പാഠം ഒന്ന്: പുതിയ പ്രകൃതി

Himalaya
SHARE

ലോക് ഡൗൺ സൗകര്യമായിക്കണ്ട് പ്രകൃതി അതിന്റെ വീണ്ടെടുപ്പു നടത്തിയിരിക്കുന്നു. ഓസോൺ പാളിയിലെ വിള്ളൽ സ്വമേധയാ അടഞ്ഞുവെന്നു ശാസ്ത്രലോകം തിരിച്ചറിയുന്നു. ഗംഗ മാലിന്യമുക്തയായി ഒഴുകുന്നു. അദ്ഭുതകരമായാണ് പ്രകൃതി അതിന്റെ സിസ്റ്റം റിഫ്രഷ് ചെയ്തിരിക്കുന്നത്.

പഞ്ചാബിൽ ജലന്തറിലും പാലംപുരിലും വർണനാതീതമായ പ്രകൃതിഭംഗിയിൽ ഒരു ഹിന്ദി സിനിമയുടെ ഗാനരംഗം ചിത്രീകരിച്ചിട്ടുണ്ട്. 1986ലായിരുന്നു അത്. ഈയിടെ അന്തരിച്ച ഋഷി കപൂറായിരുന്നു നായകൻ. നായിക പൂനം ധില്ലൻ.

ജലന്തറിലെ ആ ചെറിയ പ്രദേശത്തു നിന്നുള്ള കാഴ്ചയിൽ മഞ്ഞുപുതച്ചു നിൽക്കുന്ന ഹിമാലയം വിദൂരതയിൽ തെളിഞ്ഞു കാണാം. ലൊക്കേഷനിൽനിന്നു ദൂരെയല്ലാതെ ഒഴുകിയിരുന്ന ചെറുനദിയിൽ എപ്പോഴും കണ്ണുനീർതെളിമയുള്ള വെള്ളമുണ്ടാവും. ഷൂട്ടിങ്ങിനിടെ കൈക്കുമ്പിളിൽ ആ വെള്ളം കോരിയെടുത്തു കുടിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. ആ ചെറുനദിയും നോക്കെത്താദൂരം പച്ചപ്പുമായി പരന്നുകിടക്കുന്ന പ്രദേശം അത്രയൊന്നും അലഞ്ഞുതിരിയാതെതന്നെ സിനിമയ്ക്കായി ഞങ്ങൾ കണ്ടെത്തിയതാണ്.

ഉറുദുവിൽ രചിച്ച് സാഹിത്യ അക്കാദമി അവാർഡ്‌വരെ നേടിയ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ‘ഏക് ചദ്ദർ മാലി സി’ എന്ന ആ സിനിമ. ജ്യേഷ്ഠൻ മരിച്ചാൽ അദ്ദേഹത്തിന്റെ ഭാര്യയെ അനുജൻ വിവാഹം കഴിക്കണമെന്ന വിചിത്രമായ ആചാരമായിരുന്നു കഥയുടെ സത്ത. അനുജനായിട്ടാണ് ഋഷി കപൂർ വേഷമിട്ടത്. ഏട്ടത്തിയമ്മയായി ഹേമമാലിനി. മകനെപ്പോലെയാണ് ഏട്ടത്തിയമ്മ അനുജനെ കരുതിയിരുന്നത്. അവരെ വിവാഹം കഴിക്കേണ്ടിവരുന്ന അനുജന്റെ ദുരവസ്ഥ. സാമൂഹിക വ്യവസ്ഥകളുടെ സമ്മർദത്തിന് ഇരയാവുന്ന ഏട്ടത്തിയമ്മ. അങ്ങനെ വൈകാരിക പരിസരങ്ങൾ ഏറെയുള്ള ചിത്രം.

INDIA-ARTS-CINEMA-BOLLYWOOD
ഋഷി കപൂർ

അഭിനയപ്രാധാന്യമുള്ള വേഷം എന്നതുകൊണ്ടാണ് ഋഷി കപൂർ ആ വേഷം ചെയ്യാമെന്നു സമ്മതിച്ചതുതന്നെ. ബോബിയിൽ തുടങ്ങി നായകനായി തിളങ്ങി നിൽക്കെ പതിവിൽനിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു ഋഷി കപൂർ ഈ ചിത്രത്തിൽ ചേർന്നത്. ഇന്ത്യയിൽ പലയിടത്തും ചിത്രീകരണത്തിനുള്ള സന്ദർഭങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഏക് ചദ്ദർ മാലി സി എന്ന സിനിമയ്ക്കുവേണ്ടി ഈ പ്രദേശത്തു ചിത്രീകരിച്ച ദിവസങ്ങൾക്ക് എന്തുകൊണ്ടോ ഒരു സവിശേഷത എപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ പ്രദർശനവിജയവും അക്കാദമിക് അംഗീകാരവും നേടി. തികഞ്ഞ ഗൗരവബുദ്ധിയോടെയും സൂക്ഷ്മതയോടെയുമാണ് സംവിധായകൻ സുഖ്‌വന്ദ് ദദ്ദ ആ സിനിമയെ സമീപിച്ചത് എന്നതാണ് വിജയകാരണം. ഏക് ചദ്ദർ മാലി സി പുറത്തിറങ്ങി 14 വർഷങ്ങൾക്കുശേഷം ഋഷി കപൂറുമായുള്ള കൂടിക്കാഴ്ചയാണ് ഈ കുറിപ്പിന്റെ അടിസ്ഥാനം.

ബോംബെ എയർപോർട്ടിനടുത്തുള്ള സെന്റുർ ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയതായിരുന്നു ഞാനും സംവിധായകൻ സുഖ്‌വന്ദ് ദദ്ദയും. ഞങ്ങൾ സംസാരിച്ചു നടന്നു പോകുന്നതിനിടെ പിന്നിൽനിന്നു സുഖ്‌വന്ദ് എന്നു സാമാന്യം ഉച്ചത്തിലുള്ള വിളി കേട്ടു. തിരിഞ്ഞുനോക്കുമ്പോൾ അതിസന്തോഷത്തോടെ എത്തുന്ന ഋഷി കപൂർ. ഒരുമിച്ചു കണ്ടതിന്റെ സന്തോഷം ഞങ്ങളോടു പങ്കുവയ്ക്കുന്നതിനിടെ പരാതി പറയുംപോലെ ഋഷി കപൂർ എന്നോടു പറഞ്ഞു–  നമ്മൾ ജലന്തറിൽ ഏക് ചദ്ദർ മാലി സി ഷൂട്ട് ചെയ്ത ലൊക്കേഷൻ ഞാൻ ഒരു സിനിമയ്ക്കായി സജസ്റ്റ് ചെയ്ത് ഷൂട്ടിങ് ടീമിനെയുംകൊണ്ട് അവിടെ പോയി. പക്ഷേ അവിടെനിന്നു ഹിമാലയം കാണാനാവുന്നില്ല. മാത്രമല്ല, ആ പ്രദേശത്തിനു നമ്മൾ അന്നുകണ്ട ഭംഗിയൊന്നും ഇപ്പോഴില്ല. അതെന്താണങ്ങനെ പറ്റിയത്?

ഋഷി കപൂറിന്റെ പരിഭവമുള്ള ആ ചോദ്യത്തിന് ആർക്കാണ് മറുപടി പറയാനാവുന്നത്. 14 വർഷംകൊണ്ട് ഒരു പ്രദേശത്തിന്റെ ഭംഗി എങ്ങനെയാണു നഷ്ടപ്പെട്ടത്? പ്രകൃതിക്ക് എന്തൊക്കെ മാറ്റങ്ങളാണു സംഭവിച്ചത്? ചിന്തിക്കാനുള്ള സമയമാണിത്.

അനുബന്ധമായി ചിലതുകൂടി ഓർമിച്ചുപോവുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ആർട് ഡിപ്പാർട്മെന്റ് തലവനായ സുരേഷ് അടുത്ത സുഹൃത്താണ്. വാരാണസിയിൽ സ്ഥിരതാമസക്കാരൻ. കഴിഞ്ഞ ദിവസം പതിവു സൗഹൃദത്തോടെയുള്ള ഫോൺ സംഭാഷണത്തിനിടെ സുരേഷ് പറഞ്ഞു, 35 വർഷത്തെ അയാളുടെ വാരാണസി ജീവിതത്തിനിടെ ഗംഗാനദി ഇത്രയ്ക്കും തെളിഞ്ഞ് ഒഴുകുന്നതു കണ്ടിട്ടില്ലെന്ന്. ഹിമാലയത്തിൽനിന്നു പല ദേശങ്ങളിലെ മാലിന്യങ്ങളുമായാണ് ഗംഗ ഒഴുകിയിറങ്ങി വാരാണസിയിൽ എത്തുന്നത്. ഇപ്പോൾ എങ്ങനെയാണ് ഗംഗയിൽ തെളിനീർ ഒഴുകുന്നത്? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ലോക്ഡൗണിൽ നമ്മൾ പ്രകൃതിക്കു നൽകിയ നിശ്ശബ്ദതയല്ലാതെ മറ്റൊന്നുമല്ല. പ്രകൃതിയെ മലിനമാക്കാൻ നിയമം നമ്മളെ അനുവദിച്ചില്ല. ഡൽഹി ഉൾപ്പെടെ പരിസ്ഥിതി മലിനീകരണത്തിന്റെ ഭീഷണി നേരിട്ടിരുന്ന പ്രദേശങ്ങളിൽ അവിശ്വസനീയമാംവിധം പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുത്തിരിക്കുന്നു. ലോക്ഡൗൺ സൗകര്യമായിക്കണ്ട് പ്രകൃതി അതിന്റെ വീണ്ടെടുപ്പു നടത്തിയിരിക്കുന്നു. അപായരശ്മികൾ ഭൂമിയിലേക്കു വിനാശം വിതയ്ക്കുമെന്നു ലോകം ഭയന്നിരുന്ന ഓസോൺ പാളിയിലെ വിള്ളൽ സ്വമേധയാ അടഞ്ഞുവെന്നു ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അദ്ഭുതകരമായാണ് പ്രകൃതി അതിന്റെ സിസ്റ്റം റിഫ്രഷ് ചെയ്തിരിക്കുന്നത്. കൂറ്റൻ ഫ്ലാറ്റിന്റെ ഉയരത്തിൽനിന്നു തെളിഞ്ഞ ആകാശത്തേക്കു നോക്കി കുഞ്ഞുങ്ങൾ രക്ഷിതാക്കളെ വിളിച്ചു പറയുന്നു– സ്കൈ നിറയെ സ്റ്റാറുകൾ കാണുന്നുവെന്ന്. ഇതൊരു നവീകരണത്തിന്റെ കാലമാണ്. ഒപ്പം നഷ്ടങ്ങളുടെയും.

അടഞ്ഞുകിടന്ന കാലം നമുക്കു നൽകിയ സാമ്പത്തിക നഷ്ടത്തിന്റെ കണക്കിന് അന്തമില്ല. തിരിച്ചു പിടിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുന്ന നഷ്ടങ്ങളാണെല്ലാം.ഒരിക്കലും തിരികെ കിട്ടില്ലെന്നുറപ്പുള്ള വിലപ്പെട്ട ജീവനുകൾ. ലോകമാകെ ഭാവിയുടെ ആശങ്കകൾക്കു ചെവികൊടുക്കുകയാണ്. മനുഷ്യനാണ്, അതു തിരികെപ്പിടിക്കും എന്ന വിശ്വാസമാണു നമ്മളെ നാളെയിലേക്കു നയിക്കുന്നത്. പക്ഷേ, വേട്ടക്കാരന്റെ ഭാവത്തോടെ നമ്മൾ ഈ ഇടവേള കഴിഞ്ഞ് കുതിച്ചെത്തിയാൽ പ്രകൃതി ഒരുക്കിയ ഈ സന്തുലിതാവസ്ഥയെ ദിവസങ്ങൾകൊണ്ടു നമ്മൾ തകർത്തുകളയും. നൂറുനൂറു വർഷങ്ങൾക്കുശേഷമാണ് ഇങ്ങനെ ഒരു ഇടവേള ലോകത്തിനു സംഭവിച്ചത്. ജീവിച്ചിരിക്കുന്ന ആരുടെയും ഓർമയിൽ ലോക്ഡൗൺ എന്ന അനുഭവമില്ല എന്നതും ഓർക്കണം. അതുകൊണ്ടുതന്നെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുടെ പട്ടികയിൽ പ്രകൃതി എന്നുകൂടി നമുക്ക് ഇനി പ്രാധാന്യത്തോടെ എഴുതിച്ചേർക്കണം. അടിച്ചേൽപിക്കപ്പെട്ട ഈ ഇടവേളയിൽ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കു ലഭിച്ച സ്വച്ഛത മാത്രം മതി അങ്ങനെ തീരുമാനിക്കാനുള്ള കാരണം.

ലോക്ഡൗണിൽ നിശ്ശബ്ദമായ നഗരങ്ങളിൽപോലും ശുദ്ധവായു സ്വീകരിക്കാൻ ഇപ്പോൾ നമ്മുടെ മൂക്കുകൾക്കാവുന്നു. അതിന്റെ ആശ്വാസം ശ്വാസകോശത്തിനും കിട്ടിത്തുടങ്ങി. സുഗന്ധങ്ങൾ തിരിച്ചറിയുന്നു. അതിന്റെ സ്വസ്ഥത ശാരീരികാരോഗ്യമായി അനുഭവിച്ചും തുടങ്ങി. കണ്ണുകൾക്കു തെളിച്ചമുള്ള കാഴ്ചകൾ കാണാനാവുന്നു. പൊടിപടലം അകന്നതോടെ വിദൂരക്കാഴ്ചകൾ നമുക്കു മുന്നിൽ തെളിയുന്നു. ജലന്തറിലെ അന്നത്തെ ലൊക്കേഷനിൽനിന്ന് ഇപ്പോൾ ഹിമാലയം കാണാൻ കഴിയുമെന്നാണ് കരുതുന്നത്. അസഹ്യമായ ശബ്ദകോലാഹലങ്ങൾക്കിടയിൽ അന്യംനിന്നുപോയ ചെറുശബ്ദങ്ങൾ കേൾക്കാനാവുന്നു. ചെറിയ കിളികളുടെ ശബ്ദം തിരിച്ചറിയുന്നു. 

himalaya
വര: റിങ്കു തിയോഫിൻ

നാവിന്റെ രുചിഭേദങ്ങൾ മാറി. അടച്ചുപൂട്ടപ്പെട്ട നമ്മൾ തൊടിയിലെ പ്ലാവിനെ കണ്ടെത്തി. ജങ്ക് ഫുഡ് നശിപ്പിച്ച നാവിനു നാടൻ രുചികൾ തിരിച്ചറിയാനായി. മണ്ണിലേക്കു മടങ്ങാൻ നമ്മൾ നിർബന്ധിതരായി. സ്വന്തമായി രണ്ടു ചീരയെങ്കിലും നട്ടു, അല്ലെങ്കിൽ നടണം എന്ന ബോധം നമ്മളിലെത്തി. സ്പർശനത്തിന്റെ സുഖവും നമ്മൾ അറിഞ്ഞു. വീടിനുള്ളിൽ തിരക്കൊഴിഞ്ഞവരായി എല്ലാവരും മാറിയപ്പോൾ വലുപ്പച്ചെറുപ്പം എന്നതു മിഥ്യയായി. ബന്ധങ്ങളുടെ വിലയും ആഴവും തിരിച്ചറിഞ്ഞ കാലംകൂടിയാണ് ലോക്ഡൗൺ. 

കരുതലോടെയുള്ള എത്രയെത്ര സന്ദേശങ്ങൾ സ്നേഹത്തിന്റെ സ്പർശം അനുഭവിപ്പിച്ചിരിക്കും. എത്രയോ പിണക്കങ്ങൾക്കു പരിഹാരമായിരിക്കും. പലതും തിരിച്ചറിയാനും കടന്നുപോന്ന കാലം ഓർമിക്കാനും കഴിഞ്ഞിരിക്കും. സ്നേഹമുള്ള സ്പർശമാണത്. ശക്തിക്ഷയം വിട്ട് പഞ്ചേന്ദ്രിയങ്ങൾ അതിന്റെ യഥാർഥ കർമം കണ്ടെത്തിയിരിക്കുന്നു. പഞ്ചഭൂതങ്ങളെന്ന പ്രക‍ൃതിയുടെ സ്വത്വവും തിരികെ കിട്ടിയിരിക്കുന്നു. ഇനിയെന്ത് എന്നതാണ് നമുക്കു മുന്നിലെ ചോദ്യം.

കോടാനുകോടി രൂപ മുടക്കിയാലും തിരികെപ്പിടിക്കാവുന്നതല്ല പ്രകൃതി ഇക്കാലയളവിനുള്ളിൽ നമുക്കായി ചെയ്തു തീർത്തിട്ടുള്ളത്. ഗംഗാ ശുചീകരണ പദ്ധതിയും അതിനായി വേണ്ടിവരുന്ന വൻ തുകയും മാത്രം മനസ്സിൽ കരുതിയാൽ മതി. വരുംതലമുറയ്ക്കായി കിട്ടിയ ഈ സൗഭാഗ്യം നിലനിൽക്കണം. സർക്കാരുകൾക്ക് ഇതിനപ്പുറം ഒരു അവസരമില്ല. നദികളെ വീണ്ടെടുക്കുകയും ഹരിതകേരളവും മിഷനായി കണക്കാക്കി പ്രവർത്തിക്കുന്ന കേരളം, കിട്ടിയ പ്രകൃതിയെ അതുപടിയെങ്കിലും നിലനിർത്തുന്നതിൽ മാതൃകയായി മാറണം. പ്രകൃതിയുടെ നവോത്ഥാനത്തിനു തുടർച്ചയുണ്ടാവണം. 

മറവി അനുഗ്രഹമായതിനാൽ ലോക് ഡൗണും പ്രകൃതിയും നമ്മൾ മറക്കും. അടച്ചുവച്ചിരിക്കുന്ന ആഗ്രഹങ്ങളോടെ ലോക് ഡൗണിൽനിന്ന് അതിശക്തരായി നമ്മൾ പുറംലോകത്തേക്കിറങ്ങുമ്പോൾ പ്രകൃതിയെ ഓർമിപ്പിക്കുന്ന ഒരു ചിന്ത പടർത്തണം. അതിനൊരു ശക്തമായ ക്യാംപെയ്ൻ ആവശ്യമാണ്. നമുക്കും നാളേക്കും അത് ആവശ്യമാണ്. പ്രകൃതിയുടെ ഈ തിരിച്ചെടുപ്പിനു രക്തസാക്ഷികളുണ്ട്. കോവിഡ് ബാധിച്ച് ലോകമെമ്പാടും മരിച്ച പതിനായിരങ്ങളുണ്ട്. അവർക്കുള്ള സ്മാരകമായി പ്രകൃതിസംരക്ഷണത്തിന്റെ യജ്ഞം മാറിയാൽ അതാവും ഏറ്റവും വലിയ സ്മരണാഞ്ജലി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA