sections
MORE

ഹൃദയത്തോട് പറയാനുള്ളത്...

dr-enas
ഡോ. ഈനാസ‍് എ.ഈനാസ‍്
SHARE

ഇന്ത്യക്കാർക്കിടയിൽ മാരകമായ രീതിയിൽ ഹൃദ്രോഗം പകരുന്നതിനു കാരണമെന്ത്? യുഎസിലെ പ്രശസ്ത കാർഡിയോ സർജൻ ഡോ. ഈനാസിന്റെ കണ്ടെത്തലുകൾ സകലരുടെയും  ചങ്കിടിപ്പിക്കും. 

മലയാളിയുടെ ചങ്കാണ് ഡോ. ഈനാസ് എ.ഈനാസ്. ലോകത്തിന്റെ ചങ്കിടിപ്പും. പാലാ ഉള്ളനാട്ടിൽ ജനിച്ച് യുഎസ്എയിലെ പ്രശസ്ത കാർഡിയോ സർജനായി വളർന്ന ഡോ. ഈനാസിന്റെ കഴിഞ്ഞ 20  വർഷത്തെ ഗവേഷണ ഫലം പക്ഷേ, ഇന്ത്യക്കാരുടെ ചങ്കിൽകൊള്ളുന്നതാണ്. 

ഇന്ത്യക്കാർക്കിടയിൽ മാരകമായ രീതിയിൽ ഹൃദ്രോഗം പടരുന്നതായും ഹൃദ്രോഗത്തിന്റെ ജനിതക കാരണമായ ലിപ്പോപ്രോട്ടീൻ എയുടെ സാന്നിധ്യമാണ് ഇന്ത്യക്കാരെ ഹൃദ്രോഗികളാക്കി മാറ്റുന്നതെന്നുമുള്ള സുപ്രധാന കണ്ടെത്തലാണ് ഡോ. ഈനാസ് നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ 30 വർഷത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി നടത്തിയത് 1000 പ്രഭാഷണങ്ങൾ. അദ്ദേഹത്തിന്റെ ‘ഹൗ ടു ബീറ്റ് ഹാർട് ഡിസീസ് എമങ് സൗത്ത് ഏഷ്യ’ എന്ന പുസ്തകത്തിന്റെ 20,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. 

 ‘ഉള്ള നാട്’  വിറ്റുപെറുക്കി...

ഈനാസിനു മൂന്നു വയസ്സുള്ളപ്പോഴാണ് ഉള്ളനാട്ടുനിന്നു കോഴിക്കോട് തിരുവമ്പാടിയിലേക്കു കുടുംബം കുടിയേറുന്നത്. റോഡോ സ്കൂളോ ആശുപത്രിയോ വാഹനങ്ങളോ ഒന്നും ഇല്ലെങ്കിലും വന്യമൃഗങ്ങൾ യഥേഷ്ടമുണ്ടായിരുന്നു തിരുവമ്പാടിയിൽ. 

മലേറിയ ബാധിച്ചു ജനം മരിച്ചുവീഴുന്ന കാലമായിരുന്നു അത്. ഈനാസിന്റെ 3 സഹോദരങ്ങൾ മലേറിയ ബാധിച്ചു മരിച്ചെങ്കിലും ഉള്ളനാട്ടിലേക്കു തിരികെ പോകാൻ പിതാവ് മത്തായി ഈനാസ് കൂട്ടാക്കിയില്ല. തിരുവമ്പാടിയുടെ മണ്ണിൽ അതിനകം അദ്ദേഹം കാർഷിക സ്വപ്നങ്ങളുടെ വിത്തു പാകിയിരുന്നു; വികസനത്തിന്റെയും. 

dr-enas-award
‘ഹൗ ടു ബീറ്റ് ഹാർട് ഡിസീസ് എമങ് സൗത്ത് ഏഷ്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ കേന്ദ്രമന്ത്രി വയലാർ രവി നിർവഹിച്ചപ്പോൾ. പുസ്തകം കൈമാറുന്നത് ഡോ. ഈനാസ്.

തിരുവമ്പാടിയിൽ സ്കൂൾ, പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫിസ് തുടങ്ങിയവ എത്തിയത് മത്തായി ഈനാസിന്റെ ശ്രമഫലമായാണ്. 4 ഏക്കർ സ്ഥലം ദാനം ചെയ്താണ് നാട്ടിൽ പള്ളി പണിതത്. എന്നിട്ടും റോഡ് നിർമാണത്തിലും പള്ളി പണിയിലുമുണ്ടായ തർക്കത്തിന്റെ പേരിൽ 2 വട്ടം ജയിലിൽ പോകേണ്ടി വന്നു. 

5 നഷ്ട വർഷങ്ങൾ 

സേക്രഡ് ഹാർട്ട് എൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ ആദ്യ വിദ്യാർഥിയായി ഈനാസ് പ്രവേശനം നേടുമ്പോൾ സ്കൂളിനു കെട്ടിടമില്ല. പള്ളിക്കെട്ടിടത്തിൽ തറയിലിരുന്നായിരുന്നു പഠനം. ഒരു വർഷം കഴിഞ്ഞ് സ്കൂളിന് അംഗീകാരം കിട്ടിയപ്പോൾ വീണ്ടും ഒന്നേന്നു തുടങ്ങി പഠനം. 

പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. 10 വയസ്സിൽ താഴെയുള്ള 5 സഹോദരങ്ങളെ ബാക്കിവച്ച് അമ്മ യാത്രയായപ്പോൾ ഈനാസിന്റെ പഠനസ്വപ്നങ്ങൾക്കു ബ്രേക്കിട്ടത് 3 വർഷം.  

ഗർഭകാല അനാരോഗ്യത്തെ തുടർന്നു നല്ല ചികിൽസയോ മരുന്നോ കിട്ടാതെയുള്ള അമ്മയുടെ മരണമാണ് ഡോക്ടറാകണമെന്ന ഈനാസിന്റെ സ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ചത്. അങ്ങനെ 3 വർഷത്തെ ബ്രേക്കിനു ശേഷം കോഴിക്കോട് ദേവഗിരി കോളജിൽ പ്രീയൂണിവേഴ്സിറ്റി പഠനം. 1963ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. അവിടെയും നിർഭാഗ്യം ഈനാസിനെ തേടിയെത്തി. ഹോസ്റ്റലിൽ ഒപ്പമുള്ളവർ ഒപ്പിച്ച കുസൃതിയുടെ പേരിൽ ഒരു വർഷത്തേക്കു കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. കേസുമായി ഹൈക്കോടതി വരെ പോയെങ്കിലും നീതി കിട്ടിയില്ല. വീണ്ടും ഒരുവർഷം കൂടി നഷ്ടം. 

തിരുവമ്പാടിക്കാരനും അമേരിക്കയിൽ ഡോക്ടറുമായ തോമസ് പി. തോമസാണ് ഈനാസിന് അമേരിക്കയിൽ ഉപരിപഠനത്തിനു വഴി തുറന്നത്. ഇന്റേണൽ മെഡിസിൻ ബോർഡ് പരീക്ഷ ജയിച്ച് ഡോ. ഈനാസ് ഉന്നതപഠന രംഗത്തേക്ക്. 

ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ 

കാൻസർ, സ്ട്രോക്ക് തുടങ്ങിയവ മൂലമുള്ള മരണങ്ങളെക്കാൾ കൂടുതൽ ഹൃദ്രോഗ മരണങ്ങൾ നടന്നിരുന്ന കാലമായിരുന്നു അത്. ക്ഷയം പോലെ ബാക്ടീരിയ മൂലം പടരുന്ന രോഗമാണോ ഇതെന്നു പോലും സംശയിച്ചു. പുകവലി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയാണ് ഹൃദ്രോഗ കാരണങ്ങളെന്നു ചില പഠനങ്ങൾ പുറത്തു വന്നെങ്കിലും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പുകവലി ശീലം മാറ്റിയില്ല. തൊണ്ടയിലെ അൾസർ മാറാൻ പുകവലി നല്ലതാണെന്ന വിശ്വാസം പോലും അന്നുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ഈനാസ് ഹൃദ്രോഗ കാരണങ്ങൾ തേടി ഇറങ്ങുന്നത്. നാപ്പർവില്ലെ എഡ്‌വേഡ് ഹോസ്പിറ്റൽ,   ഡൗണേഴ്സ് ഗ്രോവ് ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി 40 വർഷത്തെ സേവനവും ഒപ്പം ഹൃദ്രോഗത്തെക്കുറിച്ചുള്ള ഗവേഷണവും.

ഗവേഷണം പുരോഗമിക്കവേ വിചിത്രമായ കണ്ടെത്തലിൽ ഈനാസിന്റെ മനസ്സുടക്കി. ബ്രിട്ടിഷുകാരെക്കാൾ 3 ഇരട്ടിയും ചൈനക്കാരെക്കാൾ 7 ഇരട്ടിയും ദക്ഷിണാഫ്രിക്കക്കാരെക്കാൾ 30 ഇരട്ടിയും ഇന്ത്യക്കാരിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണം ഓരോ വർഷവും 3–4 ശതമാനം കൂടിക്കൊണ്ടിരിക്കുന്നു. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാർ 10 വർഷം മുൻപേ, താരതമ്യേന ചെറുപ്പത്തിൽ തന്നെ ഹൃദ്രോഗികളാകുന്നു. ഇതിന്റെ കാരണം തേടിയുള്ള ഗവേഷണമായി പിന്നീട്. ഇന്ത്യക്കാരുടെ ജനിതക ഘടനയിലുള്ള മാറ്റങ്ങളിലേക്കാണ് ഇതു വഴിതുറന്നത്. 

ഹൃദ്രോഗത്തിനു കാരണമാകുന്ന ലിപ്പോപ്രോട്ടീൻ (എ)യുടെ അളവ് വെള്ളക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ കൂടുതൽ ആണെന്നു ഡോ. ഈനാസിന്റെ പഠനത്തിൽ കണ്ടെത്തി. അപ്പോൾ കഴിഞ്ഞ 50 വർഷങ്ങൾ ഈ ലിപ്പോപ്രോട്ടീൻ എവിടെയായിരുന്നു എന്നതായി അടുത്ത ചോദ്യം. മേലനങ്ങി പണിയെടുത്തിരുന്ന നമ്മുടെ കാരണവന്മാരുടെ കാലത്ത് ഇതു പുറത്തുവരാൻ ധൈര്യപ്പെടാതെ ഒളിച്ചിരുന്നു. ഇന്നു ശരീരം അനങ്ങാതെയുള്ള ജീവിതശൈലിയും ജങ്ക് ഭക്ഷണം നൽകുന്ന അമിത കാലറിയും മൂലം പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയെല്ലാം കൂടി. ഒപ്പം ഹൃദ്രോഗ സാധ്യതയും. 

കുഞ്ഞുങ്ങൾ മുതിർന്നവരുടെ ഭക്ഷണ രീതിയിലേക്കു മാറുന്ന രണ്ടു വയസ്സു മുതൽക്കേ അമിത മധുരം, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണം എന്നാണ് ഡോ. ഈനാസിനു മലയാളികളോടു പറയാനുള്ളത്. ഭക്ഷണം നന്നായാൽ ഹൃദയവും നന്ന്. 

അംഗീകാരങ്ങൾ 

ഗവേഷണ ഫലങ്ങൾക്ക് അംഗീകാരമായി അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ പരമോന്നത പുരസ്കാരം നേടി. കൊറോണറി ആർട്ടറി ഡിസീസ് ഇൻ ഇന്ത്യൻസ് ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറാണ്. അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സിന്റെ പ്രസിഡന്റായിരിക്കെ പ്രസിദ്ധീകരിച്ച കേരളത്തിലെ വിദഗ്ധ ഡോക്ടർമാരുടെ ഡയറക്ടറി ഈ രംഗത്ത് ഇന്നും മാർഗരേഖയാണ്. തോമ്മാശ്ലീഹായുടെ ആഗമനം മുതലുള്ള ക്രിസ്ത്യാനികളുടെ കഥ പറയുന്ന സിറോ മലബാർ സ്റ്റോറി ഓഫ് ഷിക്കാഗോ എന്ന പുസ്തകവും പ്രശസ്തമാണ്. 

കോളജിൽ ഒപ്പം പഠിച്ച അഡ്വ. മേരിയാണ് ഭാര്യ. മകൻ മനോജ് യുഎസിൽ ബാങ്കിൽ ജോലി ചെയ്യുന്നു. 

ലൈഫ് ഈസ് സിംപിൾ 7

ഹൃദ്രോഗം തടയുന്നതിനായി ഇന്ത്യക്കാർക്കായി രൂപപ്പെടുത്തിയ 7 കൽപനകൾ: 

1. പുക വലിക്കരുത് 

2. ദിവസവും 30 മിനിറ്റ് വ്യായാമം 

3. പോഷക ഭക്ഷണം കഴിക്കണം

4. ശരീരഭാരം കൂടാതിരിക്കുക

5. രക്തത്തിലെ പഞ്ചസാര 100 മില്ലിഗ്രാമിനു താഴെ

6. രക്തസമ്മർദം 80–120ന് ഉള്ളിൽ

7. കൊളസ്ട്രോൾ 140 മില്ലിഗ്രാമിനു താഴെ (എൽഡിഎൽ 70നു താഴെ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA