കൊറോണക്കാലത്തെ പ്രണയം

sunday-kadha
വര: അനുരാഗ് പുഷ്കരന്‍.
SHARE

കറുത്ത സംസ്കാരവാഹനം വന്നത് ഹോസ്പിറ്റൽ ദെൽ പ്രാദോയിൽ നിന്നായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച സെന്റ് നിക്കോളാസ് പള്ളിയുടെ വലിയ വാതിൽ ശബ്ദമില്ലാതെ തുറന്ന് വൈദികൻ ഭയത്തോടെ കാറിൽനിന്ന് അകന്നുമാറി നിന്നു. പിന്നെന്തോ ജപിച്ച് കുരിശു വരച്ചു. കാറു നീങ്ങി വൈദികൻ തിരിയുമ്പോഴേക്കും അടുത്ത കാറ് എത്തിക്കഴിഞ്ഞിരുന്നു. നിരന്നുകിടക്കുന്ന സംസ്കാരവാഹനങ്ങൾ. എങ്ങും നിശ്ശബ്ദത. പള്ളിയിൽനിന്നു ദീനമായ മണിശബ്ദം വിലാപംപോലെ അലയടിച്ചു.

ഹോസ്പിറ്റൽ ദെൽ പ്രാദോയിലെ തിളങ്ങുന്ന കണ്ണാടിജനലിലൂടെ ലൂസിയ, പസീയൊ ദെൽ പ്രാദോ മുഴുവൻ കാണുന്നുണ്ടായിരുന്നു. മഡ്രിഡിലെ വിശ്വപ്രസിദ്ധമായ മൂന്നു മഹാമ്യൂസിയങ്ങൾ നിലനിൽക്കുന്ന പ്രദേശമായിരുന്നു അത്. 12–ാം നൂറ്റാണ്ടു മുതൽ 19–ാം നൂറ്റാണ്ടു വരെയുള്ള കലാകാരന്മാരുടെ കലവറ. ഗോൾഡൻ ട്രയാംഗിൾ ഓഫ് ആർട്. ഓരോ ദിവസവും ആയിരക്കണക്കിനു വിനോദസഞ്ചാരികളെയും കലാകാരന്മാരെയും കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്ന ഇവിടത്തെ തെരുവുകൾ ഇന്നു ശൂന്യമായത് അവൾ കണ്ടു. നായ്ക്കൾ യജമാനന്മാരെ കാണാതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു. മനുഷ്യരും വാഹനങ്ങളുമൊഴിഞ്ഞ തെരുവുകൾ പക്ഷികളും മറ്റു ജീവജാലങ്ങളും പിടിച്ചടക്കുന്നത് അവൾ കണ്ടു. പ്രകൃതിക്കു കൂടുതൽ ഉണർവു തോന്നിച്ചു. പരുന്തുകൾ മാലിന്യങ്ങൾ കിട്ടാതെ താഴ്ന്നു പറന്നു. സീബ്രാ ക്രോസിങ്ങിലൂടെ കൂസലില്ലാതെ നടന്ന ഒരു ഉടുമ്പ് ഏതോ കെട്ടിടത്തിലേക്കു കയറിപ്പോയി. ട്രാഫിക് ഐലൻഡിൽ സിംഹങ്ങൾ ഇണ ചേർന്നു. അരയന്നങ്ങൾ ഫുട്പാത്തിലൂടെ താളത്തിൽ നടന്നു.

നിർത്തിയിട്ട മെട്രോ കോച്ചുകളുടെ മുകളിൽ കുരങ്ങന്മാർ ആധിപത്യം സ്ഥാപിച്ച് കളിച്ചുനടന്നു. അമ്മയുടെ വയറ്റിൽ അള്ളിപ്പിടിച്ച കുരങ്ങിന്റെ കുഞ്ഞ് തന്റെ രൂപം മെട്രോ കോച്ചിന്റെ കണ്ണാടിജനാലയിൽ കണ്ടു ഭയന്ന് കൈവിട്ടു താഴെ വീണു. വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ വാഹനങ്ങൾക്കു മേലെ ദേശാടനപ്പക്ഷികൾ വെളുത്ത വിരിപ്പു വിരിച്ചു. പ്രാദോ മ്യൂസിയത്തിനു മുന്നിൽ ഏതോ വിശ്രുതശിൽപി നിർമിച്ച കരിമ്പുലിയുടെ ശിൽപത്തിനരികെ യഥാർഥ കരിമ്പുലി ചേർന്നുനിന്നു.

jayaraj
സ്പെയിനിലെ മഡ്രിഡ് പ്രാദോ മ്യൂസിയത്തിനു മുന്നിൽ സംവിധായകൻ ജയരാജ്.

ഏറ്റവും ഉയരം കൂടിയ സെന്റ് നിക്കോളാസ് പള്ളിയുടെ മുകളിൽ കറുത്ത ചിറകു വിരിച്ച് നഗരം വീക്ഷിക്കുന്ന കഴുകനെ അവൾ ശ്രദ്ധിച്ചു. മനുഷ്യശൂന്യമാകാൻ പോകുന്ന ഈ നഗരത്തിന്റെ ഭാവിയെപ്പറ്റി അവൾ വെറുതേ ചിന്തിച്ചു. എത്ര സുന്ദരമായിരിക്കും ഇവിടം. മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ ഈ നഗരം ഭരിക്കുന്ന നിമിഷം. കാടിന്റെ ശാന്തമായ നിയമം ഈ നഗരത്തിൽ പാലിക്കപ്പെടുന്ന മുഹൂർത്തം. ഓർത്തപ്പോൾ സന്തോഷംകൊണ്ടവൾക്കു ശ്വാസതടസ്സമുണ്ടായി. അതു സന്തോഷം കൊണ്ടല്ല, മറ്റെന്തോ നെഞ്ചിൽ പിടിമുറുക്കിയതുകൊണ്ടാണെന്ന് അവൾക്കറിയാമായിരുന്നു. ഇനി എത്ര ദിവസം കൂടി തനിക്കു ബാക്കിയുണ്ടാകും? അടുത്ത ബെഡിൽ ഇന്നു കിടക്കുന്നവരെ നാളെ കാണുന്നില്ല. അതുകൊണ്ട് ഇപ്പോളവൾ ആരെയും ശ്രദ്ധിക്കാറില്ല. വിശുദ്ധനഗരങ്ങൾ കാണാൻ വരുന്ന വിനോദസഞ്ചാരികളെപ്പോലെ അവർ വന്നു പോകുന്നു. വണിക്കുകൾ അവരുടെ മുഖം ഓർക്കാറില്ലല്ലോ.

അവളുടെ എതിർവശത്തു ജനാലയോടു ചേർന്നുകിടക്കുന്ന ബെഡിൽ പുതുതായി വന്ന മധ്യവയസ്കനെ അവൾ ശ്രദ്ധിച്ചു. അയാൾ നീലക്കണ്ണുകളുള്ളവനായിരുന്നു. ആകെ മൂടിപ്പൊതിഞ്ഞ അയാളുടെ ശരീരത്തിലെ കണ്ണുകൾ അവളെ നോക്കിയത് അവൾക്ക് ഓർമയുണ്ട്.‘ലാസ് വെന്റാസ് എന്ന കാളപ്പോരു നാട്ടിൽനിന്നു വന്ന ചിത്രകാരനാണയാൾ. അന്റോണിയോ.’

കന്യാസ്ത്രീയായ എയ്ഞ്ചല അവളുടെ കാതിൽ പറഞ്ഞു. അയാളുടെ ചിത്രങ്ങൾ പ്രാദോ മ്യൂസിയത്തിൽ ഉണ്ടത്രെ. ലോകപ്രശസ്തനായ ഫ്രാൻസിസ്കോ ഗോയയുടെയും റൂബൻസിന്റെയും തിഷെന്റെയുമൊക്കെ കൂടെ പുതിയ തലമുറയിലെ ഭാഗ്യവാനായ ചിത്രകാരൻ അന്റോണിയോ.

തന്റെ ചിത്രങ്ങൾക്കു മുന്നിലൂടെ ലക്ഷക്കണക്കിനാളുകൾ ആസ്വദിച്ചു കടന്നുപോകുന്നത് അയാൾ സ്വപ്നം കാണുന്നുണ്ടാവണം. അയാളുടെ നീലക്കണ്ണുകൾ മ്യൂസിയത്തിന്റെ വിശാലമായ അങ്കണത്തിലേക്ക് ആഴ്ന്നിറങ്ങിയതുപോലെ നിശ്ചലങ്ങളായിരുന്നു.

‘അയാൾ ഈ മഹാമാരിക്കു മുന്നിൽ തോൽവി സമ്മതിച്ചിരിക്കുന്നു.’ സിസ്റ്റർ എയ്ഞ്ചല പറഞ്ഞു.

‘മരണത്തിനുവേണ്ടി കാത്തുകിടക്കുകയാണ് അയാൾ. എത്ര ശ്രമിച്ചിട്ടും അവന്റെ ശ്വാസഗതി ആരോഗ്യകരമാക്കാൻ കഴിയുന്നില്ല. ഒരാഴ്ചകൊണ്ട് അവനു നഷ്ടപ്പെട്ട നാലു കുടുംബാംഗങ്ങളുടെ ചിത്രം അവന്റെ ഫോണിൽ കണ്ടു.’

‘എന്തു പറഞ്ഞാണയാളെ ആശ്വസിപ്പിക്കുക? എങ്ങനെയാണയാളെ രക്ഷിക്കുക?’

ലൂസിയ, സിസ്റ്റർ എയ്ഞ്ചലയോടു ചോദിച്ചു. എയ്ഞ്ചല ചിരിച്ചു.

‘നിന്റേതുപോലെ തോൽക്കാൻ സമ്മതിക്കാത്തൊരു മനസ്സുണ്ടായിരുന്നെങ്കിൽ നമുക്കു രക്ഷിക്കാമായിരുന്നു.’

കവിളിൽ തലോടി അതു പറയുമ്പോൾ ദിവസങ്ങളോളം ഉറങ്ങാത്തതിന്റെ കറുത്ത ചായങ്ങൾ എയ്ഞ്ചലയുടെ കൺതടങ്ങളിൽ നിഴൽ വരച്ചിരുന്നു.

‘സിസ്റ്റർ ഇന്നെത്ര പേര്?’

‘വേണ്ടാത്തതൊന്നും ചോദിക്കണ്ട.’

എയ്ഞ്ചല ദേഷ്യം നടിച്ചു.

‘വെറുതേ. പ്ലീസ്.’

‘‘ഇന്നലത്തെക്കാൾ പതിനഞ്ചു പേർ കൂടുതൽ.’

‘നാനൂറ്റിമുപ്പത്തേഴ് പേരോ?’

ലൂസിയ അദ്ഭുതപ്പെട്ടു.

‘അപ്പൊ മഡ്രിഡിൽ ഇന്നുവരെ 2757 മരണം. ഇത്രയും കാലം നാമെന്താണു കണ്ടുപിടിച്ചത്? വൈദ്യശാസ്ത്രം ഒരു ചെറു വൈറസിനു മുന്നിൽ തലകുനിക്കുന്നോ?’

ഡോക്ടർ വിളിച്ചിട്ട് സിസ്റ്റർ പോയപ്പോൾ ലൂസിയ വെറുതേ ചിന്തിച്ചു. അപ്പോഴും ചിത്രകാരൻ പ്രാദോ മ്യൂസിയം നോക്കി കിടക്കുകയായിരുന്നു.

സിസ്റ്റർ എയ്ഞ്ചല മടങ്ങിവന്നത് നിറഞ്ഞ കണ്ണുകളോടെയാണ്. മരണം അവൾക്കു ചുറ്റും മഞ്ഞുമഴ പോലെ പൊഴിഞ്ഞുവീഴുമ്പോഴും കാണാത്ത വേദന എന്തേ അവൾക്കിപ്പോൾ?

‘വേറെ വെന്റിലേറ്ററില്ല. വയസ്സായ രോഗിയുടെ വെന്റിലേറ്റർ കട്ട് ചെയ്ത് ഒരു മധ്യവയസ്കനു വയ്ക്കണം. ഡോക്ടർ പറഞ്ഞിരിക്കുന്നു. എനിക്കതിനു വയ്യ, ലൂസിയാ. നമ്മുടെ നാട്ടിലാണേ നമ്മളിങ്ങനെ ചെയ്യുവോ? ചെലപ്പോ രണ്ടു ദിവസം കഴിഞ്ഞാൽ ആ വയസ്സന്റെ രോഗം ഭേദമാകും. നല്ല ഇംപ്രൂവ്മെന്റുണ്ട്. പറഞ്ഞാൽ കേൾക്കണ്ടേ? പ്രായം മാത്രമേ അവർക്കു നോട്ടമുള്ളൂ.’

ലൂസിയ അവളുടെ കൈയിൽ പിടിച്ചു. എന്തോ തീരുമാനിച്ചുറച്ചപോലെ എയ്ഞ്ചല പറഞ്ഞു: ‘ഞാനിപ്പൊ വരാം, മോളെ.’

സിസ്റ്റർ എയ്ഞ്ചല വയോധികനായ രോഗിയുടെ മുന്നിൽ ചെന്നപ്പോൾ അയാൾ ചിരിച്ചു. അവൾ ചിരി വരുത്തി. ദയനീയമായി അയാളുടെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകൾ അവളെ നോക്കി യാചിക്കുന്നതുപോലെ. വെന്റിലേറ്റർ കട്ട് ചെയ്താൽ ഏതാനും മിനിറ്റുകൾക്കകം ഈ കണ്ണുകൾ നിശ്ചലമാകും. അതവൾ ചിന്തിച്ചു. പിന്നെ മെല്ലെ വെന്റിലേറ്റർ ഡിസ്കണക്ട് ചെയ്യുമ്പോൾ അവൾ നാട്ടിലെ വല്യപ്പച്ചനെ ഓർത്തു. കണ്ണുകൾക്കതേ ഛായ. ‘കർത്താവേ എന്നോടു പൊറുക്കേണമേ.’

മറ്റൊരു ജീവൻ നിലനിർത്താനാണല്ലോ എന്ന ആശ്വാസം കടമെടുത്തവൾ തിരിഞ്ഞു നടന്നു. വൃദ്ധന്റെ കൈകൾ അവളുടെ തിരുവസ്ത്രത്തിലെ കുരിശിൽ അള്ളിപ്പിടിച്ചു. തിരിഞ്ഞുനോക്കുമ്പോൾ കാനില കുത്തിയ കൈ മെല്ലെ ഉയർത്തി അവളെ അനുഗ്രഹിക്കുന്നു. വിറയ്ക്കുന്ന കൈയവൾ മുഖത്തു ചേർത്തു പറഞ്ഞു:

‘ഫൊർഗിവ് മീ.’

∙∙∙

‘അന്റോണിയോ, നിന്റെ പെയ്ന്റിങ്ങുകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. നീയെവിടെയാണ്? എനിക്കു നിന്നോടു നന്ദി പറയണം. ആത്മഹത്യ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട് വെറുതേ കയറിയതായിരുന്നു പ്രാദോ ആർട് ഗാലറിയിൽ. ലോക പ്രശസ്തരുടെ ഒരു ചിത്രവും എന്നെ സ്പർശിച്ചില്ല. അതിന്റെയൊക്കെ സൗന്ദര്യം എന്നെ കൂടുതൽ ഡിപ്രഷനിലേക്കു നയിച്ചതേയുള്ളൂ. പക്ഷേ, നിന്റെ പെയ്ന്റിങ് എന്റെ നിരാശകളെ തകർത്തെറിഞ്ഞു. എന്നിൽ അതുല്യമായ പ്രതീക്ഷകൾ നിറച്ചു. ഞാൻ നിന്നെ ഒന്നു കണ്ടോട്ടെ? ആ വിരലുകളിൽ ഒന്നു ചുംബിച്ചോട്ടെ?’. ഒരു ആരാധിക.

സിസ്റ്റർ എയ്ഞ്ചല അന്റോണിയോയുടെ ഫോണിൽ വന്ന മെസേജ് വായിച്ചുതീർത്തപ്പോൾ, അവന്റെ കണ്ണുകൾ പ്രാദോ മ്യൂസിയത്തിൽതന്നെ പറ്റിപ്പിടിച്ചിരുന്നെങ്കിലും അതു നിറയുന്നുവെന്ന് അവൾക്കു മനസ്സിലായി.

‘ഞാനെന്തു മറുപടി ടൈപ് ചെയ്യണം?’

അവൻ മിണ്ടിയില്ല. അവളെ അത്രമാത്രം സ്വാധീനിച്ച ആ പെയ്ന്റിങ് എത്ര സുന്ദരമായിരിക്കും!

‘ഒരു നന്ദിവാക്കെങ്കിലും അവൾക്കെഴുതേണ്ടേ?’

അവനൊന്നും മിണ്ടിയില്ല. സിസ്റ്റർ എഴുന്നേറ്റു നടക്കാൻ തുനിയുമ്പോൾ അവൻ വിളിച്ചു:

‘സിസ്റ്റർ.’

എയ്ഞ്ചല ആകെ സന്തോഷവതിയായി. മൂന്നു ദിവസമായി ചലനമില്ലാതെ കിടക്കുന്ന ഒരു രോഗി തന്നെയൊന്നു വിളിച്ചല്ലോ.

‘പറയൂ, അന്റോണിയോ, അവൾക്കൊരു നന്ദിക്കുറിപ്പെഴുതട്ടേ?’

അവൻ തലയാട്ടി. അതു കേൾക്കാത്ത താമസം സിസ്റ്റർ ഫോൺ കയ്യിലെടുത്തു. അവൻ പറഞ്ഞു, അവനുവേണ്ടി അവൾ ടൈപ് ചെയ്തു.

ലൂസിയ വായിച്ചു:

‘പ്രിയപ്പെട്ട ആരാധികേ, നീ ആരാണ്? എന്റെ ചിത്രം നിന്റെ ജീവൻ നിലനിർത്തിയെന്നോ? അതെങ്ങനെ സത്യമാകും? നിന്റെ വാക്കുകൾ എന്നെ ഉണർത്തുന്നു. നന്ദി ഞാനാണു പറയേണ്ടത്. സ്നേഹത്തോടെ, അന്റോണിയോ.’

പതുക്കെപ്പതുക്കെ ലൂസിയ അവൻ ടൈപ് ചെയ്തതു വായിക്കുമ്പോൾ എയ്ഞ്ചല അടുത്തുണ്ടായിരുന്നു. മറുപടി ലൂസിയ വേഗം ടൈപ്പ് ചെയ്തു.

‘അന്റോണിയോ, പ്രിയപ്പെട്ടവനേ, എന്റെ വാക്കുകൾ നിന്നെ ഉണർത്തുന്നുവെന്നോ? ഞാൻ നിന്റെ നാട്ടിൽനിന്ന് എണ്ണായിരം കിലോമീറ്റർ ദൂരെ ലോകത്തിലെ ഏറ്റവും സുന്ദരമായ കായലോരത്തു നിന്നാണ് എഴുതുന്നത്. മഴയും നിലാവും തോണികളും ഈ കായലോരത്തെ സ്വർഗമാക്കുന്നു. നീ ഇവിടെ വരുന്നതും കാത്തുകാത്ത് ഞാനിവിടെയുണ്ടാവും. മഡ്രിഡിൽവച്ച് നിന്റെ ചിത്രം എനിക്കു നൽകിയ പുനർജന്മം എന്നെ എന്റെ ജന്മനാട്ടിലേക്കെത്തിച്ചു. ആദ്യമായി നിന്നെ കാണുന്നത് ഈ മനോഹര തീരത്തുതന്നെ വച്ചാവണമെന്നതു ഞാനാഗ്രഹിക്കുന്നു.നിന്റെ വരവിനായ് കാത്തിരിക്കുന്ന ആരാധിക.’

വായിച്ചു തീർത്ത് സിസ്റ്റർ എയ്ഞ്ചല അവന്റെ മുഖത്തേക്കു നോക്കി. അവൻ പ്രസന്നവദനനായി കാണപ്പെട്ടു.

‘പറയൂ, ഞാൻ ടൈപ് ചെയ്യാം.’

അവൻ ഫോണിനായി കൈ നീട്ടി. ഫോൺ കൊടുക്കുമ്പോൾ അദ്ഭുതം പോലെ അവനിൽ പ്രവർത്തിക്കുന്ന പ്രണയമെന്ന വികാരത്തെക്കുറിച്ചവൾ ചിന്തിച്ചു. അവൻ ടൈപ് ചെയ്യുന്നതു സിസ്റ്റർ നോക്കിയിരുന്നു. അവന്റെ ശ്വാസഗതി നേരെയായി വരുന്നതുപോലെ.

‘പ്രിയ ആരാധികേ, അതിസുന്ദരമായ കായലോരം എന്റെ മനസ്സിലിപ്പോൾ തെളിയുന്നു. കായൽപരപ്പിൽ പെയ്യുന്ന മഴത്തുള്ളികൾ എനിക്കു കാണാം. നിലാവു പരക്കുന്ന കായലിൽ വഞ്ചികൾ നിറമില്ലാതൊഴുകുന്നതു ഞാൻ കാണുന്നു. നിന്നെയും എനിക്കിപ്പോൾ കാണാം. നിലാവിന്റെ സ്വർണനൂലുകൾ നിന്റെ മുഖത്തു വരയ്ക്കുന്ന ചിത്രങ്ങളും എനിക്കിപ്പോൾ കാണാം. പ്രിയേ, ഞാനിന്നൊരു കോവിഡ് ബാധിതനാണ്. എന്റെ പ്രിയപ്പെട്ടവരെല്ലാം എന്നെ ഒറ്റയ്ക്കാക്കി പോയ്ക്കഴിഞ്ഞു. ഞാനീ ശ്മശാനഭൂവിൽ മരണത്തെ മാത്രം കാത്തു കിടക്കുന്നു. എന്നെത്തേടി നീയെത്താനെന്തേ വൈകി?

സ്നേഹത്തോടെ, അന്റോണിയോ.’

ലൂസിയയുടെ കണ്ണു നിറഞ്ഞത് എയ്ഞ്ചല കണ്ടു.

‘നിന്റെ വാക്കുകൾ അവനിൽ എത്രമാത്രം മാറ്റം വരുത്തിയിരിക്കുന്നു, ലൂസിയാ. പ്രാർഥനയെക്കാൾ രോഗം ഭേദമാക്കാനുള്ള ശക്തി പ്രണയത്തിനുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. നീയുമവനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു, അതല്ലേ ശരി?’

ചിരിച്ചുകൊണ്ടവൾ തലയാട്ടി, എയ്ഞ്ചല അവളെ കെട്ടിപ്പിടിച്ചു.

‘എൻ പ്രിയനേ, ഇനി ഞാൻ അന്റോണിയോയെ അങ്ങനെ വിളിക്കട്ടേ? അറിയാതെ ‍ഞാൻ നിന്നിൽ അനുരാഗവതിയായിത്തീർന്നിരിക്കുന്നു. നീ മരിക്കില്ല. എനിക്കുറപ്പുണ്ട്. എന്നെ ഒരുവട്ടമെങ്കിലും കാണാതെ നിനക്കതിനു സാധിക്കില്ല. ആരും നിനക്കു നഷ്ടപ്പെട്ടിട്ടില്ല. അന്റോണിയോ, ‍ഞാൻ നിന്നെ പ്രണയിക്കുന്നു. ഇപ്പോൾ എന്റെ മനസ്സിൽ നിന്റെ പെയ്ന്റിങ്ങുകളില്ല. നീ മാത്രം. ഞാൻ നിന്റെ വരവിനായി കാത്തിരിക്കട്ടെ. ഇപ്പോൾ ഇവിടെ നിലാവിൽ തോണികളിൽനിന്നു തെളിയുന്ന മഞ്ഞവെളിച്ചം എനിക്കു കാണാം. ആ വെളിച്ചത്തുണ്ടുകൾ കായൽ ഏറ്റുവാങ്ങുന്നു. ആകാശവും കായലും വേർതിരിക്കാനാവാത്ത നീലനിറം. അതിലെ മഞ്ഞവെളിച്ചത്തുണ്ടുകൾ നമ്മുടെ പ്രണയമാണ്. അത് ഇളകുമ്പോൾ ഞാൻ നിന്നെ ഓർമിക്കുന്നു. ഈ മനോഹരതീരത്ത് ഒരു ജന്മം മുഴുവൻ ഞാൻ നിനക്കു വേണ്ടി കാത്തിരിക്കും.

നിന്റെ പ്രണയിനി.’

അന്റോണിയോയുടെ മുഖം മഞ്ഞനിറമാകുന്നതു സിസ്റ്റർ കണ്ടു.

‘ഒന്നുകൂടി വായിക്കൂ, സിസ്റ്റർ.’

പലവട്ടം വായിച്ചു കേട്ടപ്പോഴേക്കും അവനിൽ പ്രണയത്തിന്റെ അസ്വസ്ഥത പടരുന്നതു സിസ്റ്റർ കണ്ടു.

‘വേഗം മറുപടി എഴുതണം.’

അവൻ ധൃതിവച്ചു.

‘എന്റെ പ്രിയതമേ, ഞാനും നിന്നെ അങ്ങനെ വിളിക്കട്ടെ. നീയെന്റെ ആരാധികയല്ല, പ്രണയിനിയാണെന്നു ഞാൻ മനസ്സിലാക്കുന്നു. എനിക്കു ജീവിക്കണം. നിന്നെ ഒരുവട്ടം കാണാനായിട്ടെങ്കിലും എനിക്കു ജീവിച്ചേ മതിയാവൂ. ഞാൻ വരും. നിന്റെ പ്രണയമാകുന്ന നീലക്കായൽ വിശാലതയിലെ മഞ്ഞ വെളിച്ചമായ് ഞാൻ നിന്നരികിലെത്തും. എന്റെ നെഞ്ചിൽ പടർന്നിറങ്ങിയ രോഗത്തെ എനിക്കു തെല്ലും ഭയമില്ല. നിന്റെ മുഖമെനിക്കു കാണണമെന്നും പേരെന്തെന്നറിയണമെന്നും അടങ്ങാത്ത മോഹമുണ്ട്. നിന്നെക്കാണാതെ, നിന്റെ നാട് കാണാതെതന്നെ ഞാനൊരു ചിത്രം വരയ്ക്കും. നീ എന്നെ കാത്തിരിക്കുന്ന ചിത്രം.

എനിക്കു ജീവൻ തിരിച്ചുതന്ന പ്രണയിനിക്ക്, സ്നേഹത്തോടെ, അന്റോണിയോ.’

ടൈപ് ചെയ്തു കഴിഞ്ഞ് എയ്ഞ്ചലയെ നോക്കി അന്റോണിയോ ചിരിച്ചു. ഒരുപക്ഷേ, ആദ്യമായി.

‘എനിക്കു സുഖം തോന്നുന്നു.’

ഇപ്പോൾ സന്തോഷംകൊണ്ടു കണ്ണു നിറഞ്ഞതു സിസ്റ്റർ എയ്ഞ്ചലയുടേതായിരുന്നു.

സിസ്റ്റർ എയ്ഞ്ചല ലൂസിയയുടെ ബെഡിനടുത്തെത്തി. അവളുറങ്ങുകയായിരുന്നു. പിടിവിടാതെ കൈയിൽ ഒതുക്കിയ ഫോണിൽ അന്റോണിയോയുടെ പ്രണയലേഖനം കാത്തുകിടക്കുന്നുണ്ടായിരുന്നു. എയ്ഞ്ചല അവളെ വിളിച്ചു.

‘ലൂസിയാ.’

അവളുണർന്നില്ല. വീണ്ടും വീണ്ടും വിളിച്ചവൾ മോണിറ്ററിലേക്കു നോക്കി. അവളുടെ ചുറ്റും മഞ്ഞുകണങ്ങൾ പൊഴിയുന്നതുപോലെ തോന്നി. മരണത്തിന്റെ മഞ്ഞുകണങ്ങൾ.

ലൂസിയയ്ക്കുവേണ്ടി എയ്ഞ്ചല എഴുതിയ മെസേജ് എയ്ഞ്ചല തന്നെ അന്റോണിയോയെ വായിച്ചു കേൾപ്പിച്ചു.

‘എന്റെ പ്രിയനേ, നിന്റെ വാക്കുകൾ എന്നെ ലഹരി പിടിപ്പിക്കുന്നു. കായലോരത്തെ പാടശേഖരങ്ങളിൽ മുഴുവൻ ചുവന്ന ആമ്പലുകൾ പൂത്തിരിക്കുന്നു. നോക്കെത്താ ദൂരത്തോളം അതിന്റെ ചുവന്ന അതിരുകൾ എനിക്കു കാണാം. അതിൽ മഞ്ഞ ശലഭങ്ങൾ നിറയുന്നതു ഞാൻ കാണുന്നു. നീ ഒരു കൊച്ചു തോണി തുഴഞ്ഞുവരുന്നത് എനിക്കു കാണാം. നിനക്കു ചുറ്റും ശലഭങ്ങൾ നിറയുമ്പോൾ ഞാനിക്കരെ കാത്തിരിക്കുന്നുണ്ടാവും. എത്രയും വേഗം വരൂ, എന്റെ പ്രിയനേ.

നിന്റെ പ്രണയിനി.’

സിസ്റ്റർ അതു വായിക്കുമ്പോൾ അന്റോണിയോ പാതി ചാരിയിരിക്കുന്ന അവസ്ഥയിലായിരുന്നു.

‘അവൾ നിന്റെ നാട്ടുകാരിയാണെന്നെനിക്കു തോന്നുന്നു. രോഗം മാറിയാൽ എത്രയും പെട്ടെന്ന് എനിക്കവളെ കാണണം. ഫോൺ ഇങ്ങ് തരൂ. ഞാൻ മറുപടിയെഴുതട്ടെ.’

അന്റോണിയോ ടൈപ് ചെയ്യുമ്പോൾ സിസ്റ്റർ പുറത്തു പ്രാദോ മ്യൂസിയത്തിലേക്കു നോക്കി. ഹൃദയത്തിൽ അമൂല്യങ്ങളായ പെയിന്റിങ്ങുകൾ സൂക്ഷിച്ചു പ്രാദോ മ്യൂസിയം കാത്തിരുന്നു. സന്ദർശകർ വീണ്ടും നിറയുന്ന കാലം. 

ഹോസ്പിറ്റൽ ദെൽ പ്രാദോയിൽനിന്നു വന്ന കറുത്ത സംസ്കാര കാറുകളുടെ നിരയിലൊന്നിൽ ലൂസിയയുടെ വിറങ്ങലിച്ച ശരീരമുണ്ടായിരുന്നു. കറുത്ത വാഹനം പോയ വഴികളിൽ അരയന്നങ്ങൾ നിറഞ്ഞിരുന്നു. കടന്നുപോകുവാൻ അവ വഴിമാറി. ചിറകുകൾ വിടർത്തിക്കുടഞ്ഞ് അവ വിടചൊല്ലി.

പ്രാദോ മ്യൂസിയത്തിന്റെ മുന്നിൽ മയിലുകൾ നിറഞ്ഞുനിന്നു പീലി വിടർത്തിയാടി. പോരിനായി വളർത്തിയ കാളക്കൂറ്റന്മാർ ചുവന്ന പൂക്കൾ കുത്തിമറിച്ചു മദിച്ചു നടക്കുന്നുണ്ടായിരുന്നു. ദേവാലയങ്ങൾ ശൂന്യമായിരുന്നു. എവിടെനിന്നോ കടവാവലുകൾ കൂട്ടത്തോടെ പറന്ന് അൾത്താരകൾ വീണ്ടെടുത്തു. പശുക്കൾ മേഞ്ഞ പുൽമേടുകൾ ശ്മശാനങ്ങളായിക്കൊണ്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA