ആതുര ലോകത്തെ സ്നേഹസൂര്യൻ

doctor
ഡോ. എസ്. മധുസൂദനൻ ചെമ്പകശ്ശേരി വീടിനു മുന്നിൽ ചിത്രം: ആർ.എസ്. ഗോപൻ ∙ മനോരമ
SHARE

പാവങ്ങളുടെ ഡോക്ടർ എന്നതിലൊതുങ്ങില്ല ഡോ. എസ്. മധുസൂദനന്റെ വിശേഷണം. രണ്ടു വ്യത്യസ്ത മുന്നണികളിൽ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാരുടെയും കെ. കരുണാകരന്റെയും ഔദ്യോഗിക ഡോക്ടർ, പതിനഞ്ചു വർഷം തുടർച്ചയായി നിയമസഭാ ചുമതല വഹിച്ച ഡോക്ടർ.... ഇനിയുമുണ്ടേറെ......

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു മിത്രാനന്ദപുരം ക്ഷേത്രത്തിലേക്കുള്ള മാർഗത്തിൽ നിന്നു കുറച്ചു തെക്കുമാറി പടിഞ്ഞാറോട്ട് ഒരു ഇടവഴി കുറച്ചു വിസ്താരവും ശുചിയും ഉള്ളതായി കാണ്മാനുണ്ടായിരുന്നു. ഈ വഴി കുറച്ചു പടിഞ്ഞാറു ചെന്ന് ഒരു ഭവനത്തോട് അവസാനിച്ചിരുന്നു. മരിച്ചുപോയ ഉഗ്രൻ കഴക്കൂട്ടത്തുപിള്ളയുടെ ഭാര്യയുടെ ഗൃഹമായ പ്രസിദ്ധിയുള്ള ചെമ്പകശേരി വീട് ഇതാണ്... ഈ വീട്ടിലെ കാരണവന്മാർ വേണാട്ടധിപന്മാരുടെ മന്ത്രിമാരായിരുന്ന കാലങ്ങളിൽ പണി ചെയ്യിച്ചിട്ടുള്ള ഗൃഹമാണ്. 

∙ (സി.വി. രാമൻപിള്ള – മാർത്താണ്ഡവർമ്മ 1891)

ഒരു നൂറ്റാണ്ടും മൂന്നു പതിറ്റാണ്ടും പിന്നിട്ട ഇന്നത്തെ തിരുവനന്തപുരം നഗരം പടിഞ്ഞാറേക്കോട്ട വഴി വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ വലത്തോട്ടു തിരിയുന്ന ഇട റോഡ് ചെന്നു ചേരുന്നത് ചെമ്പകശേരി ജംക്‌ഷനിലാണ്. കവലയുടെ ഇടതുവശത്തായി ചെമ്പകശേരി തറവാട് കാണാം. പടർന്നു പന്തലിച്ചു നിൽക്കുന്ന ദേവതാരു വൃക്ഷത്തിന്റെ നിഴൽവീണ ഇന്നത്തെ ചെമ്പകശേരിയിലെ സന്ദർശകർ മൂത്ത പിള്ളമാരോ ശങ്കു ആശാനോ സുഭദ്രയോ ഒന്നുമല്ല. പാവപ്പെട്ട മൽസ്യത്തൊഴിലാളികളടക്കമുള്ള രോഗികളാണ്. ആതുര സേവന ലോകത്ത് അൻപതാണ്ട് പൂർത്തിയാക്കിയ ഡോ. എസ്. മധുസൂദനൻ എന്ന ജനകീയ ഡോക്ടറുടെ സ്നേഹ സാന്ത്വനം തേടിയെത്തുന്നവർ. എല്ലാ വൈകുന്നേരങ്ങളിലും സൗജന്യ സേവനവുമായി ഡോക്ടർ അവിടെയുണ്ടാകും.

പാവങ്ങളുടെ ഡോക്ടർ എന്ന വിശേഷണത്തിനപ്പുറം, രണ്ടു വ്യത്യസ്ത മുന്നണിയിലെ മുഖ്യമന്ത്രിമാരായിരുന്ന നായനാരുടെയും കെ. കരുണാകരന്റെയും ഔദ്യോഗിക ഡോക്ടർ, പതിനഞ്ചു വർഷക്കാലം തുടർച്ചയായി നിയമസഭാ ചുമതല വഹിച്ച ഡോക്ടർ, കൈപ്പുണ്യത്തിനു ഖ്യാതി നേടിയ ഭിഷഗ്വരൻ... ഇങ്ങനെ പല സവിശേഷതകളും ആ പേരിനൊപ്പം ചേർത്തു വായിക്കാനുണ്ട്. അദ്ദേഹത്തിന്റെ പത്നി ലക്ഷ്മിക്ക് അവകാശമായി ലഭിച്ചതാണ് ചെമ്പകശേരി വീട്. എട്ടുവീട്ടിൽ പിള്ളമാരിലൊരാളായ ചെമ്പഴന്തിപ്പിള്ളയുടെ കുടുംബത്തിൽപെട്ടയാളായിരുന്നു മധുസൂദനൻ ഡോക്ടറുടെ അപ്പൂപ്പൻ (അമ്മയുടെ അച്ഛൻ).

ആതുര സേവന രംഗത്തും രാഷ്ട്രീയ–സാമൂഹിക രംഗത്തും ഒരുപോലെ പ്രശസ്തനായ ഡോ. ശിവരാമൻ നായർ എന്ന പിതാവിന്റെ വഴികൾ തന്നെയാണ് ഡോ. മധുസൂദനനും തിരഞ്ഞെടുത്തത്.

doc-and-wife
ഡോ. എസ്. മധുസൂദനനും ഭാര്യ ലക്ഷ്മിയും

കാലം 1932. തിരുവിതാംകൂർ സർക്കാർ മിടുക്കരായ 25 ബിരുദധാരികളെ എംബിബിഎസിനു പഠിപ്പിക്കാനായി മദിരാശി സർവകലാശാലയിലേക്കയച്ചു. അവരിൽ ഒരാളായിരുന്നു തിരുവിതാംകൂർ പ്രജാസഭ അംഗമായിരുന്ന പരമേശ്വരൻ നായരുടെ മകൻ ശിവരാമൻ നായർ. ചെങ്ങന്നൂർകാരനായ ഈ മിടുക്കനു രസതന്ത്രത്തിലായിരുന്നു ബിരുദം.

ഡോക്ടറായി തിരിച്ചെത്തിയതും പബ്ലിക് ഹെൽത്ത് ലാബിൽ നിയമനം ലഭിച്ചു. സ്റ്റാച്യുവിനടുത്തുള്ള ഭാരതീവിലാസത്തിലെ ഭാരതിയമ്മയുമായുള്ള വിവാഹവും വൈകാതെ നടന്നു. പക്ഷേ, എട്ടു മാസം കഴിഞ്ഞതും തലസ്ഥാന നഗരിയിലെ ജീവിതം മതിയാക്കി അദ്ദേഹം ഏകനായി ചെങ്ങന്നൂരിലേക്കു മടങ്ങിപ്പോയി. മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു ആ തീരുമാനം. ഒരു ജില്ലയ്ക്ക് ഒരു ഡോക്ടർ പോലുമില്ലാത്ത കാലമാണതെന്ന് ഓർക്കുമ്പോഴാണ് ഡോ. ശിവരാമൻ നായരുടെ ആദർശധീരതയ്ക്കു മുന്നിൽ നാം നമിച്ചുപോവുക.

ചെങ്ങന്നൂരിലെത്തിയ ഡോക്ടർ അങ്ങാടിക്കൽ എന്ന സ്ഥലത്തു സ്വന്തമായി ഒരു ക്ലിനിക്  തുടങ്ങി. ആശുപത്രികളോ ഡോക്ടർമാരോ ഇല്ലാത്ത നാട്ടിൽ അദ്ദേഹം ജനങ്ങളുടെ കൺകണ്ട ദൈവമായി മാറി. നാട്ടുകാരുടെ രാഷ്ട്രീയ–സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ഡോക്ടർ വളരെവേഗം അവരുടെ പ്രിയങ്കരനായ ജനനേതാവായി മാറിയതിൽ അദ്ഭുതപ്പെടാനില്ല.   തിരു–കൊച്ചി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടു തവണ (1951, 1953) അദ്ദേഹം എൻഎസ്എസിന്റെ സ്ഥാനാർഥിയായി മൽസരിച്ചു. രണ്ടു തവണയും  വിജയം. അതോടെ അദ്ദേഹത്തിന്റെ സ്റ്റെതസ്കോപ്പിനു വിശ്രമമായി.

ഡോ. മധുസൂദനൻ ഓർമകളിലെ ബാല്യത്തിലേക്കു മെല്ലെ സഞ്ചരിച്ചെത്തി. ‘‘ഞാൻ ജനിക്കുമ്പോൾ അച്ഛൻ കൊടിപിടിച്ച ഡോക്ടറായിരുന്നു. അച്ഛന്റെ രാഷ്ട്രീയ തിരക്കുകൾക്കിടയിൽ കുടുംബം നോക്കാൻ എവിടെ സമയം? അമ്മയുടെ അമ്മ – അമ്മച്ചിയായിരുന്നു കുടുംബത്തിന്റെ ഭരണം നടത്തിയിരുന്നത്.  സെന്റ് ജോസഫ്സ് സ്കൂളിൽ നിന്നു പത്താംതരം ജയിച്ചശേഷമാണ് ആദ്യമായി അച്ഛന്റെ തണലിലെത്തിയത്. അപ്പോഴേക്കും അച്ഛൻ രാഷ്ട്രീയത്തിൽ നിന്നു പിന്മാറി കൊല്ലം ജില്ലാ ആശുപത്രിയിൽ ഓണററി സിവിൽ സർജനായി നൂറു രൂപ ശമ്പളത്തിൽ സേവനം ചെയ്യുകയായിരുന്നു. ആദ്യ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയായിരുന്ന വേലപ്പന്റെ ശുദ്ധമനസ്സാണ് അച്ഛനെ രാഷ്ട്രീയത്തിൽ നിന്ന് ആതുരവഴിയിലേക്കു തന്നെ തിരിച്ചെത്തിച്ചത്. ശുദ്ധാത്മാക്കൾക്കു പറ്റിയതല്ല രാഷ്ട്രീയം എന്നു പറഞ്ഞാണ് അച്ഛനെ അദ്ദേഹം കൊല്ലത്തേക്കു കൂട്ടിക്കൊണ്ടു വന്നത്.

സാഹിത്യകാരനാകാൻ കൊതിച്ച എന്റെ കൗമാര മനസ്സിനെ അച്ഛൻ എംബിബിഎസിലേക്കു തിരിച്ചുവിട്ടു. അച്ഛനെപ്പോലൊരു ജനകീയ ഡോക്ടറാകണമെന്ന ആഗ്രഹം എന്റെ മനസ്സിൽ നാമ്പിട്ടു. ഒരു ബാച്ചിൽ നിന്നു രണ്ടോ മൂന്നോ പേർ മാത്രമാണ് അന്നൊക്കെ എംബിബിഎസ് കടക്കാറ്. അത്രയ്ക്കു കർശനമായിരുന്നു അന്നത്തെ മൂല്യനിർണയം.  എല്ലാ പരീക്ഷകളും ആദ്യ അവസരത്തിൽ തന്നെ ജയിച്ച് ഞാൻ അച്ഛനോടുള്ള കടപ്പാട് തീർത്തു.’’

മന്തുരോഗ ഭീതി മൂലം ആലപ്പുഴയിൽ സേവനമനുഷ്ഠിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചിരുന്ന കാലത്ത് അവിടേക്കു നിയമനം ചോദിച്ചു വാങ്ങിയ ഡോക്ടറാണ് മധുസൂദനൻ. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ പകുതിയിലേറെയും അദ്ദേഹം ചെലവഴിച്ചത് ആലപ്പുഴ മെഡിക്കൽ കോളജിലാണ്. 

ഡയറിയിലെ ഓർമക്കുറിപ്പുകൾ ചേർത്തുവച്ച് ഡോക്ടർ രചിച്ച ആത്മകഥയിൽ സംഭവബഹുലമായ ഒരു ജീവിതത്തിന്റെ ചിത്രം ഇതൾ വിരിയുന്നുണ്ട്. പാമ്പുകടിയേറ്റു നീലിച്ച ശരീരവുമായെത്തിയ ഒരു വിഷകന്യകയിൽ നിന്നാണ് ‘മൃത്യുഞ്ജയം’ എന്നു പേരിട്ട ആത്മകഥയുടെ തുടക്കം. (തന്റെ വിശ്വസ്ത ഡോക്ടറുടെ പുസ്തകത്തിന് ഈ പേര് നിർദേശിച്ചതാകട്ടെ കവി വി. മധുസൂദനൻ നായരും). അന്നു ഡോക്ടർ തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു. മരണത്തിന്റെ പിടിയിൽനിന്ന് ആ പതിനാറുകാരിയെ രക്ഷപ്പെടുത്തിയ സംഭവം ഞെട്ടലോടെ മാത്രമേ ഇന്നദ്ദേഹത്തിന് ഓർക്കാനാവൂ.

നേരം ഇരുട്ടിയിരുന്നു. പെൺകുട്ടിയുടെ നില അതീവ ഗുരുതരവും. ആശുപത്രിയിൽ ആന്റിവെനം എന്ന മരുന്നു സ്റ്റോക്കില്ലെന്നറിഞ്ഞതും ഡോക്ടർ ആത്മസംഘർഷത്തിലായി. നഗരത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലേക്കും നാലുവഴിക്കും ആളയച്ചെങ്കിലും എവിടെയും മരുന്നില്ല. പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ വിളിച്ചപ്പോൾ അവിടെയുമില്ല. നാലാം വാർഡിലെ പതിമൂന്നാം നമ്പർ ബെഡ്ഡിലപ്പോൾ പെൺകുട്ടി മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. രോഗിയുടെ ബന്ധുക്കൾ അലമുറയിടുകയാണ്. അദ്ദേഹം തലപുകഞ്ഞാലോചിച്ചു.

ആരുടെയൊക്കെയോ അനാസ്ഥയ്ക്ക് ഒരു പെൺകുട്ടി ബലിയാടാവുകയാണല്ലോ എന്ന ചിന്തയാണ് ആ സാഹസം ചെയ്യാൻ ഡോക്ടറെ പ്രേരിപ്പിച്ചത്. പാതിരാത്രി ആർഎംഒ ‍ഡോ. കെ.പി. ഹരിദാസിനെയും (പിന്നീട് പത്മശ്രീ ലഭിച്ചു) കൂട്ടി സ്റ്റോറിൽ പോയി പരതി നോക്കി. കളയാനായി ചാക്കിൽ കെട്ടിവച്ചിരുന്ന മരുന്നുകൾക്കിടയിൽ നിന്നു പൊടി രൂപത്തിലുള്ള ആ മരുന്നു കിട്ടിയെങ്കിലും കാലാവധി കഴിഞ്ഞതിനാൽ ആർഎംഒ വിലക്കി.

ഒന്നും ആലോചിച്ചില്ല. തണുത്തു കട്ടപിടിച്ചിരുന്ന മരുന്ന് കൈവെള്ളയിൽ വച്ചു തിരുമ്മിച്ചൂടാക്കി ആ പെൺകുട്ടിയുടെ നീലിച്ച ശരീരത്തിലേക്കു കുത്തിവച്ചു. 

ഡോക്ടർ തന്റെ മുറിയിൽ കയറി വാതിലടച്ചു തലയ്ക്കു കയ്യുംകൊടുത്തിരുന്നു. നിർണായകമായ അരമണിക്കൂർ മിടിച്ചുമിടിച്ചു കടന്നുപോയി. എന്താണു സംഭവിച്ചിരിക്കുക എന്ന ജിജ്ഞാസയോടെ പെൺകുട്ടിയെ നോക്കിയ ഡോക്ടർക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പെൺകുട്ടി കണ്ണു തുറന്ന് അമ്മയോടു പതിയെ സംസാരിക്കുന്നു! നീലിച്ച മുഖം ഏറെക്കുറെ തെളിഞ്ഞിരിക്കുന്നു.

ആ രാത്രി ഡോക്ടർ ഉറങ്ങിയതേയില്ല. മരുന്നു വളരെ സാവകാശം കുത്തിവച്ചു കൊണ്ടേയിരുന്നു. ഏതു സമയത്തും മരുന്നിന്റെ പ്രതിപ്രവർത്തനം സംഭവിച്ചേക്കാം. ഫലം വിപരീതമായാൽ ഉണ്ടാകാനിടയുള്ള അപകടങ്ങളെപ്പറ്റി അപ്പോഴാണ് ഡോക്ടർ ചിന്തിച്ചു തുടങ്ങിയത്. ഓരോ സെക്കൻഡും അദ്ദേഹത്തിനു നിർണായകമായിരുന്നു.

നേരം വെളുത്തപ്പോഴേക്കും പെൺകുട്ടി മരണത്തെ അതിജീവിച്ച വാർത്ത ആശുപത്രിയിലും പരിസരത്തും പരന്നു. 

വയനാട്ടിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ ഷഹല ഷെറിന് ആന്റിവെനം സ്റ്റോക്കില്ലെന്ന പേരിൽ ചികിൽസ വൈകിച്ചതും ഒടുവിൽ മരണം സംഭവിച്ചതുമൊക്കെ അറിഞ്ഞപ്പോൾ ഡോക്ടർ കണ്ണീരോടെ ആ വിഷകന്യകയെ ഓർത്തു. അവളിപ്പോൾ എവിടെയുണ്ടെന്നു പോലും അറിയില്ല.

1981ൽ ആലപ്പുഴയിലെ ഏഴു മൽസ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവം ഡോക്ടർക്ക് ഒരിക്കലും മറക്കാനാവില്ല. ‘‘പുറക്കാട് തീരത്ത് ഉറ്റവരും ബന്ധുക്കളുമായി വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ഒടുവിൽ നാലാം ദിവസം പുറംകടലിൽ നിന്ന് ഏഴു പേരെയും കണ്ടെത്തിയതായി പൊലീസിന്റെ വയർലെസ് സന്ദേശം വന്നു. ഉച്ചയോടെ മരവിച്ച ഏഴു ശരീരങ്ങൾ കരയ്ക്കടുപ്പിച്ചു.  ബോധമറ്റ ആ തൊഴിലാളികളുടെ ജീവൻ പോയെന്നു തന്നെയാണ് എല്ലാവരും കരുതിയത്.

ആംബുലൻസുകൾ ആലപ്പുഴ മെഡിക്കൽ കോളജിലേക്കു കുതിച്ചു. ഞാനായിരുന്നു അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. പത്രക്കാരും പൊലീസും ജനപ്രതിനിധികളും തിങ്ങിക്കൂടി നിൽക്കുകയാണ്. ആരവങ്ങൾക്കിടയിലൂടെ കൊണ്ടുവന്ന മൽസ്യത്തൊഴിലാളികളെ ഞാൻ പരിശോധിച്ചു. ഭാഗ്യം! ചലനമറ്റ അവരുടെ ശരീരത്തിൽ നേരിയ മിടിപ്പുണ്ട്. ഗ്ലൂക്കോസ് നില വളരെ താഴ്ന്നു പോയതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നുറപ്പ്.  ഉടൻ തന്നെ ഗ്ലൂക്കോസ് കയറ്റാൻ തുടങ്ങി. വൈകിട്ടായപ്പോഴേക്കും തൊഴിലാളികൾ കണ്ണു തുറന്നു.’’

പിറ്റേന്നു മലയാള മനോരമ ദിനപത്രത്തിന്റെ മുൻ പേജിൽ ആ വാർത്ത വന്നു. ഡോ. മധുസൂദനനെ പ്രശസ്തനാക്കിയത് ആ സംഭവമാണ്.

ദൂരെ നിന്നുള്ള രോഗികൾക്കായി സ്വന്തം വീട്ടിൽ നിന്നു ഭക്ഷണമെത്തിച്ചു കൊടുത്തിരുന്നു ഡോ. മധുസൂദനൻ. ഭരണ പക്ഷത്തും പ്രതിപക്ഷത്തുമിരിക്കുന്ന മുഖ്യമന്ത്രിമാർക്ക് ഒരേ ഔദ്യോഗിക ഡോക്ടർ എന്ന അപൂർവത ഡോ. മധുസൂദനന്റെ ആതുര ജീവിതത്തിലെ തിളങ്ങുന്ന ഏടാണ്. ഡോക്ടറുടെ മുന്നിൽ പക്ഷങ്ങളില്ല, മുഖ്യന്മാരുമില്ല.

ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ അന്ത്യദിനങ്ങളെക്കുറിച്ചു ഡോക്ടർ എഴുതിയിട്ടുണ്ട്. അത്യാസന്ന നിലയിലായപ്പോൾ സഭ മധുസൂദനൻ ഡോക്ടറുടെ സൗമ്യചികിൽസ ആവശ്യപ്പെടുകയായിരുന്നു. ബോധം വീഴുമ്പോഴെല്ലാം ഡോക്ടറെ അരികിലിരുത്തി അദ്ദേഹം തമാശ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹം പറഞ്ഞു: ‘‘എനിക്കറിയാം എന്താ സംഭവിക്കാൻ പോകുന്നതെന്ന്, അധികം വേദനിപ്പിക്കാതെ എന്നെ മടക്കി അയയ്ക്കണേ...’’ അതുപോലെ സംഭവിച്ചു. ഒരു മയക്കത്തിനിടയിൽ ആ മിടിപ്പു നിലച്ചു.

രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്ന് സ്വന്തം മകനെ തട്ടിയെടുത്തതാണ് ഡോക്ടറുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം. മൂന്നാൺമക്കളിൽ ഇളയവനായിരുന്ന സഞ്ജു പഠനത്തിലും സംഗീതത്തിലും ക്രിക്കറ്റിലും ഒരുപോലെ മിടുക്കൻ. എത്രയോ പേരെ മരണത്തിൽ നിന്നു രക്ഷിച്ച വൈദ്യൻ ലുക്കീമിയയോടു പൊരുതിയ മകന്റെ നഷ്ടത്തിനു മുമ്പിൽ നിസ്സഹായനായി നിൽക്കേണ്ടി വന്നു.

വൈകുന്നേരങ്ങളിലെത്തുന്ന രോഗികളുടെ മണിയടി ശബ്ദവും പേരക്കുട്ടി പ്രണവിന്റെ കൊച്ചുവർത്തമാനവുമൊഴിച്ചാൽ ചെമ്പകശേരിയുടെ അങ്കണം ഇന്നും മൂകമാണ്. എങ്കിലും മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്മേരവദനനായ സൂര്യനെപ്പോലെ ഡോ. എസ്. മധുസൂദനന്റെ സൗമ്യമായ പുഞ്ചിരിയും ദേവതാരുവിന്റെ തണലും സാന്ത്വന മന്ത്രമായുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA