ADVERTISEMENT

തുന്നിച്ചേർക്കാനാവാത്ത മുറിവു പോലെയാണ് ഓരോ കസ്റ്റഡിമരണവും. ആ മുറിവാഴങ്ങൾ തേടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അക്കാദമിക യാത്ര... 

അടിവയറ്റിലേറ്റ ആഘാതത്തിൽ ചെറുകുടൽ അറ്റുപോയി. ബൂട്ട് ധരിച്ച കാലുകൊണ്ടു ചവിട്ടേറ്റാണു മരണം. വീട്ടിലും വാഹനത്തിലും സ്‌റ്റേഷനിലും വച്ചു മർദിച്ചു. മാരകമായി പരുക്കേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകി: വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രത്തിലെ ചോരവാർന്ന വരികൾ.

ശരീരത്തിന്റെ പിൻഭാഗത്തും തുടകളിലുമുള്ള ചതവുകളാണു മരണകാരണം. മൂന്നാംമുറയിൽ വൃക്ക ഉൾപ്പെടെ തകർന്നു. തുടയിലെ ചതവ് 4.5 സെന്റിമീറ്റർ കനത്തിലാണ്. നടുവിനേറ്റ ചതവു മാരകം. 20 സെന്റിമീറ്ററിലേറെ നീളം. ഇതിലും ഭീകരമാണു തുടയിടുക്കിലെ പരുക്ക്. ഇരുകാലുകളും അകറ്റിവച്ചുള്ള മർദനമുറകളാണ് ഇതു വ്യക്തമാക്കുന്നത്. 37 ദിവസത്തിനു ശേഷം മൃതദേഹം പുറത്തെടുക്കുമ്പോഴും ഉള്ളിലെ പേശികളിൽ രക്തം പൊടിഞ്ഞതു കാണാമായിരുന്നു... ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

തുന്നിച്ചേർക്കാനാവാത്ത മുറിവുപോലെ മനസ്സിലിരുന്നു നീറുന്നതാണ് ഓരോ കസ്റ്റഡിമരണവും. നിർജീവങ്ങളായ ഇരുമ്പഴികൾ നിർവികാരമായി നോക്കിനിൽക്കും. ഇരുട്ടിന്റെ മറവിൽ ഉയരുന്ന നിസ്സഹായ നിലവിളികൾ ആരും കേൾക്കില്ല.

1956 മുതൽ 2016 വരെ കേരളത്തെ നടുക്കിയ കസ്റ്റഡിമരണങ്ങളും രേഖകളും വീണ്ടുമൊന്നു പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു കുറച്ചു മാസങ്ങളായി എഎസ്പി  എ.നസീം. കുറ്റപ്പെടുത്താനോ കുറ്റപത്രം തയാറാക്കാനോ അല്ല, മറിച്ച് കസ്റ്റഡിമരണങ്ങളുടെ കാരണങ്ങൾ, നടക്കുന്ന സാഹചര്യങ്ങൾ, ഒഴിവാക്കാനുള്ള നിർദേശങ്ങൾ എന്നിവ സംബന്ധിച്ച പഠനത്തിനായിരുന്നു. കസ്റ്റഡിമരണങ്ങൾ എന്നല്ല, ‘കസ്റ്റഡി കൊലപാതകം’ എന്നുതന്നെ പറയണം എന്ന തിരുത്തലോടെ നസീം കണ്ടെത്തലുകൾ അവതരിപ്പിച്ചു.

രാജൻ കേസ്, വർഗീസ് വധക്കേസ്, സമ്പത്ത് കേസ്, ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് എന്നിങ്ങനെ ഒട്ടേറെ കേസുകളിലൂടെയായിരുന്നു പഠനം. ഒടുവിൽ, കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയുടെ ഡോക്ടറേറ്റും നസീം സ്വന്തമാക്കി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പഠനം എന്ന വിശേഷണത്തോടെയാണ് നിലവിൽ കോട്ടയം എഎസ്പിയായ എം.നസീം കണ്ടെത്തലുകൾ വിശദീകരിക്കുന്നത്.

