ഉറ കെടാതെ സബർമതി; ദണ്ഡിയാത്രയ്ക്ക് 90 വർഷം

sabsarmati
അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ മഹാത്മാ ഗാന്ധിയും പത്നി കസ്തൂർബായും താമസിച്ച ഹൃദയ് കുഞ്ച് ഭവനം. ഇവിടെ നിന്നാണ് ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത്.
SHARE

സ്വാതന്ത്ര്യ സമരത്തിലേക്ക് ഇന്ത്യ വീറോടെ നടന്നെത്തിയ ദണ്ഡിയാത്രയ്ക്ക് 90 വർഷം പൂർത്തിയാകുന്നു....

എന്റെ കത്ത് താങ്കളുടെ ഹൃദയത്തെ തൊടുന്നില്ലെങ്കിൽ ഈ മാസത്തിന്റെ പതിനൊന്നാം ദിവസം ഉപ്പു നിയമം ലംഘിക്കാൻ ആശ്രമത്തിലെ അന്തേവാസികളുമായി ഞാൻ ഇറങ്ങിത്തിരിക്കും’. 

– 1930 മാർച്ച് രണ്ടിനു ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബർമതി ആശ്രമത്തിലിരുന്ന് ബ്രിട്ടിഷ് വൈസ്റോയ് ഇർവിൻ പ്രഭുവിനെഴുതിയ കത്തിൽ മഹാത്മാ ഗാന്ധി ഇങ്ങനെ കുറിച്ചു. 

വരാനിരിക്കുന്ന പ്രക്ഷോഭത്തെക്കുറിച്ച് ഉറച്ച വാക്കുകളിൽ ഗാന്ധിജി എഴുതിയ കത്തിലെ മുന്നറിയിപ്പിന്റെ സ്വരം കണ്ടില്ലെന്നു നടിച്ച ഇർവിൻ, ലണ്ടനിലെ തന്റെ ഭരണാധികാരികൾക്കയച്ച സന്ദേശത്തിൽ അതിനെ നിസ്സാരവൽകരിച്ചു – ‘ഉപ്പു സത്യഗ്രഹത്തെക്കുറിച്ചുള്ള ചിന്ത നിലവിലെ സാഹചര്യത്തിൽ എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നില്ല’. 

gandhi-dandi2
1930 ഏപ്രിൽ ആറിന് ദണ്ഡി കടപ്പുറത്ത് ഗാന്ധിജി ഉപ്പുകുറുക്കുന്നു.

ഉറക്കം കെടുത്തിയ യാത്ര

ഇർവിന്റെ കണക്കുകൂട്ടൽ പക്ഷേ, തെറ്റി. ‘അപ്പക്കഷ്ണത്തിനായി മുട്ടുകുത്തി അഭ്യർഥിച്ച എനിക്കു ലഭിച്ചത് കല്ലാണ്’ എന്ന് ഇർവിന്റെ നടപടിയോടു പ്രതികരിച്ച ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്നു സമരകാഹളം മുഴക്കി. ആശ്രമത്തിലെ 78 അന്തേവാസികളുമായി മാർച്ച് 12നു സബർമതിയിൽ നിന്നു ദക്ഷിണ ഗുജറാത്തിലെ കടൽത്തീര ഗ്രാമമായ ദണ്ഡിയിലേക്ക് അദ്ദേഹം നടത്തിയ 24 ദിവസ യാത്ര, ഇർവിന്റെ മാത്രമല്ല, ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെയാകെ ഉറക്കം കെടുത്തി! 

അവിടെ ഉപ്പു കുറുക്കി പരസ്യ നിയമലംഘനം നടത്തിയശേഷം ഗാന്ധിജി പ്രഖ്യാപിച്ചു – ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാനിതാ ഇളക്കുന്നു!

സ്വാതന്ത്ര്യ സമരത്തിലേക്ക് ഇന്ത്യ വീറോടെ നടന്നെത്തിയ ചരിത്രവഴിയിലെ ഏറ്റവും തിളക്കമേറിയ അധ്യായമായ ദണ്ഡി യാത്രയ്ക്ക് ഈ മാസം 12നു നവതി; സബർമതിയിൽ നിന്ന് 384 കിലോമീറ്റർ അകലെയുള്ള ദണ്ഡിയിലേക്ക് ഉറച്ച മനസ്സോടെ മഹാത്മാവ് ഇറങ്ങിത്തിരിച്ചതിനു വ്യാഴാഴ്ച തൊണ്ണൂറ് വയസ്സ്. 

ആശങ്കയറിയിച്ച് നെഹ്റുവും പട്ടേലും 

ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യമാണ് (പൂർണ സ്വരാജ്) പരമമായ ലക്ഷ്യമെന്ന് 1929 ഡിസംബറിൽ പ്രഖ്യാപിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടി 1930 ജനുവരി 26നു രാജ്യത്തുടനീളം പ്രതീകാത്മക സ്വാതന്ത്ര്യദിനം ആചരിച്ചു. സ്വാതന്ത്ര്യലബ്ധിക്കു വേണ്ടിയുള്ള ഏറ്റവും ഫലപ്രദ സമരമാർഗം അഹിംസയിലൂന്നിയ നിയമലംഘനങ്ങളാണെന്നു ഗാന്ധിജി ആഹ്വാനം ചെയ്തു. 

നിയമലംഘനത്തിനായി ഉപ്പ് തിരഞ്ഞെടുക്കുന്നതു സമരത്തിന്റെ ഗൗരവം കുറയ്ക്കുമെന്ന ആശങ്ക കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭായ് പട്ടേലുമുൾപ്പെടെ ചിലർ പങ്കുവച്ചെങ്കിലും തന്റെ ആശയത്തിൽ ഗാന്ധിജി ഉറച്ചു നിന്നു. ഉപ്പിനു മേൽ ഭീമമായ നികുതി ചുമത്തി 1882ൽ ബ്രിട്ടിഷ് ഭരണകൂടം പാസാക്കിയ നിയമം രാജ്യത്തെ നിർധനരെ ഏറ്റവുമധികം ബാധിക്കുന്ന വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വായുവും വെള്ളവും കഴിഞ്ഞാൽ ഏറ്റവും അനിവാര്യം ഉപ്പാണെന്നും നിയമം റദ്ദാക്കും വരെ പോരാട്ടം തുടരണമെന്നും അദ്ദേഹം ഉറച്ച നിലപാടെടുത്തു. ഗാന്ധിജിയുടെ നിർദേശം സ്വീകരിച്ച കോൺഗ്രസ്, ദണ്ഡി യാത്ര കടന്നു പോകുന്ന വഴിയിലെ ഒരുക്കങ്ങൾക്കായി സർദാർ വല്ലഭായ് പട്ടേലിനെ ചുമതലപ്പെടുത്തി. 

ഇന്ത്യക്കാർക്ക് ഉപ്പ് ഉണ്ടാക്കാനോ, ശേഖരിക്കാനോ, വിൽക്കാനോ അനുമതി നിഷേധിക്കുന്നതായിരുന്നു നിയമം. ഭീമമായ നികുതി ചുമത്തി ബ്രിട്ടിഷുകാർ വിൽക്കുന്ന ഉപ്പു മാത്രമേ രാജ്യത്ത് ഉപയോഗിക്കാവൂ എന്ന നിയമത്തിനെതിരായ പ്രക്ഷോഭം സാധാരണക്കാരായ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന ഗാന്ധിജിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. 

ഒപ്പം നടക്കാൻ 78 പേർ

പ്രക്ഷോഭത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇർവിൻ അവഗണിച്ചതോടെ ദണ്ഡി യാത്രയ്ക്കുള്ള തയാറെടുപ്പുകൾ ഗാന്ധിജി ആരംഭിച്ചു. മാർച്ച് 11നു യാത്ര ആരംഭിക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും പിന്നീട് അതു 12ലേക്കു മാറ്റി. യാത്രയിൽ ഒപ്പമുള്ളവർ കർശന അച്ചടക്കം പാലിക്കുന്നവരായിരിക്കണമെന്ന നിബന്ധനയോടെയാണ് ആശ്രമത്തിലെ 78 പുരുഷൻമാരെ അദ്ദേഹം തിരഞ്ഞെടുത്തത്.

യാത്ര ആരംഭിക്കുന്നതിന്റെ തലേന്നു പതിനായിരങ്ങൾ ആശ്രമത്തിലേക്ക് ഒഴുകിയെത്തി. ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നിന്റെ വാർത്തകൾ ഒപ്പിയെടുക്കാൻ വിദേശത്തു നിന്നടക്കം മാധ്യമ പ്രവർത്തകരും സബർമതിയിലെത്തി. യാത്രയുടെ ഒരുക്കങ്ങൾക്കായി പോയ പട്ടേലിനെ അപ്പോഴേക്കും ബ്രിട്ടിഷുകാർ അറസ്റ്റ് ചെയ്തിരുന്നു. 

‘ഇതെന്റെ അവസാന പ്രസംഗം’

സബർമതി നദിക്കരയിൽ അന്നു സന്ധ്യയ്ക്കു ജനങ്ങളെ അഭിസംബോധന ചെയ്തു ഗാന്ധിജി നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെയുള്ളിലെ പോരാട്ട വീര്യത്തിന്റെയും നേതൃഗുണത്തിന്റെയും നേർസാക്ഷ്യമായി. പ്രാർഥനയ്ക്കു ശേഷമുള്ള പതിവു പ്രഭാഷണങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നു അന്നത്തേത്; വാക്കിലും ഭാവത്തിലും വീര്യം നിറച്ച് ഗാന്ധിജി പ്രസംഗിച്ചു:

‘ഇതു നിങ്ങളോടുള്ള എന്റെ അവസാന പ്രസംഗമായിരിക്കാം. നാളെ രാവിലെ യാത്രയ്ക്കു ഭരണകൂടം അനുമതി നൽകിയാലും പരിപാവനമായ സബർമതി നദിക്കരയിലെ എന്റെ അവസാന പ്രസംഗമാണിത്. ഒരുപക്ഷേ, ഇവിടെയുള്ള എന്റെ ജീവിതത്തിലെ അവസാന വാക്കുകൾ. 

അഹിംസയിലൂന്നിയുള്ള പോരാട്ടമാണിത്. എത്ര പീഡനങ്ങൾ നേരിടേണ്ടി വന്നാലും ആരും അഹിംസ കൈവിടരുത്. സഹന സമരമാണിത്. 

എന്നെ അറസ്റ്റ് ചെയ്താലും ഈ പോരാട്ടം തുടരണം. ആരും തോറ്റു പിൻമാറരുത്. എന്നെയും ഒപ്പമുള്ളവരെയും ജയിലിലടച്ചാൽ, സമരം തുടരുന്നതിനു പത്തു സംഘങ്ങളെ ഒരുക്കി നിർത്തുക. കോൺഗ്രസ് പ്രവർത്തക സമിതി നിങ്ങൾക്കു മുന്നോട്ടുള്ള വഴി കാണിക്കും. ഭരണകൂടത്തോടും ബ്രിട്ടിഷ് ഉൽപന്നങ്ങളോടും പൂർണ നിസ്സഹകരണം പാലിക്കുക. സ്ത്രീകൾ പുരുഷൻമാർക്കൊപ്പം തോളോടുതോൾ അണിനിരക്കുക. ശരിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ദൈവം നമ്മോടൊപ്പമുണ്ട്’ – ഗാന്ധിജിയുടെ വാക്കുകളിൽ ജനം ആവേശം കൊണ്ടു. 

1930 മാർച്ച് 12, രാവിലെ 6.30 

തന്റെ ജീവിതത്തിലെ എണ്ണമറ്റ സത്യഗ്രഹ സമരങ്ങളിൽ വച്ചേറ്റവും ത്രസിപ്പിക്കുന്നതും കരുത്തുറ്റതുമായ പോരാട്ടവഴിയിലേക്കു വൈഷ്ണവ ജനതോ എന്ന ഭജനയുടെ അകമ്പടിയിൽ, അറുപത്തിയൊന്നാം വയസ്സിൽ ഗാന്ധിജി നടന്നിറങ്ങി. ആശ്രമത്തിൽ താൻ താമസിച്ച ‘ഹൃദയ് കുഞ്ച്’ ഭവനത്തിൽ നിന്നു രാവിലെ ആറിനു യാത്രയ്ക്കു തുടക്കമിട്ടു. 

ഖാദി വസ്ത്രവും ഗാന്ധിത്തൊപ്പിയുമണിഞ്ഞ് 78 പേർ അദ്ദേഹത്തിനൊപ്പം നടന്നു. ഓരോ ദിവസവും ശരാശരി 16 കിലോമീറ്റർ നടന്നു വൈകിട്ടോടെ ഒരു ഗ്രാമത്തിൽ തമ്പടിക്കുകയായിരുന്നു രീതി. വാദ്യോപകരണങ്ങൾ മുഴക്കിയും ദേശഭക്തി ഗാനങ്ങൾ പാടിയും ഗ്രാമീണർ അവരെ എതിരേറ്റു. മാർച്ച് 24ന്, ഒരു ദിവസയാത്ര ഒഴിവാക്കി സംഘം വിശ്രമിച്ചു. 

വൈകുന്നേരങ്ങളിൽ ഗ്രാമീണരെ ഗാന്ധിജി അഭിസംബോധന ചെയ്തു. താൻ അറസ്റ്റിലായാൽ ചെയ്യേണ്ട കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തകരെ ഓർമിപ്പിക്കാൻ അദ്ദേഹം നേതാക്കൾക്കു നിരന്തരം കത്തുകളെഴുതി. യാത്രയെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ വിദേശ മാധ്യമങ്ങളിൽ വരുന്നുവെന്ന് ഉറപ്പാക്കാൻ മാധ്യമപ്രവർത്തകർക്ക് അഭിമുഖങ്ങൾ നൽകാനും ഉൽസാഹം കാട്ടി. കരുത്തിനെതിരെ ശരിയുടെ ഈ പോരാട്ടത്തിനു ലോകത്തിന്റെ അനുകമ്പ ആവശ്യമാണെന്ന് അദ്ദേഹം പലകുറി ആവർത്തിച്ചു. 

തോക്കിൻ മുന്നിൽ  നിയമലംഘനം

4 ജില്ലകളും 48 ഗ്രാമങ്ങളും പിന്നിട്ട് ഏപ്രിൽ അഞ്ചിനു വൈകിട്ട് സംഘം ദണ്ഡിയിലെത്തി. അപ്പോഴേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ അവിടേക്കെത്തിയിരുന്നു. പിറ്റേന്നു രാവിലെ ആറിനു പ്രാർഥനയ്ക്കു ശേഷം കടൽതീരത്തെത്തിയ ഗാന്ധിജിയെ സ്വാതന്ത്ര്യ സമര സേനാനി സരോജിനി നായിഡു സ്വീകരിച്ചു. 

നിറതോക്കുകളുമായി നൂറുകണക്കിനു പൊലീസുകാരും അവിടെ നിലയുറപ്പിച്ചിരുന്നു. കടൽത്തീരത്തു നിന്ന് ഉപ്പു കലർന്ന ഒരുപിടി മണ്ണ് ഗാന്ധിജി വാരിയെടുത്തു; ശേഷം തീരത്തു ചിറകെട്ടി ഉപ്പ് കുറുക്കിയെടുത്തു. ബ്രിട്ടിഷ് നിയമം ലംഘിച്ചതിന്റെ ഉൻമാദാഹ്ലാദത്തിൽ ജനം ആർപ്പുവിളിക്കുന്നതിനിടെ അദ്ദേഹം ആഹ്വാനം ചെയ്തു – ‘രാജ്യത്തെ ജനങ്ങൾ കൂട്ടമായി നിയമലംഘനങ്ങൾ നടത്തുക; ബ്രിട്ടിഷുകാർക്കെതിരെ പൊരുതുക’.

ഗാന്ധിജിയുടെ പ്രവൃത്തിയുടെ പ്രകമ്പനം രാജ്യത്തുടനീളം പ്രവഹിച്ചു. അതുവരെയുള്ള സ്വാതന്ത്ര്യ സമരങ്ങളിലെ ഏറ്റവും വീര്യമേറിയ പോരാട്ടമായി ദണ്ഡിയാത്ര രൂപാന്തരം പ്രാപിച്ചു. പരസ്യമായി നിയമം ലംഘിച്ചു ജനം രംഗത്തിറങ്ങിയതോടെ ഭരണകൂടം പരിഭ്രാന്തിയിലായി. ജവാഹർലാൽ നെഹ്റു അടക്കമുള്ളവർ ജയിലിലായി. കോൺഗ്രസിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. 

ദണ്ഡിയിൽ താൽക്കാലിക ആശ്രമം സജ്ജമാക്കിയ ഗാന്ധിജി സമരത്തിന്റെ അടുത്ത പടിയായി 40 കിലോമീറ്റർ അകലെ ധരാസനയിൽ ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള ഉപ്പു നിർമാണ ഫാക്ടറിയിലേക്ക് പ്രകടനം നടത്താൻ തയാറെടുത്തു. തന്റെ അടുത്ത യാത്രയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകി ഇർവിൻ പ്രഭുവിന് അദ്ദേഹം വീണ്ടും കത്തയച്ചു. പക്ഷേ, മുൻ അനുഭവം കണക്കിലെടുത്ത് ഇക്കുറി അത് അവഗണിക്കാൻ ഇർവിനു ധൈര്യമുണ്ടായില്ല. 

മേയ് നാലിന് അർധരാത്രി സൂറത്ത് മജിസ്ട്രേട്ടും 2 ഉദ്യോഗസ്ഥരും ആയുധധാരികളായ 30 പൊലീസുകാരും ആശ്രമം വളഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന ഗാന്ധിജിയെ തട്ടിവിളിച്ച് അവർ ചോദിച്ചു – ‘താങ്കളല്ലേ മോഹൻദാസ് കരംചന്ദ് ഗാന്ധി?’ പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി പുണെ യേർവാഡ ജയിലിലേക്കു കൊണ്ടുപോയി. ഗാന്ധിജിയുടെ നിർദേശപ്രകാരം അബ്ബാസ് ത്യാബ്ജി (സ്വാതന്ത്യത്തിനു മുൻപുള്ള രാജഭരണ പ്രദേശമായ ബറോഡയിലെ മുൻ ചീഫ് ജസ്റ്റിസ്, പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിന്റെ മുത്തച്ഛൻ) ധരാസനയിലേക്കുള്ള യാത്രയുടെ നേതൃത്വം ഏറ്റെടുത്തു. പാതിവഴിയിൽ അദ്ദേഹം അറസ്റ്റിലായപ്പോൾ സരോജിനി നായിഡു യാത്രയുടെ നായികയായി. 

വിചാരണ കൂടാതെ മാസങ്ങളോളം ജയിലിൽ പാർപ്പിച്ച ഗാന്ധിജിയെ 1931 ജനുവരി 25ന് ആണ് മോചിപ്പിച്ചത്, നെഹ്റു അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പിറ്റേന്നും. ദണ്ഡിയാത്ര കൊളുത്തിയ സമരജ്വാല അപ്പോഴേക്കും രാജ്യം മുഴുവൻ ആളിപ്പടർന്നിരുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള തുടർപ്രക്ഷോഭങ്ങൾക്കും അത് ഇന്ധനമായി. 

അണിഞ്ഞൊരുങ്ങി സബർമതി

ദണ്ഡി യാത്രയുടെ നവതി ആഘോഷങ്ങൾക്കായി സബർമതി ആശ്രമം ഇപ്പോൾ അണിഞ്ഞൊരുങ്ങുകയാണ്. ദണ്ഡിയിൽ ഗാന്ധിജിയും സംഘവും ഉപ്പു കുറുക്കുന്നതിന്റെ നിശ്ചലദൃശ്യം ആശ്രമത്തിൽ സജ്ജമാക്കിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട അമൂല്യ രേഖകളും പ്രദർശിപ്പിച്ചിട്ടുണ്ട്. യാത്രാ സംഘത്തിന്റെ ഭാഗമാകാൻ അനുമതി തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഗാന്ധിജിയെ തേടിയെത്തിയ കത്തുകൾ അവയ്ക്കൊപ്പമുണ്ട്. 

ആശ്രമം ട്രസ്റ്റി കാർത്തികേയ സാരാഭായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സബർമതിയുടെ മേൽനോട്ട ചുമതല വഹിക്കുന്നത്. (ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെയും വിഖ്യാത മലയാളി നർത്തകി മൃണാളിനിയുടെയും മകനാണ് കാർത്തികേയ). 

gandhi-dandi

ഗാന്ധിജി നടന്നുപോയ വഴിയുടെ ആത്മാവ് ഇന്നും സബർമതിയിൽ തുടിക്കുന്നുണ്ട്. ദണ്ഡി യാത്രയുടെ ചരിത്രം ഇവിടെ നിധി പോലെ സൂക്ഷിച്ചിരിക്കുന്നു. മാംസവും രക്തവുമുള്ള ഇങ്ങനെയൊരാൾ ഈ ഭൂമുഖത്തു നടന്നിരുന്നുവെന്ന് ഭാവി തലമുറ മറക്കാതിരിക്കാൻ...

ഗാന്ധിജിക്കൊപ്പം നടന്ന് 5 മലയാളികൾ

മലയാളികളായ 5 പേരും ദണ്ഡി യാത്രയിൽ പങ്കെടുത്തു – ടൈറ്റസ്, രാഘവപ്പൊതുവാൾ, സി. കൃഷ്‌ണൻ നായർ, ശങ്കരൻ, തപൻ നായർ. ചെങ്ങന്നൂർ സന്ദർശിച്ച തന്നെ കാണാനെത്തിയപ്പോഴാണ് കോഴഞ്ചേരി മാരാമൺ ചിറയിറമ്പ് തേവർതുണ്ടിയിൽ ടൈറ്റസിനെ ഗാന്ധിജി ആദ്യമായി ആശ്രമത്തിലേക്കു ക്ഷണിച്ചത്. പിന്നീടു ദീർഘകാലം ആശ്രമത്തിലെ അന്തേവാസിയായി.

ഷൊർണൂർ സ്വദേശിയായ രാഘവപ്പൊതുവാൾ കേരളത്തിൽ അഖിലഭാരത ചർക്കാസംഘത്തിൽ അംഗമായിരുന്നു. നെയ്യാറ്റിൻകര സ്വദേശിയായ കൃഷ്‌ണൻ നായർ ഡൽഹി പ്രൊവിൻഷ്യൽ വൊളന്റിയർ ക്യാംപിന്റെ ചുമതല വഹിച്ചു. പാലക്കാട് സ്വദേശിയായ ശങ്കരൻ, ശങ്കർജി എന്ന പേരിൽ മരണം വരെ ഗാന്ധിയൻ ആദർശങ്ങൾ കൈവിടാതെ ജീവിച്ചു. തമിഴ്‌നാട് പ്രതിനിധിയായാണ് തപൻ നായർ യാത്രയിൽ പങ്കെടുത്തത്. 

മലയാളികളുടെ ‘ഒരുപിടി ഉപ്പ്’

അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്നു ദണ്ഡി കടൽപ്പുറം വരെ ഗാന്ധിജി നടത്തിയ ഉപ്പുസത്യഗ്രഹയാത്രയെ അടിസ്ഥാനമാക്കി നിർമിച്ച 28 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് ഒരുപിടി ഉപ്പ്. 1930 മാർച്ച് 12 മുതൽ ഏപ്രിൽ 6 വരെയായിരുന്നു സത്യഗ്രഹയാത്ര. അതിന്റെ തൊണ്ണൂറാം വാർഷികത്തിനാണ് ഡോക്യുമെന്ററി സമർപ്പിച്ചിട്ടുള്ളത്.

ഡി ആൻഡ് എസ് കമ്പയിൻസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമിക്കുന്ന ഡോക്യുമെന്ററി പരമ്പരയിൽ നാലാമത്തേതാണ് ഒരുപിടി ഉപ്പ്. ആൻഡമാനിലെ സെല്ലുലാർ ജയിൽ, മലബാർ കലാപം, ജാലിയൻവാലാബാഗ് എന്നിവയാണ് മുമ്പ് നിർമിച്ചിട്ടുള്ളവ. ഇതിന്റെ രചനയും വിവരണവും ഡോ. ഡൊമിനിക് ജെ. കാട്ടൂരും ഛായാഗ്രഹണവും സംവിധാനവും പി.ഡി സന്തോഷും നിർവഹിക്കുന്നു. മോഹനൻ നായർ, കെ.ജി. ഹരികൃഷ്ണൻ എന്നിവരോടൊപ്പം ഗുജറാത്തിലെ ഒട്ടേറെ മലയാളികൾ ഇതിൽ സാന്നിധ്യമാകുന്നു. ഉപ്പുസത്യാഗ്രഹത്തെ ആധാരമാക്കി ഇന്ത്യൻ ഭാഷയിൽ ആദ്യമായാണ് ഒരു പൂർണ ഡോക്യുമെന്ററി നിർമിക്കപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA