ADVERTISEMENT

ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളുമായി ‘രക്തബന്ധമുള്ള’ വ്യക്തി വേണുകുമാർ ആയിരിക്കും. വേണുവിന്റെ മൊബൈൽ ഫോണിൽ പതിനായിരത്തിലധികം പേരുടെ രക്തവിവരങ്ങളുണ്ട്. അപൂർവമായ AB നെഗറ്റീവ് ഗ്രൂപ്പുള്ളവരുടെയും അത്യപൂർവമായ ബോംബെ ബ്ലഡ് ഗ്രൂപ്പുള്ള ആറു പേരുടെയും വിവരങ്ങൾ ഉൾപ്പെടെയാണിത്. ഇങ്ങനെ രക്തബന്ധങ്ങളിൽ മുഴുകി നടക്കുന്ന വേണു അറിയപ്പെടുന്നതുതന്നെ ‘വേണു എ പോസിറ്റീവ്’ എന്നാണ്. വിവരം എല്ലാവരും അറിയട്ടെ, ആവശ്യക്കാർ വിളിക്കട്ടെ എന്നാണു വേണുവിന്റെ പക്ഷം. ഇതു തന്നെയാണ് വേണു മറ്റുള്ളവരോട് ആവശ്യപ്പെടുന്നതും – മൊബൈൽ ഫോണിൽ സുഹൃത്തുക്കളുടെ പേരുകൾ ചേർക്കുമ്പോൾ അവരുടെ രക്തഗ്രൂപ്പും ചേർത്തു സേവ് ചെയ്യുക. എപ്പോഴെങ്കിലും ആവശ്യം വന്നാൽ മറ്റാരെയും ആശ്രയിക്കേണ്ടി വരില്ല. നിങ്ങളുടെ കയ്യിൽത്തന്നെ നൂറുകണക്കിനു പേരുടെ വിവരം ലഭ്യമാവും.

കൊല്ലം എഴുകോൺ നന്ദനത്തിൽ കെ.എസ്.വേണുകുമാർ നാട്ടിൽ ആറു വർഷത്തിലേറെയായി വിപുലമായ രീതിയിൽ രക്തദാനം നടത്തുകയും അതിനു സൗജന്യമായി സൗകര്യമൊരുക്കുകയും ചെയ്യുന്നുണ്ട്. ഗ്രാഫിക് ഡിസൈനറും ഫൊട്ടോഗ്രഫറുമായ വേണുവിന് കൊല്ലം കുണ്ടറയിൽ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനമുണ്ട്. രക്തദാനത്തിനു പുറമേ സൗജന്യ വീൽചെയർ വിതരണം, കൊല്ലം നഗരത്തിൽ ഭക്ഷണപ്പൊതി വിതരണം എന്നിവയൊക്കെ ചെയ്യുന്നുണ്ട്. 

രക്തദാനത്തിനു പലർക്കും മടിയില്ലെങ്കിലും ബസിലും മറ്റും ആശുപത്രിയിൽ എത്താനുള്ള ബുദ്ധിമുട്ടോർത്താണ് വേണ്ടെന്നു വയ്ക്കുന്നത്. ഇതു മനസ്സിലാക്കിയപ്പോഴാണ് വാഹനം വാങ്ങാൻ വേണു തീരുമാനിച്ചത്. അതെക്കുറിച്ചു സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതോടെ അറുപത്തഞ്ചോളം പേർ സാമ്പത്തിക സഹായം നൽകി. അങ്ങനെയാണു വണ്ടി വാങ്ങി ആളുകളെ രക്തദാനത്തിനു കൊണ്ടുപോയിത്തുടങ്ങിയത്.

അവിടത്തെപ്പോലെ ഇവിടെയും 

കഴിഞ്ഞ വർഷം ദുബായിൽ എത്തിയ വേണു, ഗ്രാഫിക് ഡിസൈൻ ജോലിക്കൊപ്പം നാട്ടിലെപ്പോലെ രക്തദാന സേവനവും നടത്തുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പല ആശുപത്രികളിലും വേണ്ടത്ര രക്തശേഖരമില്ലെന്ന് അറിയുമ്പോഴാണ് വേണുവിന്റെ സേവനത്തിന്റെ വിലയേറുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ രക്തമെത്തിക്കാൻ വേണു മുന്നിട്ടിറങ്ങി. രക്തദാതാക്കളെ ആശുപത്രിയിലേക്കും തിരികെ താമസസ്ഥലത്തേക്കും എത്തിക്കുന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്തു. വേണുവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ സുഹൃത്ത് അടൂർ സ്വദേശി ബിജു ബഥാനിയ തന്റെ വാഹനം സൗജന്യമായി വിട്ടുനൽകി. രക്തം നൽകാൻ തയാറുള്ളവരെ സമൂഹമാധ്യമങ്ങളിലൂടെ വേണു കണ്ടെത്തുകയും ചെയ്തു. 

നാട്ടിൽ തുടങ്ങിവച്ച പ്രവർത്തനങ്ങൾ സുഹൃത്തുക്കളായ റോഷൻ, ദീപക് എന്നിവരുടെ നേതൃത്വത്തിൽ തുടരുന്നു. നാട്ടിലും വിദേശത്തുമുള്ള ഒട്ടേറെപ്പേർ വേണുവിന് പ്രോത്സാഹനവും സഹായവും നൽകി ഒപ്പം നിൽക്കുന്നു. 

ആ വീഴ്ച പഠിപ്പിച്ചത് 

സ്വന്തം ജീവിതത്തിൽ സംഭവിച്ച അപകടവും അതിൽനിന്നുള്ള രക്ഷപ്പെടലുമാണ് രക്തദാന സേവനത്തിനു പ്രേരണയായതെന്ന് വേണു. ഒൻപതാം ക്ലാസ് പരീക്ഷ കഴിഞ്ഞ് കളിച്ചുതിമിർക്കുന്ന സമയം. കളിപ്പാട്ടത്തിൽ പൂശാൻ പെയ്ന്റ് വാങ്ങാൻ സൈക്കിളിൽ പോയതാണ്. ഒരാൾ പെട്ടെന്നു കുറുകെ ചാടിയതോടെ അയാളെ ഇടിച്ചിട്ട് സൈക്കിൾ മറിഞ്ഞു. റോഡിലേക്കു വീണ വേണുവിനെ ലോറിയിടിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചു. ധാരാളം രക്തം വാർന്നുപോയതിനാൽ എട്ടു കുപ്പി രക്തം വേണ്ടിവന്നു. അന്ന് ആദ്യം രക്തം നൽകാൻ തയാറായി എത്തിയത് മോനച്ചൻ എന്ന വ്യക്തിയാണ്. ഫോണിൽ ഇപ്പോഴും അദ്ദേഹത്തിന്റെ പേരിനൊപ്പം മോനച്ചൻ, മൈ ഗോഡ് എന്നാണ് വേണു രേഖപ്പെടുത്തിയിരിക്കുന്നത്. 

‘‘അതിനു ശേഷം എല്ലാ ഓണത്തിനും അദ്ദേഹത്തിന്റെ വീട്ടിലെത്തി മധുരം നൽകിയ ശേഷമേ സദ്യ കഴിക്കൂ എന്നു ഞാൻ തീരുമാനിച്ചു. കാറിൽ ആശുപത്രിയിലെത്തിച്ചത് സലിം എന്ന വ്യക്തിയാണ്. അദ്ദേഹത്തെയും ഓർക്കുന്നു’’ – വേണു. 

‌ഇത്രയും കാലത്തെ സേവനത്തിനിടെ ഉൾക്കിടിലത്തോടെ മാത്രം ഓർക്കുന്ന സംഭവം വേണു പറഞ്ഞു. 3 വർഷം മുൻപ് രക്തം വേണമെന്നു പറഞ്ഞ് ഒരു വിളിയെത്തി. ശൂരനാട് സ്വദേശിയാണ്. ബി പോസിറ്റീവ് രക്തമാണു വേണ്ടത്. ആവശ്യമുള്ള ദിവസം രാവിലെ ദാതാവിനെ നൽകാമെന്നു സമ്മതിച്ചു. അടുത്ത ദിവസം ശൂരനാട് സ്വദേശിയുടെ മകനാണെന്നു പരിചയപ്പെടുത്തി യുവാവ് വിളിച്ചു. രക്തദാതാവിനെ എത്തിക്കാമെന്നു പറഞ്ഞ വേണു, മകനോട് രക്തഗ്രൂപ്പ് ഏതാണെന്നു തിരക്കി. ബി പോസിറ്റീവ് ആണെന്നു പറഞ്ഞതോടെ, അത്യാവശ്യമെങ്കിൽ സ്വന്തം പിതാവിനു നൽകിക്കൂടെ എന്നു ചോദിച്ചു. ‘അതു ഞാൻ നോക്കിക്കൊള്ളാം, നിങ്ങൾക്കു രക്തം എത്തിക്കാൻ പറ്റുമോ’ എന്ന പരുഷമായ മറുപടിയാണു വേണുവിനു ലഭിച്ചത്. 

അൽപം കഴിഞ്ഞ് യുവാവിന്റെ പിതാവു തന്നെ വിളിച്ചു ക്ഷമ പറഞ്ഞു. സാരമില്ല, ചേട്ടനു രക്തം വേണ്ട ദിവസം ആളെത്തിയിരിക്കുമെന്ന് ഉറപ്പുനൽകിയ വേണു വാക്കു പാലിച്ചു. അവർ സുഹൃത്തുക്കളായി. പിന്നീടൊരിക്കൽ വിളിച്ചപ്പോൾ വേണു അദ്ദേഹത്തിന്റെ മകന്റെ കാര്യം തിരക്കി. മറുപടി മനസ്സു തകർത്തു. മകൻ രക്താർബുദം വന്നു മരിച്ചു! വർഷങ്ങളായി രോഗത്തിന് അടിമയായിരുന്നെങ്കിലും വീട്ടുകാരെ അറിയിക്കാതെ ചികിത്സ തുടരുകയായിരുന്നു! അതിനു ശേഷം രക്തം ആവശ്യപ്പെട്ടു വിളിക്കുന്ന ആരോടും മറ്റൊന്നും ചോദിക്കാറില്ല വേണു. രക്തം ദാനം ചെയ്യാതിരിക്കാൻ ഓരോരുത്തർക്കും അവരവരുടേതായ കാരണം കാണും എന്ന പാഠം പഠിച്ചു. 

വേണുവിനെ നാട്ടിലെ ഫോണിൽ വിളിച്ചാൽ രക്തദാന സന്ദേശമാണ് കേൾക്കാനാകുക. ആർക്കെങ്കിലും രക്തം ആവശ്യമുണ്ടെങ്കിൽ തന്നെ വിളിക്കാൻ മറക്കരുതെന്നും വേണു പറയുന്നു. വെറുമൊരു മിസ്ഡ് കോൾ മതി. നാട്ടിലുള്ളവർക്ക് 9544255222, യുഎഇയിലുള്ളവർക്ക് 0552042449, 0551727476.

English Summary: Blood Donor Venu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com