ADVERTISEMENT

പന്ത്രണ്ടാം വയസ്സിൽ 4 കൊടുമുടികൾ കീഴടക്കിയ മലയാളി പെൺകുട്ടി, കാമ്യ...

യെസ്; നമ്മൾ അതു നേടി! സമുദ്രനിരപ്പിൽനിന്ന് 6960 മീറ്റർ ഉയരത്തിൽ, മൈനസ് 40 ഡിഗ്രി തണുപ്പിൽ മകൾ കാമ്യയെ നെഞ്ചോടു ചേർത്തുവച്ച് കാർത്തികേയൻ അലറി.

തിളങ്ങുന്ന കണ്ണുകളോടെ അച്ഛന്റെ വിരൽപിടിച്ച് അവൾ നിന്നു. കൊടുമുടികൾക്കുമേൽ വിജയക്കൊടി പാറിച്ചവരുടെ പട്ടികയിൽ ആ പേര് വീണ്ടും പതിഞ്ഞു; കാമ്യ കാർത്തിയേകൻ, ഏഴാം ക്ലാസുകാരി; കീഴടക്കിയ കൊടുമുടികൾ 4! ഈ പ്രായത്തിൽ മറ്റൊരു പെൺകുട്ടിക്കും എത്തിപ്പിടിക്കാനാവാത്ത ഉയരം.

സാഹസിക പർവതാരോഹണത്തിൽ ഇന്ത്യയുടെ അഭിമാനമായ ഈ പന്ത്രണ്ടുകാരി മലയാളത്തിനു സ്വന്തം. നാവികസേനയിൽ കമാൻഡറായ പാലക്കാട് സ്വദേശി എസ്.കാർത്തികേയൻ – ലാവണ്യ ദമ്പതികളുടെ ഏക മകൾ.

തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറാൻ ചെറുപ്രായം ചൂണ്ടിക്കാട്ടി അധികൃതർ അനുമതി നിഷേധിച്ചപ്പോൾ കാമ്യയെയും കൊണ്ട് കാർത്തികേയൻ നേരെ പോയത് അർജന്റീനയിലെ കോടതിയിലേക്കാണ്. നിയമപോരാട്ടത്തിനൊടുവിൽ അനുകൂല വിധി. പിന്നാലെ, അച്ഛനൊപ്പം അവൾ കയറി; ദക്ഷിണ അമേരിക്കയിലെ ഏറ്റവും തലയെടുപ്പുള്ള മൗണ്ട് അകോൻകാഗ്വ (6960 മീറ്റർ ഉയരം) യുടെ തുഞ്ചത്തേക്ക്. അവിടെ കാൽ ചവിട്ടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന പെരുമ സ്വന്തം പേരിലെഴുതി. 

ഫെബ്രുവരിയിൽ തന്റെ മൻ കി ബാത് റേഡിയോ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാമ്യയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: നമ്മുടെ പെൺമക്കൾ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ഉദാഹരണം കാമ്യ, മിടുക്കിയാണവൾ!

അച്ഛനൊപ്പം നടന്നവൾ

നാവികസേനയുടെ മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറൻ കമാൻഡിൽ ഉദ്യോഗസ്ഥനായ കാർത്തികേയനോട് കുഞ്ഞുനാളിൽ കാമ്യ ചോദിക്കുമായിരുന്നു: അച്ഛനെന്തിനാ എപ്പോഴും മലകളിലേക്കു പോകുന്നത്? അതിന് അദ്ദേഹം വാക്കുകളിൽ മറുപടി നൽകിയില്ല. പകരം പിന്നീടുള്ള തന്റെ സാഹസിക യാത്രകളിൽ അവളെയും ഒപ്പം കൂട്ടി.

ഇന്ന്, ലോകത്തിലെ 4 ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ കാമ്യ കീഴടക്കിക്കഴിഞ്ഞു. എവറസ്റ്റ് അടക്കം ഏഷ്യ, അന്റാർട്ടിക്ക, വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കൂടി കീഴടക്കിയാൽ, 7 ഭൂഖണ്ഡങ്ങളിലെയും കൊടുമുടികൾ കീഴടക്കുകയെന്ന അപൂർവ നേട്ടം (മൗണ്ടനീയറിങ് ഗ്രാൻ‌സ്ലാം) കാമ്യ സ്വന്തമാക്കും. രണ്ടു വർഷത്തിനകം ആ പെരുമ നേടുകയാണു ലക്ഷ്യം.

വളരണമിവൾ; ആകാശത്തോളം

2015 മുതൽ ഹിമാലയത്തിലെ കൂറ്റൻ മലനിരകൾ കയറാൻ തുടങ്ങിയ കാമ്യയിൽ പർവതാരോഹകയുടെ വീര്യമുണ്ടെന്ന് കാർത്തികേയനും ഭാര്യ ലാവണ്യയും തിരിച്ചറിയുന്നതു 2017ൽ ആണ്. ആ വർഷം ഓഗസ്റ്റിൽ ലഡാക്കിലെ മൗണ്ട് സ്റ്റോക് കാംഗ്രി (6154 മീറ്റർ) ലക്ഷ്യമിട്ട് 3 പേരും കയറി. 6000 മീറ്ററിനു മുകളിലേക്കുള്ള കയറ്റങ്ങൾ പർവതാരോഹകരുടെ കരുത്ത് അളക്കുന്നവയാണ്. ശ്വാസം പോലും കിട്ടാത്ത മരണമേഖലയാണ് അവിടം. ബേസ് ക്യാംപിൽ (4700 മീറ്റർ) നിന്നു തുടർച്ചയായി 19 മണിക്കൂർ നടന്നാണു മുകളിലെത്തിയത്.

മടങ്ങിയെത്തിയ കാർത്തികേയനും ലാവണ്യയും ക്ഷീണം മൂലം തളർന്നിരുന്നപ്പോൾ, കാമ്യ തന്റെ ഇഷ്ടവിനോദമായ സുഡോകു ചെയ്യാൻ തുടങ്ങി. അതുകണ്ടു ഞെട്ടിയ കാർത്തികേയൻ ചോദിച്ചു; 6000 മീറ്ററിനു മുകളിലേക്കു കയറുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡ് നീ സ്വന്തമാക്കിയ കാര്യം അറിയാമോ? ക്ഷീണമൊന്നുമില്ലേ? ഒട്ടും ക്ഷീണമില്ലെന്ന അവളുടെ മറുപടിയിൽ കാർത്തികേയൻ മനസ്സിലുറപ്പിച്ചു: വളരണമിവൾ; ആകാശത്തോളം!

മിഷൻ സാഹസ്

പർവതാരോഹണത്തിൽ മകൾക്കുള്ള അസാമാന്യ മിടുക്ക് മിനുക്കിയെടുക്കാൻ കാർത്തികേയൻ തീരുമാനിച്ചു. വലിയൊരു സ്വപ്നം അവൾക്കു മുന്നിൽ അവതരിപ്പിച്ചു – 7 ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികൾ കീഴടക്കുക, ദക്ഷിണ, ഉത്തര ധ്രുവങ്ങളിലൂടെ സഞ്ചരിക്കുക. ആ സ്വപ്നദൗത്യത്തിന് അദ്ദേഹമൊരു പേരു നൽകി – മിഷൻ സാഹസ്.

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് കിളിമഞ്ചാരോ (5895 മീറ്റർ) 2017ൽ ഒൻപതാം വയസ്സിൽ കാമ്യ കീഴടക്കി. അമ്മ ലാവണ്യയും ഒപ്പമുണ്ടായിരുന്നു. 2018 ജൂണിൽ മൗണ്ട് എൽബ്രൂസ് (യൂറോപ്പ്, 5642 മീറ്റർ), അതേ വർഷം നവംബറിൽ മൗണ്ട് കൊസ്യസ്കോ (ഓസ്ട്രേലിയ, 2228 മീറ്റർ); അത്യുന്നതങ്ങളിലേക്കു കാമ്യ നടന്നുകയറി. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപിലെത്തുന്ന (5600 മീറ്റർ) ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാൾ എന്ന പെരുമയും സ്വന്തമാക്കി.

പരിശീലനത്തിന് ഒരു വർഷം

2018ന്റെ അവസാനം കാമ്യ അടുത്ത ലക്ഷ്യം മനസ്സിൽ കുറിച്ചു – തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും ഉയരത്തിലുള്ള മൗണ്ട് അകോൻകാഗ്വ. മകളുടെ ജീവിതത്തിലെ ഏറ്റവും ദുഷ്കര ദൗത്യമായിരിക്കും അതെന്നു കാർത്തികേയനു ബോധ്യമുണ്ടായിരുന്നു. അതിനാൽ, പരിശീലനത്തിന് ഒരു വർഷം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. 3 കാര്യങ്ങളാണ് അകോൻകാഗ്വ യെ അപകടകാരിയാക്കുന്നത് – വരണ്ട മരുഭൂമി പോലെയാണ് അകോൻകാഗ്വയുടെ പ്രതലം.

3000 മീറ്ററിനു മുകളിൽ വൃക്ഷങ്ങളോ പച്ചപ്പോ ഇല്ല; അതിനാൽ ഓക്സിജന്റെ അളവ് വളരെ കുറവ്. ഭൂമധ്യരേഖയുമായുള്ള സാമീപ്യം മൂലമുള്ള ശക്തമായ വായുമർദം. തൊട്ടടുത്തുള്ള പസിഫിക് സമുദ്രത്തിൽ നിന്നുള്ള ശക്തമായ കാറ്റ്. മലമുകളിലുള്ള അതിശൈത്യ കാലാവസ്ഥയെ ഇത് അപകടകാരിയാക്കും.

മകളുടെ ശാരീരികക്ഷമത ഉയർത്തുന്നതിനുള്ള പരിശീലനത്തിനാണു കാർത്തികേയൻ ഊന്നൽ നൽകിയത്. ഒരു വർഷം നീണ്ട കഠിന പരിശീലനം ഫലം കണ്ടു; ഹിമാലയത്തിലേക്കു നടത്തിയ പരിശീലന മലകയറ്റങ്ങൾ അവൾ നിഷ്പ്രയാസം പൂർത്തിയാക്കി. പിന്നാലെ, അകോൻകാഗ്വ എന്ന വലിയ ദൗത്യത്തിലേക്ക് മകളുടെ കൈപിടിച്ച് കാർത്തികേയൻ ഇറങ്ങി.

കോടതി സമക്ഷം, അർജന്റീനയിൽ

കഴിഞ്ഞ ജനുവരി 2നു രാത്രി അർജന്റീനയിലെത്തി. കൊടുമുടി കയറുന്നതിനുള്ള അനുമതിക്കായി പിറ്റേന്ന് അകോൻകാഗ്വ   ദേശീയോദ്യാന അതോറിറ്റിയിലേക്ക്. അനുമതി നേടി എട്ടാം തീയതി പർവതാരോഹണം ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി എത്തിയ ഇരുവർക്കും മുന്നിൽ അതോറിറ്റി അധികൃതർ കൈമലർത്തി. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പർവതാരോഹണത്തിന് അനുമതി നൽകാനാവില്ല. അനുമതിക്കുള്ള ഏക വഴിയും അവർ പറഞ്ഞു – പർവതാരോഹണത്തിനുള്ള പ്രായപരിധി ഒഴിവാക്കാൻ കോടതിയെ സമീപിക്കുക.

മകൾക്കൊപ്പം കാർത്തികേയൻ നേരെ കോടതിയിലേക്കു നടന്നു. കൊടുമുടി കയറാൻ അനുമതി തേടി ഇന്ത്യയിൽ നിന്നെത്തിയ അച്ഛനെയും മകളെയും കണ്ട് ജഡ്ജി അന്തംവിട്ടു! ഇത്തരമൊരു ഹർജി താൻ ആദ്യമായാണു പരിഗണിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം, അതു മേൽക്കോടതിയുടെ പരിഗണനയ്ക്കു വിട്ടു. പിന്നാലെ, മേൽക്കോടതിയിലെത്തിയ ഇരുവരോടും മെഡിക്കൽ, ശാരീരികക്ഷമതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ നിർദേശം. അവയെല്ലാം സമർപ്പിച്ചപ്പോൾ അടുത്ത നിർദേശം – ഹൃദ്രോഗ വിദഗ്ധൻ, സ്പോർട്സ് മെഡിസിൻ, മനഃശാസ്ത്രജ്ഞൻ എന്നിവരെ കാണുക. അവയെല്ലാം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകളുമായി വീണ്ടും കോടതിയിലെത്തിയ ഇവരെ കണ്ട് ജഡ്ജി വിധിച്ചു – ഈ അച്ഛനും മകൾക്കും മൗണ്ട് അകോൻകാഗ്വ കയറാം.

വീണുടഞ്ഞ സ്വപ്നം

നിശ്ചയിച്ചതിലും 10 ദിവസം വൈകി 17നു രാവിലെ ഇരുവരും അകോൻകാഗ്വയിലേക്കുള്ള ആദ്യ ചുവടു വച്ചു. ഗൈഡിനൊപ്പം ദിവസങ്ങളോളമുള്ള അതികഠിന മലകയറ്റം. മുകളിലേക്കു കയറുന്തോറും കാലാവസ്ഥ പ്രതികൂലമായി. ശരീരം മരവിപ്പിക്കുന്ന ശീതക്കാറ്റ് വീശിയടിച്ചു. രൗദ്രഭാവം കാട്ടിയ പ്രകൃതിക്കു മുന്നിൽ മുട്ടുമടക്കാതെ നിശ്ചയദാർഢ്യത്തോടെ കാമ്യ മുന്നോട്ടു നീങ്ങി.

5800 മീറ്റർ പിന്നിട്ടതോടെ, ഗൈഡ് ഉടക്കി. കാമ്യയെ ഇനി മുന്നോട്ടു നയിക്കാൻ താനില്ലെന്നും തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു. യാത്രയിൽ എപ്പോഴെങ്കിലും കാമ്യ ശ്രമം ഉപേക്ഷിക്കുമെന്നാണു കരുതിയതെന്നും ഇനിയും കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്കാവില്ലെന്നും അറിയിച്ചു. 1000 മീറ്റർ മാത്രമാണു ബാക്കിയുള്ളതെന്നും കൊടുമുടി കീഴടക്കാൻ തന്നെ അനുവദിക്കണമെന്നും കാമ്യ അപേക്ഷിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ഹുങ്കാര ശബ്ദത്തോടെ വീശിയടിച്ച അതിശൈത്യക്കാറ്റിൽ, ഭീമൻ കൊടുമുടിയുടെ വിജനതയിൽ അച്ഛനെ കെട്ടിപ്പിടിച്ച് നെഞ്ചുതകർന്ന് അവൾ നിന്നു. 200 മീറ്റർ മാത്രം മുന്നിലുള്ള ക്യാംപ് വരെയെങ്കിലും പോകാൻ അനുവദിക്കണമെന്ന അപേക്ഷയും ഗൈഡ് നിരസിച്ചു. വിഫല ശ്രമങ്ങൾക്കൊടുവിൽ അച്ഛനൊപ്പം കാമ്യ താഴേക്കിറങ്ങി. 300 മീറ്റർ താഴെയുള്ള ക്യാംപിലെത്തിയപ്പോൾ അവിടെ മുൻപ് അവർ തങ്ങിയ ടെന്റ് കാണാനില്ല. ഗൈഡ് അതു മാറ്റിയിരുന്നു. അടുത്ത ക്യാംപുള്ളത് ഇനിയും താഴെ, 4200 മീറ്ററിൽ. ആവേശത്തോടെ നടന്നു കയറിയ വഴിയിലൂടെ നിറകണ്ണുകളോടെ, മകളെയും ചേർത്തുപിടിച്ച് കാർത്തികേയൻ താഴേക്കിറങ്ങി. ദിവസങ്ങളോളം നടന്ന്, 26ന് അവർ ക്യാംപിലെത്തി.

ആകാശത്തോളം സ്നേഹം

സ്വപ്നം ബാക്കിയാക്കി നാട്ടിലേക്കു മടങ്ങാനൊരുങ്ങിയ കാർത്തികേയന്റെ കൈപിടിച്ച്, ക്യാംപിലിരുന്നു കാമ്യ പറഞ്ഞു – ഈ കൊടുമുടി എനിക്കു കീഴടക്കണം! മകളുടെയുള്ളിലെ നിശ്ചയദാർഢ്യം കണ്ട അദ്ദേഹം, മറ്റൊരു ഗൈഡിനെ ബന്ധപ്പെട്ടു. അദ്ദേഹം സമ്മതമറിയിച്ചു. കൈവിട്ടുവെന്നു കരുതിയ യാത്രയ്ക്ക് 28നു വീണ്ടും പുതുജീവൻ; പുലർച്ചെ ക്യാംപിൽ നിന്നിറങ്ങിയ ഇരുവരും മുകളിലേക്ക് ഉറച്ച ചുവടുകളോടെ നടന്നുകയറി. ആദ്യ യാത്രയിൽനിന്നു വ്യത്യസ്തമായി, ശക്തമായ മഞ്ഞുവീഴ്ചയായിരുന്നു ഇക്കുറി. രണ്ടടിയോളം ഉയരത്തിലുള്ള മഞ്ഞിനു മുകളിലൂടെ 4 ദിവസം വിശ്രമമില്ലാതെ നടന്ന് ജനുവരി 31ന് കൊടുമുടിയിലെ അവസാന ക്യാംപിലെത്തി (6050 മീറ്റർ).

കൊടുമുടിയുടെ തുഞ്ചത്തേക്ക് ബാക്കിയുള്ള ഒരു കിലോമീറ്ററോളം കയറ്റത്തിലേക്ക് പിറ്റേന്നു പുലർച്ചെ 5.30ന് ഇരുവരും പിടിച്ചുകയറി. അതികഠിനമായിരുന്നു യാത്ര. കനത്ത മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും കാഴ്ച മറച്ചു. താപനില മൈനസ് 40 ഡിഗ്രിയിലേക്കു കൂപ്പുകുത്തി. 

മകളുടെ മുന്നോട്ടുള്ള ഓരോ ചുവടിലും കൂട്ടായി അച്ഛൻ നിന്നു. 11 മണിക്കൂർ തുടർച്ചയായി നടന്ന് വൈകിട്ടു 4.30ന് കാമ്യ കൊടുമുടിയുടെ തുഞ്ചത്തു കാൽചവിട്ടി. ആ ചെറുപ്രായത്തിൽ ലോകത്തിലെ മറ്റൊരു പെൺകുട്ടിക്കും അവകാശപ്പെടാനില്ലാത്ത കാൽവയ്പ്! കയ്യിൽ കരുതിയ ഇന്ത്യൻ പതാക അവിടെ അവൾ നിവർത്തി. പെരുമയുടെ ആകാശത്ത് അച്ഛനെ കെട്ടിപ്പിടിച്ചു നിന്നു. സ്വപ്നനേട്ടത്തിന്റെ നെറുകയിൽ മകളെ കാർത്തികേയൻ അന്നു കൺനിറയെ കണ്ടു.

കാമ്യയുടെ അടുത്ത ലക്ഷ്യം എവറസ്റ്റ് ആണ്. അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൈപിടിക്കാൻ കാർത്തികേയൻ ഉണ്ടാവും.

അച്ഛൻ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവൾ ചോദിച്ചാൽ ഇരു കൈകളുമുയർത്തി കാർത്തികേയൻ പറയും; നീ തൊട്ടു നിൽക്കുന്ന ആകാശത്തോളം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com