ADVERTISEMENT

കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കൽ മാത്രമല്ല, പൊലീസിന്റെ കർത്തവ്യം; വ്യതിചലിച്ചവരെ മുഖ്യധാരയിലേക്കു കൊണ്ടുവരികകൂടിയാണ്.ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാറ്റിയെഴുതിയ തസ്കരജീവിതം...

ടിക്!

‘ഒറ്റക്കുഞ്ഞുപോലും കേൾക്കില്ല, അത്ര ചെറു ശബ്ദത്തിൽ ഏതു പൂട്ടിട്ടു പൂട്ടിയ അലമാരയും തുറക്കും...’ ഇതു പറഞ്ഞു തീർന്നതും നെടുങ്കണ്ടം പൊലീസ് കന്റീനിലെ കുക്ക് കം വെയ്റ്റർ ജോയി നിശ്ശബ്ദനായി. ഒരു ചെറുചിരിയായിരുന്നു സർക്കിൾ ഇൻസ്പെക്ടർ റെജി എം.കുന്നിപ്പറമ്പന്റെ മറുപടി.

കുപ്രസിദ്ധ കള്ളൻ! 

ജോയി. ഇടുക്കി, കോട്ടയം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാം ഈ പേരു പരന്നുകിടന്നിരുന്നു; പൊലീസ് റെക്കോർഡുകളിൽ ജോയിയുടെ വിരലടയാളവും. 

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കേഡി പട്ടികയിലും വർഷങ്ങളായി ജോയിയുണ്ട്. പീരുമേട്, ദേവികുളം, പൊൻകുന്നം, കോട്ടയം, പാലാ, മൂവാറ്റുപുഴ സബ് ജയിലുകളും പൂജപ്പുര, വിയ്യൂർ സെൻട്രൽ ജയിലുകളുമൊക്കെയായി എത്രയോ അഴികൾ ജോയിക്കു പരിചിതം. ആയിരത്തോളം ഭവനഭേദനങ്ങൾ... പള്ളികളുടെ മൈക്ക് സെറ്റ് മുതൽ എത്രയോ മോഷണങ്ങൾ...

താൻ നടത്തിയ മോഷണങ്ങളുടെയും തനിക്കെതിരെയുള്ള കേസുകളുടെയും എണ്ണം ജോയിക്കുതന്നെ കൃത്യമായി അറിയില്ല. കുമളി എസ്ഐ ആയിരിക്കുമ്പോൾ 2007ൽ റെജി കുന്നിപ്പറമ്പൻ മോഷണക്കേസിൽ ജോയിയെ അകത്താക്കിയതാണ്. പിന്നീട് കട്ടപ്പന സിഐ ആയിരിക്കുമ്പോഴും പലവട്ടം ജോയിയെ പല കേസുകളിൽ പൊക്കി. നെടുങ്കണ്ടത്തു സർക്കിൾ ഇൻസ്പെക്ടറായി 2016ൽ വരുമ്പോൾ, ജോയിയെ റെജി അതുവരെ അറസ്റ്റ് ചെയ്തത് 48 തവണ. ആ ജോയിയാണ് ഇപ്പോൾ ഒരു ചായയുമായി വന്ന് റെജിക്കു മുന്നിൽ നിൽക്കുന്നത്.

അങ്ങനെയാണ് കള്ളനുണ്ടായത്...

മീശ ശരിക്കൊന്നു കട്ടിയാകുന്നതിനു മുൻപേ ജോയി മോഷണം തുടങ്ങി. നെടുങ്കണ്ടം മാർക്കറ്റിൽനിന്ന്, കറിക്കൂട്ടിന് ഉപയോഗിക്കുന്ന വഴനപ്പട്ട എട്ടു ചാക്ക് മോഷ്ടിച്ചു കട്ടപ്പനയിൽ വിറ്റായിരുന്നു തുടക്കം. നാലാം ക്ലാസിൽ പഠനം നിർത്തിയ ജോയി, പതിനൊന്നാം വയസ്സിൽ പിതാവു മരിച്ചതിനു ശേഷം ചുടുകട്ടപ്പണിക്കു പോയിത്തുടങ്ങി. വീട്ടിലെ ഇളയവൻ ജോലിക്കു പോയതു കുടുംബം പോറ്റാനല്ല, ചീട്ടു കളിക്കാനും മറ്റും പണം കണ്ടെത്താൻ! അങ്ങനെ, അവിടെ സംഘത്തിൽനിന്നു കിട്ടിയ കൂട്ടാളിയുമായിട്ടായിരുന്നു ആദ്യ മോഷണം.

എന്നാൽ, ആദ്യം ജയിലിൽ പോകുന്നത് കുരുമുളകു മോഷണത്തിന്. രാത്രിയിൽ നെടുങ്കണ്ടത്ത് പറമ്പിൽ കയറി കൊടിയിൽനിന്നു കുരുമുളകു പറിച്ചു. പതിനഞ്ചു കിലോയോളം കുരുമുളകുമായി നാട്ടുകാർ പിടിച്ചു. അങ്ങനെ, ജോയി ആദ്യമായി പതിനെട്ടാം വയസ്സിൽ പീരുമേട് ജയിലിൽ കയറി. ജയിലിൽനിന്നു ലഭിച്ച സുഹൃത്തായ ‘ഗുരുനാഥൻ’ എന്നു വിളിപ്പേരുള്ള മോഷ്ടാവുമായി പുറത്തിറങ്ങിയതിനു ശേഷമായിരുന്നു അടുത്ത മോഷണം. അങ്ങനെ ഗുരുനാഥൻ മോഷണത്തിൽ ജോയിയുടെ ഗുരുനാഥനായി. ഇതോടെ വീട്ടുകാർ കയ്യൊഴിഞ്ഞു. 

നെടുങ്കണ്ടത്ത് കടയുടെ ഷട്ടർ പൊക്കി മൂന്നു ലക്ഷം രൂപയും കുരുമുളകും ഏലയ്ക്കയും മോഷ്ടിച്ച ജോയിയും സുഹൃത്തും പിന്നീടു പിടിയിലായി. മാസങ്ങൾക്കു ശേഷം പുറത്തിറങ്ങിയ ജോയി മോഷണം തനിച്ചാക്കി. ഒറ്റപ്പെട്ട, പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടുവച്ച് മോഷ്ടിക്കുകയായിരുന്നു പതിവ്. സ്വർണം മുതൽ വിലപിടിപ്പുള്ള എന്തും കവരാൻ അധിക സമയമൊന്നും വേണ്ടാത്ത ‘വിദഗ്ധനായി’ ജോയി വളരുകയായിരുന്നു.

മോഷണം കമ്പം, കഴിഞ്ഞാൽ കമ്പത്തേക്ക് !

നെടുങ്കണ്ടം, കട്ടപ്പന, പീരുമേട്, തൊടുപുഴ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിനു വീടുകളിൽ ജോയി മോഷണം നടത്തി. മോഷണം കഴിഞ്ഞാൽ നേരെ കമ്പം തേനിയിലേക്കാണ്. അവിടെ ലോഡ്ജിൽ സ്ഥിരം മുറി. മോഷണവസ്തുക്കൾ വിൽക്കാൻ കമ്പത്തും ചിന്നമന്നൂറിലും സ്ഥിരം സങ്കേതങ്ങൾ. മോഷ്ടിച്ച സ്വർണാഭരണങ്ങൾ വാങ്ങാനും ജ്വല്ലറികൾ. വിലയിലും മറ്റുമൊന്നും ജോയി വലിയ കടുംപിടിത്തം പിടിച്ചില്ല. ചീട്ടു കളിക്കാനും മറ്റു വിനോദങ്ങൾക്കും കമ്പനി, പണം തീരുന്നതുവരെ മദ്യപിച്ചും മറ്റും ആഘോഷം, പണം തീരുമ്പോൾ മടക്കം...

ഭവനഭേദനത്തിൽ ജോയി സ്വന്തം ശൈലിയാണ് ഉപയോഗിച്ചത്. ആളില്ലാത്ത വീട്ടിൽ മാത്രം കയറും. അതിനാൽ ഇതുവരെയും ഒരാളെയും ദേഹോപദ്രവം ഏൽപിക്കേണ്ടിവന്നില്ല. തലേ ദിവസങ്ങളിൽ മേഖലയിൽ കറങ്ങും. ബസിൽ കയറിയാണു യാത്ര. പോകുന്ന വഴിയിൽ ലക്ഷ്യം കണ്ടുവയ്ക്കും. കൃത്യം നടത്തുന്ന ദിവസം ബസിൽ കയറി ലക്ഷ്യം വച്ച വീട്ടിലേക്കു പതിനഞ്ചു മിനിറ്റ് നടക്കാൻ പാകത്തിന് അകലത്തിൽ ഇറങ്ങും. സാഹചര്യം വിലയിരുത്തി, വീട്ടിൽ കയറുകയായിരുന്നു പതിവ്. ഇരുട്ടിലാണു പതിവെങ്കിലും പകലും കൃത്യം നടത്തിയിട്ടുണ്ടെന്നു ജോയി.

കമ്പത്തു നിന്നാണ് ‘പണിയായുധങ്ങൾ’ വാങ്ങുന്നത്. കമ്പികൾ വളച്ചും തിരിച്ചുമെല്ലാം ഉപയോഗിക്കാൻ പറ്റിയ പാകത്തിൽ നിർമിച്ചു നൽകുന്നവരുണ്ട് അവിടെ. പൂട്ടുകൾ പെട്ടെന്നു തുറക്കാൻ പ്രത്യേക വൈദഗ്ധ്യം ജോയി നേടിയിരുന്നു. ഏകദേശ കണക്കു പ്രകാരം ആയിരത്തോളം വീടുകളിൽ കയറിയ ജോയി അഞ്ഞൂറു പവൻ സ്വർണം മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച പണത്തിന്റെ കണക്ക് ജോയിക്ക് അറിയില്ല. അതു ലക്ഷങ്ങൾ വരും. ഏലയ്ക്കയും കുരുമുളകും അടക്കമുള്ള വിളകൾ വേറെ.

മോഷണത്തിനു ശേഷം മാസങ്ങൾക്കുള്ളിൽ ജോയി പിടിക്കപ്പെടും. പൊലീസ് ചോദിച്ചാൽ ആദ്യമൊന്നും സമ്മതിക്കില്ല. വിരലടയാളവും മറ്റു തെളിവുകളും ഉള്ളതിനാൽ കോടതിയിൽ കുറ്റം സമ്മതിക്കും. ഇതുവരെ ശിക്ഷയും റിമാൻഡുമായി ആകെ ജയിലിൽ ചെലവഴിച്ചത് 26 വർഷം. ഏകദേശം രണ്ടു ജീവപര്യന്ത കാലയളവ്. ജയിൽശിക്ഷകൾക്കു നന്നാക്കാൻ പറ്റാതിരുന്ന ജോയി അവസാനം സ്വയം തീരുമാനമെടുത്തു.

തിരിച്ചറിവും ‘സ്വയം കീഴടങ്ങലും’

നെടുങ്കണ്ടത്തേക്കു സ്ഥലം മാറിയെത്തിയ ഉടനെ 2016 ഓഗസ്റ്റിലായിരുന്നു റെജിയുടെ അടുത്തേക്കു ജോയിയുടെ വരവ്. നെടുങ്കണ്ടം പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫിസിലേക്കു വന്ന ജോയിയെക്കണ്ടു ഞെട്ടിയത് റെജിയാണ്. സ്ഥിരം തലവേദനയായ, കുറെ വട്ടംകറക്കി, അവസാനം കയ്യിലാകുന്ന കള്ളനാണ് ഇപ്പോൾ നേരെ മുന്നിൽ നിൽക്കുന്നത്. ജോയി, റെജി കുന്നിപ്പറമ്പന്റെ കാലിൽ വീണു: ‘സാർ, സഹായിക്കണം. ഒരു ജോലി വേണം’. മോഷണത്തിനു ശിക്ഷ കഴിഞ്ഞുള്ള വരവായിരുന്നു അത്.

‘സാർ കൈവിട്ടാൽ ഞാൻ വീണ്ടും കള്ളനാകും.’ കുടഞ്ഞെറിയാനൊക്കെ സിഐ നോക്കി. പക്ഷേ, നടന്നില്ല. പെരുങ്കള്ളനിൽ റെജിക്കു വിശ്വാസം വന്നില്ല. മോഷണമല്ലാതെ മറ്റൊരു തൊഴിലും ജോയിക്ക് അറിയില്ല. രണ്ടോ രണ്ടരയോ മാസം മാത്രമേ പുറത്തു കാണൂ. ജയിലിൽനിന്നു ശിക്ഷ കഴിഞ്ഞ് അടുത്ത മോഷണത്തിനു പിടിയിലാകുകയാണു പതിവ്. സാധാരണ, അടുത്ത മോഷണത്തിനുശേഷം പൊലീസ് പൊക്കിയാലേ, ജോയി സ്റ്റേഷന്റെ പടികാണൂ.

‘സാറെ, ഞാനെല്ലാം നിർത്തുകയാണ്. കല്യാണം കഴിച്ചിട്ടില്ല. പ്രായമായ പെങ്ങളുണ്ട്. അവർക്കു ഞാൻ സഹായം വേണം. കാൻസറാണ്. ഇനിയെങ്കിലും അവരെ സഹായിക്കണം. ഇനിയുള്ള കാലം ജോലി ചെയ്തു ജീവിക്കണമെന്നാണ് ആഗ്രഹം. കള്ളനായതു കൊണ്ട് ആരും ജോലി തരില്ല. സാർ ആരോടെങ്കിലും ശുപാർശ ചെയ്യണം.’

ജോയിക്കു വേണ്ടി ശുപാർശ ചെയ്യുകയെന്നത് സ്വയം വിലങ്ങു വയ്ക്കുന്നതിനു തുല്യമാണെന്നു റെജിക്ക് ഉറപ്പുണ്ട്.

‘നീ പോയി നാളെ വാ’ എന്നായി സിഐ. ഒഴിഞ്ഞുപോകുന്നെങ്കിൽ പോകട്ടെ എന്നായിരുന്നു അതിന്റെ അർഥം. എന്നാൽ, പിറ്റേന്നു രാവിലെ കൃത്യം പത്തു മണിക്കു തന്നെ സിഐയുടെ മുറിക്കു മുന്നിൽ ജോയി ഹാജർ. ഇത്തവണ കള്ളനു മുന്നിൽ പൊലീസ് തോറ്റു. നന്നാകാൻ തീരുമാനിച്ച കള്ളനെ കൈവിടാൻ റെജിക്കു മനസ്സുവന്നില്ല. കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കൽ മാത്രമല്ല പൊലീസിന്റെ കർത്തവ്യം; വ്യതിചലിച്ചവരെ മുഖ്യധാരയിലേക്കു കൊണ്ടുവരിക കൂടിയാണ്.

സിഐയുടെ മനസ്സിൽ തെളിഞ്ഞ ഏക വഴി പൊലീസ് സ്റ്റേഷൻ തന്നെയായിരുന്നു. നെടുങ്കണ്ടം പൊലീസ് കന്റീനിൽ ജോലി നൽകിയാലോ എന്നു ചോദിച്ചപ്പോൾ സഹപ്രവർത്തകർ എതിർത്തു. ‘നമുക്കു പരീക്ഷിക്കാം’ എന്നു റെജി ഉറപ്പിച്ചുപറഞ്ഞെങ്കിലും ജോയിയെ ശരിക്കും അറിയാവുന്ന പൊലീസുകാർക്ക് ആദ്യം വിശ്വാസം വന്നില്ല. ‘കന്റീനിൽ നിന്നിട്ടു വേണം, അവൻ ഇനി തിരിച്ചു പണി തരാൻ... പരീക്ഷിക്കണ്ട’ എന്നായിരുന്നു അവരുടെ നിലപാട്. എങ്കിലും പോട്ടെ, ഒരവസരം നൽകാമെന്ന നിലപാടിൽ റെജിയും ഉറച്ചുനിന്നു.

ജയിലിൽനിന്നു ജോയി പാചകം പഠിച്ചിട്ടുണ്ട്. അവിടെയെല്ലാം പാചകപ്പുരയിൽ ജോലിക്കാരനായിരുന്നു. ജയിലിലെ ജോലിപരിചയം പൊലീസ് കന്റീനിൽ പ്രയോഗിക്കട്ടെ എന്നതായിരുന്നു റെജിയുടെ തീരുമാനം.

ഇപ്പോൾ ഏകദേശം മൂന്നര വർഷം. ജോയിക്കു വയസ്സ് 54. 2014നു ശേഷം മോഷണക്കേസുകൾ ജോയിയുടെ പേരിലില്ല. രണ്ടു മാസം മുൻപായിരുന്നു മൂന്നാറിലേക്കു റെജിയുടെ സ്ഥലം മാറ്റം. ഫോണിൽ ഒരു കോൾ വന്നു. സാറെ, സ്ഥലം മാറ്റമാണെന്ന് അറിഞ്ഞു, എനിക്കൊന്നു കാണണം. ഞാനും പെങ്ങളും ഉണ്ടാകും. സാറിനോടു നന്ദി പറയണം... എന്നെ രക്ഷപ്പെടുത്തിയതിന്.

പോകുന്നതിനു മുൻപ് റെജി നെടുങ്കണ്ടം പൊലീസ് കന്റീനിൽ പോയി. ഒരു ചായ കുടിച്ചു, ജോയിയുടെ കയ്യിൽനിന്നു തന്നെ. നല്ല കടുപ്പത്തിൽ, ഇതുവരെയില്ലാത്ത ഒരു മധുരത്തോടെ. മടങ്ങും മുൻപ് സിഐയുടെ കൈപിടിച്ച് ജോയി ഒരു 

കാര്യം കൂടി പറഞ്ഞു:‘സാറെ, ബാങ്കിൽ ഒരു ലക്ഷത്തോളം ഡിപ്പോസിറ്റുണ്ട്. ജീവിതത്തിനു  തെളിച്ചവും.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com