മൗനം വാചാലം: സ്വാമി കൃഷ്ണാനന്ദയുടെ ജീവിതവും ആധ്യാത്മിക വഴികളും

swami
SHARE

കമ്യൂണിസ്റ്റ് നേതാവ് എം. എൻ. ഗോവിന്ദൻ നായരുടെ അനുജൻ, സ്വാമി കൃഷ്ണാനന്ദ എന്ന സന്യാസിശ്രേഷ്ഠനായി. അദ്ദേഹത്തിന്റെ ജീവിതവും ആധ്യാത്മിക വഴികളും... 

നളിനി വർമ അന്തരിച്ചു. ഡൽഹിക്കു സമീപം നോയിഡയിൽ ഫെബ്രുവരി 12ന് ആയിരുന്നു സംസ്കാരം. അന്തിമകർമങ്ങൾ നടക്കുമ്പോൾ കേരളത്തിൽനിന്നോ മലയാളികളായോ ആരെങ്കിലും ഉണ്ടോ എന്നു നോക്കി. ഇല്ല. കേരളം ജന്മം നൽകിയ ആധ്യാത്മിക പുരുഷന്മാരിൽ പ്രമുഖനായ സ്വാമി കൃഷ്ണാനന്ദയുടെ ജീവിതവും സന്ദേശവും ലോകം മുഴുവൻ എത്തിച്ച ജീവചരിത്രകാരി അങ്ങനെ യാത്രയായി.ആരായിരുന്നു നളിനി വർമ? ജനനം മഹാരാഷ്ട്രയിൽ. അമ്മ നാഗ്പുരിൽനിന്നു രണ്ടു തവണ കോൺഗ്രസ് എംപിയായ അനസൂയബായി പുരുഷോത്തം കാലേ. അച്ഛൻ വ്യവസായി പുരുഷോത്തം ബാലകൃഷ്ണ കാലേ. ഭർത്താവ് ഐപിഎസ് ഓഫിസറായിരുന്ന ആനന്ദ് കുമാർ വർമ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ റിസർച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) തലവനായിരുന്നു അദ്ദേഹം.

എന്നാൽ, നളിനി വർമയെ മലയാളികൾക്കു മറക്കാനാവാതെ വരുന്നത് അവർ എഴുതിയ ജീവചരിത്ര പുസ്തകം കാരണമാണ്: A Touch of Divine Love, സ്വാമി കൃഷ്ണാനന്ദയുടെ ജീവചരിത്രം. കേരളത്തിൽ പിറന്ന് ഉത്തർപ്രദേശിൽ അയോധ്യയ്ക്കു സമീപം ഫൈസാബാദിൽ സന്യാസിയായി മാറിയ സ്വാമി കൃഷ്ണാനന്ദ മഹാരാജ്.

nalini
നളിനി വർമ

കമ്യൂണിസം, ആധ്യാത്മികത

പന്തളം മുളയ്ക്കൽ കുടുംബം, തിരുവല്ല വട്ടപ്പറമ്പിൽനിന്ന് അവിടേക്കു പറിച്ചു നട്ടതാണ്. ആ കുടുംബത്തിൽ നാരായണപിള്ള – കുഞ്ഞുലക്ഷ്മി അമ്മ ദമ്പതികൾക്ക് എട്ടു മക്കൾ. അവരിൽ എം.എൻ.ഗോവിന്ദൻ നായരെ മലയാളികൾക്കു പരിചയപ്പെടുത്തേണ്ട കാര്യമില്ല. വാർധയിൽ ഗാന്ധിജിയുടെ ആശ്രമത്തിൽനിന്ന് അദ്ദേഹം എത്തിയത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലേക്കാണ്. 1952ൽ അദ്ദേഹം തിരുവിതാംകൂർ – കൊച്ചി നിയമസഭയിൽ അംഗമായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1967ൽ പുനലൂരിൽ നിന്ന് എംഎൽഎയായി. 1970ൽ ചടയമംഗലത്തുനിന്നു വീണ്ടും നിയമസഭയിലേക്ക്. രണ്ടാം ഇഎംഎസ് മന്ത്രിസഭയിൽ കൃഷി, വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായിരുന്നു. പിന്നീട് 1971ൽ സി.അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, വൈദ്യുതി മന്ത്രിയായി. 1962 മുതൽ 67 വരെ രാജ്യസഭയിലും 1977 മുതൽ 79 വരെ ലോക്സഭയിലും അംഗമായിരുന്നു.

