‘വിദേശിയെന്ന തോന്നലേ ഇവിടെ ഉണ്ടായിട്ടില്ല; യുഎസിനേക്കാൾ വിശ്വാസം കേരളത്തിനെ’

HIGHLIGHTS
  • കോവിഡ് കാലത്തു കേരളം പകരുന്ന സുരക്ഷിതത്വത്തെപ്പറ്റി അമേരിക്കൻ നാടകസംവിധായകൻ
terry-us-kerala
ഡോ. ടെറി ജോൺ കോൺവേഴ്‌സ്
SHARE

60 വർഷത്തിലേറെയായി നാടകപ്രവർത്തകൻ, 35 വർഷമായി കോളജ്, സർവകലാശാലാ അധ്യാപകൻ, എഴുത്തുകാരൻ. വാഷിങ്ടനിൽ നിന്നുള്ള ഡോ. ടെറി ജോൺ കോൺവേഴ്സിനു പക്ഷേ, ഇപ്പോൾ എങ്ങനെയും കേരളത്തിൽ താമസിച്ചാൽ മതി. യുഎസിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വിശ്വാസക്കുറവാണ് ഈ തീരുമാനത്തിനു പിന്നിൽ. കേരളം ഏറെ ഉത്തരവാദിത്തത്തോടെ നടത്തുന്ന കോവിഡ് പ്രതിരോധം, ഈ നാടാണു തനിക്കു സുരക്ഷിതമെന്ന തോന്നൽ എഴുപത്തിനാലുകാരനായ ടെറിയിൽ സൃഷ്ടിച്ചിരിക്കുന്നു.

എന്താണു കേരളത്തിന്റെ സവിശേഷതയെന്നു ചോദിച്ചപ്പോൾ ടെറി പറഞ്ഞു: ‘‘ലോകത്തുള്ള ആരെയും ഒരുപോലെ സ്വാഗതം ചെയ്യുന്നവരാണു മലയാളികൾ. നിങ്ങളുടെ ബന്ധങ്ങളിൽ ആഴത്തിലുള്ള സ്നേഹവും കരുതലും പ്രകടമാണ്. ഇത്രയും നാൾ കേരളത്തിൽ കഴിഞ്ഞിട്ടും ഒരിക്കൽപോലുമൊരു വിദേശിയാണെന്ന തോന്നലോ അനുഭവമോ ഉണ്ടായിട്ടില്ല. മലയാളികളുടെ സാമൂഹികബോധം ലോകത്തിൽ തന്നെ മികച്ചതാണ്. അതുകൊണ്ടു തന്നെയാണ് കോവിഡ് പോലൊരു മഹാമാരിയെ നിങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതും’’.

തിരിച്ചു പോകേണ്ട

വാഷിങ്ടൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് തിയറ്റർ ഇമെരിറ്റസ് പ്രഫസറും നാടക സംവിധായകനും എഴുത്തുകാരനുമായ ഡോ. ടെറിയുടെ ടൂറിസ്റ്റ് വീസയുടെ കാലാവധി ഏപ്രിൽ 24ന് അവസാനിച്ചു. തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയാണ് വീസ മേയ് 17 വരെ നീട്ടിക്കിട്ടിയത്. 

terry-with-pets
ഡോ. ടെറി ജോൺ കോൺവേഴ്സ് കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിൽ. ഓമനനായ്ക്കളായ റാണിയും പത്മിനിയും ഒപ്പം. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

കണ്ടുപഠിച്ചു

ടെറി കണ്ടറിഞ്ഞ കോവിഡ് പ്രതിരോധത്തിലെ കേരള മാതൃക അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഭാര്യയും മക്കളും സഹോദരനുമെല്ലാം കൃത്യമായി യുഎസിലെ തങ്ങളുടെ വീടുകളിൽ നടപ്പാക്കി. പുറത്തിറങ്ങാതെയും ശാരീരിക അകലം പാലിച്ചും ജീവിക്കുന്നതിനാൽ, യുഎസിൽ മാത്രം അരലക്ഷത്തിലേറെപ്പേരുടെ ജീവനെടുത്ത കോവിഡ് ചുഴലിയിൽ പെടാതെ സുരക്ഷിതരായി ഇരിക്കുകയാണവർ. ടെറിയോട് പറ്റുമെങ്കിൽ ഉടനെയൊന്നും യുഎസിലേക്കു തിരികെ വരേണ്ടതില്ലെന്ന് ആവശ്യപ്പെട്ടതും ഭാര്യയും മക്കളും തന്നെ. ഭാര്യ ഡോ. ഷീല കോൺവേഴ്സ് സംഗീത പ്രഫസറാണ്. മക്കളിൽ, റയാൻ സംഗീത സംവിധായകൻ. കാതലിൻ വിമൻ സ്റ്റഡീസിൽ പ്രഫസർ. എല്ലാവരും വീടുകളിൽ ലോക്ഡൗണിൽ കഴിയുന്നു. വെബ് ചാറ്റിലൂടെ ഇരു ദേശങ്ങളിലെയും വിശേഷങ്ങൾ ദിവസവും പരസ്പരം അറിയിക്കുന്നു.

ചടുലനേതൃത്വം

‘‘യുഎസിൽ സ്ഥിതി ഇത്രയും വഷളാക്കിയതിൽ പ്രസിഡന്റ് ട്രംപിനു വലിയ പങ്കുണ്ട്. ഇതു കൊറോണയൊന്നുമല്ല, വെറും ജലദോഷപ്പനിയാണെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. പിന്നീട് നൂറുകണക്കിനു പേർ മരിച്ചുവീഴാൻ തുടങ്ങിയപ്പോഴും രാജ്യം അടച്ചിടാനും പരിശോധനകൾ കർശനമാക്കാനും തയാറായില്ല. അതേസമയം, ഇന്ത്യയിലെയും കേരളത്തിലെയും ഭരണാധികാരികൾ അതീവ പക്വതയോടെയും ശാസ്ത്രീയമായുമാണു കോവിഡ് പ്രതിരോധം ആസൂത്രണം ചെയ്തത്. പൊലീസും ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്ന കേരളത്തിലെ കൊറോണക്കാല ചിത്രം നിങ്ങൾക്കു വേറൊരിടത്തും കാണാനാകില്ല. സാമ്പത്തിക, അടിസ്ഥാനസൗകര്യ മേഖലകളിലെ വലിയ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ നേട്ടമെന്നതു ഭരണകൂടത്തിന്റെ പത്തരമാറ്റുള്ള കാര്യനിർവഹണശേഷിയാണു വെളിവാക്കുന്നത്’’ – ടെറി പറയുന്നു.

യുഎസിലെയും കേരളത്തിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വാർത്തകളിലൂടെ ടെറി ദിവസവും പിന്തുടരുന്നുണ്ട്. ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത അന്നുമുതൽ കേരളം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു തുടങ്ങിയത് അദ്ഭുതപ്പെടുത്തിയെന്നു ടെറി പറയുന്നു. ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെ ഒട്ടേറെ യാത്രികർ വന്നുപോയിക്കൊണ്ടിരുന്ന യുഎസിൽ പക്ഷേ, ആ സമയത്തൊന്നും രോഗത്തെ ഗൗരവമായി എടുത്തില്ല. കേരളം പരിശോധനകളും നിരീക്ഷണവും ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും യുഎസ് വിമാനത്താവളങ്ങളിൽ പോലും പരിശോധന കർശനമാക്കിയിരുന്നില്ല. പിന്നീട് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും ജനം അതു കാര്യമായി എടുത്തില്ല. മാസ്ക് ധരിക്കാനും അകലം പാലിക്കാനുമെല്ലാം യുഎസിൽ വലിയ മടിയായിരുന്നെന്നു നാട്ടിലുള്ളവർ പറഞ്ഞതായി ടെറി. ലോക്ഡൗൺ അനിശ്ചിതമായി നീളുന്നതുമായി ബന്ധപ്പെട്ടു വലിയ പ്രതിഷേധവും ചില യുഎസ് സംസ്ഥാനങ്ങളിൽ അരങ്ങേറി.

ഏവർക്കും സ്വാഗതം

‘‘യുഎസ് മതിലുകൾ പണിയുമ്പോൾ നിങ്ങളിവിടെ സാധ്യമായ ഏതു രീതിയും ഉപയോഗിച്ച് വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഗൾഫിലേക്കും മറ്റും പോകാനായി യുദ്ധക്കപ്പലുകൾ വരെ കേന്ദ്രം സജ്ജമാക്കി നിർത്തിയിരിക്കുന്നു. അവിടെ ഞങ്ങളുടെ ഭരണാധികാരി ചൈനീസ് വൈറസ് എന്നു നാഴികയ്ക്കു നാൽപതുവട്ടം പറയുന്നതിനാൽ അമേരിക്കക്കാരായ ചൈനീസ് വംശജരെല്ലാം വംശവെറി പൂണ്ടവരുടെ ആക്രമണഭീഷണിയിലായി. അവരുടെ കടകളിൽ ആരും പോകാതെയായി. ഇവിടെ നിങ്ങൾ ‘അതിഥിത്തൊഴിലാളികൾ’ എന്ന മനോഹര പേരു വിളിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്നു തൊഴിൽ തേടിയെത്തിയവരെ സംരക്ഷിക്കുന്നു.

ഞാൻ താമസിക്കുന്ന പനമ്പിള്ളിനഗറിൽ ബംഗാളിൽ നിന്നുള്ള ഒട്ടേറെ തൊഴിലാളികൾ ഒരു ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. അവിടെ കൃത്യമായി സർക്കാർ സംവിധാനത്തിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തുന്നതിനു ഞാൻ സാക്ഷിയാണ്. സമൂഹ അടുക്കളയും സൗജന്യ റേഷനും സാമ്പത്തിക സഹായങ്ങളും മറ്റുമായി ദുർബല വിഭാഗങ്ങളെ കഴിവിന്റെ അങ്ങേയറ്റം ചേർത്തുപിടിക്കാൻ നിങ്ങളും നിങ്ങളുടെ ഭരണാധികാരികളും ശ്രമിക്കുന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഷയാണു ചുറ്റിലും ഞാൻ കാണുന്നത്’’.

drama
ടെറിയുടെ കൂടി സഹകരണത്തോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അവതരിപ്പിച്ച, ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്ക്’ ആസ്പദമാക്കിയുള്ള നാടകം.

കരുതലുള്ളവർ

‘‘കൊച്ചിയിൽ എന്നെ കൂടെക്കൂട്ടിയിരിക്കുന്ന ചാരുവിന്റെ കുടുംബം ലോക്ഡൗൺ നാളുകളിൽ ദിവസം ഒരുനേരം മാത്രമാണു ഭക്ഷണം കഴിക്കുന്നത്. രാവിലെയും വൈകിട്ടും എന്തെങ്കിലും ജ്യൂസുകൾ മാത്രം. എന്താണിങ്ങനെയെന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി അദ്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ലോക്ഡൗണിൽ ജോലി നഷ്ടമായ‌, ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാത്ത ഒട്ടേറെപ്പേരുള്ളപ്പോൾ ഞങ്ങളെങ്ങനെ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കും എന്നാണവർ ചോദിച്ചത്. നിങ്ങൾ മലയാളികൾക്കു മാത്രം സാധ്യമാകുന്ന ഒന്നാണിത്. ഞാനും ഇപ്പോൾ ചാരുവിന്റെ വീട്ടുകാരുടെ ശീലത്തിനൊപ്പമാണ്. ഇതുപോലുള്ള സമൂഹവും കാര്യങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ള ഭരണാധികാരികളുമുള്ളപ്പോൾ ഈ ദുരിതകാലവും നിങ്ങൾ അതിജീവിക്കുമെന്നുറപ്പ്’’.

മലയാളിയുടെ കലയും സംസ്കാരവുമെല്ലാം തികച്ചും സ്വാഭാവികമാണ്. ഒരു ജീവിതരീതി തന്നെയാണത്. യുഎസിൽ സാധാരണക്കാർക്കു നാടകം കാണണമെങ്കിൽ വൻ തുക മുടക്കി ടിക്കറ്റെടുത്ത് വലിയ ഓഡിറ്റോറിയങ്ങളിൽ പോകണം. ഇവിടെ, ഇടപ്പള്ളി (കൊച്ചി) ചങ്ങമ്പുഴ പാർക്കിൽ ആളുകൾ നാടകം ആസ്വദിക്കുന്ന രീതി എന്നെ അദ്ഭുതപ്പെടുത്തി. ഒരു ഫീസുമില്ല, നിയന്ത്രണവുമില്ല. ഇഷ്ടമുള്ളവർ വരുന്നു, കാണുന്നു. മികച്ച നാടകങ്ങളാണ് അരങ്ങേറുന്നതും. നോക്കൂ, കലാസ്വാദനം പോലും എത്ര സഹജമാണിവിടെ. എത്ര സമ്മർദമുള്ള സാഹചര്യവും പക്വതയോടെ കൈകാര്യം ചെയ്യാനുള്ള മലയാളിയുടെ കഴിവും ഞാൻ അധികം പേരിൽ കണ്ടിട്ടില്ല’’.

ഇർഫാൻ സൂപ്പർ

അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ ആരാധകനാണു ടെറി. ലഞ്ച് ബോക്സ് ആണ് ഇഷ്ട സിനിമ. യുഎസിലെ സുഹൃത്തിനോട് ലഞ്ച് ബോക്സ് കാണാൻ ആവശ്യപ്പെട്ടപ്പോഴുണ്ടായ  രസകരമായ അനുഭവവും ടെറി പങ്കുവച്ചു: സിനിമ കണ്ടയുടൻ സുഹൃത്ത് അവിടുത്തെ ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണം കിട്ടുന്ന കട തിരക്കിപ്പോയി!

ട്രംപിന്റെ മണ്ടത്തരം

‘‘കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപ് ഇതുവരെ ചെയ്തതെല്ലാം മണ്ടത്തരമാണ്. ഒബാമയായിരുന്നെങ്കിൽ സ്ഥിതി കുറച്ചെങ്കിലും വ്യത്യസ്തമായേനെ. ഭരണാധികാരികൾ ബോധവൽക്കരണത്തിന് അതീവ ശ്രദ്ധകൊടുത്തതിനാലാണ് ഇവിടെ ജനം വീട്ടിലിരുന്നത്. യുഎസിൽ പ്രസിഡന്റ് തന്നെ അസത്യവും അർധസത്യവും പ്രചരിപ്പിച്ചതിന്റെ ഫലം ജനം അനുഭവിക്കുന്നു. ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഒരു രാജ്യം ഇത്ര മോശമായിട്ടല്ല, കോവിഡിനെ നേരിടേണ്ടിയിരുന്നത്. ലോകത്തിനു മാതൃക കാണിക്കേണ്ടവരായിരുന്നു ഞങ്ങൾ. അസംബന്ധങ്ങൾ ഔദ്യോഗികമായിക്കൂടി പ്രചരിപ്പിച്ചതിന്റെ ഫലമായാണ് ജനം മരിച്ചുവീണുകൊണ്ടിരിക്കുന്നത്’’.

ഇത് ഇഷ്ടദേശം

ഫുൾബ്രൈറ്റ് സ്കോളർഷിപ് നേടി 2012ൽ ആണ് ടെറി ആദ്യമായി കേരളത്തിലെത്തുന്നത്. അന്ന് ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്ക്’ നാടകം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അദ്ദേഹവും കൂടി ചേർന്ന് സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു. പിന്നീട് ഏഴു തവണകൂടി വന്നതോടെ ഈ നാടിനെയും നാട്ടുകാരെയും ഏറെ ഇഷ്ടമായി. ഇക്കുറി, കഴിഞ്ഞ സെപ്റ്റംബറിലാണ് എത്തിയത്.

കൊച്ചി പനമ്പിള്ളിനഗറിൽ ഫീനിക്സ് വേൾഡ് തിയറ്റർ നടത്തുന്ന ചാരു നാരായണകുമാർ ഫെബ്രുവരിയിൽ സംഘടിപ്പിക്കാനിരുന്ന റസിഡൻഷ്യൽ തിയറ്റർ വർക്‌ഷോപ്പിൽ പങ്കെടുക്കുകയായിരുന്നു ഇത്തവണത്തെ വരവിന്റെ ലക്ഷ്യങ്ങളിലൊന്ന്. പക്ഷേ, കൊറോണ ആഞ്ഞടിച്ചതോടെ പദ്ധതിയെല്ലാം പാളി. വർക്‌ഷോപ് മാറ്റിവച്ചു. വിമാന സർവീസുകൾ നിലച്ചതോടെ ടെറിക്കു മടങ്ങാനും കഴിയാതായി. ചാരുവിനും കുടുംബത്തിനുമൊപ്പമാണു ടെറിയിപ്പോൾ താമസം. ചാരു, ഭർത്താവ് കെ.നാരായണകുമാർ, മക്കളായ ധ്രുവകുമാർ, മീനാക്ഷി എന്നിവരാണിപ്പോൾ ടെറിയുടെ കുടുംബം.

നാടകം ജീവിതം

നാടകപ്രവർത്തകനായിരുന്ന പിതാവാണ് ടെറിയെ കുട്ടിക്കാലത്തു തന്നെ തിയറ്റർ പ്രസ്ഥാനത്തിന്റെ ഭാഗമാക്കിയത്. തന്റെ നാടകങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നതിൽ വിദഗ്ധനാണ് ടെറി. നാടകത്തിന്റെ ഉദ്ഭവകാലത്തിൽ നിന്നു തുടങ്ങി നവീന അവതരണ വേദികളിൽ വരെ എത്തിനിൽക്കുന്നു മാസ്ക്കുകളുടെ ചരിത്രം. നമ്മുടെ പടയണിയിലും കഥകളിയിലും തെയ്യത്തിലും ഗരുഡൻ തൂക്കത്തിലും വരെ പലതരത്തിലുള്ള മാസ്കുകളും മുഖമെഴുത്തുകളും ഉപയോഗപ്പെടുത്തിയുള്ള അവതരണങ്ങൾ കാണാം. പൗരാണികതയും ആധുനികതയും സമ്മേളിക്കുന്ന നമ്മുടെ ഈ സമ്പന്ന കലാപരിസരമാണ് കേരളം ടെറിയുടെ മനസ്സിൽ പതിപ്പിച്ചിരിക്കുന്ന സാംസ്കാരിക മുദ്ര.

English Summary: American theatre director Terry John Converse on Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA