ADVERTISEMENT

ഹിറ്റ്ലറോട് യുദ്ധം പ്രഖ്യാപിച്ച ഒരു ചെറുപ്പക്കാരി ന‌ഴ്‌സ് ഉണ്ടായിരുന്നു.. സ്നേഹവും ധൈര്യവും മാത്രം ആയുധമാക്കിയവൾ, ഐറീന സെൻഡ്ലർ.

നാസി കൊടുംഭീകരതയുടെ ഇരകളായ രണ്ടായിരത്തി അഞ്ഞൂറിലധികം യഹൂദ കുട്ടികളെയാണ് ഐറീനയും കൂട്ടുകാരും ചേർന്ന്  പോളണ്ടിലെ വാഴ്സോ തടങ്കൽ പാളയത്തിൽ നിന്ന് ‘ഗസ്റ്റപ്പോ’*യുടെ കൂർത്ത നഖങ്ങൾക്കിടയിലുടെ രക്ഷിച്ചത്...

irene-sendler-parents
ഐറീന സെൻഡ്ലർ, ഐറീനയുടെ മാതാപിതാക്കൾ.

ആംബുലൻസുകളിലും സ്യൂട്ട്കേസുകളിലും സീവേജ് പൈപ്പുകൾ വഴിയും ഒക്കെ അതിസാഹസികമായാണ്  കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്.. അഞ്ചുമാസം പ്രായമുള്ള എലിസെബത്താ എന്ന കുഞ്ഞിനെ ഒളിപ്പിച്ചത് ഒരു ലോറിയുടെ ടൂൾ ബോക്സിലാണ്.

ജർമൻ അധിനിവേശ പോളണ്ടിൽ അന്ന് ജൂതർക്ക് നല്കുന്ന ഏതു സഹായവും മരണശിക്ഷയ്ക്ക് അർഹമായിരുന്നു.. സഹായിക്കുന്ന ആളുടെ മാത്രമല്ല; മുഴുവൻ കുടുംബത്തിന്റേയും.

ജർമൻകാർക്ക് അന്ന് ഏറ്റവും പേടിയുണ്ടായിരുന്ന ‘ടൈഫസ്’** എന്ന പകർച്ചവ്യാധിയുടെ സാനിറ്ററി പരിശോധനയ്ക്ക് വേണ്ടി ‘വാഴ്സോ ഗെറ്റോ’*** യിൽ കയറാൻ അനുവദിക്കപ്പെട്ട  പബ്ലിക്ക് ഹെൽത്ത് നഴ്സ് ആയിരുന്നു അവൾ. അണുവിമുക്ത ഔഷധങ്ങളുടെ മറവിൽ  ഗെറ്റോ യിലേക്ക് ഭക്ഷണവും മരുന്നുകളും എത്തിച്ച  ഐറീന തിരിച്ച് കുഞ്ഞുങ്ങളെ  ഒളിച്ചു കടത്തിക്കൊണ്ടുവന്നു.

അങ്ങനെ ‘ഹോളോകോസ്റ്റ്’**** എന്ന ചരിത്രം കണ്ട ഏറ്റവും ഭീകരമായ വംശഹത്യയിൽ നിന്ന് രക്ഷിച്ച ഈ കുഞ്ഞുങ്ങളെ പോളണ്ടിലെ ചില കരുണയുള്ള വീടുകളിലും കന്യാസ്ത്രീ മഠങ്ങളിലും ഒളിപ്പിച്ചു.

സിഗററ്റ് കടലാസുകളിലെഴുതിയ അവരുടെ ശരിയായ പേരുവിവരങ്ങളും പുതിയ ഇടവും എല്ലാം അടച്ച കുപ്പികളിലാക്കി കൂട്ടുകാരിയുടെ തോട്ടത്തിൽ കുഴിച്ചിട്ടു. എന്നെങ്കിലും ഒരിക്കൽ അവരെ സ്വന്തം കുടുംബത്തോട് ചേർക്കാം എന്ന പ്രതീക്ഷയിലായിരുന്നു അത്.

പക്ഷെ എല്ലാം കഴിഞ്ഞപ്പോഴേക്കും മിക്കവാറും എല്ലാവരുടെയും അച്ഛനമ്മമാർ ‘ട്രെബ്ലെൻകാ ഡെത്ത് ക്യാംപിൽ’***** സ്മോക് ചേംബറിൽ അവസാനിച്ചു കഴിഞ്ഞിരുന്നു.

1943-ൽ ഐറീന പിടിക്കപ്പെട്ടു. ഗസ്റ്റപ്പോ ഹെഡ്ക്വാർട്ടറിലെ ഭീകരമായ ചോദ്യം ചെയ്യലിൽ കാലുകളും പാദങ്ങളും അടിച്ചു തകർത്തിട്ട് പോലും താൻ രക്ഷിച്ച കുരുന്നുകൾ ഇപ്പോൾ എവിടെയാണെന്നവൾ പറഞ്ഞില്ല. (2008-ൽ മരിക്കും വരെ ആ പരിക്കുകൾ അവളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു). പിന്നെ വെടിവെച്ച് കൊല്ലാൻ കൊണ്ടു പോകും വഴി കൂട്ടുകാർ ജർമൻ ഗാർഡുകൾക്ക് കൈക്കൂലി കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു ഐറീനയെ..
       
ഒരാൾ മുങ്ങിത്താഴുന്നത് കണ്ടാൽ നീന്തലറിയില്ലെങ്കിലും രക്ഷിക്കാൻ ശ്രമിക്കണമെന്ന് അവളെ പഠിപ്പിച്ചത് അച്ഛനാണ്. വളരെ ചെറുപ്പത്തിലേ അവൾക്ക് നഷ്ടപ്പെട്ട അച്ഛൻ.

ഒരു ഡോക്ടറായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെയും ജൂതൻമാരെയും ടൈഫസ് രോഗികളെയും എല്ലാം പൈസയില്ലാതെ ചികിത്സിച്ച്, ഒടുവിൽ അവരുടെയടുത്തു നിന്ന് പകർന്നു കിട്ടിയ ടൈഫസ് രോഗം  ബാധിച്ച് മരിച്ചു പോയ ഒരു ഡോക്ടർ..
             
കൺമുന്നിൽ സഹജീവികൾ മുങ്ങിത്താഴുന്നത് കണ്ടു നില്ക്കാൻ വയ്യ...
അതു കൊണ്ടു തന്നെയാണ് സ്വന്തം ജീവനും കുടുംബത്തിനും രണ്ടാം സ്ഥാനം കൊടുത്ത്, പരിചയമില്ലാത്ത ഒരു വൈറസിനോട് പടവെട്ടാൻ ഈ മുന്നണിപ്പടയാളികൾ  ഇത്ര ആത്മധൈര്യത്തോടെ തുനിഞ്ഞിറങ്ങുന്നത്...

രോഗിയിൽ നിന്ന് പകർച്ചവ്യാധി പകർന്നു കിട്ടാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് നന്നായി അറിഞ്ഞിട്ട് തന്നെയാണ്...

തീർത്തും പരിചയമില്ലാത്ത ഒരു പുതിയ രോഗത്തോടും ‘പാൻഡമിക്’  എന്ന പുതിയ സാഹചര്യത്തോടുമാണവർ യുദ്ധം ചെയ്യുന്നത്...

ഇതിനകം കോവിഡിനു മുന്നിൽ  നമുക്ക് ഒരുപാട് ആരോഗ്യപ്രവർത്തകരെ  നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു... ഇറ്റലിയിൽ മരിച്ച ഡോക്ടർമാർ മാത്രം നൂറിലധികമായി... ബ്രിട്ടനിലെ എൻഎച്ച്എസിലെ മാത്രം മരണപ്പെട്ട നൂറിലധികം ഹെൽത്ത് കെയർ വർക്കർമാരുടെ ചിത്രങ്ങളുംവിവരങ്ങളും ബിബിസിയുടെ പേജിലുണ്ട്. അറിയപ്പെടാത്ത കണക്കുകൾ ഇനിയും ധാരാളം.

ലോകത്തിന്റെ പല ഭാഗങ്ങളിൽ ഒരുപാട് മലയാളി നഴ്സുമാരെയും ഡോക്ടർമാരെയും നമുക്ക് നഷ്ടപ്പെടുന്നു.. ഇപ്പോഴിതാ ഓക്സ്ഫഡിൽ ഫിലോമിന സിസ്റ്ററും... റിട്ടയർ ചെയ്യാൻ കുറച്ച് നാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. കഠിനമായി ജോലി ചെയ്ത നാല്പത് വർഷങ്ങൾക്ക് ശേഷം അവർ ശാന്തമായ ഒരു വിശ്രമജീവിതം അർഹിച്ചിരുന്നു എന്ന് പറഞ്ഞ് ഭർത്താവ്  വിതുമ്പുന്നു...

philomina
കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിച്ച ഓക്‌സ്‌ഫഡ് ജോൺ റാഡ്‌ക്ലിഫ് ആശുപത്രിയിലെ നഴ്‌സ് കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കൽ ഫിലോമിന ജോസഫ്(62)

കഴിഞ്ഞ ദിവസം തെലങ്കാനയിൽ മരിച്ച രണ്ടു രൂപ ഡോക്ടറെന്നറിയപ്പെട്ടിരുന്ന ഡോ. ഇസ്മായിൽ ഹുസൈൻ ആന്ധ്രയിലെയും തെലങ്കാനയിലെയും പാവങ്ങളുടെ സോക്ടറായിരുന്നു. അൻപത് വർഷങ്ങളായി രാത്രി വളരെ വൈകി അവസാനത്തെ രോഗിയും തീരുന്നതുവരെ അദ്ദേഹം കർണൂലിലെ  തന്റെ കൺസൾട്ടിങ് റൂമിലുണ്ടാകുമായിരുന്നു.. ഇനിയില്ല... അദ്ദേഹവും തന്റെ രോഗികൾ പകർന്നു കൊടുത്ത കോവിഡിന് കീഴടങ്ങി...

മരിച്ചടക്കുവാൻ കല്ലറ പോലും നിഷേധിക്കപ്പെട്ട ചെന്നൈയിലെ സൈമൺ ഹെർക്കുലീസ് ഡോക്ടർ.. സഹപ്രവർത്തകനു വേണ്ടി സ്വന്തം കൈകൊണ്ട് കുഴി വെട്ടേണ്ടി വന്ന പ്രദീപ് ഡോക്ടർ അഭിമുഖത്തിനിടയിൽ കരയുന്നു... ഞങ്ങൾക്ക് ഹീറോയാകേണ്ട.. ചുരുങ്ങിയത് ഒരു മനുഷ്യനോടുള്ള പരിഗണന എങ്കിലും  കാണിക്കൂ...’

dr-simon-hercules-dr-ismail-hussain
ഡോ.സൈമൺ ഹെർക്കുലീസ്, ഡോ. ഇസ്മായിൽ ഹുസൈൻ.

ലോകമെങ്ങുമുള്ള ഹെൽത്ത് കെയർ വർക്കർമാർക്ക് ഇത് പരീക്ഷണ കാലമാണ്.. നിറഞ്ഞു കവിയുന്ന ആശുപത്രികളും താങ്ങാനാവാത്ത ഓവർ ടൈമുകളും വീർപ്പുമുട്ടിക്കുന്ന സംരക്ഷണ വസ്ത്രങ്ങളും...

നല്ല മനക്കരുത്ത് വേണം പിടിച്ചു നിൽക്കാൻ..

വിദേശങ്ങളിൽ  ഒരുമിച്ച്  ഇത്രയും മരണങ്ങൾ കണ്ടു നില്ക്കേണ്ടി വരുമ്പോഴും പ്രായമുള്ളവരിൽ നിന്ന് വെന്റിലേറ്റർ മാറ്റി അവരെ മരിക്കാൻ വിട്ടു കൊടുക്കുമ്പോഴും ജീവൻ രക്ഷിച്ചു മാത്രം പരിചയമുള്ള അവരിൽ പലരുടെയും സമനില പോലും തകരുന്നു...

കൂടെ ജോലി ചെയ്തിരുന്നവരുടെയും കൂട്ടുകാരുടെയും പെട്ടെന്നുള്ള രോഗബാധയും മരണവും വല്ലാത്ത ഭയത്തിലും സമ്മർദ്ദത്തിലുമാഴ്ത്തുന്നു...

ഒരു പാട് നന്മയുണ്ടായിരുന്ന ഒരു എമർജൻസി മെഡിസിൻ ഡോക്ടറായിരുന്നു കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ആത്മഹത്യ ചെയ്ത ഡോ. ലോറ ബീൻ. അവധി ദിവസങ്ങളിൽ ഓൾഡ്ഏജ് ഹോമുകളിൽ സൗജന്യ സേവനം ചെയ്തിരുന്നവൾ...

dr-lora-been
ഡോ.ലോറ ബീൻ.

ഒരിക്കൽ ഒരു കോവിഡ് രോഗിയുമായി കോൺടാക്ടിലായാൽ, അല്ലെങ്കിൽ കോവിഡ് വാർഡിൽ ഡ്യൂട്ടി ഉണ്ടെങ്കിൽ ഹെൽത്ത് കെയർ വർക്കേർസിന്  ഹോസ്പിറ്റലിൽ തന്നെ കഴിയണം.. കുടുംബത്തെ വിട്ട് നീണ്ട ദിവസങ്ങൾ ഐസോലേഷനിൽ കഴിയുന്നവരിൽ മുല കുടിക്കുന്ന പൊടിക്കുഞ്ഞുങ്ങളുടെ അമ്മമാരുമുണ്ട്..

വീട്ടിലിരിക്കുന്നവരുടെ ആധിയും ആശങ്കകളുമോ അതിലധികം..
           
മാനവരാശിയും വൈറസും തമ്മിലുള്ള മഹായുദ്ധമാണ്... കരുണയും ആത്മധൈര്യവും മാത്രമാണീ മുന്നണിപ്പോരാളികളുടെ മൂലധനം.

irene-sendler-2
ഐറീന സെൻഡ്ലർ, ചെറുപ്പത്തിലും വാർധക്യത്തിലും. കടപ്പാട് – ഐറീന സെൻഡ്ലർ ഡോട്ട് ഓർഗ്.

അവർ ഒരുപക്ഷെ മനസിൽ പറയുന്നത് ഐറീന പറഞ്ഞ അതേ വാക്കുകളാവാം....

‘‘ഞാൻ ഒരു ഹീറോയല്ല.. ഞാൻ രക്ഷിച്ച ഓരോ ജീവനും എന്റെ നിലനില്പിനുള്ള അർത്ഥപൂർണ്ണമായ പ്രേരണയും കാരണവുമാണ്... എനിക്കുള്ള പൊൻ തൂവലല്ല.’’
         
കവിമൊഴി പോലെ ... എത്ര പേർ തെരുവുവിളക്കുകളായി കത്തിയ വഴികളിലൂടെ നടന്നാണ് മനുഷ്യർ അവരുടെ പുലരിയിലേക്കെത്തുന്നത്.

––––––––––––––

* ഗസ്റ്റപ്പോ - നാസി രഹസ്യപ്പൊലീസ് 
** ടൈഫസ് - പേനുകളും ചെള്ളുകളും മറ്റും പരത്തുന്ന ഒരു പകർച്ചവ്യാധിപ്പനി. പണ്ട് യുദ്ധസമയത്തും ക്ഷാമകാലത്തും ഒക്കെ ഒരു പാട് പേർ ടൈഫസ് ബാധിച്ചു മരിക്കാറുണ്ടായിരുന്നു.
*** വാഴ്സോ ഗെറ്റോജൂതൻമാരെ അടുക്കി പാർപ്പിച്ചിരുന്ന ജർമൻ അധിനിവേശ പോളണ്ടിലെ കുപ്രസിദ്ധ തടങ്കൽ പാളയം.
**** ഹോളോകോസ്റ്റ് - രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി കോൺസൻട്രേഷൻ ക്യാംപുകളിൽ ജർമൻകാർ നടത്തിയ യഹൂദവംശഹത്യ.
***** ട്രെബ്ലെൻകാ ഡെത്ത് ക്യാംപ് - സ്മോക് ചേംബറിൽ ഇട്ട് ലക്ഷക്കണക്കിനു യഹൂദരെ കൊന്നൊടുക്കിയ പോളണ്ടിലെ രഹസ്യ നാസി ക്യാംപ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com