ADVERTISEMENT

‘വലതുകാൽ മുറിച്ചുമാറ്റിയതിന്റെ അഞ്ചാം ദിവസം, ഞാൻ ക്രച്ചസിന്റെ സഹായത്തോടെ ആദ്യമായി എഴുന്നേറ്റു നിന്നു. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. വലതു കാൽ നിലത്തു മുട്ടുന്നുവെന്ന തോന്നലുണ്ട്, പക്ഷേ, അവിടെ എന്റെ വലതുകാലില്ല, എനിക്കു കാൽവിരലുകൾ അനക്കാനാവുന്നുണ്ട്. പക്ഷേ, അവിടെ വിരലുകളില്ല. അന്ന് ആദ്യമായി ഞാൻ കരഞ്ഞുപോയി.’

ജീവിതം തന്ന വേദനകളിൽ സങ്കടപ്പെട്ട് പ്രഭാകരൻ ആദ്യമായി കരഞ്ഞത് അന്നായിരുന്നു. അതുവരെ സംഭരിച്ച ധൈര്യത്തെ വെല്ലുവിളിച്ചു കുറച്ചു കണ്ണുനീർത്തുള്ളികൾ വാട്ടർ ബെഡിലേക്ക് ഇറ്റുവീണു. 

അതിനു ശേഷം പ്രഭാകരൻ കരഞ്ഞിട്ടില്ല. മകന്റെ നഷ്ടത്തിലും വേദനയിലും  സങ്കടപ്പെട്ടു കരയാൻ തുടങ്ങുന്ന അമ്മയോടും ചേച്ചിയോടും പ്രഭാകരനൊരു ചോദ്യവും പതിവാക്കി, ‘കരഞ്ഞാൽ എല്ലാം പഴയപോലെയാകുമോ, എന്നാൽ നമുക്കൊന്നിച്ചു കരയാം.’

27–ാം വയസ്സിൽ കാൻസർ ബാധിച്ചു വലതുകാൽ മുറിച്ചുമാറ്റിയിട്ടും വേദനകൾക്കു പിടികൊടുക്കാതെ മുന്നേറുകയാണു പ്രഭാകരൻ (പ്രഭു). കൃത്രിമക്കാലിന്റെ ബലത്തിൽ മാരത്തൺ പൂർത്തിയാക്കിയും ജിമ്മിൽ ഒറ്റക്കാലിൽ ഭാരമുയർത്തിയുമൊക്കെ അമ്പരപ്പിക്കുകയാണ് പാലക്കാട് കഞ്ചിക്കോട്ടെ ഈ മലയാള മനോരമ ഏജന്റ്. 

സങ്കടപർവം

പ്ലസ് ടുവിൽ പഠനം നിർത്തിയതാണ് പ്രഭാകരൻ. കുടുംബത്തെ സഹായിക്കാൻ ചെറുപ്പം തൊട്ടു പല പണികളും ചെയ്തു. അച്ഛൻ ജോലിയിൽനിന്നു പിരിഞ്ഞ ശേഷം ലോഡിങ് തൊഴിൽ ഏറ്റെടുത്തു. ഇതിനിടയിലാണു വലതു കാൽമുട്ടിൽ ചെറിയൊരു വേദനയുടെ തുടക്കം. നിരന്തരം ജിമ്മിൽ വ്യായാമം ചെയ്യുന്ന പ്രഭു ആ വേദന കാര്യമാക്കിയില്ല. ആഴ്ചകൾക്കുള്ളിൽ വലതു കാൽമുട്ടു ചുരുങ്ങാനാരംഭിച്ചു. കഠിനമായ വേദന. ലോഡ് കയറ്റിക്കൊണ്ടിരിക്കുന്നതിനിടയിലെ ഒരു വീഴ്ച വേദന അസഹ്യമാക്കി. അതിനു ശേഷമാണു പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. കാൻസറാവാൻ സാധ്യതയില്ലെന്നായിരുന്നു അഭിപ്രായം. പക്ഷേ, പരിശോധനകൾക്കൊടുവിൽ ഡോക്ടർ തിരുവനന്തപുരം ആർസിസിയിലേക്കു പോകാൻ നിർദേശിച്ചു. 

‘ആഴ്ചയിൽ രണ്ടു ദിവസം തിരുവനന്തപുരത്തു പോകണം. കടുത്ത വേദനയുണ്ടായിരുന്നു. പലപ്പോഴും ട്രെയിൻ ടിക്കറ്റ് കിട്ടാറില്ല. കെഎസ്ആർടിസിയിലും സ്വകാര്യ ബസിലും പോയി വരും. രണ്ടു പേർക്കുമായി നല്ല തുക ചെലവാകും. അവസാനം അച്ഛനോടു വരേണ്ടെന്നും പറഞ്ഞു റിസൽറ്റും കയ്യിലെടുത്ത് യാത്ര ഒറ്റയ്ക്കാക്കി’.

ചികിത്സ പിന്നീട് കോയമ്പത്തൂരിലേക്കു മാറ്റി. അവിടത്തെ ഡോക്ടർ പറഞ്ഞു– എല്ലിനെ ബാധിക്കുന്ന ‘ഓസ്റ്റിയോസർക്കോമ’ എന്ന അർബുദം. കാൽമുട്ടു മാറ്റിവയ്ക്കാമെന്നായിരുന്നു  ഡോക്ടർമാരുടെ അഭിപ്രായം.  എത്ര കാലത്തേക്കെന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം ആരും പറഞ്ഞില്ല. അവസാനം കാൻസർ മാത്രം എടുത്തു കളയാമെന്ന തീരുമാനത്തിലെത്തി. ശസ്ത്രക്രിയയ്ക്കു ശേഷം വീണ്ടും സമാധാനത്തിന്റെ നാളുകൾ. തിരികെ ലോഡിങ് തൊഴിലിലേക്ക്. 5 മാസത്തിനൊടുവിൽ ജോലിക്കിടെ വീണ്ടും വീണു. കാലിൽ അസഹ്യമായ വേദന. 

വീണ്ടും ആശുപത്രിദിനങ്ങൾ. വലതു കാൽ മുറിച്ചുമാറ്റുകയല്ലാതെ മറ്റു വഴികളില്ലെന്നു ഡോക്ടർമാർ. അച്ഛൻ കർണനു ലഭിച്ച പിഎഫ് തുകയായ 6 ലക്ഷത്തിൽ 20,000 രൂപ മാത്രമായിരുന്നു ബാക്കി. ഇല്ലായ്മ കൂട്ടുകാരോടാണ് ആദ്യം പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അവർ ധനസമാഹരണം ആരംഭിച്ചു. കുറച്ചു ദിവസങ്ങൾകൊണ്ടു 11 ലക്ഷം രൂപ സമാഹരിച്ചു. 

‘ഓപ്പറേഷന്റെ ദിവസം അടുത്തു. വീട്ടുകാരെല്ലാം എന്റെ മുന്നിൽ കരച്ചിലൊതുക്കാൻ പാടുപെടുന്നു. അവരുടെ സങ്കടത്തിനു മുന്നിൽ നിസ്സഹായനായി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.’

ഓപ്പറേഷൻ ദിനം

കയ്യിൽ രണ്ടാമത്തെ ലൈനർ ഇടാൻ വന്ന നഴ്സിനോടു പ്രഭു ഒന്നേ പറഞ്ഞുള്ളു, ‘വലതു കൈപ്പത്തിയിൽ വേണ്ട, എനിക്ക് മൊബൈലിൽ ഗെയിം കളിക്കണം.’

‘നീ ഇവിടെ കിടക്കുന്നത് എന്തിനാണെന്ന് അറിയാമോ?’

‘അറിയാം, വലതുകാൽ ആംപ്യൂട്ട് ചെയ്യാൻ.’

പ്രഭുവിനോട് കോവൈ മെഡിക്കൽ സെന്ററിലെ ആ നഴ്സ് കൂടുതലൊന്നും പിന്നെ പറഞ്ഞില്ല. 

‘അനസ്തേഷ്യയിൽ എന്റെ ബോധം മറഞ്ഞു. അബോധാവസ്ഥയിലും ചില ശബ്ദങ്ങൾ കേൾക്കാം. ബോധം തിരികെയെത്തിയപ്പോൾ ആശ്വാസമായിരുന്നു. ഒരുപാടു കാലം വേട്ടയാടിയ വേദന ഇല്ലാതായിരിക്കുന്നു. പക്ഷേ, വേദന സംഹാരികളുടെ ഡോസ് കുറഞ്ഞപ്പോൾ വീണ്ടും പ്രാണൻ പിടയുന്ന വേദന തിരികെയെത്തി. കാലില്ലെന്ന സങ്കടത്തിൽ കരഞ്ഞുപോയ ആദ്യ ദിനവും ഇതിനിടയിൽ കഴിഞ്ഞുപോയി.’

കൃത്രിമക്കാലെന്ന സ്വപ്നം  

കീമോ തെറപ്പിയുടെ ദിവസങ്ങളിലായിരുന്നു പിന്നീടുള്ള  കഠിനമായ വേദന. ഓരോ കീമോയും ധൈര്യപൂർവം പിന്നിട്ടു. ഇതിനിടയിലാണു കൃത്രിമക്കാലിനെക്കുറിച്ചു ചിന്തിക്കുന്നത്. കീമോ കഴിഞ്ഞയുടൻ ജർമൻ കമ്പനിയുമായി ബന്ധപ്പെട്ടു. 6 ലക്ഷം വിലയുള്ള കൃത്രിമക്കാൽ, എന്റെ അവസ്ഥ മനസ്സിലാക്കി 5 ലക്ഷത്തിനു തരാൻ അവർ തയാറായി. കോയമ്പത്തൂരിലെ ട്രെയിനിങ് സെന്ററിൽ പരിശീലനം ആരംഭിച്ചു. ആദ്യ ദിനം തന്നെ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്നു മനസ്സിലായി. ദിവസങ്ങൾ പിന്നിട്ടതോടെ ആത്മവിശ്വാസം വർധിച്ചു. കൃത്രിമക്കാലുണ്ടെങ്കിലും ക്രച്ചസ് ഉപയോഗിച്ചാണു നടന്നത്. കഠിനമായ വേദനയുടെ നിമിഷങ്ങൾ. കൈവിട്ടു നടക്കാൻ നോക്കിയപ്പോൾ വീണുപോയി. ആദ്യത്തെ വീഴ്ചയിൽത്തന്നെ പുതിയ കാലിന് എന്തെങ്കിലും പറ്റിയോ എന്നാണ് ആശങ്കപ്പെട്ടത്. ഒരു പുത്തൻ കാറിന്റെ വിലയുണ്ടല്ലോ പുതിയ കാലിന്.

തിരികെ ജീവിതത്തിലേക്ക്

അതിജീവനം എന്ന വാട്സാപ് ഗ്രൂപ്പിൽ ഇന്നു സജീവമാണ്. കാൻസർ ബാധിതരായ ഒട്ടേറെപ്പേരുണ്ട് ആ ഗ്രൂപ്പിൽ. അവർക്കൊക്കെ ഭയപ്പെടാതെ മുന്നോട്ടുപോകാനുള്ള കരുത്ത് ഗ്രൂപ്പിലൂടെ കിട്ടുന്നുണ്ട്. ആശിച്ചു വാങ്ങിയ ബുള്ളറ്റ് വിറ്റു. പകരം ഒരു സ്കൂട്ടി വാങ്ങി. അച്ഛൻ നടത്തിക്കൊണ്ടിരുന്ന മലയാള മനോരമ ഏജൻസി ഏറ്റെടുത്തു. ആദ്യ ദിനങ്ങളിൽ വഴികാണിക്കാൻ അച്ഛനും കൂട്ടിനു വന്നിരുന്നു. ആദ്യമായി ഒറ്റയ്ക്കിറങ്ങിയ ദിവസം രണ്ടിടങ്ങളിൽ വണ്ടി മറിഞ്ഞു. പക്ഷേ, ആരോടും പറഞ്ഞില്ല.  

വീണ്ടും ജിമ്മിൽ പോകാൻ തുടങ്ങി. അസീസി സ്കൂളിലെ പഴയ ഓട്ടക്കാരൻ  ട്രാക്കിൽ തിരികെയെത്തി. മലയാള മനോരമയും റബ്ഫില ഇന്റർനാഷനലും ചേർന്നു സംഘടിപ്പിച്ച ഹാഫ് മാരത്തണിൽ ക്രച്ചസിന്റെ സഹായത്താൽ 5 കിലോമീറ്റർ പൂർത്തിയാക്കി. ഒരുപാട് അഭിമാനം തോന്നിയ ദിവസം. അടുത്ത തവണ ഹാഫ് മാരത്തൺ പൂ ർത്തിയാക്കണം. റണ്ണിങ് ബ്ലേഡ് സ്വന്തമാക്കണം. കൂടുതൽ ദൂരം ഓടണം. 

അതിജീവനത്തിന്റെ കഥ പറഞ്ഞു തീരുമ്പോഴും രണ്ടു വീടുകളിൽ കൂടി പത്രമെത്തിക്കേണ്ടതിന്റെ വേവലാതിയായിരുന്നു പ്രഭുവിന്. വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com