ADVERTISEMENT

‘എനിക്കു കരയണമെന്നുണ്ട്. പക്ഷേ, കണ്ണീർ തുടയ്ക്കാൻ കൈകളില്ലല്ലോ. അതിനാൽ കരയാറില്ല. കൈകളില്ലെങ്കിലും ജീവിക്കണം. കാലുകൾ മാത്രം കൊണ്ടു ജീവിതം തുഴയാനാകുമെന്നും ചിറകടിച്ചുയരാമെന്നും ലോകത്തിനു കാട്ടിക്കൊടുക്കണം. എന്റെ വാശിയായിരുന്നു അത്’. വലതുകാൽ വിരലുകൾ മൗസിൽ മെല്ലെ അമർത്തി ജിലുമോൾ മരിയറ്റ് തോമസ് (28) കംപ്യൂട്ടർ മോണിറ്റർ ചിത്രശാലയാക്കുമ്പോൾ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ കനൽ. വാക്കുകളിൽ അതിജീവനത്തിന്റെ കരുത്ത്...

അതിശയിപ്പിക്കുന്ന ജീവിതകഥയാണ് ഇടുക്കിയിലെ തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി.തോമസ് – പരേതയായ അന്നക്കുട്ടി ദമ്പതികളുടെ രണ്ടു പെൺമക്കളിൽ ഇളയവളായ ജിലുമോളുടേത്. ഇരുകൈകളുമില്ലാതെ പിറന്ന അവൾ, കരളുറപ്പിന്റെ ബലത്തിൽ സ്വപ്നങ്ങൾ എത്തിപ്പിടിച്ച കഥ.

കൈകളില്ലാത്ത കുഞ്ഞ്

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ 1991 ഒക്ടോബർ 10നാണ് ഞാൻ ജനിച്ചത്. പിറന്നുവീണപ്പോൾ ഇരുകൈകളും ഇല്ലായിരുന്നു. തോൾഭാഗത്തു വച്ച് കൈകളുടെ വളർച്ച മുരടിച്ചിരിക്കുന്നു. കാലുകൾ മാത്രം ഇളക്കി മമ്മിയോടു ചേർന്നുകിടന്ന എന്നെ ബന്ധുക്കളും നഴ്സുമാരും സഹതാപത്തോടെ നോക്കി. എല്ലാം വിധി എന്നുപറഞ്ഞ് പപ്പ തളർന്നിരിക്കുമ്പോൾ, പ്രസവമെടുത്ത ഡോക്ടർ ആഗ്നസ് അടുത്തെത്തി പറഞ്ഞു: ‘കുഞ്ഞിനെ എനിക്കു തരിക, അവളെ ഞാൻ വളർത്തിക്കോളാം’. ഇല്ല എന്നായിരുന്നു പപ്പയുടെ കണ്ണീർ പടർന്ന മറുപടി.  

ഞാൻ എന്ന ‘പ്രശ്നം’

കൈകളില്ലാത്ത കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന ആലോചനയായിരുന്നു വീട്ടുകാർക്ക്. അനാഥാലയത്തിലാക്കണം എന്ന അഭിപ്രായം ഉയർന്നെങ്കിലും മമ്മിക്ക് എന്നെ പിരിയാൻ കഴിയില്ലായിരുന്നു.  

jilu-flower

ഒരുനാൾ മുത്തശ്ശി അന്നമ്മ അടുത്തുവിളിച്ച് അടുക്കിവച്ചിരുന്ന പുസ്തകങ്ങൾ കാലു കൊണ്ടു തട്ടിമറിച്ചു നിലത്തിട്ടു ചവിട്ടിക്കാണിച്ചു. പിന്നെ കാൽവിരലുകൾ കൊണ്ടു പുസ്തകങ്ങൾ ഒന്നൊന്നായി എടുത്ത് അടുക്കിവച്ചു. പലവട്ടം ഇത് ആവർത്തിച്ചപ്പോൾ എന്റെ കാലുകൾ പുസ്തകങ്ങളിലേക്കു നീണ്ടു. 

എനിക്കു നാലര വയസ്സുള്ളപ്പോൾ മമ്മി കാൻസർ ബാധിച്ചു മരിച്ചു.  ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പരാധീനതയും മൂലം വേണ്ടരീതിയിൽ പരിചരിക്കാൻ കഴിയാതെ വന്നപ്പോൾ, ചങ്ങനാശേരിക്കടുത്ത് ചെത്തിപ്പുഴ മേഴ്സി ഹോമിലെ കന്യാസ്ത്രീകളുടെ പക്കൽ പപ്പ എന്നെ ഏൽപിച്ചു. ഭിന്നശേഷിയുടെ ലോകത്തുള്ളവർ എനിക്കു സ്വാഗതമോതി. 

കല്ലുപെൻസിൽ കാലിൽ തിരുകി..

കൈകളില്ലാത്ത എന്നെ അക്ഷരം പഠിപ്പിക്കുകയായിരുന്നു മേഴ്സി ഹോമിലെ സിസ്റ്റർമാരുടെ ദൗത്യം. കാലുകൾ കൈകളാക്കണം എന്ന ഉപദേശമാണ് സിസ്റ്ററമ്മയായ മരിയല്ല നൽകിയത്. വലതുകാൽ വിരലുകൾക്കിടയിൽ കല്ലുപെൻസിൽ തിരുകിവച്ച് സ്ലേറ്റിൽ ഞാൻ ആദ്യാക്ഷരം കുറിച്ചപ്പോൾ എല്ലാവർക്കും അദ്ഭുതം. കല്ലുപെൻസിൽ കാൽവിരലിൽ മുറുകെപ്പിടിച്ച് ഞാൻ ചിത്രങ്ങൾ വരച്ചുകൂട്ടി.  വർക് ബുക്കിലും കഥാപുസ്തകത്തിന്റെ മാർജിനിലും പേന കൊണ്ടു ചിത്രങ്ങൾ കുത്തിവരച്ചപ്പോൾ, സിസ്റ്റർമാർ സ്കെച്ച് പെന്നും ക്രയോൺസും സമ്മാനിച്ചു. നിറക്കൂട്ടു കുടഞ്ഞിട്ടപ്പോൾ കടലാസിലെ കഥാപാത്രങ്ങൾ എന്നെ നോക്കി കൈവീശി. എല്ലാ മത്സരങ്ങളിലും ഞാൻ ഒന്നാമതായി. ഒന്നു മുതൽ നാലു വരെ പാറേൽ ജെഎം എൽപിഎസിലും പ്ലസ്ടു വരെ വാഴപ്പിള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിലുമാണു പഠിച്ചത്. കാലുകൾ കൊണ്ട് എഴുതാനും ഭക്ഷണം കഴിക്കാനും മുടി ചീകാനും കണ്ണെഴുതാനും പൊട്ടുതൊടാനും വരെ പഠിപ്പിച്ചത് മേഴ്സി ഹോമിലെ സിസ്റ്റമ്മമാരാണ്.  

മൗസിലൊരു ‘കാൽപ്പെരുമ’

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കംപ്യൂട്ടറിൽ തൊട്ടത്. പഠിച്ചേ അടങ്ങൂ എന്നു മനസ്സു പറഞ്ഞു. കാൽകൊണ്ട് ഞാൻ മൗസിൽ ആദ്യമായി ക്ലിക് ചെയ്തു. ഒരു മാസത്തിനുള്ളിൽ മറ്റുള്ളവരെക്കാളും സ്പീഡ് എനിക്കായി. കംപ്യൂട്ടർ അധ്യാപിക എത്താൻ വൈകുമ്പോൾ, കൂടെയുള്ളവർക്ക് ‘ക്ലാസെടുക്കുന്നതും’ ഞാൻ തന്നെ. 

