ADVERTISEMENT

പുതിയ അയൽക്കാരൻ, മതിലിനോടു ചേർന്ന മഞ്ചണാത്തി മരത്തിന്റെ ശിഖരത്തിൽ പിടിച്ചു, മതിലിൽ ചാരി വച്ചിരുന്ന കോൺക്രീറ്റ് വളയത്തിൽ കയറിനിന്ന്, താഴ്ചയിലുള്ള ആ വീട്ടിലേക്കു നോക്കി. അവിടെ ഒരാൾ ഇപ്പോഴും തടിയിൽ കൊത്തുപണി ചെയ്യുന്നു. രാത്രി മുഴുവൻ അയാൾ അത് ചെയ്യുകയായിരുന്നു.

ആ വീടിന്റെ മുന്നിൽ, ആകാശനീല നിറത്തിലുള്ള വലിയൊരു ടാർപോളിന്റെ അടിയിൽനിന്ന് അയാൾ, അയാളോളം വലുപ്പമുള്ള തടിയിൽ എന്തോ നിർമിക്കുകയാണ്. ഒരു പക്ഷേ, അതൊരു ശിൽപമാകാം. വീടിന്റെ മേൽക്കൂരയ്ക്കു താഴെയുള്ള രണ്ടു കൊളുത്തുകളിലും, കുറച്ചകലെ നിൽക്കുന്ന ഒരു പേര മരത്തിലും മറ്റൊരു വയണ മരത്തിലുമായാണ് ആ ടാർപോളിന്റെ നാല് അറ്റങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നത്.

‘ഞാൻ നിങ്ങളുടെ പുതിയ അയൽക്കാരനാണ്’ അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു. ‘നിങ്ങൾ അടുത്തേക്കു വന്നാൽ നമുക്കു പരിചയപ്പെടാം.’

കൈയിലിരുന്ന ഉളിയും ചുറ്റികയും സമീപത്തെ നീളമുള്ള മേശമേൽ വച്ച്, വീടിന്റെ ചുവരിനോടു ചേർന്നു നിലത്തുവച്ചിരുന്ന ഒരു ഏണിയുമെടുത്ത്, അയാൾ പുതിയ അയൽക്കാരൻ നിൽക്കുന്ന വലിയ മതിലിന്റെ അരികിലേക്കു നടന്നു. ഏണി മതിലിൽ ചാരി തന്റെ പുതിയ അയൽവാസിയുടെ അടുത്തേക്ക് അയാൾ കയറാൻ തുടങ്ങി. ഒരു മതിലിന്റെ രണ്ടു വശങ്ങളിലായി മഞ്ചണാത്തി മരത്തിന്റെ തണലിൽ അവർ പരിചയപ്പെട്ടു. ഒരാൾ ഒരു കോൺക്രീറ്റ് വളയത്തിൽ നിന്നും മറ്റൊരാൾ ഒരു ഏണിയുടെ മുകളിൽ നിന്നുകൊണ്ടും.

‘ക്ഷമിക്കണം, ഈ ഏണി അല്ലാതെ താങ്കളുടെ അടുത്തെത്താൻ മറ്റൊരു വഴിയും ഞാൻ ഇപ്പോൾ കാണുന്നില്ല. നേരിട്ടു താങ്കളുടെ വീട്ടുമുറ്റത്ത് എത്താൻ എനിക്ക് അനേകം ദൂരം യാത്ര ചെയ്യണം, കാരണം എല്ലായിടത്തും മതിലുകളാണ്. ഒരുപക്ഷേ മനുഷ്യർ ഏറ്റവും അധികം നിർമിച്ചിട്ടുള്ളത് മതിലുകളായതു കൊണ്ടാവണം ഇങ്ങനെ സംഭവിക്കുന്നത്’ അയാൾ പറഞ്ഞു.

‘ഇന്നലെ മുതൽ ഞാൻ നിങ്ങളുടെ അയൽക്കാരനായി. താങ്കൾ ഒരു ശിൽപിയാണെന്നു മനസ്സിലാക്കുന്നു. കഴിഞ്ഞ രാത്രി മുഴുവനും നിങ്ങൾ തടിയിൽ കൊത്തുകയാണെന്ന് ഞാനറിഞ്ഞു, കാരണം ആ ശബ്ദങ്ങൾ ശ്രദ്ധിച്ചു, അവ എണ്ണി, ഞാൻ ഉറങ്ങാതെ കിടക്കുകയായിരുന്നു. താങ്കൾ നാലായിരം കൊത്തുകൾ ആ തടിയിൽ ഏൽപിക്കുന്നത് വരെ ഞാൻ എണ്ണുകയായിരുന്നു, അപ്പോൾ രാത്രി നാലു മണി, അതിനുശേഷം ഞാൻ ഉറങ്ങിപ്പോയി. എന്റെ പേര് അബ്ദുൽ റഹ്മാൻ, ഭാര്യ സീനത്ത്. ഞങ്ങൾക്ക് ഒരു മകൻ, വിവാഹിതനായി അടുത്ത നഗരത്തിൽ ജീവിക്കുന്നു. അവനോടൊപ്പം കഴിയാൻ ഞങ്ങളെ അവൻ നിർബന്ധിക്കുന്നു. പക്ഷേ, അവന്റെ ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കാൻ അത് ഇടവരുത്തും എന്നതുകൊണ്ട് ഞങ്ങൾ മാറി താമസിക്കുന്നു. ഞങ്ങൾ രണ്ടുപേരും പെൻഷൻ പറ്റിയവർ, ഒരുമിച്ചു ജോലി ചെയ്തിരുന്നവർ, ഒരുമിച്ചു പഠിച്ചവർ, വിവാഹത്തിനു മുൻപ് ഇരുപതു വർഷങ്ങൾ പ്രണയിച്ചവർ.

ഇപ്പോൾ അവൾ ബുക്ക് ബൈൻഡ് ചെയ്യുകയാണ്. പഴയ പുസ്തകങ്ങൾ വാങ്ങി, നന്നായി ബൈൻഡ് ചെയ്ത് പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി നൽകും. ആ ജോലിയിൽ നിന്നു ധാരാളം സമാധാനവും ആത്മവിശ്വാസവും അവൾ അനുഭവിക്കുന്നു. ഓരോ പുസ്തകം ബൈൻഡ് ചെയ്യുമ്പോഴും അതു വായിച്ചു നോക്കിയാണ് എന്റെ ഏകാന്തതയെ ഞാൻ മറികടക്കുന്നത്. ദിവസത്തിൽ മൂന്നു പ്രാവശ്യം അവൾ കാപ്പി ഉണ്ടാക്കും; നല്ല സുഗന്ധമുള്ള കരുപ്പട്ടി കാപ്പി’ റഹ്മാൻ പറഞ്ഞു.

‘ഞാൻ അശോകൻ, ശിൽപകലയിൽ ബിരുദാനന്തര ബിരുദമുണ്ട്, ഇപ്പോൾ തടിയിൽ ശിൽപങ്ങൾ ചെയ്യുന്നു. എന്റെ ജോലിയിൽ ഏർപ്പെടാൻ എനിക്ക് ഒരു ടൈം ടേബിൾ ഇല്ല, രാത്രിയോ പകലോ അവധി ദിവസങ്ങളോ യാതൊന്നും എന്നെ ബാധിക്കുന്നില്ല. ഞാൻ ഒരു ശിൽപത്തെ വെളിച്ചത്തിനും കാറ്റിനും മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ ആ തടിയിൽ വീർപ്പുമുട്ടുന്ന ഒരു ബിംബം ആയി അതിന് എല്ലാക്കാലവും മറവിയിൽ കഴിയേണ്ടിവരും. ചിലപ്പോൾ വിറകോ അലമാരകളോ കസേരകളോ മറ്റോ ആയി യാതൊരു സമാധാനവും ലഭിക്കാതെ നിരന്തരം വലിച്ചിഴയ്ക്കപ്പെടുന്ന വസ്തുക്കളായി അവ മാറിപ്പോകുകയും ചെയ്യും,’ അശോകൻ പറഞ്ഞു.

‘താങ്കൾ ഒറ്റയ്ക്കാണോ ആ വീട്ടിൽ താമസം?’ റഹ്മാൻ ചോദിച്ചു.‘അല്ല. എന്റെ അമ്മയുമുണ്ട്. അവർ ഓർമകൾ നഷ്ടപ്പെടുന്ന ഒരു രോഗത്തിന് അരികിലാണ്. ജീവിതത്തിൽ എപ്പോഴോ തന്റെ അരികിൽ നിന്ന് ഓടിപ്പോയ ഒരു നായ്ക്കുട്ടിയെ കാത്തിരിക്കുകയാണവർ ഇപ്പോഴും; കയ്യിൽ ഒരു പാത്രത്തിൽ ബിസ്കറ്റുകളുമായി. അതു തിരിച്ചുവരാനുള്ള സാധ്യത വളരെ വിരളമാണെന്ന് അമ്മയെ ബോധ്യപ്പെടുത്താൻ ഞാൻ ദിവസവും ആഗ്രഹിക്കും. പക്ഷേ, ശ്രമിച്ചിട്ടില്ല. കാരണം കാത്തിരിക്കാനുള്ള ആ അവസരം കൂടി നഷ്ടപ്പെടുത്തിയാൽ അവർക്കു പിന്നെ എന്താണ് ഈ ജീവിതത്തിൽ ബാക്കിയുള്ളത്? കൂടാതെ അവർ എത്ര കാലം ജീവിച്ചിരിക്കുന്നുവോ അത്രയും കാലം എനിക്കും ആ വീട്ടിൽ ജീവിക്കാനാകും, അത് എന്റെ സഹോദരിക്ക് അവകാശപ്പെട്ട വീടാണ്. ആ വീടു വിറ്റു തനിക്ക് വിദേശത്തേക്കു പോകണം എന്ന ആഗ്രഹത്തിൽ കഴിയുകയാണ് എന്റെ അളിയൻ. ഒരു ശിൽപി ആയതിൽ അയാൾക്ക് എന്നെ ഇഷ്ടവുമില്ല’ – അശോകൻ പറഞ്ഞു.

‘ഒരു ശിൽപിയായി നിങ്ങൾക്ക് എത്ര കാലം ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയും? ഒരു കലാസൃഷ്ടി വില കൊടുത്തു വാങ്ങാൻ പഠിച്ചിട്ടില്ലാത്ത ഒരു ജനതയിൽ നിന്ന് എന്താണു നിങ്ങൾക്ക് പ്രതീക്ഷിക്കാനുള്ളത്? കലയിൽ നിന്നും മുഖം തിരിക്കുന്ന ഒരു ജനത എന്തു സന്ദേശമാണ് നൽകുന്നത്? ചിന്തിച്ചിട്ടുണ്ടോ?’ റഹ്മാൻ ചോദിച്ചു.

‘കലയിൽനിന്ന് അകലം പാലിക്കുന്ന വ്യക്തിയോ ജനതയോ ഗവൺമെന്റോ നൽകുന്ന സൂചന, അതൊരു ദുരന്തത്തിന്റെ മുന്നറിയിപ്പാണെന്നാണ്. ചരിത്രം അതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.’ അശോകൻ പറഞ്ഞു.

‘ജീവിക്കാൻ കല അത്യന്താപേക്ഷിതമാണെന്ന് എവിടെപ്പറയുന്നു? കല ഒരു ന്യൂനപക്ഷത്തിന്റെ ബോധമണ്ഡലങ്ങളിൽ ജന്മനാ രേഖപ്പെടുത്തിയ കഴിവുകളല്ലേ? അതിന് എങ്ങനെ ഒരു മഹാജനതയെ, ഒരു രാജ്യത്തെ, അല്ലെങ്കിൽ ലോകത്തെ സ്വാധീനിക്കാൻ കഴിയും?’ റഹ്മാൻ ആരാഞ്ഞു.

‘സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. രണ്ടു രീതിയിൽ കലയെ സൃഷ്ടിക്കാം, വിനോദത്തിന്റെ പേരിലും സർഗാത്മകതയുടെ പേരിലും. വിനോദത്തിന്റെ പേരിൽ നിർമിച്ച ഒരു സിനിമയിൽ സാധാരണ കാണിക്കാറുള്ള ബലാത്കാരങ്ങൾ, സംഘട്ടനങ്ങൾ, നരഹത്യകൾ തുടങ്ങിയവയെ അതു കാണുന്നവർ വെറുതേ അംഗീകരിക്കുകയല്ല, പണം കൊടുത്ത് അംഗീകരിക്കുകയാണ്. അതേസമയം സർഗാത്മകതയുടെ സൃഷ്ടികൾ ജനിക്കുന്നത് അവ വിനോദമെന്ന വൻ സാധ്യത നിരാകരിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് അവ ആക്രമണങ്ങൾക്കും തിരസ്കാരങ്ങൾക്കും ഇരയായിത്തീരുന്നത്’ അശോകൻ പറഞ്ഞു.

‘സർഗാത്മക സൃഷ്ടികളെക്കാൾ താങ്കൾ സൂചിപ്പിച്ച വിനോദത്തിന്റെ പേരിലുള്ള സൃഷ്ടികൾ തന്നെയാണ് ഭൂരിപക്ഷം ആൾക്കാരും കാണുന്നത്. അപ്പോൾ വിനോദം തന്നെയല്ലേ പ്രിയങ്കരമായത്?’ റഹ്മാൻ ചോദിച്ചു.

‘രാജ്യം, വിദ്യാഭ്യാസത്തിന് ഒരു വർഷം ചെലവഴിക്കുന്നതിന്റെ ഇരുപതിലധികം ഇരട്ടി തുകയാണ് പ്രതിരോധം എന്നു വിളിക്കപ്പെടുന്ന യുദ്ധസന്നാഹങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നത്. അതുകൊണ്ട് അറിവിനെക്കാൾ പ്രിയങ്കരമാണ് യുദ്ധമെന്ന് പറയാനാകുമോ?’ അശോകൻ ചോദിച്ചു.

‘കല ഇല്ലാതെ അഭിവൃദ്ധിയിൽ ജീവിക്കുന്ന ജനങ്ങളും രാജ്യങ്ങളും ഇന്നും ഭൂമിയിൽ നിലനിൽക്കുന്നുണ്ട്’ റഹ്മാൻ പറഞ്ഞു.

‘അവർക്കു കല ഉണ്ട്, അതു പ്രകടമാക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. അതിനു ധാരാളം കാരണങ്ങളും ഉണ്ടാവും’ അശോകൻ പറഞ്ഞു.

‘അശോകൻ ശ്രദ്ധിച്ചോ? എന്റെ ഭാര്യ നമുക്കു കാപ്പി തിളപ്പിക്കുന്നതിന്റെ മണം വരുന്നത്? അവൾ അതു കൊണ്ടുവരുന്നതുവരെ നമുക്കു സംസാരിക്കാം. നിങ്ങൾക്ക് ഈ നിൽപ് വേദന ഉണ്ടാക്കുന്നുവെന്ന് എനിക്കറിയാം. എന്നാലും താങ്കൾ നേരത്തേ സൂചിപ്പിച്ച കലയിൽ നിന്ന് അകലം പാലിക്കുന്ന വ്യക്തിയോ ജനതയോ ഗവൺമെന്റോ നൽകുന്ന സൂചന, അതൊരു ദുരന്തത്തിന്റെ മുന്നറിയിപ്പാണെന്നാണ്. ചരിത്രം അതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞു. എന്താണ് ആ ചരിത്രം?’ റഹ്മാൻ ആരാഞ്ഞു.

