ADVERTISEMENT

മാനവികത കൊണ്ടും സാഹസികത കൊണ്ടും കൊറോണയെ വരെ തോൽപിച്ച് ഒരു ജീവൻ രക്ഷിച്ച കഥയാണിത്. ഇതുവരെ കാണാത്ത, പരിചയമില്ലാത്ത, ഒരു രോഗിക്ക് വേണ്ടി രക്തമൂലകോശം ദാനം ചെയ്ത ഹിബയും 13 മണിക്കൂർ യാത്ര ചെയ്തു കൃത്യസമയത്ത് മൂലകോശങ്ങൾ ചെന്നൈയിൽ എത്തിച്ച ഉദയനും അവരെ സഹായിച്ച  കുറെ മനുഷ്യരും... ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾ തീരുമാനിച്ചെങ്കിൽ കൊറോണയും ലോക്ഡൗണും ഒന്നും തടസ്സമാകില്ലെന്ന് വ്യക്തമാക്കുന്നു ഈ കഥ...

എറണാകുളം സെന്റ് തെരേ സാസ് കോളജിലേക്ക് ദാത്രി സംഘടനയിലെ വൊളന്റിയർമാർ ബോധവൽക്കരണത്തിനായി എത്തിയ ഒരു സാധാരണ ദിവസം. ഹിബയെന്ന പതിനെട്ടുകാരി പതിവുപോലെ കോളജിലെത്തി. രക്തമൂലകോശ ദാതാക്കളുടെ റജിസ്റ്ററിയായ ദാത്രിയുടെ ക്ലാസ് കേട്ടപ്പോൾ ബികോം ഒന്നാം വർഷക്കാരിയായ ഹിബയ്ക്ക് കൗതുകം. കവിളിലെ കുറച്ചു കോശങ്ങളല്ലേ കൊടുക്കേണ്ടൂ. സൂചി കുത്തുന്ന വേദന ഒന്നുമില്ലല്ലോ.

മൂലകോശം ദാനം ചെയ്യാൻ ഇത്ര പണി കുറവാണെങ്കിൽ ദാതാവാകാൻ എന്തിനു മടിക്കണം? റജിസ്റ്റർ ചെയ്തു പുറത്തിറങ്ങുമ്പോൾ കൂട്ടുകാരിയോടു ചിരിച്ചുകൊണ്ടു ഹിബ ചോദിച്ചു; എന്റെ കോശങ്ങൾ ആർക്കെങ്കിലും മാച്ച് ആയാലോ? അന്നതു തമാശ മട്ടിൽ പറഞ്ഞതാണെങ്കിലും കൃത്യം അഞ്ചു മാസം കഴിഞ്ഞു ഹിബയെത്തേടി ഒരു ഫോൺ കോൾ. ചെന്നൈയിലെ ഒരു പത്തൊൻപതുകാരനു ജീവൻ നിലനിർത്തണമെങ്കിൽ ഹിബയുടെ രക്തമൂലകോശങ്ങൾ കൂടിയേ തീരൂ. മൂലകോശങ്ങൾ ദാനം ചെയ്യാൻ തയാറാണോ? സമ്മതം അറിയിച്ചു. ആ സമ്മതത്തിനു സാഹസികതയുടെ പരിവേഷം നൽകിയതാകട്ടെ, കൊറോണ വൈറസും!

‘ഹിബ’യായി ഹിബ

ഹിബ എന്ന വാക്കിന്റെ അർഥം തന്നെ ദാനം എന്നാണ്. ചെന്നൈയിലെ രക്താർബുദരോഗിയായ പത്തൊൻപതുകാരനു ഹിബ തന്നെ ഒരു ദാനമായിരുന്നു. അവന്റെ ജീവൻ നിലനിർത്താനായി ഡോക്ടർമാർ വിധിച്ച രക്തമൂലകോശദാനം എന്ന അവസാന പ്രതീക്ഷയാണ് ഹിബ അവനു ദാനമായി നൽകിയത്. ‘‘കോശങ്ങൾ മാച്ച് ആയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി.

സമ്മതം പറയാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ, വീട്ടുകാരെ സമ്മതിപ്പിക്കാൻ കുറച്ചു പാടുപെട്ടു’’ –ഹിബ പറയുന്നു. പിന്നെ അവരും നല്ല പിന്തുണ നൽകി. അതുകൊണ്ടാണ് കൊറോണ ഭീതി വിതച്ച സമയത്തും കാര്യങ്ങളെല്ലാം എളുപ്പത്തിൽ നടന്നത്’’. എറണാകുളം പുല്ലേപ്പടി സ്വദേശി എ.എം. ഷമറിന്റെയും പി. എം.സീനത്തിന്റെയും മകളായ ഹിബ, കേരളത്തിൽ നിന്നു രക്തമൂലകോശം ദാനം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ്.

