ADVERTISEMENT

ആയിഷ മെഹ്റ...ആശ്വാസത്തിന്റെ, അതിജീവനത്തിന്റെ പേരാണത്. ലോകത്തെയാകെ സങ്കടക്കടലിൽ മുക്കിയ മഹാമാരിയെ നാം അതിജയിക്കുമെന്ന വിശ്വാസം വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുന്ന പേര്. കോവിഡ് മഹാമാരിക്കാലത്തെ ഈ കുഞ്ഞുമിടുക്കിയുടെ ജനനം, കേരളത്തിന്റെ അതിജീവന കഥകളുടെ കൂട്ടത്തിൽ തിളക്കത്തോടെ എഴുതപ്പെടേണ്ടതാണ്; ഒപ്പം, അവളുടെ അമ്മ താണ്ടിയ കനൽവഴികളും.

രോഗവും വേദനയും

കാസർകോട് കളനാട് സ്വദേശിനി ഫാത്തിമത്ത് റസീന എന്ന ഗർഭിണിയായ യുവതിയും കുടുംബവും അനുഭവിച്ച വേദനയ്ക്കു കണക്കില്ല. റസീനയ്ക്കും ഭർത്താവ് ഫറാഷിനും കോവിഡ് പിടിപെട്ടിരുന്നു. കോവിഡ് ബാധിച്ചു ചികിത്സ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗർഭിണിയാണ് ഫാത്തിമത്ത് റസീന.

രോഗമുക്തരായി വീട്ടിലെത്തിയെങ്കിലും അവരുടെ ആശങ്കകൾ അവസാനിച്ചിരുന്നില്ല. പ്രസവവേദന വന്നപ്പോൾ ടാക്സിയോ ആംബുലൻസോ വിളിച്ച് പെട്ടെന്ന് ആശുപത്രിയിലെത്താനായില്ല. അധികൃതരുടെ സമ്മതം വാങ്ങി വേണം ആശുപത്രിയിലെത്താൻ. ആംബുലൻസ് വൈകിയപ്പോൾ സ്വയം കാറെടുത്ത് ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാമെന്നു ഫറാഷ് പറഞ്ഞു. പക്ഷേ, ബന്ധപ്പെട്ടവരുടെ പ്രതികരണം അനുകൂലമായിരുന്നില്ല. ഒടുവിൽ ട്രിപ്പിൾ ലോക്ഡൗണിൽപെട്ട് ആംബുലൻസ് വീട്ടിലെത്തിയത് 2 മണിക്കൂർ കഴിഞ്ഞ്. അപ്പോഴേക്കും റസീന ഒരു പെൺകുഞ്ഞിനു ജന്മം നൽകിക്കഴിഞ്ഞിരുന്നു.

മരുന്നായി ആ  കുഞ്ഞു പുഞ്ചിരി

‘‘കോവിഡ്കാല പ്രസവം നൽകിയ ദുരിതങ്ങളെക്കുറിച്ച് ഞാനിപ്പോൾ ഓർക്കുന്നില്ല. കാരണം, കണ്ണും മനസ്സും നിറയെ ആയിഷ മെഹ്റ എന്ന എന്റെ കുരുന്നിന്റെ പുഞ്ചിരിയാണ്. ഗൾഫിൽനിന്നു നാട്ടിലെത്തിയ ഭർത്താവ് ഫറാഷിന് കോവിഡ് സ്ഥിരീകരിക്കുന്നതു മാർച്ച് 15നാണ്. അപ്പോൾ ഞാൻ ഏഴുമാസം ഗർഭിണിയായിരുന്നു. ഗൾഫിൽനിന്ന് എത്തിയപ്പോൾത്തന്നെ രോഗത്തെക്കുറിച്ചു സംശയമുള്ളതിനാൽ ഞങ്ങൾ പരസ്പരം അകന്നുനിന്നു. ഫറാഷ് വീട്ടിലെത്തിയ ദിവസം ബന്ധുവീട്ടിൽവച്ച് ദൂരെ നിന്നുമാത്രം കണ്ടു. പിന്നീട് ഭർത്താവിന്റെ വീട്ടിലെത്തി വസ്ത്രങ്ങളും മറ്റുമെടുത്ത് എന്റെ വീട്ടിലേക്കു പോന്നു.

ഗർഭിണിയായതിനാൽ എന്റെ കാര്യത്തിൽ വീട്ടുകാർ പ്രത്യേക കരുതലെടുത്തു. പക്ഷേ, രണ്ടുദിവസം കഴിഞ്ഞപ്പോൾ എനിക്കും ഭർത്താവിന്റെ ഉമ്മയ്ക്കും പനി തുടങ്ങി. അധികൃതരെ വിവരമറിയിക്കാൻ ഭർത്താവു തന്നെയാണു നിർദേശിച്ചത്. പരിശോധനാഫലം വന്നപ്പോൾ പോസിറ്റീവ്! ബന്ധുവിന്റെ മരണവീട്ടിൽവച്ച് ഫറാഷിന്റെ ഉമ്മ ഞങ്ങളുടെ മൂത്തമകൻ മുബഷീറിനു ഭക്ഷണം വാരിക്കൊടുത്തിരുന്നു. എന്നെയും മകനെയും ഫറാഷിന്റെ ഉമ്മയെയും കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. 22 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം രോഗം ഭേദമായി വീട്ടിലേക്കു മടങ്ങി.

ഒൻപതാം മാസം തുടങ്ങിയപ്പോൾ ചെറിയ വേദനയും തുടങ്ങി. സമീപത്തെ ഏതെങ്കിലും ആശുപത്രിയിൽ സൗകര്യമൊരുക്കണമെന്ന് ഞങ്ങൾ അധികൃതരോട് അഭ്യർഥിച്ചെങ്കിലും നടന്നില്ല. വേദനയെത്തുടർന്ന് ഇടയ്ക്കു വീണ്ടും ആശുപത്രികളിൽ പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരത്തേ കാണിച്ചിരുന്ന ഡോക്ടറെ പലതവണ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. 

പരിയാരത്തുനിന്നു വരുമ്പോൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഒരു ഡോക്ടറുടെ ഫോൺ നമ്പർ നൽകിയിരുന്നു. അതിൽ വിളിച്ചിട്ടും കിട്ടിയില്ല. ലോക്ഡൗൺ ദുരിതത്തിനിടയിലും ആംബുലൻസിൽ പ്രസവവേദനയുമായി പരിയാരത്തേക്ക് 60 കിലോമീറ്ററോളം ഓടേണ്ടിവന്നു. ഒപ്പം ഫറാഷ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചെങ്കിലും അധികൃതരുടെ അനുമതി ലഭിച്ചില്ല.

പരിയാരത്തു ചെന്നപ്പോൾ ലിഫ്റ്റ് കോവിഡ് രോഗികൾക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നു. അഞ്ചാം നിലയിലാണ് അഡ്മിറ്റായത്. ആ പടികളെല്ലാം നടന്നു കയറേണ്ടി വന്നു; ആകെ തളർന്നു. രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജായി വീട്ടിലെത്തി. അതിനുശേഷം രക്തപരിശോധനയും മറ്റും പറഞ്ഞിരുന്നെങ്കിലും കോവിഡ് കാരണം ആശുപത്രികളിൽ സൗകര്യമില്ലാത്തതിനാൽ ഒന്നും ചെയ്യാനായില്ല. പരിശോധനാ ദിവസം അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും ആരും ആംബുലൻസ് അയച്ചില്ല. അത്യാവശ്യ ടാബ്‌ലറ്റുകൾ എത്തിച്ചുനൽകി’’– റസീന പറയുന്നു.

വീണ്ടും വേദന വന്നുതുടങ്ങിയതോടെ റസീനയും ഫറാഷും നിരന്തരം കൊറോണ സെല്ലുമായും ആരോഗ്യ വകുപ്പുമായും ബന്ധപ്പെട്ടുകൊണ്ടിരുന്നു. പ്രസവത്തിന് വീടിനു സമീപത്തുള്ള ആശുപത്രിയിൽ സൗകര്യമൊരുക്കണമെന്ന് അഭ്യർഥിച്ചു. മേയ് നാലിന് ഉച്ചയ്ക്കു വേദന കൂടി. അധികൃതരെ വിവരമറിയിച്ചു. ട്രിപ്പിൾ ലോക്ഡൗൺ കാരണം പതിവു വഴികളിലൂടെയൊന്നും വാഹനങ്ങൾക്ക് എത്താനാവില്ല. ആംബുലൻസ് വൈകി. റസീന വീട്ടിൽത്തന്നെ കുഞ്ഞിനു ജന്മം നൽകി. 

എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായി ഫറാഷും ബന്ധുക്കളും. കോവിഡ് നിയന്ത്രണം കാരണം അയൽവാസികൾക്കു പോലും സഹായത്തിനെത്താൻ കഴിയുമായിരുന്നില്ല. ഫറാഷിന്റെ ഉമ്മ മാത്രമായിരുന്നു ഈ സമയമത്രയും റസീനയ്ക്കു സഹായത്തിനുണ്ടായിരുന്നത്. ഫറാഷ് എല്ലാവരെയും മാറിമാറി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ ആംബുലൻസിൽ നഴ്സുമാരടങ്ങുന്ന സംഘമെത്തി. 

സങ്കടങ്ങൾ അവിടെ തീർന്നില്ല. പ്രസവാനന്തര പരിചരണത്തിനായി ആംബുലൻസിൽ കയറ്റി ആദ്യം കൊണ്ടുപോയ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; കോവിഡ് ചികിത്സ കഴിഞ്ഞുവന്ന ആളല്ലേ! ഫറാഷിനെ ഒപ്പം പോകാൻ അനുവദിച്ചിരുന്നില്ല. ആശുപത്രി അധികൃതരുടെ കനിവുകാത്ത് ആ വരാന്തയിൽ ഏറെ നേരം തനിച്ചിരിക്കേണ്ടി വന്നു റസീനയ്ക്ക്.

ഒടുവിൽ ഡിഎംഒ ഇടപെട്ട് അടിയന്തര ശുശ്രൂഷ നൽകി. പിന്നീട് യുവതിയെയും കുഞ്ഞിനെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രത്യേക സംവിധാനം ഒരുക്കി അവിടേക്കു മാറ്റി. 

കഴിഞ്ഞ ദിവസം ആയിഷ മെഹ്റയ്ക്കു കോവിഡ് പരിശോധന നടത്തി. ഫലം വന്നു – നെഗറ്റീവ്.

നമ്മൾ അതിജീവിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com