‘ധാരാളം അനുഭവങ്ങൾ ചരിത്രത്തിൽ ഉണ്ട്, എന്നാലും 1889 ഏപ്രിൽ ഇരുപതിന് ഓസ്ട്രിയയിൽ ജനിച്ച ഒരു ആൺകുട്ടി സൃഷ്ടിച്ച ചരിത്രം പറയാം. ക്രൂരനായ പിതാവിനാൽ നിരന്തരം ശാരീരിക, മാനസിക പ്രഹരങ്ങൾക്കും പീ‍ഡനങ്ങൾക്കും ഇരയാകേണ്ടിവന്ന, കരയാൻ പോലും അനുവാദമില്ലാതിരുന്ന ഒരു കുട്ടി. ചിത്രകാരൻ ആവുക എന്ന തന്റെ ഏക ആഗ്രഹം നിരാകരിക്കപ്പെട്ട ആ കുട്ടിയാണ് പിൽക്കാലത്ത് ഇരുപതു ദശലക്ഷത്തിലധികം മനുഷ്യരുടെ കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകി, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നു സൃഷ്ടിച്ചത്.

ചിത്രകലയിലുള്ള തന്റെ ഇഷ്ടത്തിന്റെ പേരിൽ അസാമാന്യ കഴിവുകൾ ഉണ്ടായിരുന്ന ആ കുട്ടി, പിതാവുമായി നിരന്തര സംഘർഷങ്ങളിൽ ഏർപ്പെട്ടു. തന്റെ എല്ലാ ദുരിതങ്ങൾക്കും സമാധാനം നൽകിയിരുന്ന മാതാവിന്റെ അകാലത്തിലുള്ള മരണം അവനെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്കു നയിക്കുകയും ചെയ്തു. പിന്നീട്, ലിൻസിലുള്ള ഒരു ജൂത കോളനിയിലെ നാലു വർഷത്തെ ജീവിതത്തിനുശേഷം പതിനാറാമത്തെ വയസ്സിൽ ആ കുട്ടി സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഒരു ചിത്രകാരനാവുക എന്ന സ്വപ്നവുമായി വിയന്നയിലേക്കു യാത്ര തിരിക്കുന്നു. ലോക പ്രസിദ്ധമായ അക്കാദമി ഓഫ് ഫൈൻ ആർട്സ് വിയന്നയിൽ രണ്ടു പ്രാവശ്യം പ്രവേശനത്തിനു ശ്രമിക്കുന്നു. രണ്ടു പ്രാവശ്യവും അതു നിരസിക്കപ്പെടുന്നു. കുറെക്കാലം അനാഥനായി, വീടില്ലാത്തവനായി, ചിത്രങ്ങൾ വിറ്റു ജീവിക്കാൻ ശ്രമിക്കുന്നു. അതും പരാജയപ്പെടുന്നു. പിന്നെ നടന്നതെല്ലാം ചരിത്രത്തിന്റെ വക. ഘനീഭവിച്ചു, നിശ്ശബ്ദമായ, ഇരുണ്ട വിസ്തൃതികളിൽ എത്ര അണച്ചാലും അണയാത്ത കനലുകളായി ഇപ്പോഴും അവ കിടക്കുന്നുണ്ട്. ഹോളക്കോസ്റ്റുകളായും കോൺസൻട്രേഷൻ ക്യാംപുകളായും ഗ്യാസ് ചേംബറുകളായും. ആർക്കും സമാധാനപ്പെടുത്താനാവാത്ത, അണയാ കനലുകളായി.

ഒരുപക്ഷേ, സ്വന്തം പിതാവിൽ നിന്നു സ്നേഹപൂർണമായ സമീപനം കിട്ടിയിരുന്നുവെങ്കിൽ, തന്റെ ജീവിത ലക്ഷ്യമായ കല തിരഞ്ഞെടുക്കാനുള്ള അനുവാദം ലഭിച്ചിരുന്നുവെങ്കിൽ, അക്കാദമി ഓഫ് ഫൈൻ ആർട്സ് വിയന്നയിൽ പ്രവേശനം ലഭിച്ചിരുന്നുവെങ്കിൽ, ജീവിതം മുഴുവൻ സസ്യഭുക്കായിരുന്ന, പുകവലിക്കാതിരുന്ന, മദ്യപിക്കാതിരുന്ന, മറ്റു ജീവികളെ അതിരറ്റു സ്നേഹിച്ചിരുന്ന അഡോൾഫ് ഹിറ്റ്ലർ എന്ന ഒരു കലാകാരനെയാകും ചരിത്രത്തിനു ലഭിക്കുമായിരുന്നത്. അതോടൊപ്പം ലോകം കണ്ട ഏറ്റവും വലിയ നരഹത്യകളിലൊന്ന് സംഭവിക്കുമായിരുന്നില്ല. അതിൽ പതിനഞ്ചു വയസ്സിനു താഴെയുള്ള ഇരുപതു ലക്ഷം കുട്ടികളും ഉണ്ടായിരുന്നു എന്നും കലയെ നിരാകരിച്ച് ആ ഇടത്തിൽ ഫാഷിസത്തിനു കടന്നുകൂടാൻ സൗകര്യം ചെയ്തുകൊടുക്കുന്നവർ ഓർമിക്കുന്നതു നന്ന്,’ അശോകൻ പറഞ്ഞു.

‘അതു നമുക്ക് എങ്ങനെ ബാധകമാകും?’ റഹ്മാൻ ചോദിച്ചു.

‘സർഗാത്മകതയെ തോൽപിക്കുന്നവരുടെ ചരിത്രവും വിധിയും ഒന്നുതന്നെ. കലയെ ഒഴിപ്പിച്ച കലാലയങ്ങളാണ് പിന്നീട് ചെറിയ ഓഷ് – വിറ്റ്സുകളായി രൂപാന്തരം പ്രാപിക്കുന്നത്. മറു ചോദ്യങ്ങൾക്കു കത്തികൊണ്ട് മറുപടി പറയുന്നത്. ഭീതിപ്പെടുത്തുന്ന ഒരു ഭാവിയുടെ വരവിന്റെ കാലൊച്ചകളാണ് അവ.

സ്ഫടികം എന്ന മലയാള സിനിമ ഓർമിക്കുന്നില്ലേ? തോമസ് എന്ന അദ്ഭുതപ്പെടുത്തുന്ന കഴിവുകൾ ഉണ്ടായിരുന്ന ആ സ്കൂൾ വിദ്യാർഥിയെ അതേ സ്കൂളിലെ അധികാരിയും കണക്ക് അധ്യാപകനും പിതാവുമായയാൾ മർദനങ്ങൾക്കും അപമാനങ്ങൾക്കും ഇരയാക്കി, വീട്ടിൽനിന്നും സ്കൂളിൽനിന്നും നാട്ടിൽനിന്നും പുറത്താക്കി, ഒറ്റപ്പെടുത്തി, വെറുക്കപ്പെട്ടവനാക്കി മാറ്റുന്നത്? ഒടുവിൽ അധികാരികളാൽ തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെട്ട, മുറിവേൽപിക്കപ്പെട്ട ആ ‘ആടു തോമ’യുടെ പ്രതിരൂപം, അധികാരം എന്ന യുക്തിരാഹിത്യത്തിന്റെ, ഭീഷണിയുടെ ആക്രോശമാണ്. നമ്മൾ ടിക്കറ്റ് എടുത്തു കണ്ട് വിജയിപ്പിച്ച വലിയൊരു വിനോദമായിരുന്നു അത്. തനിക്ക് ഏറ്റവും നല്ല അധ്യാപകനുള്ള പുരസ്കാരം രാഷ്ട്രം നൽകി ആദരിച്ചിട്ടുണ്ടെന്ന് പലപ്പോഴും ആ അധികാരി പിതാവ് കാഴ്ചക്കാരെ ഓർമപ്പെടുത്തുന്നുണ്ട്.

മനുഷ്യജീവിതത്തിലെ ഏറ്റവും നികൃഷ്ടമായ ഒന്നാണ് അധികാരം എന്ന് എഴുത്തുകാരനും ചിന്തകനുമായിരുന്ന കാർലോസ് ഫ്യൂവന്തസ് നിരീക്ഷിച്ചിട്ടുണ്ട്.

ഓരോ കുട്ടിയും ജനിക്കുന്നത്, അസാധാരണമായ, സ്വതന്ത്രമായ വ്യക്തികളായാണെന്നും അവരെ മാറ്റിമറിക്കുന്നത് നമ്മുടെ പാകപ്പെടാത്ത അറിവും അനുഭവക്കുറവുകളുമാണെന്നും ഓഷോയും പറഞ്ഞിട്ടുണ്ട്. കുട്ടികളെന്ന് കരുതി, അവർ നമ്മുടെ സ്വകാര്യ സ്വത്തുക്കളാണെന്നു കരുതരുത്. പരാജയപ്പെട്ട നമ്മുടെ ജീവിതവും താൽപര്യങ്ങളും എന്തിന് അവരിൽ അടിച്ചേൽപിക്കുന്നു? അതുകൊണ്ട് ആർക്ക് എന്തു പ്രയോജനം? ചിലപ്പോൾ അതിനു വലിയ വില നൽകേണ്ടിവരും,’ അശോകൻ പറഞ്ഞു.

അശോകന്റെയും റഹ്മാന്റെയും കൂടിക്കാഴ്ച തുടർന്നു കൊണ്ടേയിരുന്നു. സീനത്ത് അവർക്കു സുഗന്ധമുള്ള കാപ്പി കൊടുത്തു. പുസ്തകങ്ങൾ ബൈൻഡ് ചെയ്തു സ്കൂളുകളിൽ ചെന്ന് കുട്ടികൾക്കു സമ്മാനമായി നൽകി. മഞ്ചണാത്തി മരം പൂത്തു, കായ്ച്ചു. തങ്ങൾക്കു നടുവിലൂടെ കടന്നുപോയ, ആ മതിലിലെ വെറുപ്പും ഭീതിയും കൂട്ടിക്കുഴച്ചു കെട്ടിയ കട്ടകൾ അവർ ഒന്നൊന്നായി പൊളിച്ച് അശോകന്റെ വീട്ടിലേക്കു മനോഹരമായ പടികൾ നിർമിച്ചു.

‘ബഷീറിന്റെ മതിൽ പ്രണയത്തിൽ വെന്ത മനസ്സുകളെ വേർപെടുത്തിപ്പോയ ഒരു മൂർച്ചയായിരുന്നെങ്കിൽ, ഇന്നത് ഉരുകുന്ന പകയുള്ള വെറുപ്പായി, എന്തിലൂടെയും കടന്നുപോകുന്നു. മനസ്സുകളിലൂടെ, ബന്ധങ്ങളിലൂടെ, സ്വാതന്ത്ര്യത്തിലൂടെ, വിശ്വാസങ്ങളിലൂടെ, പ്രതീക്ഷകളിലൂടെ എല്ലാം... അത്തരം ഒരു മതിലിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്താൻ നമുക്കാകില്ല. അത്രമാത്രം വളർന്ന്, ജീവിതത്തിലെ സാഹോദര്യങ്ങളെ അത് അതിജീവിച്ചു കഴിഞ്ഞു,’ റഹ്മാൻ പറഞ്ഞു.

റഹ്മാനും അശോകനും ദിവസവും കണ്ടു, ജീവിതത്തിന്റെ നിഴലുകളും വെളിച്ചവും നിറഞ്ഞ വിശാലതകളിലെ വേദനകളെയും പ്രതീക്ഷകളെയും, അവയെ നേരിടാൻ പഠിപ്പിക്കുന്ന സർഗാത്മകതയെയും കുറിച്ചു പറഞ്ഞു. ചിലപ്പോൾ തർക്കിച്ചു. തെരുവുകളിലൂടെ അതിന്റെ ഒച്ചകളിൽ കുരുങ്ങി നിശ്ശബ്ദരായി നടന്നു. അനാഥരായ രണ്ട് നായ്ക്കുട്ടികളെ ദത്തെടുത്തു. അവർ അശോകന്റെ അമ്മയുടെ പ്രതീക്ഷയായി, സമാധാനമായി, അവർ ചിരിക്കാൻ തുടങ്ങി. ബിസ്കറ്റുമായി ആ രണ്ടു ചെറിയ അദ്ഭുതങ്ങൾക്കു പിറകെ നടക്കാൻ തുടങ്ങി. അങ്ങനെ അവർ തന്റെ ഓർമകളെ, അവ നഷ്ടപ്പെട്ട ഇടങ്ങളിൽ ചെന്നു കൂട്ടിക്കൊണ്ടു വന്നു.

അശോകൻ പുതിയ പുതിയ ശിൽപങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. റഹ്മാൻ തന്റെ പ്രിയതമയുടെ കൈകൾ, പുസ്തകങ്ങൾക്കു ജീവനും സൗന്ദര്യവും പകരുന്നതു കണ്ടിരുന്ന്, സുഗന്ധമുള്ള കാപ്പി കുടിച്ചു, വായിച്ചു, പടികളിറങ്ങി അശോകന്റെ അടുത്തേക്കു പോയി, ശിൽപ നിർമാണം കൗതുകത്തോടെ നോക്കിയിരുന്നു. ആ കൊത്തുകളിലെ ഗീതങ്ങൾ കേട്ട്, അവയെ എണ്ണി, ഉറങ്ങി.

അങ്ങനെ തങ്ങളുടെ സൗഹൃദത്തിന് ഒരു വർഷം തികയുന്നതിന് മുൻപുള്ള ഒരു രാത്രിയിൽ, റഹ്മാൻ, ആ സ്വപ്നം കണ്ടു. ദിവസങ്ങൾ കൊണ്ട് അശോകൻ കൊത്തിയെടുത്ത, ചിറകുകൾ വിരിച്ച ഒരു മനോഹര ശിൽപം, അത് ജീവിച്ച തടിയിൽ നിന്ന് അടർന്ന്, ഉയർന്ന്, മഞ്ചണാത്തിക്കു മുകളിലൂടെ മതിലുകളില്ലാത്ത, വിശാലതയിലേക്കു പറന്നു പോകുന്നതായി.

അപ്പോൾ, മുറിച്ചെടുത്ത ആകാശത്തിന്റെ ഒരു കഷണം പോലെ, കാറ്റിൽ പേര മരത്തെയും വയണ മരത്തെയും ഉലച്ച് ആടിയ ആ ടാർപോളിനു കീഴിൽ നിന്ന് അശോകൻ വിളിച്ചു പറഞ്ഞു,

‘നാളെ നമ്മുടെ സൗഹൃദത്തിന് ഒരു വയസ്സ്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com