കൊറോണയാണ് എങ്ങും

രക്തമൂലകോശ ദാനം എന്നതു ചെറിയ കാര്യമല്ല. മൂലകോശദാനത്തിനു ജനിതക സാമ്യം നിർണയിക്കുന്ന പരിശോധനാ ഫലം ലഭിക്കാൻ 8 മുതൽ 10 ആഴ്ച വരെ വേണം. ദാതാവിനും സ്വീകർത്താവിനും സമ്മതമാണെന്ന് ഉറപ്പാക്കിയിട്ടേ തുടർനടപടി സ്വീകരിക്കൂ.

പരിശോധനാ ഫലം സ്ഥിരീകരിക്കുന്നതിനായി സ്വീകർത്താവിന്റെയും ദാതാവിന്റെയും രക്തസാംപിളുകൾ വീണ്ടും ശേഖരിക്കും. തുടർന്നു ദാതാവിന് ആരോഗ്യ പരിശോധന. മജ്ജയിലുള്ള രക്തമൂലകോശങ്ങളെ രക്തത്തിലേക്കു കൊണ്ടുവരുന്നതിനായി കോശം ദാനം ചെയ്യുന്നതിനു മുൻപു തുടർച്ചയായി 5 ദിവസം ഓരോ കുത്തിവയ്പ് എടുക്കുന്നു. സാധാരണ ഇത്തരം കുത്തിവയ്പുകൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാത്തതാണ്. പക്ഷേ, ഹിബയ്ക്കു പനിയും ഛർദിയും ശരീരവേദനയുമൊക്കെ തുടങ്ങി. കൊറോണഭീതി നിലനിൽക്കുമ്പോൾ തന്നെയാണ് ഹിബയ്ക്കു വേണ്ട പരിശോധനകൾക്കും കുത്തിവയ്പിനും മറ്റും ആരോഗ്യപ്രവർത്തകരും വൊളന്റിയർമാരും എത്തിയത്. ഒരുപാടുപേർ ആ പേടി മാറ്റിവച്ച് പ്രവർത്തിച്ചതുകൊണ്ടു മാത്രമാണു മറ്റൊരു ജീവൻ രക്ഷിക്കാനായത്.

ജീവനിലേക്കുള്ള സമയം 

ഒരു ജീവൻ രക്ഷിക്കാനുള്ള സമയമെത്ര? ഉദയനോടാണ് ഈ ചോദ്യമെങ്കിൽ 13 മണിക്കൂർ എന്നായിരിക്കും ഉത്തരം. ഉദയൻ ആ ഉത്തരത്തിലേക്ക് എത്തിയതിനു പിന്നിലെ കഥ ഇങ്ങനെ: കോവിഡ് ഭീതി പടർന്നുകൊണ്ടിരിക്കെ ഇക്കഴിഞ്ഞ മാർച്ച് 24ന് ആയിരുന്നു മൂലകോശം ദാനം ചെയ്യേണ്ടിയിരുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ തയാറെടുപ്പുകളെല്ലാം പൂർത്തിയായി. ദാത്രിയുടെ കേരളത്തിലെ ഡോണർ റിക്രൂട്മെന്റിന്റെയും കൗൺസലിങ്ങിന്റെയും മേധാവിയും കേരളത്തിൽ നിന്നാദ്യമായി മൂലകോശം ദാനം ചെയ്ത വ്യക്തിയുമായ എബി സാം ജോൺ നൽകിയ ധൈര്യത്തിൽ ഹിബ മാതാവ് സീനത്തിനും പിതൃസഹോദരൻ എ.എം.നൗഷറിനും ഒപ്പം ആശുപത്രിയിലെത്തി കോശം ദാനം ചെയ്തു. 

അന്ന് രാത്രിയാണു പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്. കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു.  കോശം ദാനം ചെയ്തെങ്കിലും അതു കൃത്യമായി എത്തിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ..? ചെന്നൈയിലെ രോഗിയുടെ അവസ്ഥയാകട്ടെ വളരെ മോശവും. ഇനി മറ്റൊരു ദിവസം പ്രായോഗികമല്ല. അങ്ങനെയാണ് ദാത്രിയിലെ സന്നദ്ധ പ്രവർത്തകൻ ഉദയൻ ചെന്നൈയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്.

13 മണിക്കൂർ യാത്ര! വിമാനത്തിലാണു സാധാരണയായി ഇത്തരം കോശങ്ങൾ കൊണ്ടുപോകുക. അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിച്ചു പ്രത്യേക പെട്ടിയിലാക്കി വേണം പോകാൻ. റോഡ് വഴി പോകുന്നതു സങ്കീർണമാണ്. പക്ഷേ, വേറെ നിവൃത്തിയില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തി അനുമതി വാങ്ങി പുറപ്പെട്ടു. അനിൽകുമാർ, വിനോദ് എന്നീ രണ്ടു ഡ്രൈവർമാർക്കൊപ്പമാണ് ഉദയൻ തിരിച്ചത്. നല്ല ടെൻഷനുള്ള യാത്ര. കേരളത്തിനു പുറത്തുകടന്നാൽ ഉടനെ തിരിച്ചു വരാ‍ൻ കഴിയുമോ എന്നു പോലും ഉറപ്പില്ല. പക്ഷേ, പൊലീസ് പൂർണ പിന്തുണ നൽകി.

തടയാനാവില്ല ലോക്ഡൗണിനും

‘‘25നു രാവിലെ പതിനൊന്നരയോടെ യാത്ര തിരിച്ചു. പല സ്ഥലങ്ങളിലും കർശന പരിശോധന ഉണ്ടായിരുന്നു. രാത്രി ഒൻപതോടെ ചെന്നൈയിലെത്തി മൂലകോശം സൂക്ഷിച്ച പെട്ടി കൈമാറി. അപ്പോഴാണു ശ്വാസം നേരെ വീണത്. തിരിച്ചു വരുമ്പോഴായിരുന്നു പൊലീസ് പരിശോധന കൂടുതൽ. ചില സ്ഥലങ്ങളിൽ ഒരു മണിക്കൂർ വരെ പിടിച്ചിട്ടു. എങ്കിലും ഒരു ജീവനെക്കുറിച്ചോർത്തപ്പോൾ ലോക്ഡൗണൊക്കെ നിസ്സാരമായി തോന്നി’’. ഡ്രൈവർ അനിൽ കുമാർ പറഞ്ഞു. 

ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ്. ആ ചെറുപ്പക്കാരൻ പൂർണമായും രോഗവിമുക്തി നേടി എന്നറിയാനുള്ള കാത്തിരിപ്പ്. കോവിഡ് നമ്മെ ഭയത്തിന്റെ ഇരുളിലാഴ്ത്തുന്നുണ്ടെങ്കിലും ഹിബയെയും ഉദയനെയും എബിയെയും വിനോദിനെയും അനിൽകുമാറിനെയും പോലുള്ളവർ മനുഷ്യത്വത്തിന്റെ പ്രകാശം പരത്തുന്നു; ഒരു കൊറോണയ്ക്കും തകർക്കാൻ പറ്റാത്ത ഒത്തൊരുമയുടെ പാഠങ്ങൾ രചിക്കുന്നു.

ദാത്രി

രക്തമൂലകോശദാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും വലിയ റജിസ്റ്ററിയാണ് ദാത്രി. നൂറിലധികം മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയെന്ന നിലയ്ക്കാണു രക്തമൂലകോശം മാറ്റിവയ്ക്കൽ (Blood Stem Cell Transplant ) നടത്തുന്നത്. കോശദാനത്തിന് ജനിതക സാമ്യം (Genetic Match) ആവശ്യമാണ്. കുടുംബത്തിൽ നിന്ന് ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 25% മാത്രമായതിനാൽ മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് അന്വേഷിക്കേണ്ടി വരും. ഇതിനുള്ള സാധ്യതയാകട്ടെ, പതിനായിരത്തിൽ ഒന്നു മുതൽ 20 ലക്ഷത്തിൽ ഒന്നു വരെയാണ്. അതായത്, യോജിച്ച മൂലകോശത്തിനായി ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും.  ഇന്ത്യയിലുള്ള ഒരാൾക്ക് ഇവിടെനിന്നു മാത്രമേ, ജനിതക സാമ്യമുള്ള രക്തമൂലകോശം  കിട്ടാനിടയുള്ളൂ എന്ന വസ്തുതയുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com