ADVERTISEMENT

മീൻപിടിത്തത്തെ മത്സ്യബന്ധനവും വേണ്ടാതീനത്തെ അപഥസഞ്ചാരവും കടുംകയ്യിനെ പീഡനവുമൊക്ക ആയി ഞങ്ങൾ സംസ്കരിച്ചത് അങ്ങേക്കു മോഷ്ടാവ് എന്ന സംസ്കൃതപദവി തന്നതിന്റെ തുടർച്ചയായിട്ടാണ്. എഴുത്തുകാരായ ഞങ്ങളാണ് അങ്ങയെ ഈവിധം ആദരിക്കാൻ മുൻകൈ എടുത്തത്. അതിനാൽ, ഞങ്ങളെ അനുഭാവികളായി സദയം കാണണം. 

ഞങ്ങളുടെ വീടുകളിൽ വരരുത് എന്നല്ല പറയുന്നത്. വരണം! സുസ്വാഗതം! പക്ഷേ, വരുമ്പോൾ മുന്നറിയിപ്പു തരിക. എങ്കിലല്ലേ, അർഹമായി സ്വീകരിക്കാൻ കഴിയൂ? എവിടെയെങ്കിലും ചെന്ന് ആരും ചെവിതരാത്ത വല്ല നല്ലകാര്യവും പ്രസംഗിക്കാൻ വിധിക്കപ്പെട്ട ഞങ്ങൾ മിക്കവാറും രാത്രികളിൽ എങ്ങാണ്ടൊക്കെ ആയിരിക്കുമല്ലോ. അല്ല, ഞങ്ങൾ ഇല്ലാത്തപ്പോൾ വരുന്നതാണു കൂടുതൽ ഇഷ്ടമെങ്കിൽ അങ്ങനെയുമാകാം. അപ്പോഴും, മുൻകൂട്ടി അറിയിച്ചാൽ മുൻവാതിൽ തുറന്നിടാം! പൂട്ടു പൊളിക്കുകയെന്ന വിഷമം ഉണ്ടാവില്ല. 

ഏതു പൂട്ടും തുറക്കാൻ അങ്ങേക്കു ഞൊടിയിടയും വിരലോളം നീണ്ട ഒരു കമ്പിത്തുണ്ടും മതിയെങ്കിലും ചിലപ്പോൾ, കമ്പിത്തുണ്ട് കയ്യിൽ കരുതാൻ മറന്നതിനാലാവാം, പാര വച്ചും നനഞ്ഞ തുണിപൊത്തി ക്രിയ നിശ്ശബ്ദമാക്കിയും ബോൾട്ടോ വാതിൽത്തണ്ടുതന്നെയോ ഉടയ്ക്കേണ്ടിവരുന്നുവല്ലോ. ഈ കേടുപാടുകൾ നേരെയാക്കാൻ ചെലവാകുന്ന തുക അങ്ങേക്ക് അതിഥിദക്ഷിണയായി തരാൻ ഞങ്ങൾക്കു മടിയില്ല. ഇരുകൂട്ടർക്കും പ്രയാസങ്ങൾ കുറയും. 

അനുഭവത്തിൽനിന്ന് ഒന്നും പഠിക്കാത്തവരാണ് ഞങ്ങളെപ്പോലെ താങ്കളുടെ വംശവും എന്നു തോന്നുന്നു. ഇനിയെങ്കിലും നമുക്കു സംയുക്തമായി, എന്നുവച്ചാൽ ഒരേ കെട്ടുപാടിൽ, ചിന്തിക്കാം. മഹാഭാരതം ഉൾപ്പെടെ എല്ലാം എഴുതിയിട്ടും ലോകം മോശമായിത്തന്നെ ഇരിക്കുന്നു എന്നുകണ്ട് തലയിൽ കൈവച്ചു നിലവിളിച്ച വ്യാസനാണു ഞങ്ങളുടെ ആചാര്യൻ. എന്നിട്ടുമദ്ദേഹം തുടർന്നുമെഴുതിയത്രെ‌! അതുപോലെ താങ്കളും ജീവിതകാലം മുഴുവൻ മോഷ്ടിച്ചിട്ടും താങ്കൾക്കോ ലോകത്തിനോ ഗുണമില്ലെന്നു മനസ്സിലായാലും മോഷണംതന്നെ നടത്തുന്നു! ‘ജന്തുവിന് ഉടലു വീഴുവോളവും വാസനാബന്ധം തുടരുന്നു’ എന്നു കുടിപ്പള്ളിക്കൂടം ആശാനും പിന്നെ മഹാകവി ആശാനും പഠിപ്പിച്ചതു മറക്കാനാവാത്തതോ കാരണം? 

ഓർക്കുന്നില്ലേ, ഇതു മൂന്നാം തവണയാണു താങ്കൾ എന്റെ വീട്ടിൽ ഇങ്ങനെ വരുന്നത്. മൂന്നു തവണയും കഷ്ടപ്പാടു മാത്രം ഇരുവർക്കും മെച്ചം. കാര്യമായി എന്തെങ്കിലുമൊന്ന് അങ്ങേക്കുവേണ്ടി കാത്തുവയ്ക്കാൻ കഴിഞ്ഞില്ല, ഇത്തവണയും. സങ്കടമുണ്ട്. 

നാലു പതിറ്റാണ്ടു മുൻപ് എറണാകുളത്തെ വീട്ടിൽ വന്നപ്പോൾ എന്തും സ്വീകരിക്കാൻ താങ്കൾ ഒരുക്കമായിരുന്നു. അതിനാൽ, പഴയതെങ്കിലും ഒരു ടൈപ്പ്റൈറ്ററും ടേപ്പ് റിക്കോർഡറും അടുക്കളയിലെ പാത്രങ്ങളും മകന്റെ സ്കൂൾ യൂണിഫോം ഉൾപ്പെടെ എല്ലാ തുണിയും സ്വീകരിച്ചു. അമ്മയുടെ കൂടെ ഓണമുണ്ട് ഞാൻ കുടുംബസമേതം തിരിച്ചെത്തിയതു തിരുവോണം കഴിഞ്ഞു മൂന്നാംനാൾ. അന്നു ചതയദിനം. ഡിഎസ്പി ഹമീദുമൊന്നിച്ച് ആലപ്പുഴയിൽ പ്രസംഗിക്കാൻ പോകണമായിരുന്നു. മുൻവാതിൽ നേരെയാക്കാതെ ഒപ്പം ചെല്ലാനൊക്കില്ല എന്നു വിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹം ഓടിയെത്തി. തുടർന്നു നടന്ന കർശനമായ അന്വേഷണം സഹിക്കവയ്യാതെ താങ്കൾ ഏതോ ശിഷ്യനെക്കൊണ്ടു കുറ്റമേറ്റെടുപ്പിച്ചു. ഗുരു നിർബന്ധിച്ചതിനാൽ വീട്ടിൽ കടന്നതും ആരുടെ വീടെന്നറിഞ്ഞു വിഷമിച്ചതും പണിക്കൂലി മുതലാവാൻ കൂട്ടുകാർ ലൊട്ടുലൊടുക്കുകൾ വാരിയെടുത്തതും ആ ഇളംപ്രായക്കാരൻ കോടതിമുറ്റത്തുവച്ചു കണ്ണീരോടെ ഓർത്തു. 

എന്തെഴുതിയാലും എന്തെങ്കിലുമൊരു പ്രസ്ഥാനത്തിൽ അഭയം തേടാൻ ഞങ്ങൾക്കു സാധിക്കുന്നതുപോലെ താങ്കളെ തുണയ്ക്കാൻ ശിക്ഷാനിയമത്തിൽ എപ്പോഴും പഴുതുണ്ടെന്ന് എനിക്കു മനസ്സിലായി. താങ്കൾ എപ്പോൾ വിരുന്നുവന്ന് എന്തു ചെയ്താലും പരാതിപ്പെടാതിരിക്കുകയാണു നല്ലതെന്ന്, ഞാനും വീട്ടുകാരിയും കോടതികളിലേക്കു നടത്തിയ ഒട്ടേറെ യാത്രകളിൽനിന്നു തിരിച്ചറിവുമുണ്ടായി. പൊലീസ് കണ്ടെടുത്ത തൊണ്ടിമുതൽ ഓരോ തവണയും കോടതിയിൽ കൊണ്ടുചെല്ലണം. ഒട്ടേറെ കേസുകളിൽ പ്രതിയായതിനാൽ താങ്കളുടെ ബെനാമിക്കു തീരെ ഒഴിവില്ലാതിരുന്നതാണ് ഈ കേസും തുടരെത്തുടരെ നീട്ടിവയ്ക്കാൻ കാരണം. അവസാനം, കേസു കഴിഞ്ഞപ്പോഴേക്ക് ഒരു സാധനവും ഒരുവിധവും ഉപയോഗിക്കാൻ പറ്റാത്തതായി! ആക്രിക്കാർക്കുപോലും വേണ്ട! 

അതുകൊണ്ടാണ്, 20 വർഷം കഴിഞ്ഞു ചമ്രവട്ടത്തു പണിത വീട്ടിൽ താങ്കളോ താങ്കളുടെ ഭൂതപ്രേതങ്ങളോ പൂട്ടുടച്ചു കയറിയ കഥ പൊലീസിൽ പറയാഞ്ഞത്. ഒരു ടോർച്ചും മിക്സിയുമാണ് ആകെ നഷ്ടമായത്. അമ്മിക്കല്ല് കൊണ്ടുപോയില്ല, വിഷമിക്കാനില്ല. അരവു മുട്ടില്ല എന്നു വീട്ടുകാരി ആശ്വസിച്ചു. 

ബർഗ്ലർ അലാം വയ്ക്കുന്നതാണു നല്ലതെന്ന് അയൽക്കാർ ഉപദേശിച്ചു. അതിന്റെ വില വീട്ടിൽ കാത്തുസൂക്ഷിക്കാനുള്ളതിന്റെ മൂല്യത്തെ അപേക്ഷിച്ചു വളരെ വലുതായതിനാൽ വേണ്ടെന്നുവച്ചു. ഞങ്ങളുടെ എന്നല്ല ആരുടെയും ജീവന് ഇവിടെ വില നന്നേ കുറവാണല്ലോ. അതു താങ്കൾക്കാവശ്യമുണ്ടാവില്ല എന്നു ഞാൻ ന്യായമായും കരുതി. മാത്രമല്ല, എന്നോട് എന്തോ ഇഷ്ടമുള്ളതിനാലാണല്ലോ വിളിക്കാതെയും ഒരു നേട്ടവുമില്ലാതെയും വീണ്ടും വീണ്ടും വരുന്നത്. കഥ എന്ന പേരിലാണെങ്കിലും കള്ളം പറഞ്ഞുതന്നെ ജീവിതം നയിക്കുന്ന ഒരുവനോട് അങ്ങേക്ക് ആത്മബന്ധം സ്വാഭാവികമല്ലേ? അതിനാൽ, നമുക്കിടയിൽ വാലാട്ടാനോ കുരയ്ക്കാനോ ഒരു പട്ടിപോലും വേണ്ട എന്നു ഞാൻ നിശ്ചയിച്ചു. 

എന്നിട്ടും ഇക്കഴിഞ്ഞ മാസം അങ്ങു മുന്നറിയിപ്പില്ലാതെ ചമ്രവട്ടത്തെ വീട്ടിൽ ആളില്ലാത്ത രാത്രിയിൽ വീണ്ടും വന്നു. പൂട്ടു പൊളിച്ചു. കാശായോ കനകമായോ ഒന്നും ഉണ്ടാവില്ലെന്ന മുന്നനുഭവം മറക്കാനെന്തേ? പൂട്ടിവയ്ക്കുന്ന ഒരു ഷെൽഫോ വലിപ്പോ മേശയോ ഒന്നും ഇവിടെ ഇല്ലല്ലോ. വല്ല എടിഎമ്മിൽനിന്നും നിത്യച്ചെലവിനെടുക്കുന്ന ചെറുതുകയിൽ ശേഷിക്കുന്നതുപോലും ഇവിടെ വച്ചേച്ചു പോകാറില്ല. ചെല്ലുന്നതെവിടെയായാലും അവിടെയും ചില്ലറ ആവശ്യമാണല്ലോ. 

തനിക്കുണ്ടായിരുന്നതെല്ലാം അന്യർക്കുവേണ്ടി ചെലവാക്കി ദരിദ്രനായി മരിച്ച അച്ഛന്റെ മകളെന്ന നിലയിൽ ഇളംപ്രായത്തിലേ ദാരിദ്ര്യച്ചൂടറിഞ്ഞ വീട്ടുകാരിക്ക് ഇല്ലായ്മയാൽ ഇത്രയേ പരമാവധി അനുഭവിക്കേണ്ടൂ എന്നറിയാവുന്നതിനാൽ പട്ടും പണ്ടവും പണ്ടേ വേണ്ട. ഒരു പഴയ കംപ്യൂട്ടറും ടെലിവിഷൻ സെറ്റുമല്ലാതെ ഈ വീട്ടിനകത്ത് ഉപകരണങ്ങളുമില്ല. 

വാതിൽ തുറന്നു കിടക്കുന്നതു കണ്ട അയൽക്കാരാണ് അധികാരികളെ വിവരമറിയിച്ചത്. വിരലടയാളക്കാരും പൊലീസ് നായും വന്നു. പൊലീസുകാരുമായുള്ള ഒളിച്ചുകളിയിൽ താങ്കൾക്കു വിജയം നേരാനാണ് എനിക്കിഷ്ടം. എല്ലാ സന്നാഹങ്ങളുമുള്ള വൻ ടീം ജയിക്കാനല്ലല്ലോ ഒരു ഫുട്ബോൾ കമ്പക്കാരനും ആശിക്കുക! അതിലെന്തു രസം? 

അനാവശ്യമായി ദ്രോഹബുദ്ധി കാട്ടാതിരുന്നതിൽ താങ്കളോടു നന്ദിയുണ്ട്. താങ്കളുടെ ഏതോ കൂട്ടുകാർ ചില വീടുകളിൽ കയറി അരപ്പവൻ സ്വർണത്തിനായി ആളുകളെ കൊല്ലുകയും എടുക്കാൻ ഒന്നും കിട്ടാത്ത വീട്ടിലെ തുണിയൊക്കെ വാരി കട്ടിലിൽ കിടക്കപ്പുറത്തു കൂമ്പാരം കൂട്ടി തീയിടുകയും അകം വൃത്തികേടാക്കുകയുമൊക്കെ ചെയ്തില്ലേ? 

അങ്ങയുടെ വംശത്തിന്റെ മാന്യത എനിക്കു പണ്ടേ പരിചയമുള്ളതുമാണ്. ഞാൻ കുട്ടിയായിരിക്കെ ഞങ്ങളുടെ പഴയ പുരയിൽ കയറി ഉറികളിലെ മത്തനും കുമ്പളവും വെള്ളരിയും വരെ കൊണ്ടുപോയിട്ടും ഞാൻ രാവിലെ കഞ്ഞി കുടിക്കുന്ന ഓട്ടുകിണ്ണവും പൊടിയരിയും കൊണ്ടുപോയില്ല! എന്റെ കാതിലുണ്ടായിരുന്ന, രാത്രിയിരുട്ടിലും തിളങ്ങുന്ന ചുവന്ന കല്ലുവച്ച കമ്മലുകൾ തട്ടിപ്പറിച്ചില്ല. മുത്തച്ഛന്റെ വെള്ളിച്ചെല്ലവും എടുത്തില്ല. സ്വാതന്ത്ര്യത്തിനു തൊട്ടുമുൻപായിരുന്നു ഇത്. പൊലീസുകാർ കുറച്ചുപേരെ പിടിച്ചു കയ്യാമം വച്ചു വീട്ടിൽ കൊണ്ടുവന്നു. അവർ കള്ളൻമാരല്ല പട്ടിണിക്കാരാണെന്നും തനിക്കു പരാതിയൊന്നും ഇല്ലെന്നും മുത്തച്ഛൻ മൊഴി കൊടുത്തു. അവരിൽ ചിലർ വീട്ടുതൊടിയിലും വയലിലും പണിയെടുക്കാൻ പിൽക്കാലത്തും ഉണ്ടായിരുന്നു. 

വീണ്ടുമുണ്ടായി മനം കുളിർപ്പിച്ച ചില അനുഭവങ്ങൾ. പഴയ ബോംബെയിൽ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലിയിലിരിക്കെ ഒരിക്കൽ ലോക്കൽ ട്രെയിനിൽവച്ച് എന്റെ പഴ്സ് നഷ്ടപ്പെട്ടു. റെയിൽവേയുടെ സീസൺ ടിക്കറ്റ് അതിലായതിനാൽ വിക്ടോറിയ ടെർമിനസ് സ്റ്റേഷനിൽനിന്നു പുറത്തുകടക്കാൻ റെയിൽവേയിലെ ഒരു പരിചയക്കാരനെ കണ്ടെത്തി സാക്ഷിയാക്കേണ്ടിവന്നു. ഓഫിസിലെത്താൻ വൈകിയതെന്തെന്ന് ഒരു സഹപ്രവർത്തകൻ ചോദിച്ചപ്പോൾ വിവരം പറഞ്ഞു. അദ്ദേഹം അധോലോക കാര്യങ്ങളും ക്രൈമും റിപ്പോർട്ട് ചെയ്യുന്ന കക്ഷിയാണ്. ഞാൻ ലിഫ്റ്റിൽ നാലാം നിലയിലെത്തി ജോലി തുടങ്ങി ഏറെ കഴിയുംമുൻപ് ഹാഫ്ഡോർ തള്ളിത്തുറന്ന് ഒരു ചെറുപ്പക്കാരൻ വന്നു. എന്റെ പഴ്സ് എനിക്കു മുന്നിൽ മേശപ്പുറത്തുവച്ചു ചിരിച്ചു. എന്തെങ്കിലും നഷ്ടപ്പെട്ടോ എന്നു നോക്കണം, സർ! 

ഒന്നും നഷ്ടപ്പെട്ടിരുന്നില്ല! പേരെന്തെന്നും ഇതെങ്ങനെയെന്നുമൊക്കെയുള്ള എന്റെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും തരാതെ അയാൾ പോയി. വാതിൽക്കൽ തിരിഞ്ഞുനിന്നു പറഞ്ഞത് ഇത്രമാത്രം – മേലിലെങ്കിലും സൂക്ഷിക്കുക! 

പിന്നാലെ‍ വന്നു അധോലോക റിപ്പോർട്ടറുടെ വിശദീകരണം. നഗരത്തിൽ കുറ്റകൃത്യങ്ങൾ സംഘടിതമായ വ്യവസായമാണ്. അതിന്റെ ആശാന്മാരിൽ സന്മനസ്സുള്ള ചിലരെ അറിയാം. മോഷണം പോയ ബാഗുകളിലെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും ഉടമസ്ഥനു തപാലിൽ ഭദ്രമായി തിരികെ കിട്ടുമായിരുന്നു – മേൽവിലാസം ലഭ്യമാണെങ്കിൽ. 

താങ്കൾക്കു ഞങ്ങളോടു മാത്രമല്ല, ഈ ലോകത്തോടുതന്നെ ഏറെ പരിഭവമുണ്ടാവുന്നതു സ്വാഭാവികം മാത്രം. രാത്രിതോറും വീടുകളിൽ കയറി അവിടവിടെ ഒളിപ്പിച്ചുവച്ച പൊന്നും പണവും തേടുന്ന താങ്കളെ കൊടും കുറ്റവാളിയും ബാങ്കുകളെ കബളിപ്പിച്ചു ലക്ഷക്കണക്കിനു കോടികൾ കൈക്കലാക്കി മുങ്ങുന്നവനെ സൂപ്പർതാരവുമായാണല്ലോ ലോകം കാണുന്നത്. ഭക്ഷണപദാർഥങ്ങളിൽ മാരകമായ രാസവിഷം കലർത്തിയും നികുതി വെട്ടിച്ചും ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില ഈടാക്കിയും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വികാരം കുത്തിയിളക്കി, പാർട്ടിയുണ്ടാക്കി നേതാവായി അധികാരം നേടി അഴിമതിക്കാരായ ജനശത്രുക്കളിൽനിന്നു കൈക്കൂലി വാങ്ങിയും ശതകോടീശ്വരരാകുന്നവരെയും പൂമാല അണിയിച്ച് ആർപ്പുവിളിച്ച് ആദരിക്കുന്നു! 

എന്റെ വീട്ടുകാരിയുടെ ഒരു പ്രതീക്ഷയും ഒരു നിശ്ചയവുംകൂടി താങ്കളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. താൻ നിധിയായി സൂക്ഷിക്കുന്ന വിവേകാനന്ദസാഹിത്യസർവസ്വം ഓരോ വാല്യമായി പുറത്തെടുത്തു താങ്കൾ മറിച്ചുനോക്കിയ കാര്യം കണ്ടെത്തിയ അവൾ പ്രതീക്ഷിക്കുന്നത് താങ്കൾ അചിരേണ തികച്ചും സത്വഗുണവാനായി തീരുമെന്നാണ്. ഇതൊരു മോഷ്ടാവാണ് എന്ന് ഓർമിപ്പിക്കാൻ ശ്രമിച്ച എന്നെ ഊന്നിയൊന്നു നോക്കി അവൾ ചോദിച്ചത്, അതിനെന്ത്, വാല്മീകി പോലും മോഷ്ടാവായിരുന്നില്ലേ എന്നാണ്. ആരായാലും ധർമാത്മാവാകാൻ അര നിമിഷമേ വേണ്ടൂ എന്നതിനു പ്രമാണവും ഉദ്ധരിച്ചു. സാങ്കേതിക സംവിധാനങ്ങളല്ല, മോഷ്ടിക്കപ്പെടാൻ വീട്ടിനകത്ത് ഒന്നുമില്ലാതിരിക്കുകയാണു മോഷ്ടാക്കളെ നല്ല വിരുന്നുകാരാക്കാനുള്ള ഏക വഴി എന്നാണ് അവൾ നിശ്ചയിച്ചു പറയുന്നത്. അതിനാൽ, പ്രിയ സുഹൃത്തേ, ദയവായി വീണ്ടും വരിക, അകത്തെ ഷെൽഫുകളല്ല മുൻവാതിൽ കൂടി ഇനി പൂട്ടാതെ വച്ചേക്കാം. വീട്ടിൽ മോഷണം നടന്നാൽ ഐശ്വര്യം പിന്നാലെ വരും എന്നൊരു വിശ്വാസം നാട്ടിൽ ഇന്നുമുള്ളത് താങ്കളുടെ പൂർവികർ ആർജിച്ച സൽപേരിനു തെളിവാണല്ലോ. ഞങ്ങൾക്ക് ഐശ്വര്യം പ്രദാനം ചെയ്യാൻ കൂടെക്കൂടെ വിരുന്നു വരിക. 

പുറത്ത്, വീടിനൊരു പേരോ ഇവിടെ കഴിയുന്ന എന്റെ പേരോ എഴുതിവച്ചിട്ടില്ല. വീട്ടുപേരുകൂടി ഓർമിക്കാനും കത്തിനു പുറത്ത് എഴുതാനും ആളുകളെ നിർബന്ധിക്കേണ്ടെന്നു കരുതിയാണു ചെയ്യാത്തത്. പക്ഷേ, ഒരു പേർപ്പലക ഇല്ലാത്തതു താങ്കളെ വിഷമിപ്പിക്കില്ലെന്നു കരുതുന്നു. രണ്ടുതവണ വന്ന പരിചയമുള്ളതല്ലേ, വഴി അറിയാമല്ലോ. വാതിൽ തുറന്നാൽ ആദ്യം കാണുന്നത്, മഹാനായ മോഷ്ടാവ് ഈ വീടിന്റെ ഐശ്വര്യം എന്ന ചുവരെഴുത്താവും. അരൂപിയായതിനാലാണു ചിത്രം വയ്ക്കാൻ കഴിയാത്തത്. സ്നേഹപൂർവം ക്ഷമിക്കണം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com