കെടുതികൾ

story
SHARE

പതിവു പറ്റുകടയുടെ പ്രൊപ്രൈറ്റർ തോമുണ്ണിയേട്ടൻ മുഖത്തെഴുത്തുമാറ്റാതെ തന്നെ, പച്ചയിൽനിന്നു കത്തിയിലേക്ക് അദ്ഭുതകരമായി വേഷം മാറിക്കൊണ്ടു പറ്റുചരിതം പതിനേഴാം ദിവസമായെന്ന് എന്നെ ഓർമിപ്പിച്ച് ഓരിയിട്ടു. നിരതെറ്റിത്തൂക്കിയ എൽഇഡി വെളിച്ചങ്ങൾക്കു ചുവട്ടിൽ, ചാക്കുവിരിച്ച് നിരത്തിവച്ചിരുന്ന, വിഷംതീണ്ടി വീർത്ത പച്ചക്കറികൾ തിരഞ്ഞെടുക്കുന്നവർക്കിടയിൽ ഒന്നുരണ്ടുപേർ തോമുണ്ണിയേട്ടന്റെ കലാശക്കളിക്കു കാഴ്ചക്കാരായിട്ടുണ്ടായിരുന്നു. അവരിൽ നിന്നു രക്ഷപ്പെടാൻ മുഖം താഴ്ത്തിപ്പിടിച്ചു ഞാൻ ഒന്നുകൂടി മുന്നിലോട്ടു വളഞ്ഞു. അതേ നിൽപിൽ നിന്നുകൊണ്ട് കൈയിൽ കരുതിയ നിറംതേഞ്ഞ തുണിസഞ്ചി പതുക്കെ കുടഞ്ഞു നിവർത്തിപ്പിടിച്ചതിന്റെ മുകളിലൂടെ തിരനോട്ടം നടത്തി, ശക്തി ചോർന്ന ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു.

‘‘നാളെയാവട്ടെ, തോമുണ്ണിയേട്ടാ...!’’

പിന്നീടു തിടുക്കത്തിൽ പ്രാരബ്ധങ്ങൾ ഓരോന്നായി സഞ്ചിയിലാക്കി തൂക്കിപ്പിടിച്ച് ഇരുട്ടിലേക്കിറങ്ങി ശ്വാസംവിട്ടു.

‘‘ടാ, ഒന്നു നിന്നേ...!’’

പ്രധാന റോഡിൽനിന്നു വീട്ടിലേക്കുള്ള വെട്ടുവഴി തിരിയുന്നതിനു തൊട്ടുമുൻപ്, പട്ട്യാത്തുപറമ്പിലെ വാസുദേവൻ റോഡിനപ്പുറത്തുനിന്നു കൈകാട്ടി.

തൂക്കിപ്പിടിച്ചിരുന്ന തുണിസഞ്ചി കൈ മാറ്റിപ്പിടിച്ച്, മുകളിൽ നിന്നു റോഡിലേക്കു കമിഴ്ന്നു നിന്ന സ്ട്രീറ്റ് ലൈറ്റിന്റെ നീളൻ വെളിച്ചത്തിലേക്കു മാറിനിന്നു ഞാൻ വാസുദേവനെപ്പറ്റി വെറുതെ ഓരോന്നോർത്തു.

പഠനകാര്യം മാത്രം മാറ്റിനിർത്തിയാൽ നഴ്സറി ക്ലാസിലെ അരബെഞ്ചിൽ തുടങ്ങി, സ്കൂൾ ജീവിതം മുഴുവനും ഞങ്ങൾ ഒരുമിച്ചായിരുന്നു. എന്തെല്ലാം കാഴ്ചകളും എത്രയെത്ര കഥകളുമാണ്, ഒരുമിച്ചു കണ്ടും പറഞ്ഞും തീർത്തത്. അങ്ങനൊരുകാലം.

പിന്നീടു മുതിർന്നെന്നു സ്വയം തോന്നിത്തുടങ്ങിയപ്പോ, ഉപാധിപൂർവം ഉണ്ടാക്കിയെടുത്ത ഗൗരവംകൊണ്ടു പലപ്പോഴും വഴിയിൽ ഇതുപോലെ കാണുമ്പോൾ സംസാരിക്കുന്നതു പോയിട്ടു ചിറികോട്ടിപ്പിടിച്ചു ചിരിക്കുന്നതുപോലും ഞങ്ങൾ വേണ്ടെന്നുവച്ചിരുന്നു. ഒരുപാടു പരിചയമുള്ള രണ്ടപരിചിതരായി കഴിയുന്നതിനിടയിൽ ഇതിപ്പോ അതിശയമായിരിക്കുന്നു.

വാഹനങ്ങൾ ഒഴിഞ്ഞപ്പോൾ റോഡുമുറിച്ചു നടന്നു വാസുദേവൻ അടുത്തേക്കു വരുമ്പോഴേക്കും നരച്ച തൂവലുകൾ ബാക്കിയുള്ള ഒരു പൈങ്കിളിയായി ഞാൻ രൂപാന്തരപ്പെട്ടു.

‘‘ഞാൻ നിന്നെ കാണാനിരിക്ക്യായിരുന്നു.’’ അവനെനിക്കു കൈതന്നു.

‘‘എന്തേ?’’ കൈയിൽ അമർത്തിപ്പിടിച്ചു ഞാൻ ചോദിച്ചു.

‘പ്രത്യേകിച്ച് ഒന്നൂല്ല്യ‌ടാ... പിന്നെ.. മോനൊക്കെ എന്തു പറയുന്നു.’’ അവൻ ധൃതിപ്പെട്ടു വിശേഷം തിരക്കി.

‘‘സുഖായിട്ടിരിക്കുന്നു. നിന്റെ മോളിപ്പോ...?’’

‘‘ഇപ്പോ അഞ്ചിലായി. നമ്മുടെ സ്കൂളിൽ തന്നെ. പിന്നേയ്... ’’ അവൻ ശബ്ദം താഴ്ത്തി തുടർന്നു. ‘‘അച്ഛൻ മരിച്ചിട്ട് എനിക്കു വരാൻ പറ്റിയില്ല, കാണണന്ന്ണ്ടായിരുന്നു. കുറച്ചു തെരക്കിലായിര്ന്നടാ...’’

മൂന്നു വർഷം മുൻപു മരിച്ചുപോയ എന്റെ അച്ഛനെയോർത്ത് അവൻ ദണ്ണിച്ചപ്പോ, ചിരിക്കാതിരിക്കാൻ ഞാൻ ശരിക്കും പണിപ്പെട്ടു.

‘‘ഏയ്.. അതു സാരല്ല്യാ.. അമ്മയ്ക്കിപ്പോ എങ്ങന്ണ്ട്?’’ അവനെ സമാധാനിപ്പിച്ച് ഞാൻ മനഃപൂർവം മാറ്റിച്ചോദിച്ചു.

‘‘മരുന്ന്ണ്ട്. ഇപ്പോ വേറെ കൊഴപ്പൊന്നൂല്ല്യാ...’’

ദീർഘകാലം കണ്ടുമുട്ടാതിരുന്ന സുഹൃത്തുക്കളെപ്പോലെ, ഞങ്ങൾ എന്തൊക്കെയോ സംസാരിക്കുന്നതിനിടയിലാണ്, കുറെക്കൂടി ചേർന്നുനിന്ന്, മുൻപത്തെക്കാൾ വേഗത്തിൽ അവനെന്റെ തോളിലേക്കു കൈവച്ചത്.

ഇടതുകൈയിൽ തൂക്കിപ്പിടിച്ചിരുന്ന സഞ്ചിഭാരം അപ്പോൾത്തന്നെ പകുതിയിലേക്കു പരുവപ്പെട്ടു. പൊടുന്നനെ എന്റെ കണ്ണുനിറഞ്ഞു.

നഴ്സറി ക്ലാസിലെ മുറിബെഞ്ചിൽ ചെന്നിരുന്ന് ഞാനും വാസുദേവനും കെട്ടിപ്പിടിച്ചു കരഞ്ഞു.

ഇടയ്ക്കെപ്പോഴോ അവൻ സംസാരിക്കുന്നതു കേട്ടു.

‘‘നമ്മുടെ കാര്യങ്ങള് കൊറെയൊക്കെ നിനക്കറിയാലോ, അതിൽത്തന്നെ പ്രാധാന്യമുള്ള ചിലത് വീണ്ടും പറയുന്നൂന്ന് മാത്രം.’’

‘‘നീ പറയെടാ.. ’’ ഞാൻ അരബഞ്ചിലിരുന്നു കാലാട്ടി.

‘‘എടാ ഇത്തരം വിഷയത്തിൽ നമ്മൾ ഒരുമിച്ചെടുക്കുന്ന ചില നിലപാടുകളാണു പ്രധാനം. അതുകൊണ്ട്, നാളെ വൈകിട്ട് അഞ്ചുമണിക്ക് നമ്മുടെ തിരുമുറ്റത്തുനിന്ന് ആൽത്തറ വരെ, നമ്മളൊരു പ്രതിഷേധപ്രാർഥന സംഘടിപ്പിച്ചിട്ടുണ്ട്. നീ നിർബന്ധമായും പങ്കെടുക്കണം.’’

ഒറ്റ നിമിഷംകൊണ്ട് ഞാൻ നഴ്സറി പൂട്ടി പുറത്തുവന്നു.

ഇവൻ എന്തൊക്കെയാണീ പറയുന്നത്. എനിക്കൊന്നും മനസ്സിലായില്ല.

‘‘മറക്കരുത്, നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സുവർണാവസരമാണിത്.’’ പിടുത്തം കിട്ടുംമുൻപ് അവൻ വീണ്ടും പറഞ്ഞു. സഞ്ചിയിലെ പ്രാരബ്ധം, പഴയപോലെ ഭാരപ്പെട്ടു.

‘‘നീയെന്താ ഒന്നും മിണ്ടാത്തത്. എടാ വെറുതെയോരോന്നു പറഞ്ഞ് ഒഴിയാൻ നിക്കരുത്. നാളെ നീ ഉറപ്പായിട്ടും ഉണ്ടാവണം. വരില്ലേ?’’ അവൻ പതുക്കെ തോളിൽ നിന്നു കൈവേർപ്പെടുത്തി മുതിർന്ന വാസുദേവനായി നിവർന്ന് എന്നോടു ചോദിച്ചു.

അപ്പോഴേക്കും അകത്ത് ആരോ വെളിച്ചപ്പെട്ടതിനു മനസ്സോർത്ത്, ഞാൻ പിടിച്ചുനിന്നു.

അതെ, മാതൃക കാട്ടിക്കൊടുത്ത്, സോദരത്വേന വാഴേണ്ടതല്ലേ.. ഉള്ളിൽ തോന്നിച്ച വെളിച്ചത്തെപ്രതി, ഞാൻ വാസുദേവനുവേണ്ടി ചിരിച്ചുകൊണ്ടു തലയാട്ടിക്കൊടുത്തു.

‘‘അപ്പൊ ശരി, എനിക്കിതുപോലെ ഒന്നുരണ്ടു പേരെക്കൂടി കാണാനുണ്ട്. നാളെ വൈകിട്ടു കാണാം.’’

അവൻ പിന്നെ നിന്നില്ല. വാസുദേവൻ നടന്നുകൊണ്ടിരുന്ന ഇരുട്ടിലേക്കു നോക്കി ഞാൻ കുറച്ചുനേരം അവിടെത്തന്നെ നിന്നു. പെട്ടെന്നു ശരീരത്തിലേക്ക് എന്തോ പടർന്നു. തൊണ്ടക്കുഴിയിൽ വീണ് അത് മുട്ടിത്തിരിഞ്ഞു.

‘‘ഉവ്വ്, ശരിയാണ് നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്.

പക്ഷേ,... പക്ഷേ,.... ആരാണീ നമ്മൾ?’’

മൺകലത്തിൽ വെള്ളം തിളപ്പിച്ചു കാത്തിരിക്കുന്നവളെ ഓർത്ത്, ഞാൻ വേഗത്തിൽ വീട്ടിലേക്കു നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA