ്ഞ ദിവസം എഴുതി അവസാനിപ്പിച്ചിടത്തു നിന്നു വീണ്ടും തുടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com