എന്നാൽ, അദ്ദേഹത്തിന്റെ അനുജൻ എം.എൻ.കൃഷ്ണൻ നായർ കയറിയതാകട്ടെ, ആധ്യാത്മികതയുടെ പടവുകളായിരുന്നു. അദ്ദേഹം സ്വാമി കൃഷ്ണാനന്ദയായി. ൈഫസാബാദിലെ കാർത്തികേയ സദൻ ആശ്രമമായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. ഒരു കുടുംബത്തിൽനിന്നു ജ്യേഷ്ഠൻ മാർക്സിസത്തിലേക്കും അനുജൻ സന്യാസത്തിലേക്കും നീങ്ങുന്ന അപൂർവ കാഴ്ചയായി അത്. രണ്ടു പേരും അവരവരുടെ മേഖലകളിൽ ഉയരങ്ങൾ താണ്ടുകയും ചെയ്തു.

സൈന്യം വഴി സന്യാസത്തിലേക്ക്

ഹൈസ്കൂൾ പഠനം പൂർത്തിയാക്കി 19–ാം വയസ്സിൽ സൈന്യത്തിൽ ചേർന്നതാണ് എം.എൻ.കൃഷ്ണൻ നായർ – 1941ൽ. കുട്ടിക്കാലത്തു തന്നെ കൃഷ്ണന് ആധ്യാത്മിക ജീവിതത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. കൃഷ്ണന് 9 വയസ്സുള്ളപ്പോൾ പന്തളത്തു വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഒരു സന്യാസി വന്ന് ആറുമാസത്തോളം താമസിച്ചിരുന്നു. കൃഷ്ണൻ എന്നും അദ്ദേഹത്തെ കാണാൻ പോകും. സന്യാസി അവിടെനിന്നു യാത്രയായപ്പോൾ കൃഷ്ണനും കൂടെപ്പോയി. എന്നാൽ, വഴിയിൽ ബന്ധുക്കൾ കണ്ടുപിടിച്ചു തിരിച്ചു കൊണ്ടുവന്നു.

ഉണ്ണിക്കൃഷ്ണൻ എന്നായിരുന്നു കുട്ടിക്ക് ആദ്യം പേര്. അമ്മ കുഞ്ഞുലക്ഷ്മി അമ്മ ഗർഭിണിയായിരിക്കെ പ്രാർഥിച്ചിരുന്നത് ജന്മാഷ്ടമി ദിവസം കുഞ്ഞു ജനിക്കണം എന്നായിരുന്നു. എന്നാൽ, ജനനം രാധാഷ്ടമിക്കായിരുന്നു – 1922 സെപ്റ്റംബർ 2ന്.

സൈന്യത്തിൽ സ്റ്റെനോഗ്രഫർ ആയി ബെംഗളൂരുവിലായിരുന്നു കൃഷ്ണന്റെ ആദ്യ നിയമനം. സൈന്യത്തിലെ ജോലി ഇഷ്ടമുണ്ടായിട്ടല്ല അതിനു ചേർന്നത്. ജ്യേഷ്ഠൻ എം.എൻ.ഗോവിന്ദൻ നായർ രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകുകയും അച്ഛൻ വിരമിക്കുകയും ചെയ്തതോടെ, കുടുംബത്തെ സഹായിക്കാനായിരുന്നു അത്. അതെക്കുറിച്ച് എംഎൻ ആത്മകഥയിൽ എഴുതിയത് ഇങ്ങനെ– ‘‘ഇത്രയും സൗമ്യമായ പ്രകൃതവും മൃദുലമായ ഹൃദയവും ഉള്ളവരെ കാണാൻ പ്രയാസമാണ്. പഠിക്കുന്ന കാലത്ത് അവന്റെ അധ്യാപകന്മാർക്ക് ആർക്കെങ്കിലും സ്ഥലം മാറ്റം ഉണ്ടായാൽ ആ വേർപാടിലെ ദുഃഖം കൊണ്ടു കരഞ്ഞുവിളിച്ചായിരിക്കും വീട്ടിൽ വരുന്നത്. ആർക്കെങ്കിലും മുറിവോ ചതവോ പറ്റിയാൽ ബോധക്കേടുണ്ടാകുന്നതു കൃഷ്ണൻ കുട്ടിക്കായിരിക്കും.

അങ്ങനെയുള്ള ഒരാൾ സിവിലിയനായിട്ടായാലും പട്ടാളത്തിൽ പോകുന്നത് വീട്ടിലാർക്കും സഹിക്കാവുന്ന കാര്യമായിരുന്നില്ല. ആരോടും പറയാതെയാണ് അവൻ തീരുമാനമെടുത്തത്. കുടുംബകാര്യങ്ങളിൽ ഞാൻ കാണിക്കുന്ന അശ്രദ്ധയ്ക്ക് ഒരു പ്രതികാരം എന്ന നിലയിലാണ് അവൻ ഈ തീരുമാനമെടുത്തത് എന്നായിരുന്നു എല്ലാവരുടെയും ബോധ്യം. ആരും പരുഷമായോ പരിഭവമായോ ഒന്നും പറഞ്ഞില്ല. എങ്കിലും എല്ലാവരുടെയും നോട്ടത്തിൽ അതുണ്ടായിരുന്നു. ഒരു കഠാര ഹൃദയത്തിൽ കുത്തിയിറക്കിയ വേദന എനിക്ക് അനുഭവപ്പെട്ടു. കുറെ സമയം കഴിഞ്ഞ് ഞാൻ വീണ്ടും വീടു വിട്ടിറങ്ങി, എന്റെ പൊതുപ്രവർത്തനവുമായി’’. അന്നു ബെംഗളൂരുവിൽ രണ്ടാം ലോകയുദ്ധത്തിൽ പരുക്കേറ്റു വരുന്നവരെ ശുശ്രൂഷിക്കുന്ന ഒരു കേന്ദ്രമുണ്ട്. ജോലി കഴിഞ്ഞാൽ കൃഷ്ണൻ അവിടെ സേവനത്തിനു പോകുമായിരുന്നു.

അന്നു തുടർച്ചയായി കൃഷ്ണൻ കണ്ടിരുന്ന ഒരു സ്വപ്നമുണ്ട്: ശുഭ്രവസ്ത്രം ധരിച്ച അതീവ തേജസ്സുള്ള ഒരു സ്വാമിനി തുടരെ പ്രത്യക്ഷപ്പെടുന്നു. ആ സ്വപ്നം ആവർത്തിച്ചു കാണുന്നതല്ലാതെ അത് ആരാണെന്നോ എന്താണെന്നോ കൃഷ്ണന് ഒരു രൂപവുമുണ്ടായിരുന്നില്ല.

1947ൽ ബെംഗളൂരുവിൽ കേണൽ പ്രകാശ് ഭാട്ടിയ എത്തുകയും കൃഷ്ണൻ നായരെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റായി നിയമിക്കുകയും ചെയ്തതോടെയാണ് ജീവിതത്തിലെ ആദ്യത്തെ പ്രധാന വഴിത്തിരിവ് ഉണ്ടാവുന്നത്. 1951ൽ ഭാട്ടിയയെ യുപിയിലെ ഫൈസാബാദിലേക്കു നിയമിച്ചു. ഒപ്പം കൃഷ്ണനും അവിടെയെത്തുന്നു.

ഫൈസാബാദിലെ ഗുപ്താർഘാട്ട് പ്രസിദ്ധമാണ്. ഇവിടെയാണു ശ്രീരാമൻ അയോധ്യയിലെ ജനങ്ങളോടൊപ്പം നദിയിലേക്കു പോയി ജീവൻ വെടിഞ്ഞത് എന്നാണു വിശ്വാസം. ഇവിടെ സന്യാസിവര്യൻ കാർത്തികേയ മഹാരാജ് സ്ഥാപിച്ച ആശ്രമമുണ്ട്. ഭാട്ടിയയും കൃഷ്ണനും എത്തുമ്പോൾ ഈ ആശ്രമത്തിന്റെ മഠാധിപതി കാർത്തികേയ ഗുരുവിന്റെ ശിഷ്യ കിശോരി മാതാജിയാണ്.

ഒരു ദിവസം ഈ സ്നാനഘട്ടത്തിൽ കിശോരി മാതാജിയെ നേരിട്ടു കണ്ടപ്പോഴാണ് കൃഷ്ണൻ അദ്ഭുതസ്തബ്ധനായത് – ഈ മാതാവിനെയാണു താൻ എന്നും സ്വപ്നത്തിൽ കണ്ടുപോന്നത്. കിശോരി മാതാജി പതിവായി നടത്തിയിരുന്ന പ്രഭാഷണങ്ങൾക്കു കൃഷ്ണനും സ്ഥിരം കേൾവിക്കാരനായി. ക്രമേണ അദ്ദേഹത്തിനു ജോലിയിലുള്ള താൽപര്യം കുറഞ്ഞു. പൂർണമായും ആധ്യാത്മികതയിലേക്കു തിരിഞ്ഞു. കേണൽ ഭാട്ടിയയ്ക്കു തന്റെ അസിസ്റ്റന്റ് ഒരു അദ്ഭുത പുരുഷനാണെന്നു നേരത്തേ തന്നെ തോന്നിയിരുന്നു. രസകരമായ കാര്യം, പിന്നീട് കേണൽ ഭാട്ടിയ സ്വാമി കൃഷ്ണാനന്ദയുടെ ശിഷ്യനായി എന്നതാണ്.

1956 ജൂലൈ 15നു കൃഷ്ണൻ നായർ കിശോരി മാതാജിയിൽനിന്നു പൂർണ സന്യാസം സ്വീകരിച്ച് സ്വാമി കൃഷ്ണാനന്ദയായി. 1957 ഫെബ്രുവരി 22ന് സ്വാമി കൃഷ്ണാനന്ദ പൂർണമായ സാക്ഷാത്കാരം നേടി. അതോടെ പൂർവാശ്രമം ഉപേക്ഷിച്ചു.

ജീവിതം മുഴുവൻ മൗനം

സന്യാസിയായ ശേഷം ജീവിതകാലം മുഴുവനും മൗനവ്രതത്തിലായിരുന്നു കൃഷ്ണാനന്ദ. ഗുരു കിശോരി മാതാജിയെ അവസാനമായി, 1956 ഫെബ്രുവരി 22നു മാതാജി എന്നു വിളിച്ച ശേഷം അദ്ദേഹം സംസാരിച്ചതേയില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ കുറിച്ചു നൽകും. ഈ നിഷ്ഠ 1999 മാർച്ച് 7നു സമാധിയാകുന്നതു വരെ തുടർന്നു – 43 വർഷത്തെ മൗനവ്രതം.സംസാരിക്കാതിരിക്കുക എളുപ്പമല്ല എന്നു കൃഷ്ണാനന്ദ പിന്നീട് എഴുതി: ‘‘മൗനം പാലിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇച്ഛാശക്തിയുടെമേൽ നല്ല നിയന്ത്രണം ഉണ്ടെങ്കിൽ മാത്രമേ, അതു സാധ്യമാകൂ. എന്നാൽ, മൗനവ്രതം വളരെ നല്ലതാണെന്നു ഞാൻ പറയും. കാരണം, നിങ്ങളുടെ മനസ്സിൽ ആശയങ്ങൾ വന്നുകൊണ്ടേയിരിക്കും, അവ പുറത്തേക്കു പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ സ്വയം വിഴുങ്ങേണ്ടി വരും. ഈ ആശയങ്ങൾ നിങ്ങൾക്കുള്ളിൽത്തന്നെ വളരും, അവ പിന്നീടു ശരിയായ വികസനം പ്രാപിച്ചു പുറത്തുവരും’’.

സ്വാമിയായി ‌കേരളത്തിലേക്ക്

സന്യാസം സ്വീകരിച്ച ശേഷം സ്വാമി കൃഷ്ണാനന്ദ വളരെക്കുറച്ചു മാത്രമേ കേരളത്തിലേക്കു വന്നിരുന്നുള്ളൂ. ദീക്ഷ സ്വീകരിച്ച ശേഷം അദ്ദേഹം അമ്മയ്ക്കും സഹോദരിമാർക്കും കത്തുകൾ എഴുതിയിരുന്നു. അമ്മ സുദീർഘമായ ഒരു കത്തുതന്നെ സ്വാമിക്ക് എഴുതി. പക്ഷേ, സ്വാമിയുടെ കൈവശമുണ്ടായിരുന്ന ഒരു സ്യൂട്ട്കേസ് ഒരിക്കൽ ലക്നൗ റെയിൽവേ സ്റ്റേഷനിൽ മോഷണം പോയി. അമ്മയുടെ കത്തും അതുപോലെ വിലപ്പെട്ട പല രേഖകളും നഷ്ടമായി.

1957 ഒക്ടോബറിൽ സ്വാമി പന്തളത്തെ വീട്ടിലെത്തി. ഒരു സന്യാസിയെ സ്വീകരിക്കുന്ന ഉപചാരങ്ങളോടെയാണ് അമ്മ മകനെ എതിരേറ്റത്. കുടുംബത്തിലെ ചില സുപ്രധാന സന്ദർഭങ്ങളിൽ സ്വാമി കൃഷ്ണാനന്ദ നാട്ടിലെത്തിയിരുന്നു. 1998 ജനുവരിയിലാണ് അദ്ദേഹം അവസാനമായി കേരളത്തിലെത്തിയത്.എം.എൻ.ഗോവിന്ദൻ നായരും സ്വാമി കൃഷ്ണാനന്ദയും തമ്മിൽ ആദ്യകാലത്തു കത്തിടപാടുകൾ ഉണ്ടായിരുന്നു. അതിൽ കൂടുതലും സൈനികസേവന കാലത്താണ്. പിന്നീട് ഇരുവരും വ്യത്യസ്ത പാതകളിലൂടെ യാത്ര തുടർന്നപ്പോൾ കത്തിടപാടുകളും കുറഞ്ഞു.

എംഎൻ എഴുതിയത്

എംഎൻ ആത്മകഥ എഴുതിയപ്പോൾ സ്വാമി കൃഷ്ണാനന്ദയെക്കുറിച്ചു രണ്ടിടങ്ങളിൽ പരാമർശിച്ചു. എംഎൻ എഴുതുന്നത് സ്വാമി എന്നല്ല, കൃഷ്ണൻ കുട്ടി എന്നു തന്നെയാണ്. അച്ഛൻ മരിച്ചപ്പോൾ കൃഷ്ണൻ കുട്ടി (അന്നു പൂർണ സന്യാസം സ്വീകരിച്ചിരുന്നില്ല) വന്നതിനെക്കുറിച്ചു പരാമർശിക്കുന്നത് ഇങ്ങനെയാണ്:

‘‘കൃഷ്ണൻ കുട്ടി തിരിച്ചിരിക്കുന്നതായി വിവരം കിട്ടി. അച്ഛൻ മരിച്ചതായി അവൻ അറിഞ്ഞിരുന്നില്ല. ചെങ്കോട്ട അടുത്തുവച്ചു പരിചയമുള്ള ആരോ പറഞ്ഞപ്പോഴാണു വിവരമറിഞ്ഞത്. ആ വാർത്ത കേൾക്കുകയും മൃദുലഹൃദയനായ അവൻ ബോധംകെട്ടു വീഴുകയും ഒപ്പം കഴിഞ്ഞു. കൊട്ടാരക്കര റെയിൽവേ അധികൃതർ വിവരം അറിയിക്കുമ്പോഴാണ് ഞങ്ങൾ കഥയറിയുന്നത്. അച്ഛൻ അവസാനമായി അവനെഴുതിയ കത്തും പഴ്സും എല്ലാം റെയിൽവേ അധികൃതർ ഏൽപിച്ചു. അപ്പോഴും അവനു ബോധം വീണിരുന്നില്ല.

മാത്രമല്ല, വെള്ളം ഇറക്കുന്നതിനോ ആഹാരം കഴിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. ആയുർവേദവും അലോപ്പതിയും എല്ലാം നോക്കി. യാതൊരു ഫലവുമുണ്ടായില്ല. സഖാവ് സി.ജി.സദാശിവന്റെ അച്ഛൻ ഹിപ്നോട്ടിക് ചികിത്സയിൽ വിദഗ്ധനാണെന്നും അതു നോക്കുകയാണു ഭേദമെന്നും ചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം വന്നു. ഫലിച്ചില്ല. തിരുവനന്തപുരത്ത് ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തുകയേ വഴിയുള്ളൂ എന്ന് തീരുമാനിച്ചിരിക്കുമ്പോൾ, മരണം അന്വേഷിച്ചു വന്നതിൽ അച്ഛന്റെ സുഹൃത്തായ ഒരു ഡോക്ടർ കുറുപ്പ് ഒരു ചെറിയ പ്രയോഗം നടത്തി. ആ വിഷമസന്ധിയിൽ നിന്നു രക്ഷപ്പെടുത്തി. നാലഞ്ചു ദിവസം എല്ലാവരെയും ഭയപ്പെടുത്തിയ ആ സംഭവമെല്ലാം കഴിഞ്ഞു’’.

തികഞ്ഞ വൈരാഗി, യോഗി

സ്വാമി കൃഷ്ണാനന്ദയോട് സ്വന്തമായൊരു ആശ്രമം സ്ഥാപിക്കാനും തെക്കേ ഇന്ത്യയിലേക്കു വരാനും പലരും നിർബന്ധിച്ചു. ഡൽഹി ഉൾപ്പെടെ പല ഉത്തരേന്ത്യൻ നഗരങ്ങളിലും ആശ്രമങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിനു സ്ഥലവും സഹായവും നൽകാൻ പലരും സന്നദ്ധരായി. എന്നാൽ, അവയൊന്നും അദ്ദേഹം സ്വീകരിച്ചില്ല. തന്നോട് ഇടപെട്ടവരെയെല്ലാം അദ്ദേഹം അഗാധമായി സ്വാധീനിച്ചു. ‘‘എന്റെ പ്രാരബ്ധമല്ല അവരുടെ പ്രാരബ്ധമാണ് എന്നെ വേദനിപ്പിക്കുന്നത്’’ – അദ്ദേഹം പലപ്പോഴും എഴുതി. ജീവിതം മുഴുവൻ മൗനവ്രതത്തിലായതിനാൽ അദ്ദേഹത്തിൽനിന്നു പ്രഭാഷണങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ, ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് എഴുതിയിരുന്നു. 

മഹാസമാധി

ഗുപ്താർഘാട്ടിലെ കാർത്തികേയ സദൻ ആശ്രമത്തോടു ചേർന്ന് വലിയൊരു ആൽമരമുണ്ട്. പലപ്പോഴും സ്വാമി കൃഷ്ണാനന്ദയും ആശ്രമത്തിലെ മറ്റു സന്യാസിമാരും ഇവിടെ ധ്യാനനിരതരായി ഇരിക്കാറുണ്ട്. 1999 മാർച്ച് 6നു സന്ധ്യയോടെ സ്വാമി കൃഷ്ണാനന്ദ ഈ മരച്ചുവട്ടിൽ ഏകനായി ഏറെ നേരം പ്രാർഥിച്ചിരുന്നു.

തൊട്ടടുത്ത ദിവസം അദ്ദേഹം അതിരാവിലെ എഴുന്നേറ്റു പതിവു പൂജകൾ പൂർത്തിയാക്കി. മുറിയിൽ സൂക്ഷിച്ചിരുന്ന രാധാകൃഷ്ണ ചിത്രം നെഞ്ചോടു ചേർത്തു കിടക്കയിൽ നീണ്ടുനിവർന്നു കിടന്നു. സമയം രാവിലെ അഞ്ചു മണി. സ്വാമി കൃഷ്ണാനന്ദ സമാധിയായി.

swami-nalini
സ്വാമി കൃഷ്ണാനന്ദയും നളിനി വർമയും

നളിനി വർമയും പുസ്തകവും

സ്വാമി കൃഷ്ണാനന്ദ സന്യാസം സ്വീകരിച്ച് 7 വർഷങ്ങൾക്കു ശേഷം 1963ൽ ആണ് നളിനി വർമ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. നളിനി വർമ ഒരു പൂർണ കൃഷ്ണഭക്തയായിരുന്നു. സ്വാമി കൃഷ്ണാനന്ദയിൽ അവർ ശ്രീകൃഷ്ണനെത്തന്നെ ദർശിച്ചു. ഡൽഹിയിൽ എത്തുമ്പോഴെല്ലാം സ്വാമി താമസിച്ചിരുന്നതും അവരുടെ വീട്ടിലാണ്. സ്വാമിയുടെ സമാധിക്കു ശേഷമാണ് കിശോരി മാതാജി നളിനി വർമയോട് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെടുന്നത്.

സ്വാമിജിയുടെ അനന്തരവൾ അനിയത്തി തിരുവനന്തപുരത്തുനിന്നു ഡൽഹിയിലെത്തി ഈ പുസ്തകത്തിനു വേണ്ട സഹായം നൽകി. മറ്റൊരു അനന്തരവളായ രാജമ്മയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. രാജ്യത്തിന്റെ നാനാഭാഗത്തും സ്വാമി കൃഷ്ണാനന്ദയ്ക്ക് ആരാധകരും അനുയായികളും ഉണ്ടായിരുന്നു. അവരൊക്കെ പുസ്തകരചനയിൽ സഹായിച്ചു. 2001 ഓഗസ്റ്റ് 26ന് ആണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA