ADVERTISEMENT

ഏപ്രിൽ 29 ലോക നൃത്ത ദിനം...

അരങ്ങിൽ ആടിത്തിമിർത്തവർ, ഡാൻസിനെ ഉയിരോളം പ്രണയിച്ചവർ... കേരളത്തിലെ ബ്രേക് ഡാൻസിന്റെ തലതൊട്ടപ്പന്മാർ ഇവിടെത്തന്നെയുണ്ട്. ബെൽബോട്ടം, ബാഗി പാന്റുകളില്ലാതെ, ഹിപ്പി സ്റ്റൈൽ മുടിയില്ലാതെ, കയ്യടികളും ആർപ്പുവിളികളും ഇല്ലാതെ... വേദികൾ അടക്കിവാണ കേരളത്തിന്റെ മൈക്കിൾ ജാക്‌സൻമാരെക്കുറിച്ച്,അവരുടെ ജീവിതകഥ പറയുന്ന സിനിമയെക്കുറിച്ച്...

എഴുപതുകളിലും എൺപതുകളിലും കേരളത്തിലാകമാനം ഓളം സൃഷ്ടിച്ച വെസ്റ്റേൺ ഡാൻസിന്റെ തലതൊട്ടപ്പനാണ് കൊച്ചിയിലെ ജോൺസൻ മാസ്റ്റർ. അന്ന് പള്ളിപ്പറമ്പുകളിലെയും ഉത്സവക്കാഴ്ചകളിലെയും ആവേശതാരം. ആബേലച്ചന്റെ കലാഭവൻ വരെ ആദരവോടെ കണ്ടിരുന്ന ഡാൻസർ. മാസ്റ്റർ ഇപ്പോഴും തിരക്കിലാണ്; ചുറ്റും കാഴ്ചക്കാരും കയ്യടികളും ഇല്ലെന്നു മാത്രം. കൊച്ചിയിലെ നസ്രത്തിൽ സൈക്കിൾ വർക്‌ഷോപ് നടത്തുകയാണ് അദ്ദേഹം.

aryanad-bolgattijonhnson
ആര്യാട് ജോൺസൻ, ബോൾഗാട്ടി ജോൺസൻ

‘‘വിദേശത്തുനിന്നു വന്ന സുഹൃത്തുക്കൾ വഴിയാണ് അന്നു മൈക്കിൾ ജാക്സൻ എന്ന ഇതിഹാസത്തെക്കുറിച്ചറിയുന്നത്. ടേപ് റിക്കോർഡറൊന്നും സ്വന്തമായി വാങ്ങാനുള്ള കാശില്ല. അതിനാൽ വാടകയ്ക്കെടുത്താണു പരിശീലനം. എഴുപതുകളിൽ റെക്കോർഡ് ഡാൻസായിരുന്നു. പിന്നീട് ഡിസ്കോ ഡാൻസ് ആയി. അതിനു ശേഷമാണ് ബ്രേക് ഡാൻസും സിനിമാറ്റിക് ഡാൻസുമെല്ലാം വരുന്നത്’’. 

ഡാൻസ് ഹരമായതോടെ കലാഭവനിൽനിന്നു ക്ഷണമെത്തി. നടൻ വിനായകന്റെ ഫയർ ഡാൻസ് ഒക്കെ അന്നു തരംഗമാക്കുന്നതിൽ ജോൺസനും നല്ല പങ്കുണ്ട്. ‘‘കൊച്ചിൻ ഡിസ്കോ ബോയ്സ് എന്ന ട്രൂപ്പിന്റെ ബാനറിലാണു ഞങ്ങളൊക്കെ കളിച്ചിരുന്നത്. സംസ്ഥാനത്തു മുഴുവനുമായി നടത്തിയ ഒരു ഡാൻസ് മത്സരത്തിൽ ഞങ്ങൾക്ക് ഒന്നാം സ്ഥാനമുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ‘പുന്നാര പേടമാനേ’ എന്ന പാട്ടിനാണു ഡാൻസ് കളിച്ചത്. ചിരഞ്ജീവിയാണു സമ്മാനം തന്നതും. ഒരിക്കലും മറക്കാനാകാത്ത നിമിഷം.’’ 

എന്തുകൊണ്ട് പിന്നെ ഡാൻസ് നിർത്തി എന്ന ചോദ്യത്തിന്, ജീവിക്കാൻ പണം വേണമല്ലോ എന്ന് ജോൺസൻ  മാസ്റ്റർ. ഒരു കാലത്തിന്റെ മുഴുവൻ ഹരമായിരുന്ന, ഇപ്പോഴും പല രീതികളിൽ അവതരിപ്പിക്കപ്പെടുന്ന വെസ്റ്റേൺ ഡാൻസിനെ കേരളത്തിലെ വേദികളിലെത്തിച്ച ആദ്യകാല ഡാൻസറാണ് സൈക്കിൾ കടയിൽ പഴയ പ്രതാപത്തെക്കുറിച്ച് ഓർക്കാൻ പോലും ഇഷ്ടപ്പെടാതെ ജോലി ചെയ്യുന്നത്.

disco-boys
കൊച്ചിൻ ഡിസ്കോ ബോയ്സ് ടീം അംഗങ്ങൾ നടൻ ചിരഞ്ജീവിക്കൊപ്പം.

അപൂർവ സഹോദരങ്ങളിലെ കമൽഹാസന്റെ ഡാൻസ് അതുപോലെ പുനരാവിഷ്കരിച്ചതു വഴി ശ്രദ്ധേയനായ എറണാകുളം ബോൾഗാട്ടിയിലെ ജോൺസൻ മാഷാകട്ടെ, ജീവിക്കാനായി ഇപ്പോൾ ബോട്ടുകൾ നിർമിക്കുന്നു. ‘‘പണ്ടും പകൽ ജോലിക്കു പോകുമായിരുന്നു. പണത്തിനു വേണ്ടിയൊന്നുമല്ല അന്നു ഡാൻസ് ചെയ്തിരുന്നത്. അതുകൊണ്ട് പണം ഉണ്ടാക്കാത്തതിൽ വിഷമവുമില്ല’’.  അദ്ദേഹം ചിരിച്ചുകൊണ്ടു പറയുന്നു. 

പഴയകാല ഡാൻസർമാരുടെ കൂട്ടത്തിൽ ഉയർന്നുകേട്ട മറ്റൊരു പേരാണ് കൊച്ചിയിലെ തന്നെ ആര്യാട് ജോൺസൻ മാസ്റ്ററുടേത്. തിളങ്ങിനിൽക്കുന്ന സമയത്താണ് ഡാൻസ് പഠിപ്പിക്കൽ രംഗത്തേക്കു തിരിയുന്നത്. സാധാരണ കുട്ടികളെയല്ല, കാഴ്ച, കേൾവി പരിമിതികളുള്ള, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ... സ്റ്റേജിന്റെ വെള്ളിവെളിച്ചത്തിൽ‌നിന്ന് അദ്ദേഹം മാറിനിന്നത് അനേകം കുട്ടികളുടെ ജീവിതത്തിൽ വെളിച്ചം പകരാനായിരുന്നു. എറണാകുളം മുണ്ടംവേലിയിലെ ഫാ. അഗസ്തീനോ വിചീനീസ് സ്‌പെഷൽ സ്കൂളിൽ കുട്ടികളുടെ പ്രിയപ്പെട്ട ഡാൻസ് മാസ്റ്ററായി ജീവിക്കുന്ന അദ്ദേഹം, ആ റോളിലെത്തിയിട്ട് ഇത്  23–ാം  വർഷം.

തിമിർത്താടിയ ചുവടുകൾ

തിരുവനന്തപുരത്ത് 1986ൽ ഒരു ഡാൻസ് അക്കാദമി ഉയർന്നു. ബ്രേക് ഡാൻസ് പഠിപ്പിക്കാൻ സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത ആദ്യ ഡാൻസ് അക്കാദമി – ഫുട് ലൂസേഴ്സ്. ബാബു, സജീഷ് എന്നീ സഹോദരങ്ങളാണ് അതു തുടങ്ങുന്നത്. ‘‘10 പൈസയ്ക്കു കപ്പലണ്ടി മിഠായി കിട്ടുന്ന കാലത്ത് ഒരു കുട്ടിയിൽനിന്നു മാസം 60 രൂപ ഫീസു വാങ്ങിച്ച് ഞങ്ങൾ ഡാൻസ് പഠിപ്പിച്ചിരുന്നു. നീണ്ട മുടിയും കോട്ടും തൊപ്പിയുമൊക്കെ വച്ചുള്ള ഡാൻസ് കാശുള്ള വീട്ടിലെ കുട്ടികൾക്കു പറഞ്ഞിട്ടുള്ള കാര്യമല്ലെന്നായിരുന്നു ആളുകളുടെ വിചാരം. പക്ഷേ, ‘അഞ്ജലി’ സിനിമ ഇറങ്ങിയതോടെ അതു മാറി. എല്ലാവരും ഡാൻസ് പഠിക്കാൻ എത്തിത്തുടങ്ങി. ബ്രേക് ഡാൻസിന്റെ ദോഷം മാറിക്കിട്ടി. കളിക്കുന്ന സ്റ്റെപ്പുകളുടെ പേരൊന്നും അന്നു ഞങ്ങൾക്കറിയില്ല. തോന്നുന്ന പേരുകളാണു നൽകിയിരുന്നത്. ഇപ്പോൾ പക്ഷേ, അതു നടക്കില്ല. ഡാൻസ് കളിച്ചാലും ഇല്ലെങ്കിലും ഇന്നത്തെ കുട്ടികൾ ഗൂഗിൾ ചെയ്യുന്നുണ്ട്’’. ബാബു ചിരിച്ചുകൊണ്ടു പറ‍ഞ്ഞു.

baboos-shelten
ഫുട് ലൂസേഴ്സ് ബാബു, ഷെൽട്ടൻ

‘‘പെൺകുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ പാടില്ലെന്ന അലിഖിത നിയമം നിലനിൽക്കുന്ന കാലം. അന്നു വീടിനടുത്തെ പെൺകുട്ടികളിൽ പലരും പഠിക്കാൻ ആഗ്രഹവുമായി വരും. ഞങ്ങൾ രഹസ്യമായി പഠിപ്പിക്കും. അങ്ങനെ പഠിക്കാൻ വന്ന സുമയെ ഞാൻ ജീവിതത്തിലും ഒപ്പം കൂട്ടി.’’ ബ്രേക് ഡാൻസിന്റെ പ്രണയമധുരം... പിന്നീട് ഫുട് ലൂസേഴ്സിനു പല സ്ഥലങ്ങളിലും ബ്രാഞ്ചുകളുണ്ടായി. 

എല്ലാ വേദികളിലും സമ്മാനം വാങ്ങിയിരുന്ന ബാബുവിനും സജീഷിനും ഷെൽട്ടനെ മറക്കാൻ സാധിക്കില്ല. ഡാൻസ് മത്സരങ്ങളിൽ അജയ്യരായിരുന്ന ഈ സഹോദരങ്ങളെ തോൽപിച്ചത് തൃശൂരിലെ ഷെൽട്ടനായിരുന്നു. ഡാൻസെല്ലാം വിട്ട് പെയ്ന്റിങ്ങും പോളിഷ് വർക്കുമൊക്കെയായി ഉപജീവനമാർഗം കണ്ടെത്തുകയാണ് ആ ഷെൽട്ടൻ ഇപ്പോൾ. 

കുമ്പളങ്ങിയിലെ ഫിലിപ്പാശാനും ജാക്സൻ ജോസഫ് എന്ന ബ്രൂസ്​ലി ജോസഫും ബ്രേക് ഡാൻസ് കേരളത്തിനു സമ്മാനിച്ച    മറ്റു താരങ്ങളാണ്. അന്നത്തെ   ഫിലിപ്പാശാൻ ഇന്നു കുമ്പളങ്ങി സാൻജോസ് പള്ളിയിലെ കപ്യാരാണ്. ബ്രേക്  ഡാൻസിനെ കൊച്ചിയിൽ മാത്രമല്ല, കേരളത്തിൽത്തന്നെ ജനപ്രിയമാക്കുന്നതിൽ ബിജു എന്ന ചെ      റുപ്പക്കാരൻ നൽകിയ പങ്കും ചെറുതല്ല. വേദികളിൽനിന്നു വേദികളിലേക്കും പിന്നീട് സിനിമപ്പാട്ടുരംഗങ്ങളിലുമൊക്കെ എത്തിപ്പെട്ട ബിജു, പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കേയാണ് ജീവനൊടുക്കിയത് – കാരണം ഇന്നും അജ്ഞാതം. 

റോസറി അക്കാദമി

എറണാകുളം ഷേണായീസ് തിയറ്ററിൽ സിനിമയ്ക്കു പോയതാണ് ആ ചെറുപ്പക്കാരൻ. കർട്ടൻ പൊങ്ങുന്നതിനൊപ്പം മുഴങ്ങിയ പാട്ടിലാണ് അവന്റെ മനസ്സുടക്കിയത് – ക്ലാസിക്, വെസ്റ്റേൺ പാട്ടുകളുടെ മിക്സ്. സിനിമ മറന്ന് ഓപ്പറേറ്റർ റൂമിലേക്ക് ഓടിക്കയറി പാട്ടിന്റെ ഉറവിടം അന്വേഷിച്ചു. ബ്രോഡ്‌വേയിലെ കസെറ്റ് ഷോപ്പിൽനിന്നാണു പാട്ട് കിട്ടിയതെന്നറിഞ്ഞപ്പോൾ അങ്ങോട്ടോടി. സിനിമ തീരുന്നതിനു മുൻപായി 28 മിനിറ്റുള്ള പാട്ട് സ്വന്തമാക്കിയാണ് അവൻ മടങ്ങിയത്. ഫ്യൂഷൻ ഡാൻസിനു പാട്ടെങ്ങനെ കിട്ടുമെന്നു നോക്കിനടന്നിരുന്ന റോസറി ബാബു ആയിരുന്നു അത്.ഫ്യൂഷൻ ഡാൻസുകളുടെ ഹീറോ. 

babu
റോസറി ബാബു

ഫ്യൂഷൻ ഡാൻസ് കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത് 1987 ജൂലൈ 5ന് കലൂർ റിന്യൂവൽ സെന്ററിൽ വെസ്റ്റേൺ ഡാൻസ് സ്റ്റെപ്പുകളുടെ കൂടെ ക്ലാസിക് നൃത്തശിൽപങ്ങളും അണിനിരത്തിക്കൊണ്ട് ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട് ബാബുവും സംഘവും. ഡാൻസ് പരിശീലിപ്പിക്കാനായി ബാബു ആരംഭിച്ചതാണ് റോസറി അക്കാദമി. 24 വർഷമായി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ നൃത്താധ്യാപകനുമാണ്.

ജീവിതം, സിനിമ

moonwalk
അജിത് നാഥ്.

പരസ്യചിത്ര സംവിധായകനായ എ.കെ.വിനോദ് ആദ്യമായി ഒരുക്കുന്ന സിനിമയാണ് മൂൺവാക്ക്. ബ്രേക് ഡാൻസിനെ ജീവനു തുല്യം സ്നേഹിച്ച 6 ചെറുപ്പക്കാരുടെ കഥയാണിത്. അതിൽ മേൽപറഞ്ഞവരുടെ ജീവിതമുണ്ട്; അവരുടെ പ്രതാപകാല സ്മരണകളും. അജിത് നാഥിന്റെയും അനീഷ് നാഥിന്റയും സഹോദരസ്നേഹത്തിന്റെയും ഇരുവരും ചേർന്നൊരുക്കിയ ഡാൻസ് ക്ലബ്ബായ ബൂമേഴ്സിന്റെയും കഥയുമുണ്ട്. എ.കെ.വിനോദിനൊപ്പം, മാത്യു വർഗീസും സുനിൽ ഗോപാലകൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com