നിയമപാലകൻ കൊലപാതകി ആകുമ്പോൾ

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമപാലകൻ കൊലപാതകിയായി മാറുന്ന ദാരുണാവസ്ഥയാണ് ഓരോ കസ്റ്റഡിമരണവും. കേവലം 3 വർഷം തടവു ലഭിക്കേണ്ട ഒരു മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ കൊല്ലപ്പെടുന്നതോടെ ചിത്രം മാറും. ജീവപര്യന്തമോ വധശിക്ഷയോ അനുഭവിക്കേണ്ട കുറ്റവാളിയായി പ്രതിക്കൂട്ടിലേക്ക് ഉദ്യോഗസ്ഥൻ കയറും.

പാലക്കാട് പുത്തൂർ സായൂജ്യം വീട്ടിൽ 2010 മാർച്ച് 23നാണു ഷീല എന്ന വീട്ടമ്മ മോഷണശ്രമത്തിനിടെ കഴുത്തറുത്തു കൊല്ലപ്പെട്ടത്. മുഖ്യപ്രതി സമ്പത്ത്, കൂട്ടാളികളായ കനകരാജ്, മണികണ്ഠൻ എന്നിവർ വൈകാതെ പിടിയിലായി. എന്നാൽ, മുഖ്യപ്രതി സമ്പത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതോടെ കേസിന്റെ ചിത്രം മാറി. ഷീല എന്ന വീട്ടമ്മയെ പലരും മറന്നു. സമ്പത്ത് കേസ് എന്ന കുപ്രസിദ്ധ കസ്റ്റഡിമരണക്കേസായി ഷീലവധക്കേസ് പെട്ടെന്നു മാറി.

custody-death
വര: അജിൻ കെ.കെ.

ഇപ്പോഴും പ്രിയം മൂന്നാംമുറ

മൂന്നാംമുറയാണു കസ്റ്റഡിമരണത്തിലേക്കുള്ള അപകടവാതിൽ. ഒട്ടുമിക്ക രാജ്യങ്ങളും തള്ളിക്കളഞ്ഞ മൂന്നാംമുറയ്ക്ക് ഇന്നത്തെ കാലത്തു തീരെ പ്രസക്തിയില്ല. നിർഭാഗ്യവശാൽ നമ്മുടെ പൊലീസിൽ ചിലരെങ്കിലും ഇപ്പോഴും മൂന്നാംമുറ എന്ന കുപ്രസിദ്ധ മർദനമുറ പ്രിയ അന്വേഷണമാർഗമായി കരുതുന്നു. മൂന്നാംമുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് 1959ൽ എൻ.സി.ചാറ്റർജി കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. 70 വർഷത്തിനു ശേഷവും ഇതു നടപ്പാക്കിയിട്ടില്ല.

സമ്പത്തിന്റെ ശരീരത്തിൽ അറുപതിലേറെ മാരക മുറിവുകൾ ഉണ്ടായിരുന്നു എന്നാണു റിപ്പോർട്ട്. രാജ്കുമാറിന്റെ ദേഹത്ത് രണ്ടു പോസ്റ്റ്മോർട്ടങ്ങളിലായി കണ്ടെത്തിയത് 44 മാരക പരുക്കുകൾ. ഉദയകുമാറിന്റെ വാരിയെല്ല് ലാത്തിയടിയേറ്റ് ഒടിഞ്ഞിരുന്നു.

ഇടിയൻ പൊലീസിനേ വീര്യമുള്ളൂ!

തെറി പറയുകയും മുഷ്ടിചുരുട്ടുകയും ആക്രോശിക്കുകയും ഇടിക്കുകയും ചെയ്യുന്ന പൊലീസിനേ വീര്യമുള്ളൂവെന്നു സിനിമകളും നോവലുകളും പറയുന്നതു ശരിയെന്നു വിശ്വസിക്കുന്നവരുണ്ട്. ശാസ്ത്രീയ കുറ്റാന്വേഷണ രീതിയിൽ, ആദ്യം തെളിവു കണ്ടെത്തുന്നു. നേരെ പ്രതിയിലേക്കു വരുന്നു. തെളിവുകൾ നിരത്തുമ്പോൾ പ്രതി തന്നെ കുറ്റമേൽക്കും. പക്ഷേ, നമ്മുടെ നാട്ടിൽ മിക്കപ്പോഴും നേരെ മറിച്ചാണു സംഭവിക്കുക. പ്രതിയെ കണ്ടെത്തിയ ശേഷമാകും തെളിവു തേടുക. വെറുതേ തെളിവു വരില്ലല്ലോ, അപ്പോൾപിന്നെ മർദനം തന്നെ മാർഗം.

ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ അഭാവം എല്ലാ കസ്റ്റഡിമരണക്കേസുകളിലും തെളിഞ്ഞുനിൽക്കുന്നു. വരാപ്പുഴയിലെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു വീട്ടിൽനിന്നു കൊണ്ടുപോയ വാഹനത്തിൽ വച്ചും പിന്നാലെ സ്റ്റേഷനിൽ വച്ചും ഇടിച്ചാണു കുറ്റം തെളിയിക്കാൻ ശ്രമിച്ചത്. കസ്റ്റഡിയിലെടുക്കുമ്പോൾ കൈവശം ഉണ്ടായിരുന്ന നാലായിരം രൂപ സംബന്ധിച്ചു കൃത്യമായ വിവരം നൽകിയില്ല എന്നതാണ് ഉരുട്ടിക്കൊലക്കേസിൽ ഉദയകുമാറിനെ സംബന്ധിച്ചു പൊലീസ് ഉന്നയിച്ച ആദ്യ ആരോപണം.

ഇഷ്ടം വരുത്തുന്ന വിന

പരിശോധിച്ച എല്ലാ കസ്റ്റഡിമരണങ്ങളിലും നസീം കണ്ടെത്തിയ ഒരു സമാനതയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കു സാധാരണയിൽ കവിഞ്ഞ ഒരു ‘അനുതാപം’ അല്ലെങ്കിൽ ‘വ്യക്തി താൽപര്യം’ ആ കേസുകളിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുറ്റം തെളിയിക്കാനുള്ള തിടുക്കവും വ്യഗ്രതയും പരാതിക്കാരോടുള്ള ഇഷ്ടക്കൂടുതലും കസ്റ്റഡിയിലുള്ളയാളുടെ ജീവൻ നഷ്ടമാകുന്ന അപകടത്തിലേക്ക് എളുപ്പം നയിച്ചു. ചിലപ്പോൾ രാഷ്ട്രീയം, അല്ലെങ്കിൽ സാമൂഹികമോ പണപരമോ, മറ്റു ചിലപ്പോൾ സ്വന്തബന്ധങ്ങളോ ആകാം ഇഷ്ടത്തിനു പിന്നിൽ. രാജൻ കേസിൽ രാഷ്ട്രീയ കാരണമാണെങ്കിൽ, സമ്പത്ത് കേസിൽ വ്യക്തിപരമാണ് ഈ താൽപര്യം.

കൊലയ്ക്കു മുൻപ് അനധികൃത കസ്റ്റഡി

സാധാരണ ഒരാളെ പരമാവധി 24 മണിക്കൂർ മാത്രമേ, കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസിനു നിയമപരമായി സാധിക്കൂ. എന്നാൽ, എല്ലാ കസ്റ്റഡിമരണങ്ങളിലും പൊലീസ് പിടിച്ചയാളെ അനധികൃതമായി കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്നു കരുതുക. എങ്ങനെ രക്ഷപ്പെടാം എന്നതാകും ഉദ്യോഗസ്ഥന്റെ അടുത്ത ചിന്ത. ഇതിന്റെ ഭാഗമായി സ്റ്റേഷനിനുള്ളത് ഉൾപ്പെടെയുള്ള രേഖകളിലെല്ലാം തിരുത്തൽ വരുത്തും. എന്നാൽ, പിന്നീട് അന്വേഷണം വരുമ്പോൾ ഇതെല്ലാം പുറത്തുവരും. കസ്റ്റഡിമരണമുണ്ടായാൽ പലപ്പോഴും കീഴുദ്യോഗസ്ഥരെ എങ്ങനെയെങ്കിലും രക്ഷിക്കാനാകും ഭൂരിഭാഗം മേലുദ്യോഗസ്ഥരുടെയും ശ്രമം. സംഭവം മുകളിലോട്ട് അറിയിക്കാൻ വൈകും.

മറ്റു ചില ഒത്താശകൾക്കു മൗനാനുവാദം നൽകും. ഈ മൗനാനുവാദം മൂലം മേലുദ്യോഗസ്ഥരും പ്രതിപ്പട്ടികയിലേക്കു ചെന്നുവീഴും. കസ്റ്റഡിമരണം പൊലീസല്ലാതെ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്നാണ് ഇപ്പോൾ കോടതിവിധി. കസ്റ്റഡി മരണങ്ങളെല്ലാം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേരള മന്ത്രിസഭ തീരുമാനവും എടുത്തുകഴിഞ്ഞു. പുറത്തുനിന്നുള്ള ഏജൻസിയുടെ അന്വേഷണം മേലുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ കുടുക്കും.

നെടുങ്കണ്ടം കേസിൽ രാജ്കുമാറിനെ നാലുദിവസം അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ചു, അതും മേലുദ്യോഗസ്ഥന്റെ അറിവോടെ എന്നാണ് അന്വേഷണത്തിൽ പുറത്തുവന്നത്. 

കരമന പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ പ്രാവച്ചമ്പലം മൊട്ടമൂട് സ്വദേശി സതീഷ്കുമാർ വിഷം ഉള്ളിൽചെന്നു മരിച്ച കേസുണ്ട്. കസ്റ്റഡിയിലെടുത്തു രണ്ടുദിവസം കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.

വീര്യം ചോരാതെ വർഗീസും രാജനും

കേരള പൊലീസിന്റെ ചരിത്രത്തിൽ എക്കാലവും വീര്യം ചോരാതെ നിൽക്കുന്ന കേസുകളും പേരുകളുമാണ് വർഗീസ്, രാജൻ എന്നിവ. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ചശേഷം ഓടിപ്പോയവർ രാജാ...ഓടിക്കോ എന്നു വിളിച്ചുപറഞ്ഞു. ഇതാണു രാജനെ തേടിപ്പിടിക്കാൻ പൊലീസിനു പ്രേരണയായത്; പിന്നീടു കുപ്രസിദ്ധ കസ്റ്റഡിമരണത്തിലേക്കു നയിച്ചതും. തിരുനെല്ലിക്കാട്ടിൽ വച്ചു വർഗീസിനെ കസ്റ്റഡിയിൽ വെടിവച്ചു കൊന്നതും പിന്നീട് ഇതുസംബന്ധിച്ചു റിട്ട.സിആർപിഎഫ് കോൺസ്റ്റബിൾ പി.രാമചന്ദ്രൻ നായർ നടത്തിയ വെളിപ്പെടുത്തലുകളും തുടർ നിയമനടപടികൾ സൃഷ്ടിച്ചു.

ഇവ രണ്ടും സംബന്ധിച്ചു നസീം ശേഖരിച്ച അപൂർവ പൊലീസ് രേഖകളും സ്റ്റേഷൻ ക്രൈം ഹിസ്റ്ററിയും ചരിത്രാന്വേഷകർക്കു മുൻപിൽ ഒട്ടേറെ അന്വേഷണ വാതിലുകൾ തുറന്നിടുന്നു. പഴയകാലത്തെ നക്സൽ പ്രവർത്തകരെ സംബന്ധിച്ചും പ്രവർത്തനരീതികൾ സംബന്ധിച്ചും നിർണായക വിവരങ്ങൾ രേഖകളിൽ തെളിയുന്നു.

രക്ഷയില്ലാതെ പൊലീസ്

കസ്റ്റഡിമരണങ്ങൾ കുറയ്ക്കാൻ, പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ചില ഗുരുതര പ്രതിസന്ധികൾ കൂടി പരിഹരിക്കപ്പെടണം. കേസുകൾ വേഗം തെളിയിക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ നേരിടുന്ന സമ്മർദം വലുതാണ്. ഒരു കുറ്റമുണ്ടായാൽ പ്രതിയെ പിടിച്ചില്ലേ, പിടിച്ചില്ലേ എന്ന ചോദ്യം തൊട്ടടുത്ത മണിക്കൂർ മുതൽ നിരന്തരം ഉദ്യോഗസ്ഥൻ കേൾക്കേണ്ടി വരുന്നു.

ക്രമസമാധാന പാലനം, വിഐപി അകമ്പടി തുടങ്ങിയ മറ്റു ജോലികൾ മൂലം ഒരു ഉദ്യോഗസ്ഥനു പലപ്പോഴും തന്റെ സമയത്തിന്റെ 35 ശതമാനം മാത്രമേ കേസ് അന്വേഷണത്തിനു മാറ്റിവയ്ക്കാൻ സാധിക്കുന്നുള്ളൂ. സിബിഐ പോലുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ ഒരു വർഷം വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ അന്വേഷിക്കുന്നുള്ളൂ.

എന്നാൽ, നമ്മുടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ 500 മുതൽ 600 കേസുകൾ ഒരു വർഷം അന്വേഷിക്കേണ്ടി വരുന്നു. ജനസംഖ്യയും കേസുകളും ഇരട്ടിയായി പെരുകി. എന്നാൽ, പൊലീസ് ഇതിനനുസരിച്ചു ബലപ്പെടുന്നില്ല. ഇതെല്ലാം സൃഷ്ടിക്കുന്ന സമർദം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുന്നു. ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള പൊലീസ് കേരളത്തിലാണ്. അതേസമയം, ആത്മഹത്യയിലും കേരള പൊലീസ് തന്നെ മുന്നിൽ എന്നതാണു സങ്കടകരം.

അൽപം സ്വകാര്യം

കൊല്ലം വവ്വാക്കാവ് സ്വദേശിയായ നസീം, 1995ൽ സബ് ഇൻസ്‌പെക്ടറായി പൊലീസിൽ ചേർന്നു. കൊമേഴ്‌സിൽ പിജി, പത്രപ്രവർത്തനത്തിൽ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമ, പൊലീസ് അഡ്മിനിസ്‌ട്രേഷനിൽ എംഎ ബിരുദം, എൽഎൽബി എന്നിവ നേടി. പൊലീസ് ഡൈജസ്റ്റ്, പൊലീസ് ജൂറിസ്പ്രൂഡൻസ്, പ്രോട്ടോക്കോൾ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നിവയടക്കമുള്ള ഗ്രന്ഥങ്ങളും രചിച്ചു. കായംകുളം കൊച്ചുണ്ണിയെ സംബന്ധിച്ചുള്ള ചരിത്രപുസ്തകത്തിനു പിന്നാലെ, കുപ്രസിദ്ധ കേസുകളുടെ അന്വേഷണത്തിലെ വഴിത്തിരിവുകൾ സംബന്ധിച്ച പുസ്തകത്തിന്റെ രചനയിലാണ് നസീമിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com