പഠിച്ചുയരണമെന്നായിരുന്നു മോഹം. ഒപ്പമുണ്ടായിരുന്ന ചിലർ നിരാശപ്പെടുത്തിയെങ്കിലും തോൽക്കാൻ തയാറായിരുന്നില്ല. വാക്കുകളാൽ പലരും മുറിപ്പെടുത്തിയെങ്കിലും ഞാൻ വീണുപോയില്ല. 88% മാർക്കോടെ എസ്എസ്എൽസി പാസായപ്പോൾ ആത്മവിശ്വാസം നാലിരട്ടിയായി. നല്ല മാർക്കോടെ പ്ലസ്ടുവും വിജയിച്ചപ്പോൾ, ഇനിയെന്ത് എന്നതായിരുന്നു മുന്നിലെ ചോദ്യം. ഗ്രാഫിക്സ് ഡിസൈനിങ്ങിനോടുള്ള പാഷൻ തന്നെ പ്രഫഷനാക്കാൻ തീരുമാനിച്ചു. ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസിൽനിന്ന് ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക്സ് ഡിസൈനിങ് ഉയർന്ന മാർക്കോടെ വിജയിച്ചു. അതിനു ശേഷം ചങ്ങനാശേരിയിലെ സ്ഥാപനത്തിലും പൈങ്കുളത്തെ സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തു.                                                      

നിയമയുദ്ധം

കാർ ഓടിക്കണം എന്നതായിരുന്നു മറ്റൊരു മോഹം. പക്ഷേ, കൈകളില്ലാതെ എങ്ങനെ വണ്ടിയോടിക്കും എന്ന മറുചോദ്യം എന്നെ കാത്തിരുന്നു. ലേണേഴ്സ് ലൈസൻസ് വിവരങ്ങൾ അന്വേഷിക്കാൻ 2014ൽ തൊടുപുഴ ആർടിഒ ഓഫിസിൽ എത്തിയപ്പോൾ ചിലർ കളിയാക്കി തിരിച്ചയച്ചു. 2018 ജനുവരിയിൽ കുമളി സെന്റ് തോമസ് എച്ച്എസ്എസ് വാർഷികത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ, അന്നത്തെ സ്കൂൾ മാനേജർ ഫാ.തോമസ് വയലുങ്കൽ എന്തെങ്കിലും സ്വപ്നം  ബാക്കിയുണ്ടോ എന്നു വേദിയിൽവച്ചു ചോദിച്ചു. ഡ്രൈവിങ് ലൈസൻസ് എടുക്കണം എന്നായിരുന്നു എന്റെ മറുപടി. വേദിയിലുണ്ടായിരുന്ന ഹൈക്കോടതി അഭിഭാഷകൻ ഷൈൻ വർഗീസ്, ലൈസൻസ് എടുക്കാൻ സഹായിക്കാം എന്ന ഉറപ്പും നൽകി. 

ലേണേഴ്സ് ലൈസൻസിനു ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. അപേക്ഷ സ്വീകരിക്കാൻ മോട്ടർവാഹന വകുപ്പിനോട് കോടതി ഉത്തരവിട്ടു. ഓടിക്കാൻ ഉദ്ദേശിക്കുന്ന കാർ ഓൾട്ടറേഷൻ നടത്തിയ ശേഷം എത്താൻ ആവശ്യപ്പെട്ട് മോട്ടർവാഹന വകുപ്പ് തിരിച്ചയച്ചു. കട്ടപ്പനയിലെ ഹൈറേഞ്ച് ലയൺസ് ടച്ച് ഓഫ് ലൈഫാണ് ഓട്ടമാറ്റിക് കാർ എനിക്കായി സ്പോൺസർ ചെയ്തത്. ആക്സിലറേറ്റർ, ബ്രേക്ക് എന്നിവയുടെ പെഡൽ ഉയർത്തി ഓൾട്ടറേഷൻ ചെയ്തു. കൊച്ചിയിൽ ഞാൻ താമസിക്കുന്ന വൈഡബ്ല്യുസിഎ ഹോസ്റ്റൽ ഗ്രൗണ്ടിൽ സ്വയം ഓടിച്ചു പഠിച്ചു. വലതുകാൽ ഉപയോഗിച്ചു സ്റ്റിയറിങ് നിയന്ത്രിക്കും. വാഹനം സ്റ്റാർട്ടാക്കുന്നതും ഗിയർ ഇടുന്നതും വലതുകാൽ കൊണ്ടാണ്. ആക്സിലേറ്ററും ബ്രേക്കും നിയന്ത്രിക്കുന്നത് ഇടതുകാൽ ഉപയോഗിച്ച്. 

‘കൈകളില്ലാത്ത ഒരാൾക്കും വണ്ടിയുടെ റജിസ്ട്രേഷൻ നടത്തിക്കൊടുക്കില്ല’.... വാഹനത്തിന്റെ റജിസ്ട്രേഷനായി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ കണ്ടപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു. ‘വണ്ടിയിൽ കയറാൻ ആഗ്രഹമാണെങ്കിൽ ഡ്രൈവറെ വച്ച് ഓടിക്കട്ടെ. കൈകൾ ഇല്ലാത്തവൾ വണ്ടി ഓടിക്കണ്ട’– വാഹനം അനുയോജ്യമല്ലെന്നു പറഞ്ഞ് മടക്കിവിട്ടു. വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോൾ, വിഷയം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ടു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രം, സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരിക്കുകയാണിപ്പോൾ. 

അസാധ്യമല്ല, ഒന്നും..

ഡ്രൈവിങ് ലൈസൻസ് ലഭിച്ചാൽ ജിലുമോൾ ചരിത്രത്തിലിടം നേടും. കാലുകൾ കൊണ്ടു വാഹനമോടിക്കുന്ന രാജ്യത്തെയും ഏഷ്യയിലെ തന്നെയും ആദ്യ വനിത, ലോകത്തെ മൂന്നാമത്തെ വനിത തുടങ്ങിയ നേട്ടങ്ങൾ ഈ മിടുക്കിയുടെ പേരിനൊപ്പം എഴുതിച്ചേർക്കപ്പെടും. 

ജിലുവിന്റെ സ്വപ്നങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. സർക്കാർ ജോലി, സ്വന്തമായി ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനം, ഡബ്ബിങ് ആർട്ടിസ്റ്റാവണം....അങ്ങനങ്ങനെ. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക്സ് ഡിസൈനറാണ് ഇപ്പോൾ. തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ വാടകവീട്ടിലാണ് പിതാവും സഹോദരി അനുമോളും താമസിക്കുന്നത്. ജിലുവിനെത്തേടി ജൂനിയർ ഹെലൻ കെല്ലർ, യൂത്ത് ഐക്കൺ അവാർഡ് എന്നിവ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളെത്തി. വേൾഡ് വൈഡ് മൗത്ത് ആൻഡ് ഫുട് പെയിന്റിങ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ അംഗമാണ്. 

‘ഒന്നും അസാധ്യമല്ലെന്നു തിരിച്ചറിയണം. കുറവുകളെ എണ്ണുക, കഴിവുകളെ ധ്യാനിക്കുക. മറ്റുള്ളവരുടെ സഹതാപം കലർന്ന നോട്ടങ്ങളോ സാന്ത്വനവാക്കുകളോ എനിക്കു വേണ്ട. ഏതു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും എല്ലാറ്റിനുമുള്ള ഉത്തരം എനിക്കു ബൈബിളിൽനിന്നു ലഭിക്കാറുണ്ട്’ – ജിലുമോളുടെ വാക്കുകൾ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com